Monday, 4 May 2015

ചിതറിയ ചിന്തകൾ -ഒന്ന്



കളിത്തട്ടുകൾ 


അച്ചയുടെ  കുട്ടിക്കാലത്ത് സ്കൂൾ വിട്ടുവന്നാൽ പുസ്തകവും എറിഞ്ഞിട്ട് പുറത്തോട്ടൊരു  ഓട്ടമാണ്. കളിക്കാൻ.
പറമ്പിന് താഴെ ഇറങ്ങിചെല്ലുമ്പോൾ ഒരു പാടമുണ്ട്. വലിയൊരു പാടം. അതിന്റെ ഒരു വശത്തുകൂടി ഒഴുകുന്ന ഒരു ചെറിയ തോട്.
ആ തോടു തുടങ്ങുന്നിടത്ത് ഉറവ പൊട്ടി വരുന്ന ഒരു കുഞ്ഞിക്കുളം.
അതിൽ നിന്നാണ് വെള്ളം തോട്ടിലേയ്ക്കു ഒഴുകുന്നത്‌.
കുളത്തിന്റെ അകം മുഴുവൻ നല്ല വെളുത്ത കളിമണ്ണാണ്.
അത് കൈ കൊണ്ട് കുത്തിയെടുക്കും.
സൂക്ഷിക്കണം. ചിലപ്പോൾ  പുൽനാമ്പുകൾക്കിടയിൽ നീർക്കോലിയോ മഞ്ഞച്ചേരയോ കാണും.
അപ്പോൾ ആ  കളിമണ്ണെടുത്തു കൈകൾ  കൊണ്ട് ഉരുട്ടി കുഞ്ഞി ഇഷിടികകൾ  ഉണ്ടാക്കും. ആ കളിമണ്‍ ഇഷ്ടികകൾ കൊണ്ട് ഒരു കുഞ്ഞി അമ്പലം.
കളിമണ്ണുപയോഗിച്ചു  തന്നെ ഗണപതിയെയും ഉണ്ടാക്കാൻ പറ്റും.
ഒരു വലിയ ഉരുള കൊണ്ട്  ഗണപതിയുടെ കുടവയർ.
ഒരു ചെറിയ ഒരുള കൊണ്ട് തല.
പിന്നെ സിഗരട്ട് പോലെ ഉരുട്ടി തുമ്പിക്കൈ.
അടിച്ചു പരത്തി രണ്ടു വലിയ ചെവികൾ .
അങ്ങനെ കളിമണ്‍ ഗണപതി പ്രതിഷ്ഠ റെഡി .

ഇനി ഉത്സവമാണ്. ഒരു കമ്പ് കുത്തി നിർത്തും . പ്ലാവില കൊണ്ട് ഒരു കുമ്പിൾ കുത്തിയാൽ മൈക്ക് ആയി.

മൈക്കിലൂടെ റെക്കേഡ്  പാട്ട് വേണ്ടേ?
എല്ലാവരും ചേർന്ന് ഉറക്കെ പാടും.

"ചീമപ്പുളി വിൽക്കാനുണ്ടോ വെല്യോട്ടിലെ വെല്യമ്മേ?

ബീമാനം  കാണണമെങ്കിൽ മേപ്പോട്ടു നോക്കണമേ..
രാജാവിനെ  കാണണമെങ്കിൽ താപ്പോട്ടു  നോക്കണമേ..."

ആകെ ബഹളം.

പാടത്തിനങ്ങേക്കരെ റോഡിലൂടെ  പോകുന്നവർ  നിന്ന് നോക്കും.
അവരെ കാണുമ്പോൾ ഞങ്ങടെ കാളികൂളിത്തരം കൂടും.
ഡാൻസ് തുടങ്ങും.
"ബീമാനം  കാണണമെങ്കിൽ താപ്പോട്ടു നോക്കണമേ..
രാജാവിനെ  കാണണമെങ്കിൽ  മേപ്പോട്ടു നോക്കണമേ..."
എന്ന് തെറ്റിച്ചു പാടി ഹ ഹ ഹ എന്ന് അലറിച്ചിരിക്കും.
ഓഹോയി ഓഹോയി എന്നലറി  തേവരെയും കൊണ്ട് തുള്ളുന്നതായി അഭിനയിക്കും.
ആകെ ബഹളം.

നിനക്ക് എന്ത് മനസ്സിലായി?
കൌതുകവും സന്തോഷവും ഉത്സാഹവും എല്ലാം നിറഞ്ഞ ഒരു ആത്മഹർഷമാണ് കുട്ടിക്കാലം. 

ഞാമ്പറയാം. ഞങ്ങള് നെറ്റിലെ ഡോട്ടാ കളിക്കുമ്പോ, ഇംഗ്ലണ്ടിൽ നിന്നും ഡെമിഗോഡും, അമേരിക്കെന്നു ഈവിൾഗോഡും  ആസ്ട്രെലിയെന്നു ബ്ലഡ് മാനും എല്ലാം കൂടി ഒരു ടീമാ. മറ്റവന്മാരെ ഞങ്ങൾ അടിച്ചു പരത്തും.. എന്നാ പവർ  ആണെന്നോ ഞങ്ങടെ ആംസിനു. അവമ്മാര് എഴയലത്ത് വരില്ല. അരമണിക്കൂർ കൊണ്ട് അവന്മാരെ ഞങ്ങള് പൊളിച്ചടുക്കും. അച്ച കാണണം. ഫയിറ്റ് ചെയ്യാൻ  എന്നാ രസം ആണെന്നോ?


അവൻ ബുക്കും തലയ്ക്ക് മേളിൽ കറക്കി ചാടിച്ചാടി അകത്തേയ്ക്ക് ഓടി.


ഇപ്പൊ ഒരു രസം  വരാൻ എന്നാ ഒരു വഴി?

ഭാര്യ കാണാതെ ഒരു രണ്ട്  പെഗ്ഗെടുത്തു വീശിയാലോ?

-----------------------------------------------------------------------------------------------------------


കണക്കായിപ്പോയി..


അത്രയ്ക്ക് ശല്യമാണ് അവനെക്കൊണ്ട്.
രണ്ടുവയസ്സിനിളയവൻ.
കുസൃതിത്തരം കൊണ്ട്  പ്രാന്ത് പിടിപ്പിക്കും.
കുട്ടിക്കാലത്ത് സ്ഥിരം തമ്മിൽത്തല്ലാണ്.
വഴക്കുണ്ടാക്കി മേലുനോവിച്ചിട്ടു അവൻ ഓടിക്കളയും.
കയ്യിൽ  കിട്ടില്ല. 

ഒരിക്കൽ അതുപോലെ അവൻ സാരമായ ഒരു പരിക്കൽപ്പിച്ച് കലഹഭൂമിയിൽ നിന്നും പലായനം ചെയ്തു.

കയ്യിൽ  കിട്ടാത്തത്തുകൊണ്ട് ദേഷ്യം അതികലശലായി വന്നു.
ഒരു കല്ലെടുത്തു വലിച്ചോരേറ്‌..!
നല്ല ഉന്നക്കാരനാണ്. 
അവൻ ഓടി വീടിന്റെ മൂലയും കടന്ന് തിരിഞ്ഞ് അപ്രത്യക്ഷനാകും മുന്പ് അവന്റെ മുതുകിന് എറിഞ്ഞു പിടിപ്പിക്കാൻ മൂന്നു  മുഴം മുന്നേയാണ്‌ ഏറ്.

കല്ലുകൊണ്ടോ എന്നറിഞ്ഞില്ല, അവൻ മൂല തിരിഞ്ഞു അപ്രത്യക്ഷനായി.

പുറകെ അയ്യോ എന്നൊരു നിലവിളി ഉയർന്നു.എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു.

സന്തോഷമായി ചേട്ടാ, സന്തോഷമായി... 

സന്തോഷം മൂത്ത് കണ്ണടച്ചു, നിന്ന നിൽപ്പിൽ  കറങ്ങി, ഉയർന്നു ചാടി  ആർത്തട്ടഹസിച്ചു.
"കണക്കായിപ്പോയി. കണക്കായിപ്പോയി. നിനക്കങ്ങനെ തന്നെ വേണം.."

തറയിൽ വന്നു കണ്ണ് തുറന്നപ്പോൾ മുൻപിൽ അച്ഛൻ.

തല നന്നായി തിരുമ്മി, വേദന കടിച്ചിറക്കി അച്ഛൻ അലറി.
"എന്റെ തലയിൽ എറിഞ്ഞുപിടിപ്പിച്ചതും പോരാ, കണക്കായിപ്പോയെന്നോ..!?"

ചുമ്മാതെ ചോദിക്കണ്ടാ.

എത്ര തല്ലു കിട്ടിയെന്നു ഒരോർമയുമില്ല.
-----------------------------------------------------------------------------------


ചെമ്പുകണ്ടത്തിൽ ദാവീദ്  

എഴുപതുകളുടെ മധ്യാഹ്നത്തിലാണ് ചെമ്പുകണ്ടത്തിൽ ദാവീദിനെ ആദ്യമായി കാണുന്നത്.

ഹൈസ്കൂൾ പഠനകാലം. 
എന്തും വായിക്കാനുള്ള ആർത്തിയാണ് അക്കാലത്ത്. ഒരു പുസ്തകത്തിൽ കേറി അടുത്തതിൽ ചാടി അങ്ങനെ പോകും വായന. കസിന്സ്  തുള്ളിച്ചാടി കളിച്ചുനടക്കുമ്പോൾ ഒരു മൂലയ്ക്ക് ഒരു പുസ്തകവുമായി ഒതുങ്ങിക്കൂടിയിരിക്കുന്നതാണ് സ്വഭാവം. അങ്ങനെ പുസ്തകപ്പുഴു എന്നൊരു പേരും ചാർത്തിക്കിട്ടി.
എന്റെ തന്നെ പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു അന്നെനിക്ക് .

വൈകുന്നേരങ്ങളിൽ ചിലപ്പോൾ  അവന്റെ വീട്ടിൽ  പോകും.
അവിടെ വച്ചാണ് ദാവീദിനെ ആദ്യമായി കാണുന്നത്.
കൂട്ടുകാരന്റെ ചേച്ചിയുടെ വക, എണ്ണൂറിൽ പരം പേജുകളുള്ള, കട്ടിക്കവറുള്ള ഒരു ഗ്രന്ഥം.
ഒട്ടും അഴുക്കു പുരളാത്ത നല്ല വെണ്‍മയാർന്ന  പേജുകളിൽ കുഞ്ഞക്ഷരങ്ങളിൽ  ആംഗലേയഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട്  ചാൾസ് ഡിക്കൻസിന്റെ "ഡേവിഡ് കോപ്പർഫീൽഡ് "..

ചേച്ചിയോട് വായനയ്ക്ക് പുസ്തകം ആവശ്യപ്പെട്ടു. പുള്ളിക്കാരി വിസമ്മതിച്ചു. ഒന്ന്, പുസ്തകം തന്നു വിടാൻ കഴിയില്ല. പയ്യൻ ചീത്തയാക്കിയാലോ? രണ്ട്, കടുകട്ടി ഇംഗ്ലീഷ്‌ ആണ്. ഹൈസ്കൂളുകാരന്റെ പരിധിയിൽ നിൽക്കില്ല.


മുഖത്തെ വിഷമം കണ്ടതുകൊണ്ടാണോ, അനിയന്റെ കൂട്ടുകാരൻ എന്ന പരിഗണന കൽപ്പിച്ചു കിട്ടിയതുകൊണ്ടാണോ എന്നറിയില്ല, ഒടുക്കം ചേച്ചി സമ്മതിച്ചു- പുസ്തകം കൊണ്ടുപോകാൻ പറ്റില്ല, പക്ഷെ വൈകുന്നേരങ്ങളിൽ  വന്നിരുന്നു വായിച്ചു കൊള്ളൂ..


അങ്ങനെ എല്ലാ വൈകുന്നേരങ്ങളിലും സ്കൂൾ വിട്ടു വന്നാൽ  ഉടൻ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ  ഹാജരാകും. ഒരു വട്ടമേശപ്പുറത്ത് ഭയഭക്തിബഹുമാനത്തോടെ പുസ്തകമെടുത്തുവച്ച് അതിന്റെ താളുകൾ നോവിക്കാതെ മൃദുവായി മറിച്ച്  വായന. 

ഏകദേശം ഒരു  മാസമെടുത്തു  ദാവീദിനെ വായിച്ചെടുക്കാൻ. പല വാക്കുകളുടെയും അർഥം  മനസ്സിലാകുമായിരുന്നില്ലെങ്കിലും കഥയുടെ മാസ്മരികത എന്നെ മറ്റൊരു ലോകത്തിലേയ്ക്ക് എത്തിച്ചു.

ഏകദേശം  മുപ്പത്തഞ്ചു വർഷങ്ങൾ പിന്നിട്ട് വീണ്ടും ചെമ്പുകണ്ടത്തിൽ ദാവീദ് എന്റെ മുന്നിലെത്തിയപ്പോൾ വായനയുടെ നിലാവെളിച്ചത്തിൽ മുങ്ങിമറഞ്ഞുപോയ ആ വൈകുന്നേരങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. 

ഇത്തവണ വാക്കുകളുടെ അർഥതലങ്ങൾ തിരിച്ചറിഞ്ഞ്  വൈകാരികാനുഭൂതി നുണഞ്ഞിറക്കി ഒരു മാസം കൊണ്ട് തീർത്ത  പുനർവായന.
-------------------------------------------------------------------------------------------------


സ്നേഹവഴികൾ 


സ്നേഹം കടന്നു വരുന്നത് വിചിത്ര വഴികളിലൂടെയാണ്‌.

ഏറ്റവും മനോഹരം  അപ്രതീക്ഷിതവഴികളിലൂടെ കടന്നു വന്ന് നമ്മെ വീർപ്പുമുട്ടിക്കുന്ന  സ്നേഹപ്രകടനമാണ്.

മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ സ്നേഹം വരുമ്പോൾ അവർ കസേരമേലും മേശപ്പുറത്തും കയറി നിന്ന് നമ്മുടെ കഴുത്തിനെ കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച്  കവിളുകളിൽ മാറി മാറി ഉമ്മ വയ്ക്കും. ചോദിക്കേണ്ട താമസം മാത്രമേയുള്ളൂ.


വളർന്നു  വലുതാകുമ്പോഴോ ശരീരം കൊണ്ട് അവർ അകലുകയാണ്. 

മനസ്സിൽ അതെ സ്നേഹം തുള്ളിത്തുളുമ്പുമ്പോഴും ലജ്ജ മൂലം അവർ അകന്നു നിൽക്കുകയാണ് . ഒരുമ്മ താടീ/ താടാ എന്ന് പറയുമ്പോൾ മാത്രം ഒരുമ്മ കൊത്തി വയ്ക്കുന്നവരായി കാലം അവരെ വളർത്തുന്നു.

എങ്കിലും അവിടെയും അവിചാരിതവഴിയിലൂടെ സ്നേഹങ്ങൾ  കടന്നു വരികയായി.
എല്ലാവരെയും വിട്ട് പ്രവാസജീവിതത്തിന് പെട്ടിയും തൂക്കി ഇറങ്ങുമ്പോൾ പതിനഞ്ചുവയസ്സുകാരൻ ഓടി വന്ന്  ഒന്നും മിണ്ടാതെ, കസേരയിലോ മേശപ്പുറത്തോ കയറി നില്ക്കേണ്ട ആവശ്യകതയില്ലാതെ, കഴുത്തിൽ ചുറ്റിപ്പിടിച്ച് ,ശ്വാസം മുട്ടിക്കാതെ  കവിളിൽ ഒരു ദീർഘചുംബനം തന്ന് വീണ്ടും ഒന്നും മിണ്ടാതെ  ഓടി അകലുകയായി.

ഇടയ്ക്കിടെ നാട്ടിലെത്തുമ്പോൾ ഇരുപത്തിമൂന്നു  വയസ്സുകാരി ഓടിവന്നു ഒന്നും മിണ്ടാതെ എന്റെ തോളിൽ അവളുടെ എണേ കോണേ  എന്ന രീതിയിൽ നില്ക്കുന്ന പലക പല്ലുകൾ ഇറക്കി സ്നേഹം കുത്തി വയ്ക്കുകയായി.


സൌദിയിൽ നിന്നും ഫോണ്‍  വിളിച്ച്  പരസ്പരം വഴക്കിടുമ്പോൾ ഇപ്പോഴും തോളിൽ  ഒരു സൂചി വേദന ഉയിർത്തെഴുന്നേറ്റു വരുന്നുണ്ട്.

Saturday, 18 April 2015

വേലൈക്കാരി ആനാലും..



കാലം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് ജൂലൈ മാസം.
വിവാഹാനന്തരം പുതുപ്പെണ്ണുമൊത്ത്   തിരോന്തരത്ത്‌  താമസം തുടങ്ങി.
വാടക വീടാണ്. എഴുനൂറു രൂപ മാസ വാടക.

ധർമദാരം ദന്തൽ കോളേജിൽ വായിനോട്ടത്തിൽ ബിരുദാനന്തരബിരുദം നേടാനുള്ള ശ്രമത്തിൽ അവസാനവർഷമാണ്.
നോക്കണേ, സംഭവം വെറും ദന്തനിഷ്കാസനത്തിനും ബിരുദാനന്തരബിരുദം. അത് ചോദിച്ചപ്പോൾ ഭവതി ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു.
ഒന്നോ,  എട്ടുതരം  ബിരുദാനന്തരബിരുദങ്ങളുണ്ട് ഭവാൻ..!!
എന്തൊരു ദുഷിച്ച വായ്നാറ്റമുള്ള  ലോകം.!!!

ദാമ്പത്യജീവിതം തുടങ്ങുകയല്ലേ, പിള്ളാര് നേരാം വഴിക്ക്  പോകട്ടെ എന്നൊക്കെ  കരുതി രണ്ടുപേരുടെയും അമ്മമാർ കുറച്ചുദിവസം  കൂടെ വന്നു നിന്നു.
അക്കാലമത്രയും മേശപ്പുറത്ത് -------
തൂശനില മുറിച്ചു വച്ചു തുമ്പപ്പൂ ചോറ് .വിളമ്പി
ആശിച്ച കറികളെല്ലാം വിളമ്പി വച്ചു
------ഭാര്യ ഈയുള്ളവനെ സൽക്കരിച്ചു.
എന്താ കൈപ്പുണ്യം, എന്താ ജീവിതം.
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെ.

ഞങ്ങളുടെ ദാമ്പത്യം നേരെയാക്കാൻ വന്ന് സ്വന്തം ദാമ്പത്യങ്ങൾ കുളമാകുമെന്ന് ആസ്ഥാനങ്ങളിൽ  നിന്നും അറിയിപ്പ് വന്നതോടെ രണ്ട് അമ്മമാരും അവിടങ്ങളിലെ  വിമാനത്താവളത്തിന്റെ ഇല്ലായ്മ മൂലം ബസ്  പിടിച്ച്  എം സീ റോഡു വഴി അപ്രത്യക്ഷരായി.

എന്നാലെന്താ, കാര്യപ്രാപ്തിയുള്ള  ഒരു ഭാര്യ മാത്രം മതിയെനിക്ക്.
ഒന്നിനും ഒരു കുറവുമുണ്ടാവില്ല.
ഞങ്ങൾ ജീവിച്ചു കാണിച്ചുതരാം കുശുമ്പന്മാരായ താതന്മാരെ, അഥവാ ദുഷ്ടന്മാരായ പുത്തൻ അമ്മായിയപ്പന്മാരെ.

അമ്മമാർ അപ്രത്യക്ഷരായതോടെ, പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പണ്ടാരോ  പറഞ്ഞ പോലെ  അവൾ എന്നോടു ചോദിച്ചു-
"പ്രിയന് എന്താണ്  ഇഷ്ടപ്പെട്ട കറി ?"
"തീയൽ"
"തീയലോ? അതിൽ മല്ലിപ്പൊടി ഇടുമോ?"

ഞാൻ കൂലങ്കഷമായി ചിന്തിച്ചു.
മല്ലിപ്പൊടിയോ, അത് ചമ്മന്തിക്കാത്തിടുന്നതല്ലേ?
ഒരു കെമിക്കൽ എൻജിനീയർ ആയതുകൊണ്ട് ടൈറ്റാനിയം ഹൈഡ്രോക്സൈഡ്  സെറ്റിൽ ചെയ്യാൻ ഫ്ലോക്കുലന്റ്റ് ചേർക്കണോ എന്ന് ചോദിച്ചാരുന്നേൽ മറുപടി പറയാമായിരുന്നു.
ഇതിപ്പോ, മല്ലീപ്പൊടി..!!
കണ്ഫൂഷൻ ആക്കണ്ട. തീയൽ വേണ്ട.

"പുളിശ്ശേരി എനിക്കിഷ്ടമാ.."
"പുളിശ്ശേരി..?. അതുണ്ടാക്കാൻ തോട്ടുപുളി  ഇരിപ്പുണ്ടോന്നൊരു സംശയം.."
അത് ന്യായം. പുളിശ്ശേരിക്ക് പുളി  വേണമെങ്കിൽ തോട്ടുപുളി തന്നെ വേണം.

"എന്നാപ്പിന്നെ ഒന്നാന്തരം എരിശ്ശേരി ആയിക്കോട്ടെ..!!"
"എരിശ്ശേരിയോ? ചെറുശ്ശേരീടെ?"
"അങ്ങോരുടെ ഒരകന്ന ബന്ധത്തിലെ അമ്മാവന്റെ അയൽക്കാരനായി വരും."
"കാര്യം ചോദിക്കുമ്പോ നീയെന്തിനാ ചൂടാകുന്നത് ? കാഴ്സിനോമാ ബക്കൽ മ്യൂകൊസയുടെ  ക്വാസെറ്റിവ് ഫാക്ടറിന്റെ  പ്രിവാലൻസിൽ ഏറ്റവും വലിയതെന്താണെന്നൊന്നുമല്ലല്ലോ ഞാൻ ചോദിച്ചത്?"

പണ്ടാരം, ഒന്നും മനസ്സിലായില്ല. 
ശരി, എരിശ്ശേരി വിട്ടേക്കാം.
"സാമ്പാറ് .. സാമ്പാാർർർ ..!!"
"അങ്ങനെ വഴിക്ക് വാ.."
അവൾ തുള്ളിത്തുളുമ്പി അടുക്കളയിലേയ്ക്കു ഒഴുകി.

സമാധാനപൂർണമായ ദാമ്പത്യത്തിന് ഇണകൾ തമ്മിൽ ഒരുപാട് ധാരണകൾ ഉണ്ടാവണം. പ്രണയകാലം നല്ല ഗുണങ്ങൾ മാത്രം പ്രദർശിപ്പിച്ച് പരസ്പരം ആകർഷിക്കാനുള്ളതായിരിക്കാം. പക്ഷെ, ദാമ്പത്യം തുടങ്ങുന്നതോടെ വൈരുദ്ധ്യങ്ങൾ പതുക്കെപ്പതുക്കെ ഉപരിതലത്തിലെത്തിത്തുടങ്ങും. അപ്പോൾ പരസ്പരധാരണയോടെ ദമ്പതികൾ  ഒത്തൊരുമിച്ച് ജീവിതം മുൻപോട്ട്  കൊണ്ടുപോകണം.
മനസ്സിലായില്ലേ? 
എന്ന് വച്ചാ തീയലിനു പകരം സാമ്പാറും  കഴിക്കണം. ങ്ഹാ..!!

"ശരിക്കും ചെറുശ്ശേരീടെ ആരെങ്കിലുമാണോ ഈ എരിശ്ശേരി ?..."
അനിയൻ ഒരു സംശയം ഉന്നയിച്ചു.
വഞ്ചകൻ  ഞങ്ങളുടെ കൂടെ നിന്ന് വക്കീൽ  പണിയ്ക്ക് പഠിക്കുകയാണ്. അഥവാ പഠിക്കുകയാണെന്നാണ് അവൻ പറയുന്നത്.
അവനെ രൂക്ഷമായി നോക്കാൻ ശ്രമിച്ചപ്പോൾ അവനും പിറുപിറുത്തുകൊണ്ട് അകത്തേയ്ക്ക്  ചവിട്ടിത്തുള്ളി നടന്നുമറഞ്ഞു.
"ഭരണഘടനയുടെ മുന്നൂറ്റിമുപ്പതാം  വകുപ്പിൽ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വല്ലോമുണ്ടോന്നല്ലല്ലോ ഞാൻ ച്വാദിച്ചത്?"

എല്ലാരും ഭയങ്കര ടെക്നിക്കലാ..

വിശപ്പ്‌ എത്തിയപ്പോൾ കൈ കഴുകി ഈയുള്ളവൻ  പ്രതീക്ഷയോടെ ഹാജരായി.
നല്ല സാമ്പാർ മണം  വരുന്നുണ്ടോ?
ഈ കായമൊക്കെ ഇട്ട് കടുക്  താളിച്ച് കറിവേപ്പില ഒക്കെയിട്ട്, അങ്ങനെയങ്ങനെ....
വായിൽ വെള്ളമൂറി.

"ഈ പപ്പടം തണുത്ത് പോയല്ലോ. ഇതിനി പൊള്ളുമോ?"
അകത്തുനിന്നും ഒരു ഉത്‌കണ്ഠ പുറത്തേയ്ക്ക് ഒഴുകി വന്നു.
"സാരമില്ല. കയ്യിട്ട് എടുത്താൽ മതി. പൊള്ളിക്കോളും .."
കുറച്ചു കഴിഞ്ഞ് അടുക്കളയിൽ നിന്നും അയ്യോ എന്നൊരു നിലവിളി കേട്ടു.

ഒരു മണിക്കൂർ  നേരത്തെ കാത്തിരിപ്പിന് ശേഷം കുറച്ചു വെന്തളിഞ്ഞ ചോറും ഒരു  പാത്രത്തിൽ പച്ചമോരും  ഹാജരായി. പുറകെ  ഒരു ഉണക്കമുളക് ചമ്മന്തിയും രണ്ട് പൊള്ളാത്ത പപ്പടവും..
തീയലുകൊതിയൻ  ഭരണഘടനക്കാരനെ  അന്തം വിട്ടു നോക്കി.

ഗദ്ഗദകണ്ഠൻ മെല്ലെ ആരാഞ്ഞു.
"സാമ്പാർർർർ..!!?"

സ്നേഹമയിയായ  കുടുംബിനി ചൂണ്ടുവിരൽ കൊണ്ട് മേശപ്പുറത്ത് ചിത്രം വരച്ചു.
"ഓ, അമ്മച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നെ... ഇനി നാളെയാട്ടെ..!!"
"നാളെ നിന്റമ്മച്ചി  അടുത്ത ട്രെയിൻ  പിടിച്ചു  ഇവിടെ വന്ന്‌ സാമ്പാറുണ്ടാക്കിത്തരുമോ?"
"അതിപ്പോ സാമ്പാറുണ്ടാക്കുന്നതെങ്ങനാന്നു ചോദിച്ചു മനസ്സിലാക്കണ്ടേ. !!?അതിനിപ്പോ നീയെന്തിനാ ചൂടാകുന്നെ..!!?"
അവളും ഗദ്ഗദകണ്ഠയായി.

ക്കിക്കിക്കി എന്നൊരു ശബ്ദം കേട്ടു.
വക്കീൽ  ചോറിൽ ചമ്മന്തി കുഴച്ചു  ചേർത്തു വായിലേയ്ക്ക് ക്രോസ് വിസ്താരം നടത്തുകയാണ്.

മോളിലെങ്ങാണ്ട് പറഞ്ഞ ഖണ്ഡിക ഒന്നൂടെ വായിച്ചു. 
സമാധാനപൂർണമായ ദാമ്പത്യത്തിൽ സാമ്പാറിന് പകരം ചമ്മന്തിയുമാകാം.
ഈ ചോറിൽ ചമ്മന്തിയുമൊക്കെയിട്ട്, കുറച്ചു പച്ചമോരുമോഴിച്ച്,   വൈരാഗ്യബുദ്ധിയും കൂട്ടി  തലകുനിച്ചിരുന്നു കുഴച്ചു  കുഴച്ചു  തിന്നാൻ എന്തൊരു രുചി ആണെന്നോ..!!

രണ്ടു ദിവസം കഴിഞ്ഞ് അവൾ മേശപ്പുറത്ത്  ചോറിന്റെ കൂടെ ഒരു കറുത്ത ദ്രാവകം  ഹാജരാക്കി.
അനിയൻ കേസും കൊണ്ട് ഹാജരായി മുൻപിലിരിക്കുന്ന കക്ഷിയുടെ പോക്കറ്റിൽ നോക്കുമ്പോലെ ഒരു സംശയദൃഷ്ടിയോടെ ആ ദ്രാവകത്തെ സൂക്ഷിച്ചു നോക്കി.
ചേട്ടത്തി അടുക്കളയിലേയ്ക്ക് മറഞ്ഞ തക്കം നോക്കി അവൻ അതെടുത്ത് മണപ്പിച്ചു  നോക്കി. പിന്നെ മൊഴിഞ്ഞു.
"സംഭവമെന്തായാലും ചേട്ടത്തിയെ ഒന്ന് പുകഴ്ത്തിയേര് . പ്രോത്സാഹനമാണ് വലിയ വലിയ ഉയർച്ചയ്ക്ക് വഴികാട്ടി.."
"എന്ന് ഭരണഘടന പറയുന്നുണ്ടോ?"
"ഇല്ല, കുടുംബഘടന പറയുന്നുണ്ട്.."

അവൻ പറയുന്നതിലും കാര്യമുണ്ട്.

ചോറിൽ ആ ദ്രാവകം ഒഴിച്ചു രണ്ടുരുള കഴിച്ചു.
കണ്ണ് നിറഞ്ഞു പോയി. അത് തൂത്തെറിഞ്ഞ് അടുക്കളയിലേയ്ക്ക് നോക്കി ഉറക്കെ പ്രോത്സാഹിപ്പിച്ചു.
"എന്താ ഒരു .രസം.. ഇത്രേം രസമായിട്ട് നിനക്ക് രസം ഉണ്ടാക്കാൻ അറിയാമെന്നു അറിഞ്ഞിരുന്നേൽ നിന്നെ ഞാൻ നേരത്തെ കെട്ടിയേനേ.."

ഒരു നിമിഷം നിശബ്ദത പരന്നു ..
പിന്നെ അടുക്കളയിൽ ഒരു ഗ്ലാസ് തറയിൽ വീണു പൊട്ടുന്നത് കേട്ടു.  മറ്റു പല പാത്രങ്ങളും  കലപിലകൂട്ടി ഉച്ചത്തിൽ സംസാരിച്ചു.

ഞാൻ വക്കീലിനെ നോക്കി.
ഫീസ്‌ കിട്ടാത്തതുമൂലം കക്ഷിയുടെ മുഖത്തേയ്ക്കേ നോക്കാത്തതുപോലെ അവൻ കുനിഞ്ഞിരുന്നു ഉരുട്ടി  വിടുകയാണ്.

നാലുദിവസം ഭവതി മുഖവും വീർപ്പിച്ചു  നടന്നു.
ശ്ശേടാ, പാചകം കൊള്ളാം എന്ന് പറഞ്ഞാലും പ്രശ്നം.
വക്കീലാണ് ഒടുവിൽ ഒരു ചാരപ്രവർത്തനത്തിലൂടെ അത് കണ്ടുപിടിച്ചത്.
കറി  സാമ്പാർ  ആയിരുന്നു.

ജീവിതം തുടങ്ങുകയല്ലേ.
അത് കാറ്റാടിമരം പോലെയാണ്. ഇണക്കത്തിന്റെയും  പിണക്കത്തിന്റെയും  മന്ദമാരുതൻ അതിനെ ഒരേ പോലെയിളക്കും. എന്തിനാണ് പിണങ്ങിയതെന്നു  പോലും പിന്നെ മറക്കും.

അവൾ കുമ്പസാരിച്ചു.
"ഓ, പാചകം വാചകം പോലല്ലെടാ.. അല്ലേലും  എനിക്കിതിനൊന്നും നേരം കിട്ടത്തില്ല .. ഫൈനൽ ഇയറാ. ഒരു പാട് പഠിക്കാൻ കിടക്കുന്നു. അതോർത്തിട്ട് പഠിക്കാൻ തോന്നുന്നില്ലെടാ.."

ഒരുപാട്  പഠിക്കാനുള്ളതുകൊണ്ട്   ഒന്നും പഠിക്കാൻ തോന്നുന്നില്ലത്രേ. ഒന്നും പഠിക്കാനില്ലാരുന്നെങ്കിൽ എന്തേലും പഠിക്കാരുന്നു, അല്ലേ ?
സംഗതി കുശാൽ.

"നമ്മക്കൊരു വേലക്കാരിയെ നിർത്തിയാലോടാ.. ? " എന്റെ കോലൻമുടി വിരലുകളാൽ ചുരുട്ടിയെടുത്ത് അവൾ ആരാഞ്ഞു.
ഞാൻ തലകുലുക്കി.
വെറുതെയെന്തിനാണ്‌ ചെറു പ്രായത്തിലേ നല്ല മുടി ഇല്ലാതാക്കുന്നത്..

അങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിൽ ഒരു വേലക്കാരിചരിതം തുടങ്ങുന്നത്. എത്ര വേലക്കാരികളാണെന്നോ ജീവിതത്തിലൂടെ ഞങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും കയറിയിറങ്ങിപ്പോയത്.

പോത്തങ്കോടുകാരി  സരോജിനിയമ്മ നന്നായി ചോറും കറികളും വയ്ക്കും. എല്ലാത്തിന്റെയും കൂടി ശരാശരി ആറ്  മുടിയിഴകൾ കൂടി പാകും. ഓരോ ഒരുളയ്ക്കും വായിൽ നിന്നും മുടിയിഴകൾ വലിച്ചൂരി ഞങ്ങൾ വശം കെട്ടു.

ചോറുണ്ണുമ്പോൾ   ദിവസവും വായിൽ നിന്നും മുടി ഊരിയെടുത്ത് ഊരിയെടുത്ത്‌  ബിരുദാനന്തരബിരുദി  ചിലപ്പോൾ,  "അയ്യോ അതെന്റെ മുടി തന്നാ " എന്ന് വിസ്മയം പൂണ്ട്‌  സ്വന്തം മുടി തന്നെ വായിൽ നിന്നും ഊരിയെടുത്ത്  പുറകോട്ടു മാടിയൊതുക്കി വയ്ക്കാൻ തുടങ്ങി.
ജീവിതം മൊത്തം മുടിമയമായി മുടി -ഞ്ഞു.

എന്തൊക്കെ പറഞ്ഞാലും സരോജനിയമ്മ സ്നേഹമയിയായിരുന്നു. ഒരു കുടുംബം എപ്പോഴും കെട്ടുറപ്പോടെയും   ഭദ്രതയോടെയും  മുൻപോട്ടു പോകണം എന്ന പിടിവാശിക്കാരിയായിരുന്നു.  ഭാര്യാഭർത്താക്കന്മാരുടെ അകമഴിഞ്ഞ പരസ്പര വിശ്വാസവും സ്നേഹവും അതിനു അവിഭാജ്യഘടകങ്ങളാണെന്നും  സരോജിനിയമ്മ ഉറച്ചു വിശ്വസിച്ചിരുന്നു.

ഒരിക്കൽ ഞങ്ങളുടെ ഒരു സുഹൃത്ത്
ഗൃഹസന്ദർശനത്തിനെത്തി. ഞാൻ ജോലി കഴിഞ്ഞു മടങ്ങിയെത്തുന്നതിന് മുൻപാണ് അദ്ദേഹം എത്തിയത്. വന്നപ്പോൾ  ഭാര്യക്ക് ഇഷ്ടപ്പെട്ട മസാലദോശയും പൊതിഞ്ഞാണ് കക്ഷി വന്നത്.

ഞാൻ ജോലി കഴിഞ്ഞ് എത്തിയ ഉടൻ സരോജനിയമ്മ ഹാജരായി.
"കുഞ്ഞേ, ഞാൻ പറഞ്ഞൂന്നു ഇവിടുത്തെ മോളറിയണ്ടാ.."
"രഹസ്യമാ?"
"അദേന്ന് ..ഇന്നിവിടെ വന്ന ആ സാറുണ്ടല്ലോ ..വന്നപ്പോ മോക്ക് ഒരു മസാൽദോശേം കെട്ടിപ്പൊതിഞ്ഞോണ്ടാ വന്നെ...."
സരോജനിയമ്മ മൂക്കത്ത് വിരലും വച്ച് എന്നെ സങ്കടത്തോടെ നോക്കി നിന്നു.

ങ്ങാഹാ  അത്രക്കായോ?
ഞാൻ ചവിട്ടിത്തുള്ളി അപ്പുറത്തേയ്ക്കെത്തി.
"സ്വാമീ .. സ്വാമി  വന്നപ്പോ എന്റെ ഭാര്യക്ക് മസാലദോശേം   വാങ്ങിക്കോണ്ടാണോ വന്നേ ?'
സരോജനിയമ്മയുടെ നിഴലനക്കം വാതിലിനരികെ ഞാൻ കണ്ടു.
"ന്തേ, ഓപ്പോൾക്ക്‌ അത് ദഹിച്ചില്ലേ?"
 "ദുഷ്ടാ.. വഞ്ചകാ.." ഞാൻ അലറി.

സരോജനിയമ്മയുടെ സന്തോഷം എന്റെ പുറത്തെ തഴുകുന്നത് എനിക്കറിയാം.
"ങ്ഹും, ഒരെണ്ണം എനിക്കൂടെ വാങ്ങിക്കൊണ്ടു വന്നില്ലല്ലോ.. വിശന്നു കുടൽ കരിയുന്നു. സരോജനിയമ്മേ, കഴിക്കാൻ വല്ലതുമെടുക്ക് .."

സരോജനിയമ്മ പിറുപിറുത്തുകൊണ്ട്  അടുക്കളയിലേയ്ക്ക്  നീങ്ങി., പെങ്കോന്തൻ , വകയ്ക്കു കൊള്ളാത്തവൻ എന്നൊക്കെ അസ്പഷ്ടമായി കേട്ടു.
അന്ന് എന്റെ പാത്രത്തിൽ മുടിയിഴകൾ പ്രത്യേകമായി  തഴച്ചു വളർന്നിരുന്നോ എന്ന് ഒരു ചെറുസംശയം ഉണ്ടാകുകയും ചെയ്തു. .

മുടി തഴച്ചു വളരാൻ  നീലഭ്രുംഗാദി  വേണം എന്ന ആവശ്യം ഉയർത്തിയപ്പോൾ സരോജിനിയമ്മയെ ഞങ്ങൾ നിർബന്ധമായും റിട്ടയർ ചെയ്യിച്ചു.

കുമ്പളാംപൊയ്കയിൽ നിന്നും   പൊടിയച്ചേടത്തി എത്തിയപ്പോൾ ഞങ്ങളുടെ ജീവിതം ഉഷാറായി. മുട്ടക്കറി, ബീഫ് കറി (ബീജേപ്പി ഭരണത്തിനും മുമ്പാണേ), ചിക്കൻകറി  തുടങ്ങി  എന്തും പൊടിയച്ചേടത്തി കൈ വച്ചാൽ തകർക്കും.

ഒന്നിനും  ഒരു കുറവും വരത്തില്ല. നാലുപേരുണ്ടെങ്കിൽ പത്തുപേർക്കുള്ള വിശാലമായ കൊതിയൂറുന്ന  വിഭവങ്ങൾ  നിമിഷങ്ങൾക്കകം റെഡി.
കുടുംബബഡ്ജറ്റ് അതിന്റെ മേല്ക്കൂരയും പൊളിച്ച് മേഘങ്ങൾക്കൊപ്പം യാത്രയായി. ഗൃഹനാഥൻ തലമുടി വലിച്ചു പിഴുത് വിലപിക്കുമ്പോൾ ഗൃഹനാഥ അത് വിരലുകളാൽ ചുരുട്ടിയെടുത്ത്  പറയും.
"സാരമില്ലെന്നെ.. കുറച്ചു പാഴ്ചിലവ് വന്നാലെന്താ രുചിയൊള്ള  വല്ലോം  തിന്നാല്ലോ "

സംഭവം നേരാണ്, ഒരു കുഴപ്പമേയുള്ളൂ..
"ചേടത്തിയേ , ഇന്ന് കറി  ഒന്നുമില്ലേ? "
"ഉണ്ടല്ലോ, മേശപ്പുറത്തില്ലേ?"
"ചേടത്തി ഉച്ചയ്ക്ക് വച്ച ചിക്കൻ കറി  എവിടെ?"
"ഓ, അത് കുറച്ചേ  ഉണ്ടാരുന്നുള്ളൂ.."
"കുറച്ചോ, അതിനാരും പിന്നെ കഴിച്ചില്ലല്ലോ?"
"ഞാങ്കഴിച്ചു. ഞാൻ വയ്യൂട്ട്  ഇത്തിരി ചോറുണ്ടു . കറി  തീർന്നു .."
"ന്നാപ്പിന്നെ വേറെന്തെങ്കിലും കറിയുണ്ടാക്കണ്ടേ? എങ്ങനെ ചോറുണ്ണും..!!?"
"എനിക്കിനി ഒന്നും വേണ്ടാ കുഞ്ഞേ.. നിങ്ങക്ക് വേണേൽ ഒരു ചമ്മന്തിയരച്ചു  തരാം.."

ഒരു മാസം കൊണ്ട് പൊടിയച്ചേടത്തി ഇരട്ടി വലിപ്പം വച്ചു കതകു വഴി അങ്ങോട്ടുമിങ്ങോട്ടും  പോകാൻ കഴിയാതെ കൊളസ്ട്രോളും കൂടി നെഞ്ചുവേദനയും വന്നു നാട്ടിലേയ്ക്ക് ചികിത്സാർത്ഥം  യാത്രയായി.

ഒരു സമയം ഞങ്ങളെ സഹായിക്കാൻ വന്നത് ഒരു അകന്ന ബന്ധു കൂടിയായ സുഭാഷിണിച്ചേച്ചി ആയിരുന്നു.
സുഭാഷിണിച്ചേച്ചി വളരെ ബുദ്ധിമതിയായിരുന്നു. ഈ ലോകത്തിൽ  നടക്കുന്ന എന്ത് കാര്യത്തിലും പുള്ളിക്കാരിക്ക് ഒരഭിപ്രായമുണ്ട്. അഥവാ ചേച്ചിയുടെ അഭിപ്രായം കൂട്ടിച്ചേർക്കാത്തതൊന്നും ഒരു കാര്യമേ അല്ലായിരുന്നു.

"നിങ്ങള് വല്ലപ്പോഴുമൊക്കെ ഡൂറിനു പോകാത്തതെന്താ?"
"പോകാം, ചേച്ചി...സമയം കിട്ടണ്ടേ?'
"ഓ, സമയമൊക്കെ കിട്ടും. ഞാന്നേരത്തെ താമസിച്ച വീട്ടിലെ സാറും ഭാര്യേം ഡൂറിനൊക്കെ പോകും. എന്നേം കൊണ്ടുപോകും, കേട്ടോ.."
ടൂറിൽ വല്യ താത്പര്യമൊന്നും ഇല്ലാത്ത   മുഖഭാവത്തോടെ സുഭാഷിണിച്ചേച്ചി  പ്രസ്താവിച്ചു..
"ഓഹോ, ചേച്ചി എവിടൊക്കെ പോയിട്ടുണ്ട്?'
"ഇന്നാളോരൂസ്സം ഞങ്ങൾ കുടൽക്കനാലിൽ  പോയാരുന്നല്ലോ.."
"കുടൽക്കനാലോ ?"
"ഊം.. തമിഴ്നാട്ടിലേ..ഭയങ്കര തണുപ്പാ.."

അങ്ങനെ ഒരു ദിവസം വൈകുന്നേരം ശംഖുമുഖം ബീച്ചിലേയ്ക്ക് എല്ലാവരും ഡൂറിന് പോയി. സുഭാഷിണിച്ചേച്ചിയും കൂടെ കൂടി.
സൂര്യൻ അങ്ങനെ ചുവന്നു തുടുത്ത് വലിയ ഒരു ഗോളമായി സാവധാനം അറബിക്കടലിലേയ്ക്ക്‌ താഴുന്നത് ഞങ്ങൾ നിർന്നിമേഷരായി നോക്കി നിന്നു .
അവസാനത്തെ പൊട്ടും അപ്രത്യക്ഷമായി ഇരുൾ  പരക്കവേ ഒരു ദീർഘനിശ്വാസവും വിട്ട് ഭാര്യ ചോദിച്ചു.
"എങ്ങനുണ്ട് ചേച്ചീ ബീച്ച്? എന്ത് ഭംഗിയാ..!!"

"കുഴപ്പോല്ല, നല്ല രസോണ്ട് . പക്ഷെ സൂര്യൻ അത്ര പോരാ.."
"ങ്ഹെ, പുള്ളിക്കാരനെന്താ കുഴപ്പം".
"തമിഴ്നാട്ടിലെ സൂര്യനാ സൂര്യൻ. അവിടത്തെ ബീച്ചിൽ  കടലീന്നല്ലേ സൂര്യൻ വരുന്നത്. രാവിലെ പോണം. അത് വേറെ സൂര്യൻ.."
"അതെ സൂര്യൻ തന്നാ ഇതും ചേച്ചി.."
എന്റെ ഭാര്യ വിജ്ഞാനം  വിളമ്പി.
"ചുമ്മാ മണ്ടത്തരം പറയാതെ. അത് തമിഴ്നാട്ടിലെ ബീച്ചും സൂര്യനും. ഇത് പൊട്ട സൂര്യൻ.."
ഭാര്യയുടെ വാ ഠപ്പേന്നടഞ്ഞു. കൂടുതൽ തർക്കിച്ചാൽ കറിയിൽ ഉപ്പു കൂടും.

എനിക്കാണെങ്കിൽ ലേശം സംശയം വന്നു തുടങ്ങിയതുകൊണ്ട് ഒന്നും മിണ്ടാനും കഴിഞ്ഞില്ല. മൌനം വിദ്വാന് ഭൂഷണം, കൊജ്ഞാണനും തഥൈവ, എന്നാണല്ലോ പ്രമാണം.
അല്ലെങ്കിൽത്തന്നെ  ജയലളിതാമ്മയ്ക്ക്  ഗുരുവായൂരപ്പൻ ഒഴികെയുള്ള ഒറ്റ മലയാളിയേം ഇഷ്ടമല്ല. അമ്മ വിചാരിച്ചാലാണോ തമിഴ് മക്കൾക്ക്‌ ഒരു പുതിയ സൂര്യനു പഞ്ഞം.

സുഭാഷിണിച്ചേച്ചി വലിയ വിനയകുനിതയായിരുന്നു.
ഒരിക്കൽ അച്ഛൻ വീട്ടിലെത്തിയപ്പോൾ സുഭാഷിണിച്ചേച്ചി ഓടിയെത്തി സ്വീകരിച്ചു.
"ങ്ങാ ഹാ, ഇതാരാ, ചിറ്റപ്പനോ?"
"അതേടീ , ഞാന്തന്നാ .."
"ഹഹ ..ഞാൻ വിചാരിച്ചൂ ചിറ്റപ്പനാന്ന് .."
അച്ഛൻ ഒന്ന് ഞെട്ടി  ധൃതിയിൽ അകത്തേയ്ക്ക് വീണു.

"ചിറ്റപ്പന് കുടിക്കാൻ ചായയോ കാപ്പിയോ"
"നീയിത്തിരി വെള്ളം തന്നാൽ മതി"
വെള്ളം എടുക്കാൻ സുഭാഷിണിച്ചേച്ചി അകത്തേയ്ക്ക് ഓടി. തൊട്ടു പുറകെ ക്ലിം  എന്ന ശബ്ദവും മുഴങ്ങി.
ഒരു ഗ്ലാസ്സിന്റെ കഥ കഴിഞ്ഞു.

" ഗ്ലാസ് പൊട്ടിച്ചോടീ .."
അച്ഛൻ വിളിച്ചു ചോദിച്ചു.
"ഒരബദ്ധം പറ്റിയതാ ചിറ്റപ്പാ . അത് പൊട്ടിപ്പോയി"
"സാരമില്ലെടീ . വാരിക്കള.."
"ഒരു കയ്യബദ്ധം  പറ്റീതാ ചിറ്റപ്പാ.. ഞാൻ ക്ഷമിച്ചിരിക്കുന്നു..'
"ങ്ഹെ, നീയല്ലേ പൊട്ടിച്ചത്. എന്നിട്ട് നീ തന്നെ ക്ഷമിച്ചെന്നോ"
"ങ്ഹാ..ഞാനാ പൊട്ടിച്ചത്. അതോണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു.."

അടിക്കുറിപ്പ്
ദാമ്പത്യം അതിന്റെ എല്ലാ നന്മകളുമായി ആസ്വദിക്കുന്ന ഒരാൾ   എന്ന നിലയിൽ  എന്റെ വാമഭാഗം ഉണ്ടാക്കുന്ന സാമ്പാർ, അവിയൽ, തീയൽ, എരിശ്ശേരി, പുളിശ്ശേരി  തുടങ്ങി പാവയ്ക്ക മെഴുക്കുപുരട്ടി വരെയും മീങ്കറി, ചിക്കൻ കറി , മട്ടൻ കറി, ബീഫ് കറി , ഞണ്ട് കറി ,  കൊഞ്ചുകറി തുടങ്ങി ചിക്കൻ 65 വരെയും ചക്കപ്പുഴുക്ക്, കപ്പപ്പുഴുക്ക്, പഴങ്കഞ്ഞി വരെയും  ഏറ്റവും  രുചികരവുംആസ്വാദ്യകരവും നാവിൽ കൊതിയൂറിക്കുന്നവയുമാണെന്നും  ഇതിനാൽ രേഖപ്പെടുത്തിക്കൊള്ളുന്നു.
( പ്രായോജകർ- നാഷണൽ സേഫ്ടി അതോറിട്ടി )

Saturday, 3 January 2015

വഞ്ചകന്‍ -ഭാഗം രണ്ട് അഥവാ കോടംപപ്പുചരിതം



അരമുറി ദോശയ്ക്കായി തല്ലു മേടിച്ചു തന്ന അനിയൻ എന്ന വഞ്ചകനെപ്പറ്റി ഒരിക്കൽ പറയുകയുണ്ടായല്ലോ.

ജനിച്ചപ്പോഴേ അവൻ ഒരു പ്രസ്ഥാനം  ആയിരുന്നു. നഴ്സിന്റെ  മോതിരം  അടിച്ചുമാറ്റിയാണ്  അവൻ  ഈ ലോകത്തേയ്ക്ക് വന്നത് എന്ന് ഒരിക്കലും ഞാൻ പറയുകയില്ല. പക്ഷെ ആദ്യ കരച്ചിലിന് മുൻപ്  അവൻ നഴ്സിന്റെ  കയ്യിലിരുന്ന് അവരുടെ  വിരലുകളിൽ എന്തോ പരതുന്നുണ്ടായിരുന്നു  എന്ന് അമ്മ പറഞ്ഞ്  കേട്ടിട്ടുണ്ട്. നഴ്സ്  കല്യാണം  കഴിച്ചതല്ല  എന്ന്  മനസ്സിലായതോടെ  അവൻ  ആദ്യത്തെ കരച്ചിൽ  നടത്തിയത്രെ.

കുഞ്ഞുങ്ങളെ തറയിൽ  കിടത്തുമ്പോൾ തല എപ്പോഴും നേരെ വയ്ക്കണം  എന്നൊരു വിശ്വാസമുണ്ട്. ഒരു വശയ്ത്തേയ്ക്ക്  മാത്രം വയ്ച്ചാൽ ആ ഭാഗത്ത് തലയുടെ രൂപത്തിന്  ഒരു കോടൽ ഉണ്ടാവുമെന്നാണ് പ്രമാണം. വളർന്നു  വരുമ്പോൾ  അങ്ങനെ  സ്ഥിരമായി അമർന്നിരിക്കുന്ന ഭാഗം ചപ്പിയിരിക്കുമത്രേ.

അമ്മ അവനെ തറയിൽ  കിടത്തുമ്പോൾ  തല നേരെ പിടിച്ചു വയ്ക്കും. കൈ എടുക്കുമ്പോൾ സ്പ്രിംഗ് ആക്ഷൻ മാതിരി അവൻ തല ഇടത്തേയ്ക്ക് തിരിക്കും. വീണ്ടും അമ്മ അവന്റെ തല നേരെ പിടിച്ചു വയ്ക്കും. അവൻ വീണ്ടും തല  ഇടത്തേയ്ക്ക് തിരിക്കും . ഒരിക്കലും വലത്തേയ്ക്ക് അവൻ തല  തിരിച്ചിരുന്നുമില്ല. പിൽക്കാലത്ത്  ഇടതുപക്ഷരാഷ്ട്രീയം തിരഞ്ഞെടുക്കാൻ അവൻ അന്നേ തീരുമാനിച്ചിരുന്നു എന്ന് സ്പഷ്ടം.
അങ്ങനെ ഒരു റിബലായി  ഇടതുപക്ഷക്കാരനായി വളർന്ന  അവന്റെ തല ഇടതുവശം കൊണ്ട് അല്പം ചപ്പി ചമ്മിപ്പോകുകയും "കോടംപപ്പു " എന്ന മധുരപ്പുന്നാരപ്പേരിന്  അവനെ അവകാശിയാക്കുകയും ചെയ്തു.

ഗുജറാത്തിൽ കമ്പിത്തപാൽ ജീവനക്കാരനായിരുന്ന സ്നേഹമയിയായ  അമ്മാവൻ  ഏറ്റവും ഇളയവനായ അവനു ഒരു ഹിന്ദിപ്പേരും ചാർത്തിക്കൊടുത്തു. "ഛോട്ടാ"..
കാലക്രമേണ  അത് വെറും ചോട്ടാ ആയിമാറി.
ചെറുപ്പകാലത്ത്  ചോട്ടാ എന്നത് കുഞ്ഞുമോൻ  എന്ന പേരിനേക്കാളും ചേട്ടനാണ് എന്നൊരു തോന്നൽ  അവനുണ്ടായത്  മൂലം  കുഞ്ഞുമോൻ  എന്ന അവന്റെ ചേട്ടനായ ഈ ഞാൻ അനുഭവിച്ച  ദുരിതങ്ങൾക്ക് കയ്യും കണക്കുമില്ല.

കുരുത്തക്കേടുകള്‍ മുഴുവന്‍ ഒപ്പിച്ചിട്ട്  എനിക്ക് തല്ലു മേടിച്ചു തരുവാന്‍ അവനു ഒരു പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. അമ്മയും അച്ഛനും  ക്രമസമാധാനത്തിന്റെ വടിയുമായി എത്തുമ്പോള്‍ അവിഹിതഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു അവന്‍ മുങ്ങും. ഞാന്‍ നിന്ന് അടി വാങ്ങുകയും ചെയ്യും.

സ്പൈഡര്‍മാന്‍ അമേരിക്കയിൽ ജനിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ എത്താത്ത അക്കാലത്ത്    രണ്ടുകാലും  രണ്ടുകയ്യും  ഉറപ്പിച്ച്  വാതിലിന്റെ  കട്ടിള വഴി  മുകളിലേയ്ക്ക്  പൊങ്ങിപ്പൊങ്ങിപ്പോകാം എന്ന് കണ്ടുപിടിച്ചത് അവനാണ്.  എന്നേക്കാൾ  രണ്ടു വയസ്സിനു ഇളയതായ അവൻ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന് ആലോചിച്ചു ഞാൻ ആശ്ചര്യചൂഢാമണിയായി   തത്തിപ്പിടിച്ച്  കട്ടിള  വഴി മുകളിലേയ്ക്ക് കയറുകയും നൂറ്റിയെണ്‍പതു   ഡിഗ്രി  കറങ്ങി താടി ഇടിച്ചു തറയിൽ  വീഴുകയും ചെയ്തു.  താടി തറയിൽ മുട്ടുന്നതിന്  ഒരു സെക്കണ്ടിനു മുന്പ് എന്റെ തലച്ചോറിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.
അവൻ ഈ അഭ്യാസം ഒരിക്കലും കാണിച്ചിട്ടിട്ടില്ലല്ലോ..!!

അതെല്ലാം പോകട്ടെ,  ഇതെങ്ങനെ  സംഭവിച്ചു  എന്നറിഞ്ഞപ്പോൾ  ഉറക്കെ  ചിരിച്ച  ഡോക്ടറിനേക്കാൾ  ഉച്ചത്തിൽ  ചിരിച്ചത്  അവനാണ്. എല്ലാം കഴിഞ്ഞ്  താടിയിൽ നാല് കുത്തിക്കെട്ടുമിട്ട്  ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ അവൻ സ്വകാര്യമായി എന്നെ ഉപദേശിച്ചു.
"ഡാ, കുഞ്ഞോനെ , അങ്ങനൊക്കെ ചെയ്താ ചോര വരും.."

അമ്മ പഠിപ്പിച്ചിരുന്ന സ്കൂളിൽ തന്നെയാണ് ഞങ്ങളെ രണ്ടു പേരെയും ചേർത്തിരുന്നത്. ജ്യേഷ്ഠൻ  എന്ന നിലയിൽ  അവനെ ശ്രദ്ധിക്കുകയും  അവനു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തുകൊടുക്കുകയും  അവന്റെ കുരുത്തക്കേടിനെല്ലാം തല്ലു മേടിക്കുകയും  ചെയ്യേണ്ട  ചുമതല എനിക്കായിരുന്നു.

എല്ലാ ദിവസവും രാവിലെ സ്കൂളിൽ പോകുന്ന സമയമാകുമ്പോൾ അവന്  വയറുവേദന  എന്ന ഒരസുഖം വരുമായിരുന്നു. അതിനു മരുന്നായി ഉച്ചയ്ക്ക്  ഇന്റെർവൽ  സമയത്ത് ഒരു മിഠായി  വാങ്ങിക്കൊടുക്കണമെന്ന്   അമ്മ  എന്നെ ചുമതലപ്പെടുത്തിയിരുന്നു. ഉച്ചയാകുമ്പോൾ അവൻ അമ്മയുടെ അടുത്ത് ഹാജരാകും. അമ്മ അവന്  പത്തു പൈസ കൊടുക്കും. അന്ന്  പത്തു പൈസയ്ക്ക്  ഗോലിയോളം വലുപ്പമുള്ള ഒരു കോലുമിഠായി കിട്ടും. ഞാൻ  അവനെ സ്കൂളിനു വെളിയിലുള്ള  മെഡിക്കൽ സ്റ്റോറിൽ , സോറി, മുറുക്കാൻകടയിൽ  കൊണ്ടുപോയി ആ മിഠായി വാങ്ങിക്കൊടുക്കും.
കുറ്റം പറയരുതല്ലോ, കൂലിയായി ആ മിഠായി  അഞ്ചു പ്രാവശ്യം അവൻ  നക്കുമ്പോൾ ഒരു പ്രാവശ്യം എനിക്കും നക്കാൻ  കിട്ടിയിരുന്നു. ഒരു ദിവസം എനിക്കും വയറുവേദന എന്ന് പറഞ്ഞതിന് തല്ലു കിട്ടിയതുമൂലം ആ മിഠായി നക്കിൽ എന്റെ ആഗ്രഹം ഞാൻ ഒതുക്കിവച്ചു.

ഒരിക്കൽ ചില്ലറയില്ലാത്തതുമൂലം അമ്മ എന്റെ കയ്യിൽ ഇരുപത്തിയഞ്ച്  പൈസ തന്നിട്ട് പറഞ്ഞു.
"പത്തു പൈസയ്ക്ക് മിഠായി വാങ്ങീട്ട്  ബാക്കി ഇങ്ങു കൊണ്ട് വരണം. "
ഞാൻ തല കുലുക്കി.
"ബാക്കി എത്ര വരും?" അമ്മയുടെ ചോദ്യം.
ഞാൻ കൂലങ്കഷമായി ചിന്തിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു മിഠായിനക്കിനു വേണ്ടി എന്തെല്ലാം  ത്യാഗം സഹിക്കണം.
"പത്തു പൈസ.." വഞ്ചകന്റെ കുശുകുശുപ്പ്  എന്റെ  ചെവിയിൽ  പതിഞ്ഞു.
"പത്തു പൈസ.. !! " ഞാൻ കൈകൾ  ചേർത്തുകെട്ടി  നെഞ്ചു വിരിച്ച്  ശ്രീനിവാസരാമാനുജനായി.
"പതിനഞ്ചു പൈസ..!!! " അമ്മയുടെ കൈ എന്റെ ചെവി പിടിച്ചു തിരിക്കുമ്പോൾ  വഞ്ചകൻ ഗേറ്റും കടന്നു ധൃതിയിൽ പോകുന്നത് ഞാൻ ഇടം കണ്ണിട്ടു കണ്ടു.

കടയിൽ നിന്നും പത്തു പൈസയുടെ മിഠായി വാങ്ങിക്കഴിഞ്ഞ്  കടക്കാരൻ ചേട്ടൻ ഒരു പത്തു പൈസയും ഒരഞ്ചു പൈസയും തിരികെത്തന്നു.
മിഠായി നക്കിക്കൊണ്ടിരുന്ന കോടംപപ്പുവിന്റെ കണ്ണുകൾ അതിലാണ്.
"ഡാ കുഞ്ഞോനെ ,പത്തു പൈസയുടെ മുട്ടായി വാങ്ങാനല്ലേ അമ്മ പറഞ്ഞത്? നെന്റേലിപ്പം പത്തു പൈസാ ഉണ്ടല്ലോ. നീയെന്താ വാങ്ങാത്തത്?"
ശരിയാണല്ലോ. ഞാനെന്തൊരു  മണ്ടൻ..!!
ഞാൻ ആ പത്തു പൈസ കൊടുത്തു വീണ്ടും ഒരു മിഠായി വാങ്ങി. ആ മിഠായിയും അവൻ കൈക്കലാക്കി. എന്റെ കയ്യിൽ  ഒരഞ്ചു പൈസാ മാത്രം.
"ഡാ കുഞ്ഞോനെ, നെന്റെ പോക്കറ്റിൽ വേറെ  ഒരഞ്ചു പൈസയില്ലാരുന്നോ.? അതും കൂടിട്ടാൽ പിന്നെത്രയാകും?"
സംഭവം ശരിയാണ്. വല്ല വറുതിയും വന്നാൽ പട്ടിണി  ആകരുതല്ലോ എന്ന് വിചാരിച്ചു നിക്കറിന്റെ പോക്കറ്റിൽ ഒരഞ്ചു പൈസ നിക്ഷേപിച്ചിട്ടുണ്ട്. കാലം അങ്ങനത്തെയാണ്.
"അഞ്ചുമഞ്ചും പത്ത് . പത്തു പൈസക്ക്  മുട്ടായി വാങ്ങാൻ അമ്മ പറഞ്ഞാരുന്നല്ലോ."
ഹോ, അവന്റെ ഒരു ബുദ്ധിയെ..!!
ഞാൻ വിത്ത് ഡ്രാവൽ  ഫോം പൂരിപ്പിച്ച്  ഒപ്പിട്ട് പോക്കറ്റ് ബാങ്കിൽ നിന്നും അഞ്ചു പൈസ പുറത്തെടുത്തു. അതിനെ നോട്ടിരട്ടിപ്പിക്കൽ  സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി  പത്തു പൈസയാക്കിയെടുത്ത് ഒരു മിഠായി കൂടി വാങ്ങി.
"കുഞ്ഞോനെ , നീയതു  തിന്നോ..എനിക്ക് വേണ്ട.." നീതിയുടെ കുളിർമയുള്ള   സ്വരം.

വൈകിട്ട്  കുടുംബക്കോടതിയിലെ വിചാരണവേളയിൽ ആദ്യത്തെ മിഠായിക്ക്  അമ്മ തല കുലുക്കി.
രണ്ടാമത്തെ മിഠായിക്ക് അമ്മ ഉറക്കെയുറക്കെ  ചിരിച്ചു.
 മൂന്നാമത്തെ മിഠായിക്ക് എനിക്ക് തല്ലും കിട്ടി.
മൊത്തം പ്രോജക്ടിൽ  ഒരു നിക്ഷേപം നടത്തിയത് ഞാൻ മാത്രമാണ്. എന്നിട്ടും ഒടുവിൽ  തല്ലു കിട്ടിയത് എനിക്കും. കാര്യം ആട് മാഞ്ചിയം കൊക്കോ കൃഷി പോലെയായി.
എന്തൊരു ക്രൂരലോകം..!!

അക്കാലത്ത്  ഞാൻ ഒരു വലിയ ധൈര്യശാലി ആയിരുന്നു.
അന്ന് ഞാൻ സ്ഥിരമായി കാണുന്ന ഒരു സ്വപ്നം ഉണ്ട്. ഞാനൊരു ചെറിയ  കഷ്ണം പേപ്പർ കയ്യിൽ  പിടിച്ചിരിക്കുകയാണ്. പേപ്പറിന്റെ ഒരറ്റം എന്റെ കയ്യിലും മറ്റേ അറ്റം അങ്ങ് ഹിമാലയത്തിലുമാണ്.
അതങ്ങനെ കയ്യിൽ  പിടിക്കേണ്ടതായി പ്രത്യേകിച്ച്  ഒരു കാര്യോം  എനിക്കില്ല.

നോക്കിനിൽക്കെ  അങ്ങ് ഹിമാലയത്തിനടുത്തു നിന്നും ആ പേപ്പറിന് തീ  പിടിക്കും. തീ ആ പേപ്പറിനെ തിന്നു തിന്നു വരുകയാണ്. അങ്ങ് ഹിമാലയത്തിൽ നിന്നും വരുന്നതുകൊണ്ട് ആ പണ്ടാരം വളരെ സാവധാനം ആണ് കത്തി വരുന്നത്. ഇങ്ങേയറ്റത്തുനിന്നും എനിക്ക് പിടി വിടുവിക്കാനും  പറ്റില്ല. കടലാസ് കയ്യിൽ   നിർബന്ധബുദ്ധിയോടെ  ഒട്ടിപ്പിടിച്ചിരിക്കുകയാണ്. കടലാസ് കത്തിക്കത്തി എന്റെ നേരെ സ്ലോ മോഷനിൽ വരുന്നതും നോക്കി ഞാൻ അന്ധാളിച്ചു  നില്ക്കും. ഒടുവിൽ "തീ.. തീ .." എന്ന്  പത്തുപതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഫയർ സ്റ്റേഷൻ  വരെ കേൾക്കുന്ന ശബ്ദത്തിൽ നിലവിളിച്ചു ഞാൻ ഞെട്ടി ഉണരും.

കൂടെ തീയും പുകയും ഇല്ലാതെ ഉറങ്ങിക്കിടക്കുന്ന  കോടംപപ്പു  പായയിൽ നിന്നും പത്തടി കിളർന്ന്  പൊങ്ങി  തറയിൽ വീഴും.

അമ്മ ഓടിവന്നു എന്നെ ആശ്വസിപ്പിക്കും. വീണ്ടും ഉറക്കും.
കോടംപപ്പു  കോടിയ സ്വന്തം തലയും തടവി എന്താണ് പ്രശ്നം എന്ന് ആലോചിച്ചു ആലോചിച്ച്  വീണ്ടും കിടന്നുറങ്ങും. എന്റെ  നിലവിളി കേട്ടാണ് അവൻ ഉണരുന്നതെന്ന് അവനു മനസ്സിലായിരുന്നുമില്ല.

സിനിമാതീയേറ്ററിന്റെ വാതിൽക്കൽ  ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന സെക്യൂരിറ്റി  എന്നും ഒരേ സിനിമ കാണുന്നതുപോലെ ഞാനീ  സ്വപ്നം  അങ്ങനെ കണ്ടുകൊണ്ടിരുന്നു. ടിക്കറ്റ് വാങ്ങുന്നവന്  വേണമെങ്കിൽ  ഈ  സിനിമാ തുടങ്ങിക്കഴിഞ്ഞു സ്ഥലം വിടാം. എനിക്കതിനും അനുവാദമില്ല..!

സ്ഥിരമായി അങ്ങനെ തലയും ഇടിച്ചു വീഴാൻ തുടങ്ങിയതോടെ കോടംപപ്പു  അതൊരു അന്താരാഷ്ട്രപ്രശ്നമായി അമ്മയുടെ മുൻപിൽ അവതരിപ്പിച്ചു.
അമ്മ അവനെ സമാധാനിപ്പിച്ചു.
"സാരമില്ലെടാ, കുഞ്ഞ്വോനെ  സ്വപ്നം കുത്തുന്നതാ.."
പ്രശ്നപരിഹാരമായി അമ്മ  അവനെ എന്നിൽ നിന്നും വേർപെടുത്തി അമ്മയുടെ കൂടെ കട്ടിലിൽ കിടത്താൻ തുടങ്ങി.

പിന്നെയും ഞാനങ്ങനെ  സ്ഥിരമായി പേപ്പറിന് തീ കൊളുത്തുകയും അലറിവിളിക്കുകയും കോടംപപ്പു  പൊങ്ങിച്ചാടി അമ്മയുടെ ദേഹത്ത്  വന്നു വീഴുകയും ചെയ്തു. കാര്യങ്ങളുടെ കിടപ്പുവശം മൊത്തം മനസ്സിലാക്കിയ അവൻ കട്ടിലിൽ തിരികെയെത്തിയാലുടൻ വിളിച്ചു ചോദിക്കും.
"ഡാ  കുഞ്ഞോനെ നെന്നെ പിന്നേം സ്വൊപ്നം കുത്ത്യോടാ..?"
അമ്മ ഉറക്കെ ചിരിക്കും.

അങ്ങനെ ഒരു ദിവസം ഞാൻ പതിവുപോലെ  കടലാസിന്  തീ കൊളുത്തി  ഫയർ സ്റ്റേഷനിലേയ്ക്ക് ഫോണ്‍  ചെയ്യുമ്പോൾ ആ പതിവ് ചോദ്യം ഉണ്ടായില്ല. ചോദ്യത്തിന്റെ അഭാവത്തിൽ അമ്മ ഇരുട്ടത്ത്‌ കയ്യെത്തിച്ച്  കിടക്കയിൽ പരതി   നോക്കി.

കോടംപപ്പുവിനെ  കാണാനില്ല.!!

"എന്റെ കുഞ്ഞിനെ കാണുന്നില്ലേ ..!!  ചോട്ടായെ ,ഡാ ചോട്ടയെ " എന്ന് വിലപിച്ച്  അമ്മ ചാടിയെഴുന്നേറ്റപ്പോൾ  അശരീരി കേട്ടു.
"ഡാ കുഞ്ഞ്വോനെ, നെന്നെ പിന്നേം  സ്വപ്നം കുത്തിയോടാ..?"

കട്ടിലിനടിയിൽ  നിന്നാണ് ആ അശരീരി..!!

അമ്മ ആശ്വാസത്തോടെ വിളിച്ചു ചോദിച്ചു..
"ഡാ ചോട്ടായെ, നീ എവിടാടാ?"
ഉടൻ മറുപടിയും വന്നു
"ഓ, ഞാനിവിടൊണ്ട് ..!!"
"നീയെന്തെടുക്കുവാ?"
"ഓ, ഞാനിവിടം  വരെ ചുമ്മാ ഒന്ന് വന്നതാ.."


Wednesday, 10 December 2014

നെത്തോലി ചെറിയ മീനല്ല







വിവാഹിതനായി കഴിയുമ്പോൾ കാര്യങ്ങൾക്ക് മൊത്തം ഒരു അന്തസ്സോക്കെ കൈവരുമല്ലോ.
അവൻ "വീടായി കുടിയായി" താമസമായി എന്നാണു പിന്നെ നാട്ടുകാർ പറയുന്നത്.

മധുവിധു ആഘോഷിക്കാൻ യൂറോപ്യന്‍ നഗരങ്ങളായ ലണ്ടൻ , പാരീസ്, ഫ്രാങ്ക്ഫർട്ട് , വിയന്ന, പ്രേഗ്, സ്റ്റോക്ക്‌ഹോം , റോം, പാരീസ്, അമേരിക്കയിലെ വാഷിങ്ങ്ടന്‍, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്‌, ഡിസ്നി ലാന്ഡ് , നടുക്കുകിഴക്കൻ(Middle East ) നഗരങ്ങളായ ദുബായ്, മസ്കറ്റ്, ഷാർജ, ബഹറിൻ, ഇസ്ടാന്ബൂൾ പിന്നെ ആസ്ട്രേലിയയിലെ സിഡ്നി, പെര്‍ത്ത്, പിന്നെ മലേഷ്യ, സിംഗപ്പൂര്‍,ഹോങ്കോങ്ങ്, തുടങ്ങിയ സമീപസ്ഥസ്ഥലങ്ങളിലെല്ലാം പോകണമെന്ന് ഭാര്യക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പോയില്ല.

കയ്യിൽ പത്തു കാശു വേണമല്ലോ ഇതൊക്കെ നടത്താൻ..
മൊത്തം ബാങ്ക് ബാലൻസ് അഞ്ഞൂറ്റിപ്പന്ത്രണ്ട് രൂപ !

എന്നാലും കുറ്റം പറയരുതല്ലോ, ഭാര്യ നിർബന്ധിക്കാതെ തന്നെ ചെങ്ങന്നൂർ, കാരക്കാട്, കുളനട, പുല്ലാട്, ആറന്മുള, മെഴുവേലി തുടങ്ങി മാന്നാർ വരെയുള്ള പത്തു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദൂരസ്ഥസ്ഥലങ്ങളിലും അവളെ കൊണ്ടുപോയി.
ഭേഷായി ബന്ധുജനങ്ങൾ നല്കിയ വിരുന്നു കഴിക്കുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം പത്നീസമേതനായി ഭാര്യാഗൃഹത്തിൽ എത്തി. ഞങ്ങളുടെ കൂടെ വിവാഹിതരായ ഭാര്യയുടെ അനിയത്തിയും ഭർത്താവും എത്തിയിട്ടുണ്ട്.

രാത്രി അത്താഴശേഷം രണ്ടുകൂട്ടരെയും ഭാര്യാപിതാവ് ഒരു മുറിയിലേയ്ക്ക് വിളിപ്പിച്ചു.
ആ മുറി മുഴുവൻ വിവാഹസമ്മാനമായി ലഭിച്ച പാക്കറ്റുകൾ അടുക്കി വച്ചിരിക്കുകയാണ്.

"ദാ ഈ കാണുന്ന സമ്മാനങ്ങളൊക്കെ നിങ്ങൾക്ക് കിട്ടിയതാ. രണ്ടു കൂട്ടരും തുല്യമായി പങ്കു വച്ചോ. ഞങ്ങൾക്കൊന്നും വേണ്ടാ. നിങ്ങൾക്ക് വേണ്ടാത്തത് വല്ലതുമുണ്ടേൽ ആ ചെറ്യ മേശപ്പുറത്തോട്ടു എറിഞ്ഞേക്ക്, ഞങ്ങൾ എടുത്തോളാം."

പുള്ളിക്കാരന്റെ അന്നേരത്തെ മുഖഭാവമാണ് പിന്നീട് കല്യാണരാമൻ സിനിമയിൽ ഇന്നസെന്റ് ഗ്ലാസ് കൊണ്ട് വച്ചിട്ടു "വേസ്റ്റ് ഗ്ലാസ്സാ, അതവിടിരുന്നോട്ടെ, വേസ്റ്റു വരുന്ന മദ്യം ഒഴിക്കാനാ ' എന്ന് പറയാൻ ഉപയോഗിച്ചത്.

ആ വലിയ ഡൈനിംഗ് ടേബിളിനെ ഞാൻ ശത്രുതയോടെ നോക്കി.

പറഞ്ഞു തീർന്നതും ഭാര്യയുടെ അനുജത്തി സമ്മാനക്കൂമ്പാരത്തിലേയ്ക്കു ഒരൊറ്റ ഡൈവിംഗ്. ആൾ അപ്രത്യക്ഷമായി.

"എന്റെ ഭാര്യ എവിടെ, എന്റെ ഭാര്യ എവിടെ" എന്ന് അനുജത്തിയുടെ ഭർത്താവ് വിലപിക്കാൻ തുടങ്ങി.

ഉടൻ കൂമ്പാരത്തിനിടയിൽ നിന്നും ഒരു അശരീരി മുഴങ്ങി
"അണ്ണാ വേഗം വാ.."

ഞാൻ എന്റെ ധർമദാരത്തെ പാളി നോക്കി. ചാടെടീ, ചാടെടീ എന്നയർഥത്തിൽ തല ഇളക്കി.
"എനിക്ക് നീന്തലറിയാൻ പാടില്ലെടാ" എന്നയർഥത്തിൽ അവൾ എന്നെ ദയനീയമായി നോക്കി.

ഭാര്യാപിതാവ് എന്ന അച്ചാച്ചൻ വീണ്ടും മോഡറേറ്ററായി.
"രണ്ടു കൂട്ടരും ബഹളം വയ്ക്കണ്ടാ. എല്ലാം തുല്യമായി വീതിക്കാം. "

അങ്ങനെ സമ്മാനങ്ങളുടെ വീതം വയ്പ്പ് തുടങ്ങി. ഒരു ക്ലോക്ക് എന്റെ ഭാര്യ എടുക്കുമ്പോൾ അനിയത്തി വേറൊരു ക്ലോക്കെടുക്കും.
ഏതെങ്കിലും സാധനങ്ങൾ ഒരുപോലെയുള്ളതു വീണ്ടും വന്നാൽ അനിയത്തി ചാടിക്കേറി പറയും
"അതെനിക്ക് തന്നേരടീ.. ഈ അണ്ണന്റെ അമ്മാവന്റെ മൂത്ത മോന്റെ അനിയത്തിയുടെ നാത്തുന്റെ അയൽക്കാരൻ ഇതുപോലൊന്ന് ചോദിച്ചാരുന്നു. ഇനി കാശു കൊടുത്തു മേടിക്കണ്ടാല്ലോ.."

സമ്മാനങ്ങൾ വീതം വച്ചു തീർന്നപ്പോൾ അച്ചാച്ചൻ രണ്ടു കവറുകൾ എടുത്തിട്ടു പറഞ്ഞു.
"ഇത് ബന്ധുജനങ്ങൾ സമ്മാനമായി തന്ന പൈസയാണ്. നിങ്ങള്ക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ വാങ്ങാൻ . തുല്യമായി വച്ചിട്ടുണ്ട്"

"എനിക്ക് മാണ്ടാ.." ഞാൻ ബലൂണ്‍ വീർപ്പിച്ചു .
"എനിക്കും മാണ്ടാ.." അനിയത്തിയും ഭർത്താവും വിട്ടില്ല.

ബന്ധം വച്ചു അനിയനാണെങ്കിലും പുള്ളിക്കാരൻ പ്രായം വച്ചു ചേട്ടനാണ്. അതുകൊണ്ട് അനിയൻചേട്ടാ എന്ന് വിളിക്കാനാണ് എന്റെ തീരുമാനം.

"വാങ്ങീര് പ്രദീപേ, നമ്മക്ക് എവിടേലും ടൂറിനു പോകാലോ.." ഭാര്യ നിര്‍ബന്ധിച്ചു.
"അതിനൊക്കെ എന്റേൽ കാശൊണ്ട് .." ഞാൻ ഒന്നൂടെ ബലൂണ്‍ വീർപ്പിച്ചു.

"ഒണ്ട്, ഒണ്ട്.. അഞ്ഞൂറ്റിപ്പന്ത്രണ്ട് രൂപയൊണ്ട് " ഭാര്യ ബലൂണ്‍ കുത്തിപ്പൊട്ടിച്ചു വിട്ടു.

ഇതാണ് കുഴപ്പം.
എല്ലാ മണ്ടന്മാരായ ആണുങ്ങളും അവരുടെ മധുവിധുകാലത്ത് ഭാര്യമാരോട് സകലതും തുറന്നു പറയും. പഠിക്കുന്ന കാലത്തെ പ്രണയകഥകൾ, ബാച്ചിലറായി നടന്ന കാലത്തെ കുരുത്തക്കേടുകൾ. ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന കോടിക്കണക്കിന് വിലവരുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ താക്കോൽ സ്ഥലം, അമ്മയോടുള്ള സ്നേഹത്തിറെ അളവ്, സഹോദരിയോടുള്ള സ്നേഹത്തിന്റെ അളവ്, ഭാവിയിൽ വേറെ മാറി താമസിക്കാനുള്ള വീടിന്റെ പ്ലാനും എലിവേഷനും എസ്റ്റിമേറ്റും തൊട്ട് ഇട്ടോണ്ട് നടക്കുന്ന അണ്ടർവെയറിന്റെ ബ്രാൻഡ് നെയിം വരെ. എന്നാൽ ഈ മണ്ടന്മാർ പകരം വല്ലതും അന്വേഷിച്ചറിയുമോ, അതുമില്ല. ഭാര്യമാർ അതെല്ലാം വളരെ വ്യക്തമായും കണിശമായും അവരുടെ ബുക്കിൽ കുറിച്ചെടുക്കും. സൂക്കറിനു മുൻപേ കണ്ടുപിടിക്കപ്പെട്ട ഈ ഫേസ്ബുക്ക് ഒരു വലിയ പ്രതിഭാസമാണ്. അതിലെ പേജുകൾ നിങ്ങൾക്ക് ഒരുകാലത്തും വായിച്ചെടുക്കാൻ പറ്റില്ല. കാരണം എല്ലാവരെയും ബ്ലോക്കിയിരിക്കുകയാണ്. അങ്ങോട്ട്‌ ചുമ്മാ ലയ്ക് അടിക്കാൻ പറ്റും. അത്രമാത്രം. ഇടയ്ക്കിടെ ഭാര്യമാർ അത് മനസിനകത്തുനിന്നും എടുത്തു ഒരൊറ്റ പ്രയോഗമാണ്.

"ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്നാമാണ്ട് ജനുവരി മുപ്പത്തിയെഴിനു രാവിലെ ഒന്പതരയ്ക്കല്ലേ ചേട്ടൻ എന്നോടു പറഞ്ഞത് പച്ച നിറമുള്ള ഒരു കാഞ്ചീപുരം സാരി വാങ്ങിത്തരാമെന്ന്. ഇപ്പൊ കൃത്യം ആയിരത്തിഅഞ്ഞൂറ്റി ഇരുപതു ദിവസോം പതിനാറു മണിക്കൂറുമായി. എവിടെ സാരി ? ദുഷ്ടൻ ..!!"

"എടീ ജനുവരി മാസത്തിനു മുപ്പത്തിയൊന്നു ദിവസം വരേയൊള്ളൂ.."
"വിഷയം മാറ്റുന്ന സ്വഭാവം പണ്ടേ ചെട്ടനൊണ്ട്.."

"ഞാൻ മേടിച്ചു തരും. അതിങ്ങനെ ആറുമാസം കൂടുമ്പോൾ എല്ലാ വർഷവും നീ ഓർമിപ്പിക്കണ്ട.."

ഇന്നലെ അത്താഴത്തിനിരിക്കുമ്പോൾ നാളെ ഞാൻ ചേട്ടന് ചിക്കൻ മഞ്ചൂരിയൻ ഉണ്ടാക്കിത്തരുമല്ലോ എന്ന് പറഞ്ഞു നമ്മളെ പുളിവെള്ളം കൂട്ടി ചോറൂട്ടിയ കാര്യം സ്വയം മറന്നു നമ്മൾ ഇന്ന് വീണ്ടും ഇന്നലെ ബാക്കി വന്ന പുളിവെള്ളം കൂട്ടി ചോറുണ്ണുമ്പോഴാണ്‌ ഈ വക മാരകപ്രയോഗം.
അങ്ങനെ പോകും കാര്യങ്ങൾ.

മണ്ടനായ ഞാൻ കുനിഞ്ഞിരുന്നു ആഗോളതാപനനിയന്ത്രണത്തിന്റെ ഭാഗമായി കാർബണ്‍ റ്റാക്സെസ് എങ്ങനെ മറികടക്കാം എന്നതിനെപ്പറ്റി കൂലങ്കഷമായി ചിന്തിക്കാൻ തുടങ്ങി.

"ഹ ഹ . എന്റെ ചേട്ടന്റെ കയ്യിൽ അറുന്നൂറ്റി മുപ്പത്തേഴു രൂപായുണ്ടല്ലോ.." ഭാര്യയുടെ അനിയത്തി അട്ടഹസിച്ചു.

ഞാൻ അനിയൻ ചേട്ടനെ തലപൊക്കി നോക്കി.
ങ്ഹാ, പുള്ളിയുടെ ബലൂണും പൊട്ടിയിരിക്കുന്നു.
അപ്പൊ നമ്മൾ ഒരു പാർട്ടിക്കാരാ അല്ലേ ? ദാരിദ്ര്യവാസികൾ.
ആഗോളതാപന നിയന്ത്രണം, പുല്ല് ..
ഞാൻ തലപൊക്കി വീണ്ടും ഉഷാറായി.

" ഇത് സ്ത്രീധനോന്നുമല്ല. വല്ലോരും തന്ന കാശാ . അല്ലേലും നിങ്ങക്ക് സ്ത്രീധനം ഒന്നും തരാൻ ഞങ്ങൾക്ക് ഒരു ദുരുദ്ദേശവുമില്ല." അച്ചാച്ചൻ വീണ്ടും കവറുകൾ നീട്ടി.

എന്റെ ഭാര്യ ചാടി വീണു കവർ തട്ടിപ്പറിച്ചു.
"അച്ചാച്ചനിങ്ങു താ. പ്രദീപങ്ങനെ പലതും പറയും. "

പിന്നെ ഫേസ് ബുക്ക് തുറന്നു ബസ് സ്റ്റാന്ടിലെ പുസ്തകക്കച്ചവടക്കാരൻ ശൈലിയിൽ സ്റ്റാറ്റസ് നീട്ടിവായിച്ചു.

" മധുവിധു ആഘോഷിക്കാൻ യൂറോപ്യന്‍ നഗരങ്ങളായ ലണ്ടൻ , പാരീസ്, ഫ്രാങ്ക്ഫർട്ട് , വിയന്ന, പ്രേഗ്, സ്റ്റോക്ക്‌ഹോം , റോം, പാരീസ്, അമേരിക്കയിലെ വാഷിങ്ങ്ടന്‍, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്‌, ഡിസ്നി ലാന്ഡ് , നടുക്കു കിഴക്കൻ(Middle East ) നഗരങ്ങളായ ദുബായ്, മസ്കറ്റ്, ഷാർജ, ബഹറിൻ, ഇസ്ടാന്ബൂൾ പിന്നെ ആസ്ട്രേലിയയിലെ സിഡ്നി, പെര്‍ത്ത്, പിന്നെ മലേഷ്യ, സിംഗപ്പൂര്‍,ഹോങ്കോങ്ങ്, തുടങ്ങിയ സമീപസ്ഥസ്ഥലങ്ങളിലെല്ലാം
(അണയ്ക്കുന്ന ശബ്ദം)
കൊണ്ടുപൊകാമെന്നു കല്യാണത്തിനു മുൻപേ പറഞ്ഞതാ. കല്യാണം കഴിഞ്ഞപ്പോ എല്ലാം മറന്നു. ഞങ്ങൾക്ക് എവിടേലും പോകാൻ ഈ പൈസ എടുക്കാം"

"ങ്ഹെ, കല്യാണത്തിനു മുന്പ് ഇതൊക്കെ എന്റെ മര്വോൻ നിന്നോട് എപ്പോ വാഗ്ദാനം ചെയ്തു?" അച്ചാച്ചൻ അന്ധാളിച്ചു.
കല്യാണ നിശ്ചയം കഴിഞ്ഞ് മകൾ പ്രതിശ്രുധവരനുമായി തിരുവനന്തപുരത്തു പ്രണയിച്ചു നടന്ന കാര്യം പുള്ളി അറിഞ്ഞിട്ടില്ല.

എന്റെ ഭാര്യ ടമാർ എന്നൊരു ശബ്ദത്തോടെ അപ്രത്യക്ഷയായി.
കൂടെ കവറും.

അങ്ങനെ ബന്ധുക്കളുടെ ചിലവിൽ രണ്ടു കൂട്ടരും കന്യാകുമാരിക്കു വിട്ടു.

ദിവസങ്ങൾ കടന്നു പോയി. എന്റെ അവധിയും തീർന്നു. ദന്തൽ കോളേജിൽ ഉപരിപഠനം നടത്തുന്ന ഭാര്യയുടെ ക്ലാസ് ആവശ്യത്തിന് മുടങ്ങുകയും ചെയ്തു.

തിരുവനന്തപുരത്തെ വാടകവീട്ടിൽ ഞങ്ങൾ താമസ്സമായി. കൂട്ടിനു അനിയനും. അവൻ അവിടെ ലാ കോളേജിൽ പഠിക്കുകയാണ്, അഥവാ പഠിക്കുകയാണ് എന്നാണു അവൻ പറയുന്നത്.

അമ്മമാർ കുറച്ചുദിവസം കൂട്ട് വന്നു നിന്നു. ഒരു കുടുംബജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടുപോകാം എന്ന് പഠിപ്പിക്കുകയായിരുന്നു അമ്മമാരുടെ ഉദ്ദേശം. അവരുടെ കുടുംബ ജീവിതം താറുമാറാകുമെന്നു കണ്ടപ്പോൾ അവർ അവരവരുടെ കുടുംബത്തേയ്ക്ക് മടങ്ങുകയും ചെയ്തു. ഈ പിള്ളേര് നന്നാവാൻ പോന്നില്ലെന്നൊരു കണ്ടുപിടുത്തവും.

വിവാഹജീവിതത്തിനു മുൻപരിചയമൊന്നുമില്ലാത്ത ഞങ്ങൾ നിലാവത്ത് കോഴിയെ അഴിച്ചു വിട്ട മാതിരി അതങ്ങനെ കൊണ്ടാടുകയാണ്.

തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും മനോഹരവും ദീപ്തവുമായ ഒരു കാലം ജീവിതത്തിൽ മറ്റെങ്ങുമില്ല തന്നെ.

ചുറ്റും എന്ത് നടക്കുന്നു എന്നതിനുപരിയായി നമുക്കിടയിൽ എന്ത് നടക്കുന്നു എന്നുമാത്രം അന്വേഷിച്ചു നടക്കുന്ന മധുവിധുകാലം. പലപ്പോഴും അതിന്റെ മാന്ത്രികച്ചരട് ചുറ്റുമുള്ളവർക്ക് അനുഭവവേദ്യമല്ലാത്തതിനാൽ അവർ പിറുപിറുക്കും.

"ങ്ഹും, മറ്റാരും കല്യാണം കഴിക്കാത്തതുപോലെ. "

എന്നും അങ്ങനെ കാണാമറയത്തു ആ മാന്ത്രികച്ചരടു പൊട്ടാതെ, ജീവിതം പരസ്പരം മറയും വരെ, കൊണ്ടുനടക്കുന്നവർ ഭാഗ്യവാന്മാർ, ഭാഗ്യവതികൾ എന്ന് കാലം രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവിതപ്രഹേളികകൾ സുധീരം നേരിട്ട് ഞങ്ങൾ ജീവിതം അങ്ങനെയങ്ങനെ മുൻപോട്ടു കൊണ്ടുപോയി.

ഭാര്യ എന്നെ ഒരു ഗിനിപ്പന്നി ആക്കി മാറ്റി അവളുടെ പാചകനിപുണത വർദ്ധിപ്പിച്ചു. ഒരിക്കൽ അവളുടെ പാചകത്തെ പുകഴ്ത്തിപ്പറഞ്ഞതിന് അവൾ എന്നോടു രണ്ടു ദിവസം മിണ്ടാതെ നടന്നു. അത്താഴത്തിനു വിളമ്പിയ രസം നല്ല രസമുണ്ടെന്ന് ഞാൻ പറഞ്ഞതാണ് പ്രശ്നമായത്‌ .

ഏതേലും ഭാര്യമാർ അവരുടെ പാചകനിപുണതയെ ഭർത്താവ് പുകഴ്ത്തി പറഞ്ഞാൽ പിണങ്ങുമോ?

ഭർത്താവിന്റെ മനസ്സിലോട്ടുള്ള വഴി അയാളുടെ ഉദരത്തിലൂടെയാണ് എന്ന പഴമൊഴി ഭേദഗതി ചെയ്തു ഭാര്യയുടെ മനസ്സിലോട്ടുള്ള വഴി അവളുടെ പാചകത്തെ പുകഴ്ത്തലാണ് എന്ന തന്ത്രം നടപ്പിലാക്കിയ ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങിയിരുന്നപ്പോൾ അനിയനാണ് ചാരപ്രവർത്തനത്തിലൂടെ അത് കണ്ടു പിടിച്ചത്.

കറി സാമ്പാർ ആയിരുന്നത്രെ...!!

അത് പുളിങ്കറി ആണെന്നാണ്‌ അവൻ കരുതിയതെന്നാണ് അവൻ രഹസ്യമായി പിന്നീടെന്നോടു പറഞ്ഞത്. ഊഹിക്കാൻ പോകാഞ്ഞതുകൊണ്ട് അവൻ രക്ഷപെട്ടു. മാത്രവുമല്ല, എപ്പോൾ ആഹാരം കഴിക്കാനിരുന്നാലും ഞാൻ കഴിച്ചു തുടങ്ങിയാലേ അവൻ കഴിക്കൂ എന്ന് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. എന്നോടുള്ള ബഹുമാനമാണ് കാരണം എന്നാണു ഞാൻ കരുതിയത്‌. പക്ഷെ അത് ചേട്ടത്തിയുടെ പാചകത്തിനോടുള്ള ബഹുമാനമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
എന്ത് കറി കണ്ടാലും അത് ഊഹിക്കുന്ന പരിപാടി അതോടെ ഞാൻ നിർത്തി.

വൈകുന്നേരങ്ങളിൽ പലചരക്കു പച്ചക്കറി മീൻ മാംസാദികൾ വാങ്ങാൻ ഒരുമിച്ചാണ് പോക്ക്.

മീൻ വാങ്ങണമെങ്കിൽ വില പേശാൻ നല്ല വാക്ചാതുര്യം വേണം.
മീൻ വിൽക്കുന്ന പെണ്ണുങ്ങൾക്ക്‌ ആ ചാതുര്യം നല്ലതുപോലെയുള്ളതുകൊണ്ട് നല്ലതുപോലെ കാശു മുടക്കി പഴുത്ത മീൻ തിന്നാനുള്ള യോഗം ഞങ്ങൾക്കുണ്ടായി .

ഞങ്ങൾ വാങ്ങിക്കൊണ്ടുവരുന്ന പഴുത്തുചീഞ്ഞ മീനിന്റെ വിലകൾ കേട്ട്‌ അന്തംവിട്ട അയലത്തെ സ്നേഹമയിയായ അമ്മൂമ്മ എന്റെ ഭാര്യയെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു.
"ന്റെ മോളെ, ആ പെണ്ണുങ്ങള് ആറ്റം സാധനങ്ങളാന്ന് . വോ, വെലകള് പേശിത്തന്നെ വാങ്ങണം. നിങ്ങള് പിള്ളെരായത് കൊണ്ടാ ലവളുമാർക്കു ഇത്ര പറ്റീര്. പറേണ വെലകളു കൊടുക്കരീം.. നന്നാ വെലകള് പേശണം .ഒരൂട്ടം പത്തു രൂവാ പറഞ്ഞാ അഞ്ചു രൂവയ്ക്ക് തര്വോന്നു ച്വാദിക്കണം.. യെന്നാലേ ലവളുമാര് മീനുകൾ വെലകൾ കുറച്ചു തരുവൊള്ള് ..വോ..!"


എന്റെ ഭാര്യയുടെ കണ്ണുകളിൽ ഒരു നിശ്ചയദാർഢൃ‌ം വന്നു നിറഞ്ഞു.
ഞാൻ എന്റെ ശുഷ്കിച്ച പേഴ്സിനെ നോക്കി ചിരിച്ചു.
മീങ്കാരികളുടെ ദുഷ്ട ലോകമേ, എന്റെ പ്രിയതമ ഇതാ വരുന്നു. നിങ്ങൾ ഞെട്ടാൻ പോകുന്നു. പുതുദമ്പതികളാണ്, പിള്ളേരാണ് എന്നൊക്കെ വിചാരിച്ചു നിങ്ങൾ ഇത്രയും കാലം പറ്റിച്ചില്ലേ? ഇനിയും അത് തുടരാമെന്ന് നിങ്ങൾ കരുതേണ്ടാ.
അറിവിറെ ശക്തിയാണ് ഞങ്ങളുടെ ആയുധം.
ഞാൻ എഞ്ചീനീയർ, കണക്കിന്റെ ആശാൻ...
എന്റെ ഭാര്യ ഡോക്ടർ, വിശകലനത്തിന്റെ ആശാട്ടി...
ഞങ്ങളിതാ വരുന്നു.
തടുക്കാമെങ്കിൽ തടുത്തോ.!!

അടുത്ത ദിവസം വൈകുന്നേരം ഞങ്ങൾ മീൻ വാങ്ങിക്കാൻ ഇറങ്ങി.

ചന്തയിൽ ഉത്സവത്തിന്റെ ആളാണ്.
ഞങ്ങളെ കണ്ടതോടെ പറ്റീരുപ്രസ്ഥാനക്കാരായ മീൻകാരികൾ സ്ഥിരം നിലവിളി തുടങ്ങി.

"മ്വാനെ വാ, മ്വാളെ ..വാ,, നല്ല പച്ചമീനുകള് . നല്ലോണം വെലകള് കൊറച്ചു തരാന്ന്.. വരീൻ.."

ഗുസ്തി പിടിക്കാൻ നേരം "സോണിയാ വന്നാട്ടെ, വന്നോട്ടെ , " എന്ന് പഞ്ചാബീ ഹൗസിൽ ഹരിശ്രീ അശോകൻ പറയും മട്ടിൽ തലയാട്ടി എന്റെ ഭാര്യ മുൻപോട്ടു കയറി.

നല്ല നെത്തോലി മീൻ പല കൂട്ടങ്ങളായി പലകപ്പുറത്തു നിരത്തി വച്ചിരിക്കുകയാണ്. എന്റെ ഭാര്യ സീസറിനെപ്പോലെ ഗൌരവത്തിൽ നെത്തോലി എന്ന ചെറിയ മീനെ കൈവിരൽ ചൂണ്ടി ആരാഞ്ഞു

"എന്താ അതിനു വില?"

"ഇരുപതു രൂവാ മ്വാളെ.." മീൻകാരി ആദരവോടെ പറഞ്ഞു.

അയലത്തുകാരി അമ്മൂമ്മയെ മനസ്സിൽ ധ്യാനിച്ചു എന്റെ പ്രിയതമ കനപ്പെട്ട സ്വരത്തിൽ ചോദിച്ചു.

"പത്തു രൂപയ്ക്ക് തരുമോ?"

മീൻകാരിയുടെ മുഖത്തു കദനഭാരം വന്നു നിറഞ്ഞു.

"ന്റെ മ്വാളെ, മൊതലാവില്ല മ്വാളെ . നേരാം വെലകള് തന്നെ പറേണത്..വോ.. മോക്ക് ഞാൻ പതിനഞ്ചുരൂപയ്ക്ക് തരാം. കൂടു കാണീര്.."

ഞാൻ ഭാര്യയെ വിജയഭാവത്തിൽ തോണ്ടി. മിടുക്കി, മിടുമിടുക്കി..!!

കാര്യമായി എന്തേലും ചെയ്യുമ്പോൾ ശല്യപ്പെടുത്തുന്ന പിള്ളാരെ പുറംകയ്യാൽ തല്ലിയോടിക്കുന്നതുപോലെ ഭാര്യ എന്റെ കൈ തട്ടിയെറിഞ്ഞു വീണ്ടും ഗൌരവത്തിൽ മീൻകാരിയോടു ആരാഞ്ഞു.

"ശരി, നിങ്ങളോട് തർക്കിക്കാനൊന്നും നേരമില്ല, രണ്ടു കൂട്ടം മുപ്പതു രൂപയ്ക്ക് തരുമോ?"

മീൻകാരി അന്തം വിട്ടു എന്റെ ഭാര്യയെ നോക്കി .
അവരുടെ അന്തംവിടൽ കണ്ടു എന്റെ ഭാര്യ വിജയഭാവത്തിൽ എന്നെ നോക്കി.
ഗൗരവതരമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടിന്റെ കോണിലൂടെ തത്തിക്കളിച്ചു,
കണ്ടു പഠി , പെമ്പിള്ളേർ വില പേശുന്നത്..

ശരിയാണ്. ഇതാണ് ബിസിനസ് തന്ത്രം. അഞ്ചു രൂപാ വില പേശി ഇപ്പൊൾ മൊത്തം ലാഭം പത്തു രൂപയായില്ലേ. എന്തേ പ്രിയതമേ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നിയില്ല.
എന്റെ ഭാര്യ എന്റെ ഐശ്വര്യം.

മീൻകാരി എന്റെ ഭാര്യയെ നോക്കി പതുക്കെ പറഞ്ഞു.
"ന്റെ മ്വാളെ, രണ്ടു കൂട്ടത്തിന്റെ വെലയാ ആദ്യം ഞാൻ ഇരുപതു പറഞ്ഞത്"

രണ്ടുകൂട്ടം മീൻ ഇരുപതു രൂപയ്ക്ക് വില പറഞ്ഞ മീൻകാരിയോടു അത് ഒരു കൂട്ടത്തിന്റെ വിലയായി കരുതി ഒരുകൂട്ടത്തിനു പതിനഞ്ചു രൂപാ വച്ചു രണ്ടുകൂട്ടത്തിനു മുപ്പതു രൂപയാക്കി ശക്തിയുക്തം വാശിയോടെ വീറോടെ വില പേശിയ വിശകലനത്തിന്റെ ആശാട്ടിയായ എന്റെ ധർമദാരം ടമാർ എന്നൊരു ശബ്ദത്തോടെ അപ്രത്യക്ഷയായി.

ഈ ടമാർ എന്ന ശബ്ദത്തോടെയുള്ള അപ്രത്യക്ഷമാകൽ ഇവളെവിടുന്നാണോ പഠിച്ചെടുത്തത്.

കണക്കിന്റെ ആശാനായ എൻജിനീയർ ഈ ഞാൻ ഒന്നും മിണ്ടാതെ ദാ ഇപ്പൊ ഇങ്ങട് വന്നതേയുള്ളൂ എന്ന മട്ടിൽ കൂടെടുത്തു ആ രണ്ടുകൂട്ടം മീൻ ഒന്നും മിണ്ടാതെ ഇരുപത് രൂപയ്ക്ക് വാങ്ങി വീട്ടിലേയ്ക്ക് നടന്നു. അതിനു പതിനഞ്ചുരൂപയെ മീൻകാരി പറഞ്ഞുള്ളൂ എന്ന കാര്യം ഉള്ളിൽ കിടന്നു വിതുമ്പുന്ന ചിരിയിൽ ഞാൻ മറന്നു പോയിരുന്നു.

രാത്രി നെത്തോലി വറുത്തത് കൂട്ടി ഊണ് കഴിക്കുമ്പോൾ ഞാൻ ഭാര്യയെ നോക്കി.
അവൾ കുനിഞ്ഞിരുന്ന് വറുത്ത നെത്തോലി കറുമുറാ കറുമുറാ തിന്നുകയാണ്.

ഇടയ്ക്ക് അവൾ തലയുയർത്തി എന്നെ പാളി നോക്കി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ എനിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.

ഞാൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
അവളും ചിരി തുടങ്ങി.

ഒന്നുമറിയാത്ത അനിയൻ ചോറൂണ് നിർത്തി അന്തം വിട്ടെഴുന്നേറ്റ് വാഷ്ബേസിനരികിലെ കണ്ണാടിയിൽ പോയി സ്വന്തം മുഖം പരിശോധിച്ചു തൃപ്തിയായി തിരിച്ചു വന്നു ചോദിച്ചു

"രണ്ടു പേർക്കും വട്ടായോ?"

ഞാൻ അവനോടു ചോദിച്ചു

"നിനക്ക് മീൻ വില പേശി മേടിക്കാനറിയാമോ? ഇല്ലേൽ ചേട്ടത്തിയോട് ചോദീര്."

എന്റെ ഭാര്യ പാത്രവുമെടുത്തു സ്പീഡിൽ അടുക്കളയിലേയ്ക്ക് നടന്നു.
ഇനി ഒരു രണ്ടു ദിവസത്തെ പിണക്കം?

ഇല്ല, അവൾ ഇപ്പോഴും ചിരിക്കുന്നുണ്ട്.




Friday, 7 November 2014

മാംഗല്യം തന്തുനാനേനാ



ആദ്യമായും അവസാനമായും പെണ്ണ് കണ്ട കഥയും  കെട്ടുന്നതിനു മുൻപ് ആ മഹതിയെ പ്രണയിക്കാൻ കഷ്ടപ്പെട്ട കഥയും പറഞ്ഞു കഴിഞ്ഞു.
ഇനി കല്യാണം.

അങ്ങനെ പ്രതിശ്രുത വധുവിനെ പ്രണയിച്ചു നടക്കവേ കല്യാണദിവസം ഓടിയിങ്ങെത്തി.
കല്യാണദിവസത്തിനും രണ്ടു ദിവസം മുൻപേ  രണ്ടാഴ്ചത്തെ ലീവും എഴുതിക്കൊടുത്ത് വരൻ തിരുവനന്തപുരത്തു നിന്നും ചെങ്ങന്നൂരുള്ള സ്വന്തം വീട്ടിൽ  ഹാജരായി.

കയ്യിലൊരു പെട്ടീം  തൂക്കി ഗേറ്റ്  കടന്നു വീട്ടിനകത്തേയ്ക്ക്  കയറുമ്പോൾ അച്ഛൻ ചുഴിഞ്ഞൊന്നു നോക്കി.
"എന്തിനാടാ ഇത്രേം നേരത്തെ വന്നേ ? ഒരാഴ്ചകൂടി കഴിഞ്ഞു വന്നാപ്പോരാരുന്നോ?"

രണ്ടു ദിവസം കഴിഞ്ഞു കെട്ടാൻ പോകേണ്ട ചെർക്കനോടാണ്  താതന്റെ ചോദ്യം, ഒരാഴ്ച കഴിഞ്ഞു വന്നാൽ പോരാരുന്നോന്ന്..!!

ലീവ് ചോദിച്ചപ്പോൾ ബോസ്സും ഇങ്ങനെ ചോദിച്ചായിരുന്നു.
" ഒരാഴ്ച കഴിഞ്ഞു പോയാപ്പോരെ, ഇപ്പൊ പ്ലാന്റിൽ ഒരുപാടു പ്രശ്നങ്ങൾ ഒക്കെയുള്ളതല്ലേ...!!"
പ്രതിശ്രുതവധുവിനെ  പ്രേമിക്കാൻ ബുദ്ധി ഉപദേശിച്ചുതന്ന ആളായിപ്പോയി,  അല്ലേൽ  രണ്ടെണ്ണം പൊട്ടിച്ചേനെ ..

ഭയഭക്തിബഹുമാനത്തോടെ ഒന്നും ഉര ചെയ്യാതെ ഗൃഹപ്രവേശം ചെയ്തപാടെ   താതൻ  പുറകിൽ  നിന്ന് വിളിച്ച് അറിയിപ്പ് നൽകി .
"ദേണ്ടെ വരുന്നെടീ, കെട്ടാൻ പോകേണ്ട നിന്റെ മ്വാൻ.."

നോക്കിക്കോണേ, വെറുതെ കാളകളിച്ചു നടന്ന എന്നെ  പ്രേരിപ്പിച്ച് വേളി കഴിക്കാനും സമ്മതിപ്പിച്ചു, ഇപ്പൊ ഞാൻ വല്ല്യ തെറ്റുകാരനുമായി. 
ലോകം മൊത്തം എനിക്കെതിരാണെന്നു തോന്നുന്നു.

കല്യാണത്തിനു വേണ്ട കാര്യങ്ങൾ ചെയ്യാതെ ചുമ്മാ കെട്ടാനായി കേറിവന്നു ഉത്തരവാദിത്വമില്ലാത്തവൻ എന്നൊക്കെയാണ് വ്യംഗ്യന്തരേണ താതഭാഷണം.
കല്യാണനിശ്ചയത്തിന് ചെന്നില്ല എന്നു പറഞ്ഞ് പ്രതിശ്രുതവധുവും ഉത്തരവാദിത്വമില്ലാത്തവൻ എന്ന് ചൊന്നായിരുന്നു.
എല്ലാം സഹിക്കാൻ  ഈ ഒരു ജന്മം ബാക്കി എന്ന ഒരു ഭാവം കഷ്ടപ്പെട്ട് മുഖത്തു വരുത്തി അമ്മയുടെ അരികിലെത്തി.

തീരെ ഉത്തരവാദിത്വം ഇല്ലാത്തവനെന്നു പറഞ്ഞു കൂടാ, കല്യാണത്തിന് ഇടാനുള്ള ഉടുപ്പ് രൂപാ രൊക്കം ഇരുന്നൂറ്റമ്പതു  മുടക്കി  വാങ്ങിച്ചോണ്ട് വന്നിട്ടുണ്ട്.
അതില്ലേൽ ഈ കല്യാണം എങ്ങനെ നടക്കുമായിരുന്നു?
ഇത് വല്ലതും ഇവർക്കറിയാമൊ ?

പെട്ടിയിൽ നിന്നും ഉടുപ്പെടുത്തു അമ്മയെയും പെങ്ങളെയും കാണിച്ചു. കൊള്ളാമെടാന്നു അമ്മ പറഞ്ഞു.
ചേച്ചി എച്ചിൽ പാത്രത്തിൽ കാക്ക നോക്കുന്നതുപോലെ കൃത്രിച്ചു നോക്കി   ഒന്ന് മൂളി. അവൾ പണ്ടേ അങ്ങനെയാ, എന്റെ കാര്യങ്ങൾക്കെല്ലാം ഒരു പാരയാണ്. അനിയത്തിയായിരുന്നെങ്കിൽ കുനിച്ചു നിർത്തി നാലിടി കൊടുക്കാമായിരുന്നു. ചേച്ചിയായിപ്പോയി.
കുറ്റമൊന്നും പറയാനില്ലാത്തത്‌ കൊണ്ടാവും അവൾ ചോദിച്ചു,
"എടാ, മുണ്ടെവിടെ?"

മുണ്ടോ? ഏതു മുണ്ട്?
വായും പൊളിച്ചു നിൽക്കുന്നത്  കണ്ടപ്പോൾ ചേച്ചി അത്യധികം സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു,
"അമ്മെ, ഇവൻ മുണ്ടില്ലാതെയാണ് വന്നിരിക്കുന്നത്. ഈ കല്യാണത്തിനു ഞാനെങ്ങും വരുന്നില്ല. മുണ്ടുടുക്കാതെ ഉടുപ്പു മാത്രം ഇട്ടു കല്യാണം കഴിക്കുന്ന ആദ്യത്തെ ചെറുക്കൻ ഇവനായിരിക്കും"

ഇവളെ  കുനിച്ചു നിർത്തി ഇവളുടെ ഭർത്താവിനു നാലിടി കൊടുത്താലെന്താ.?
സോറി, ഇവളുടെ ഭർത്താവിനെ കുനിച്ചുനിർത്തി ഇവൾക്ക് നാലിടി കൊടുത്താലെന്താ?
ഛെ,..ഇവളുടെ ഭർത്താവിനു ഇവളെ  കുനിച്ചു നിർത്തി  നാലിടി കൊടുത്താലെന്താ..!!
അതെങ്ങനാ അങ്ങേരു  അവളെ കൈവെള്ളേലാണ് കൊണ്ടു  നടക്കുന്നത്.

ചെങ്ങന്നൂർ  മഹാദേവർ ക്ഷേത്രത്തിന്റെ  കിഴക്കേനട.
മുഹൂർത്തമായി, മുഹൂർത്തമായി എന്ന് ശാന്തിക്കാരൻ ഉറക്കെ പറയുന്നു.
ഗട്ടിമേളം, ഗട്ടിമേളം എന്ന് ആരോ വിളിച്ചു പറയുന്നു..
ചെറുക്കൻ താലി കയ്യിലെടുക്കുന്നു.
പെണ്ണ് മുഖം പൊത്തിപ്പറയുന്നു, 
"അയ്യേ, ഞാനെങ്ങും  കെട്ടില്ല...ഈ ചെറുക്കന് ദേണ്ടെ മുണ്ടില്ല..!!"
ഞാൻ തല കയ്യിൽ താങ്ങി അന്തം വിട്ടു സോഫയിലിരുന്നു.

"ഡാ, എന്റെ കീറിയൊരു മുണ്ട് അവിടെ കിടപ്പുണ്ട്. നീ കഴുകിയെടുത്തോ"
അനിയൻ സ്നേഹമുള്ളവനാണ്.
അരമുറി ദോശയ്ക്ക് പണ്ട് തല്ലു മേടിച്ചു തന്ന വഞ്ചകൻ.

"സാരമില്ലെടാ, നീയും അളിയനും കൂടി ഉച്ചകഴിഞ്ഞു ചെങ്ങന്നൂരുപോയി മുണ്ട് വാങ്ങ് . അച്ഛനറിയണ്ട. ഇനി അത് മതി. തിന്നുകളയും...!!"
അമ്മ സമാശ്വസിപ്പിച്ചു.

അമ്മയങ്ങനെയാണ്.അച്ഛനു ദേഷ്യം വന്നാൽ "അച്ഛനറിയണ്ട. ഇനി അത് മതി. തിന്നുകളയും" എന്ന് പറഞ്ഞാണ് ഞങ്ങളെ പേടിപ്പിക്കുന്നത്.
വരാന്തയിൽ പണ്ട് കോഴി കാഷ്ടിച്ചു വച്ചപ്പോഴും അമ്മ പറഞ്ഞിരുന്നു, ഡാ കോരിക്കള , അച്ഛനറിയണ്ട,  തിന്നുകളയും...!! 

അങ്ങനെ ഉച്ചകഴിഞ്ഞ് അളിയനുമൊത്തു രഹസ്യമായി പോയി ഒരു മുണ്ട്  വാങ്ങിയതോടെ എന്റെ കല്യാണത്തിനു അച്ഛൻ എന്നെ എല്പ്പിച്ച  രണ്ട്  ഉത്തരവാദിത്വങ്ങളിൽ ഒന്ന്  തീർന്നു.
ഇനി  താലികെട്ടാണ് ശേഷിക്കുന്നത്..

കല്യാണ  ദിവസം രാവിലെ കുളിച്ചു കുട്ടപ്പനായി (ഞാൻ തന്നെ) വന്നു.
കല്യാണ മുണ്ടും ഉടുപ്പുമൊക്കെ അണിഞ്ഞു.
മുഖക്കുരു കയറിയിറങ്ങിയ മുഖത്തെ കുണ്ടുകുഴികളെല്ലാം പൗഡർ  ഇട്ടു നികത്തി  കോലൻ മുടിയൊക്കെ ചീകിയൊതുക്കി സുന്ദരനായി. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞു.

അച്ഛൻ-" ഇവന് കെട്ടാനുള്ള പ്രായമായോ?"
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ.... )

അമ്മ- " ഡാ, മുണ്ട് മുറുക്കിയുടുത്തോണം. പണ്ടിവൻ ആദ്യമായി മുണ്ടുടുത്തപ്പോൾ മുണ്ടിന്റെയറ്റത്തു കാലുതട്ടി മൂക്കുംകുത്തി വീണവനാ.."
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ... )

ചേച്ചി - " കൊള്ളാമെടാ, ഒരുങ്ങുന്നതിനു മുമ്പത്തെപ്പോലെ തന്നെയുണ്ട്. നീ വെറ്തെ ഇനി ഒരുങ്ങി സമയം കളയണ്ട"
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ.. )

അനിയൻ-" സുന്ദരനാടാ..നീ പോയി ചുമ്മാ കെട്ടീട്ടു വാടാ"
(കാണികളായ ബന്ധുമിത്രാദികൾ -എന്നിട്ട് വേണം അവനൊന്നു കെട്ടാൻ...ഹ ഹ ഹ ....)

അളിയൻ - (ആത്മഗതം) " നിനക്കങ്ങനെ തന്നെ വേണം"'
പുള്ളിക്കാരന്റെ ആക്കിയ ചിരി  കണ്ടാൽ തോന്നും അങ്ങേർക്കു ചേച്ചിയെ കെട്ടിച്ചു കൊടുത്തതിന്റെ മുഴുവൻ കുറ്റവും എനിക്കായിരുന്നുവെന്ന്.

ചെങ്ങന്നൂർ  മഹാദേവർ ക്ഷേത്രത്തിനു  രണ്ടു നടകളുണ്ട് .
കിഴക്കേനടയിൽ ശിവനും പടിഞ്ഞാറെ നടയിൽ പാർവതിയുമാണ് പ്രതിഷ്ഠ. രണ്ടുപേരും പിണങ്ങിയതുകൊണ്ടാണ് പരസ്പരം  പുറംതിരിഞ്ഞിരിക്കുന്നതെന്ന് ഏതോ ഒരു രസികൻ തമാശിച്ചിട്ടുണ്ട്. കല്യാണം ശിവന്റെ നടയിലാണ്. 

കല്യാണത്തിനു ഒരു പ്രത്യേകത കൂടിയുണ്ട്. എന്റെ വധുവിന്റെ അനിയത്തിയുടെ കല്യാണവും അന്നേദിവസം തന്നെയാണ്‌. ചേച്ചിയുടെ കല്യാണം കിഴക്കേനടയിൽ ശിവനെ കാണിച്ചു കഴിഞ്ഞാലുടൻ   പടിഞ്ഞാറെ നടയിൽ അനിയത്തിയുടെ കല്യാണം പാർവതിയെ കാണിക്കും. 

മൂത്ത മകളെ കിഴക്കേനടയിൽ ശിവനു മുമ്പിൽ വച്ചു കല്യാണം കഴിപ്പിച്ചു വിട്ടാൽ പടിഞ്ഞാറെനടയിൽ  പാർവതി  പിണങ്ങുമല്ലോ. അപ്പോൾ ഇളയ മകളെ പടിഞ്ഞാറെ നടയിൽ വച്ചു കല്യാണം  കഴിപ്പിച്ചു വിട്ടാൽ പിന്നെ ആ പിണക്കം  ഒഴിവാക്കാം എന്നതായിരുന്നു ശ്വശുരന്റെ പക്ഷം. നമ്മൾ എന്തിനാണ് വെറുതെ ഉമാമഹേശ്വരന്മാരുടെ പിണക്കം കൂട്ടുന്നത്‌..
എന്നാൽ രണ്ടു കല്യാണം ഒരൊറ്റ സദ്യയിൽ ഒതുക്കിയത് തീർത്തും  നിഗൂഢവും വഞ്ചനാപരവും പ്രത്യേകിച്ചും  അത്തരം  സവിശേഷസാഹചര്യത്തിൽ  വരാവുന്ന  സാംസ്കാരിക രാഷ്ട്രീയ സാമൂഹിക  സമ്മർദങ്ങളെ  മറികടക്കാനുള്ള ഒരു കുതന്ത്രവുമാണെന്ന് (സുകുമാർ അഴീക്കോട് സാറിന്റെ കൈ ചുഴറ്റൽ സ്മരിക്കുക)  ചെങ്ങന്നൂരുകാർ തീർത്തും വിശ്വസിച്ചു.
ഉമാമഹേശ്വരന്മാരാകട്ടെ പ്രത്യേകിച്ചു ഒരഭിപ്രായവും പറഞ്ഞതുമില്ല.
അതെങ്ങനെയാ, അവർ പിണക്കത്തിലാണല്ലോ..!

കിഴക്കേ നടയിലെ  കല്യാണമണ്ഡപത്തിൽ  തറയിൽ വിരിച്ച തുണിയിൽ  ഞാൻ ശിവനെയും നോക്കി ചമ്രം പടഞ്ഞിരുന്നു.
പുള്ളിക്കാരനെന്തെളുപ്പമായിരുന്നു. പാർവതി പുറകെ നടന്നു പ്രേമിച്ചു കൂടെ കേറി താമസ്സിക്കുകയായിരുന്നു.

ആരോ വധുവിനെ കൊണ്ടുവന്നു  എന്റെയടുത്തിരുത്തി.

വധുവിന്റെ അനിയത്തി സർവാഭരണവിഭൂഷിതയായി അച്ഛനെ ചൊറിഞ്ഞു.
"അച്ഛാ, വേഗമാകട്ടെ.. ന്റെ കല്യാണം.."

"ഇത് കഴിയട്ടെടീ . നീ അടങ്ങി നിൽക്ക് .." അച്ഛൻ സമാധാനിപ്പിച്ചു.

"മുഹൂർത്തമായോ "
ആരോ ചോദിച്ചു.

"ഇല്ലാ, അൽപനേരം കൂടിയുണ്ട്" പരികർമി ചൊല്ലി.

ഞാനെന്റെ കല്യാണം അങ്ങനെ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ വധുവിന്റെ അനിയത്തി വീണ്ടും ചിണുങ്ങി.
"അച്ഛാ, വേഗമാകട്ടെ.. ന്റെ കല്യാണം.."

ശ്ശേടാ, ജീവിതത്തിൽ ആകെയുള്ള ഒരു കല്യാണമാണ്. അത് ഒന്ന് ആസ്വദിച്ചു കഴിക്കാനും സമ്മതിക്കില്ലേ?
ഞാൻ അനിയത്തിയെ രൂക്ഷമായി നോക്കി.

അച്ഛൻ വീണ്ടും മോളെ സമാധാനിപ്പിച്ചു.
"നിന്നെ കെട്ടിച്ചു വിട്ടിട്ടേ  ഞാനിവിടുന്ന് പോകൂ.. സത്യം സത്യം സത്യം.."

അതാണ്‌. ക്ഷമിക്കൂ കുട്ടീ.
ഞങ്ങൾ ഒന്ന് കഴിച്ചു തീരട്ടെ.പിന്നെയാകാം നിങ്ങൾക്ക് ..

നാദസ്വരക്കാരൻ അയാളുടെ ജോലി തുടങ്ങി.
നാട്ടുകാരെല്ലാം ചുറ്റും നിറഞ്ഞു നിന്ന് ഞങ്ങളെ അന്തം വിട്ടു നോക്കി നിന്നു.
ഞാൻ കുറേശ്ശെ വിയർക്കാൻ തുടങ്ങി.

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, വധുവിന്റെ അനിയത്തി വീണ്ടും അച്ഛനെ തോണ്ടി ചിണുങ്ങി.
"അച്ഛാ , വേഗമാകട്ടെ. എന്റെ കല്യാണം.. എന്റെ കല്യാണം.."

ശ്ശേടാ, കേട്ടാൽ തോന്നും അപ്പുറത്ത്  പാർവതി ആ കല്യാണം കാണാൻ മുട്ടി നില്ക്കുകയാണെന്ന്.. അതോ ഇപ്പോൾ ഓഫീസ്   പൂട്ടി പാർവതി കൈലാസത്തിന് മടങ്ങുമോ?കൊച്ചേ , അവര് തമ്മിൽ പിണക്കമാണെങ്കിലും പാർവതി ശിവനെ വിട്ടെങ്ങും പോവില്ല..
രണ്ടുപറയാനായി മുഖമുയർത്തിയപ്പോൾ അനിയത്തിയുടെ പ്രതിശ്രുത വരൻ അക്ഷമനായി കയ്യും കെട്ടി നില്ക്കുന്നത് കണ്ടു.
അല്ലേൽ വേണ്ട, കക്ഷിക്ക് എന്നെക്കാൾ തടി അല്പം കൂടുതലാ..

അച്ഛൻ വീണ്ടും സമാധാനിപ്പിച്ചു.
"നീ വെപ്രാളം പിടിക്കാതെ. ഇത് കഴിയട്ടെ. അല്ലേൽ ചേട്ടത്തിയെ നിർത്തീട്ട് അനിയത്തിയെ കെട്ടിച്ചു വിട്ടെന്ന് നാട്ടാര് പഴി പറയില്ലേ?"

ന്യായമായ സംശയം കേട്ടതുകൊണ്ടാവണം അനിയത്തി അല്പം ഒതുങ്ങി.

കല്യാണത്തിനു താലികെട്ടുമ്പോൾ കൈ വിറച്ചായിരുന്നു എന്ന് പിൽക്കാലത്ത് വാമഭാഗം  പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചുകൊടുത്തിട്ടില്ല. തെളിവായി വീഡിയോയൊക്കെ അവൾ പിന്നീട് ഹാജരാക്കി. പക്ഷെ അത് വീഡിയോഗ്രാഫറുടെ കൈ വിറച്ചതുകൊണ്ടാണ് എന്നൊരു വാദമുയർത്തി ഞാൻ അതിനെ ശക്തിയായി പ്രതിരോധിച്ചു.



നാത്തൂന്റെ അവകാശം ഉപയോഗിച്ച് ചേച്ചി താലികെട്ടാൻ ഒരു ശ്രമം നടത്തിയെങ്കിലും ഞാൻ സമ്മതിച്ചു കൊടുത്തില്ല. എനിക്ക് തന്നെ കെട്ടണം, തന്നത്താൻ തന്നെ കെട്ടണം എന്ന വാശിയിലായിരുന്നു ഞാൻ .

താലികെട്ടിയയുടൻ പെണ്ണിന്റെ കൈ പിടിച്ചു എന്റെ കയ്യിൽ എൽപ്പിച്ച്  ശ്വശുരൻ ഉവാച...
"മൂന്നുവട്ടം കറങ്ങീട്ടു ഓടിവാ. അടുത്ത കല്യാണത്തിനു സമയമായി" 

പെണ്ണിന്റെയനിയത്തി എല്ലാരേം കളഞ്ഞിട്ട് പടിഞ്ഞാറോട്ട് ഒരൊറ്റയോട്ടം..

മൂന്നുവട്ടം എന്നേം വലിച്ചു മണ്ഡപത്തിനു ചുറ്റും  പമ്പരം പോലെ കറങ്ങീട്ട്  സ്വന്തം കൈകൾ വിടുവിക്കാതെ എന്റെ പ്രിയതമയും  പടിഞ്ഞാറെനടയിലേയ്ക്ക് ഒരൊറ്റ ഓട്ടം. കൂടെ ആ കൈകളിൽ   കൊരുത്തുതൂങ്ങി  കാറ്റിൽ പറന്നു ഞാനും. 
അവിടെ ഭാര്യയുടെ അനിയത്തിയുടെ കല്യാണം.
അങ്ങനെ രണ്ടുകല്യാണം  ഒരുമിച്ചു കൂടാനും ഭാഗ്യമുണ്ടായി.

ഗംഭീരസദ്യയായിരുന്നു. തിരുവനന്തപുരത്തുനിന്നും വന്ന സഹപ്രവർത്തകർ മദ്ധ്യതിരുവിതാംകൂർ സദ്യ ആസ്വദിച്ചു കഴിച്ചു. ഒരു തീറ്റിപ്രാന്തൻ സദ്യ കഴിഞ്ഞു വന്നു അഭിപ്രായം അറിയിച്ചു.
"സാറേ, അടിപൊളി സദ്യന്നെ, വോ..!! ഒന്നൂടെ കഴിച്ചാ കൊള്ളാന്നുണ്ട്. സാറ് ഇവിടുന്നന്നെ ഒന്നൂടെ കെട്ടുമോ?"

അനിയത്തിയും ഭർത്താവും  സന്തോഷത്തിൽ അടുത്തെത്തി. ഈ ഭർത്താവ് എന്റെ ചേച്ചിയുടെ ക്ലാസ്മേറ്റായിരുന്നു. അപ്പോൾ എന്നെക്കാൾ രണ്ടു വയസ്സ് പ്രായം കൂടും.
ഞാനാകെ സംശയത്തിലായി. കല്യാണം കഴിക്കുന്നതുവരെ പുള്ളിക്കാരൻ എനിക്കൊരു ഒരു ചേട്ടനായിരുന്നു. രണ്ടു കല്യാണങ്ങളും  കഴിഞ്ഞതോടെ പുള്ളിക്കാരൻ ഭാര്യയുടെ അനിയത്തിയുടെ  ഭർത്താവ് എന്ന നിലയിൽ എനിക്ക്  അനിയനായിത്തീർന്നു.
ഒറ്റനിമിഷം കൊണ്ട് ജ്യേഷ്ഠസ്ഥാനത്തു നിന്നും അനിയനായിത്തീർന്ന ആ ഹതഭാഗ്യവാനെ നോക്കി ഞാൻ സഹതാപത്തോടെ ആരാഞ്ഞു.
"ഭവാനെ ഞാൻ എന്ത് വിളിക്കണം? ചേട്ടനനിയനെന്നോ, അനിയൻ ചേട്ടനെന്നോ?"
"ചീത്ത വിളിക്കാതിരുന്നാൽ മതി. എല്ലാം കോമ്പ്ലിമെന്റാക്കാം. പേരുവിളിച്ചാൽ മതി"

കല്യാണരാത്രി പ്രിയതമയും വളരെ ഭവ്യതയോടെ ചോദിച്ചു 
"എന്താണ് ഞാൻ അങ്ങയെ വിളിക്കേണ്ടത്..?"

ചേട്ടനനിയനെ ഓർത്ത് ഞാൻ ഇമ്മിണി വലിയ ഗമയിൽ പറഞ്ഞു 
"നമ്മൾ തമ്മിൽ വല്യ പ്രായവ്യത്യാസമൊന്നുമില്ലല്ലൊ. നീ പേരുവിളിച്ചാൽ മതി."

"അത് അച്ഛനുമമ്മയ്ക്കും ഇഷ്ടമാവുമോ?"
അവൾ സംശയം പ്രകടിപ്പിച്ചു .

"സാരമില്ല, ഞാൻ പറഞ്ഞിട്ടല്ലേ, നീ പേരു വിളിച്ചാൽ മതി.. "
ഞാൻ മഹാമന്സകനായി.

"ചേട്ടാന്നായാലോ?"

"വേണ്ട, പേര് വിളിച്ചാൽ മതി"

"ഓ, എന്നാലും ആൾക്കാരെന്തോ പറയും"

"ആൾക്കാര്....!!  ആൾക്കാരുപറഞ്ഞാൽ എനിക്ക് പുല്ലാ..നീ പേരു വിളിച്ചാൽ മതി.. "

"എന്നാലും..അണ്ണാന്നു വിളിച്ചാലോ?"

"മാണ്ട..ഒരു തമിഴുചുവ ..നീയെന്നെ പേര് വിളിച്ചാൽ മതി."

"ശ്ചെ , ചേച്ചി എന്തു  വിചാരിക്കും.."
അപ്പോൾ നാത്തൂനേ പേടിയുണ്ടല്ലേ?

"ഓ, അവളൊന്നും പറയില്ല. അവളെ ഞാൻ വെരുട്ടി നിർത്തിക്കോളാം ..നീ പേരു വിളിച്ചാൽ മതി.."

"എന്നാലും ഞാൻ അതറിഞ്ഞു ചെയ്യണ്ടേ? ചേട്ടാന്നു തന്നെയായാലോ?"

"വേണ്ട. നീയെന്നെ പ്രദീപേന്നു വിളിച്ചാൽ മതി"

"പേര് വിളിച്ചാ അവസാനം പ്രശ്നമാകുമൊ?"

"നിന്നോടല്ലേ പേരുവിളിച്ചാൽ മതീന്ന്  പറഞ്ഞത്..!! "
ഞാൻ പൗരുഷനായി.

"ശരി, പ്രദീപേ" അവൾ വിനയകുനിതയായി തലകുലുക്കി ..

അല്ല പിന്നെ, ഭർത്താവ് പറഞ്ഞാൽ  ഭാര്യ കേൾക്കണ്ടേ ..!!??
കൂടുതൽ ദേഷ്യം ഭാവിച്ചില്ല.  അവൾ ഒരു ദന്തിസ്റ്റല്ലേ, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട (ഞാൻ) ...

കന്നിനെ കയം കാണിച്ചാൽ എന്തുപറ്റും?
താമസംവിനാ  അവൾ എന്നെ പ്രദീപേ , നീ, എടാ, വാടാ, പോടാ എന്നൊക്കെയായി വിളി.

ബഷീർ  പറഞ്ഞതാണ് സത്യം.
കെട്ടിയ ഉടനെ പെണ്ണിന്റെ പള്ളയ്ക്ക് നോക്കി അഞ്ചാറു കുത്തുവച്ചു  കൊടുക്കേണ്ടിയിരുന്നു.

Sunday, 5 October 2014

രസംകൊല്ലികൾ

കടപ്പാട്- ഗൂഗിൾ 

രസംകൊല്ലികൾ..
അതൊരു പ്രത്യേക വിഭാഗമാണ്‌.
നമ്മുടെ ജീവിതത്തിലെ പല അവസരങ്ങളിലും   വിളിച്ചും വിളിക്കാതെയും കടന്നു വന്നിട്ട് നമ്മുടെ സന്തോഷത്തെ തല്ലിക്കെടുത്തി സ്ഥലം വിടുന്ന മഹാനുഭാവന്മാർ.

രസംകൊല്ലികളിൽ  രണ്ടു വിഭാഗങ്ങളുണ്ട്.
ഒരു കൂട്ടർ  ജന്മനാ തന്നെ അരസികന്മാർ ആണ് . അതവരുടെ കുഴപ്പമല്ല. പിറന്നു വീണ നേരം അവർ ഉയർത്തുന്ന കരച്ചിൽ കേട്ടാൽ  തന്നെ അത് മനസ്സിലാകും. കക്ഷികൾ  പകൽ  മുഴുവൻ അമ്മമാരുടെ ചൂടുപറ്റി കിടന്നുറങ്ങും.   രാത്രി മുഴുവൻ ഉണർന്നു  കരഞ്ഞ്  അച്ഛന്റെയും അമ്മയുടെയും സ്വൈര്യം കെടുത്തും.
രണ്ടാമത്തെ  കൂട്ടർ ആകട്ടെ നമ്മുടെ രസം കെടുത്താൻ മന:പൂർവം   തുനിഞ്ഞിറങ്ങിയിരിക്കുന്നവരാണ്.  അവർക്ക് രസം ഉണ്ടാകുന്നത് തന്നെ നമ്മുടെ രസം തല്ലിക്കെടുത്തിയിട്ടാണ്.

ദാ , ആ വരുന്ന കനം  കുറഞ്ഞ ചുരുളൻ  മുടിക്കാരൻ ആദ്യത്തെ വിഭാഗക്കാരനാണ്.

നമ്മൾ അയലത്തെ വീട്ടിലെ പറമ്പ് അളക്കുന്നത് കാണാൻ പല്ലുപോലും തേക്കാതെ രാവിലെ തന്നെ വേലിക്കരികിൽ പോയി നില്ക്കുകയാണ്.

മക്കൾ തമ്മിൽ സാഹോദര്യസ്നേഹം  മൂത്ത് "എസ്"  പിച്ചാത്തികൾക്ക്  ഈ-ബേ വഴി ഓഡർ നൽകിയ വിവരമറിഞ്ഞ് ജീവിതകാലം കഷ്ടപ്പെട്ടുണ്ടാക്കിയ പറമ്പ് ഗോപാലേട്ടൻ രണ്ടായി വലിച്ചു കീറുകയാണ് .
സർവേയർ തോമസ് വലിയ ഒരു ചങ്ങല പറമ്പിലിട്ട്  വലിച്ചു കൊണ്ട് നടക്കുന്നു. 
ഗോപാലേട്ടനെ സാന്ത്വനപ്പെടുത്താൻ നമ്മൾ ഇടയ്ക്കിടെ ഓരോ തമാശ വേലിക്കു മുകളിലൂടെ എറിയുന്നുണ്ട്.

പറമ്പിന്റെ ഒരതിരിന്റെ കുറ്റിയിൽ നിന്നും ചങ്ങല  പിടിച്ച്   പയ്യൻസ്  പറമ്പിന്റെ നടുക്കെത്തി . ചങ്ങലയുടെ നീളം തീർന്നു . പയ്യൻസ്  ഒരു തമാശ പൊട്ടിക്കുന്നു.
"ഗോപാലേട്ടാ, ചങ്ങലയുടെ നീളം തികയുന്നില്ല, ഇനി എങ്ങനെയളക്കും?"

പല്ലു പോലും തേയ്ക്കുന്നതിനു മുൻപ് ചളു  അടിക്കാൻ ഒരവസരം കിട്ടിയതല്ലേ, നമ്മൾ വിടുമോ?

"തോമസ്സെ , ഞാൻ ഒരു ചാക്കുചരടു  കൊണ്ടുത്തരാം.  ഏച്ചുകെട്ടി നോക്കിക്കേ. ചെലപ്പോ തെകയുമാരിക്കും...!!"

ഗോപാലേട്ടനും തോമസ്സും  ചിരിക്കുകയാണ്.

അതുവരെ മിണ്ടാതിരുന്ന രസംകൊല്ലി  രംഗത്തേയ്ക്ക് ചാടി വീഴുകയാണ്..

"ചാക്ക് ചരടോ?  അതെങ്ങനെ ശരിയാകും?..ചാക്ക് ചരടിൽ എങ്ങനെ നീളം അളക്കാൻ പറ്റും? അല്ലേൽ തന്നെ ചങ്ങലേൽ ചാക്കുചരടു കെട്ടിയാണോ അളക്കുന്നത്?"

"അത് കൊച്ചാട്ടാ ഞാനൊരു.."
ഒരു  നിമിഷം കൊണ്ട് മണ്ടനായി തീർന്ന  നമ്മൾ തിക്കും പോക്കും നോക്കി രസംകൊല്ലിയോടു വിശദീകരിക്കാൻ ശ്രമിക്കുകയാണ്.

"നീ  ഒരു എഞ്ചിനീയർ ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? ഇങ്ങനെയാ നിന്നെ  അളക്കാൻ പഠിപ്പിച്ചിരിക്കുന്നത്? ഇന്നത്തെ കാലത്ത് പഠിച്ചതുകൊണ്ട് മാത്രം യാതൊരു കാര്യോമില്ല.."
കൊച്ചാട്ടൻ  വച്ചുകീറുകയാണ്..!!

"കൊച്ചാട്ടാ, ഞാൻ പറഞ്ഞു വന്നത്..."
മുണ്ടുരിഞ്ഞ് തലയിൽ  കൂടി ഇട്ടിട്ടു ഓടിയാലോ?

"ജീവിതപരിചയം വേണമെടാ, ജീവിതപരിചയം..! ആ ചങ്ങല ഇവിടെ കൊണ്ട് വന്നു മുൻപോട്ടളന്നിട്ട് പിന്നെ   കൂട്ടിയാൽ പോരെ? ചാക്ക്  ചരട്  പോലും, ചാക്കുചരട് ..!!."
കൊച്ചാട്ടൻ വിജയശ്രീലാളിതനായി മുന്നേറുകയാണ്.

"എന്തോ,.!!  ദാ വരുന്നമ്മേ...!!"
ഓങ്ങിയ കല്ല്‌ കണ്ട്  മുതുക് വളച്ച് കാലിനിടയിൽ വാലും തിരുകി പമ്മി പമ്മി സ്ഥലം കാലിയാക്കുന്ന ശുനകനെപ്പോലെ നമ്മൾ സ്ഥലം കാലിയാക്കുന്നു.
നമ്മുടെ ഒരു ദിവസം പോയിക്കിട്ടി.

ദാ  ആ വരുന്നത് ഒരു കൂട്ടുകാരനാണ്.
പുള്ളിയും ജന്മം കൊണ്ട് ഒന്നാം വിഭാഗക്കാരനാണ് ..
നമ്മളെ ആത്മാർത്ഥ സ്നേഹമാണ്. 
ഡാ, എനിക്കൊരു പ്രശ്നമുണ്ട്, ലവനിട്ട് രണ്ടു കൊടുക്കണം എന്ന് പറഞ്ഞാൽ ആ നിമിഷം  ഓടിപ്പോയി ലവനെ പഞ്ഞിക്കിട്ടിട്ടു വന്നിട്ട് ചോദിക്കും,
" അളിയാ എന്തരു പ്രശ്നങ്ങള്, .?? കലിപ്പ് തീരണില്ലല്ലോ..!! " 

ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് വീർപ്പുമുട്ടി ഒന്നിനും  സമയം ഇല്ലാതെ നമ്മൾ എരിപിരികൊണ്ടു  വശം  കേട്ട് നിൽക്കുകയാണ്. 

"അളിയാ, നീ ഐ ഡബ്ല്യു ദോശാമ്മ  കണ്ടില്ലല്ലോ.." അവന്റെ ചോദ്യം.

"ഐ ലവ് യു, ശോശാമ്മ"  കഴിഞ്ഞയാഴ്ച ഇറങ്ങിയ സസ്പെന്സ് ത്രില്ലർ സിനിമയാണ്. ഹൌസ്ഫുൾ..
കാണികളെ അവസാന നിമിഷം വരെ കസേരയിൽ മൂട്ടകടി മറന്നു പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന അത്ര  സസ്പെൻസ്  എന്നൊക്കെ  ആരോ പറഞ്ഞു കേട്ടായിരുന്നു.
ഓരോ  ഷോയ്ക്ക് ശേഷവും കാണികളുടെ ത്രിൽ  കാരണം വലിച്ചുകീറപ്പെട്ട കസേരകൾ റിപ്പയർ ചെയ്യാൻ നിർമ്മാതാവ്  തീയെറ്റർ ഉടമകൾക്ക്  പ്രത്യേകം കാശു കൊടുക്കുന്നുണ്ടത്രെ.

"അളിയാ, നീയത് കാണണം .  ഇന്നലെ സെക്കണ്ട് ഷോയ്ക്ക് വിളിച്ചിട്ട് നീ വന്നില്ലല്ലോ."

ഇല്ല, നമുക്കങ്ങനൊരു അപരാധം പറ്റി.
പ്രാരാബ്ധം ..

"ഓ, എന്നാ സസ്പെന്സ്  ആണെന്നെ...!!"

നമ്മൾ വിഷാദപൂർവം തലകുലുക്കി.
ഇന്നലെ കാണാൻ പോകണ്ടതായിരുന്നു.

"സില്മേടെ ഒടുക്കം  വരെ ദോശാമ്മെ കൊന്നതാരാണെന്നു നമുക്ക് മനസ്സിലാകില്ല.." 
ലവൻ ത്രില്ലടിച്ചു മുന്നേറുകയാണ്.. 

അപകടം ദൂരെ നിന്നും വരുമ്പോഴേ നമ്മുടെ കഴുത്തിനു പുറകിലുള്ള രോമരാജികൾ എഴുന്നേറ്റു നില്ക്കാൻ തുടങ്ങും.

"ഡാ, നീ കഥ പറയണ്ടാ..ഞാൻ ഇന്ന് തന്നെ ഫസ്റ്റ് ഷോ  കണ്ടോളാം.വേണേ നീ കൂടി വാ. അത്ര നല്ല പടമാണേ  ഒന്നൂടെ കാണ് ..."

"അല്ലളിയാ, നീ കേക്ക്... പടം തീരാറുകുമ്പോ,ദിലീപ് വന്നു പറയുമ്പോഴേ  ദോശാമ്മെ കൊന്നത് അവളുടെ തന്തപ്പിടി ആയിരുന്നെന്ന് നമുക്ക് പിടി .കിട്ടൂ. ഹ ഹ..ആഹഹ  എന്നാ സസ്പെൻസ്  ആണെന്നെ..!!"

"ഡാ  തെണ്ടീ" എന്നൊരു ആക്രോശം നമ്മുടെ തൊണ്ടയിൽ നിന്നുയരുമ്പോഴോ, നമ്മുടെ  കൈകൾ  അവന്റെ തൊണ്ടയെ  മുറുകെ ആലിംഗനം  ചെയ്യുമ്പോഴോ ആ രസംകൊല്ലിക്ക്  കാര്യം പിടികിട്ടില്ല.

രണ്ടാമത്തെ വിഭാഗത്തിൽ പെട്ട  രസംകൊല്ലികൾ  അതിനു വേണ്ടി മാത്രം ജീവിക്കുന്നവരാണ്. ഒരു ദിവസം ഒരാളുടെയെങ്കിലും സന്തോഷം തല്ലിക്കെടുത്തിയില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.

ഒരു കോമഡി സിനിമയിൽ കരമന ജനാർദ്ദനൻ നായർ അവതരിപ്പിച്ച ഒരു വയസ്സൻ കഥാപാത്രമുണ്ട്. ആസ്ത്മയുടെ  അസ്കിതയുള്ള കക്ഷി കാണുന്നിടത്തൊക്കെ കുരച്ചു തുപ്പിക്കൊളമാക്കും. അങ്ങനെ ഒരിക്കൽ അടുക്കളയിൽ നിന്ന് തുപ്പാൻ തുടങ്ങുമ്പോൾ ജഗതി ഒരു കോളാമ്പിയുമായി അതിസാഹസികമായി സ്ലോമോഷനിൽ ഡൈവ് ചെയ്തു  കരമനയുടെ  അടുത്തേയ്ക്ക് ചാടി  വീഴും. എങ്കിലും കരമന കൃത്യമായി അടുക്കള കതകിൽ തന്നെ തുപ്പും. 
"എന്നാലുമെന്റെ  അച്ഛാ, ഈ പാത്രത്തിൽ തുപ്പിക്കൂടാര്ന്നോ " എന്ന ജഗതിയുടെ  ദയനീയ നിലവിളിക്ക്‌ കരമനയുടെ  ഒരു മറുപടിയുണ്ട്.
"ഹോ, അതിലൊരു ത്രില്ലില്ലെന്നെ...!!"

നമ്മളുടെ സന്തോഷം ഒന്ന് തല്ലിക്കെടുത്തിയില്ലെങ്കിൽ ഈ രസംകൊല്ലികൾക്ക്  ഒരു ത്രില്ലുമില്ല.

ഒരിക്കൽ ഞാൻ തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തിന്   ഡേയ് എക്സ്പ്രെസ്  ട്രെയിനിൽ യാത്ര ചെയ്യുകയാണ്. ട്രെയിൻ  എറണാകുളത്ത്   എത്തിയപ്പോൾ ഒരുപാടു പേർ  അവിടെയിറങ്ങി കുറച്ചു സീറ്റ് കാലിയായി. 

റെയിൽവേ റിസർവേഷന്  സമാന്തരമായി യാത്രക്കാർ സ്വയം ഉണ്ടാക്കിയെടുത്തിയ ഒരു റിസർവേഷൻ  രീതി  നിലവിലുണ്ട്.
കയറുന്നതിനു മുൻപ്  തന്നെ , സ്വന്തം കൈലേസ്, ബാഗ്‌, പുസ്തകം, പത്രം, മുറുക്കാൻ പൊതി, തോർത്ത്, തുടങ്ങി അണ്ടർവയർ വരെയുള്ള സ്ഥാവരജംഗമ വസ്തുക്കൾ  പുറത്തുനിന്നും ജനൽ വഴി അകത്തേയ്ക്ക് എറിഞ്ഞു സീറ്റ് പിടിക്കുന്ന ഒരു രീതി. ഇടയ്ക്കിടെ ട്രെയിനുകളിൽ ഇത്തരം രീതി സ്വാതന്ത്ര്യ സമരം, ശിപായി ലഹള തുടങ്ങി നിൽപ്  സമരം വരെ  ഉണ്ടാക്കാറുമുണ്ട്. എങ്കിലും യാത്രക്കാരുടെ ഇടയിൽ അംഗീകരിക്കപ്പെട്ട ഒരു റിസർവേഷൻ രീതിയാണിത്‌.

ഒരാൾ  അപ്രകാരം ഒരു പത്രമെടുത്ത് ജനൽ  വഴി എനിക്കെതിരെയുള്ള സീറ്റിലേയ്ക്കിട്ടു സ്ഥലം റിസർവ്  ചെയ്തു. അയാളുടെ കൂടെ കൈക്കുഞ്ഞുമായി അയാളുടെ ഭാര്യയുമുണ്ട് . അവർക്ക്  വേണ്ടിയാകാം ഈ സാഹസികത.

ആ സീറ്റിലാണ് നമ്മുടെ രസംകൊല്ലി  ഇരിക്കുന്നത്. പുള്ളിയുടെ മുഖത്തു സ്ഥിരം യാത്രക്കാരന്റെ സ്ഥായിയായ ഒരു പുശ്ചഭാവവുമുണ്ട്.
പത്രം ഇട്ടുകഴിഞ്ഞു ആ കുടുംബം വാതീൽക്കലെ തിരക്കിലേയ്ക്ക് ഓടിയപ്പോൾ, നമ്മുടെ രസംകൊല്ലി ആ പത്രം എടുത്തു വിശദമായി   പാരായണം  തുടങ്ങി. രാവിലെ എഴുന്നേറ്റിട്ടു പത്രം വായിക്കാതെ കക്കൂസ്സിൽ പോകാൻ പറ്റാഞ്ഞു  ബുദ്ധിമുട്ടിയ ലക്ഷണമാണ് അങ്ങോരുടെ മുഖത്ത്.. സീറ്റിൽ നിന്നും പത്രം മാറിയതോടെ അവിടെ ആരോ കയറി ഇരുന്നു. അതൊന്നും കാണാത്ത മട്ടിൽ  രസംകൊല്ലി പത്രപാരായണം തുടരുകയാണ്.
ഒടുവിൽ തിക്കിലും തിരക്കിലും ഗുസ്തിയിട്ട്  ആ കുടുംബം അവിടെയെത്തിയപ്പോൾ സീറ്റില്ല.

കുടുംബനാഥൻ സങ്കടത്തോടെയും ഒട്ടൊരു ദേഷ്യത്തോടേയും ചോദിച്ചു. 
"ഇവിടെ ഇട്ടിരുന്ന പേപ്പർ എവിടെ?"
നമ്മുടെ രസംകൊല്ലി അപ്പോൾ ഉണർന്നപോലെ
"ഓ, ചേട്ടന്റെയായിരുന്നോ പേപ്പർ " എന്ന് മധുരമായി മൊഴിഞ്ഞു പേപ്പർ  തിരികെ നല്കി.
രസംകൊല്ലിയുടെ   മുഖത്ത്  സന്തോഷം  നിറഞ്ഞു കവിയുകയാണ്.
ഒരാളെ ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞല്ലോ. കൈക്കുഞ്ഞുമായി ആ സ്ത്രീയെ നിർത്താൻ കഴിഞ്ഞുവല്ലോ. 
സീറ്റിന്റെ അറ്റത്ത്‌  ഇരുന്നയാൾ  അല്പം സ്ഥലം ഉണ്ടാക്കി ആ സ്ത്രീയെയും കൈക്കുഞ്ഞിനെയും ഇരുത്തിയപ്പോൾ രസംകൊല്ലിയുടെ  മുഖമൊന്നു മങ്ങി.

വിൻഡോ  സീറ്റിൽ  ഇരുന്ന ഞാൻ ഇടയ്ക്ക് എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി. തിരികെ വന്നപ്പോൾ രസംകൊല്ലി അയാൾ  ഇരുന്ന സീറ്റ് ഉപേക്ഷിച്ച്  എന്റെ സീറ്റ് കൈയ്യടക്കി ഇരിക്കുകയാണ്.

"അതെന്റെ സീറ്റ് ആണ്" 
അയാളോട് നേരത്തെതൊട്ടു തോന്നിയ ദേഷ്യം ഭാവത്തിലും സ്വരത്തിലും പകർത്തി  ഞാൻ പറഞ്ഞു.

"ഓഹോ, വിൻഡോ സീറ്റിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധമുണ്ടോ'
അയാളുടെ പുശ്ചസ്വരം ഉയർന്നു.

"ഓഹോ, അത് ഞാനിരുന്ന സീറ്റാണെങ്കിൽ എനിക്ക്  അങ്ങനൊരു നിർബന്ധമുണ്ട്.നിങ്ങൾക്ക് അവിടെ ഇരിക്കണമായിരുന്നെങ്കിൽ എന്നോടൊന്നു ചോദിച്ചിട്ടാകാമായിരുന്നു. ."
ഞാൻ മുൻപോട്ടു ഒന്ന് ആഞ്ഞതോടെ  അയാൾ  ഡൈവ് ചെയ്തു സ്വന്തം സീറ്റിൽ പോയ്‌ വീണു. 
എങ്കിലും എനിക്കൊരു അലോസരം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അയാളുടെ മുഖത്തുണ്ടായിരുന്നു.

ചിലരങ്ങനെയാണ്. സ്വന്തം അതൃപ്തിയും അരക്ഷിതാവസ്ഥയും മൂലം പൊറുതിമുട്ടുന്ന അവർ വിദ്വേഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്തിയാണ്. അതിൽ നിന്നും ഉളവാകുന്ന ഒരുതരം ആത്മസംതൃപ്തി  അവരുടെ അരക്ഷിതാവസ്ഥയ്ക്ക് സമാധാനം നല്കുന്നു.

നമ്മുടെ വീടുകളിലും ഇത്തരം ഒന്ന് രണ്ടു അടുത്ത അല്ലെങ്കിൽ അകന്ന ബന്ധുക്കൾ കാണും. സ്വസ്ഥമായ എന്തിലും കുറ്റം കണ്ടുപിടിക്കുക, രണ്ടു പക്ഷം ഉണ്ടെന്നു  വരുത്താൻ അമ്മയെ തല്ലുക, ശാന്തമായതിൽ സംശയരേണുക്കൾ പകർത്തി  അശാന്തമാക്കി അപ്രത്യക്ഷമാകുക തുടങ്ങിയവയാണ് ഇവരുടെ സ്ഥിരം കലാപരിപാടികൾ. 

"നീ ഇപ്പൊ എവിടാ?'
"ഞാൻ കുറച്ചു നാളായി സൌദിയിലാ ചേട്ടാ.."
"സൌദിയിലോ? ചുമ്മാതല്ല നീയങ്ങു കറുത്തു പോയത്..!!"

"സൌദിയിൽ പോയേപ്പിന്നെ ഞാനും കുടുംബോം വെളുത്തൂന്നാ നാട്ടുകാര് പറേന്നെ.." നമ്മൾ  ബഹുമാനപുരസ്സരം ഒരു ചളു അടിക്കുകയാണ്.

"ങ്ഹും, നീ വെളുത്തില്ലേലും, നിന്റെ കുടുംബം വെളുക്കുന്നുണ്ട്.!!" 
ചേട്ടന് സന്തോഷമായി.

"അവിടൊക്കെ വലിയ ചൂടല്ലേ, പുറത്തിറങ്ങി വെയിലത്ത് ജോലിയൊക്കെ ചെയ്യണം അല്ലെ?" രസംകൊല്ലി കൊണ്ടുകേറുകയാണ്

"വേണ്ട ചേട്ടാ, ഓഫീസ് ജോലിയാ.. എ സീ യൊക്കെയുണ്ട്"

"ഓ , എന്നാലും വെയിലത്തൊക്കെ ഇറങ്ങേണ്ടി വരും, ല്ലേ?..."
പുള്ളിക്കാരൻ എന്നെ വെയിലത്തിറക്കി കറുപ്പിച്ചേ  അടങ്ങൂ..
സമ്മതിച്ചു കൊടുത്തേക്കാം.

"ങ്ങാ , ഇടയ്ക്കിടെ... അതാരിക്കും ഇങ്ങനെ കറുക്കുന്നത്. ഇപ്രാവശ്യം പോകുമ്പോ  പത്തമ്പതു  കിലോ ഫെയർ ആൻഡ്‌ ലൗലി  കൂടി കൊണ്ട് പോണം"

രസംകൊല്ലി നമ്മളെ  ഒന്ന് പാളി നോക്കും. ട്രാക്ക് വിട്ടു അടുത്ത പാര  എടുക്കും.

"നിനക്ക് എന്നാ ശമ്പളം ഒക്കെ കിട്ടും"
"ജീവിക്കാനൊള്ളതൊക്കെ കിട്ടും ചേട്ടാ.."
"എന്നാലും എത്ര വരും? ഒരു ഒരുലക്ഷം  രൂപയൊക്കെ കിട്ടുമോ ?"
"ങ്ഹാ ഏതാണ്ടൊക്കോ അത്രേം കിട്ടും.." 

രസംകൊല്ലിയുടെ  മുഖം മങ്ങും.
"ഇന്നത്തെ കാലത്ത് ഒരു ലക്ഷം കൊണ്ടൊക്കെ എന്താകാനാ, ഒരു രണ്ടു മൂന്നു ലക്ഷം രൂപ എങ്കിലും കിട്ടണം.., അല്ലേപ്പിന്നെ  ഇവിടെങ്ങാനും കിടന്നാൽ പോരെ? അവിടെപ്പോയി ഇങ്ങനെ കഷ്ടപ്പെടണോ? "

നമ്മുടെ ദിവസം പോയി.
തിരിച്ചു ചെല്ലുമ്പോൾ ഉള്ള ജോലി കളയാതെ കമ്പനിയോട് ശമ്പളക്കൂടുതൽ എങ്ങനെ ആവശ്യപ്പെടാം എന്നാണു നമ്മുടെ അടുത്ത ചിന്ത.

"നിനക്ക് എന്ന് വരെ അവധിയുണ്ട്?'
"രണ്ടാഴ്ച കഴിഞ്ഞു പോകണം ചേട്ടാ.."
"രണ്ടാഴ്ച. അതുകൊണ്ടെന്താകാൻ.. ഒരു മാസമെങ്കിലും നാട്ടിൽ  നിന്നില്ലേൽ പിന്നെന്താ കാര്യം. കാശ്  മാത്രം മതിയോ ജീവിതത്തിൽ..?"

രണ്ടാഴ്ച്ച   അവധി മേടിക്കാൻ നടത്തിയ ഗുസ്തി നമുക്ക് മാത്രമറിയാം. അതിന്റെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ്‌  രസംകൊല്ലിയുടെ  പരിതാപം..

"ശരിയാ ചേട്ടാ, അവധി, ദാ  വന്നു ദാ  പോയീ എന്ന് പറഞ്ഞു ഇപ്പോഴങ്ങു പോകും" വിഷാദത്തോടെ നമ്മൾ പറയും. 

രസംകൊല്ലി സമാധാനത്തോടെയും സന്തോഷത്തോടെയും സ്ഥലം കാലിയാക്കും.
കൂടെ നമ്മുടെ  സമാധാനവും സന്തോഷവും കൂടി സ്ഥലം കാലിയാക്കും.

ചില രസംകൊല്ലികൾ തർക്കവിദ്വാന്മാരാണ്. നാം  എന്ത് കാര്യം പറഞ്ഞാലും അവർ  തർക്കിച്ച് തർക്കിച്ച്  നമ്മുടെ രസവും സമാധാനവും തല്ലിക്കെടുത്തും.

"ജീവിതത്തിൽ  പ്രതീക്ഷിക്കുന്നതെല്ലാം നമുക്ക് ലഭ്യമാകണമെന്നു നാം വാശി  പിടിക്കുമ്പോഴാണ് നമുക്ക് മന:സമാധാനം നഷ്ടമാകുന്നത്." 

തത്വം പറഞ്ഞു ആസ്വാദകരുടെ  മുൻപിൽ കാലിന്മേൽ  കാലും കേറ്റി ഞെളിഞ്ഞിരിക്കുകയാണ് നമ്മൾ.
ആസ്വാദകർ തലകുലുക്കി നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ്.
എന്തൊരു വിവരമുള്ള നമ്മൾ..

രസംകൊല്ലി ചാടി വീഴുന്നു.
"അങ്ങനെ ഒരു വാശി  പിടിക്കുന്നതിൽ എന്താണ് തെറ്റ്.? അത് നമ്മുടെ ജീവിത സ്വാതന്ത്ര്യങ്ങളിൽ ഒന്നല്ലേ?"

കക്ഷി അറിയപ്പെടുന്ന ഒരു സാഹിത്യകാരനും നിരൂപകനും  വാഗ്മിയുമൊക്കെയാണ് .

"അത് ശരിയാണ് സാർ . പക്ഷെ ജീവിതത്തിൽ  നാം വയ്ക്കുന്ന പ്രതീക്ഷകൾ എന്തറ്റം  വരെ പോകാം എന്നാണു സാർ ഞാൻ പറഞ്ഞത് .."

"പ്രതീക്ഷകളാണല്ലോ മിസ്റ്റർ ജീവിതത്തെ മുൻപോട്ടു കൊണ്ടുപോകുന്നത്.. അപ്പോൾ ആ പ്രതീക്ഷകളെ  നാം അനുവർത്തിക്കുന്നതിൽ എന്താണ് തകരാറ്‌ ? നിങ്ങളുടെ വാദം എനിക്ക് അൽപ്പം  പോലും ദഹിക്കുന്നില്ല"

നമ്മുടെ  വാദം എന്തായിരുന്നു എന്ന് നമ്മുടെ  അസന്തോഷത്തിൽ നാം  കൂടി മറന്നു പോയിരിക്കുന്നു. ഒരു ചെറിയ ദഹനക്കേടു നമുക്കും തുടങ്ങിയിരിക്കുന്നു.

"നമ്മുടെ ജീവിതം നമ്മുടേതാണ് .പ്രതീക്ഷകളും. പക്ഷെ അവ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതും നമുക്ക് ചിന്താവിഷയമാകണ്ടേ, സാർ ?"
നമ്മൾ വൈക്കോൽ തുരുമ്പിൽ ഞാന്നു കിടന്നു തല വെള്ളത്തിനു മുകളിൽ പിടിച്ചിരിക്കുകയാണ്.  

"നമ്മുടെ പ്രതീക്ഷകൾ  ഉയരുമ്പോൾ അവ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്ന്  ആലോചിച്ചിട്ടാണെങ്കിൽ പിന്നെ അവ എങ്ങനെ പ്രതീക്ഷകൾ  ആകും, മിസ്റ്റർ ?"

കാലമാടൻ നമ്മളേം കൊണ്ടേ പോകൂ..
അതുവരെ നമുക്ക് കാതുതന്നു തലയാട്ടിക്കൊണ്ടിരുന്ന  ആസ്വാദകർ നമ്മളെ പുശ്ചത്തോടെ  നോക്കുകയാണ്..

"സാർ , ഞാൻ പറഞ്ഞു വന്നത്.. നമ്മൾ നമ്മെ മാത്രം കരുതി...."
നമ്മൾ മൂക്ക് മാത്രം വെള്ളത്തിനു മുകളിൽ  പിടിച്ച് കാലു കൊണ്ട് തുഴഞ്ഞു കഷ്ടപ്പെടുകയാണ്.

"മിസ്റ്റർ, നിങ്ങൾക്ക്  ലോക പരിചയം കുറവായതുകൊണ്ടാണ് ഇങ്ങനെയൊക്കെ വാദിക്കുന്നത്. ജീവിതത്തിലെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ്  എല്ലാ ദു:ഖത്തിനും കാരണമെന്ന് പണ്ട് ശ്രീബുദ്ധൻ തന്നെ പറഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കണം .. അറിവ് നേടണം... എന്നിട്ട് വേണം ഇങ്ങനൊക്കെ ഉദ്ഘോഷിക്കാൻ.."

വൈക്കോൽകഷണം നഷ്ടപ്പെട്ടു നമ്മൾ പരിപൂർണമായും  ജലപരപ്പു ഉപേക്ഷിച്ചു താഴ്‌ന്നു. പോസ്റ്റ്മാർട്ടത്തിനു ബോഡിയെങ്കിലും കിട്ടിയാൽ വീട്ടുകാർക്ക് കൊള്ളാം  എന്നാണു ഇപ്പോഴത്തെ ചിന്ത.

രസംകൊല്ലി സ്ഥലം വിട്ടു. 
കൂടെ ആസ്വാദകവൃന്ദവും.
കുറച്ചു കഴിഞ്ഞേ നമുക്ക് ബോധം വരൂ, അങ്ങേരു അവസാനം പറഞ്ഞത് തന്നെയല്ലേ നമ്മളും ആദ്യം പറഞ്ഞതെന്ന്...!!


രസം കൊല്ലികളെ ജീവിതത്തിൽ നിന്നും എങ്ങനെ ഒഴിവാക്കാം എന്ന ഒരു വലിയ ഗവേഷണത്തിലാണ് ഞാനിപ്പോൾ.


എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...