Saturday, 18 April 2015

വേലൈക്കാരി ആനാലും..



കാലം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് ജൂലൈ മാസം.
വിവാഹാനന്തരം പുതുപ്പെണ്ണുമൊത്ത്   തിരോന്തരത്ത്‌  താമസം തുടങ്ങി.
വാടക വീടാണ്. എഴുനൂറു രൂപ മാസ വാടക.

ധർമദാരം ദന്തൽ കോളേജിൽ വായിനോട്ടത്തിൽ ബിരുദാനന്തരബിരുദം നേടാനുള്ള ശ്രമത്തിൽ അവസാനവർഷമാണ്.
നോക്കണേ, സംഭവം വെറും ദന്തനിഷ്കാസനത്തിനും ബിരുദാനന്തരബിരുദം. അത് ചോദിച്ചപ്പോൾ ഭവതി ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു.
ഒന്നോ,  എട്ടുതരം  ബിരുദാനന്തരബിരുദങ്ങളുണ്ട് ഭവാൻ..!!
എന്തൊരു ദുഷിച്ച വായ്നാറ്റമുള്ള  ലോകം.!!!

ദാമ്പത്യജീവിതം തുടങ്ങുകയല്ലേ, പിള്ളാര് നേരാം വഴിക്ക്  പോകട്ടെ എന്നൊക്കെ  കരുതി രണ്ടുപേരുടെയും അമ്മമാർ കുറച്ചുദിവസം  കൂടെ വന്നു നിന്നു.
അക്കാലമത്രയും മേശപ്പുറത്ത് -------
തൂശനില മുറിച്ചു വച്ചു തുമ്പപ്പൂ ചോറ് .വിളമ്പി
ആശിച്ച കറികളെല്ലാം വിളമ്പി വച്ചു
------ഭാര്യ ഈയുള്ളവനെ സൽക്കരിച്ചു.
എന്താ കൈപ്പുണ്യം, എന്താ ജീവിതം.
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെ.

ഞങ്ങളുടെ ദാമ്പത്യം നേരെയാക്കാൻ വന്ന് സ്വന്തം ദാമ്പത്യങ്ങൾ കുളമാകുമെന്ന് ആസ്ഥാനങ്ങളിൽ  നിന്നും അറിയിപ്പ് വന്നതോടെ രണ്ട് അമ്മമാരും അവിടങ്ങളിലെ  വിമാനത്താവളത്തിന്റെ ഇല്ലായ്മ മൂലം ബസ്  പിടിച്ച്  എം സീ റോഡു വഴി അപ്രത്യക്ഷരായി.

എന്നാലെന്താ, കാര്യപ്രാപ്തിയുള്ള  ഒരു ഭാര്യ മാത്രം മതിയെനിക്ക്.
ഒന്നിനും ഒരു കുറവുമുണ്ടാവില്ല.
ഞങ്ങൾ ജീവിച്ചു കാണിച്ചുതരാം കുശുമ്പന്മാരായ താതന്മാരെ, അഥവാ ദുഷ്ടന്മാരായ പുത്തൻ അമ്മായിയപ്പന്മാരെ.

അമ്മമാർ അപ്രത്യക്ഷരായതോടെ, പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പണ്ടാരോ  പറഞ്ഞ പോലെ  അവൾ എന്നോടു ചോദിച്ചു-
"പ്രിയന് എന്താണ്  ഇഷ്ടപ്പെട്ട കറി ?"
"തീയൽ"
"തീയലോ? അതിൽ മല്ലിപ്പൊടി ഇടുമോ?"

ഞാൻ കൂലങ്കഷമായി ചിന്തിച്ചു.
മല്ലിപ്പൊടിയോ, അത് ചമ്മന്തിക്കാത്തിടുന്നതല്ലേ?
ഒരു കെമിക്കൽ എൻജിനീയർ ആയതുകൊണ്ട് ടൈറ്റാനിയം ഹൈഡ്രോക്സൈഡ്  സെറ്റിൽ ചെയ്യാൻ ഫ്ലോക്കുലന്റ്റ് ചേർക്കണോ എന്ന് ചോദിച്ചാരുന്നേൽ മറുപടി പറയാമായിരുന്നു.
ഇതിപ്പോ, മല്ലീപ്പൊടി..!!
കണ്ഫൂഷൻ ആക്കണ്ട. തീയൽ വേണ്ട.

"പുളിശ്ശേരി എനിക്കിഷ്ടമാ.."
"പുളിശ്ശേരി..?. അതുണ്ടാക്കാൻ തോട്ടുപുളി  ഇരിപ്പുണ്ടോന്നൊരു സംശയം.."
അത് ന്യായം. പുളിശ്ശേരിക്ക് പുളി  വേണമെങ്കിൽ തോട്ടുപുളി തന്നെ വേണം.

"എന്നാപ്പിന്നെ ഒന്നാന്തരം എരിശ്ശേരി ആയിക്കോട്ടെ..!!"
"എരിശ്ശേരിയോ? ചെറുശ്ശേരീടെ?"
"അങ്ങോരുടെ ഒരകന്ന ബന്ധത്തിലെ അമ്മാവന്റെ അയൽക്കാരനായി വരും."
"കാര്യം ചോദിക്കുമ്പോ നീയെന്തിനാ ചൂടാകുന്നത് ? കാഴ്സിനോമാ ബക്കൽ മ്യൂകൊസയുടെ  ക്വാസെറ്റിവ് ഫാക്ടറിന്റെ  പ്രിവാലൻസിൽ ഏറ്റവും വലിയതെന്താണെന്നൊന്നുമല്ലല്ലോ ഞാൻ ചോദിച്ചത്?"

പണ്ടാരം, ഒന്നും മനസ്സിലായില്ല. 
ശരി, എരിശ്ശേരി വിട്ടേക്കാം.
"സാമ്പാറ് .. സാമ്പാാർർർ ..!!"
"അങ്ങനെ വഴിക്ക് വാ.."
അവൾ തുള്ളിത്തുളുമ്പി അടുക്കളയിലേയ്ക്കു ഒഴുകി.

സമാധാനപൂർണമായ ദാമ്പത്യത്തിന് ഇണകൾ തമ്മിൽ ഒരുപാട് ധാരണകൾ ഉണ്ടാവണം. പ്രണയകാലം നല്ല ഗുണങ്ങൾ മാത്രം പ്രദർശിപ്പിച്ച് പരസ്പരം ആകർഷിക്കാനുള്ളതായിരിക്കാം. പക്ഷെ, ദാമ്പത്യം തുടങ്ങുന്നതോടെ വൈരുദ്ധ്യങ്ങൾ പതുക്കെപ്പതുക്കെ ഉപരിതലത്തിലെത്തിത്തുടങ്ങും. അപ്പോൾ പരസ്പരധാരണയോടെ ദമ്പതികൾ  ഒത്തൊരുമിച്ച് ജീവിതം മുൻപോട്ട്  കൊണ്ടുപോകണം.
മനസ്സിലായില്ലേ? 
എന്ന് വച്ചാ തീയലിനു പകരം സാമ്പാറും  കഴിക്കണം. ങ്ഹാ..!!

"ശരിക്കും ചെറുശ്ശേരീടെ ആരെങ്കിലുമാണോ ഈ എരിശ്ശേരി ?..."
അനിയൻ ഒരു സംശയം ഉന്നയിച്ചു.
വഞ്ചകൻ  ഞങ്ങളുടെ കൂടെ നിന്ന് വക്കീൽ  പണിയ്ക്ക് പഠിക്കുകയാണ്. അഥവാ പഠിക്കുകയാണെന്നാണ് അവൻ പറയുന്നത്.
അവനെ രൂക്ഷമായി നോക്കാൻ ശ്രമിച്ചപ്പോൾ അവനും പിറുപിറുത്തുകൊണ്ട് അകത്തേയ്ക്ക്  ചവിട്ടിത്തുള്ളി നടന്നുമറഞ്ഞു.
"ഭരണഘടനയുടെ മുന്നൂറ്റിമുപ്പതാം  വകുപ്പിൽ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വല്ലോമുണ്ടോന്നല്ലല്ലോ ഞാൻ ച്വാദിച്ചത്?"

എല്ലാരും ഭയങ്കര ടെക്നിക്കലാ..

വിശപ്പ്‌ എത്തിയപ്പോൾ കൈ കഴുകി ഈയുള്ളവൻ  പ്രതീക്ഷയോടെ ഹാജരായി.
നല്ല സാമ്പാർ മണം  വരുന്നുണ്ടോ?
ഈ കായമൊക്കെ ഇട്ട് കടുക്  താളിച്ച് കറിവേപ്പില ഒക്കെയിട്ട്, അങ്ങനെയങ്ങനെ....
വായിൽ വെള്ളമൂറി.

"ഈ പപ്പടം തണുത്ത് പോയല്ലോ. ഇതിനി പൊള്ളുമോ?"
അകത്തുനിന്നും ഒരു ഉത്‌കണ്ഠ പുറത്തേയ്ക്ക് ഒഴുകി വന്നു.
"സാരമില്ല. കയ്യിട്ട് എടുത്താൽ മതി. പൊള്ളിക്കോളും .."
കുറച്ചു കഴിഞ്ഞ് അടുക്കളയിൽ നിന്നും അയ്യോ എന്നൊരു നിലവിളി കേട്ടു.

ഒരു മണിക്കൂർ  നേരത്തെ കാത്തിരിപ്പിന് ശേഷം കുറച്ചു വെന്തളിഞ്ഞ ചോറും ഒരു  പാത്രത്തിൽ പച്ചമോരും  ഹാജരായി. പുറകെ  ഒരു ഉണക്കമുളക് ചമ്മന്തിയും രണ്ട് പൊള്ളാത്ത പപ്പടവും..
തീയലുകൊതിയൻ  ഭരണഘടനക്കാരനെ  അന്തം വിട്ടു നോക്കി.

ഗദ്ഗദകണ്ഠൻ മെല്ലെ ആരാഞ്ഞു.
"സാമ്പാർർർർ..!!?"

സ്നേഹമയിയായ  കുടുംബിനി ചൂണ്ടുവിരൽ കൊണ്ട് മേശപ്പുറത്ത് ചിത്രം വരച്ചു.
"ഓ, അമ്മച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നെ... ഇനി നാളെയാട്ടെ..!!"
"നാളെ നിന്റമ്മച്ചി  അടുത്ത ട്രെയിൻ  പിടിച്ചു  ഇവിടെ വന്ന്‌ സാമ്പാറുണ്ടാക്കിത്തരുമോ?"
"അതിപ്പോ സാമ്പാറുണ്ടാക്കുന്നതെങ്ങനാന്നു ചോദിച്ചു മനസ്സിലാക്കണ്ടേ. !!?അതിനിപ്പോ നീയെന്തിനാ ചൂടാകുന്നെ..!!?"
അവളും ഗദ്ഗദകണ്ഠയായി.

ക്കിക്കിക്കി എന്നൊരു ശബ്ദം കേട്ടു.
വക്കീൽ  ചോറിൽ ചമ്മന്തി കുഴച്ചു  ചേർത്തു വായിലേയ്ക്ക് ക്രോസ് വിസ്താരം നടത്തുകയാണ്.

മോളിലെങ്ങാണ്ട് പറഞ്ഞ ഖണ്ഡിക ഒന്നൂടെ വായിച്ചു. 
സമാധാനപൂർണമായ ദാമ്പത്യത്തിൽ സാമ്പാറിന് പകരം ചമ്മന്തിയുമാകാം.
ഈ ചോറിൽ ചമ്മന്തിയുമൊക്കെയിട്ട്, കുറച്ചു പച്ചമോരുമോഴിച്ച്,   വൈരാഗ്യബുദ്ധിയും കൂട്ടി  തലകുനിച്ചിരുന്നു കുഴച്ചു  കുഴച്ചു  തിന്നാൻ എന്തൊരു രുചി ആണെന്നോ..!!

രണ്ടു ദിവസം കഴിഞ്ഞ് അവൾ മേശപ്പുറത്ത്  ചോറിന്റെ കൂടെ ഒരു കറുത്ത ദ്രാവകം  ഹാജരാക്കി.
അനിയൻ കേസും കൊണ്ട് ഹാജരായി മുൻപിലിരിക്കുന്ന കക്ഷിയുടെ പോക്കറ്റിൽ നോക്കുമ്പോലെ ഒരു സംശയദൃഷ്ടിയോടെ ആ ദ്രാവകത്തെ സൂക്ഷിച്ചു നോക്കി.
ചേട്ടത്തി അടുക്കളയിലേയ്ക്ക് മറഞ്ഞ തക്കം നോക്കി അവൻ അതെടുത്ത് മണപ്പിച്ചു  നോക്കി. പിന്നെ മൊഴിഞ്ഞു.
"സംഭവമെന്തായാലും ചേട്ടത്തിയെ ഒന്ന് പുകഴ്ത്തിയേര് . പ്രോത്സാഹനമാണ് വലിയ വലിയ ഉയർച്ചയ്ക്ക് വഴികാട്ടി.."
"എന്ന് ഭരണഘടന പറയുന്നുണ്ടോ?"
"ഇല്ല, കുടുംബഘടന പറയുന്നുണ്ട്.."

അവൻ പറയുന്നതിലും കാര്യമുണ്ട്.

ചോറിൽ ആ ദ്രാവകം ഒഴിച്ചു രണ്ടുരുള കഴിച്ചു.
കണ്ണ് നിറഞ്ഞു പോയി. അത് തൂത്തെറിഞ്ഞ് അടുക്കളയിലേയ്ക്ക് നോക്കി ഉറക്കെ പ്രോത്സാഹിപ്പിച്ചു.
"എന്താ ഒരു .രസം.. ഇത്രേം രസമായിട്ട് നിനക്ക് രസം ഉണ്ടാക്കാൻ അറിയാമെന്നു അറിഞ്ഞിരുന്നേൽ നിന്നെ ഞാൻ നേരത്തെ കെട്ടിയേനേ.."

ഒരു നിമിഷം നിശബ്ദത പരന്നു ..
പിന്നെ അടുക്കളയിൽ ഒരു ഗ്ലാസ് തറയിൽ വീണു പൊട്ടുന്നത് കേട്ടു.  മറ്റു പല പാത്രങ്ങളും  കലപിലകൂട്ടി ഉച്ചത്തിൽ സംസാരിച്ചു.

ഞാൻ വക്കീലിനെ നോക്കി.
ഫീസ്‌ കിട്ടാത്തതുമൂലം കക്ഷിയുടെ മുഖത്തേയ്ക്കേ നോക്കാത്തതുപോലെ അവൻ കുനിഞ്ഞിരുന്നു ഉരുട്ടി  വിടുകയാണ്.

നാലുദിവസം ഭവതി മുഖവും വീർപ്പിച്ചു  നടന്നു.
ശ്ശേടാ, പാചകം കൊള്ളാം എന്ന് പറഞ്ഞാലും പ്രശ്നം.
വക്കീലാണ് ഒടുവിൽ ഒരു ചാരപ്രവർത്തനത്തിലൂടെ അത് കണ്ടുപിടിച്ചത്.
കറി  സാമ്പാർ  ആയിരുന്നു.

ജീവിതം തുടങ്ങുകയല്ലേ.
അത് കാറ്റാടിമരം പോലെയാണ്. ഇണക്കത്തിന്റെയും  പിണക്കത്തിന്റെയും  മന്ദമാരുതൻ അതിനെ ഒരേ പോലെയിളക്കും. എന്തിനാണ് പിണങ്ങിയതെന്നു  പോലും പിന്നെ മറക്കും.

അവൾ കുമ്പസാരിച്ചു.
"ഓ, പാചകം വാചകം പോലല്ലെടാ.. അല്ലേലും  എനിക്കിതിനൊന്നും നേരം കിട്ടത്തില്ല .. ഫൈനൽ ഇയറാ. ഒരു പാട് പഠിക്കാൻ കിടക്കുന്നു. അതോർത്തിട്ട് പഠിക്കാൻ തോന്നുന്നില്ലെടാ.."

ഒരുപാട്  പഠിക്കാനുള്ളതുകൊണ്ട്   ഒന്നും പഠിക്കാൻ തോന്നുന്നില്ലത്രേ. ഒന്നും പഠിക്കാനില്ലാരുന്നെങ്കിൽ എന്തേലും പഠിക്കാരുന്നു, അല്ലേ ?
സംഗതി കുശാൽ.

"നമ്മക്കൊരു വേലക്കാരിയെ നിർത്തിയാലോടാ.. ? " എന്റെ കോലൻമുടി വിരലുകളാൽ ചുരുട്ടിയെടുത്ത് അവൾ ആരാഞ്ഞു.
ഞാൻ തലകുലുക്കി.
വെറുതെയെന്തിനാണ്‌ ചെറു പ്രായത്തിലേ നല്ല മുടി ഇല്ലാതാക്കുന്നത്..

അങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിൽ ഒരു വേലക്കാരിചരിതം തുടങ്ങുന്നത്. എത്ര വേലക്കാരികളാണെന്നോ ജീവിതത്തിലൂടെ ഞങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും കയറിയിറങ്ങിപ്പോയത്.

പോത്തങ്കോടുകാരി  സരോജിനിയമ്മ നന്നായി ചോറും കറികളും വയ്ക്കും. എല്ലാത്തിന്റെയും കൂടി ശരാശരി ആറ്  മുടിയിഴകൾ കൂടി പാകും. ഓരോ ഒരുളയ്ക്കും വായിൽ നിന്നും മുടിയിഴകൾ വലിച്ചൂരി ഞങ്ങൾ വശം കെട്ടു.

ചോറുണ്ണുമ്പോൾ   ദിവസവും വായിൽ നിന്നും മുടി ഊരിയെടുത്ത് ഊരിയെടുത്ത്‌  ബിരുദാനന്തരബിരുദി  ചിലപ്പോൾ,  "അയ്യോ അതെന്റെ മുടി തന്നാ " എന്ന് വിസ്മയം പൂണ്ട്‌  സ്വന്തം മുടി തന്നെ വായിൽ നിന്നും ഊരിയെടുത്ത്  പുറകോട്ടു മാടിയൊതുക്കി വയ്ക്കാൻ തുടങ്ങി.
ജീവിതം മൊത്തം മുടിമയമായി മുടി -ഞ്ഞു.

എന്തൊക്കെ പറഞ്ഞാലും സരോജനിയമ്മ സ്നേഹമയിയായിരുന്നു. ഒരു കുടുംബം എപ്പോഴും കെട്ടുറപ്പോടെയും   ഭദ്രതയോടെയും  മുൻപോട്ടു പോകണം എന്ന പിടിവാശിക്കാരിയായിരുന്നു.  ഭാര്യാഭർത്താക്കന്മാരുടെ അകമഴിഞ്ഞ പരസ്പര വിശ്വാസവും സ്നേഹവും അതിനു അവിഭാജ്യഘടകങ്ങളാണെന്നും  സരോജിനിയമ്മ ഉറച്ചു വിശ്വസിച്ചിരുന്നു.

ഒരിക്കൽ ഞങ്ങളുടെ ഒരു സുഹൃത്ത്
ഗൃഹസന്ദർശനത്തിനെത്തി. ഞാൻ ജോലി കഴിഞ്ഞു മടങ്ങിയെത്തുന്നതിന് മുൻപാണ് അദ്ദേഹം എത്തിയത്. വന്നപ്പോൾ  ഭാര്യക്ക് ഇഷ്ടപ്പെട്ട മസാലദോശയും പൊതിഞ്ഞാണ് കക്ഷി വന്നത്.

ഞാൻ ജോലി കഴിഞ്ഞ് എത്തിയ ഉടൻ സരോജനിയമ്മ ഹാജരായി.
"കുഞ്ഞേ, ഞാൻ പറഞ്ഞൂന്നു ഇവിടുത്തെ മോളറിയണ്ടാ.."
"രഹസ്യമാ?"
"അദേന്ന് ..ഇന്നിവിടെ വന്ന ആ സാറുണ്ടല്ലോ ..വന്നപ്പോ മോക്ക് ഒരു മസാൽദോശേം കെട്ടിപ്പൊതിഞ്ഞോണ്ടാ വന്നെ...."
സരോജനിയമ്മ മൂക്കത്ത് വിരലും വച്ച് എന്നെ സങ്കടത്തോടെ നോക്കി നിന്നു.

ങ്ങാഹാ  അത്രക്കായോ?
ഞാൻ ചവിട്ടിത്തുള്ളി അപ്പുറത്തേയ്ക്കെത്തി.
"സ്വാമീ .. സ്വാമി  വന്നപ്പോ എന്റെ ഭാര്യക്ക് മസാലദോശേം   വാങ്ങിക്കോണ്ടാണോ വന്നേ ?'
സരോജനിയമ്മയുടെ നിഴലനക്കം വാതിലിനരികെ ഞാൻ കണ്ടു.
"ന്തേ, ഓപ്പോൾക്ക്‌ അത് ദഹിച്ചില്ലേ?"
 "ദുഷ്ടാ.. വഞ്ചകാ.." ഞാൻ അലറി.

സരോജനിയമ്മയുടെ സന്തോഷം എന്റെ പുറത്തെ തഴുകുന്നത് എനിക്കറിയാം.
"ങ്ഹും, ഒരെണ്ണം എനിക്കൂടെ വാങ്ങിക്കൊണ്ടു വന്നില്ലല്ലോ.. വിശന്നു കുടൽ കരിയുന്നു. സരോജനിയമ്മേ, കഴിക്കാൻ വല്ലതുമെടുക്ക് .."

സരോജനിയമ്മ പിറുപിറുത്തുകൊണ്ട്  അടുക്കളയിലേയ്ക്ക്  നീങ്ങി., പെങ്കോന്തൻ , വകയ്ക്കു കൊള്ളാത്തവൻ എന്നൊക്കെ അസ്പഷ്ടമായി കേട്ടു.
അന്ന് എന്റെ പാത്രത്തിൽ മുടിയിഴകൾ പ്രത്യേകമായി  തഴച്ചു വളർന്നിരുന്നോ എന്ന് ഒരു ചെറുസംശയം ഉണ്ടാകുകയും ചെയ്തു. .

മുടി തഴച്ചു വളരാൻ  നീലഭ്രുംഗാദി  വേണം എന്ന ആവശ്യം ഉയർത്തിയപ്പോൾ സരോജിനിയമ്മയെ ഞങ്ങൾ നിർബന്ധമായും റിട്ടയർ ചെയ്യിച്ചു.

കുമ്പളാംപൊയ്കയിൽ നിന്നും   പൊടിയച്ചേടത്തി എത്തിയപ്പോൾ ഞങ്ങളുടെ ജീവിതം ഉഷാറായി. മുട്ടക്കറി, ബീഫ് കറി (ബീജേപ്പി ഭരണത്തിനും മുമ്പാണേ), ചിക്കൻകറി  തുടങ്ങി  എന്തും പൊടിയച്ചേടത്തി കൈ വച്ചാൽ തകർക്കും.

ഒന്നിനും  ഒരു കുറവും വരത്തില്ല. നാലുപേരുണ്ടെങ്കിൽ പത്തുപേർക്കുള്ള വിശാലമായ കൊതിയൂറുന്ന  വിഭവങ്ങൾ  നിമിഷങ്ങൾക്കകം റെഡി.
കുടുംബബഡ്ജറ്റ് അതിന്റെ മേല്ക്കൂരയും പൊളിച്ച് മേഘങ്ങൾക്കൊപ്പം യാത്രയായി. ഗൃഹനാഥൻ തലമുടി വലിച്ചു പിഴുത് വിലപിക്കുമ്പോൾ ഗൃഹനാഥ അത് വിരലുകളാൽ ചുരുട്ടിയെടുത്ത്  പറയും.
"സാരമില്ലെന്നെ.. കുറച്ചു പാഴ്ചിലവ് വന്നാലെന്താ രുചിയൊള്ള  വല്ലോം  തിന്നാല്ലോ "

സംഭവം നേരാണ്, ഒരു കുഴപ്പമേയുള്ളൂ..
"ചേടത്തിയേ , ഇന്ന് കറി  ഒന്നുമില്ലേ? "
"ഉണ്ടല്ലോ, മേശപ്പുറത്തില്ലേ?"
"ചേടത്തി ഉച്ചയ്ക്ക് വച്ച ചിക്കൻ കറി  എവിടെ?"
"ഓ, അത് കുറച്ചേ  ഉണ്ടാരുന്നുള്ളൂ.."
"കുറച്ചോ, അതിനാരും പിന്നെ കഴിച്ചില്ലല്ലോ?"
"ഞാങ്കഴിച്ചു. ഞാൻ വയ്യൂട്ട്  ഇത്തിരി ചോറുണ്ടു . കറി  തീർന്നു .."
"ന്നാപ്പിന്നെ വേറെന്തെങ്കിലും കറിയുണ്ടാക്കണ്ടേ? എങ്ങനെ ചോറുണ്ണും..!!?"
"എനിക്കിനി ഒന്നും വേണ്ടാ കുഞ്ഞേ.. നിങ്ങക്ക് വേണേൽ ഒരു ചമ്മന്തിയരച്ചു  തരാം.."

ഒരു മാസം കൊണ്ട് പൊടിയച്ചേടത്തി ഇരട്ടി വലിപ്പം വച്ചു കതകു വഴി അങ്ങോട്ടുമിങ്ങോട്ടും  പോകാൻ കഴിയാതെ കൊളസ്ട്രോളും കൂടി നെഞ്ചുവേദനയും വന്നു നാട്ടിലേയ്ക്ക് ചികിത്സാർത്ഥം  യാത്രയായി.

ഒരു സമയം ഞങ്ങളെ സഹായിക്കാൻ വന്നത് ഒരു അകന്ന ബന്ധു കൂടിയായ സുഭാഷിണിച്ചേച്ചി ആയിരുന്നു.
സുഭാഷിണിച്ചേച്ചി വളരെ ബുദ്ധിമതിയായിരുന്നു. ഈ ലോകത്തിൽ  നടക്കുന്ന എന്ത് കാര്യത്തിലും പുള്ളിക്കാരിക്ക് ഒരഭിപ്രായമുണ്ട്. അഥവാ ചേച്ചിയുടെ അഭിപ്രായം കൂട്ടിച്ചേർക്കാത്തതൊന്നും ഒരു കാര്യമേ അല്ലായിരുന്നു.

"നിങ്ങള് വല്ലപ്പോഴുമൊക്കെ ഡൂറിനു പോകാത്തതെന്താ?"
"പോകാം, ചേച്ചി...സമയം കിട്ടണ്ടേ?'
"ഓ, സമയമൊക്കെ കിട്ടും. ഞാന്നേരത്തെ താമസിച്ച വീട്ടിലെ സാറും ഭാര്യേം ഡൂറിനൊക്കെ പോകും. എന്നേം കൊണ്ടുപോകും, കേട്ടോ.."
ടൂറിൽ വല്യ താത്പര്യമൊന്നും ഇല്ലാത്ത   മുഖഭാവത്തോടെ സുഭാഷിണിച്ചേച്ചി  പ്രസ്താവിച്ചു..
"ഓഹോ, ചേച്ചി എവിടൊക്കെ പോയിട്ടുണ്ട്?'
"ഇന്നാളോരൂസ്സം ഞങ്ങൾ കുടൽക്കനാലിൽ  പോയാരുന്നല്ലോ.."
"കുടൽക്കനാലോ ?"
"ഊം.. തമിഴ്നാട്ടിലേ..ഭയങ്കര തണുപ്പാ.."

അങ്ങനെ ഒരു ദിവസം വൈകുന്നേരം ശംഖുമുഖം ബീച്ചിലേയ്ക്ക് എല്ലാവരും ഡൂറിന് പോയി. സുഭാഷിണിച്ചേച്ചിയും കൂടെ കൂടി.
സൂര്യൻ അങ്ങനെ ചുവന്നു തുടുത്ത് വലിയ ഒരു ഗോളമായി സാവധാനം അറബിക്കടലിലേയ്ക്ക്‌ താഴുന്നത് ഞങ്ങൾ നിർന്നിമേഷരായി നോക്കി നിന്നു .
അവസാനത്തെ പൊട്ടും അപ്രത്യക്ഷമായി ഇരുൾ  പരക്കവേ ഒരു ദീർഘനിശ്വാസവും വിട്ട് ഭാര്യ ചോദിച്ചു.
"എങ്ങനുണ്ട് ചേച്ചീ ബീച്ച്? എന്ത് ഭംഗിയാ..!!"

"കുഴപ്പോല്ല, നല്ല രസോണ്ട് . പക്ഷെ സൂര്യൻ അത്ര പോരാ.."
"ങ്ഹെ, പുള്ളിക്കാരനെന്താ കുഴപ്പം".
"തമിഴ്നാട്ടിലെ സൂര്യനാ സൂര്യൻ. അവിടത്തെ ബീച്ചിൽ  കടലീന്നല്ലേ സൂര്യൻ വരുന്നത്. രാവിലെ പോണം. അത് വേറെ സൂര്യൻ.."
"അതെ സൂര്യൻ തന്നാ ഇതും ചേച്ചി.."
എന്റെ ഭാര്യ വിജ്ഞാനം  വിളമ്പി.
"ചുമ്മാ മണ്ടത്തരം പറയാതെ. അത് തമിഴ്നാട്ടിലെ ബീച്ചും സൂര്യനും. ഇത് പൊട്ട സൂര്യൻ.."
ഭാര്യയുടെ വാ ഠപ്പേന്നടഞ്ഞു. കൂടുതൽ തർക്കിച്ചാൽ കറിയിൽ ഉപ്പു കൂടും.

എനിക്കാണെങ്കിൽ ലേശം സംശയം വന്നു തുടങ്ങിയതുകൊണ്ട് ഒന്നും മിണ്ടാനും കഴിഞ്ഞില്ല. മൌനം വിദ്വാന് ഭൂഷണം, കൊജ്ഞാണനും തഥൈവ, എന്നാണല്ലോ പ്രമാണം.
അല്ലെങ്കിൽത്തന്നെ  ജയലളിതാമ്മയ്ക്ക്  ഗുരുവായൂരപ്പൻ ഒഴികെയുള്ള ഒറ്റ മലയാളിയേം ഇഷ്ടമല്ല. അമ്മ വിചാരിച്ചാലാണോ തമിഴ് മക്കൾക്ക്‌ ഒരു പുതിയ സൂര്യനു പഞ്ഞം.

സുഭാഷിണിച്ചേച്ചി വലിയ വിനയകുനിതയായിരുന്നു.
ഒരിക്കൽ അച്ഛൻ വീട്ടിലെത്തിയപ്പോൾ സുഭാഷിണിച്ചേച്ചി ഓടിയെത്തി സ്വീകരിച്ചു.
"ങ്ങാ ഹാ, ഇതാരാ, ചിറ്റപ്പനോ?"
"അതേടീ , ഞാന്തന്നാ .."
"ഹഹ ..ഞാൻ വിചാരിച്ചൂ ചിറ്റപ്പനാന്ന് .."
അച്ഛൻ ഒന്ന് ഞെട്ടി  ധൃതിയിൽ അകത്തേയ്ക്ക് വീണു.

"ചിറ്റപ്പന് കുടിക്കാൻ ചായയോ കാപ്പിയോ"
"നീയിത്തിരി വെള്ളം തന്നാൽ മതി"
വെള്ളം എടുക്കാൻ സുഭാഷിണിച്ചേച്ചി അകത്തേയ്ക്ക് ഓടി. തൊട്ടു പുറകെ ക്ലിം  എന്ന ശബ്ദവും മുഴങ്ങി.
ഒരു ഗ്ലാസ്സിന്റെ കഥ കഴിഞ്ഞു.

" ഗ്ലാസ് പൊട്ടിച്ചോടീ .."
അച്ഛൻ വിളിച്ചു ചോദിച്ചു.
"ഒരബദ്ധം പറ്റിയതാ ചിറ്റപ്പാ . അത് പൊട്ടിപ്പോയി"
"സാരമില്ലെടീ . വാരിക്കള.."
"ഒരു കയ്യബദ്ധം  പറ്റീതാ ചിറ്റപ്പാ.. ഞാൻ ക്ഷമിച്ചിരിക്കുന്നു..'
"ങ്ഹെ, നീയല്ലേ പൊട്ടിച്ചത്. എന്നിട്ട് നീ തന്നെ ക്ഷമിച്ചെന്നോ"
"ങ്ഹാ..ഞാനാ പൊട്ടിച്ചത്. അതോണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു.."

അടിക്കുറിപ്പ്
ദാമ്പത്യം അതിന്റെ എല്ലാ നന്മകളുമായി ആസ്വദിക്കുന്ന ഒരാൾ   എന്ന നിലയിൽ  എന്റെ വാമഭാഗം ഉണ്ടാക്കുന്ന സാമ്പാർ, അവിയൽ, തീയൽ, എരിശ്ശേരി, പുളിശ്ശേരി  തുടങ്ങി പാവയ്ക്ക മെഴുക്കുപുരട്ടി വരെയും മീങ്കറി, ചിക്കൻ കറി , മട്ടൻ കറി, ബീഫ് കറി , ഞണ്ട് കറി ,  കൊഞ്ചുകറി തുടങ്ങി ചിക്കൻ 65 വരെയും ചക്കപ്പുഴുക്ക്, കപ്പപ്പുഴുക്ക്, പഴങ്കഞ്ഞി വരെയും  ഏറ്റവും  രുചികരവുംആസ്വാദ്യകരവും നാവിൽ കൊതിയൂറിക്കുന്നവയുമാണെന്നും  ഇതിനാൽ രേഖപ്പെടുത്തിക്കൊള്ളുന്നു.
( പ്രായോജകർ- നാഷണൽ സേഫ്ടി അതോറിട്ടി )

44 comments:

  1. സമാധാനപൂർണമായ ദാമ്പത്യത്തിന് ഇണകൾ തമ്മിൽ ഒരുപാട് ധാരണകൾ ഉണ്ടാവണം. പ്രണയകാലം നല്ല ഗുണങ്ങൾ മാത്രം പ്രദർശിപ്പിച്ച് പരസ്പരം ആകർഷിക്കാനുള്ളതായിരിക്കാം. പക്ഷെ, ദാമ്പത്യം തുടങ്ങുന്നതോടെ വൈരുദ്ധ്യങ്ങൾ പതുക്കെപ്പതുക്കെ ഉപരിതലത്തിലെത്തിത്തുടങ്ങും. അപ്പോൾ പരസ്പരധാരണയോടെ ദമ്പതികൾ ഒത്തൊരുമിച്ച് ജീവിതം മുൻപോട്ട് കൊണ്ടുപോകണം.
    മനസ്സിലായില്ലേ?
    എന്ന് വച്ചാ തീയലിനു പകരം സാമ്പാറും കഴിക്കണം. ങ്ഹാ..!!

    ചിരിച്ചു ചിരിച്ച് മരിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കില്ലല്ലോ. അതു കൊണ്ട് ചിരിച്ചു ചിരിച്ചു ചത്തു

    ReplyDelete
    Replies
    1. അത് വേണം. സാമ്പാർ കിട്ടിയില്ലെങ്കിൽ ഉണക്കമുളക് ചമ്മന്തി കഴിക്കണം.

      Delete
  2. വായിച്ചു... രസിച്ചു.,

    ReplyDelete
  3. Replies
    1. സുൽത്താന്റെ വശത്തുപോലും നിൽക്കാൻ യോഗ്യനല്ല ഞാൻ. പക്ഷെ, എന്റെ വഴികാട്ടി.

      Delete
  4. എന്ന് പറഞ്ഞാൽ തീയൽ ചോദിച്ചാൽ രസമെങ്കിലും ഉണ്ടാക്കി സാമ്പാർ എന്ന് നാമകരണം ചെയ്യണം.

    ReplyDelete
    Replies
    1. ഉം. അല്ലേൽ പിന്നെന്തു രസം പ്രിയതമേ..

      Delete
    2. കഥാപാത്രങ്ങള്‍ നേരിട്ട് വന്നു അഭിപ്രായം പറയുന്നതിനാല്‍ ഈ കഥയില്‍ ചില കൂട്ടിചേര്‍ക്കലുകള്‍ ഇല്ലേയെന്നു ഞാന്‍ സംശയിക്കുന്നു :p
      ഒപ്പ് :)

      Delete
    3. വരരുത് എന്ന് പറഞ്ഞാൽ കേൾക്കണ്ടേ ,വായനക്കാരീ.
      കടുപ്പിച്ചു പറയാനും പറ്റില്ല. പട്ടിണിയായിപ്പോകും ..
      ഒപ്പ് :(

      Delete
  5. I believe every word of it. Hahaha

    ReplyDelete
    Replies
    1. അജിത്തെട്ടാ, പഴയതൊക്കെ ഓർമ വന്നു, ല്ലേ?

      Delete
  6. കുശാല്‍...
    രുചിയുള്ള സാമ്പാര്‍...
    വല്ല പാചകക്കാരിനേം കെട്ടുകയാ നല്ലത് ലെ ?? :D

    ReplyDelete
    Replies
    1. വാചകക്കാരി ആകാതെ സൂക്ഷിച്ചോ..

      Delete
  7. Replies
    1. ചിരിച്ചതിൽ സന്തോഷം.

      Delete
  8. ഹഹ ചിരിപ്പിച്ചു ,,,, വേലക്കാരി വന്നപ്പോള്‍ ഈ സ്വഭാവം വെച്ച് ഒരു മേലെപറമ്പില്‍ ആണ്‍വീട് -ക്ലൈമാക്സ് ആണ് പ്രതീക്ഷിച്ചത് .. എന്തായാലും വലിയ അപകടം ഒന്നും പറ്റിയില്ലല്ലോ !!.
    ---------------- നര്‍മ്മത്തിനു പലയിടത്തും സ്വാഭാവികത നഷ്ടപെടുന്നു , അത് പോലെ അവസാന ഭാഗത്തെ തമാശകള്‍ പലയിടത്തും കേട്ടത് പോലെ തോന്നുന്നു ,എങ്കിലും ആസ്വദിച്ചു വായിച്ചു .

    ReplyDelete
    Replies
    1. പലപ്പോഴും ഉള്ളതിൽ നിന്നും കൂട്ടിപ്പറയുമ്പോഴാണ്‌ ഹാസ്യം ഉണ്ടാവുന്നത്. പക്ഷെ ജീവിതാനുഭവങ്ങൾ പറയുമ്പോൾ അത്തരം സ്ഥൂലത അല്പം അസ്വാഭാവികമായി മാറാറുണ്ട്. വേലക്കാരി ഫലിതങ്ങൾ അതേപടി സംഭവിച്ചതാണ്. ഒന്നും സങ്കൽപങ്ങളല്ല .
      നന്ദി ഫൈസൽ.

      Delete
  9. അവസാനം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് കൊള്ളാം.സമാധാനപൂർണ്ണമായ ദാമ്പത്യത്തിനു ചില വിട്ടുവീഴ്ചകൾ വേണമല്ലോ അല്ലെ മാഷെ. കൊള്ളാം

    ReplyDelete
    Replies
    1. വേണം. അതാണല്ലോ ദാമ്പത്യം എന്ന് പറയുന്നത്.

      Delete
  10. ഹി ഹി കൊള്ളാം ... കറുത്ത സാമ്പാര്‍ , കൊളസ്ട്രോള്‍ പിടിച്ചു ഓടിയ പോടിയച്ചെടത്തി ,
    ഹൈലൈറ്റ് തമിഴ്നാട്ടില്‍ മാത്രം കാണപ്പെടുന്ന ആ പ്രത്യേകതരം സൂര്യനാനെ

    ReplyDelete
  11. ഈ കറിക്കൊക്കെ ആരാണാവോ പേരിട്ടത്. മനുഷ്യന്റെ മനസമാധാനം കളയാൻ... :) :)


    ReplyDelete
    Replies
    1. അദ്ദാണ് മുബീ. എതുകറിക്കും എന്തുപേരിടാനുമുള്ള അവകാശം വന്നാലേ മതിയാവൂ.

      Delete
  12. ഗ്രൂപ്പിലിട്ട ലിങ്ക്‌ കണ്ട്‌ കയറിയതാ.
    തകർത്തു...നന്നായി ചിരിപ്പിച്ചു.എടുത്തു പറയാനാണെങ്കിൽ മൊത്തത്തിൽ എടുത്ത്‌ പേസ്റ്റ്‌ ചെയ്യണം.

    നന്നായി ഇഷ്ടപ്പെട്ടു
    (ശ്ശേ!ഞാൻ ഇതെന്തേ കാണാതെ പോയത്‌)

    ReplyDelete
    Replies
    1. നന്ദി സുധീ.. വീണ്ടും വീണ്ടും വരിക.

      Delete
  13. ഹ ഹ ഹ രസിച്ചു .... ആശംസകൾ

    ReplyDelete
  14. ചമ്മന്തി പോലും അരയ്ക്കാൻ അറിയാത്ത ഭാര്യ. മുടിയിഴകളാൽ കറി ഒരുക്കുന്ന സരോജിനി, കറിയും കാശും ഒരു പോലെ തകർക്കുന്ന പൊടിയ ചേടത്തി, തമിഴ് സൂര്യനെ കാണിച്ചു തരുന്ന സുഭാഷിണി ചേച്ചി.. തുടങ്ങിയ വേലക്കാരികൾ. ഇത്രയും ഒക്കെ ആയിട്ടും സ്വയം അടുക്കളയിൽ കയറിയാലേ കാര്യം നടക്കൂ എന്ന തിരിച്ചറിവ് ഉണ്ടാവാത്ത ഒരു ഭർത്താവിന് ഇതിനും ഇതിനപ്പുറവും അനുഭവിയ്ക്കേണ്ടി വരും. അത് സ്വാഭാവികം. ചിലയിടങ്ങളിൽ നർമത്തിന് വേണ്ടി നർമം ആണോ എന്നൊരു സന്ദേഹം തോന്നി. ഏതായാലും സംഭവം നന്നായി. ചിരിയ്ക്കാം. അവതരണവും എഴുത്തും നന്നായി.

    ReplyDelete
    Replies
    1. നന്ദി. വിശദമായ അഭിപ്രായത്തിന് പ്രത്യേകിച്ചും.

      Delete
  15. ഇടതടവില്ലാതെ ഒഴുകുന്ന രസം പോലെ സുന്ദരന്‍ എഴുത്ത്.
    വേലക്കാരിയാണേലും നീയെന്‍ മോഹവല്ലി! ആ ലൈനിലേക്ക് പോകാതെ ഫുഡിങ്ങില്‍തന്നെ ഒക്കെ ഒതുക്കിയതും നന്നായി. അല്ലേലും ആത്മകഥകള്‍ അറുപതു ശതമാനവും കള്ളമാണ് എന്നാണല്ലോ എല്‍.കെ അഡ്വാനി പറഞ്ഞിരിക്കുന്നത്. :)

    ReplyDelete
    Replies
    1. കള്ളൻ, ആ ലൈൻ നോക്കി വായിച്ചതാ, അല്ലെ?

      Delete
  16. രസിപ്പിച്ചു ട്ടാ.. എപ്പോഴത്തെയും പോലെ :). ബിന്ദുചേച്ചിയെ സമ്മതിക്കണം ;)
    (എന്‍റെ ഭര്‍ത്താവിനു ഇങ്ങനത്തെ കുബുദ്ധി തോന്നാത്തതില്‍ ഞാനെന്നെ തന്നെ 'അഭി'നന്ദിക്കുന്നു :p :)

    ReplyDelete
    Replies
    1. അഭിലാഷിനെ സമ്മതിക്കണം.
      എന്തായാലും "അഭിലാഷ്" അം പോലെ കാര്യങ്ങളൊക്കെ നടക്കുന്നുണ്ടല്ലോ..

      Delete
  17. ഇത്രത്തോളം ഒക്കെ പോയിട്ടും ശാന്തമായൊഴുകുന്ന ദാമ്പത്യത്തെ സമ്മതിച്ച് കൊടുക്കണം എന്ന് ഞാൻ പറയും എന്ന് ചുമ്മാ ആശിക്കരുത്.. ഓ ഇതിപ്പോ എല്ലാടത്തും അങ്ങനെ ഒക്കെ തന്നെ എന്ന് മുഖം കൂർപ്പിച്ച് മൊഴിഞ്ഞ് കൊള്ളുന്നു.. പിന്നെ ഒരു കുടുംബ കഥ ഒക്കെ ആവും ഇച്ചിരി പഞ്ചും എരീം പുളീം ഒക്കെ വേണ്ടെ, അക്കാര്യത്തിൽ ചുമ്മാ നിരാശ രേഖപ്പെടുത്തുന്നു, എന്തായാലും സുഹാസിന്യേടത്തീം അന്തിക്കാട് സാറും ഓൺലൈൻ വിമർശനത്തെ അതിനിശിതമായി വിമർശിച്ച സ്ഥിതിക്ക് നുമ്മ അധികം വിമർശിച്ച് ഇങ്ങളെക്കൊണ്ട് മാതൃഭൂമീൽ എഴുതിപ്പിക്കുമെന്ന വ്യാമോഹം വേണ്ട ട്ടാ ;)

    പിന്നെ രസിച്ചു രസിച്ചു വായിച്ചു ട്ടാ... ഈ നർമ്മ ഭാവനേടെ വിത്തുണ്ടാവോ ഇച്ചിരി എടുക്കാൻ...
    കിടു.. കിടു കിടു,.....

    ReplyDelete
    Replies
    1. എരീം പുളീം ഒന്നും കിട്ടിയില്ലേ? രസം , സാമ്പാർ ..!!
      ഹും. ഓണ്‍ലൈൻ വിമർശനത്തെ ഓണ്‍ലൈനിൽ ശക്തിയായി വിമർശിച്ചു കൊള്ളുന്നു.

      Delete
  18. ദൈവമേ.....ഈ.... ബ്ലോഗ് ഇദ്ദേഹത്തിന്‍റെ ഭാര്യ വായിക്കാതെ കാക്കണേ ഇല്ലെങ്കില്‍ .....ബ്ലോഗ് എഴുതിയതിന് ഭാര്യ ഭര്‍ത്താവിന് വിം കലക്കി കൊടുത്തു കൊന്നു എന്നു പത്രത്തില്‍ വായുക്കേണ്ടി വരും .....മനോഹര നര്‍മ്മം ആശംസകൾ....

    ReplyDelete
    Replies
    1. ആ പ്രാർത്ഥന ദൈവം കേട്ടില്ല. മോളിൽ പോയി നോക്ക്. ഭാര്യ വിം കലക്കിത്തന്നു കഴിഞ്ഞു.

      Delete
  19. വായിച്ചു രസിക്കുന്നു..

    ReplyDelete
    Replies
    1. രസിച്ച് വായിക്ക്..

      Delete
  20. കഷ്ടം പ്രദീപേട്ടാ.. ഇന്നത്തെ കാലത്തായിരുന്നെങ്കിൽ ഗൂഗിൾ ചെയ്തേലും തീയൽ ഉണ്ടാക്കി തന്നേനെ.. ;)

    ReplyDelete
    Replies
    1. ഗൂഗിൾ കറി വച്ചിട്ടു പാടും, നീയെത്ര ധന്യ, അല്ലെ?

      Delete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...