Friday 5 September 2014

മേനേ പ്യാർ കിയാ



അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് കാണൽ സംഭവിച്ചു.
അതൊരു സംഭവം തന്നെയാണല്ലോ.
ഒരു കാരണവർ ഭേഷായി കാലു വാരിയതുകൊണ്ട് "പെണ്ണിനെ ഇഷ്ടമായി"  എന്ന്  മുൻപിൻപ് ആലോചിക്കാതെ എഴുന്നള്ളിച്ച്  സ്വയം ഇഷ്ടമായി മടങ്ങുകയും ചെയ്തു.
അങ്ങനെ ഇഷ്ടമായി എന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് ജീവിതത്തിലെ അവസാനത്തെ പെണ്ണ് കാണലായും സംഭവിച്ചു.

അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തിനു മടങ്ങി. അവിടെയാണ് ജോലി. തലസ്ഥാനത്തെ ഒരു രാസവ്യവസായസ്ഥാപനത്തിൽ.

പ്രതിശ്രുത  വധു തിരുവനന്തപുരത്ത്  ദന്തൽ കോളേജിൽ ബിരുദാനന്തര ബിരുദ പഠനത്തിലാണ്.
ആകെയുള്ള മുപ്പത്തിരണ്ട് പല്ലിനു ആറോ  ഏഴോ വകുപ്പുകളിലായാണ് ബിരുദാനന്തരബിരുദം. അതിലൊന്നിലാണ് സൌഭാഗ്യവതിയുടെ  ഗുസ്തി.
ഈ പല്ലിനെപ്പറ്റി മാത്രം ഇതിനും വേണ്ടി  പഠിക്കാനെന്തിരിക്കുന്നു?
ഞാൻ പല്ലിനെപ്പറ്റി തിന്നാൻ നേരം മാത്രമാണ് ഓർക്കാറ്. അതും ചോറിൽ കല്ല്‌ കടിച്ചാൽ മാത്രം. സൊർറ്റെക്സ് റൈസ് വന്നതോടെ അതും ഇല്ലാതായി.
രാവിലെ എഴുന്നേറ്റു കഴിഞ്ഞ് വർത്തമാനം പറയുമ്പോൾ ആരെങ്കിലും നെറ്റി ചുളിച്ചാലും  ഓർക്കും .

അവൾ തിരുവനതപുരത്ത് ഒരു വിളിപ്പാടകലെ ഉണ്ടെന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു ആവി. ഒന്ന് വിളിച്ചാൽ എങ്ങനെയിരിക്കും?
പല്ല് നഷ്ടപ്പെടുമോ?

അന്നത്തെ കാലത്ത് മൊബൈൽ ഫോണ്‍  പ്രചുരപ്രചാരത്തിൽ ആയിട്ടില്ല. ലാൻഡ്‌ ഫോണുകൾ മാത്രം.
താമസസ്ഥലത്ത് ഫോണില്ല. ഓഫീസിലുള്ള, പുറത്തേയ്ക്ക് വിളിക്കാൻ ഉള്ള ഒരു ഫോണാകട്ടെ പ്ലാന്റ് മാനേജരുടെ മുറിയിൽ മാത്രം.
അന്നത്തെ പ്രണയിതാക്കൾ അനുഭവിച്ച ദുരിതങ്ങൾ ഇന്നത്തെ യോ യോ പിള്ളേർ മനസ്സിലാക്കിക്കൊളളണം.

പ്ലാന്റ് മാനേജരോട്  എന്റെ ഭാവിപ്രേയസ്സിയുമായി ഒന്നു പഞ്ചാരയടിക്കാൻ ഫോണ്‍  ചെയ്തോട്ടെ എന്ന് ചോദിക്കാൻ ഒരു നാണം.
ഭയങ്കര ധൈര്യശാലി ആയതുകൊണ്ട് കട്ടുവിളിക്കാനും പറ്റിയില്ല.
ഇത്രയും പറഞ്ഞാൽ   തോന്നും ഈ പ്രശ്നമൊന്നുമില്ലാരുന്നെങ്കിൽ ഇപ്പോൾത്തന്നെ അവളെ  വിളിച്ചു കൂട്ടിയേനേയെന്ന് .
അവളുടെ നമ്പർ പോലുമറിയില്ല..

ഒരാഴ്ച അങ്ങനെ ആവി കൊണ്ട് നടന്നു.  പ്ലാന്റിൽ എല്ലാവരോടും തട്ടിക്കേറി. നിസ്സാരതെറ്റുകൾ കാണിക്കുന്ന ഓപ്പറേറ്റർമാരെ  മുറിയിൽ  വിളിച്ച്  വരുത്തി ഇടതു പക്ഷം വലതുപക്ഷം (left and right ) ചീത്തപറഞ്ഞു.

അടുത്ത തവണ വീട്ടിൽ  ചെന്നപ്പോൾ അമ്മ ചോദിച്ചു
"ഡാ, നീ അവളെ അവിടെങ്ങാനും കണ്ടോ?"

ശുണ്‍ഠി ഇരച്ചു വന്നു .

"പിന്നല്ലേ അവളങ്ങനെ ഇറങ്ങി നടക്കുകയല്ല എനിക്ക് കണ്ടുമുട്ടാൻ.. അല്ലേൽത്തന്നെ തിരുവനന്തപുരം ഇട്ടാവട്ടത്തിലുള്ള സ്ഥലം അല്ലെ. അവൾ അങ്ങോട്ട്‌ ഇറങ്ങി നടക്കുമ്പോൾ ഞാൻ ചെന്ന് മുട്ടി വീഴാൻ"

എന്നാലും അവൾക്കെന്താ  ഒന്നിറങ്ങി നടന്നാൽ? ചിലപ്പോ ഒന്ന് മുട്ടിയാലോ..!!

അമ്മ നെറ്റി ചുളിച്ച് എന്നെ നോക്കി.
"എന്തായാലും എനിക്കവളുടെ ഒരു ഫോട്ടോ  കിട്ടി. രണ്ടു ദിവസം മുൻപ്  ഞാനവളുടെ വീട്ടിൽ  ചെന്നപ്പോൾ അവിടുത്തെ അമ്മ എടുത്തു തന്നതാണ്.."

ങേ, ഫോട്ടോയോ?  എവിടെ ഫോട്ടോ?
എന്റെ മനസ്സിൽ ഒരു ലഡു പൊട്ടി.

ഒരു ഭാവഭേദവും കൂടാതെ വല്യതാല്പര്യമില്ലാത്ത മട്ടിൽ  ഞാൻ ഒന്ന് മൂളി.
മനസ്സിലൂടെ സാധ്യതകൾ അങ്ങനെ പാഞ്ഞു പോയി. അവളെവിടായിരിക്കും ഒളിച്ചിരിക്കുന്നത്?
അമ്മയുടെ പേഴ്സ്?
അതോ വാനിറ്റി ബാഗിന്റെ ഏതെങ്കിലും അറ ?
പണ്ടാരം ബാഗിന് അഞ്ചോ ആറോ  അറയുണ്ട്.!

"നിനക്ക് ഫോട്ടോ  കാണണോടാ? "

എന്തോ പൊട്ടച്ചോദ്യമാ ചോദിക്കുന്നത്...!!
 പോയി എടുത്തോണ്ട് വാ മാതാവേ..!!!

"ഓ, എന്തിനാ . എന്തായാലും ഞാൻ കണ്ട പെണ്ണ് തന്നെയല്ലേ.? "
ഞാൻ വിജിംഭ്രുതനായി.

"ങാ, വേണ്ടാങ്കിൽ വേണ്ടാ. ഞാൻ ചോദിച്ചെന്നെയുള്ളൂ... എനിക്കെന്തായാലും എന്റെ മരുമോളെ കണ്ടോണ്ടിരിക്കാല്ലോ. അതിനാ  ഞാൻ ഫോട്ടോ ചോദിച്ചു വാങ്ങിയത്"
അമ്മ അകത്തേയ്ക്ക് പോയി.

ചതിച്ചോ? ഈ അമ്മയ്ക്കൊന്ന് നിർബന്ധിച്ചാലെന്താ? വള  ഊരിപ്പോകുമോ?അല്ലേലും ഈ അമ്മമാര് ജനിച്ചപ്പോഴേ ഇങ്ങനെയാ. സാമാന്യബുദ്ധി ഇല്ല. കാണണ്ടായെന്നു പറയുമ്പോൾ ഒന്ന് കാണാൻ നിർബന്ധിക്കെണ്ടേ ..!!

ഒരു മൂച്ചിന് എടുത്തുചാടി, ഇനിയിപ്പോ എങ്ങനെ കര പറ്റും?
പോയൊന്നു തപ്പിയാലോ?

അമ്മ പുറത്തേയ്ക്ക് പോയ സമയം നോക്കി അമ്മയുടെ ബാഗ്‌ പരിശോധിച്ചു. ഒരുകണ്ണ്  വാതിൽക്കലും  മറുകണ്ണ് ബാഗിലും വച്ചു .
അറകൾ എല്ലാം കേറിയിറങ്ങി ക്ഷീണിച്ചു. ഫോട്ടോ  കാണുന്നില്ല.
ഒരു ഗമയ്ക്ക് വേണ്ടാ എന്നു തട്ടി വിട്ടിട്ടു, ഇനി പോയി ചോദിക്കുന്നതെങ്ങനെ.?

പെട്ടെന്ന് അമ്മ മുറിയിലേയ്ക്ക് കയറി വന്നു.
"എന്താടാ? നീ എന്താ നോക്കുന്നെ?"
"ഒന്നുമില്ല. ഞാനെന്റെ പുസ്തകം നോക്കുവാരുന്നു. എവിടാണോ വച്ചത്.."

അമ്മ മേശപ്പുറത്തു നിന്നും പേഴ്സ് എടുത്തു തുറന്നു. അതിൽ നിന്നും ഒരു പാസ്പോർട്ട്‌ ഫോട്ടോ  എടുത്തു നീട്ടി.
"ദാണ്ടേ കൊച്ചിന്റെ ഫോട്ടോ .. വേണേൽ കണ്ടോ.."

"ഓ"
വല്യ താല്പര്യമൊന്നുമില്ലാത്ത മട്ടിൽ ഫോട്ടോ വാങ്ങി ഒന്ന് നോക്കി.
സുന്ദരീ , പടമായിട്ടിരുന്നു നീ കൊഞ്ഞനം കാണിക്കുന്നോ.
ഫോട്ടോ തിരിച്ചു കൊടുത്തു.
അമ്മ  പെഴ്സിന്റെ ഏതു ഭാഗത്താണ്‌  അവളെ  തിരിച്ചു വയ്ക്കുന്നതെന്നു സശ്രദ്ധം സസൂഷ്മം  നോക്കി മനസ്സിലാക്കി .
പ്രിയതമേ, ഉടനെ തന്നെ വീണ്ടും കാണാം.

തിരിച്ചു തിരുവനന്തപുരത്ത് പോകുന്നതിനുമുൻപ് അമ്മയറിയാതെ ഫോട്ടോ അടിച്ചുമാറ്റി സ്വന്തം പേഴ്സിൽ ഭദ്രമായി വയ്ച്ചു. അമ്മ അറിയുന്നതിനു മുന്പ് സ്ഥലം കാലിയാക്കണം.

യാത്രപറഞ്ഞ്‌ ഇറങ്ങി ഗേറ്റ് കടന്നപ്പോൾ അമ്മ പുറകിൽ  നിന്നും വിളിച്ചു പറഞ്ഞു
"ഡാ, ഫോട്ടോ  സൂക്ഷിച്ചു വയ്ക്കണം. കളയാതെ ഇങ്ങു കൊണ്ടുതരണം.."

ഇതാണ് കുഴപ്പം.
എന്റെ എല്ലാകൗശലവും കൗടില്യവും അതേപടി  മാതാവിനും കിട്ടിയിട്ടുണ്ട്.
എന്റെ പാരമ്പര്യമല്ലേ , എങ്ങനെ നന്നാവും?

അങ്ങനെ ആഴ്ചകൾ കടന്നു പോയി.
ഫോട്ടോ  കാണുന്തോറും ആവി കൂടി കൂടി വന്നു.
 ഒന്ന് കാണാൻ എന്താണ് വഴി?
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

ഓരോ ദിവസവും കഴിയുന്നതോടെ അവളെ  ഒന്ന് പ്രണയിക്കാൻ ആവേശം കൂടിക്കൂടി വരികയാണ്.
കല്യാണം കഴിച്ചു കഴിഞ്ഞു പ്രണയിക്കുന്നതിനു ഒരു ത്രില്ലില്ല.
മേനെ പ്യാർ  കിയാ എന്ന് സന്തതി പരമ്പരകളോട് മേനി പറയാനുള്ള ഒരു സുവർണാവസരമാണ് കൈ വന്നിരിക്കുന്നത്. അത് ചുമ്മാ കളഞ്ഞുകുളിച്ചാൽ
പിന്നെ കല്യാണം കഴിച്ചിട്ടു ഒരു കാര്യോമില്ല.

വീണ്ടും നാട്ടിൽ  പോയി.
അമ്മ ഫോട്ടോയെപ്പറ്റി അന്വേഷിക്കുമ്പോഴോക്കെ   നവഉദാരവത്കരണത്തിന്റെ ദൂഷ്യ ഫലങ്ങളെപ്പറ്റി അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു.

ഓഫീസിൽ തിരിയെ എത്തിയപ്പോൾ പ്ലാന്റ് മാനേജർ ചോദിച്ചു.
"താൻ നാട്ടിൽ  പോയിട്ട് തന്റെ പെങ്കൊച്ചിനെ കണ്ടോ?"

ഹും, എന്റെ പട്ടി കാണാൻ പോകും.

"ഇല്ല. കക്ഷി ഇവിടെയല്ലേ?" ഞാൻ ഉദാസീനഭാവത്തിൽ പറഞ്ഞു.

"പറഞ്ഞപോലെ ശരിയാണല്ലോ, അപ്പൊ ചുമ്മാ പോയി കാണാല്ലോ.അല്ലേൽ ഫോണ്‍  വിളിക്കാല്ലോ..?" അങ്ങോർ  വിടാൻ ഭാവമില്ല.

"എവിടെ?  നമ്പരൊന്നും അറിയില്ല. ഇവിടെ ഹോസ്റ്റലിൽ ആണ്"
ഞാൻ വീണ്ടും ഗദ്ഗദം  വിഴുങ്ങി ഉദാസീനനായി.

"അപ്പൊ എളുപ്പമായില്ലേ പൊട്ടാ..!!  ഡയറക്ടറി  എടുത്തു നോക്ക്. ലേഡീസ് ഹോസ്റ്റലിന്റെ നമ്പര് നോക്കിയാൽ  പോരെ..!!"
പ്ലാന്റ് മാനേജർ ഉറക്കെച്ചിരിച്ചു.

പൊട്ടാ, ഇത് നേരത്തെ പറഞ്ഞു തരണ്ടേ?
പ്ലാന്റു മാനേജർ ആണ് പോലും പ്ലാന്റ് മാനേജര്..! രണ്ടു പൊട്ടിച്ചാലോ. എത്ര സുവർണാവസരങ്ങളാ ഇങ്ങോര് തുലച്ചത്..!!

"നമ്പര് കണ്ടുപിടിച്ചിട്ട്‌  ഇവിടെനിന്നും വിളിച്ചോ. കല്യാണം കഴിഞ്ഞു എനിക്ക് നല്ല ഒരു ഡിന്നർ തന്നാൽ മതി"
പ്ലാനറു മാനേജർ  പുണ്യാവാളാ , നിന്നെ ഞാൻ കുരിശ്ശിൽ തറയ്ക്കുന്ന പ്രശ്നമില്ല..!!

ഡയറക്ടറി തപ്പി എടുത്തു. മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ നമ്പർ കണ്ടെടുത്തു. നേരെ വിളിച്ചു.
ഹൃദയം പട പട ഇടിക്കുന്നു.
കരുണാമയനായ  പ്ലാന്റ്മാനേജർ ഇറങ്ങി പുറത്തേയ്ക്ക് പോയി.

അപ്പുറത്ത് ഏതോ പെണ്‍കൊടി ഫോണ്‍  എടുത്തു.
അവളോടു ആവശ്യം ഉന്നയിച്ചു.
ഫോണും മുറുക്കിപ്പിടിച്ചു കുത്തിരിക്ക്യാ  , നോം വിളിച്ചോണ്ട് വരാം എന്നവൾ മൊഴിഞ്ഞു കളമൊഴിഞ്ഞു.

ഫോണും മുറുക്കിപ്പിടിച്ചു കുറെ നേരം കുത്തിയിരുന്നു.  സർക്കാരല്ലേ ഫോണ്‍ ബില്ലടയ്ക്കുന്നത്. നമുക്കെന്താ?

നീണ്ട നിമിഷങ്ങൾക്ക്  ശേഷം അങ്ങേ തലയ്ക്കൽ ഒരു പതുങ്ങിയ സ്വരം ഉയർന്നു .
"ഹലോ, ആരാ..?'

നെന്റെ കേട്ടിയോൻ..!!
പേരുപറഞ്ഞപ്പോൾ അപ്പുറത്ത് അനക്കമൊന്നുമില്ല.
ങ്ഹെ, ആള് ഫോണും കളഞ്ഞിട്ടു ഓടി രക്ഷപ്പെട്ടോ?
എന്നാലും ഓടുന്നതിന് മുൻപ്  വീട്ടിലറിഞ്ഞാൽ വഴക്ക് പറയും എന്നെങ്കിലും ഒന്ന് പറയണ്ടേ?

വീണ്ടും ഹലോ പറഞ്ഞപ്പോൾ മറുപടി വന്നു.
'മനസ്സിലായി. എന്താ  വിളിച്ചത്?'

ശെടാ , ഒന്ന് സോള്ളാൻ വിളിച്ചപ്പോൾ എന്തിനാ വിളിച്ചതെന്ന്..!!

"ഞാനിവിടെ തിരുവനന്തപുരത്തുണ്ട്. ഒന്ന് കാണാൻ പറ്റുമോ?"
അനക്കമില്ല.

അനക്കമില്ലെങ്കിൽ സമ്മതം എന്ന്  പാസ്റ്റർ ഉലഹന്നാൻ പറഞ്ഞിട്ടുണ്ട് എന്ന് നാട്ടുകാര് പറഞ്ഞെന്നു പോലീസുകാർ പണ്ട്  പറഞ്ഞിട്ടുണ്ട്.

"ഞാൻ അഞ്ചുമണിക്ക്  ഹോസ്റ്റലിൽ  വരാം. നേരിട്ട് കാണണം.."
ഞാനാരാ മോൻ..!!

അപ്പുറത്ത് നിന്നും അനക്കമൊന്നുമില്ല.

"എന്താ കാണാൻ പറ്റൂലെ?"

കുറച്ചുനേരം നിശബ്ദത. പിന്നെ,
"ഞാൻ ഫോണ്‍  വയ്ക്കട്ടെ?"

വച്ചോ, ഫോണ്‍  വച്ചോ.
എനിക്ക് മനസ്സിലായി. മൌനം സമ്മതം, ല്ലേ?
പാസ്റ്റർ ഉലഹന്നാന് സ്തുതി.

വൈകുന്നേരം നാല്  അമ്പത്തിയേഴിനു തന്നെ  ലേഡീസ് ഹോസ്റ്റലിനു മുൻപിൽ നാണമില്ലാത്തവൻ ഹാജരായി.

ഹോസ്റ്റലിന്റെ  പോർട്ടിക്കോയിൽ ഇരുന്നു റോഡിലേയ്ക്ക് സശ്രദ്ധം  വായിനോക്കി പാഠപുസ്തകം വായിച്ചു പഠിക്കുന്ന  പെങ്കൊടിയോടു ആവശ്യം പറഞ്ഞു.

ഇപ്പൊ വിളിച്ചോണ്ട്  വരാട്ടോ എന്ന് പറഞ്ഞു വല്യ സന്തോഷത്തിൽ അവൾ കോണിപ്പടി കേറി പോയി.
പാവം, പരൂക്ഷയ്ക്ക് വേണ്ടി പഠിക്കുകയാരുന്നെന്നു തോന്നുന്നു. തോൽക്കുമ്പോൾ അച്ഛനോട്  പറയാൻ അവൾക്കു ഒരു കാരണമായി..!

അല്പം കഴിഞ്ഞു മാലാഖ പടിയിറങ്ങി ഒഴുകി വന്നു.
പെണ്ണ് കാണാൻ പോയപ്പോൾ കുത്തിയിരുന്നു വായിനോക്കിയതാ. പിന്നിപ്പോഴാ കാണുന്നത്.

അവൾ വന്നു ഗ്രില്ലിൽ പിടിച്ചു ഒരു വളിച്ച ചിരി സമ്മാനിച്ചു നിന്നു.
അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പെണ്‍കൊടികൾ രൂക്ഷമായി എന്നെ  നോക്കി കടന്നു പോയി.
ഇവനാരടാ, ലേഡീസ് ഹോസ്റ്റലിനകത്ത് കേറി പ്രേമിക്കാൻ? അതും മെഡിക്കൽ കോളേജിൽ. അടിച്ചുരുട്ടി  കാഷ്വാലിറ്റിയിൽ  ആക്കണോ?

"നമ്മക്ക് ഒന്ന് നടന്നിട്ട് വന്നാലോ"
പേടിയില്ലാത്തത് കൊണ്ട് ഒരു പ്രമേയം അങ്ങോട്ട്‌ അവതരിപ്പിച്ചു.

നാണമില്ലേ ഇങ്ങനൊക്കെ ചോദിക്കാൻ എന്ന മറുപടി പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അവൾ ദാ പടിയിറങ്ങി നമ്മളെയും ഓവർടേക് ചെയ്തു  ഗേറ്റും കടന്ന് പുറത്തേയ്ക്ക് നടക്കുന്നു..!

മെഡിക്കൽ കോളേജിനകത്തു  കൂടി വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ, സായാഹ്നസൂര്യൻ  ചെഞ്ചായം പൂശിയ മരങ്ങൾക്കടിയിലൂടെ,   ഞങ്ങൾ അങ്ങനെ  നടന്നു.
റോഡ്‌ ടാർ ചെയ്തിട്ടില്ല,  പകരം നല്ല പഞ്ഞി മെത്ത ഇട്ടു മൂടിയിട്ടിരിക്കുകയാണ്.
ഒരസുഖവുമില്ലാത്ത ഒരു പാടു ജനങ്ങൾ  സന്തോഷിച്ചു ചിരിച്ചു മെഡിക്കൽ കോളേജു കാംപസ്സിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.
വലതുവശത്തു ഗ്രൗണ്ടിൽ മെഡിക്കൽ കൊളേജിലെ പിള്ളേർ ആർത്തട്ടഹസിച്ച്  ഫുട്ബാൾ കളിക്കുന്നു.
ആർക്കുമൊരു ആകുലതയുമില്ല. എന്ത് നല്ല ലോകം.
ലോകമാസകലം ഒരു സ്വർണവർണമാണ്.

ആകാശത്തിനടിയിലുള്ള സകല  കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു.  ഒരുമിച്ചു പഠിച്ച  ചെങ്ങന്നൂർ  ക്രിസ്ത്യൻ കോളേജ്,  എന്റെ ജോലി, ജീവിതത്തെക്കുറി ച്ചുള്ള സമീപനം, കള്ള്  കുടിക്കുമോ, സിഗരട്ടു വലിക്കുമോ, അങ്ങനെ അങ്ങനെ.

പുത്തൻ സാമ്പത്തിക നയം, ഉദാരവത്കരണവും ഗാട്ട് കരാറും, ലോക വ്യാപാര സംഘടനയുടെ ദോഹ വട്ടമേശ  സമ്മേളനം, നെൽസണ്‍ മണ്ടേല, ഗൾഫ്  യുദ്ധം അങ്ങനെയൊക്കെയുള്ള  മഹാകാര്യങ്ങൾ  ചർച്ച  ചെയ്തില്ല.
കല്യാണം കഴിഞ്ഞും ചർച്ചിക്കാൻ എന്തേലും വേണമല്ലോ..!!

അവളെ നടത്തി നടത്തി  ഇന്ത്യൻ കോഫീ ഹൗസിൽ വരെയെത്തിച്ചു.
ഒരു തണുത്ത റോസ് മിൽക്കും  മേടിച്ചു കൊടുത്തു.
റോസ്മിൽക്കിനു മേളിൽ വീണ്ടും  ഗൌരവതരമായ ചർച്ചകൾ .
വിജയകരമായ ചർച്ചയ്ക്ക് ശേഷം വീണ്ടും തിരിച്ചു നടന്നു ഹോസ്റ്റലിൽ  സുരക്ഷിതമായി എത്തിച്ചു.

പിന്നെപ്പിന്നെ അതൊരസുഖമായി.
വൈകിട്ട് കമ്പനിയിലല്ലെങ്കിൽ ലേഡീസ് ഹോസ്റ്റലിന്റെ പോർട്ടിക്കോയിൽ നാണമില്ലാത്തവൻ  ഉണ്ടാകും.
ഹോസ്റ്റലിന്റെ ഗേറ്റു  കടക്കുമ്പോഴേ പുസ്തകപ്പെങ്കൊടി ഇപ്പൊ വിളിച്ചോണ്ട് വരാട്ടോ  എന്ന് പറഞ്ഞ് മുകളിലേയ്ക്ക് ഓടാൻ തുടങ്ങി.
അവളുടെ ഓട്ടം കണ്ടാൽ  തോന്നും എന്നെ കാണാഞ്ഞ് വിഷമിച്ചിരുന്നു, നിവൃത്തിയില്ലാതെ  പഠിക്കുകയായിരുന്നെന്ന്..!

കാമ്പസ്സിലെ റോഡിലൂടെ വരുന്ന അവളുടെ കൂട്ടുകാർ ഞങ്ങളെ നോക്കി തല കുലുക്കി ഒരു മൂളലും മൂളി ചിരിക്കാൻ തുടങ്ങി.
അത്യാവശ്യം ഞങ്ങൾക്ക്  പരിചയമില്ലാത്ത ആളുകളും ഞങ്ങളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി.
അവരെല്ലാം  തല കുലുക്കട്ടെ, മൂളട്ടെ, പുഞ്ചിരിക്കട്ടെ.
ഈ ലോകം എന്ത് മനോഹരമാണ്. ഞങ്ങൾക്ക്  വേണ്ടി ആ മരത്തിലൊക്കെ ചുവന്ന പൂക്കൾ അങ്ങനെ  നിറച്ചു വച്ചിരിക്കുകയല്ലേ.
കിളികൾ ഞങ്ങൾക്ക് വേണ്ടി മാത്രം പാട്ടുകൾ പാടുകയല്ലേ..

കോഫീ ഹൗസുകാർ ഒരുപാടു റോസ്മിൽക്ക്  വിറ്റു.
എന്റെ കാശ്  മുടക്കി തണുത്ത റോസ്മിൽക്ക്  കുടിച്ചിട്ട്, ഞാൻ  അവളെക്കുറിച്ച്   അറിയുന്നതിന്റെ അഞ്ചിരട്ടി അവൾ  എന്നിൽ നിന്നും ചോർത്തി.

വൈകുന്നേരം കമ്പനിയിലുള്ള ദിവസം പ്ലാൻറ്  മാനേജർ റൂമിന് വെളിയിൽ  ഇറങ്ങിയാൽ ഞാൻ അകത്തേയ്ക്ക് ചാടി വീഴും. ഫോണ്‍  എടുത്തു ഹോസ്റ്റലിലേയ്ക്ക്  വിളിക്കും. സല്ലാപത്തിനിടയിൽ മാനേജർ തിരിച്ചു കയറി വന്നാൽ  ഒരു വളിച്ച  ചിരി കാണിക്കും . ആ ചിരി കാണുമ്പോൾ നീ കിണ്ണം കട്ടിട്ടേയില്ല എന്ന അർത്ഥത്തിൽ അങ്ങേര്  ഒരു ചിരി പാസാക്കി ഒരു മൂളലും  തലയാട്ടലും നടത്തി  വീണ്ടും പുറത്തേയ്ക്ക് പോകും.
എന്ത് നല്ല മനുഷ്യൻ..!
ഒരു ഡിന്നറിനു വേണ്ടി അങ്ങേരെന്തും ചെയ്യും..!!

അങ്ങനെ  പ്രണയം വളർന്നു പടർന്നു   കഴിയവേയാണ് ആ സംഭവം ഉണ്ടാകുന്നത്.

വീട്ടിൽ   നിന്നും  അമ്മയുടെ ഒരു ഫോണ്‍വിളി  കമ്പനിയിലേയ്ക്ക് വന്നു.
"എടാ, അവളുടെ വീട്ടിൽ  നിന്നും വിളിച്ചിരുന്നു. അവൾക്കെന്തോ ഡിമാൻറ്  ഉണ്ടെന്ന്. നിന്നെ ഉടനെയൊന്നു   കാണണമെന്ന്"

മനസ്സിൽ ഒരു ചെറിയ  ഇടിവെട്ടി.
കല്യാണത്തിനു മുന്പ് ചെറുക്കന് ഒരു ഡിമാൻറ്   ഉണ്ട്, ഒരു ചേറിയ്യ  ബെൻസ്‌ കാറും ഒരു നുറുങ്ങ്  ഇരുന്നൂറ്റമ്പത്   പവനും, എന്നൊക്കെ കേട്ടിട്ടുണ്ട്.
ഇതിപ്പോൾ  ഞാൻ വല്ല പുരുഷധനവും അങ്ങോട്ട്‌ കൊടുക്കേണ്ടി വരുമോ?
ഇത്രയും ദിവസങ്ങൾ  അവളുമൊത്തു സല്ലപിച്ചു നടന്നിട്ടും അവൾ ഒരു ഡിമാന്റും  പറഞ്ഞിരുന്നില്ലല്ലോ .

ഹും, സ്ത്രീകൾ അല്ലേലും അങ്ങിനെയാ, മനസ്സിലാക്കാൻ പ്രയാസമാണ്. എല്ലാം  മനസ്സിലായെന്നു കരുതുന്ന നമ്മൾ ആണുങ്ങൾ വിഡ്ഢികൾ.
എന്നാലും എല്ലാം ഉറപ്പിച്ചുകഴിഞ്ഞ്  കല്യാണം വേണ്ടെന്നെങ്ങാനും അവൾ പറഞ്ഞു കളയുമോ?

"അവൾ ഞായറാഴ്ച  തിരുവനന്തപുരത്തുള്ള അവളുടെ കുഞ്ഞമ്മയുടെ വീട്ടിൽ  കാണും. അവിടെ ചെല്ലണം എന്നാണ് പറഞ്ഞത്. ഞാൻ എന്തായാലും തിരുവനന്തപുരത്തിനു  വരുന്നുണ്ട്. നമുക്ക് ഒരുമിച്ചു പോകാം"
അമ്മ പറഞ്ഞു.

അത് സമ്മതിച്ചു ഫോണ്‍  വച്ചു.

അണ്ടി കളഞ്ഞ അണ്ണാനെ പോലെ വിഷണ്ണനായി ഇരുന്നു. എന്തായിരിക്കും അവളുടെ ആവശ്യം? ഈ അവസാന മുഹൂർത്തത്തിൽ വല്ല നടക്കാത്ത ആവശ്യവും പറഞ്ഞു സംഗതി മുടക്കുമോ?
ആ കാട്ടിൽ വെറുതെ പെറ്റു  കിടക്കുന്ന പുലിയുടെ ഇത്തിരിപ്പോരം പോന്ന മീശയല്ലേ ചോദിച്ചുള്ളൂ,അത് തരാത്ത ഇങ്ങളെ ഞാൻ എങ്ങനെ കെട്ടും എന്നെങ്ങാനും ജമീലാ ബീവി സ്റ്റൈലിൽ  അവൾ പറഞ്ഞാലോ?

ഇനി വല്ലവനും പോയി എന്നെപ്പറ്റി വല്ല അപഖ്യാതിയും പറഞ്ഞോ?
ഏയ്‌, അങ്ങനെ വരാൻ ഒരു കാരണവും കാണുന്നില്ല.
എനിക്കും അവൾക്കും  ഒരുപോലെ അറിയാവുന്ന ഒരാൾക്കും  എന്റെ പോക്രിത്തരങ്ങളെക്കുറിച്ചു  അറിയില്ലല്ലോ.
ഞാൻ ആരാ മോൻ.

പെട്ടെന്ന് തന്നെ ഹോസ്റ്റലിലേയ്ക്ക്  വിളിച്ചു.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഇപ്പൊൾ  ഈ അവസാന നിമിഷം അവളുടെ ഒരു ഡിമാന്റേ ..
കാണിച്ചു തരാം.

അവൾ ഹോസ്റ്റലിലില്ല. നാട്ടിൽ പോയെന്നു മറുപടി കിട്ടി.

ടെൻഷൻ.. ടെൻഷൻ..
ഞായറാഴ്ച വരെ അവൾ ഹോസ്റ്റലിൽ മടങ്ങിയെത്തിയില്ല.
അവൾക്കെന്നെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു കൂടെ..
ദുഷ്ട.

ഞായറാഴ്ച അമ്മ തിരുവനന്തപുരത്തു മറ്റാരെയോ കാണാനായി എത്തി. അതിനുശേഷം  രണ്ടുപേരും ഒരുമിച്ചു കാലുവാരിയുടെ കുഞ്ഞമ്മയുടെ വീട്ടിലെത്തി.

അവളുടെ കുഞ്ഞമ്മയും ഭർത്താവും  സ്നേഹപുരസ്സരം സ്വീകരിച്ചിരുത്തി. മഹതി അവിടെത്തന്നെയുണ്ട്. മുഖത്തു എന്തായാലും കടുപ്പഭാവം ഒന്നുമില്ല.

ഇവളെന്താണ് ആവശ്യപ്പെടാൻ പോകുന്നത്.?
ഇനി പുലി മീശ തന്നെയാകുമോ?
ഞാൻ എന്റെ പൊടിമീശ  തിരുപ്പിടിച്ചിരുന്നു.

വർത്തമാനം അങ്ങനെ നീണ്ടുപോകുന്നതല്ലാതെ ഡിമാന്റുകളൊന്നും വന്നില്ല.

അവസാനം ഇറങ്ങാറായപ്പോൾ അമ്മ ചോദിച്ചു,
"മോൾക്കെന്തോ ആവശ്യമുണ്ടെന്നു അച്ഛൻ പറഞ്ഞു. എന്താ ആവശ്യം?"

അവൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയുമായി നില്ക്കുകയാണ്.

അവളുടെ ചിറ്റപ്പൻ ഉറക്കെ ചിരിച്ചു.
"അതോ, അത് ഒരു തമാശയാണെന്നെ, അവളെ ഇടയ്ക്കിടെ സിനിമയ്ക്ക് കൊണ്ടുപോകുമോന്നാ അവളുടെ സംശയം .."

സില്മാ..
അവളുടെ അമ്മൂമ്മേടെ ഒരു സില്മാ.
നിന്നെ ഞാൻ കെട്ടട്ടെടീ. കാണിച്ചു തരാം. സില്മാ.
മനുഷ്യനെ തീ തീറ്റിച്ചു.
എന്റെ ഉള്ളൊന്നു തണുത്തു.

അമ്മ ഉറക്കെ ചിരിച്ചു.
"മോള് പേടിക്കണ്ടാ,,ചക്കിക്കൊത്ത ചങ്കരൻ..!!"


ശ്രീകുമാർ തീയേറ്ററിൽ അനക്കൊണ്ടാ എന്ന ഭീകരസിനിമ സെക്കണ്ട് ഷോയ്ക്ക് കണ്ടുകൊണ്ടിരിക്കുകയാണ്. ഏ സീയുടെ അതിശൈത്യം  കാരണമാണോ അനക്കൊണ്ടാ എന്ന ഭീകര പാമ്പിനെ കണ്ടതുകൊണ്ടാണോ  അവൾ എന്റെ കൈയ്യിൽ ബലമായി പിടിച്ചിട്ടുണ്ട്. എന്റെ കയ്യിൽ  ആറുമാസം മാത്രം പ്രായമായ അമ്മുമോൾ മൂന്നു നാല് ടർക്കി  ടവലുകളാൽ   പൊതിയപ്പെട്ട്  ഒരു എസ്കിമോ കുട്ടി ഇരിക്കുംപോലെ ഇരിക്കുകയാണ്.
അമ്മുമോൾ  അവളുടെ വിടർന്ന  കണ്ണുകൾ ഉയർത്തി തീയേറ്ററിലെ അരണ്ട വെളിച്ചത്തിൽ എന്റെ മുഖത്തേയ്ക്കു നോക്കി തള്ള വിരൽ  വായിൽ തിരുകി ഉറിഞ്ചി  ങ്കുറു  ങ്കുറു എന്ന ഭാഷയിൽ എന്നോടു ചോദിച്ചു-

"അച്ചയ്ക്ക് വേറെ പണിയൊന്നുമില്ലാര്ന്നൊ, ഒരു സിനിമപ്രാന്തി വന്നിരിക്കുന്നു. പറ്റില്ല എന്ന് പറഞ്ഞാൽ  പോരാരുന്നോ . എന്നാ തണുപ്പായിത്..!!"


എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...