Monday, 4 May 2015

ചിതറിയ ചിന്തകൾ -ഒന്ന്



കളിത്തട്ടുകൾ 


അച്ചയുടെ  കുട്ടിക്കാലത്ത് സ്കൂൾ വിട്ടുവന്നാൽ പുസ്തകവും എറിഞ്ഞിട്ട് പുറത്തോട്ടൊരു  ഓട്ടമാണ്. കളിക്കാൻ.
പറമ്പിന് താഴെ ഇറങ്ങിചെല്ലുമ്പോൾ ഒരു പാടമുണ്ട്. വലിയൊരു പാടം. അതിന്റെ ഒരു വശത്തുകൂടി ഒഴുകുന്ന ഒരു ചെറിയ തോട്.
ആ തോടു തുടങ്ങുന്നിടത്ത് ഉറവ പൊട്ടി വരുന്ന ഒരു കുഞ്ഞിക്കുളം.
അതിൽ നിന്നാണ് വെള്ളം തോട്ടിലേയ്ക്കു ഒഴുകുന്നത്‌.
കുളത്തിന്റെ അകം മുഴുവൻ നല്ല വെളുത്ത കളിമണ്ണാണ്.
അത് കൈ കൊണ്ട് കുത്തിയെടുക്കും.
സൂക്ഷിക്കണം. ചിലപ്പോൾ  പുൽനാമ്പുകൾക്കിടയിൽ നീർക്കോലിയോ മഞ്ഞച്ചേരയോ കാണും.
അപ്പോൾ ആ  കളിമണ്ണെടുത്തു കൈകൾ  കൊണ്ട് ഉരുട്ടി കുഞ്ഞി ഇഷിടികകൾ  ഉണ്ടാക്കും. ആ കളിമണ്‍ ഇഷ്ടികകൾ കൊണ്ട് ഒരു കുഞ്ഞി അമ്പലം.
കളിമണ്ണുപയോഗിച്ചു  തന്നെ ഗണപതിയെയും ഉണ്ടാക്കാൻ പറ്റും.
ഒരു വലിയ ഉരുള കൊണ്ട്  ഗണപതിയുടെ കുടവയർ.
ഒരു ചെറിയ ഒരുള കൊണ്ട് തല.
പിന്നെ സിഗരട്ട് പോലെ ഉരുട്ടി തുമ്പിക്കൈ.
അടിച്ചു പരത്തി രണ്ടു വലിയ ചെവികൾ .
അങ്ങനെ കളിമണ്‍ ഗണപതി പ്രതിഷ്ഠ റെഡി .

ഇനി ഉത്സവമാണ്. ഒരു കമ്പ് കുത്തി നിർത്തും . പ്ലാവില കൊണ്ട് ഒരു കുമ്പിൾ കുത്തിയാൽ മൈക്ക് ആയി.

മൈക്കിലൂടെ റെക്കേഡ്  പാട്ട് വേണ്ടേ?
എല്ലാവരും ചേർന്ന് ഉറക്കെ പാടും.

"ചീമപ്പുളി വിൽക്കാനുണ്ടോ വെല്യോട്ടിലെ വെല്യമ്മേ?

ബീമാനം  കാണണമെങ്കിൽ മേപ്പോട്ടു നോക്കണമേ..
രാജാവിനെ  കാണണമെങ്കിൽ താപ്പോട്ടു  നോക്കണമേ..."

ആകെ ബഹളം.

പാടത്തിനങ്ങേക്കരെ റോഡിലൂടെ  പോകുന്നവർ  നിന്ന് നോക്കും.
അവരെ കാണുമ്പോൾ ഞങ്ങടെ കാളികൂളിത്തരം കൂടും.
ഡാൻസ് തുടങ്ങും.
"ബീമാനം  കാണണമെങ്കിൽ താപ്പോട്ടു നോക്കണമേ..
രാജാവിനെ  കാണണമെങ്കിൽ  മേപ്പോട്ടു നോക്കണമേ..."
എന്ന് തെറ്റിച്ചു പാടി ഹ ഹ ഹ എന്ന് അലറിച്ചിരിക്കും.
ഓഹോയി ഓഹോയി എന്നലറി  തേവരെയും കൊണ്ട് തുള്ളുന്നതായി അഭിനയിക്കും.
ആകെ ബഹളം.

നിനക്ക് എന്ത് മനസ്സിലായി?
കൌതുകവും സന്തോഷവും ഉത്സാഹവും എല്ലാം നിറഞ്ഞ ഒരു ആത്മഹർഷമാണ് കുട്ടിക്കാലം. 

ഞാമ്പറയാം. ഞങ്ങള് നെറ്റിലെ ഡോട്ടാ കളിക്കുമ്പോ, ഇംഗ്ലണ്ടിൽ നിന്നും ഡെമിഗോഡും, അമേരിക്കെന്നു ഈവിൾഗോഡും  ആസ്ട്രെലിയെന്നു ബ്ലഡ് മാനും എല്ലാം കൂടി ഒരു ടീമാ. മറ്റവന്മാരെ ഞങ്ങൾ അടിച്ചു പരത്തും.. എന്നാ പവർ  ആണെന്നോ ഞങ്ങടെ ആംസിനു. അവമ്മാര് എഴയലത്ത് വരില്ല. അരമണിക്കൂർ കൊണ്ട് അവന്മാരെ ഞങ്ങള് പൊളിച്ചടുക്കും. അച്ച കാണണം. ഫയിറ്റ് ചെയ്യാൻ  എന്നാ രസം ആണെന്നോ?


അവൻ ബുക്കും തലയ്ക്ക് മേളിൽ കറക്കി ചാടിച്ചാടി അകത്തേയ്ക്ക് ഓടി.


ഇപ്പൊ ഒരു രസം  വരാൻ എന്നാ ഒരു വഴി?

ഭാര്യ കാണാതെ ഒരു രണ്ട്  പെഗ്ഗെടുത്തു വീശിയാലോ?

-----------------------------------------------------------------------------------------------------------


കണക്കായിപ്പോയി..


അത്രയ്ക്ക് ശല്യമാണ് അവനെക്കൊണ്ട്.
രണ്ടുവയസ്സിനിളയവൻ.
കുസൃതിത്തരം കൊണ്ട്  പ്രാന്ത് പിടിപ്പിക്കും.
കുട്ടിക്കാലത്ത് സ്ഥിരം തമ്മിൽത്തല്ലാണ്.
വഴക്കുണ്ടാക്കി മേലുനോവിച്ചിട്ടു അവൻ ഓടിക്കളയും.
കയ്യിൽ  കിട്ടില്ല. 

ഒരിക്കൽ അതുപോലെ അവൻ സാരമായ ഒരു പരിക്കൽപ്പിച്ച് കലഹഭൂമിയിൽ നിന്നും പലായനം ചെയ്തു.

കയ്യിൽ  കിട്ടാത്തത്തുകൊണ്ട് ദേഷ്യം അതികലശലായി വന്നു.
ഒരു കല്ലെടുത്തു വലിച്ചോരേറ്‌..!
നല്ല ഉന്നക്കാരനാണ്. 
അവൻ ഓടി വീടിന്റെ മൂലയും കടന്ന് തിരിഞ്ഞ് അപ്രത്യക്ഷനാകും മുന്പ് അവന്റെ മുതുകിന് എറിഞ്ഞു പിടിപ്പിക്കാൻ മൂന്നു  മുഴം മുന്നേയാണ്‌ ഏറ്.

കല്ലുകൊണ്ടോ എന്നറിഞ്ഞില്ല, അവൻ മൂല തിരിഞ്ഞു അപ്രത്യക്ഷനായി.

പുറകെ അയ്യോ എന്നൊരു നിലവിളി ഉയർന്നു.എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു.

സന്തോഷമായി ചേട്ടാ, സന്തോഷമായി... 

സന്തോഷം മൂത്ത് കണ്ണടച്ചു, നിന്ന നിൽപ്പിൽ  കറങ്ങി, ഉയർന്നു ചാടി  ആർത്തട്ടഹസിച്ചു.
"കണക്കായിപ്പോയി. കണക്കായിപ്പോയി. നിനക്കങ്ങനെ തന്നെ വേണം.."

തറയിൽ വന്നു കണ്ണ് തുറന്നപ്പോൾ മുൻപിൽ അച്ഛൻ.

തല നന്നായി തിരുമ്മി, വേദന കടിച്ചിറക്കി അച്ഛൻ അലറി.
"എന്റെ തലയിൽ എറിഞ്ഞുപിടിപ്പിച്ചതും പോരാ, കണക്കായിപ്പോയെന്നോ..!?"

ചുമ്മാതെ ചോദിക്കണ്ടാ.

എത്ര തല്ലു കിട്ടിയെന്നു ഒരോർമയുമില്ല.
-----------------------------------------------------------------------------------


ചെമ്പുകണ്ടത്തിൽ ദാവീദ്  

എഴുപതുകളുടെ മധ്യാഹ്നത്തിലാണ് ചെമ്പുകണ്ടത്തിൽ ദാവീദിനെ ആദ്യമായി കാണുന്നത്.

ഹൈസ്കൂൾ പഠനകാലം. 
എന്തും വായിക്കാനുള്ള ആർത്തിയാണ് അക്കാലത്ത്. ഒരു പുസ്തകത്തിൽ കേറി അടുത്തതിൽ ചാടി അങ്ങനെ പോകും വായന. കസിന്സ്  തുള്ളിച്ചാടി കളിച്ചുനടക്കുമ്പോൾ ഒരു മൂലയ്ക്ക് ഒരു പുസ്തകവുമായി ഒതുങ്ങിക്കൂടിയിരിക്കുന്നതാണ് സ്വഭാവം. അങ്ങനെ പുസ്തകപ്പുഴു എന്നൊരു പേരും ചാർത്തിക്കിട്ടി.
എന്റെ തന്നെ പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു അന്നെനിക്ക് .

വൈകുന്നേരങ്ങളിൽ ചിലപ്പോൾ  അവന്റെ വീട്ടിൽ  പോകും.
അവിടെ വച്ചാണ് ദാവീദിനെ ആദ്യമായി കാണുന്നത്.
കൂട്ടുകാരന്റെ ചേച്ചിയുടെ വക, എണ്ണൂറിൽ പരം പേജുകളുള്ള, കട്ടിക്കവറുള്ള ഒരു ഗ്രന്ഥം.
ഒട്ടും അഴുക്കു പുരളാത്ത നല്ല വെണ്‍മയാർന്ന  പേജുകളിൽ കുഞ്ഞക്ഷരങ്ങളിൽ  ആംഗലേയഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട്  ചാൾസ് ഡിക്കൻസിന്റെ "ഡേവിഡ് കോപ്പർഫീൽഡ് "..

ചേച്ചിയോട് വായനയ്ക്ക് പുസ്തകം ആവശ്യപ്പെട്ടു. പുള്ളിക്കാരി വിസമ്മതിച്ചു. ഒന്ന്, പുസ്തകം തന്നു വിടാൻ കഴിയില്ല. പയ്യൻ ചീത്തയാക്കിയാലോ? രണ്ട്, കടുകട്ടി ഇംഗ്ലീഷ്‌ ആണ്. ഹൈസ്കൂളുകാരന്റെ പരിധിയിൽ നിൽക്കില്ല.


മുഖത്തെ വിഷമം കണ്ടതുകൊണ്ടാണോ, അനിയന്റെ കൂട്ടുകാരൻ എന്ന പരിഗണന കൽപ്പിച്ചു കിട്ടിയതുകൊണ്ടാണോ എന്നറിയില്ല, ഒടുക്കം ചേച്ചി സമ്മതിച്ചു- പുസ്തകം കൊണ്ടുപോകാൻ പറ്റില്ല, പക്ഷെ വൈകുന്നേരങ്ങളിൽ  വന്നിരുന്നു വായിച്ചു കൊള്ളൂ..


അങ്ങനെ എല്ലാ വൈകുന്നേരങ്ങളിലും സ്കൂൾ വിട്ടു വന്നാൽ  ഉടൻ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ  ഹാജരാകും. ഒരു വട്ടമേശപ്പുറത്ത് ഭയഭക്തിബഹുമാനത്തോടെ പുസ്തകമെടുത്തുവച്ച് അതിന്റെ താളുകൾ നോവിക്കാതെ മൃദുവായി മറിച്ച്  വായന. 

ഏകദേശം ഒരു  മാസമെടുത്തു  ദാവീദിനെ വായിച്ചെടുക്കാൻ. പല വാക്കുകളുടെയും അർഥം  മനസ്സിലാകുമായിരുന്നില്ലെങ്കിലും കഥയുടെ മാസ്മരികത എന്നെ മറ്റൊരു ലോകത്തിലേയ്ക്ക് എത്തിച്ചു.

ഏകദേശം  മുപ്പത്തഞ്ചു വർഷങ്ങൾ പിന്നിട്ട് വീണ്ടും ചെമ്പുകണ്ടത്തിൽ ദാവീദ് എന്റെ മുന്നിലെത്തിയപ്പോൾ വായനയുടെ നിലാവെളിച്ചത്തിൽ മുങ്ങിമറഞ്ഞുപോയ ആ വൈകുന്നേരങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. 

ഇത്തവണ വാക്കുകളുടെ അർഥതലങ്ങൾ തിരിച്ചറിഞ്ഞ്  വൈകാരികാനുഭൂതി നുണഞ്ഞിറക്കി ഒരു മാസം കൊണ്ട് തീർത്ത  പുനർവായന.
-------------------------------------------------------------------------------------------------


സ്നേഹവഴികൾ 


സ്നേഹം കടന്നു വരുന്നത് വിചിത്ര വഴികളിലൂടെയാണ്‌.

ഏറ്റവും മനോഹരം  അപ്രതീക്ഷിതവഴികളിലൂടെ കടന്നു വന്ന് നമ്മെ വീർപ്പുമുട്ടിക്കുന്ന  സ്നേഹപ്രകടനമാണ്.

മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ സ്നേഹം വരുമ്പോൾ അവർ കസേരമേലും മേശപ്പുറത്തും കയറി നിന്ന് നമ്മുടെ കഴുത്തിനെ കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച്  കവിളുകളിൽ മാറി മാറി ഉമ്മ വയ്ക്കും. ചോദിക്കേണ്ട താമസം മാത്രമേയുള്ളൂ.


വളർന്നു  വലുതാകുമ്പോഴോ ശരീരം കൊണ്ട് അവർ അകലുകയാണ്. 

മനസ്സിൽ അതെ സ്നേഹം തുള്ളിത്തുളുമ്പുമ്പോഴും ലജ്ജ മൂലം അവർ അകന്നു നിൽക്കുകയാണ് . ഒരുമ്മ താടീ/ താടാ എന്ന് പറയുമ്പോൾ മാത്രം ഒരുമ്മ കൊത്തി വയ്ക്കുന്നവരായി കാലം അവരെ വളർത്തുന്നു.

എങ്കിലും അവിടെയും അവിചാരിതവഴിയിലൂടെ സ്നേഹങ്ങൾ  കടന്നു വരികയായി.
എല്ലാവരെയും വിട്ട് പ്രവാസജീവിതത്തിന് പെട്ടിയും തൂക്കി ഇറങ്ങുമ്പോൾ പതിനഞ്ചുവയസ്സുകാരൻ ഓടി വന്ന്  ഒന്നും മിണ്ടാതെ, കസേരയിലോ മേശപ്പുറത്തോ കയറി നില്ക്കേണ്ട ആവശ്യകതയില്ലാതെ, കഴുത്തിൽ ചുറ്റിപ്പിടിച്ച് ,ശ്വാസം മുട്ടിക്കാതെ  കവിളിൽ ഒരു ദീർഘചുംബനം തന്ന് വീണ്ടും ഒന്നും മിണ്ടാതെ  ഓടി അകലുകയായി.

ഇടയ്ക്കിടെ നാട്ടിലെത്തുമ്പോൾ ഇരുപത്തിമൂന്നു  വയസ്സുകാരി ഓടിവന്നു ഒന്നും മിണ്ടാതെ എന്റെ തോളിൽ അവളുടെ എണേ കോണേ  എന്ന രീതിയിൽ നില്ക്കുന്ന പലക പല്ലുകൾ ഇറക്കി സ്നേഹം കുത്തി വയ്ക്കുകയായി.


സൌദിയിൽ നിന്നും ഫോണ്‍  വിളിച്ച്  പരസ്പരം വഴക്കിടുമ്പോൾ ഇപ്പോഴും തോളിൽ  ഒരു സൂചി വേദന ഉയിർത്തെഴുന്നേറ്റു വരുന്നുണ്ട്.

27 comments:

  1. ഓര്‍മ്മത്തുണ്ടുകള്‍ക്ക് മധുരവും വീര്യവും ഏറും കാലമേറുമ്പോള്‍.. നന്മയുടെയും സ്നേഹത്തിന്‍റെയും മുന്തിരിനീര്‍ വീണിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും.. :)

    ReplyDelete
  2. കണക്കായ്‌ പോയ്‌ ഹ ഹ ഹ ഹ അന്ന് എത്ര തല്ലു കിട്ടിയിട്ടുണ്ടാവും , നന്നായിടുണ്ട് ഭായ് ആശംസകൾ .

    ReplyDelete
    Replies
    1. തല്ലു കിട്ടിയത് നന്നായിട്ടുണ്ടെന്നോ..!!

      Delete
  3. ഇങ്ങനെ ഓർമ്മകൾ എത്ര...

    ReplyDelete
  4. ഓര്‍മകള്‍ക്ക് കാലം കഴിയും തോറും തിളക്കം കൂടും എന്ന് തോന്നുന്നു....

    ReplyDelete
  5. die with memories and not with dreams എന്നല്ലേ......

    ReplyDelete
  6. മധുരിക്കും ഓര്‍മ്മകള്‍....

    ReplyDelete
    Replies
    1. നിനയ്ത്താൽ ഇനിയ്ക്കും..

      Delete
  7. ചിന്തകൾ ഇങ്ങിനെ അനേക ശകലങ്ങളായി ഞങ്ങളുടെ മുന്നിൽ ഒന്നിച്ച് നിരത്തി ഇടരുത്. ഓരോന്നായി ഒരു ഗ്യാപ് കൊടുത്ത് ഇടുക. ഞങ്ങൾക്ക് സാവകാശത്തിൽ.ഓരോന്നും ആസ്വദിയ്ക്കാം.

    പണ്ട് കുട്ടികൾ കളിച്ച പോലെ കളിയ്ക്കാൻ ഇന്ന് എവിടെ സമയം? റ്റുഷൻ, എൻട്രൻസ്‌, അങ്ങിനെ പലതും. ബാക്കി സമയം കമ്പ്യുട്ടറിൽ. ആലോചനയ്ക്ക് അവസാനമാക്കി രണ്ട് അടിയ്ക്കാമെന്നു വിചാരിച്ചത് നന്നായി. അതിലും ഒരു കുഴപ്പമുണ്ട്. അത് അടിച്ചാൽ നൊസ്റ്റാൾ ജിയ വലിയ വേഗത്തിൽ വരും.

    പാവം അച്ഛൻ. ആ ഉന്നം മാവിലും പ്രയോഗിച്ചു കാണും അല്ലേ.മിടുക്കൻ.

    പുസ്തക വായന ഇന്നും തുടരുന്നല്ലോ. അല്ലെ. അന്ന് വായിച്ച അതെ നോവൽ അതെ ഒരു മാസം എടുത്തു ഇന്നും വായിയ്ക്കാൻ എന്നത് രണ്ടു കാര്യം ആണ് കാണിയ്ക്കുന്നത്. ഒന്ന് താൽപ്പര്യമില്ലായ്മ. അല്ലെങ്കിൽ നിലവാര തകർച്ച. ഏതായാലും വായന തുടരുന്നത് നന്ന്.

    മോളേ അല്ലെങ്കിൽ മോനേ വിളി കാലക്രമേണ പേര് വിളി ആയി മാറുന്നു പലപ്പോഴും. സ്നേഹം അവിടെ ഉണ്ട്. പ്രകടനം കാലത്തിനനുസരിച്ച് മാറുന്നു എന്ന് മാത്രം. മറ്റൊരു വശം കൂടിയുണ്ട്. കുറെ ക്കൂടി കഴിയുമ്പോൾ, കല്യാണം എല്ലാം കഴിഞ്ഞു, സ്വത്തോ പണമോ ഒക്കെ ആവശ്യപെടുമ്പോൾ വരുന്ന സ്വാഭാവിക സ്വഭാവ പരിണാമം.

    ReplyDelete
    Replies
    1. നന്ദി.സൂക്ഷ്മമായ വായനയ്ക്കും അഭിപ്രായത്തിനും.
      പുസ്തകവായനയുടെ തലങ്ങൾ പ്രായം കൂടുന്നതിനനുസരിച്ച് മാറും. ജീവിതാനുഭവങ്ങൾ കൂടുതൽ സൂക്ഷ്മമായ സമയമെടുത്തുള്ള വായനയ്ക്ക് നമ്മെ പ്രേരിപ്പിക്കും.

      Delete
  8. വാക്കുകള്‍ കൊണ്ട് വരച്ച മനോഹരമായ മഴവില്ല് ......അപ്പോള്‍ നമ്മളെല്ലാം അത്യാവശ്യം വാങ്ങിയിട്ടുണ്ട് എന്ന് സമ്മതിക്കാം അല്ലേ.....ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി വിനോദ്. ആവശ്യത്തിനു മേടിച്ചു കൂട്ടിയിട്ടില്ലെങ്കിൽ പിന്നെന്തു ബാല്യം?

      Delete
  9. ഓർമത്തുണ്ടുകൾ മനോഹരമായി :)

    ReplyDelete
    Replies
    1. നന്ദി ധന്യ..

      Delete
    2. This comment has been removed by the author.

      Delete
    3. ഇവ്ടേം ധന്യ.. :/ എന്റെ പൊന്നു ചേട്ടാ.. ചേട്ടാന്നു വിളിച്ച നാവുകൊണ്ട് അങ്കിളേന്നു വിളിപ്പില്ലേ.. :'( ഞാൻ പേരു മാറ്റണമെന്നാ തോന്നുന്നെ.. നിക്ക് ഫീൽ ആയി കേട്ടോ.. ദുഷ്ടൻ

      Delete
    4. അനു...അനു...അനു...അനു...അനു...അനു...അനു...അനു...
      ഈ ഫെയിക് പേരും കൊണ്ടിറങ്ങീട്ടല്ലെ,,!! യഥാർത്ഥ പേര് നോക്കാനിറങ്ങിയ എന്നെ തൊഴിക്കണം.!! :(

      Delete
    5. യഥാർത്ഥ പേര് നോക്കാൻ വേണ്ടി about me നോക്കുന്നതിനു പകരം ബ്ലോഗിന്റെ പേരു നോക്കിയതിനു തൊഴിക്കണം.. ;)

      Delete
    6. യഥാർത്ഥ പേര് നോക്കാൻ വേണ്ടി about me നോക്കുന്നതിനു പകരം ബ്ലോഗിന്റെ പേരു നോക്കിയതിനു തൊഴിക്കണം.. ;)

      Delete
  10. കുട്ടിക്കാലത്ത് കളിച്ച കളികള്‍ എനിക്കു തോന്നുന്നു എല്ലാ നാട്ടിലും ഒന്നായിരുന്നു എന്നു...കളഞ്ഞു പോയ കുട്ടിക്കാലവും ഓര്‍ത്തു, മകള്‍ക്ക് കൊടുക്കാനാകാത്ത നിരാശയും വന്നു

    ReplyDelete
    Replies
    1. കാലം മാറി, കളി മാറി..

      Delete
  11. ആനന്ദലഭ്ദിക്കുള്ള പോംവഴികൾ എന്തെല്ലാം ..അല്ലേ

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...