Wednesday, 10 December 2014

നെത്തോലി ചെറിയ മീനല്ലവിവാഹിതനായി കഴിയുമ്പോൾ കാര്യങ്ങൾക്ക് മൊത്തം ഒരു അന്തസ്സോക്കെ കൈവരുമല്ലോ.
അവൻ "വീടായി കുടിയായി" താമസമായി എന്നാണു പിന്നെ നാട്ടുകാർ പറയുന്നത്.

മധുവിധു ആഘോഷിക്കാൻ യൂറോപ്യന്‍ നഗരങ്ങളായ ലണ്ടൻ , പാരീസ്, ഫ്രാങ്ക്ഫർട്ട് , വിയന്ന, പ്രേഗ്, സ്റ്റോക്ക്‌ഹോം , റോം, പാരീസ്, അമേരിക്കയിലെ വാഷിങ്ങ്ടന്‍, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്‌, ഡിസ്നി ലാന്ഡ് , നടുക്കുകിഴക്കൻ(Middle East ) നഗരങ്ങളായ ദുബായ്, മസ്കറ്റ്, ഷാർജ, ബഹറിൻ, ഇസ്ടാന്ബൂൾ പിന്നെ ആസ്ട്രേലിയയിലെ സിഡ്നി, പെര്‍ത്ത്, പിന്നെ മലേഷ്യ, സിംഗപ്പൂര്‍,ഹോങ്കോങ്ങ്, തുടങ്ങിയ സമീപസ്ഥസ്ഥലങ്ങളിലെല്ലാം പോകണമെന്ന് ഭാര്യക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പോയില്ല.

കയ്യിൽ പത്തു കാശു വേണമല്ലോ ഇതൊക്കെ നടത്താൻ..
മൊത്തം ബാങ്ക് ബാലൻസ് അഞ്ഞൂറ്റിപ്പന്ത്രണ്ട് രൂപ !

എന്നാലും കുറ്റം പറയരുതല്ലോ, ഭാര്യ നിർബന്ധിക്കാതെ തന്നെ ചെങ്ങന്നൂർ, കാരക്കാട്, കുളനട, പുല്ലാട്, ആറന്മുള, മെഴുവേലി തുടങ്ങി മാന്നാർ വരെയുള്ള പത്തു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദൂരസ്ഥസ്ഥലങ്ങളിലും അവളെ കൊണ്ടുപോയി.
ഭേഷായി ബന്ധുജനങ്ങൾ നല്കിയ വിരുന്നു കഴിക്കുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം പത്നീസമേതനായി ഭാര്യാഗൃഹത്തിൽ എത്തി. ഞങ്ങളുടെ കൂടെ വിവാഹിതരായ ഭാര്യയുടെ അനിയത്തിയും ഭർത്താവും എത്തിയിട്ടുണ്ട്.

രാത്രി അത്താഴശേഷം രണ്ടുകൂട്ടരെയും ഭാര്യാപിതാവ് ഒരു മുറിയിലേയ്ക്ക് വിളിപ്പിച്ചു.
ആ മുറി മുഴുവൻ വിവാഹസമ്മാനമായി ലഭിച്ച പാക്കറ്റുകൾ അടുക്കി വച്ചിരിക്കുകയാണ്.

"ദാ ഈ കാണുന്ന സമ്മാനങ്ങളൊക്കെ നിങ്ങൾക്ക് കിട്ടിയതാ. രണ്ടു കൂട്ടരും തുല്യമായി പങ്കു വച്ചോ. ഞങ്ങൾക്കൊന്നും വേണ്ടാ. നിങ്ങൾക്ക് വേണ്ടാത്തത് വല്ലതുമുണ്ടേൽ ആ ചെറ്യ മേശപ്പുറത്തോട്ടു എറിഞ്ഞേക്ക്, ഞങ്ങൾ എടുത്തോളാം."

പുള്ളിക്കാരന്റെ അന്നേരത്തെ മുഖഭാവമാണ് പിന്നീട് കല്യാണരാമൻ സിനിമയിൽ ഇന്നസെന്റ് ഗ്ലാസ് കൊണ്ട് വച്ചിട്ടു "വേസ്റ്റ് ഗ്ലാസ്സാ, അതവിടിരുന്നോട്ടെ, വേസ്റ്റു വരുന്ന മദ്യം ഒഴിക്കാനാ ' എന്ന് പറയാൻ ഉപയോഗിച്ചത്.

ആ വലിയ ഡൈനിംഗ് ടേബിളിനെ ഞാൻ ശത്രുതയോടെ നോക്കി.

പറഞ്ഞു തീർന്നതും ഭാര്യയുടെ അനുജത്തി സമ്മാനക്കൂമ്പാരത്തിലേയ്ക്കു ഒരൊറ്റ ഡൈവിംഗ്. ആൾ അപ്രത്യക്ഷമായി.

"എന്റെ ഭാര്യ എവിടെ, എന്റെ ഭാര്യ എവിടെ" എന്ന് അനുജത്തിയുടെ ഭർത്താവ് വിലപിക്കാൻ തുടങ്ങി.

ഉടൻ കൂമ്പാരത്തിനിടയിൽ നിന്നും ഒരു അശരീരി മുഴങ്ങി
"അണ്ണാ വേഗം വാ.."

ഞാൻ എന്റെ ധർമദാരത്തെ പാളി നോക്കി. ചാടെടീ, ചാടെടീ എന്നയർഥത്തിൽ തല ഇളക്കി.
"എനിക്ക് നീന്തലറിയാൻ പാടില്ലെടാ" എന്നയർഥത്തിൽ അവൾ എന്നെ ദയനീയമായി നോക്കി.

ഭാര്യാപിതാവ് എന്ന അച്ചാച്ചൻ വീണ്ടും മോഡറേറ്ററായി.
"രണ്ടു കൂട്ടരും ബഹളം വയ്ക്കണ്ടാ. എല്ലാം തുല്യമായി വീതിക്കാം. "

അങ്ങനെ സമ്മാനങ്ങളുടെ വീതം വയ്പ്പ് തുടങ്ങി. ഒരു ക്ലോക്ക് എന്റെ ഭാര്യ എടുക്കുമ്പോൾ അനിയത്തി വേറൊരു ക്ലോക്കെടുക്കും.
ഏതെങ്കിലും സാധനങ്ങൾ ഒരുപോലെയുള്ളതു വീണ്ടും വന്നാൽ അനിയത്തി ചാടിക്കേറി പറയും
"അതെനിക്ക് തന്നേരടീ.. ഈ അണ്ണന്റെ അമ്മാവന്റെ മൂത്ത മോന്റെ അനിയത്തിയുടെ നാത്തുന്റെ അയൽക്കാരൻ ഇതുപോലൊന്ന് ചോദിച്ചാരുന്നു. ഇനി കാശു കൊടുത്തു മേടിക്കണ്ടാല്ലോ.."

സമ്മാനങ്ങൾ വീതം വച്ചു തീർന്നപ്പോൾ അച്ചാച്ചൻ രണ്ടു കവറുകൾ എടുത്തിട്ടു പറഞ്ഞു.
"ഇത് ബന്ധുജനങ്ങൾ സമ്മാനമായി തന്ന പൈസയാണ്. നിങ്ങള്ക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ വാങ്ങാൻ . തുല്യമായി വച്ചിട്ടുണ്ട്"

"എനിക്ക് മാണ്ടാ.." ഞാൻ ബലൂണ്‍ വീർപ്പിച്ചു .
"എനിക്കും മാണ്ടാ.." അനിയത്തിയും ഭർത്താവും വിട്ടില്ല.

ബന്ധം വച്ചു അനിയനാണെങ്കിലും പുള്ളിക്കാരൻ പ്രായം വച്ചു ചേട്ടനാണ്. അതുകൊണ്ട് അനിയൻചേട്ടാ എന്ന് വിളിക്കാനാണ് എന്റെ തീരുമാനം.

"വാങ്ങീര് പ്രദീപേ, നമ്മക്ക് എവിടേലും ടൂറിനു പോകാലോ.." ഭാര്യ നിര്‍ബന്ധിച്ചു.
"അതിനൊക്കെ എന്റേൽ കാശൊണ്ട് .." ഞാൻ ഒന്നൂടെ ബലൂണ്‍ വീർപ്പിച്ചു.

"ഒണ്ട്, ഒണ്ട്.. അഞ്ഞൂറ്റിപ്പന്ത്രണ്ട് രൂപയൊണ്ട് " ഭാര്യ ബലൂണ്‍ കുത്തിപ്പൊട്ടിച്ചു വിട്ടു.

ഇതാണ് കുഴപ്പം.
എല്ലാ മണ്ടന്മാരായ ആണുങ്ങളും അവരുടെ മധുവിധുകാലത്ത് ഭാര്യമാരോട് സകലതും തുറന്നു പറയും. പഠിക്കുന്ന കാലത്തെ പ്രണയകഥകൾ, ബാച്ചിലറായി നടന്ന കാലത്തെ കുരുത്തക്കേടുകൾ. ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന കോടിക്കണക്കിന് വിലവരുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ താക്കോൽ സ്ഥലം, അമ്മയോടുള്ള സ്നേഹത്തിറെ അളവ്, സഹോദരിയോടുള്ള സ്നേഹത്തിന്റെ അളവ്, ഭാവിയിൽ വേറെ മാറി താമസിക്കാനുള്ള വീടിന്റെ പ്ലാനും എലിവേഷനും എസ്റ്റിമേറ്റും തൊട്ട് ഇട്ടോണ്ട് നടക്കുന്ന അണ്ടർവെയറിന്റെ ബ്രാൻഡ് നെയിം വരെ. എന്നാൽ ഈ മണ്ടന്മാർ പകരം വല്ലതും അന്വേഷിച്ചറിയുമോ, അതുമില്ല. ഭാര്യമാർ അതെല്ലാം വളരെ വ്യക്തമായും കണിശമായും അവരുടെ ബുക്കിൽ കുറിച്ചെടുക്കും. സൂക്കറിനു മുൻപേ കണ്ടുപിടിക്കപ്പെട്ട ഈ ഫേസ്ബുക്ക് ഒരു വലിയ പ്രതിഭാസമാണ്. അതിലെ പേജുകൾ നിങ്ങൾക്ക് ഒരുകാലത്തും വായിച്ചെടുക്കാൻ പറ്റില്ല. കാരണം എല്ലാവരെയും ബ്ലോക്കിയിരിക്കുകയാണ്. അങ്ങോട്ട്‌ ചുമ്മാ ലയ്ക് അടിക്കാൻ പറ്റും. അത്രമാത്രം. ഇടയ്ക്കിടെ ഭാര്യമാർ അത് മനസിനകത്തുനിന്നും എടുത്തു ഒരൊറ്റ പ്രയോഗമാണ്.

"ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്നാമാണ്ട് ജനുവരി മുപ്പത്തിയെഴിനു രാവിലെ ഒന്പതരയ്ക്കല്ലേ ചേട്ടൻ എന്നോടു പറഞ്ഞത് പച്ച നിറമുള്ള ഒരു കാഞ്ചീപുരം സാരി വാങ്ങിത്തരാമെന്ന്. ഇപ്പൊ കൃത്യം ആയിരത്തിഅഞ്ഞൂറ്റി ഇരുപതു ദിവസോം പതിനാറു മണിക്കൂറുമായി. എവിടെ സാരി ? ദുഷ്ടൻ ..!!"

"എടീ ജനുവരി മാസത്തിനു മുപ്പത്തിയൊന്നു ദിവസം വരേയൊള്ളൂ.."
"വിഷയം മാറ്റുന്ന സ്വഭാവം പണ്ടേ ചെട്ടനൊണ്ട്.."

"ഞാൻ മേടിച്ചു തരും. അതിങ്ങനെ ആറുമാസം കൂടുമ്പോൾ എല്ലാ വർഷവും നീ ഓർമിപ്പിക്കണ്ട.."

ഇന്നലെ അത്താഴത്തിനിരിക്കുമ്പോൾ നാളെ ഞാൻ ചേട്ടന് ചിക്കൻ മഞ്ചൂരിയൻ ഉണ്ടാക്കിത്തരുമല്ലോ എന്ന് പറഞ്ഞു നമ്മളെ പുളിവെള്ളം കൂട്ടി ചോറൂട്ടിയ കാര്യം സ്വയം മറന്നു നമ്മൾ ഇന്ന് വീണ്ടും ഇന്നലെ ബാക്കി വന്ന പുളിവെള്ളം കൂട്ടി ചോറുണ്ണുമ്പോഴാണ്‌ ഈ വക മാരകപ്രയോഗം.
അങ്ങനെ പോകും കാര്യങ്ങൾ.

മണ്ടനായ ഞാൻ കുനിഞ്ഞിരുന്നു ആഗോളതാപനനിയന്ത്രണത്തിന്റെ ഭാഗമായി കാർബണ്‍ റ്റാക്സെസ് എങ്ങനെ മറികടക്കാം എന്നതിനെപ്പറ്റി കൂലങ്കഷമായി ചിന്തിക്കാൻ തുടങ്ങി.

"ഹ ഹ . എന്റെ ചേട്ടന്റെ കയ്യിൽ അറുന്നൂറ്റി മുപ്പത്തേഴു രൂപായുണ്ടല്ലോ.." ഭാര്യയുടെ അനിയത്തി അട്ടഹസിച്ചു.

ഞാൻ അനിയൻ ചേട്ടനെ തലപൊക്കി നോക്കി.
ങ്ഹാ, പുള്ളിയുടെ ബലൂണും പൊട്ടിയിരിക്കുന്നു.
അപ്പൊ നമ്മൾ ഒരു പാർട്ടിക്കാരാ അല്ലേ ? ദാരിദ്ര്യവാസികൾ.
ആഗോളതാപന നിയന്ത്രണം, പുല്ല് ..
ഞാൻ തലപൊക്കി വീണ്ടും ഉഷാറായി.

" ഇത് സ്ത്രീധനോന്നുമല്ല. വല്ലോരും തന്ന കാശാ . അല്ലേലും നിങ്ങക്ക് സ്ത്രീധനം ഒന്നും തരാൻ ഞങ്ങൾക്ക് ഒരു ദുരുദ്ദേശവുമില്ല." അച്ചാച്ചൻ വീണ്ടും കവറുകൾ നീട്ടി.

എന്റെ ഭാര്യ ചാടി വീണു കവർ തട്ടിപ്പറിച്ചു.
"അച്ചാച്ചനിങ്ങു താ. പ്രദീപങ്ങനെ പലതും പറയും. "

പിന്നെ ഫേസ് ബുക്ക് തുറന്നു ബസ് സ്റ്റാന്ടിലെ പുസ്തകക്കച്ചവടക്കാരൻ ശൈലിയിൽ സ്റ്റാറ്റസ് നീട്ടിവായിച്ചു.

" മധുവിധു ആഘോഷിക്കാൻ യൂറോപ്യന്‍ നഗരങ്ങളായ ലണ്ടൻ , പാരീസ്, ഫ്രാങ്ക്ഫർട്ട് , വിയന്ന, പ്രേഗ്, സ്റ്റോക്ക്‌ഹോം , റോം, പാരീസ്, അമേരിക്കയിലെ വാഷിങ്ങ്ടന്‍, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്‌, ഡിസ്നി ലാന്ഡ് , നടുക്കു കിഴക്കൻ(Middle East ) നഗരങ്ങളായ ദുബായ്, മസ്കറ്റ്, ഷാർജ, ബഹറിൻ, ഇസ്ടാന്ബൂൾ പിന്നെ ആസ്ട്രേലിയയിലെ സിഡ്നി, പെര്‍ത്ത്, പിന്നെ മലേഷ്യ, സിംഗപ്പൂര്‍,ഹോങ്കോങ്ങ്, തുടങ്ങിയ സമീപസ്ഥസ്ഥലങ്ങളിലെല്ലാം
(അണയ്ക്കുന്ന ശബ്ദം)
കൊണ്ടുപൊകാമെന്നു കല്യാണത്തിനു മുൻപേ പറഞ്ഞതാ. കല്യാണം കഴിഞ്ഞപ്പോ എല്ലാം മറന്നു. ഞങ്ങൾക്ക് എവിടേലും പോകാൻ ഈ പൈസ എടുക്കാം"

"ങ്ഹെ, കല്യാണത്തിനു മുന്പ് ഇതൊക്കെ എന്റെ മര്വോൻ നിന്നോട് എപ്പോ വാഗ്ദാനം ചെയ്തു?" അച്ചാച്ചൻ അന്ധാളിച്ചു.
കല്യാണ നിശ്ചയം കഴിഞ്ഞ് മകൾ പ്രതിശ്രുധവരനുമായി തിരുവനന്തപുരത്തു പ്രണയിച്ചു നടന്ന കാര്യം പുള്ളി അറിഞ്ഞിട്ടില്ല.

എന്റെ ഭാര്യ ടമാർ എന്നൊരു ശബ്ദത്തോടെ അപ്രത്യക്ഷയായി.
കൂടെ കവറും.

അങ്ങനെ ബന്ധുക്കളുടെ ചിലവിൽ രണ്ടു കൂട്ടരും കന്യാകുമാരിക്കു വിട്ടു.

ദിവസങ്ങൾ കടന്നു പോയി. എന്റെ അവധിയും തീർന്നു. ദന്തൽ കോളേജിൽ ഉപരിപഠനം നടത്തുന്ന ഭാര്യയുടെ ക്ലാസ് ആവശ്യത്തിന് മുടങ്ങുകയും ചെയ്തു.

തിരുവനന്തപുരത്തെ വാടകവീട്ടിൽ ഞങ്ങൾ താമസ്സമായി. കൂട്ടിനു അനിയനും. അവൻ അവിടെ ലാ കോളേജിൽ പഠിക്കുകയാണ്, അഥവാ പഠിക്കുകയാണ് എന്നാണു അവൻ പറയുന്നത്.

അമ്മമാർ കുറച്ചുദിവസം കൂട്ട് വന്നു നിന്നു. ഒരു കുടുംബജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടുപോകാം എന്ന് പഠിപ്പിക്കുകയായിരുന്നു അമ്മമാരുടെ ഉദ്ദേശം. അവരുടെ കുടുംബ ജീവിതം താറുമാറാകുമെന്നു കണ്ടപ്പോൾ അവർ അവരവരുടെ കുടുംബത്തേയ്ക്ക് മടങ്ങുകയും ചെയ്തു. ഈ പിള്ളേര് നന്നാവാൻ പോന്നില്ലെന്നൊരു കണ്ടുപിടുത്തവും.

വിവാഹജീവിതത്തിനു മുൻപരിചയമൊന്നുമില്ലാത്ത ഞങ്ങൾ നിലാവത്ത് കോഴിയെ അഴിച്ചു വിട്ട മാതിരി അതങ്ങനെ കൊണ്ടാടുകയാണ്.

തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും മനോഹരവും ദീപ്തവുമായ ഒരു കാലം ജീവിതത്തിൽ മറ്റെങ്ങുമില്ല തന്നെ.

ചുറ്റും എന്ത് നടക്കുന്നു എന്നതിനുപരിയായി നമുക്കിടയിൽ എന്ത് നടക്കുന്നു എന്നുമാത്രം അന്വേഷിച്ചു നടക്കുന്ന മധുവിധുകാലം. പലപ്പോഴും അതിന്റെ മാന്ത്രികച്ചരട് ചുറ്റുമുള്ളവർക്ക് അനുഭവവേദ്യമല്ലാത്തതിനാൽ അവർ പിറുപിറുക്കും.

"ങ്ഹും, മറ്റാരും കല്യാണം കഴിക്കാത്തതുപോലെ. "

എന്നും അങ്ങനെ കാണാമറയത്തു ആ മാന്ത്രികച്ചരടു പൊട്ടാതെ, ജീവിതം പരസ്പരം മറയും വരെ, കൊണ്ടുനടക്കുന്നവർ ഭാഗ്യവാന്മാർ, ഭാഗ്യവതികൾ എന്ന് കാലം രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവിതപ്രഹേളികകൾ സുധീരം നേരിട്ട് ഞങ്ങൾ ജീവിതം അങ്ങനെയങ്ങനെ മുൻപോട്ടു കൊണ്ടുപോയി.

ഭാര്യ എന്നെ ഒരു ഗിനിപ്പന്നി ആക്കി മാറ്റി അവളുടെ പാചകനിപുണത വർദ്ധിപ്പിച്ചു. ഒരിക്കൽ അവളുടെ പാചകത്തെ പുകഴ്ത്തിപ്പറഞ്ഞതിന് അവൾ എന്നോടു രണ്ടു ദിവസം മിണ്ടാതെ നടന്നു. അത്താഴത്തിനു വിളമ്പിയ രസം നല്ല രസമുണ്ടെന്ന് ഞാൻ പറഞ്ഞതാണ് പ്രശ്നമായത്‌ .

ഏതേലും ഭാര്യമാർ അവരുടെ പാചകനിപുണതയെ ഭർത്താവ് പുകഴ്ത്തി പറഞ്ഞാൽ പിണങ്ങുമോ?

ഭർത്താവിന്റെ മനസ്സിലോട്ടുള്ള വഴി അയാളുടെ ഉദരത്തിലൂടെയാണ് എന്ന പഴമൊഴി ഭേദഗതി ചെയ്തു ഭാര്യയുടെ മനസ്സിലോട്ടുള്ള വഴി അവളുടെ പാചകത്തെ പുകഴ്ത്തലാണ് എന്ന തന്ത്രം നടപ്പിലാക്കിയ ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങിയിരുന്നപ്പോൾ അനിയനാണ് ചാരപ്രവർത്തനത്തിലൂടെ അത് കണ്ടു പിടിച്ചത്.

കറി സാമ്പാർ ആയിരുന്നത്രെ...!!

അത് പുളിങ്കറി ആണെന്നാണ്‌ അവൻ കരുതിയതെന്നാണ് അവൻ രഹസ്യമായി പിന്നീടെന്നോടു പറഞ്ഞത്. ഊഹിക്കാൻ പോകാഞ്ഞതുകൊണ്ട് അവൻ രക്ഷപെട്ടു. മാത്രവുമല്ല, എപ്പോൾ ആഹാരം കഴിക്കാനിരുന്നാലും ഞാൻ കഴിച്ചു തുടങ്ങിയാലേ അവൻ കഴിക്കൂ എന്ന് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. എന്നോടുള്ള ബഹുമാനമാണ് കാരണം എന്നാണു ഞാൻ കരുതിയത്‌. പക്ഷെ അത് ചേട്ടത്തിയുടെ പാചകത്തിനോടുള്ള ബഹുമാനമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
എന്ത് കറി കണ്ടാലും അത് ഊഹിക്കുന്ന പരിപാടി അതോടെ ഞാൻ നിർത്തി.

വൈകുന്നേരങ്ങളിൽ പലചരക്കു പച്ചക്കറി മീൻ മാംസാദികൾ വാങ്ങാൻ ഒരുമിച്ചാണ് പോക്ക്.

മീൻ വാങ്ങണമെങ്കിൽ വില പേശാൻ നല്ല വാക്ചാതുര്യം വേണം.
മീൻ വിൽക്കുന്ന പെണ്ണുങ്ങൾക്ക്‌ ആ ചാതുര്യം നല്ലതുപോലെയുള്ളതുകൊണ്ട് നല്ലതുപോലെ കാശു മുടക്കി പഴുത്ത മീൻ തിന്നാനുള്ള യോഗം ഞങ്ങൾക്കുണ്ടായി .

ഞങ്ങൾ വാങ്ങിക്കൊണ്ടുവരുന്ന പഴുത്തുചീഞ്ഞ മീനിന്റെ വിലകൾ കേട്ട്‌ അന്തംവിട്ട അയലത്തെ സ്നേഹമയിയായ അമ്മൂമ്മ എന്റെ ഭാര്യയെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു.
"ന്റെ മോളെ, ആ പെണ്ണുങ്ങള് ആറ്റം സാധനങ്ങളാന്ന് . വോ, വെലകള് പേശിത്തന്നെ വാങ്ങണം. നിങ്ങള് പിള്ളെരായത് കൊണ്ടാ ലവളുമാർക്കു ഇത്ര പറ്റീര്. പറേണ വെലകളു കൊടുക്കരീം.. നന്നാ വെലകള് പേശണം .ഒരൂട്ടം പത്തു രൂവാ പറഞ്ഞാ അഞ്ചു രൂവയ്ക്ക് തര്വോന്നു ച്വാദിക്കണം.. യെന്നാലേ ലവളുമാര് മീനുകൾ വെലകൾ കുറച്ചു തരുവൊള്ള് ..വോ..!"


എന്റെ ഭാര്യയുടെ കണ്ണുകളിൽ ഒരു നിശ്ചയദാർഢൃ‌ം വന്നു നിറഞ്ഞു.
ഞാൻ എന്റെ ശുഷ്കിച്ച പേഴ്സിനെ നോക്കി ചിരിച്ചു.
മീങ്കാരികളുടെ ദുഷ്ട ലോകമേ, എന്റെ പ്രിയതമ ഇതാ വരുന്നു. നിങ്ങൾ ഞെട്ടാൻ പോകുന്നു. പുതുദമ്പതികളാണ്, പിള്ളേരാണ് എന്നൊക്കെ വിചാരിച്ചു നിങ്ങൾ ഇത്രയും കാലം പറ്റിച്ചില്ലേ? ഇനിയും അത് തുടരാമെന്ന് നിങ്ങൾ കരുതേണ്ടാ.
അറിവിറെ ശക്തിയാണ് ഞങ്ങളുടെ ആയുധം.
ഞാൻ എഞ്ചീനീയർ, കണക്കിന്റെ ആശാൻ...
എന്റെ ഭാര്യ ഡോക്ടർ, വിശകലനത്തിന്റെ ആശാട്ടി...
ഞങ്ങളിതാ വരുന്നു.
തടുക്കാമെങ്കിൽ തടുത്തോ.!!

അടുത്ത ദിവസം വൈകുന്നേരം ഞങ്ങൾ മീൻ വാങ്ങിക്കാൻ ഇറങ്ങി.

ചന്തയിൽ ഉത്സവത്തിന്റെ ആളാണ്.
ഞങ്ങളെ കണ്ടതോടെ പറ്റീരുപ്രസ്ഥാനക്കാരായ മീൻകാരികൾ സ്ഥിരം നിലവിളി തുടങ്ങി.

"മ്വാനെ വാ, മ്വാളെ ..വാ,, നല്ല പച്ചമീനുകള് . നല്ലോണം വെലകള് കൊറച്ചു തരാന്ന്.. വരീൻ.."

ഗുസ്തി പിടിക്കാൻ നേരം "സോണിയാ വന്നാട്ടെ, വന്നോട്ടെ , " എന്ന് പഞ്ചാബീ ഹൗസിൽ ഹരിശ്രീ അശോകൻ പറയും മട്ടിൽ തലയാട്ടി എന്റെ ഭാര്യ മുൻപോട്ടു കയറി.

നല്ല നെത്തോലി മീൻ പല കൂട്ടങ്ങളായി പലകപ്പുറത്തു നിരത്തി വച്ചിരിക്കുകയാണ്. എന്റെ ഭാര്യ സീസറിനെപ്പോലെ ഗൌരവത്തിൽ നെത്തോലി എന്ന ചെറിയ മീനെ കൈവിരൽ ചൂണ്ടി ആരാഞ്ഞു

"എന്താ അതിനു വില?"

"ഇരുപതു രൂവാ മ്വാളെ.." മീൻകാരി ആദരവോടെ പറഞ്ഞു.

അയലത്തുകാരി അമ്മൂമ്മയെ മനസ്സിൽ ധ്യാനിച്ചു എന്റെ പ്രിയതമ കനപ്പെട്ട സ്വരത്തിൽ ചോദിച്ചു.

"പത്തു രൂപയ്ക്ക് തരുമോ?"

മീൻകാരിയുടെ മുഖത്തു കദനഭാരം വന്നു നിറഞ്ഞു.

"ന്റെ മ്വാളെ, മൊതലാവില്ല മ്വാളെ . നേരാം വെലകള് തന്നെ പറേണത്..വോ.. മോക്ക് ഞാൻ പതിനഞ്ചുരൂപയ്ക്ക് തരാം. കൂടു കാണീര്.."

ഞാൻ ഭാര്യയെ വിജയഭാവത്തിൽ തോണ്ടി. മിടുക്കി, മിടുമിടുക്കി..!!

കാര്യമായി എന്തേലും ചെയ്യുമ്പോൾ ശല്യപ്പെടുത്തുന്ന പിള്ളാരെ പുറംകയ്യാൽ തല്ലിയോടിക്കുന്നതുപോലെ ഭാര്യ എന്റെ കൈ തട്ടിയെറിഞ്ഞു വീണ്ടും ഗൌരവത്തിൽ മീൻകാരിയോടു ആരാഞ്ഞു.

"ശരി, നിങ്ങളോട് തർക്കിക്കാനൊന്നും നേരമില്ല, രണ്ടു കൂട്ടം മുപ്പതു രൂപയ്ക്ക് തരുമോ?"

മീൻകാരി അന്തം വിട്ടു എന്റെ ഭാര്യയെ നോക്കി .
അവരുടെ അന്തംവിടൽ കണ്ടു എന്റെ ഭാര്യ വിജയഭാവത്തിൽ എന്നെ നോക്കി.
ഗൗരവതരമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടിന്റെ കോണിലൂടെ തത്തിക്കളിച്ചു,
കണ്ടു പഠി , പെമ്പിള്ളേർ വില പേശുന്നത്..

ശരിയാണ്. ഇതാണ് ബിസിനസ് തന്ത്രം. അഞ്ചു രൂപാ വില പേശി ഇപ്പൊൾ മൊത്തം ലാഭം പത്തു രൂപയായില്ലേ. എന്തേ പ്രിയതമേ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നിയില്ല.
എന്റെ ഭാര്യ എന്റെ ഐശ്വര്യം.

മീൻകാരി എന്റെ ഭാര്യയെ നോക്കി പതുക്കെ പറഞ്ഞു.
"ന്റെ മ്വാളെ, രണ്ടു കൂട്ടത്തിന്റെ വെലയാ ആദ്യം ഞാൻ ഇരുപതു പറഞ്ഞത്"

രണ്ടുകൂട്ടം മീൻ ഇരുപതു രൂപയ്ക്ക് വില പറഞ്ഞ മീൻകാരിയോടു അത് ഒരു കൂട്ടത്തിന്റെ വിലയായി കരുതി ഒരുകൂട്ടത്തിനു പതിനഞ്ചു രൂപാ വച്ചു രണ്ടുകൂട്ടത്തിനു മുപ്പതു രൂപയാക്കി ശക്തിയുക്തം വാശിയോടെ വീറോടെ വില പേശിയ വിശകലനത്തിന്റെ ആശാട്ടിയായ എന്റെ ധർമദാരം ടമാർ എന്നൊരു ശബ്ദത്തോടെ അപ്രത്യക്ഷയായി.

ഈ ടമാർ എന്ന ശബ്ദത്തോടെയുള്ള അപ്രത്യക്ഷമാകൽ ഇവളെവിടുന്നാണോ പഠിച്ചെടുത്തത്.

കണക്കിന്റെ ആശാനായ എൻജിനീയർ ഈ ഞാൻ ഒന്നും മിണ്ടാതെ ദാ ഇപ്പൊ ഇങ്ങട് വന്നതേയുള്ളൂ എന്ന മട്ടിൽ കൂടെടുത്തു ആ രണ്ടുകൂട്ടം മീൻ ഒന്നും മിണ്ടാതെ ഇരുപത് രൂപയ്ക്ക് വാങ്ങി വീട്ടിലേയ്ക്ക് നടന്നു. അതിനു പതിനഞ്ചുരൂപയെ മീൻകാരി പറഞ്ഞുള്ളൂ എന്ന കാര്യം ഉള്ളിൽ കിടന്നു വിതുമ്പുന്ന ചിരിയിൽ ഞാൻ മറന്നു പോയിരുന്നു.

രാത്രി നെത്തോലി വറുത്തത് കൂട്ടി ഊണ് കഴിക്കുമ്പോൾ ഞാൻ ഭാര്യയെ നോക്കി.
അവൾ കുനിഞ്ഞിരുന്ന് വറുത്ത നെത്തോലി കറുമുറാ കറുമുറാ തിന്നുകയാണ്.

ഇടയ്ക്ക് അവൾ തലയുയർത്തി എന്നെ പാളി നോക്കി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ എനിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.

ഞാൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
അവളും ചിരി തുടങ്ങി.

ഒന്നുമറിയാത്ത അനിയൻ ചോറൂണ് നിർത്തി അന്തം വിട്ടെഴുന്നേറ്റ് വാഷ്ബേസിനരികിലെ കണ്ണാടിയിൽ പോയി സ്വന്തം മുഖം പരിശോധിച്ചു തൃപ്തിയായി തിരിച്ചു വന്നു ചോദിച്ചു

"രണ്ടു പേർക്കും വട്ടായോ?"

ഞാൻ അവനോടു ചോദിച്ചു

"നിനക്ക് മീൻ വില പേശി മേടിക്കാനറിയാമോ? ഇല്ലേൽ ചേട്ടത്തിയോട് ചോദീര്."

എന്റെ ഭാര്യ പാത്രവുമെടുത്തു സ്പീഡിൽ അടുക്കളയിലേയ്ക്ക് നടന്നു.
ഇനി ഒരു രണ്ടു ദിവസത്തെ പിണക്കം?

ഇല്ല, അവൾ ഇപ്പോഴും ചിരിക്കുന്നുണ്ട്.
57 comments:

 1. അദ്ദാണ്..പെണ്ണ്!!...ന്തിലും ഒരു കൊള്ളിയവള്‍ കരുതി വെക്കും!!rr

  ReplyDelete
  Replies
  1. അല്ലേലും അങ്ങനാ.. ആണുങ്ങള്‍ പാവങ്ങള്‍..

   Delete
 2. ഹഹഹ് ഈ മനുഷ്യന്റെ ഒരു കാര്യം :) ചിരിച്ചു പണ്ടാരമടങ്ങി ,,,അമ്മായി അപ്പന് പറ്റിയ മരുമോന്‍ ;)

  ReplyDelete
  Replies
  1. ങ്ങും. അമ്മായിയപ്പനെ ഞാനാ സെലെക്റ്റ് ചെയ്തത്..

   Delete
 3. എന്റെ ഭാര്യ എന്റെ ഐശ്വര്യം.
  രസായി.

  ReplyDelete
  Replies
  1. എന്റെ ഭാര്യ എന്റെ ഐശ്വര്യാ റായി (അവളിതെല്ലാം വായിക്കും.)

   Delete
 4. നാറ്റിക്കരുത് please . സത്യത്തിനു ചിരിക്കുന്ന മുഖവുമുണ്ടോ !? പിന്നെ പണ്ടാരാണ്ട് പറഞ്ഞതോ സത്യത്തിനു കൈപ്പാണെന്ന് .

  ReplyDelete
  Replies
  1. ഇബിടുണ്ടാര്‍ന്നോ..!! നമ്മുടെ സത്യങ്ങള്‍ക്ക് ചിരിയുടെ നല്ല മധുരമല്ലേ പ്രിയതമേ..
   (കഥാപാത്രങ്ങള്‍ കമന്റാന്‍ പാടില്ലാന്നു പണ്ടേ പറഞ്ഞിട്ടൊണ്ട്‌..)

   Delete
 5. ഈ നെത്തോലി ഒട്ടും ചെറിയ മീനല്ല.അതീവ ബുദ്ധിമതികളായ സ്ത്രീകളെ ഇമ്മാതിരി ബദുക്കൂസുകളാക്കി ചിത്രീകരിച്ച് കയ്യടി നേടുന്ന പുരുഷന്മാരുടെ കിരാതനടപടിയിൽ പ്രതിഷേധിക്കുന്നു..

  ReplyDelete
  Replies
  1. നമ്മുടെ സ്ത്രീകള്‍ ബടുക്കൂസുകളല്ല. അവര്‍ നമ്മളെ നേടിയില്ലേ?

   Delete
 6. നെത്തോലി എന്തു മീനാണ്. എന്തായാലും മുഴുനീളഹാസ്യം. വായിക്കാൻ നല്ല രസമുണ്ടായിരുന്നു.

  ReplyDelete
  Replies
  1. നെത്തോലികള്‍ യഥാര്‍ത്ഥത്തില്‍ വലിയ ഒരുതരം ചെറിയ മീനുകളാണ്.

   Delete
  2. കൊഴുവ എന്നും പരയും

   Delete
 7. രസകരമായി എഴുതി

  ReplyDelete
  Replies
  1. നന്ദി ശ്രീ.. വീണ്ടും വീണ്ടും വരിക.

   Delete
 8. ദേ വീണ്ടും..... ഒരു കൊട്ട നെത്തോലിയും കൊണ്ട് ഇറങ്ങിയിരിക്ക്യാല്ലേ, മനുഷ്യനെ ചിരിപ്പിക്കാന്‍?

  ReplyDelete
  Replies
  1. ല്ലേപ്പിന്നെ എന്ത് ജീവിതം മുബീ..

   Delete
 9. വൻ അവിടെ ലാ കോളേജിൽ പഠിക്കുകയാണ്, അഥവാ പഠിക്കുകയാണ് എന്നാണു അവൻ പറയുന്നത്.

  ചോട്ടാ....!

  ReplyDelete
  Replies
  1. അതെ രാജാ. അല്ലേല്‍പ്പിന്നെ അവന്‍ സൌദിയില്‍ പോയി കിടക്കുമോ?

   Delete
 10. ഹോ.. ഞാനൊക്കെ എന്തൊക്കെ പഠിക്കാന്‍ കിടക്കുന്നു..
  എന്‍റെ ഭാര്യ എന്‍റെ ഐശ്വര്യം.. :) :) :)

  ചിരിച്ചു ചിരിച്ചു വയ്യ.. (y) സൂപര്‍ പ്രദീപേട്ടാ...

  ReplyDelete
  Replies
  1. ഇത് warning ആണ് കേട്ടാ. രണ്ടു പേര്‍ക്കും. നല്ലതുപോലെ വായിച്ചു പഠിക്കണം.

   Delete
 11. രസകരമായിട്ടുണ്ട്

  ReplyDelete
 12. വല്ലാത്ത പറ്റായിപ്പൊയി

  ReplyDelete
 13. ഹോ , ഇതൊരു വല്ലാത്തൊരു ചെയ്യതായി പോയി ,, ഇനിയും ഉണ്ടോ ഇതുപോലുള്ള ഐറ്റംസ് .......

  ReplyDelete
  Replies
  1. പിന്നേ..!! ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു അല്ജു..

   Delete
 14. നമുക്ക് സന്തോഷമായി. ചിരിച്ച് രസമായി. അല്ല സാമ്പാറായി!!!

  ReplyDelete
  Replies
  1. ന്തോ ഒരു അനുബവകഥ മണക്കുന്നല്ലോ അജിത്തെട്ടാ.. :P

   Delete
 15. രസിച്ചു വായിച്ചു. ഓരോ വരിയിലും നര്‍മ്മം ഒളിച്ചുവെച്ചിരിക്കുന്നു.

  ReplyDelete
  Replies
  1. വായനയ്ക്ക് നന്ദി സുധീര്‍.

   Delete
 16. Kidilan......

  Baakki poratte pradeepettaaaa....

  ReplyDelete
 17. ഞാന്‍ രാവിലെ ഫോണില്‍ കൂടിയാ ഈ പോസ്റ്റ്‌ വായിച്ചത് . വായിക്കുന്നതിനിടയിലെ എന്‍റെ ചിരി കേട്ട് അമ്മ വന്നു നോക്കിയിട്ട് പോയി . ഈ പെണ്ണിന് രാവിലെ എന്ത് പറ്റി എന്നോര്‍ത്തിട്ടുണ്ടാവും അമ്മ . രസാവഹമായി എഴുതി ദോശ ചേട്ടാ . പാവം എന്നാലും മീനിന്‍റെ വില പേശലും , ഊണ് മേശയിലെ ചിരിയും , അനിയന്‍റെ കണ്ണാടി നോക്കലും ഹോ ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു

  ReplyDelete
  Replies
  1. ചിരിക്കൂ, ചിരിച്ചുകൊണ്ടേയിരിക്കൂ.. സന്തോഷം.

   Delete
 18. വായിച്ചു, രസിച്ചു, ചിരിച്ചു, ദാ ഇപ്പോഴും ചിരിച്ചോണ്ടിരിക്കുന്നു:)

  ReplyDelete
 19. ഹ ഹ ഹ വളരെ മനോഹരമായിരിക്കുന്നു ..... രസം സൂപ്പർ കേട്ടോ ഹി ഹി ഹി

  ReplyDelete
  Replies
  1. നന്ദി മാനവന്‍..വീണ്ടും വരിക

   Delete
 20. കൊള്ളാലോ..
  എഴുത്തും ഇഷ്ടായി..
  കൂടെ പ്രിയതമ ഒപ്പിട്ടുപോയ കമ൯റും.. hihhi

  ReplyDelete
  Replies
  1. എല്ലാ പോസ്റ്റിലും പ്രിയതമയുടെ ഒപ്പുണ്ട്, മുബാറക്..

   Delete
 21. ആ അമ്മായിയപ്പനെ കൊടുക്കുന്നുണ്ടോ... വാങ്ങാന്‍ ആള് റെഡി ആണ്.....

  ReplyDelete
  Replies
  1. ഞാന്‍ കാശ് കൊടുത്തു വാങ്ങിയതാ,. തരൂല..

   Delete
 22. വളരെ കാലത്തിനു ശേഷം വായിച്ച ഒരു രസികൻ പോസ്റ്റ്‌. ആദ്യാന്തം ചിരി വിതറിയ പോസ്റ്റ്‌. ആ സമ്മാന കൂമ്പാരത്തിലേക്കുള്ള ഡൈവിംഗ് ശരിക്കും പൊട്ടിച്ചിരിപ്പിച്ചു. ജീവിതത്തെ ഇങ്ങിനെ രസകരമായി വീക്ഷിച്ചാൽ അതെത്ര ആസ്വാദ്യകരമായിരിക്കും. നര്മ്മം എഴുതി ഫലിപ്പിക്കാനുള്ള മിടുക്കിനു ഒരു കയ്യടി.

  ReplyDelete
  Replies
  1. നന്ദി അക്ബര്‍. ജീവിതത്തെ എങ്ങനെ കാണുന്നു, അതാണ്‌ ജീവിതം.

   Delete
 23. അതു സാമ്പാറയിരുന്നു...ഹഹഹ.കലക്കിപ്പൊളിച്ചു പ്രദീപ്.

  ReplyDelete
  Replies
  1. അതെ, ഒരബദ്ധം പറ്റുമ്പോഴാണ്‌ ചിരിക്കുന്നത് അല്ലെ? :(

   Delete
 24. charmingly humorous. enjoyed reading.

  ReplyDelete
  Replies
  1. Thanks Sir, "charmingly" is a good encouragement for me.

   Delete
 25. ചിരിച്ചു മറിഞ്ഞു.
  വിലപേശലിൽ ഞാൻ മാത്രമല്ല രാജാവ് എന്നറിയുമ്പോൾ ഒരു സന്തോഷം.

  പേശലിന്റെ കിരീടവും ചൂടി വീട്ടിലെത്തുന്നതേ ഓർമ്മയുണ്ടാവൂ. പേശി വാങ്ങിയ അയല വീട്ടിലെത്തിയപ്പോൾ അയലപ്പാര ( അയലയുടെ ഡ്യൂപ്ലിക്കേറ്റ് ആയ ഒരു മീൻ) ആയ ചരിത്രവും ഉണ്ട്.

  ReplyDelete
  Replies
  1. അദ്ദാണ് മനോജ്‌.. രാജാക്കന്മാർ എന്തറിഞ്ഞൂ വിഭോ.. :)

   Delete
 26. ആ കിട്ടിയ കവറില്‍ എത്രയുണ്ടായി? ;) ( "സന്തോഷായില്ലേ പ്രദീപേട്ടാ " എന്ന് ഡയമണ്ട് നെക്ലേസ് സിനിമയിലെ പോലെ ചോദിച്ചോ ബിന്ദുചേച്ചി ;) )

  ReplyDelete
 27. ശ്ശേ!!!!പകൽ വായിച്ചാൽ മതിയാരുന്നു.ഈ പാതിരാത്രിക്ക്‌ ഇത്‌ വായിക്കാൻ തോന്നിയ എന്നെ പറഞ്ഞാൽ മതിയല്ലൊ!!!അച്ഛനാണോ അമ്മിയാണോ,അതോ അനിയനാണോ എന്റെ കതകിൽ മുട്ടിയത്‌??(അത്ര ഉച്ചത്തിലാരുന്നേ എന്റെ ചിരി.)

  ReplyDelete
 28. എന്‍റെ പണിക്കാരു പിള്ളേരു എന്നെ ചങ്ങലക്കിടുമോ മിക്കവറും അത് നടക്കും.....ചിരിപ്പിച്ചു കൊന്നു ഭായ്.......

  ReplyDelete
 29. ശ്ശൊ , ഇത് വീണ്ടും വായിക്കാന്‍ ഇവിടെ വന്നത് ചുമ്മാ കമന്റ് അടിക്കാന്‍ അല്ലാട്ടോ

  ReplyDelete
 30. ഓ എന്നാ പറയാനാ... പൊളിച്ചൂട്ടോ

  ReplyDelete
 31. This comment has been removed by a blog administrator.

  ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...