Saturday 22 February 2014

കാരണവർ




"നീ വെള്ളിയാഴ്ച വൈകിട്ടിങ്ങെത്തണം. നമ്മൾ അന്ന് പറഞ്ഞ ആ പെങ്കുട്ടിയെ ഞായറാഴ്ച പോയി കാണണം .."
അമ്മ ഫോണ്‍  ചെയ്തു പറയുമ്പോൾ മനസ്സിൽ ഒരമ്പരപ്പായിരുന്നു.
ജോലി കിട്ടിയിട്ട് ഒരു വർഷമാകുന്നതെയുള്ളൂ. ഒരു കല്യാണം കഴിക്കാൻ പ്രായമായോ എന്ന് സ്വയം സംശയിക്കുന്ന കാലം.
എന്ന് വച്ചാൽ അർമാദിച്ചു നടക്കുന്ന കാലം.

അങ്ങനെയാണ് ആദ്യമായും അവസാനമായും നടന്ന ആ പെണ്ണുകാണൽ സംഭവിച്ചത്.

അച്ഛനമ്മമാർ, സഹോദരീസഹോദരന്മാർ (ഓരോന്ന് വച്ച്, അത്രയേ സ്റ്റോക്കുള്ളൂ ), ഒരേയൊരു അമ്മാവനും അമ്മാവിയും, ഒന്ന് രണ്ടു അടുത്ത ബന്ധുക്കളും -  അങ്ങനെ വലിയ ഒരു യുദ്ധസന്നാഹവുമായി ഞാൻ  പെണ്ണിന്റെ വീടിന്റെ  പൂമുഖത്ത് സോഫയിൽ ബലം പിടിച്ചിരിക്കുകയാണ്. 

പെണ്ണിന്റെ അച്ഛൻ വമ്പൻ തമാശകൾ അഴിച്ചു വിടുന്നുണ്ട്. എല്ലാവരും ചുറ്റും കൂടിയിരുന്നു ചിരിക്കുന്നു. ഒന്നും മനസ്സിൽ കയറുന്നില്ലെങ്കിലും ഒരു വിഡ്ഡിയെപ്പൊലെ ഞാനും  ചിരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പറഞ്ഞതിനെപ്പറ്റി  എന്താ അഭിപ്രായം എന്നാരെങ്കിലും ചോദിച്ചാൽ ബലൂണ്‍ പൊട്ടുന്നപോലെ പൊട്ടും ആ ഇളി....

ഇടക്കിടെ ഇടനാഴിയിൽ ഓരോരോ ആണ്‍ പെണ്‍ രൂപങ്ങൾ  പ്രത്യക്ഷപ്പെടും. അവർ എന്നെ അന്യഗ്രഹജീവി എന്നവണ്ണം കൃത്രിച്ചു  നോക്കുന്നുമുണ്ട്. കൃശഗാത്രനായ ഞാൻ കസേരയിൽ ചൂളിയിരുന്നു കുഷ്യന്റെ അകത്തേയ്ക്ക് കുറേശ്ശെ കുറേശ്ശെ അലിഞ്ഞു ചേരാൻ തുടങ്ങി. 
ചിലരെ ഭാവി ശ്വശുരൻ പരിചയപ്പെടുത്തുന്നുണ്ട്. 
ഇത് പെണ്ണിന്റെ അമ്മാവൻ . 
ഇത് പെണ്ണിന്റെ ഇളയച്ഛൻ. 
ഇത് പെണ്ണിന്റെ ഒരേയൊരു കുഞ്ഞമ്മ. 
കൂടെയുള്ളത് കുഞ്ഞമ്മയുടെ മൂത്ത ആൾ. 
ഇത് പെണ്ണിന്റെ അച്ഛന്റെ അമ്മാവന്റെ ഇളയ മോന്റെ അയലത്തുകാരന്റെ കൊച്ചച്ചന്റെ..

വരുന്നവർക്കെല്ലാം ഒറ്റ ഉദ്ദേശമെ ഉള്ളൂ. എന്റെ കൃശഗാത്രത്തിലേയ്ക്ക് ആഗ്നേയശരങ്ങൾ  എയ്യുക.
ഞങ്ങടെ പെണ്ണിനെ കെട്ടണമെന്ന് പറയാൻ ഇവനാരെടാ..

ഒടുവിൽ പെണ്ണ് വന്നു.
ഒരു താലത്തിൽ നാരങ്ങവെള്ളവുമായി. 
കൂടെ ജിലേബിയും, ലഡുവും മിക്സച്ചറും  അച്ചപ്പവും എന്ന് വേണ്ട നാട്ടിൽ കിട്ടാവുന്ന ഒരുമാതിരി എല്ലാ നാടൻ പലഹാരങ്ങളുമില്ല.. 
ഈ പാർടി വീടുകളിൽ പെണ്ണ് കാണാൻ പോയാൽ  ഇങ്ങനെയിരിക്കും.

പെണ്ണ് താലം ടീപ്പോയിൽ വച്ചിട്ടു നമ്മളെ ഒന്ന് രൂക്ഷമായി നോക്കി.
ഇങ്ങനെയുള്ള അവസരങ്ങളിൽ ചെറുക്കൻ എന്തെങ്കിലും ചോദിക്കണമെന്ന് കണ്ട സിനിമകൾ എല്ലാം പറയുന്നുണ്ട്.
നാക്ക് കൊണ്ട് ചുണ്ട് നനച്ചു കുട്ടപ്പനായപ്പൊഴെക്കും. ഒരേയൊരു അമ്മായി പറ്റിച്ചു.
"മോളെവിടെയാ ഇപ്പൊ പഠിക്കുന്നേ?"

അമ്മായിയെ കത്തിക്കാൻ വേണ്ടി ഒരു രൂക്ഷനോട്ടം നോക്കി. 
ഹും, പഠിച്ചോണ്ടുവന്ന ഒരു ചോദ്യം ദാ ചോർന്നു.

ഭാവി ശ്വശുരൻ ബോംബിട്ടു.
"അവളെ വിട്ടേര്. അത് പെണ്ണിന്റെ അനിയത്തിയാ"
അമ്മായി ഒഴികെ എല്ലാവരും ഉറക്കെ ചിരിച്ചു. 
അമ്മായിയും ചിരിച്ചു. പൊതുവഴിയിൽ  സൈക്കിളേന്നു വീണിട്ടു ചാടിയെഴുന്നേറ്റ്  ചുറ്റും നോക്കിയുള്ള ആ  ഒരു ചിരി.

ടെൻഷനെല്ലാം പോയി. 
അമ്മായിയെ നോക്കി വിശാലമായി ചിരിച്ചു. 
അമ്മായിക്ക് അങ്ങനെ തന്നെ വേണം. 

അപ്പൊ പെണ്ണിതല്ലേ ?

"അവളുടെ കല്യാണം ഉറപ്പിച്ചു. ദേ ഈ ഇരിക്കുന്ന കക്ഷിയാ കക്ഷി.."
ഭാവിശ്വശുരൻ  എതിർവശത്തിരുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി പറഞ്ഞു. 

അതുശരി, ഞാൻ വന്നു മൂത്തതിനെ കല്യാണം കഴിക്കുന്നതിനു മുന്പ് അനിയത്തിയെ കെട്ടാൻ തയ്യാറായി വന്നു നില്ക്കുകയാ  ല്ലേ ?
ഒന്ന്നോക്കി പേടിപ്പിക്കാൻ ശ്രമിച്ചു.
വേഗമൊന്നു കെട്ടിക്കൊണ്ടു പോടെ, ഞാനുമോന്നു കെട്ടിക്കോട്ടെ   എന്ന ഭാവത്തിൽ ആ ചെറുപ്പക്കാരനും  രൂക്ഷഭാവത്തിൽ എന്നെ നോക്കി ചിരിച്ചു.

ഒടുവിൽ പെണ്ണെത്തി. 
അമ്മ അവളെ  സോഫയിൽ കൂടെ പിടിച്ചിരുത്തി ഓരോന്ന് ചോദിക്കാൻ തുടങ്ങി.അമ്മായി വീണ്ടും സൈക്കിൾ  ഓടിക്കാനും തുടങ്ങി.

അവൾ എന്നെ നോക്കുന്നതേയില്ല.. 
നമ്മൾ ആരാ മോൻ.  വിട്ടു കൊടുക്കുമോ, 
മുഴുവൻ സമയവും  അവളെ തന്നെ വായിനോക്കികൊണ്ടേയിരുന്നു.
മനസ് നിറഞ്ഞു...

ഉച്ചയൂണ് കഴിച്ചതൊന്നും  ഓർമയിലില്ല. കഴിച്ചെന്നു അവൾ ഇന്നും   തർക്കിക്കും, സമ്മതിച്ചുകൊടുക്കും  ..(ഊണിനേക്കാൾ വലുതല്ലേ കുടുംബസമാധാനം)

ഊണു കഴിഞ്ഞു മുറ്റത്തു ചുമ്മാ ഇറങ്ങി നില്ക്കുമ്പോഴാണ്  നമ്മുടെ കഥാപാത്രം കാരണവർ എത്തുന്നത്. 
മുടി അല്പം നരച്ച്  ഉയരം കുറഞ്ഞ ഒരു രൂപം.
ഐശ്വര്യം നിറഞ്ഞു കവിയുന്ന മുഖം. 

അദ്ദേഹം ഒരു പുഞ്ചിരിയോടെ, നമ്മളെ ഒരു മൂലയ്ക്കൊതുക്കി ചോദിച്ചു.
"എങ്ങനെ, പെണ്ണിനെ ഇഷ്ടമായോ?"

ഒന്ന് പതറി. 
പെണ്ണിനെ ഇഷ്ടമായി  എന്ന് ഉറക്കെ പറയണമെന്നുണ്ട്. അങ്ങനങ്ങ് വിട്ടു കൊടുക്കാൻ പാടില്ലല്ലോ . നമുക്ക് ഇഷ്ടമായി എന്ന് പറഞ്ഞിട്ട് ഒടുവിൽ പെണ്ണിന് ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ  നമ്മുടെ സർവഗാംഭീര്യവും പോയില്ലേ?
കാരണവർ നമുക്കിട്ടു പണിയാൻ വന്നിരിക്കുകയാണ്. 
അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലല്ലോ..
തിരിച്ചൊരു പാര അങ്ങോട്ടിട്ടു കൊടുത്തു.

"പെണ്‍കുട്ടി എന്ത് പറഞ്ഞു? ചോദിച്ചോ"
ചാട്ടുളി പോലെ മറുപടി തിരിച്ചു വന്നു.
"പിന്നേ , അവൾക്കിഷ്ടമായി. അതുകൊണ്ടല്ലേ ഞാൻ നേരിട്ട് വന്നു ചോദിച്ചത്.."

പകൽപ്രകാശം എങ്ങോട്ടോ  പോയി മറഞ്ഞു.
കാരണവർ  അപ്രത്യക്ഷനായി. 
തണൽ തന്ന ചാമ്പമരം അപ്രത്യക്ഷമായി.
മുറ്റം അപ്രത്യക്ഷമായി. 
പെണ്ണിന്റെ വീട് അപ്രത്യക്ഷമായി. 
ഞാൻ മാത്രം ഒരു പഞ്ഞിക്കെട്ടിനു പുറത്തു കയറിയങ്ങനെ  പറന്നു നടക്കുകയാണ്.

" അപ്പൊ പറ. പെണ്‍കുട്ടിയെ ഇഷ്ടമായോ"
കാരണവരുടെ ചോദ്യം വീണ്ടും ദൂരെയെവിടെയോ നിന്നും  ഒഴുകി വന്നു. 
നേരത്തെ അപ്രത്യക്ഷമായി എന്ന് പറഞ്ഞതെല്ലാം റിവേഴ്സ്  ക്രമത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഞാൻ ചരൽ വിരിച്ച മുറ്റത്ത് കാലുകൾ  ഊന്നി ഇറങ്ങി. ചാമ്പയെ മുറുക്കിപ്പിടിച്ചു. 

"ഇഷ്ടമായി"
എങ്ങനെയോ പറഞ്ഞൊപ്പിച്ചു .

"ബാക്കി കാര്യം ഞാനേറ്റു"
ആഹാ , അത്രയ്ക്കായോ എന്ന മട്ടിൽ  കാരണവർ അകത്തേയ്ക്ക് പാഞ്ഞു.
വല്ല ബുദ്ധിമോശോം പറഞ്ഞോ?

*     *     *      *      *      *

കല്യാണമൊക്കെ കഴിഞ്ഞു മാസങ്ങൾക്കുശേഷം എന്തോ കളിതമാശ പറയുമ്പോൾ പ്രാണപ്രേയസി ഇങ്ങനെ  ഉവാചാ. 
"എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ചാടിക്കേറി ഇഷ്ടമായി എന്ന് പറഞ്ഞത് ഓർമ്മയില്ലേ? "

പിന്നല്ല..!!
ഒരാണായ ഞാൻ ആദ്യം കേറി ഇഷ്ടമായി എന്ന് പറഞ്ഞത്രേ. 
അങ്ങ് പരുമല പള്ളീ ചെന്ന് പറഞ്ഞാ മതി..!!

"അയ്യെടാ, നീ ആദ്യം ഇഷ്ടമായെന്നു  പറഞ്ഞതുകൊണ്ടാ ഞാൻ ഇഷ്ടമായി എന്ന് പറഞ്ഞത്. നീയാണ് ആദ്യം ഇഷ്ടമായി എന്ന് പറഞ്ഞത്"

"അപ്പൊ ഞാനാദ്യം ഇഷ്ടമായില്ല എന്ന് പറഞ്ഞാരുന്നേൽ എന്നെ ഇഷ്ടമാരുന്നേലും പിന്നെ ഇഷ്ടമല്ലായെന്നു ഇഷ്ടമില്ലാതെ പറയുമായിരുന്നോ?"

ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പം. നമ്മളെ കുരുക്കിൽ കൊണ്ട് ചാടിക്കാൻ നോക്കും. വാക്കിഴപിരിച്ചു ശ്രദ്ധയോടെ മനസ്സിലാക്കി പറഞ്ഞില്ലേൽ തട്ട് കിട്ടും.
അവള് പറഞ്ഞത് മുഴുവൻ അങ്ങോട്ട്‌  തലേക്കേറാഞ്ഞത്  കൊണ്ട് സ്ഥിരം ആണ്‍ബുദ്ധി  പ്രയോഗിച്ചു.

"നീ വിഷയം മാറ്റാതെ , വിഷയം മാറ്റാതെ... നീയല്ലേ എന്നെ ഇഷ്ടമായി എന്ന് ആദ്യം പറഞ്ഞത്. എന്നിട്ടിപ്പോ.."

ഞാൻ ചാമ്പമരത്തിന്റെ തണലിലെ ഇഷ്ടമായോ  ചോദ്യം വീണ്ടും അവതരിപ്പിച്ചു. 
പ്രേയസ്സിയുടെ സഹോദരന്റെ ശ്വശുരനായിരുന്നു  ചോദ്യകര്ത്താവ് എന്നും തിരിച്ചറിഞ്ഞു. 

അവൾ പൊട്ടിച്ചിരിച്ചു.
എന്നിട്ടിങ്ങനെ മൊഴിഞ്ഞു.
"നീണ്ടകരയച്ഛൻ കയറി വന്നു എന്നോടു പറഞ്ഞു, ചെറുക്കനു  എന്നെ ഇഷ്ടമായി എന്ന് , എന്നിട്ട് എന്നോടു ചോദിച്ചു നിനക്കും ഇഷ്ടമായോ എന്ന്  "

ഹും. അല്ലേലും ഈ കാരണവന്മാർ പണ്ടേ ഇങ്ങനെയാ. 
കുശാഗ്രബുദ്ധികളാ.
നമുക്കിട്ടും പണിഞ്ഞു. ഒരുവെടിക്കു രണ്ടു പക്ഷികളെയും തട്ടി.

മുഖത്തെ വൈക്ലബ്യം കണ്ട് പ്രിയതമ ചിരിച്ചു.
"അതിനു പ്രിയതമനെന്തിനാ വിഷമിക്കുന്നത്? അബദ്ധം പറ്റിയത് എനിക്കല്ലേ?"

എന്നെ കല്യാണം കഴിച്ചതോ?..എങ്ങനെയുണ്ട്? 

ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷവും നീണ്ടകരയച്ഛന്റെ കുശാഗ്രബുദ്ധിക്ക് നന്ദിയേ പറഞ്ഞിട്ടുള്ളൂ. 
കാലയവനികക്കപ്പുറം  മറഞ്ഞ അദ്ദേഹത്തിന്റെ  ദീപ്തസ്മരണകൾ  മരിക്കും വരെ നിലനില്ക്കുകയും ചെയ്യും.


Sunday 16 February 2014

പത്രവായന



വിശദമായ പത്രവായന രാത്രിയാണ്.
രാവിലെ തലക്കെട്ടുകൾ വായിക്കാനേ നേരമുള്ളൂ.

രാത്രി കട്ടിലിൽ ചാരിയിരുന്നു വായന തുടങ്ങുമ്പോൾ വാമഭാഗം കട്ടിലിന്റെ വലതുവശത്തു തന്നെയിരുന്ന് നാട്ടുവർത്തമാനം തുടങ്ങും.
എടീ വാമം എന്ന് പറഞ്ഞാൽ ഇടതുവശം എന്നൊരിക്കൽ പറഞ്ഞുകൊടുത്തപ്പോൾ അവളിൽ ഉറങ്ങിക്കിടന്ന ഏതോ ഒരു ഫെമിനിസ്റ്റ് ചാടിയെഴുന്നേൽക്കുകയും തദ്വാര അവളുടെ ഇരിപ്പിടം വലതുഭാഗത്തേയ്ക്ക് സ്ഥിരാംഗത്വം നേടുകയും  ചെയ്തു.
കട്ടിലിന്റെ ഭൂമിശാസ്ത്രപ്രകാരം, അടുക്കളയിൽ മീങ്കറി കരിയുമ്പോൾ നിലത്തേയ്ക്ക് ചാടിയിറങ്ങി അടുക്കളയിലേയ്ക്ക് ഓടാൻ വലതുവശമാണ് നല്ലത് എന്ന ഒരു ന്യായവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

ചെവി രണ്ടും അവളുടെ നാട്ടുവീട്ടുവർത്തമാനങ്ങൾക്കു കൊടുത്താലും മനസ്സ് പത്രത്താളിലായതുകൊണ്ട് അവൾ പറയുന്നതിൽ  ഭൂരിഭാഗവും ഒരു ചെവിയിലൂടെ കയറി മറുചെവി വഴി പുറത്തേയ്ക്ക് പോകും.
ഒരേ സമയം മൂന്നുനാലു കാര്യങ്ങൾ ചെയ്യാൻ നമ്മൾ കുഞ്ഞിക്കുട്ടൻ തമ്പുരാനൊന്നുമല്ലല്ലൊ..!

നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മലയാളപാഠാവലിയിൽ ഒരു പാഠം ഉണ്ടായിരുന്നു. അതുപോലെ "നീ കേക്കുന്നുണ്ടോ?" എന്ന അവളുടെ  ചോദ്യത്തിന് ഒരു കുറ്റബോധവുമില്ലാതെ  "ങും" എന്നു  മൂളാനും തല ഇരുവശങ്ങളിലേയ്ക്കും  താഴോട്ടും മേലോട്ടും ആട്ടാനും കഴിയും.

എങ്കിലും കാഞ്ഞ ബുദ്ധിയായ അവൾ ഇടക്ക് സ്കഡ് മിസൈൽ വിടും.
"ന്നാപ്പറ , ഞാനിപ്പോ എന്താ പറഞ്ഞത്?"
പലപ്പോഴും അവൾ നിശബ്ദയായിരിക്കുമ്പൊഴും നിത്യാഭ്യാസിയായ നമ്മുടെ തല ഒരാവശ്യവുമില്ലാതെ  ആനയെ എടുക്കുമ്പോഴാണ് ഈ  അത്യാഹിതം സംഭവിക്കുന്നത്‌.

പേപ്പറിൽ നിന്നും മുഖമുയർത്താതെ തന്നെ പറയും,.
"അദന്നെ.."
നമ്മളാരാ മോൻ..!!

പക്ഷെ അവള് ജോർജ് ബുഷല്ലെ, വിടുമോ?
"ഞാൻ ഇപ്പൊ പറഞ്ഞത് എന്താന്നു പറ.."

ക്രൂയിസ് മിസൈൽ വന്നാൽ പിന്നെ ബങ്കറിൽ ചാടുകയല്ലെ രക്ഷയുള്ളൂ..
പത്രത്തിൽ നിന്നും മുഖമുയർത്തി ഒരു വളിച്ച ചിരി പാസ്സാക്കി പറയും.
"നീ ഒന്നൂടെ പറ"

അപ്പോൾ അവൾ മോന്ത വീർപ്പിക്കും .
"ഇതാ നിനക്ക് എന്നോടു സ്നേഹമില്ലാന്നു പറയുന്നത്. ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ലോകകാര്യമെല്ലാം നോക്കും. ഭാര്യേടേം പിള്ളാരുടേം  കാര്യമൊന്നും അറിയണ്ടാ, ല്ലേ ? .."

ശരി, സമാധാനഉടമ്പടി.
നമ്മൾ പത്രവായന നിർത്തി പത്രം കിടക്കയിലിട്ടു.

"ഞാൻ വായന നിർത്തി, നീ പറ, ഞാൻ കേൾക്കാം "
അനക്കമില്ല.

"അപ്ലെയ്ക്കും പിണങ്ങിയോ പോലീസുകാരാ..?"
മോഹൻലാൽ തന്നെ ശരണം.

സദ്ദാമിനെ തട്ടിക്കഴിഞ്ഞില്ലേ, ജോര്ജു ബുഷിനു  മിണ്ടാട്ടമില്ല.

"നീയെന്താ പറഞ്ഞത്‌. ഒന്നൂടെ പറയ്യ് .."

ദാ വരുന്നു മറുപടി..
"ആ, ഞാനത് മറന്നു പോയി.."

സദ്ദാമിനെ തട്ടിക്കഴിഞ്ഞിട്ടും രാസായുധം കണ്ടെത്താനായോ ?
ഇല്ല...
എന്ന് വച്ച്  ജോർജു ബുഷിന്‌ വല്ലതും പറ്റിയോ.!!
അതുമില്ല.

പക്ഷേ, ഈയിടെയാണ് മനസ്സിലായത്‌.
ലവൾ വലതുവശത്തിരുന്നു നാട്ടുവീട്ടുവർത്തമാനങ്ങൾ പറഞ്ഞോണ്ടിരുന്നില്ലെങ്കിൽ പത്രവായനയ്ക്കു ഒരു സുഖോമില്ലെന്നെ ..!!


Friday 14 February 2014

ലീവ്

തൊണ്ണൂറുകളുടെ മധ്യാഹ്നകാലത്തിലെന്നോ ഒരു ദിനം.
പ്ലാന്റ് മാനേജർ ചാക്കോയുടെ മുറിയിലേയ്ക്ക് കടന്നു ചെല്ലുമ്പോൾ മറ്റൊരാൾ കൂടി അവിടെയുണ്ട്..
വെയിങ്ങ്  ഓപ്പറേറ്റർ  പത്രോസ് ഫെർണാണ്ടസ്..
ശ്രീകോവിൽ നടയിൽ അമ്പോറ്റിക്ക് ദക്ഷിണ കൊടുക്കാൻ നിൽക്കുന്നതു പോലെ ലീവ് ലെറ്ററും നീട്ടിപ്പിടിച്ചു ഒട്ടൊന്നു കുനിഞ്ഞ് നില്ക്കുകയാണ് പത്രോസ്.
"ഇര്യെടോ.."
വെള്ളെഴുത്ത് കണ്ണാടിയുടെ മുകളിലൂടെ എന്നെ  നോക്കി ചാക്കോ മുരണ്ടു.

"ഇരിക്ക് സാറേ." പത്രോസ്സും ക്ഷണിച്ചു.
കേട്ടാൽ  തോന്നും പത്രോസും ചാക്കോയും ബല്യ ചങ്ങായിമാരാന്ന് . 
ലീവ് ഒപ്പീട്ടു കിട്ടാനുള്ള കുത്സിത ശ്രമം..!!

ഞാൻ കസേരയിൽ ഇരുന്നു. നമ്മൾ തമ്മിൽ നല്ല കൂട്ടുകാരാ എന്ന മട്ടിൽ  പത്രോസ് എന്നെ നോക്കി ബീഡിക്കറ  പുരണ്ട പല്ലുകൾ വിസ്തരിച്ചു കാണിച്ചു.

സ്വതവേ കറുത്ത മുഖം അല്പം കൂടി കറുപ്പിച്ച് ചാക്കോ,  തണ്ടപ്പേര് ഹിറ്റ്ലർ, കണ്ണാടിയ്ക്ക് മുകളിലൂടെ  പത്രോസിനെ ദഹിപ്പിച്ചു. 
കയ്യിലിരിക്കുന്ന പത്രോസിന്റെ ലീവ് ഡയറിയിൽ വീണ്ടും കണ്ണോടിച്ചു . ലീവ് ഡയറിയിലാണ് പത്രോസ്സിന് ലീവ് ഉണ്ടോ ഇല്ലേ എന്ന തലവിധി രേഖപ്പെടുത്തിയിരിക്കുന്നത്.
ഹിറ്റ്ലർ വീണ്ടും പത്രോസിനെ നോക്കി  മുരണ്ടു.
"തനിക്കതിനു ലീവ് ഇല്ലല്ലോ.."

കാക്ക എച്ചിൽപാത്രത്തിൽ നോക്കുന്നതുപോലെ പത്രോസ് സംശയഭാവത്തിൽ ലീവ് ഡയറിയെ നോക്കി. ദേഹഭാരം ഒരു കാലിൽ  നിന്നും മറ്റേ കാലിലേയ്ക്ക് മാറ്റി. എന്നാലെങ്കിലും ലീവ് കിട്ടുമോ?
"ഇല്ലേ സാറേ..?"

കക്ഷി എട്ടാം ക്ലാസും ഗുസ്തിയുമാണ്.  പത്രോസ് ഫെർണാണ്ടസ് എന്ന് മുഴുവൻ പേരും സ്തംഭനം ഇല്ലാതെ പറയാൻ തന്നെ പാടാണ്.

"അതും ഞാൻ പറഞ്ഞു തരണോ? ലീവ് അപ്ലൈ ചെയ്യാതെ അവധി എടുത്തോണ്ട് നടക്കും..!!  ശമ്പളം കിട്ടാതാകുമ്പൊ ലീവും എഴുതിക്കൊണ്ട് വരും."
ചാക്കോ എച്ചിൽ പാത്രം മേശപ്പുറത്തേയ്ക്ക് എറിഞ്ഞു. 

പത്രോസിന്റെ മുഖത്തു നിന്ന് ചിരി മാഞ്ഞു. മുഖത്തു കഠിനദു:ഖത്തിന്റെ മഴക്കാറുകൾ ഇരച്ചു കയറി. പെട്ടെന്നയാൾ ലീവ് ലെറ്റർ മേശപ്പുറത്തിട്ടു . വലതു കൈ ചുരുട്ടി സ്വന്തം ഹൃദയത്തിന് മേൽ ആഞ്ഞിടിച്ചു.
മുഖം മേലോട്ടുയർത്തി ഉറക്കെ കരഞ്ഞു.
"എന്റെ അമ്മ മരിച്ചു പോയി സാറേ.."

ഞാൻ ഒരു നിമിഷം തരിച്ചിരുന്നു പോയി.
കോമഡി ഷോയിലെ സ്കിറ്റ് തീരുമ്പോൾ കഥാപാത്രങ്ങൾ  എല്ലാം സ്റ്റിൽ ആകുന്നപോലെ ഞാനും പത്രോസും ചാക്കോയും കറങ്ങുന്ന ഫാനും ഉൾപ്പെടെ എല്ലാ ചരാചരങ്ങളും സ്റ്റിൽ ആയി.
പ്ലാന്റിലെ യന്ത്രങ്ങളുടെ ഇരമ്പൽ മാത്രം.
അതും ഇനി നിന്നു  പോവുമോ?

ഞാൻ സഹതാപത്തോടെ പത്രോസിനെ നോക്കി,  പാവം ഇപ്പൊൾ  പൊട്ടിക്കരയുന്ന മട്ടിൽ  നില്ക്കുകയാണ്.
ഞാൻ  ചാക്കോയെ നോക്കി ചെറുതായി തല കുലുക്കി.
ഒപ്പിട്ടു കൊടുത്തേരെ, പാവം..!!

ഹിറ്റ്ലറിന്  ഒരു ഭാവഭേദവും ഇല്ല.
കണ്ണാടിയ്ക്ക് മുകളിലൂടെ പത്രോസിന്റെ ശോകഭരിത മുഖം ആകെയൊന്നു ഉഴിഞ്ഞു നോക്കി ഹിറ്റ്ലർ  ഒരു ചോദ്യം..

"ഇത് തന്നെയല്ലേ, കഴിഞ്ഞ മാസവും താൻ ലീവും കൊണ്ട് വന്നപ്പോൾ എന്നോടു പറഞ്ഞത്?"

ഒരു ഞെട്ടലോടെ ഞാൻ പത്രോസിനെ നോക്കി. സ്വിച്ചിട്ടപോലെ പത്രോസിന്റെ മുഖത്തെ കദനഭാരം അപ്രത്യക്ഷമായി. നെഞ്ചത്തടിച്ച വലതുകരം ചന്തിക്കു പുറകിലേയ്ക്ക് പോയി. ബീഡിക്കറപ്പല്ലുകൾ വീണ്ടും തെളിഞ്ഞു.

"തനിയ്ക്ക് നാണമില്ലേടോ മരിച്ചു പോയ അമ്മയെപ്പറ്റി  കള്ളം പറഞ്ഞ് ലീവ് ചോദിക്കാൻ?'
ഹിറ്റ്ലർ ചാക്കോ അലറി.

"അതിന് അവര് ചത്തു പോയില്ലേ? ജീവിച്ചിരിക്കുന്നവർക്കല്ലേ ശമ്പളം വേണ്ടത്..!!"
പത്രോസ് പിറുപിറുത്തു.

പത്രൊസ്സെ, നീ പാറയാകുന്നു.!

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...