Saturday 3 January 2015

വഞ്ചകന്‍ -ഭാഗം രണ്ട് അഥവാ കോടംപപ്പുചരിതം



അരമുറി ദോശയ്ക്കായി തല്ലു മേടിച്ചു തന്ന അനിയൻ എന്ന വഞ്ചകനെപ്പറ്റി ഒരിക്കൽ പറയുകയുണ്ടായല്ലോ.

ജനിച്ചപ്പോഴേ അവൻ ഒരു പ്രസ്ഥാനം  ആയിരുന്നു. നഴ്സിന്റെ  മോതിരം  അടിച്ചുമാറ്റിയാണ്  അവൻ  ഈ ലോകത്തേയ്ക്ക് വന്നത് എന്ന് ഒരിക്കലും ഞാൻ പറയുകയില്ല. പക്ഷെ ആദ്യ കരച്ചിലിന് മുൻപ്  അവൻ നഴ്സിന്റെ  കയ്യിലിരുന്ന് അവരുടെ  വിരലുകളിൽ എന്തോ പരതുന്നുണ്ടായിരുന്നു  എന്ന് അമ്മ പറഞ്ഞ്  കേട്ടിട്ടുണ്ട്. നഴ്സ്  കല്യാണം  കഴിച്ചതല്ല  എന്ന്  മനസ്സിലായതോടെ  അവൻ  ആദ്യത്തെ കരച്ചിൽ  നടത്തിയത്രെ.

കുഞ്ഞുങ്ങളെ തറയിൽ  കിടത്തുമ്പോൾ തല എപ്പോഴും നേരെ വയ്ക്കണം  എന്നൊരു വിശ്വാസമുണ്ട്. ഒരു വശയ്ത്തേയ്ക്ക്  മാത്രം വയ്ച്ചാൽ ആ ഭാഗത്ത് തലയുടെ രൂപത്തിന്  ഒരു കോടൽ ഉണ്ടാവുമെന്നാണ് പ്രമാണം. വളർന്നു  വരുമ്പോൾ  അങ്ങനെ  സ്ഥിരമായി അമർന്നിരിക്കുന്ന ഭാഗം ചപ്പിയിരിക്കുമത്രേ.

അമ്മ അവനെ തറയിൽ  കിടത്തുമ്പോൾ  തല നേരെ പിടിച്ചു വയ്ക്കും. കൈ എടുക്കുമ്പോൾ സ്പ്രിംഗ് ആക്ഷൻ മാതിരി അവൻ തല ഇടത്തേയ്ക്ക് തിരിക്കും. വീണ്ടും അമ്മ അവന്റെ തല നേരെ പിടിച്ചു വയ്ക്കും. അവൻ വീണ്ടും തല  ഇടത്തേയ്ക്ക് തിരിക്കും . ഒരിക്കലും വലത്തേയ്ക്ക് അവൻ തല  തിരിച്ചിരുന്നുമില്ല. പിൽക്കാലത്ത്  ഇടതുപക്ഷരാഷ്ട്രീയം തിരഞ്ഞെടുക്കാൻ അവൻ അന്നേ തീരുമാനിച്ചിരുന്നു എന്ന് സ്പഷ്ടം.
അങ്ങനെ ഒരു റിബലായി  ഇടതുപക്ഷക്കാരനായി വളർന്ന  അവന്റെ തല ഇടതുവശം കൊണ്ട് അല്പം ചപ്പി ചമ്മിപ്പോകുകയും "കോടംപപ്പു " എന്ന മധുരപ്പുന്നാരപ്പേരിന്  അവനെ അവകാശിയാക്കുകയും ചെയ്തു.

ഗുജറാത്തിൽ കമ്പിത്തപാൽ ജീവനക്കാരനായിരുന്ന സ്നേഹമയിയായ  അമ്മാവൻ  ഏറ്റവും ഇളയവനായ അവനു ഒരു ഹിന്ദിപ്പേരും ചാർത്തിക്കൊടുത്തു. "ഛോട്ടാ"..
കാലക്രമേണ  അത് വെറും ചോട്ടാ ആയിമാറി.
ചെറുപ്പകാലത്ത്  ചോട്ടാ എന്നത് കുഞ്ഞുമോൻ  എന്ന പേരിനേക്കാളും ചേട്ടനാണ് എന്നൊരു തോന്നൽ  അവനുണ്ടായത്  മൂലം  കുഞ്ഞുമോൻ  എന്ന അവന്റെ ചേട്ടനായ ഈ ഞാൻ അനുഭവിച്ച  ദുരിതങ്ങൾക്ക് കയ്യും കണക്കുമില്ല.

കുരുത്തക്കേടുകള്‍ മുഴുവന്‍ ഒപ്പിച്ചിട്ട്  എനിക്ക് തല്ലു മേടിച്ചു തരുവാന്‍ അവനു ഒരു പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. അമ്മയും അച്ഛനും  ക്രമസമാധാനത്തിന്റെ വടിയുമായി എത്തുമ്പോള്‍ അവിഹിതഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു അവന്‍ മുങ്ങും. ഞാന്‍ നിന്ന് അടി വാങ്ങുകയും ചെയ്യും.

സ്പൈഡര്‍മാന്‍ അമേരിക്കയിൽ ജനിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ എത്താത്ത അക്കാലത്ത്    രണ്ടുകാലും  രണ്ടുകയ്യും  ഉറപ്പിച്ച്  വാതിലിന്റെ  കട്ടിള വഴി  മുകളിലേയ്ക്ക്  പൊങ്ങിപ്പൊങ്ങിപ്പോകാം എന്ന് കണ്ടുപിടിച്ചത് അവനാണ്.  എന്നേക്കാൾ  രണ്ടു വയസ്സിനു ഇളയതായ അവൻ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന് ആലോചിച്ചു ഞാൻ ആശ്ചര്യചൂഢാമണിയായി   തത്തിപ്പിടിച്ച്  കട്ടിള  വഴി മുകളിലേയ്ക്ക് കയറുകയും നൂറ്റിയെണ്‍പതു   ഡിഗ്രി  കറങ്ങി താടി ഇടിച്ചു തറയിൽ  വീഴുകയും ചെയ്തു.  താടി തറയിൽ മുട്ടുന്നതിന്  ഒരു സെക്കണ്ടിനു മുന്പ് എന്റെ തലച്ചോറിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.
അവൻ ഈ അഭ്യാസം ഒരിക്കലും കാണിച്ചിട്ടിട്ടില്ലല്ലോ..!!

അതെല്ലാം പോകട്ടെ,  ഇതെങ്ങനെ  സംഭവിച്ചു  എന്നറിഞ്ഞപ്പോൾ  ഉറക്കെ  ചിരിച്ച  ഡോക്ടറിനേക്കാൾ  ഉച്ചത്തിൽ  ചിരിച്ചത്  അവനാണ്. എല്ലാം കഴിഞ്ഞ്  താടിയിൽ നാല് കുത്തിക്കെട്ടുമിട്ട്  ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ അവൻ സ്വകാര്യമായി എന്നെ ഉപദേശിച്ചു.
"ഡാ, കുഞ്ഞോനെ , അങ്ങനൊക്കെ ചെയ്താ ചോര വരും.."

അമ്മ പഠിപ്പിച്ചിരുന്ന സ്കൂളിൽ തന്നെയാണ് ഞങ്ങളെ രണ്ടു പേരെയും ചേർത്തിരുന്നത്. ജ്യേഷ്ഠൻ  എന്ന നിലയിൽ  അവനെ ശ്രദ്ധിക്കുകയും  അവനു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തുകൊടുക്കുകയും  അവന്റെ കുരുത്തക്കേടിനെല്ലാം തല്ലു മേടിക്കുകയും  ചെയ്യേണ്ട  ചുമതല എനിക്കായിരുന്നു.

എല്ലാ ദിവസവും രാവിലെ സ്കൂളിൽ പോകുന്ന സമയമാകുമ്പോൾ അവന്  വയറുവേദന  എന്ന ഒരസുഖം വരുമായിരുന്നു. അതിനു മരുന്നായി ഉച്ചയ്ക്ക്  ഇന്റെർവൽ  സമയത്ത് ഒരു മിഠായി  വാങ്ങിക്കൊടുക്കണമെന്ന്   അമ്മ  എന്നെ ചുമതലപ്പെടുത്തിയിരുന്നു. ഉച്ചയാകുമ്പോൾ അവൻ അമ്മയുടെ അടുത്ത് ഹാജരാകും. അമ്മ അവന്  പത്തു പൈസ കൊടുക്കും. അന്ന്  പത്തു പൈസയ്ക്ക്  ഗോലിയോളം വലുപ്പമുള്ള ഒരു കോലുമിഠായി കിട്ടും. ഞാൻ  അവനെ സ്കൂളിനു വെളിയിലുള്ള  മെഡിക്കൽ സ്റ്റോറിൽ , സോറി, മുറുക്കാൻകടയിൽ  കൊണ്ടുപോയി ആ മിഠായി വാങ്ങിക്കൊടുക്കും.
കുറ്റം പറയരുതല്ലോ, കൂലിയായി ആ മിഠായി  അഞ്ചു പ്രാവശ്യം അവൻ  നക്കുമ്പോൾ ഒരു പ്രാവശ്യം എനിക്കും നക്കാൻ  കിട്ടിയിരുന്നു. ഒരു ദിവസം എനിക്കും വയറുവേദന എന്ന് പറഞ്ഞതിന് തല്ലു കിട്ടിയതുമൂലം ആ മിഠായി നക്കിൽ എന്റെ ആഗ്രഹം ഞാൻ ഒതുക്കിവച്ചു.

ഒരിക്കൽ ചില്ലറയില്ലാത്തതുമൂലം അമ്മ എന്റെ കയ്യിൽ ഇരുപത്തിയഞ്ച്  പൈസ തന്നിട്ട് പറഞ്ഞു.
"പത്തു പൈസയ്ക്ക് മിഠായി വാങ്ങീട്ട്  ബാക്കി ഇങ്ങു കൊണ്ട് വരണം. "
ഞാൻ തല കുലുക്കി.
"ബാക്കി എത്ര വരും?" അമ്മയുടെ ചോദ്യം.
ഞാൻ കൂലങ്കഷമായി ചിന്തിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു മിഠായിനക്കിനു വേണ്ടി എന്തെല്ലാം  ത്യാഗം സഹിക്കണം.
"പത്തു പൈസ.." വഞ്ചകന്റെ കുശുകുശുപ്പ്  എന്റെ  ചെവിയിൽ  പതിഞ്ഞു.
"പത്തു പൈസ.. !! " ഞാൻ കൈകൾ  ചേർത്തുകെട്ടി  നെഞ്ചു വിരിച്ച്  ശ്രീനിവാസരാമാനുജനായി.
"പതിനഞ്ചു പൈസ..!!! " അമ്മയുടെ കൈ എന്റെ ചെവി പിടിച്ചു തിരിക്കുമ്പോൾ  വഞ്ചകൻ ഗേറ്റും കടന്നു ധൃതിയിൽ പോകുന്നത് ഞാൻ ഇടം കണ്ണിട്ടു കണ്ടു.

കടയിൽ നിന്നും പത്തു പൈസയുടെ മിഠായി വാങ്ങിക്കഴിഞ്ഞ്  കടക്കാരൻ ചേട്ടൻ ഒരു പത്തു പൈസയും ഒരഞ്ചു പൈസയും തിരികെത്തന്നു.
മിഠായി നക്കിക്കൊണ്ടിരുന്ന കോടംപപ്പുവിന്റെ കണ്ണുകൾ അതിലാണ്.
"ഡാ കുഞ്ഞോനെ ,പത്തു പൈസയുടെ മുട്ടായി വാങ്ങാനല്ലേ അമ്മ പറഞ്ഞത്? നെന്റേലിപ്പം പത്തു പൈസാ ഉണ്ടല്ലോ. നീയെന്താ വാങ്ങാത്തത്?"
ശരിയാണല്ലോ. ഞാനെന്തൊരു  മണ്ടൻ..!!
ഞാൻ ആ പത്തു പൈസ കൊടുത്തു വീണ്ടും ഒരു മിഠായി വാങ്ങി. ആ മിഠായിയും അവൻ കൈക്കലാക്കി. എന്റെ കയ്യിൽ  ഒരഞ്ചു പൈസാ മാത്രം.
"ഡാ കുഞ്ഞോനെ, നെന്റെ പോക്കറ്റിൽ വേറെ  ഒരഞ്ചു പൈസയില്ലാരുന്നോ.? അതും കൂടിട്ടാൽ പിന്നെത്രയാകും?"
സംഭവം ശരിയാണ്. വല്ല വറുതിയും വന്നാൽ പട്ടിണി  ആകരുതല്ലോ എന്ന് വിചാരിച്ചു നിക്കറിന്റെ പോക്കറ്റിൽ ഒരഞ്ചു പൈസ നിക്ഷേപിച്ചിട്ടുണ്ട്. കാലം അങ്ങനത്തെയാണ്.
"അഞ്ചുമഞ്ചും പത്ത് . പത്തു പൈസക്ക്  മുട്ടായി വാങ്ങാൻ അമ്മ പറഞ്ഞാരുന്നല്ലോ."
ഹോ, അവന്റെ ഒരു ബുദ്ധിയെ..!!
ഞാൻ വിത്ത് ഡ്രാവൽ  ഫോം പൂരിപ്പിച്ച്  ഒപ്പിട്ട് പോക്കറ്റ് ബാങ്കിൽ നിന്നും അഞ്ചു പൈസ പുറത്തെടുത്തു. അതിനെ നോട്ടിരട്ടിപ്പിക്കൽ  സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി  പത്തു പൈസയാക്കിയെടുത്ത് ഒരു മിഠായി കൂടി വാങ്ങി.
"കുഞ്ഞോനെ , നീയതു  തിന്നോ..എനിക്ക് വേണ്ട.." നീതിയുടെ കുളിർമയുള്ള   സ്വരം.

വൈകിട്ട്  കുടുംബക്കോടതിയിലെ വിചാരണവേളയിൽ ആദ്യത്തെ മിഠായിക്ക്  അമ്മ തല കുലുക്കി.
രണ്ടാമത്തെ മിഠായിക്ക് അമ്മ ഉറക്കെയുറക്കെ  ചിരിച്ചു.
 മൂന്നാമത്തെ മിഠായിക്ക് എനിക്ക് തല്ലും കിട്ടി.
മൊത്തം പ്രോജക്ടിൽ  ഒരു നിക്ഷേപം നടത്തിയത് ഞാൻ മാത്രമാണ്. എന്നിട്ടും ഒടുവിൽ  തല്ലു കിട്ടിയത് എനിക്കും. കാര്യം ആട് മാഞ്ചിയം കൊക്കോ കൃഷി പോലെയായി.
എന്തൊരു ക്രൂരലോകം..!!

അക്കാലത്ത്  ഞാൻ ഒരു വലിയ ധൈര്യശാലി ആയിരുന്നു.
അന്ന് ഞാൻ സ്ഥിരമായി കാണുന്ന ഒരു സ്വപ്നം ഉണ്ട്. ഞാനൊരു ചെറിയ  കഷ്ണം പേപ്പർ കയ്യിൽ  പിടിച്ചിരിക്കുകയാണ്. പേപ്പറിന്റെ ഒരറ്റം എന്റെ കയ്യിലും മറ്റേ അറ്റം അങ്ങ് ഹിമാലയത്തിലുമാണ്.
അതങ്ങനെ കയ്യിൽ  പിടിക്കേണ്ടതായി പ്രത്യേകിച്ച്  ഒരു കാര്യോം  എനിക്കില്ല.

നോക്കിനിൽക്കെ  അങ്ങ് ഹിമാലയത്തിനടുത്തു നിന്നും ആ പേപ്പറിന് തീ  പിടിക്കും. തീ ആ പേപ്പറിനെ തിന്നു തിന്നു വരുകയാണ്. അങ്ങ് ഹിമാലയത്തിൽ നിന്നും വരുന്നതുകൊണ്ട് ആ പണ്ടാരം വളരെ സാവധാനം ആണ് കത്തി വരുന്നത്. ഇങ്ങേയറ്റത്തുനിന്നും എനിക്ക് പിടി വിടുവിക്കാനും  പറ്റില്ല. കടലാസ് കയ്യിൽ   നിർബന്ധബുദ്ധിയോടെ  ഒട്ടിപ്പിടിച്ചിരിക്കുകയാണ്. കടലാസ് കത്തിക്കത്തി എന്റെ നേരെ സ്ലോ മോഷനിൽ വരുന്നതും നോക്കി ഞാൻ അന്ധാളിച്ചു  നില്ക്കും. ഒടുവിൽ "തീ.. തീ .." എന്ന്  പത്തുപതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഫയർ സ്റ്റേഷൻ  വരെ കേൾക്കുന്ന ശബ്ദത്തിൽ നിലവിളിച്ചു ഞാൻ ഞെട്ടി ഉണരും.

കൂടെ തീയും പുകയും ഇല്ലാതെ ഉറങ്ങിക്കിടക്കുന്ന  കോടംപപ്പു  പായയിൽ നിന്നും പത്തടി കിളർന്ന്  പൊങ്ങി  തറയിൽ വീഴും.

അമ്മ ഓടിവന്നു എന്നെ ആശ്വസിപ്പിക്കും. വീണ്ടും ഉറക്കും.
കോടംപപ്പു  കോടിയ സ്വന്തം തലയും തടവി എന്താണ് പ്രശ്നം എന്ന് ആലോചിച്ചു ആലോചിച്ച്  വീണ്ടും കിടന്നുറങ്ങും. എന്റെ  നിലവിളി കേട്ടാണ് അവൻ ഉണരുന്നതെന്ന് അവനു മനസ്സിലായിരുന്നുമില്ല.

സിനിമാതീയേറ്ററിന്റെ വാതിൽക്കൽ  ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന സെക്യൂരിറ്റി  എന്നും ഒരേ സിനിമ കാണുന്നതുപോലെ ഞാനീ  സ്വപ്നം  അങ്ങനെ കണ്ടുകൊണ്ടിരുന്നു. ടിക്കറ്റ് വാങ്ങുന്നവന്  വേണമെങ്കിൽ  ഈ  സിനിമാ തുടങ്ങിക്കഴിഞ്ഞു സ്ഥലം വിടാം. എനിക്കതിനും അനുവാദമില്ല..!

സ്ഥിരമായി അങ്ങനെ തലയും ഇടിച്ചു വീഴാൻ തുടങ്ങിയതോടെ കോടംപപ്പു  അതൊരു അന്താരാഷ്ട്രപ്രശ്നമായി അമ്മയുടെ മുൻപിൽ അവതരിപ്പിച്ചു.
അമ്മ അവനെ സമാധാനിപ്പിച്ചു.
"സാരമില്ലെടാ, കുഞ്ഞ്വോനെ  സ്വപ്നം കുത്തുന്നതാ.."
പ്രശ്നപരിഹാരമായി അമ്മ  അവനെ എന്നിൽ നിന്നും വേർപെടുത്തി അമ്മയുടെ കൂടെ കട്ടിലിൽ കിടത്താൻ തുടങ്ങി.

പിന്നെയും ഞാനങ്ങനെ  സ്ഥിരമായി പേപ്പറിന് തീ കൊളുത്തുകയും അലറിവിളിക്കുകയും കോടംപപ്പു  പൊങ്ങിച്ചാടി അമ്മയുടെ ദേഹത്ത്  വന്നു വീഴുകയും ചെയ്തു. കാര്യങ്ങളുടെ കിടപ്പുവശം മൊത്തം മനസ്സിലാക്കിയ അവൻ കട്ടിലിൽ തിരികെയെത്തിയാലുടൻ വിളിച്ചു ചോദിക്കും.
"ഡാ  കുഞ്ഞോനെ നെന്നെ പിന്നേം സ്വൊപ്നം കുത്ത്യോടാ..?"
അമ്മ ഉറക്കെ ചിരിക്കും.

അങ്ങനെ ഒരു ദിവസം ഞാൻ പതിവുപോലെ  കടലാസിന്  തീ കൊളുത്തി  ഫയർ സ്റ്റേഷനിലേയ്ക്ക് ഫോണ്‍  ചെയ്യുമ്പോൾ ആ പതിവ് ചോദ്യം ഉണ്ടായില്ല. ചോദ്യത്തിന്റെ അഭാവത്തിൽ അമ്മ ഇരുട്ടത്ത്‌ കയ്യെത്തിച്ച്  കിടക്കയിൽ പരതി   നോക്കി.

കോടംപപ്പുവിനെ  കാണാനില്ല.!!

"എന്റെ കുഞ്ഞിനെ കാണുന്നില്ലേ ..!!  ചോട്ടായെ ,ഡാ ചോട്ടയെ " എന്ന് വിലപിച്ച്  അമ്മ ചാടിയെഴുന്നേറ്റപ്പോൾ  അശരീരി കേട്ടു.
"ഡാ കുഞ്ഞ്വോനെ, നെന്നെ പിന്നേം  സ്വപ്നം കുത്തിയോടാ..?"

കട്ടിലിനടിയിൽ  നിന്നാണ് ആ അശരീരി..!!

അമ്മ ആശ്വാസത്തോടെ വിളിച്ചു ചോദിച്ചു..
"ഡാ ചോട്ടായെ, നീ എവിടാടാ?"
ഉടൻ മറുപടിയും വന്നു
"ഓ, ഞാനിവിടൊണ്ട് ..!!"
"നീയെന്തെടുക്കുവാ?"
"ഓ, ഞാനിവിടം  വരെ ചുമ്മാ ഒന്ന് വന്നതാ.."


38 comments:

  1. ഡാ കുഞ്ഞ്വോനെ, നെന്നെ പിന്നേം സ്വപ്നം കുത്തിയോടാ..?"

    :D

    ReplyDelete
    Replies
    1. സ്വപ്‌നങ്ങള്‍ ഇനിയും കുത്തട്ടെ, കുഞ്ഞ്വോനെ.. :D

      Delete
  2. ഹഹ. കൊള്ളാം.കോടം പപ്പ്പു ഒരു കൊച്ചു പുലിയാരുന്നു അല്ലേ?

    ReplyDelete
  3. ഓന്‍ പണ്ടേ ഇടതുപക്ഷമാ..അല്ലേ!!

    ReplyDelete
  4. ഇതൊക്കെ സത്യോണാ..?? :) :)

    ReplyDelete
    Replies
    1. പിന്നല്ലാതെ..!! പിന്നൊരല്പം ഉപ്പ്, എരിവ്, മധുരം... അത്രേള്ളൂ.. :D

      Delete
  5. ഈ കുഞ്ഞോനെ പോലെ ഒരു ചേട്ടനെ കിട്ടിയിരുന്നെങ്കിൽ ജീവിതം എത്ര മനോഹരമായിരുന്നേനെ എന്നാണു ഞാൻ ആലോചിക്കുന്നത്..

    കോടംപപ്പു ബോബൻ-മോളി റേഞ്ചിൽ വരുന്ന കക്ഷിയാ. കുഞ്ഞോൻ 'മൊട്ട' റേഞ്ചിലും. ജീവിതമല്ലേ മൊട്ടേ, ജീവിച്ചു തീർക്കുക തന്നെ..

    ReplyDelete
    Replies
    1. അദന്നെ.. മൊട്ടയാക്കിയതിന് പകരം കാവിലെ പൂരത്തിന് കാണാം..

      Delete
  6. ഹഹ ചിരിപ്പിച്ചു ,,, `ഇങ്ങിനെയൊരു കുട്ടിക്കാല ഓര്‍മ്മകള്‍ ഒരു പാടുണ്ടായിട്ടും എന്തെ എനിക്ക് പറ്റുന്നില്ലാ എന്നാണ് ഞാന്‍ ആലോചിക്കുന്നത് ,,ചേട്ടനും ചോട്ടയും കൊള്ളാം ,,ബെസ്റ്റ് സഹോദരന്‍സ് :)

    ReplyDelete
    Replies
    1. ഇങ്ങനൊക്കെ പറ്റുന്നത് തന്നെ ഒരു പറ്റല്ലേ..? :)

      Delete
  7. ഫോണ്ട് കുറച്ചു കൂടി വലുതാക്കിയിരുന്നു എങ്കില്‍ വായിക്കാന്‍ സുഖം കൂടിയേനെ ..

    ReplyDelete
    Replies
    1. വലുതാക്കി. സുഖത്തിനു കുറവ് വേണ്ട..

      Delete
    2. ഹഹ അങ്ങിനെ വഴിക്ക് വാ :)

      Delete
  8. എന്നേക്കാൾ രണ്ടു വയസ്സിനു ഇളയതായ അവൻ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന് ആലോചിച്ചു ഞാൻ ആശ്ഛര്യചൂഡാമണിയായി
    ആശ്ചര്യം എന്നല്ലേ ശരി ചേട്ടാ . കൊള്ളാം

    ReplyDelete
    Replies
    1. ആശ്ചര്യം തന്നെ.. ചൂഢാമണിയും തെറ്റിച്ചു..
      എല്ലാം തിരുത്തിയിട്ടുണ്ട്. നന്ദ്രി .. :)

      Delete
  9. മുട്ടായി വാങ്ങൽ കൊള്ളാമല്ലോ.. എല്ലാം കേട്ട് തുള്ളാനൊരു ചേട്ടനും അല്ലേ .. ;)

    ReplyDelete
    Replies
    1. കര്‍മഫലം കുഞ്ഞുറുമ്പേ ..!!

      Delete
  10. രസിച്ചു രസിച്ചു ...

    ReplyDelete
  11. വൈക്കം മുഹമ്മദ് ബഷീറിന് ഇത് പോലെ ഒരു അനിയൻ ഉണ്ടായിരുന്നു. അബ്ദുൽ ഖാദർ. ലേശം മുടന്തുള്ള.എന്തെങ്കിലും കുസൃതികൾ ഒപ്പിച്ചിട്ട് അതിൻറെ വഴക്കും അടിയും തനിയ്ക്കു വാങ്ങി ത്തരുന്ന കഥകൾ ബഷീർ എഴുതിയത് ഓർമ വരുന്നു.

    ReplyDelete
    Replies
    1. ഇക്കായുടെ എഴുത്തില്‍ ആഖ്യയെവിടെ, ആഖ്യാതമെവിടെ എന്ന് ചോദിച്ച പുളുന്തൂസ്..

      Delete
  12. കുറച്ചു നീണ്ട അവധിക്കാലത്തിനു ശേഷം, ബ്ലോഗ്‌ വായനയ്ക്ക് തുടക്കം കുറിച്ചത് ഇവിടെയാണ്... ഹരിശ്രീ മോശായില്ല പ്രദീപേട്ടാ... :) താങ്ക്യുസ് ട്ടാ

    ReplyDelete
  13. പാവം കുഞ്ഞോൻ ചേട്ടൻ ! ഈ കോടം പപ്പു എന്തോരം അടിയാ പാവത്തിന് മേടിച്ചു കൊടുത്തിരിക്കുന്നത്‌. മാഷ് എത്ര രസമായി ആണ് ഇതൊക്കെ ഓർത്ത് എഴുതിയിരിക്കുന്നത്. വായിക്കുന്നവർക്കു ഒത്തിരി തമാശയും, വീണ്ടും വായിക്കാൻ ആഗ്രഹവും തോന്നും. ആശംസകൾ .

    ReplyDelete
  14. രസകരമായ ആഖ്യാനം .. ഫലിതം പറഞ്ഞുഫലിപ്പിക്കാന്‍ ഇങ്ങിനെ സ്വസിദ്ധമായ ഒരു കഴിവുണ്ടായിരിക്കണം.. ആസ്വദിച്ചു.

    ReplyDelete
  15. ഹാാാ ഹാ ഹാാാാ!!!!ഞാൻ എന്ത്‌ തെറ്റ്‌ ചെയ്തിട്ടാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്‌???ചിരിച്ച്‌ ചിരിച്ച്‌ ഒച്ച അടഞ്ഞു.
    (വല്ല വറുതിയും വന്നാൽ പട്ടിണി ആകരുതല്ലോ എന്ന് വിചാരിച്ചു നിക്കറിന്റെ പോക്കറ്റിൽ ഒരഞ്ചു പൈസ നിക്ഷേപിച്ചിട്ടുണ്ട്. കാലം അങ്ങനത്തെയാണ്.)

    ഹോ! അപാരസാധനം തന്നെ.!!!!

    ReplyDelete
  16. ഞാൻ കീഴടങ്ങി ഒരു കാലും രണ്ടു കൈയ്യും പൊക്കി കീഴടങ്ങി.....ചിരിച്ചു മരിച്ചു.....പ്രദീപ് ഭായ്..... ആശംസകൾ

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...