Monday, 27 July 2015

ചിതറിയ ചിന്തകൾ -2

ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്ന്നു.




കാലം ആയിരത്തിതൊള്ളായിരത്തിഎഴുപതുകൾ....

ഫ്യൂസായ ഒരു ബൾബ് എടുക്കുക.
അതിന്റെ അലൂമിനിയം ഹോൾഡറിന്റെ അകത്തെ ഭാഗം വളരെ ശ്രദ്ധിച്ചു കുത്തിയിളക്കുക .
അകത്തെ ഫിലമെന്റ് പിടിപ്പിച്ചിരിക്കുന്ന ഗ്ലാസ്സുകൊണ്ടുള്ള ഭാഗം പതുക്കെ തട്ടിത്തട്ടി പൊട്ടിക്കുക. പിന്നെ അതെടുത്ത് കളയുക.
ഇതൊക്കെ ചെയ്യുമ്പോൾ ബൾബ്‌ പൊട്ടാൻ പാടില്ല.
പറ്റുമോ?

പറ്റും.
പ്രായം പന്ത്രണ്ടോ പതിമൂന്നോ.
ഒന്ന് രണ്ടു ബൾബിലൊക്കെ പരീക്ഷണം നടത്തിക്കഴിഞ്ഞപ്പോൾ  ബൾബ്‌ പൊട്ടിക്കാതെ തന്നെ ഇതൊക്കെ  ചെയ്യാൻ പഠിച്ചു.
ഇനിയാണ് പ്രധാന പരിപാടി.
ഈ ബൾബ് പാത്രത്തിൽ വെള്ളം നിറയ്ക്കും.
ദാ , ഒന്നാന്തരം ഒരു  ലൻസ് റെഡി.

പരിപാടി കഴിഞ്ഞോ?
ഇല്ല.
ഈ ലൻസിനെ ഒരു കാർഡ് ബോർഡ് കൂടിൽ ഇറക്കി വയ്ക്കും.കൂടിന്റെ രണ്ടു വശത്തും ഓരോ ചെറിയ   ജനൽ. ഒരു ജനലിൽ കൂടി നോക്കിയാൽ മറ്റേ  ജനൽ വഴി എന്ത് സാധനവും വലുതായി കാണാം.

ഇനിയാണ് ശാസ്ത്രജ്ഞൻ ദരിദ്രജനസമൂഹത്തിന് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കാൻ പോകുന്നത്.
കസിൻസായി കുറെ ദരിദ്രവാസികൾ ഉണ്ട്. അഞ്ചു വയസ്സ് തൊട്ടു പതിനഞ്ചു വയസ്സ് വരെ. ഒറ്റയൊരെണ്ണത്തിന്റെ കയ്യിൽ  കാൽക്കാശില്ല.
എല്ലാത്തിനെയും വിളിച്ചു കൂട്ടി ഒരു മുറിയിൽ തറയിലിരുത്തും.

പുറത്തു മുറ്റത്തു ഒരു കണ്ണാടിക്കഷണം  ഉപയോഗിച്ചു സൂര്യഭഗവാനെ ആവാഹിച്ചു മുറിയിലേയ്ക്ക് പായിക്കും. ആ വെളിച്ചം ബൾബ്‌ ലെൻസ്  വഴി എതിർഭാഗത്തെ ചുമരിൽ പതിപ്പിക്കും. സ്കൂളിൽ വിജയകരമായി നടപ്പാക്കിയ ബാർട്ടർ സിസ്റ്റം വഴി ശേഖരിച്ച ഫിലിമിന്റെ തുണ്ടുകളുണ്ട്. അത് തല കീഴായി ലെൻസിനു പുറകിൽ  കാണിക്കും.
ഹായ്‌ , നസീറും  ഷീലയും ചുവരിൽ വലുപ്പത്തിൽ..!!

ദരിദ്രവാസികൾ പത്തുകാശു  മുടക്കാതെ അങ്ങനെ സിനിമ കണ്ടു കൈകൊട്ടും. ആരോമൽ ചേകവരും  കടത്തനാട്ടുമാക്കവും നിശ്ചല ചിത്രങ്ങളായി വീടിന്റെ ചുമരിൽ. ..
നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ തലയുയർത്തിപ്പിടിച്ചങ്ങനെ നില്ക്കും.

കാലം രണ്ടായിരത്തിപ്പത്തുകൾ... 

ചന്തു ലാപ്ടോപ്പ് ഓണ്‍ ചെയ്യും. എച് ഡീ എം ഐ കേബിൾ, ലാപ്പിൽ നിന്നും നേരെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന 40 ഇഞ്ച്‌ സോണിയുടെ എച്  ഡീ ടീവിയിൽ കണക്ട് ചെയ്യും.

ടോറന്റ് ഉപയോഗിച്ച്  ഇന്റർനെറ്റിൽ നിന്നും അടിച്ചു മാറ്റിയ നാല് ജീബീ 1080p ഹോളിവുഡ് ചലച്ചിത്രം അടങ്ങിയ മെമ്മറി സ്റ്റിക് ,  യു എസ് ബീ വഴി ലാപ്പിൽ  ഓടിക്കും.

ദാ , നാല്പതിഞ്ചു വലിപ്പത്തിൽ തീയേറ്റർ ക്വാളിറ്റിയിൽ അഞ്ചേ  ദശാംശം  ഒന്നേ ചാനൽ ശബ്ദവിന്യാസത്തിൽ കഴിഞ്ഞ മാസം ഇറങ്ങിയ, ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയിട്ടേയില്ലാത്ത, ഹോളിവുഡ് ചലച്ചിത്രം ചുവരിൽ.


ഈ ബൾബ്‌ ലെൻസാക്കുന്ന വിദ്യ അവനൊന്ന് പറഞ്ഞു കൊടുക്കണമെന്നുണ്ട്.
പക്ഷെ, അവൻ ചെവിതരണ്ടേ?
-----------------------------------------------------------------------------------------------------------


ആത്മഹത്യ

"എന്താ ഒരു പൊതിക്കെട്ട്?'

"ഓ, മോന് പൊറോട്ടയും ഇറച്ചീം വല്യ ഇഷ്ടമാ.. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയ്യും"


"പൊറോട്ടയോ? ഇത്രേം വിവരോം വിദ്യാഭ്യാസോമൊള്ള നിങ്ങളും? ഈ പൊറോട്ട മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. പണ്ട് സിനിമ പോസ്റർ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാ.വയറ് ചീത്തയാക്കാൻ വേറെ വല്ലതും വേണോ? "


"ങ്ഹെ, അപ്പൊ അത് കൊള്ളൂല?"


"ഇല്ല. പിന്നെ ബീഫ് ഫ്രൈ.... സുനാമി ഇറച്ചീന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാൻ കൊള്ളാത്ത മാട്ടിറച്ചീം മറ്റും തമിഴ്നാട്ടീന്നു വിലകുറച്ചു കിട്ടും. അതാണീ ഫാസ്റ്റ് ഫുഡ് കാര് ഫ്രൈ ആക്കിത്തരുന്നത്. ചെലപ്പോ പട്ടിയിറച്ചീം കാണും"


"ശ്ചെ ..!!"


"അതേന്ന്. അതിന്റെ കൂടെ ഈ ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ . അവന്മാര് ഒരേ എണ്ണയാ ദിവസങ്ങളോളം ഉപയോഗിക്കുന്നത്. ട്രാൻസ് ഫാറ്റാ. അത് ശരീരത്തിന് ദോഷം ചെയ്യും"


"അപ്പൊ ബീഫ് ഫ്രയും പൊറോട്ടയും കളഞ്ഞേക്കാം. ആ ബേക്കറീന്നു വല്ല പഫ്സും വാങ്ങാം."

"പഫ്സോ? അതും മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. അതിന്റെ കൂടെ ഈ സുനാമി ഇറച്ചി അരച്ചു മസാലേം ചേർത്ത് അകത്തു വയ്ക്കും. "

"എന്നാപ്പിന്നെ, അല്പം കേക്കാകാം.."


"കേക്കണ്ട. അത് മുഴുവൻ പ്രിസർവേറ്റീവല്ലേ? "


"എന്നാപ്പിന്നെ അവനു പോട്ടറ്റോ ചിപ്സ് ഇഷ്ടമാ.. ലെയ്സ് ആയിക്കോട്ടെ.."


"പോട്ടറ്റോ ചിപ്സ്..!! പൊട്ടാ, അത് മുഴുവൻ മോണോ സോഡിയം ഗ്ലൂട്ടമെറ്റല്ലേ? രുചി കൂട്ടാൻ ചേർക്കുന്നത്? ക്യാൻസർ വരാൻ വേറെ വഴി വേണ്ട."


"ഓ, കള..!! വല്ല ഫ്രൂട്സും വാങ്ങാം. ആപ്പിളിനെന്താണോ വില..!!"


"ആപ്പിൾ.? ആപ്പിളിന്റെ തൊലി ഇങ്ങനെ തിളങ്ങുന്നതെന്താണെന്നറിയാമോ? മെഴുകു സ്പ്രെ ആണെന്നേ .. കഴുകിയാലും പോവില്ല. നേരെ വയറ്റിൽ പോയി കുടലിൽ പറ്റിപ്പിടിക്കും. ക്യാൻസർ, ക്യാൻസർ.."


"തൊലി ചെത്തിക്കളഞ്ഞാലോ?"


"എന്നാലുമുണ്ട് കുഴപ്പം. അതിനു നല്ല മധുരം വരാൻ അകത്തേയ്ക്ക് എച് എഫ് സീ എസ് എന്ന സ്വീറ്റനർ കുത്തിവയ്ക്കുകയല്ലേ? ആപ്പിൾ കഴിച്ച് കൊളസ്ട്രോൾ കൂടി ചത്തെന്ന് നാട്ടുകാർ അദ്ഭുതം കൂറും"


"എന്നാപ്പിന്നെ ഏത്തപ്പഴം ആയിക്കോട്ടെ. "


"തമിഴൻ അമോണിയ മുക്കി തരുന്നതല്ലേ? കഴിച്ചു ചാക് .."


"ഞാൻ വീട്ടിപ്പോയി ചോറുണ്ടോളാം ശാസ്ത്രജ്ഞാ.."


"ചോറോ? പോളീഷ് ചെയ്യുവാന്നു പറഞ്ഞ് അവന്മാര് അരിയിൽ പ്ലാസ്റിക് സ്പ്രേ അടിക്കുകയല്ലേ? തവിടിന്റെ നിറം വരാൻ റെഡ് ഓക്സൈഡും.. നന്നായിരിക്കും. കുടലിൽ ബ്രൗണ്‍ നിറത്തിൽ ഒരു കോട്ടിംഗ്. പിന്നെ ബ്രൗണ്‍ ക്യാൻസർ."


"മതി, എന്നാപ്പിന്നെ വായുഭക്ഷണം ആയിക്കോട്ടെ.."


"ഇത്രേം മലിനമായ ഒരു സാധനം വേറെയുണ്ടോ? വാഹനങ്ങൾ ചവച്ച്ചുതുപ്പുന്ന കാർബണ്‍ മോണോക്സൈഡ്, ഫാക്ടറികളിലെ കാർബണ്‍ ഡയോക്സൈഡ് "


"എന്നാപ്പിന്നെ ആത്മഹത്യ ചെയ്തുകളയാം. ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം?"


"പറ്റൂല. നിയമം വഴി അത് നിരോധിച്ചിരിക്കുകയാ"


അനന്തരം ഞാൻ -

"നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തീന്നെന്നെ കര കേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ"
എന്ന് ഉറക്കെ പാടി ഭാര്യേം പിള്ളാരേം കെട്ടിപ്പിടിച്ചു പട്ടിണി കിടന്നുറങ്ങി.

-----------------------------------------------------------------------------------------------------------------


അമ്മ മനസ്സ്..
























എണ്‍പതുകളുടെ തുടക്കത്തിൽ  ആണെന്ന് തോന്നുന്നു, പ്രഭാത്
ബുക്ക് ഹൗസ്  "ആരോഗ്യവിജ്ഞാനകോശം" എന്ന ഒരു പുസ്തകം പുറത്തിറക്കി.
പ്രീ-പബ്ലിക്കേഷൻ  സൗജന്യമായി മാസാമാസം ഒരു ചെറിയ തുക അടച്ച് പുസ്തകം കരസ്ഥമാക്കാൻ ഒരു സ്കീമും ഉണ്ടായിരുന്നു. വലിയവില കൊടുത്ത് പുസ്തകം വാങ്ങാൻ സാമ്പത്തിക ഞെരുക്കം ഉള്ളതുകൊണ്ടും പാർട്ടിക്കാരുടെ നിരന്തര സമ്മർദ്ദം താങ്ങാൻ കഴിയാതിരുന്നതും കൊണ്ടും  അച്ഛൻ തവണ വ്യവസ്ഥയിൽ ബുക്ക്,  ബുക്ക്  ചെയ്തു.

അന്നേ ഒരു പുസ്തകപ്പുഴു ആയിരുന്ന എനിക്ക് അതൊരു ഉത്സവമായിരുന്നു.
പുസ്തകം  പ്രസിദ്ധീകരിക്കുന്ന ദിവസങ്ങൾ ഞാൻ എണ്ണിയെണ്ണിത്തീർത്തു .
ഒടുവിൽ പുസ്തകം കയ്യിൽ  കിട്ടി.
ശരീരത്തെപ്പറ്റിയും  ആരോഗ്യത്തെപ്പറ്റിയും  വർണച്ചിത്രങ്ങൾ നിറഞ്ഞ ഒരു ബ്രഹുത്ഗ്രന്ഥം. രോഗാവസ്ഥകളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിശദമായി, ലളിതമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു വൈകുന്നേരം പുസ്തകം ഞങ്ങളുടെ കയ്യിൽ  നിന്നും തട്ടിപ്പറിച്ചു വാങ്ങി അമ്മ പ്രസ്താവിച്ചു.
"ഇത്രേം ദിവസം നിങ്ങൾ വായിക്കുകല്ലാരുന്നോ? ഇനി ഞാനൊന്നു വായിക്കട്ടെ. എന്നെ ആരും ശല്യപ്പെടുത്തരുത്. വേണ്ടതൊക്കെ അവിടെയുണ്ടാക്കി വച്ചിട്ടുണ്ട്.."
അമ്മ ഒരു മുറിക്കകത്ത് കേറി കതകടച്ച് വായന തുടങ്ങി.

മണിക്കൂറുകൾക്ക് ശേഷം കതകു തുറക്കപ്പെട്ടു.
ഞങ്ങൾ ആകാംക്ഷയോടെ ചോദിച്ചു.
"എങ്ങനൊണ്ടമ്മേ പുസ്തകം?"

അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
"ങും.. ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

ഞങ്ങളുടെ പൊട്ടിച്ചിരിക്കിടയിലും അമ്മ വിഷമം സ്ഫുരിക്കുന്ന മുഖത്തോടെ പറഞ്ഞു.
"അല്ലേലും എന്റെ കാര്യത്തിൽ നിങ്ങക്കൊരു ശ്രദ്ധേമില്ല. ഞാൻ സുഖമില്ലാതെ കിടന്നു ചത്താ നിങ്ങളൊന്നും തിരിഞ്ഞുപോലും നോക്കില്ല, എനിക്കറിയാം.."
"ഈശ്വരാ, കാശ് കൊടുത്തു കടിക്കുന്ന പട്ടിയെയാണല്ലോ ഞാൻ വാങ്ങിയത്.", ഒരു തികഞ്ഞ നിരീശ്വരവാദിയായ അച്ഛൻ വിലപിച്ചു,"ഇവിടെത്താടീ  പുസ്തകം..!!"

വർഷങ്ങൾക്കു ശേഷം ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ  അലമാരയിൽ ആ പുസ്തകം ഇരിക്കുന്നത് കണ്ട്  ഞാൻ അതെടുത്ത് താളുകൾ  മറിച്ചു നോക്കിക്കൊണ്ട്  മകളോട് പറഞ്ഞു,
"അമ്മൂ, നിനക്ക്  അറിയാമോടീ , ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

വാതിൽക്കൽ നിന്നും അവളുടെ അമ്മൂമ്മയുടെ  സ്വരം ഉയർന്നു .
"ചെറുക്കാ, വലുതായെന്നൊന്നും ഞാങ്കരുതത്തില്ല. ഒരെണ്ണമങ്ങോട്ടു ഇട്ടുതന്നാലുണ്ടല്ലോ..!!"

Thursday, 14 May 2015

ആദ്യത്തെ കണ്മണി






ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു.
ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി.

അവൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയുമായി നില്ക്കുകയാണ്. കൈകൾ പുറകിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. സസ്പൻസ്  നീണ്ടു നീണ്ട്  നെഞ്ചിടിപ്പ് കൂടുകയാണ്. 
"പറയെടീ മണുങ്ങൂസ്സെ  .. എന്തായി ?"

ശബ്ദത്തിൽ  നിറഞ്ഞുകവിയുന്ന ആകാംക്ഷ കണ്ടാവാം അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു. പിന്നെ വലതുകൈ പൊക്കി ടെസ്റ്റ്‌ സ്ട്രിപ് എന്റെ മുഖത്തിനു നേരെ നീട്ടി.

വെളുത്ത ടെസ്റ്റ്‌ സ്ട്രിപ്പിന്റെ  മുകൾ  ഭാഗത്ത്   ബ്രൌണ്‍ നിറത്തിൽ ഒരു വര.
ആദ്യത്തെ കണ്മണി  തെളിവ് സഹിതം വരവ് അറിയിച്ചിരിക്കുന്നു.

ഞങ്ങൾക്ക്  ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു. പ്രണയവല്ലരിയിലെ ആദ്യത്തെ പൂവ്.

ഞങ്ങൾ പരസ്പരം നോക്കി വിഡ്ഢികളെപ്പോലെ ചിരിച്ചുകൊണ്ട് നിന്നു.
എന്റെ പ്രതികരണം എന്താണെന്നറിയാനാണ് അവൾ എന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കി  നിൽക്കുന്നത്.കണ്ടിട്ടുള്ള സിനിമകളിലൊക്കെ ഇത്തരം സന്ദർഭങ്ങളിൽ ഭർത്താവ്  രണ്ട് ചെവിയും മുട്ടുമാറ്  നീളത്തിൽ ചിരിച്ചട്ടഹസിച്ച്  ഭാര്യയെ പൊക്കിയെടുത്ത് ഒരു മൂന്നുവട്ടം കറക്കി തറയിൽ നിർത്തി ആകാശത്തേയ്ക്ക് നോക്കി അലറും, "ഞാനൊരച്ഛനാകാൻ പോന്നേ..!!"

ഞാൻ അവളെ മനസ്സിൽ  പൊക്കിയെടുത്ത് ആറു വട്ടം കറക്കി തറയിൽ നിർത്തി.
പിന്നെ ഗൗരവത്തിൽ ചോദിച്ചു,
"ദെങ്ങനെ പറ്റിയെടീ ..?"

"ഓ, ഒരു വല്യ തമാശക്കാരൻ വന്നിരിക്കുന്നു. ഞാൻ അമ്മച്ചിയെ  വിളിച്ചു പറയട്ടെ. തമാശക്കാരൻ  ഇവിടെ നിന്ന് ആലോചിക്ക്."
അവൾ അകത്തേയ്ക്ക് പോയി. അവളുടെ നടപ്പിൽ ഒരു സ്പ്രിംഗ് ആക്ഷൻ വന്നിട്ടുണ്ട്. എന്നുവച്ചാ നിലത്തും താഴത്തുമല്ല.

ജീവിതം ദാ കണ്ണടച്ചു തുറക്കും മുൻപേ ഒരു വലിയ വഴിത്തിരിവിൽ എത്തിയിരിക്കുന്നു.ചുറ്റും കാണുന്നതിലെല്ലാം ഒരു  വ്യത്യാസം വന്നതുപോലെ. എല്ലാ വസ്തുക്കളുടെയും അരികിൽ  ഒരു പ്രകാശവലയം കാണുന്നില്ലേ ?. 
ആ ജനൽക്കമ്പികളിൽ, വാതിൽപ്പടിയിൽ, കസേരയിൽ, അയയിൽ വിരിച്ചിട്ടിരിക്കുന്ന ആ തുണികളിൽ, 
എല്ലാത്തിന്റെയും വിളുമ്പിൽ സൂര്യകിരണങ്ങൾ തട്ടിച്ചിതറുമ്പോലെ പ്രകാശവർഷം.
എനിക്കറിയാം, അതെന്റെ ഉള്ളിന്റെ ഉള്ളിൽനിന്നാണ് വരുന്നത്. 
ഭാരം  കുറഞ്ഞു കുറഞ്ഞു ഞാനൊരു അച്ഛൻതാടിയായി പറന്നു.

"ഡീ വള്ളീ, എനിക്ക് നാണം വരുന്നെടീ..ഞാനിനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും?"
ഞാനവളുടെ പുറകെ വച്ചുപിടിച്ചു.
"മുഖത്തു നോക്കണ്ട. ങ്ഹും, ഒരു കുഞ്ഞുണ്ടാകാൻ  പോന്നെന്നു കേട്ടിട്ട് എന്നെയൊന്ന് അഭിനന്ദിച്ചോ ? നാണമാത്രേ ..!!"
"ഞാൻ അഭിനന്ദിച്ചെടീ. അതല്ലേ അതിശയത്തിൽ ചോദിച്ചെ, ഇതെങ്ങനെ പറ്റീന്ന് ?"
"പോടാ അവിടുന്ന് . അമ്മച്ചിയൊക്കെ അറിയുമ്പോൾ വല്യ സന്തോഷമാവും.."

ഞാൻ കിടപ്പ് മുറിയിലെത്തി മേളിലോട്ട് നോക്കി.
സീലിങ്ങിൽ തൊട്ടിൽ കെട്ടാനുള്ള ഹുക്ക് ഉണ്ടോ?
ഉണ്ടുണ്ട്.
വീട്ടുടമസ്ഥനു നന്ദി.
കട്ടിൽ അല്പം  നീക്കിയിടേണ്ടി വരും. സാരമില്ല. ഫാനിന്റെ കാറ്റുകൊണ്ട് കുഞ്ഞിനു ശ്വാസം മുട്ടുമോ? ഇല്ലാന്ന് തോന്നുന്നു.

"എന്നാലും ആരേലും ചോദിച്ചാൽ നീയെന്റെ പേര് പറയണ്ട. എനിക്ക് ഭയങ്കര നാണമാ.."
"പോടാ വൃത്തികെട്ടവനെ..!! "

വിശേഷം അറിഞ്ഞ് ആദ്യമെത്തിയത്‌ ഭാര്യാപിതാവും മാതാവുമായിരുന്നു.
വന്നപാടെ അമ്മച്ചി ഒന്ന് നോക്കി തലയാട്ടി ചിരിച്ച്  അകത്തേയ്ക്ക് പോയി.
അച്ചാച്ചൻ മുൻപിൽ വന്നു നിന്ന് മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ഗൗരവത്തിൽ ചോദിച്ചു.

"എന്റെ മോക്കെന്താ പറ്റിയത്?"

"വള്ളി ശകലം പ്രെഗ്നന്റ്  ആയി"
ഞാൻ തെല്ലു കുറ്റബോധത്തോടെ പറഞ്ഞു.
പുള്ളിക്കാരൻ ഒരു ഫലിതപ്രിയനാണ് .

"നിങ്ങൾ പിള്ളേർക്ക് ജീവിതത്തിൽ ഒരു പ്ലാനിങ്ങും ഇല്ല."
ഞാൻ തലകുലുക്കി. ഇല്ല, ഒരു പ്ലാനിങ്ങുമില്ല.
പത്തുമുപ്പത് കൊല്ലങ്ങൾക്ക്  മുൻപ്   തിരുവനന്തപുരത്തു വന്ന്  ഒരു കൊച്ചുസുന്ദരിയെ  പ്രണയിച്ചു വീട്ടുകാരറിയാതെ രായ്ക്കുരാമാനം ചെങ്ങന്നൂരോട്ടു തട്ടിക്കൊണ്ടുപോയി കല്യാണം കഴിച്ച കക്ഷിയാണ്  പറയുന്നത്.

"വർഷാവസാനം അവളുടെ മെയിൻ പരീക്ഷ വരുകല്ലേ? ഒന്നുല്ലേ രണ്ടുപേരും അതാലോചിച്ചോ? കുഞ്ഞിനു പാലുകൊടുത്തോണ്ട്   പരീക്ഷയെഴുതാൻ ചെലപ്പോ അവൾക്ക് ഭാഗ്യം കിട്ടിയേക്കും."
സത്യം,അതാലോചിച്ചില്ല. അല്ലേലും പ്രണയവല്ലരി പൂക്കുമ്പോൾ ഇതൊക്കെ ആരാലോചിക്കാൻ?

"എന്തായാലും അച്ചാച്ചൻ ഒരപ്പൂപ്പനാവാൻ  പോകുവല്ലേ?"
ഞാൻ ട്രാക്ക് മാറ്റിപ്പിടിച്ചു. ഒഴിവാക്കാൻ പറ്റാത്ത പ്രതിസന്ധികൾ വരുമ്പോൾ ട്രാക്ക് മാറ്റിപ്പിടിക്കണം. തെറ്റ് ഗുരുതരമാണെങ്കിലും വിചാരണയിൽ നിന്നും ഒഴിവാകണമല്ലോ. ശ്രദ്ധ മാറ്റിയാൽ താത്കാലികമായി രക്ഷപ്പെടാം.

"അതിനു ഞാനിപ്പോഴേ ഒരപ്പൂപ്പനാണല്ലോ"
അച്ചാച്ചൻ മറുകടകം വെട്ടി.
നേരാണ്, മൂത്ത അളിയന് ഒരു മോൻ ജനിച്ചു കഴിഞ്ഞു. അച്ചാച്ചൻ ഒരപ്പൂപ്പനായിക്കഴിഞ്ഞു.

ഇനി പൂഴിക്കടകൻ തന്നെ പ്രയോഗിക്കാം.
"അച്ചാച്ചന്റെ മോൾക്ക്‌ ഒരു  മോളാണ്  ഉണ്ടാകുന്നെങ്കിൽ ആലോചിച്ചു നോക്ക്. അപ്പൊ അച്ചാച്ചനാരാ?'
"ആരാ? വീണ്ടും അപ്പൂപ്പൻ"
"കൊച്ചുമോളായതുകൊണ്ട് അച്ചാച്ചൻ ഒരു  അമ്മൂമ്മ ആകില്ലേ?. അങ്ങനെ ജീവിതത്തിൽ ആദ്യമായി അച്ചാച്ചൻ ഒരമ്മൂമ്മയാകും"

ഫലിതപ്രിയൻ എന്നെ ഒന്നിരുത്തി  നോക്കിയിട്ട്  ബാഗുമായി അകത്തേയ്ക്ക് നടന്നു. പോകും വഴി ഉച്ചൈസ്തരം പ്രഖ്യാപിച്ചു.
"ഡീ ഭാര്യേ. ഞാൻ ചിലപ്പോ ഒരമ്മൂമ്മയായേക്കും. സംഗതി ആലോചിച്ചപ്പോൾ കൊള്ളാം"

എല്ലാവർക്കും  ഭാര്യയോടു പെട്ടെന്ന് സ്നേഹം കൂടി.
മോളെ നീ സമയത്ത് വല്ലതും ഒക്കെ  കഴിക്കണം.
മോളെ നീ ഇങ്ങനെ ഉറക്കമിളയ്ക്കരുത്.
മോളെ നീ ഓട്ടോയിലൊന്നും കേറണ്ട.
രണ്ടുനേരം പാലുകുടിക്കണം.
പാചകമൊക്കെ പ്രദീപ്‌ ചെയ്യട്ടെ.
പ്രദീപ്‌ പാത്രം കഴുകും, മോള് കേറിപ്പോ.
ഭാരമുള്ളതൊന്നും എടുക്കണ്ട. പ്രദീപ്‌ എവിടെ?

ഞാൻ അവളെ സ്വകാര്യമായി മുറിയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി അപേക്ഷ സമർപ്പിച്ചു .
"ഡീ, ഗർഭം ഞാൻ ചുമന്നോളാം. നിനക്കീ കിട്ടുന്നതിന്റെയൊക്കെ പകുതി എനിക്കു തന്നാൽ മതി"
അവൾ അടുക്കുന്ന ഒരു ഭാവവും കണ്ടില്ല. പിന്നെ ചെറുതായൊന്ന് വെരുട്ടി നോക്കി.
"ഈ ഗർഭം എന്റേതാ. അതെനിക്കുതന്നെ ചുമക്കണം. അങ്ങനെ  നീ മാത്രം സുഖിക്കണ്ട."
അവൾ എന്റെ താടിയ്ക്ക് തോണ്ടിപ്പറഞ്ഞു.
"ദേ , ചുമ്മാ എന്നെ ചിരിപ്പിക്കണ്ട, കുലുങ്ങിച്ചിരിച്ചാൽ കുഞ്ഞിനു കേടാന്നെ.."

ഭാര്യ തന്നെ മദിരാശിയിലുള്ള സ്വന്തം അനിയത്തിയെ വിളിച്ചു വിവരം പറഞ്ഞു.അവർ ഒരേ ദിവസം കല്യാണം കഴിച്ചവരാണ്. രണ്ടുപേരും സംസാരമെല്ലാം കഴിഞ്ഞ് ഫോണ്‍  വയ്ക്കുന്നതിനു തൊട്ടു മുന്പ്  ഒരു സംഭാഷണം ഫോണിലൂടെ പാറി വീണു.
"അണ്ണാ , അവർക്കൊരു കുഞ്ഞ് ഉണ്ടാകാൻ പോന്നെന്ന്. ഈ അണ്ണൻ എവിടെ പോയിക്കിടക്കുവാ, ഒരാവശ്യത്തിന് നോക്കിയാ കാണില്ല.."
ഞാൻ ഭാര്യയെ നോക്കി ഊറിച്ചിരിച്ചു.
'ങ്ഹും , ഇപ്പൊ നിന്റെ അനിയത്തിക്ക് ഒരു വാശിയൊക്കെ വന്നിട്ടുണ്ട്. ഇപ്പൊ കാണിച്ചുതരാം എന്നാ അപ്പറഞ്ഞത്‌."

വീട്ടിൽ   നിന്നും അച്ഛനും അമ്മയുമെത്തി. ആകെ ഉത്സവമേളം.

ഒടുവിൽ ഉത്സവമെല്ലാം കഴിഞ്ഞ് ആനയും അമ്പാരിയുമെല്ലാം മടങ്ങി. വാടകവീട്ടിൽ ഞങ്ങൾ രണ്ടുപേരും അനിയനും മാത്രമായി.
എല്ലാം കൂടി മൊത്തം മുന്നൂറ്റിയെഴുപത്തിയേഴ് ഉപദേശങ്ങളും കിട്ടി. വള്ളി അതെല്ലാം ഒരക്ഷരം വിടാതെ ഡയറിയിൽ കുറിച്ചുവച്ചിരിക്കുകയാണ്.

ഒരുവശം ചരിഞ്ഞു കിടക്കാൻ പാടില്ല.
വൈകുന്നേരം തല നനഞ്ഞുകൊണ്ട് കിടക്കരുത് .
കൊച്ചുപിള്ളേർ മാതിരി ഓടിച്ചാടി നടക്കരുത്.
പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടായിട്ട് ചെയ്യണം.
എന്നും രാവിലെ മുറ്റം തൂക്കണം.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യണ്ട.
ഉപ്പുപയോഗിക്കുന്നത് കുറയ്ക്കണം.
പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴിക്കണം.
ഇങ്ങനെ ഒരു നീണ്ട ലിസ്റ്റ്.

ലിസ്റ്റിന്റെ അവസാനം അവൾ കാണാതെ "ഭർത്താവിന് എന്നും ചിക്കൻ കറി ഉണ്ടാക്കിക്കൊടുക്കണം " എന്ന് ഞാൻ എഴുതിച്ചേർത്തെങ്കിലും അവൾ അതുകണ്ടുപിടിച്ച് വെട്ടിക്കളഞ്ഞു. അതിന്റെ ദേഷ്യത്തിന്  അവൾ സ്വയം വെട്ടിക്കളഞ്ഞ "എന്നും രാവിലെ മുറ്റം തൂക്കണം "എന്ന നിർദ്ദേശം ഞാൻ വീണ്ടും ഒരു ചുവന്ന മഷിപ്പേന കൊണ്ട് എഴുതിച്ചേർത്തു.

അനിയന് ചേട്ടത്തിയോടുള്ള ബഹുമാനം കൂടി.
"ചേട്ടത്തി പാത്രമൊന്നും  കഴുകാൻ നിൽക്കണ്ട ,   അവനോട് പറഞ്ഞാ മതി. അവൻ കഴുകിത്തരും.."
ചേട്ടത്തി പാത്രം ഒന്നും കഴുകണ്ടാ, ഞാൻ കഴുകിത്തരാം  എന്നല്ല.
വഞ്ചകൻ .

'ഡാ, അവക്ക്  എന്താ ഇഷ്ടം ന്നു വച്ചാ അത് മേടിച്ചു കൊടുക്കണം. ചുമ്മാ അവളെ വിഷമിപ്പിക്കരുത്."
അമ്മ പോകാൻ നേരം  ഉപദേശിച്ചിരുന്നു.

ഞാൻ അവളെ സാവധാനം ഭൂമി നോവിക്കാതെ നടത്തി ഒരു കസേരയിൽ കൊണ്ടിരുത്തി മൃദുവായി ചോദിച്ചു.
"എന്താ പ്രിയതമേ, നിനക്കിഷ്ടം. എന്നെയല്ലാതെ?'
"ഓ, പിന്നെ. പറയാത്ത താമസം ഇപ്പൊ  സാധിച്ചു തരും."
"പിന്നല്ലാതെ. നിനക്ക് എന്താ ഇഷ്ടം? പറ, വ്യാക്കൂണ്‍, വ്യാക്കൂണ്‍.."

അവൾ സീലിങ്ങിലേയ്ക്ക് നോക്കി  ഭയങ്കര ആലോചന.
ഈശ്വരാ, നീലക്കൊടുവേലി? കല്യാണസൌഗന്ധികം ? ആകാശമിഠായി?
അവൾ എന്തെങ്കിലും ഇടിവെട്ട് ആവശ്യം ഉന്നയിക്കും മുൻപ് ഞാൻ  ചൂണ്ടയെറിഞ്ഞു.
"നല്ല പച്ച മാങ്ങ ? പുളിയങ്കാ ? വാളമ്പുളി?"
അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു.
"എനിക്കേ , ഓറഞ്ച്  തിന്നാൻ കൊതിയാകുന്നു. ഓറഞ്ച് മതി"
ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു.
ഓറഞ്ച് മതിയല്ലെ? പിന്നെന്താ.
പിന്നെ ഒന്ന് ഞെട്ടി.
അബ്ദുൽ ഖാദർ പതുക്കെ ചോദിച്ചു.
"പൂവമ്പഴം ആയാലും മതിയോ?
ജമീലാബീവി ഒരു പുച്ഛഭാവത്തിൽ മൊഴിഞ്ഞു.
"പോ അവിടുന്ന്. എനിക്ക് ഓറഞ്ചസ്  മതി "

എന്നും ഓഫീസിൽ നിന്നും വരുന്നവഴി അവൾക്കുവേണ്ടി ഓറഞ്ച് വാങ്ങിക്കൊണ്ടുവരും. ഇല്ലെങ്കിൽ അവൾ കോളേജിൽ നിന്നും വരുന്ന വഴി വാങ്ങും.
ആരേലും വീട്ടിലേയ്ക്ക് അതിഥിയായി വരുമെന്നറിയിച്ചാൽ നാണമില്ലാത്തവൻ ഉടൻ
"വള്ളിയ്ക്കു ഓറഞ്ച് വല്യ ഇഷ്ടമാണ് കേട്ടോ, ന്നു വച്ചു വാങ്ങിക്കൊണ്ട് വരണോന്നോന്നും ഇല്ല " എന്ന് പറയും.
ആ അവസാനത്തെ "വരണോന്നോന്നും ഇല്ല" എന്ന ഭാഗം  ഇത്തിരി കനപ്പിച്ചു പറഞ്ഞാൽ  മതി, കുറഞ്ഞത് ഒരു കിലോ  ഓറഞ്ചെങ്കിലും വീട്ടിലെത്തും.

രാവിലെ കോളേജിൽ പോകുന്നതിനു മുൻപ് പുള്ളിക്കാരി മൂന്നു നാല്  ഓറഞ്ച് അകത്താക്കും. പിന്നെ കുളിച്ചൊരുങ്ങി സാരിയൊക്കെ ഉടുത്തു കണ്ണെഴുതി പൊട്ടിട്ട് സീമന്തരേഖയിൽ കുങ്കുമവും ചാർത്തി സുന്ദരിയായി ബാഗുമൊക്കെയെടുത്തു ഭക്ഷണമുറിയിലെത്തി ഐശ്വര്യവതിയായി വാഷ്ബേസിനിൽ ഛർദ്ദിക്കും. കഴിച്ച ഓറഞ്ചെല്ലാം ദാ കിടക്കുന്നു.

"നീയെന്തിനാടീ ഇങ്ങനെ ഛർദ്ദിച്ചു കളയാനായി മാത്രം  ഓറഞ്ച് തിന്നുന്നത് ?" എന്ന് ചോദിച്ചാൽ രൂക്ഷമായ നോട്ടമായിരുന്നു മറുപടി. ഓറഞ്ച് വാങ്ങൽ, അത് കഴിക്കൽ , പിന്നെ അത് ഛർദ്ദിച്ചു കളയൽ  തുടങ്ങിയവ സ്ഥിരം നാടകവേദി പോലെ മുൻപോട്ടു പോയി.
എന്നുമിങ്ങനെ ഇവ്വിധം ഓറഞ്ച്  കഴിച്ച് ഛർദ്ദിക്കാൻ വിഷമമാണെങ്കിൽ ഞാൻ വേണേൽ  ഓറഞ്ച് കഴിക്കാം, നീ ഛർദ്ദിച്ചോ എന്നു പറഞ്ഞു നോക്കിയെങ്കിലും അതവൾ കണക്കിലെടുക്കാതെ പൂർവാധികം ഭംഗിയായി ഓറഞ്ച്  കഴിക്കുകയും ഛർദ്ദിക്കുകയും ചെയ്തു.

ഛർദ്ദിക്കൽ ഒരു വലിയ കലാപരിപാടി തന്നെയാണ്. അവൾക്ക്  ഛർദ്ദിക്കുക എന്നത് ഭയങ്കര വെപ്രാളമാണ്. ഛർദ്ദിക്കുമ്പോൾ അടുത്ത് നിന്ന് പുറം തിരുമ്മി ആശ്വസിപ്പിക്കണം. അത് ഭർത്താവിന്റെ കടമയാണത്രെ. 
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ  എന്നും രാവിലെ വാഷ്ബേസിനരികെ നിലയുറപ്പിക്കുന്ന ഒരു സ്വഭാവത്തിലേയ്ക്ക് ഞാൻ വഴുതി വീണു. എങ്ങാനും കടമ നിർവഹിക്കാൻ മറന്നുവെന്നു വേണ്ട.
ഒരു ദിവസം രാവിലെ പോകാൻ ഇറങ്ങി പടിവാതിൽക്കൽ എത്തിയ അവൾ എന്നെ നോക്കി സാകൂതം ചോദിച്ചു.
"നീയെന്താ വാഷ് ബേസിന്റടുത്തു നിന്നുറങ്ങുന്നത്?"
"അതിപ്പോ നിനക്ക് ഛർദ്ദിക്കണ്ടേ?"
മുറ്റത്തേയ്ക്ക് കാൽ വയ്ച്ച അവൾ ഒരു അപസ്വരവും പുറപ്പെടുവിച്ച് അകത്തേയ്ക്ക് ഓടി വന്ന് വാഷ്ബേസിനിൽ ഛർദ്ദിച്ചു.
വായും മുഖവും കഴുകി തിരിഞ്ഞു നടക്കുമ്പോൾ അവൾ പറഞ്ഞു.
"ദുഷ്ടൻ ..!!"
നോക്കിക്കോണേ, ഭർത്താക്കന്മാരുടെ ഒരു ഗതികേട്. കരയ്ക്കൂടെയും വെള്ളത്തിലൂടെയും പോകാൻ പറ്റില്ല.

ചിരിയും സന്തോഷവും ആകാംഷയും നിറഞ്ഞ  ഒരു പ്രത്യേക കാലഘട്ടത്തിലൂടെ ജീവിതം  അങ്ങനെ കടന്നു പോകുകയാണ്. കുഞ്ഞുങ്ങൾ കടന്നു വരുമ്പോൾ ജീവിതം  ഇനി  എങ്ങനെയാണ്  ചിട്ടപ്പെടുത്തേണ്ടത്‌ എന്ന് ഭാവനയിൽ കാണുകയും അത് ചർച്ച ചെയ്യുകയും അതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് ആത്മഹർഷം കൊള്ളുകയും ചെയ്യുന്ന ഒരു കാലഘട്ടം.

വാടകവീടിന്റെ ചുറ്റുവട്ടത്തുനിന്നുംചിറകുവിരിച്ച് പറന്നുയർന്ന്  സ്വന്തമായ ഒരു വീട്ടിലേയ്ക്ക് ജീവിതം എത്തപ്പെടുകയാണ് . ഒരു വലിയ മുറ്റം. അതിന്റെ ഒരുവശത്ത്‌ പച്ചപ്പുൽത്തകിടി.  നന്ത്യാർവട്ടവും രാജമല്ലിയും തെറ്റിയും മുല്ലയും ഒരു വശത്ത്‌.
 പോക്കുവെയിൽ തട്ടി തിളങ്ങുന്ന  ചരൽ നിറഞ്ഞ മുറ്റം .
അതിലൂടെ പിച്ചവച്ച് ദാ ഇപ്പൊ വീഴും എന്ന മട്ടിൽ ചിതറിത്തെറിച്ച് തുള്ളിച്ചാടി നടക്കുന്ന രണ്ടു കുഞ്ഞിപ്പാദങ്ങൾ. 
വിസ്മയം പൂണ്ട ഒരു ചിരി.
ചുണ്ടുപിളർത്തി പുരികം ചുളിച്ച് ഒരു വിതുമ്പൽ.
ഒരു പൂ വിരിയുന്നതുപോലെ  ജീവിതം അതിന്റെ എല്ലാ ഭംഗിയും കാട്ടി ഞങ്ങളെ കൈ കാട്ടി വിളിക്കുകയാണ്‌.

കാണെക്കാണേ  പ്രിയതമയുടെ രൂപം മാറി വന്നു. സ്വതവേ മെലിഞ്ഞു കൊലുത്ത  രൂപം ഒരു വലിയ ഭാരവും ചുമന്നു നടന്നാൽ എങ്ങനെയിരിക്കും? അവളുടെ പ്രാരാബ്ധം കണ്ട് ടെൻഷൻ അടിച്ച വീട്ടുകാരും നാട്ടുകാരും എന്റെ മേക്കിട്ട്  കയറാൻ തുടങ്ങി.   
ഇങ്ങനെയൊന്നും നോക്കിയാൽ പോരാ. മുഖത്ത് നല്ല വിളർച്ചയുണ്ട്. അതിനെയിങ്ങനെ കഷ്ടപ്പെടുത്താതെ നല്ല ആഹാരമൊക്കെ കഴിപ്പിക്ക്. അതിന്റെ മനസ്സ് വിഷമിപ്പിക്കുന്നുണ്ടായിരിക്കും. കുറച്ചു ദിവസം ലീവെടുത്ത് കൂടെയിരിക്ക്. അതിന്റെ ചുറ്റും കിടന്ന് ഇങ്ങനെ കറങ്ങി പിരാന്ത് എടുപ്പിക്കാതെ ജോലിക്ക് പോകാൻ നോക്ക്. അതിനെയിട്ട്‌  ജോലിയെടുപ്പിച്ച് കഷ്ടപ്പെടുത്തുകയായിരിക്കും.

അടുത്ത വീട്ടിലെ അമ്മൂമ്മ അവളെയങ്ങ് ദത്തെടുത്തു. വീട്ടുവാതിൽക്കൽ എത്തുമ്പോഴേ  അവർ എന്നെ ചീത്തവിളിക്കാൻ  തുടങ്ങും. ഞാൻ ജോലിക്ക് പോയിരിക്കുകയാണെന്നതൊന്നും അമ്മൂമ്മയ്ക്ക് പ്രശ്നമല്ല.
പുള്ള എന്തരു കാണിക്കണത്. പുള്ളാര് കളിയല്ല പുള്ളേയിത്. വോ, കടിഞ്ഞൂലാ. നേരാം വണ്ണം നോക്ക്യാലേ തള്ളേം പുള്ളേം നേരാം വണ്ണം ഇങ്ങ് പോരൂ, വോ..

ശെടാ പാടെ, എന്റെ പ്രസവവേദന ദിനംപ്രതി കൂടിക്കൂടി  വന്നു.
   
ഇടയ്ക്കിടെ ആദ്യത്തെ കണ്മണി ഞാനിവിടുണ്ട് എന്നറിയിക്കും  മട്ടിൽ സുഖഗേഹത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങി.
"ഓടി വാ ,ദാ ഇപ്പൊ കാണാം , സൂക്ഷിച്ചു നോക്കിക്കോ" എന്ന് അവൾ ഉറക്കെ പറയും.
വലിഞ്ഞു നനുത്ത നീല ഞരമ്പോടുന്ന ആ വയറിന്റെ ഉപരിതലത്തിൽ ആകാംക്ഷയോടെ ഞങ്ങൾ നോക്കിനിൽക്കും.
ദാ ഒരുവശത്ത്‌  പെട്ടെന്നൊരു മുഴ പ്രത്യക്ഷപ്പെടുകയായി. അത് സാവധാനം അനങ്ങി മറുവശത്തേയ്ക്ക് നീങ്ങും.
ഞാനിവിടുണ്ട്.
ഞാനിവിടുണ്ട്. 
ഉണ്ട്.

"എന്റെ മോൾ മുദ്രാവാക്യം വിളിക്കുകയാ.." ഞാൻ സങ്കൽപ്പിച്ചു.
"മോളാണെന്ന് എന്താ ഇത്ര ഉറപ്പ്?"
"മോളാവും. അതെ, മോള് തന്നെയാ. ആവില്ലേ? ആവും. മോള് തന്നെ.."
"അതെന്താ മോനായാ കൊള്ളൂല്ലേ?"
"മോനായാൽ വിശ്വാസവഞ്ചനയായിപ്പോകും. അടുത്തത് മോൻ.. ഇപ്പൊ മോൾ.."
"വിശ്വാസവഞ്ചനയോ ?" അവൾ നെറ്റി ചുളിച്ചു.
"ങ്ങും . ഒരു ദുർബലനിമിഷത്തിൽ നിന്റെ ഫാദറിനെ ഒരമ്മൂമ്മയാക്കാമെന്നു ഞാൻ പ്രോമീസ് ചെയ്തു പോയെടീ. ചത്താലും ഞാൻ വാഗ്ദാനലംഘനം   നടത്തൂല. നീയെന്നെ സഹായിക്കൂലെ? നീ നിന്റെ ഭർത്താവിനെ നാണം കെടുത്തല്ലേ...!!"
"നാണം കെട്ടവൻ"

ഡോക്ടറുടെ വക ടോണിക്കുകളും ഗുളികകളും  പലതരം മേശപ്പുറത്തു നിരന്നു .
കാത്സിയം, അയണ്‍, വൈറ്റമിൻ എ , ബി , സീ ,ഡീ , ഈ, എഫ്....
പിന്നെ  നാട്ടിൽ നിന്നും അമ്മമാർ ഇറക്കുമതി ചെയ്ത അരിഷ്ടങ്ങൾ.
ഉള്ളതിൽ ഏറ്റവും മധുരമുള്ള ഒരു ടോണിക്ക് എടുത്തു കുടിച്ചതിന്റെ പേരിൽ  വാക്കുതർക്കവുമുണ്ടായി.

"ഞാനൊരച്ഛനാകാൻ പോകല്ലേ? എനിക്കും ദേഹരക്ഷയൊക്കെ നോക്കണ്ടേ?"
"ഡാ,  മണ്ടൂസാ ആ ടോണിക്ക്‌   ഈസ്ട്രജൻ പരിപോക്ഷിപ്പിക്കാനുള്ളതാ.. നീയതെടുത്തു കുടിച്ചാൽ പെണ്ണായിപ്പോകും."
"എന്നാപ്പിന്നെ വേണ്ട. രണ്ടമ്മമാര് ശരിയാവൂല്ല."
"നിനക്ക് വേണേ ആ അരിഷ്ടം എടുത്തു കുടിച്ചോ...ദഹനത്തിനു നല്ലതാ."

പെണ്‍ബുദ്ധി നോക്കിക്കോണേ ! കയ്പ്പുള്ള അരിഷ്ടം കുടിച്ചു തീർക്കാൻ  അവൾ ടെണ്ടർ വിളിക്കുകയാണ്.
അതും ദഹനത്തിന് .!
ഉച്ചയ്ക്ക് മൂക്കുമുട്ടെ  തട്ടി ഏമ്പക്കവും വിട്ട് കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനു മുന്പ്  "ഇനി രാത്രി എന്തുവാ" എന്ന് ചോദിക്കുന്ന  കക്ഷിയ്ക്കാണ് ദഹനത്തിനുള്ള അരിഷ്ടോപദേശം.

ഏഴാം മാസം മെഡിക്കൽ കോളേജിൽ സ്കാനിംഗ് മുറിയിൽ  നിന്നും ഇറങ്ങി വരുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
"നിന്റിഷ്ടം.."
"ങ്ഹെ, എന്ന് വച്ചാ..?" അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാകാതെ ഞാൻ ചോദിച്ചു.
"പൊട്ടാ, പെണ്‍കുഞ്ഞാണെന്ന്. നിന്റെ ഇഷ്ടം സാധിച്ചല്ലോ."
"അതെങ്ങനറിഞ്ഞു?  അവര് പറയാറില്ലല്ലോ..!"
"റേഡിയോളജിസ്റ്റ് എന്റെ കൂട്ടുകാരിയാ. അറിയണോന്നു ചോദിച്ചു. ഞാൻ വേണമെന്ന് പറഞ്ഞു. ഇതാരും അറിയണ്ട. ഒരു സസ്പെന്സായി ഇരിക്കട്ടെ."
"എന്തായാലും നീയെന്റെ  മാനം രക്ഷിച്ചു.."

മുറ്റത്തെ ചരലിലൂടെ തെറിച്ചു തെറിച്ചു നടക്കുന്ന ആ കുഞ്ഞിപ്പാദങ്ങളിൽ പെട്ടെന്ന് കൊലുസ്സുകൾ തെളിഞ്ഞു വന്നു. മുടി  വെട്ടാതെ നീട്ടി വളർത്തണം. നെറ്റിയിൽ  ചുരുണ്ട മുടിയിഴകൾ അങ്ങനെ തത്തിക്കളിക്കണം.  ഒരുപാട്  ഒരുപാട് ഫ്രില്ലുകൾ പിടിപ്പിച്ച വെളുത്ത ഫ്രോക്ക്  ഇടുവിക്കണം.
ഒരു മാലാഖയെപ്പോലെ.

ഡോക്ടർ പറഞ്ഞ തീയതിക്കും മൂന്നാഴ്ച  മുൻപ് ഒരു ദിവസം വെളുപ്പാൻകാലം അവൾ എന്നെ തട്ടി വിളിച്ചു.
"ഡാ, എനിക്ക് പെയിൻ ആണെന്ന് തോന്നുന്നു"
ബായ്ഗിൽ സ്ഥാവരജംഗമവസ്തുക്കൾ ആഴ്ചകൾക്ക് മുൻപേ റെഡിയാണ്. അതിലില്ലാത്തത്  പ്രസവമുറി മാത്രമാണ്.
അന്തം വിട്ട് ആശുപത്രിയിൽ എത്തി.
ഡോക്ടർ പരിശോധിച്ചു.
"ഹേയ് , കാര്യമാക്കണ്ട. അത് ഫാൾസ് പെയിനാ. തന്ന തീയതി രാവിലെ അഡ്മിറ്റ്‌ ആയിക്കോ. ഇപ്പൊ ധൈര്യമായി വീട്ടിൽ പോ."
മടങ്ങുന്നേരം അവൾ ചോദിച്ചു
"എന്താ നിന്റെ മുഖത്ത് ഒരു വൈക്ലബ്യം?'
"ഓ, ഒരു ഫാൾസ് പെയ്നാ. നീ കാര്യമാക്കണ്ട."
അവൾ കൈമുട്ടുകൊണ്ട് കുത്തി.

നാളെ നാളെ എന്ന് പറഞ്ഞ്  ആ സുദിനം വന്നെത്തി.
രാവിലെ തന്നെ മെഡിക്കൽ കോളേജിൽ ഹാജർ  വച്ചു. അവിടുത്തെ വിദ്യാർത്ഥിനി  എന്ന നിലയിൽ അവൾക്ക് പ്രത്യേക പരിഗണനയാണ്.

രാവിലെ ഭക്ഷണം എടുക്കാൻ വീട്ടിൽ പോയി തിരിച്ചുവന്നപ്പോഴേയ്ക്കും  താമസിച്ചുപോയി. അതിനകം അവളെ ലേബർ റൂമിൽ കയറ്റിക്കഴിഞ്ഞു.
പുറത്തുകാവലിരുന്ന  അമ്മമാർ വഴക്ക് പറഞ്ഞു.
"മോള് പോകുന്ന വരെ നിന്നെ തിരക്കി."

ചെറിയ കുറ്റബോധം കൊണ്ട് നടപ്പിനു സ്പീഡു  കൂട്ടി. അച്ഛന്മാർ പ്രസവ മുറിയ്ക്ക് മുൻപിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കണം എന്നാണല്ലോ പ്രമാണം. നടന്നു നടന്നു ക്ഷീണിച്ചപ്പോൾ  അമ്മ വിളിച്ചുപറഞ്ഞു.
"ഡാ, നീ നടന്നില്ലേലും പ്രസവിച്ചോളാം എന്ന്  മോള്  പറഞ്ഞാരുന്നു.നീ അവിടെവിടേലും പോയിരി"
ഒരുപറ്റം അമ്മമാരുടെ കൂട്ടച്ചിരി അവിടെ മുഴങ്ങി.

ആദ്യം മുറിയിൽ മടങ്ങിയെത്തിയത് അവളായിരുന്നു. സ്ട്രെച്ചറിൽ നിന്നും കിടക്കയിലേയ്ക്ക്  ഇറക്കി കിടത്തുമ്പോൾ ക്ഷീണിച്ച കണ്ണുകൾ  ഉയർത്തി എന്നെ നോക്കി അവൾ പുഞ്ചിരിച്ചു.
"കുഞ്ഞിനെ ഇപ്പൊ  കൊണ്ടുവരാട്ടോ.." നഴ്സമ്മ മുറിയിൽ  നിന്നും പുറത്തേയ്ക്ക് ഓടി.
ഞാൻ അവളുടെ കൈകൾ  കവർന്നു, തലയിണ ഒതുക്കി വച്ചുകൊടുത്തു.  മുടിയിഴകൾ നെറ്റിയിൽ  നിന്നും പുറകോട്ടൊതുക്കി  ചോദിച്ചു.
"ഒരുപാട് വേദനയുണ്ടാരുന്നോടാ..?"
"നീ എവിടെപ്പോയിക്കിടക്കുവായിരുന്നു? ലേബർ റൂമിലോട്ടു പോവുമ്മുമ്പ് എനിക്ക് നിന്നെ കാണണം ന്നുണ്ടാരുന്നു."
"പറ്റിയില്ല" തെല്ലൊരു കുറ്റബോധത്തോടെ പറഞ്ഞു.

നഴ്സമ്മ ഒരു വെളുത്ത തുണിക്കെട്ട് അവളുടെ  അരികിൽ  കൊണ്ടുവന്നു കിടത്തി.
ചോരനിറമാർന്ന ആ കുഞ്ഞിമുഖത്തേയ്ക്കു നോക്കി ഞാനിരുന്നു.
തലയിൽ നിറയെ മുടി. നെറ്റിയിൽ  വരെ നനുത്ത രോമരാജികൾ. 
ഒരു കൊച്ചുസുന്ദരി.
ആദ്യത്തെ കണ്മണി.
കാണെക്കാണെ തൊണ്ടയിൽ എന്തോ ഭാരം വന്നു നിറയുംപോലെ.

സാവധാനം ആ മിഴിയിണകൾ തുറന്നു വന്നു.
ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊരുത്തു.
കണ്മണിയുടെ മുഖത്ത് ഒരു മന്ദഹാസം പരന്നോ ?

"നോക്കടീ, അവളെന്നെ നോക്കി ചിരിക്കുന്നു"
ഞാൻ അതിശയത്തോടെ പറഞ്ഞു.
"പോടാ, നാലഞ്ചാഴ്ചയാകാതെ കുഞ്ഞുങ്ങൾ ഒരു വസ്തുവും തിരിച്ചറിയില്ല. ഇപ്പൊ എല്ലാം അവർക്ക്  ഒരു പ്രകാശം മാത്രമാണ്."

മന്ദഹാസപ്പൂ വിരിഞ്ഞ ആ കുഞ്ഞിക്കവിളിൽ വിരൽ കൊണ്ട് മൃദുവായി സ്പർശിച്ചുകൊണ്ട്  ഞാൻ പറഞ്ഞു,
"ഇല്ലെടീ. അവൾ എന്നെ തിരിച്ചറിയുന്നുണ്ട്. എന്റെ  പ്രകാശം   അവൾ തിരിച്ചറിയുന്നുണ്ട്."

Monday, 4 May 2015

ചിതറിയ ചിന്തകൾ -ഒന്ന്



കളിത്തട്ടുകൾ 


അച്ചയുടെ  കുട്ടിക്കാലത്ത് സ്കൂൾ വിട്ടുവന്നാൽ പുസ്തകവും എറിഞ്ഞിട്ട് പുറത്തോട്ടൊരു  ഓട്ടമാണ്. കളിക്കാൻ.
പറമ്പിന് താഴെ ഇറങ്ങിചെല്ലുമ്പോൾ ഒരു പാടമുണ്ട്. വലിയൊരു പാടം. അതിന്റെ ഒരു വശത്തുകൂടി ഒഴുകുന്ന ഒരു ചെറിയ തോട്.
ആ തോടു തുടങ്ങുന്നിടത്ത് ഉറവ പൊട്ടി വരുന്ന ഒരു കുഞ്ഞിക്കുളം.
അതിൽ നിന്നാണ് വെള്ളം തോട്ടിലേയ്ക്കു ഒഴുകുന്നത്‌.
കുളത്തിന്റെ അകം മുഴുവൻ നല്ല വെളുത്ത കളിമണ്ണാണ്.
അത് കൈ കൊണ്ട് കുത്തിയെടുക്കും.
സൂക്ഷിക്കണം. ചിലപ്പോൾ  പുൽനാമ്പുകൾക്കിടയിൽ നീർക്കോലിയോ മഞ്ഞച്ചേരയോ കാണും.
അപ്പോൾ ആ  കളിമണ്ണെടുത്തു കൈകൾ  കൊണ്ട് ഉരുട്ടി കുഞ്ഞി ഇഷിടികകൾ  ഉണ്ടാക്കും. ആ കളിമണ്‍ ഇഷ്ടികകൾ കൊണ്ട് ഒരു കുഞ്ഞി അമ്പലം.
കളിമണ്ണുപയോഗിച്ചു  തന്നെ ഗണപതിയെയും ഉണ്ടാക്കാൻ പറ്റും.
ഒരു വലിയ ഉരുള കൊണ്ട്  ഗണപതിയുടെ കുടവയർ.
ഒരു ചെറിയ ഒരുള കൊണ്ട് തല.
പിന്നെ സിഗരട്ട് പോലെ ഉരുട്ടി തുമ്പിക്കൈ.
അടിച്ചു പരത്തി രണ്ടു വലിയ ചെവികൾ .
അങ്ങനെ കളിമണ്‍ ഗണപതി പ്രതിഷ്ഠ റെഡി .

ഇനി ഉത്സവമാണ്. ഒരു കമ്പ് കുത്തി നിർത്തും . പ്ലാവില കൊണ്ട് ഒരു കുമ്പിൾ കുത്തിയാൽ മൈക്ക് ആയി.

മൈക്കിലൂടെ റെക്കേഡ്  പാട്ട് വേണ്ടേ?
എല്ലാവരും ചേർന്ന് ഉറക്കെ പാടും.

"ചീമപ്പുളി വിൽക്കാനുണ്ടോ വെല്യോട്ടിലെ വെല്യമ്മേ?

ബീമാനം  കാണണമെങ്കിൽ മേപ്പോട്ടു നോക്കണമേ..
രാജാവിനെ  കാണണമെങ്കിൽ താപ്പോട്ടു  നോക്കണമേ..."

ആകെ ബഹളം.

പാടത്തിനങ്ങേക്കരെ റോഡിലൂടെ  പോകുന്നവർ  നിന്ന് നോക്കും.
അവരെ കാണുമ്പോൾ ഞങ്ങടെ കാളികൂളിത്തരം കൂടും.
ഡാൻസ് തുടങ്ങും.
"ബീമാനം  കാണണമെങ്കിൽ താപ്പോട്ടു നോക്കണമേ..
രാജാവിനെ  കാണണമെങ്കിൽ  മേപ്പോട്ടു നോക്കണമേ..."
എന്ന് തെറ്റിച്ചു പാടി ഹ ഹ ഹ എന്ന് അലറിച്ചിരിക്കും.
ഓഹോയി ഓഹോയി എന്നലറി  തേവരെയും കൊണ്ട് തുള്ളുന്നതായി അഭിനയിക്കും.
ആകെ ബഹളം.

നിനക്ക് എന്ത് മനസ്സിലായി?
കൌതുകവും സന്തോഷവും ഉത്സാഹവും എല്ലാം നിറഞ്ഞ ഒരു ആത്മഹർഷമാണ് കുട്ടിക്കാലം. 

ഞാമ്പറയാം. ഞങ്ങള് നെറ്റിലെ ഡോട്ടാ കളിക്കുമ്പോ, ഇംഗ്ലണ്ടിൽ നിന്നും ഡെമിഗോഡും, അമേരിക്കെന്നു ഈവിൾഗോഡും  ആസ്ട്രെലിയെന്നു ബ്ലഡ് മാനും എല്ലാം കൂടി ഒരു ടീമാ. മറ്റവന്മാരെ ഞങ്ങൾ അടിച്ചു പരത്തും.. എന്നാ പവർ  ആണെന്നോ ഞങ്ങടെ ആംസിനു. അവമ്മാര് എഴയലത്ത് വരില്ല. അരമണിക്കൂർ കൊണ്ട് അവന്മാരെ ഞങ്ങള് പൊളിച്ചടുക്കും. അച്ച കാണണം. ഫയിറ്റ് ചെയ്യാൻ  എന്നാ രസം ആണെന്നോ?


അവൻ ബുക്കും തലയ്ക്ക് മേളിൽ കറക്കി ചാടിച്ചാടി അകത്തേയ്ക്ക് ഓടി.


ഇപ്പൊ ഒരു രസം  വരാൻ എന്നാ ഒരു വഴി?

ഭാര്യ കാണാതെ ഒരു രണ്ട്  പെഗ്ഗെടുത്തു വീശിയാലോ?

-----------------------------------------------------------------------------------------------------------


കണക്കായിപ്പോയി..


അത്രയ്ക്ക് ശല്യമാണ് അവനെക്കൊണ്ട്.
രണ്ടുവയസ്സിനിളയവൻ.
കുസൃതിത്തരം കൊണ്ട്  പ്രാന്ത് പിടിപ്പിക്കും.
കുട്ടിക്കാലത്ത് സ്ഥിരം തമ്മിൽത്തല്ലാണ്.
വഴക്കുണ്ടാക്കി മേലുനോവിച്ചിട്ടു അവൻ ഓടിക്കളയും.
കയ്യിൽ  കിട്ടില്ല. 

ഒരിക്കൽ അതുപോലെ അവൻ സാരമായ ഒരു പരിക്കൽപ്പിച്ച് കലഹഭൂമിയിൽ നിന്നും പലായനം ചെയ്തു.

കയ്യിൽ  കിട്ടാത്തത്തുകൊണ്ട് ദേഷ്യം അതികലശലായി വന്നു.
ഒരു കല്ലെടുത്തു വലിച്ചോരേറ്‌..!
നല്ല ഉന്നക്കാരനാണ്. 
അവൻ ഓടി വീടിന്റെ മൂലയും കടന്ന് തിരിഞ്ഞ് അപ്രത്യക്ഷനാകും മുന്പ് അവന്റെ മുതുകിന് എറിഞ്ഞു പിടിപ്പിക്കാൻ മൂന്നു  മുഴം മുന്നേയാണ്‌ ഏറ്.

കല്ലുകൊണ്ടോ എന്നറിഞ്ഞില്ല, അവൻ മൂല തിരിഞ്ഞു അപ്രത്യക്ഷനായി.

പുറകെ അയ്യോ എന്നൊരു നിലവിളി ഉയർന്നു.എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു.

സന്തോഷമായി ചേട്ടാ, സന്തോഷമായി... 

സന്തോഷം മൂത്ത് കണ്ണടച്ചു, നിന്ന നിൽപ്പിൽ  കറങ്ങി, ഉയർന്നു ചാടി  ആർത്തട്ടഹസിച്ചു.
"കണക്കായിപ്പോയി. കണക്കായിപ്പോയി. നിനക്കങ്ങനെ തന്നെ വേണം.."

തറയിൽ വന്നു കണ്ണ് തുറന്നപ്പോൾ മുൻപിൽ അച്ഛൻ.

തല നന്നായി തിരുമ്മി, വേദന കടിച്ചിറക്കി അച്ഛൻ അലറി.
"എന്റെ തലയിൽ എറിഞ്ഞുപിടിപ്പിച്ചതും പോരാ, കണക്കായിപ്പോയെന്നോ..!?"

ചുമ്മാതെ ചോദിക്കണ്ടാ.

എത്ര തല്ലു കിട്ടിയെന്നു ഒരോർമയുമില്ല.
-----------------------------------------------------------------------------------


ചെമ്പുകണ്ടത്തിൽ ദാവീദ്  

എഴുപതുകളുടെ മധ്യാഹ്നത്തിലാണ് ചെമ്പുകണ്ടത്തിൽ ദാവീദിനെ ആദ്യമായി കാണുന്നത്.

ഹൈസ്കൂൾ പഠനകാലം. 
എന്തും വായിക്കാനുള്ള ആർത്തിയാണ് അക്കാലത്ത്. ഒരു പുസ്തകത്തിൽ കേറി അടുത്തതിൽ ചാടി അങ്ങനെ പോകും വായന. കസിന്സ്  തുള്ളിച്ചാടി കളിച്ചുനടക്കുമ്പോൾ ഒരു മൂലയ്ക്ക് ഒരു പുസ്തകവുമായി ഒതുങ്ങിക്കൂടിയിരിക്കുന്നതാണ് സ്വഭാവം. അങ്ങനെ പുസ്തകപ്പുഴു എന്നൊരു പേരും ചാർത്തിക്കിട്ടി.
എന്റെ തന്നെ പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു അന്നെനിക്ക് .

വൈകുന്നേരങ്ങളിൽ ചിലപ്പോൾ  അവന്റെ വീട്ടിൽ  പോകും.
അവിടെ വച്ചാണ് ദാവീദിനെ ആദ്യമായി കാണുന്നത്.
കൂട്ടുകാരന്റെ ചേച്ചിയുടെ വക, എണ്ണൂറിൽ പരം പേജുകളുള്ള, കട്ടിക്കവറുള്ള ഒരു ഗ്രന്ഥം.
ഒട്ടും അഴുക്കു പുരളാത്ത നല്ല വെണ്‍മയാർന്ന  പേജുകളിൽ കുഞ്ഞക്ഷരങ്ങളിൽ  ആംഗലേയഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട്  ചാൾസ് ഡിക്കൻസിന്റെ "ഡേവിഡ് കോപ്പർഫീൽഡ് "..

ചേച്ചിയോട് വായനയ്ക്ക് പുസ്തകം ആവശ്യപ്പെട്ടു. പുള്ളിക്കാരി വിസമ്മതിച്ചു. ഒന്ന്, പുസ്തകം തന്നു വിടാൻ കഴിയില്ല. പയ്യൻ ചീത്തയാക്കിയാലോ? രണ്ട്, കടുകട്ടി ഇംഗ്ലീഷ്‌ ആണ്. ഹൈസ്കൂളുകാരന്റെ പരിധിയിൽ നിൽക്കില്ല.


മുഖത്തെ വിഷമം കണ്ടതുകൊണ്ടാണോ, അനിയന്റെ കൂട്ടുകാരൻ എന്ന പരിഗണന കൽപ്പിച്ചു കിട്ടിയതുകൊണ്ടാണോ എന്നറിയില്ല, ഒടുക്കം ചേച്ചി സമ്മതിച്ചു- പുസ്തകം കൊണ്ടുപോകാൻ പറ്റില്ല, പക്ഷെ വൈകുന്നേരങ്ങളിൽ  വന്നിരുന്നു വായിച്ചു കൊള്ളൂ..


അങ്ങനെ എല്ലാ വൈകുന്നേരങ്ങളിലും സ്കൂൾ വിട്ടു വന്നാൽ  ഉടൻ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ  ഹാജരാകും. ഒരു വട്ടമേശപ്പുറത്ത് ഭയഭക്തിബഹുമാനത്തോടെ പുസ്തകമെടുത്തുവച്ച് അതിന്റെ താളുകൾ നോവിക്കാതെ മൃദുവായി മറിച്ച്  വായന. 

ഏകദേശം ഒരു  മാസമെടുത്തു  ദാവീദിനെ വായിച്ചെടുക്കാൻ. പല വാക്കുകളുടെയും അർഥം  മനസ്സിലാകുമായിരുന്നില്ലെങ്കിലും കഥയുടെ മാസ്മരികത എന്നെ മറ്റൊരു ലോകത്തിലേയ്ക്ക് എത്തിച്ചു.

ഏകദേശം  മുപ്പത്തഞ്ചു വർഷങ്ങൾ പിന്നിട്ട് വീണ്ടും ചെമ്പുകണ്ടത്തിൽ ദാവീദ് എന്റെ മുന്നിലെത്തിയപ്പോൾ വായനയുടെ നിലാവെളിച്ചത്തിൽ മുങ്ങിമറഞ്ഞുപോയ ആ വൈകുന്നേരങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. 

ഇത്തവണ വാക്കുകളുടെ അർഥതലങ്ങൾ തിരിച്ചറിഞ്ഞ്  വൈകാരികാനുഭൂതി നുണഞ്ഞിറക്കി ഒരു മാസം കൊണ്ട് തീർത്ത  പുനർവായന.
-------------------------------------------------------------------------------------------------


സ്നേഹവഴികൾ 


സ്നേഹം കടന്നു വരുന്നത് വിചിത്ര വഴികളിലൂടെയാണ്‌.

ഏറ്റവും മനോഹരം  അപ്രതീക്ഷിതവഴികളിലൂടെ കടന്നു വന്ന് നമ്മെ വീർപ്പുമുട്ടിക്കുന്ന  സ്നേഹപ്രകടനമാണ്.

മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ സ്നേഹം വരുമ്പോൾ അവർ കസേരമേലും മേശപ്പുറത്തും കയറി നിന്ന് നമ്മുടെ കഴുത്തിനെ കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച്  കവിളുകളിൽ മാറി മാറി ഉമ്മ വയ്ക്കും. ചോദിക്കേണ്ട താമസം മാത്രമേയുള്ളൂ.


വളർന്നു  വലുതാകുമ്പോഴോ ശരീരം കൊണ്ട് അവർ അകലുകയാണ്. 

മനസ്സിൽ അതെ സ്നേഹം തുള്ളിത്തുളുമ്പുമ്പോഴും ലജ്ജ മൂലം അവർ അകന്നു നിൽക്കുകയാണ് . ഒരുമ്മ താടീ/ താടാ എന്ന് പറയുമ്പോൾ മാത്രം ഒരുമ്മ കൊത്തി വയ്ക്കുന്നവരായി കാലം അവരെ വളർത്തുന്നു.

എങ്കിലും അവിടെയും അവിചാരിതവഴിയിലൂടെ സ്നേഹങ്ങൾ  കടന്നു വരികയായി.
എല്ലാവരെയും വിട്ട് പ്രവാസജീവിതത്തിന് പെട്ടിയും തൂക്കി ഇറങ്ങുമ്പോൾ പതിനഞ്ചുവയസ്സുകാരൻ ഓടി വന്ന്  ഒന്നും മിണ്ടാതെ, കസേരയിലോ മേശപ്പുറത്തോ കയറി നില്ക്കേണ്ട ആവശ്യകതയില്ലാതെ, കഴുത്തിൽ ചുറ്റിപ്പിടിച്ച് ,ശ്വാസം മുട്ടിക്കാതെ  കവിളിൽ ഒരു ദീർഘചുംബനം തന്ന് വീണ്ടും ഒന്നും മിണ്ടാതെ  ഓടി അകലുകയായി.

ഇടയ്ക്കിടെ നാട്ടിലെത്തുമ്പോൾ ഇരുപത്തിമൂന്നു  വയസ്സുകാരി ഓടിവന്നു ഒന്നും മിണ്ടാതെ എന്റെ തോളിൽ അവളുടെ എണേ കോണേ  എന്ന രീതിയിൽ നില്ക്കുന്ന പലക പല്ലുകൾ ഇറക്കി സ്നേഹം കുത്തി വയ്ക്കുകയായി.


സൌദിയിൽ നിന്നും ഫോണ്‍  വിളിച്ച്  പരസ്പരം വഴക്കിടുമ്പോൾ ഇപ്പോഴും തോളിൽ  ഒരു സൂചി വേദന ഉയിർത്തെഴുന്നേറ്റു വരുന്നുണ്ട്.

Saturday, 18 April 2015

വേലൈക്കാരി ആനാലും..



കാലം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് ജൂലൈ മാസം.
വിവാഹാനന്തരം പുതുപ്പെണ്ണുമൊത്ത്   തിരോന്തരത്ത്‌  താമസം തുടങ്ങി.
വാടക വീടാണ്. എഴുനൂറു രൂപ മാസ വാടക.

ധർമദാരം ദന്തൽ കോളേജിൽ വായിനോട്ടത്തിൽ ബിരുദാനന്തരബിരുദം നേടാനുള്ള ശ്രമത്തിൽ അവസാനവർഷമാണ്.
നോക്കണേ, സംഭവം വെറും ദന്തനിഷ്കാസനത്തിനും ബിരുദാനന്തരബിരുദം. അത് ചോദിച്ചപ്പോൾ ഭവതി ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു.
ഒന്നോ,  എട്ടുതരം  ബിരുദാനന്തരബിരുദങ്ങളുണ്ട് ഭവാൻ..!!
എന്തൊരു ദുഷിച്ച വായ്നാറ്റമുള്ള  ലോകം.!!!

ദാമ്പത്യജീവിതം തുടങ്ങുകയല്ലേ, പിള്ളാര് നേരാം വഴിക്ക്  പോകട്ടെ എന്നൊക്കെ  കരുതി രണ്ടുപേരുടെയും അമ്മമാർ കുറച്ചുദിവസം  കൂടെ വന്നു നിന്നു.
അക്കാലമത്രയും മേശപ്പുറത്ത് -------
തൂശനില മുറിച്ചു വച്ചു തുമ്പപ്പൂ ചോറ് .വിളമ്പി
ആശിച്ച കറികളെല്ലാം വിളമ്പി വച്ചു
------ഭാര്യ ഈയുള്ളവനെ സൽക്കരിച്ചു.
എന്താ കൈപ്പുണ്യം, എന്താ ജീവിതം.
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെ.

ഞങ്ങളുടെ ദാമ്പത്യം നേരെയാക്കാൻ വന്ന് സ്വന്തം ദാമ്പത്യങ്ങൾ കുളമാകുമെന്ന് ആസ്ഥാനങ്ങളിൽ  നിന്നും അറിയിപ്പ് വന്നതോടെ രണ്ട് അമ്മമാരും അവിടങ്ങളിലെ  വിമാനത്താവളത്തിന്റെ ഇല്ലായ്മ മൂലം ബസ്  പിടിച്ച്  എം സീ റോഡു വഴി അപ്രത്യക്ഷരായി.

എന്നാലെന്താ, കാര്യപ്രാപ്തിയുള്ള  ഒരു ഭാര്യ മാത്രം മതിയെനിക്ക്.
ഒന്നിനും ഒരു കുറവുമുണ്ടാവില്ല.
ഞങ്ങൾ ജീവിച്ചു കാണിച്ചുതരാം കുശുമ്പന്മാരായ താതന്മാരെ, അഥവാ ദുഷ്ടന്മാരായ പുത്തൻ അമ്മായിയപ്പന്മാരെ.

അമ്മമാർ അപ്രത്യക്ഷരായതോടെ, പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പണ്ടാരോ  പറഞ്ഞ പോലെ  അവൾ എന്നോടു ചോദിച്ചു-
"പ്രിയന് എന്താണ്  ഇഷ്ടപ്പെട്ട കറി ?"
"തീയൽ"
"തീയലോ? അതിൽ മല്ലിപ്പൊടി ഇടുമോ?"

ഞാൻ കൂലങ്കഷമായി ചിന്തിച്ചു.
മല്ലിപ്പൊടിയോ, അത് ചമ്മന്തിക്കാത്തിടുന്നതല്ലേ?
ഒരു കെമിക്കൽ എൻജിനീയർ ആയതുകൊണ്ട് ടൈറ്റാനിയം ഹൈഡ്രോക്സൈഡ്  സെറ്റിൽ ചെയ്യാൻ ഫ്ലോക്കുലന്റ്റ് ചേർക്കണോ എന്ന് ചോദിച്ചാരുന്നേൽ മറുപടി പറയാമായിരുന്നു.
ഇതിപ്പോ, മല്ലീപ്പൊടി..!!
കണ്ഫൂഷൻ ആക്കണ്ട. തീയൽ വേണ്ട.

"പുളിശ്ശേരി എനിക്കിഷ്ടമാ.."
"പുളിശ്ശേരി..?. അതുണ്ടാക്കാൻ തോട്ടുപുളി  ഇരിപ്പുണ്ടോന്നൊരു സംശയം.."
അത് ന്യായം. പുളിശ്ശേരിക്ക് പുളി  വേണമെങ്കിൽ തോട്ടുപുളി തന്നെ വേണം.

"എന്നാപ്പിന്നെ ഒന്നാന്തരം എരിശ്ശേരി ആയിക്കോട്ടെ..!!"
"എരിശ്ശേരിയോ? ചെറുശ്ശേരീടെ?"
"അങ്ങോരുടെ ഒരകന്ന ബന്ധത്തിലെ അമ്മാവന്റെ അയൽക്കാരനായി വരും."
"കാര്യം ചോദിക്കുമ്പോ നീയെന്തിനാ ചൂടാകുന്നത് ? കാഴ്സിനോമാ ബക്കൽ മ്യൂകൊസയുടെ  ക്വാസെറ്റിവ് ഫാക്ടറിന്റെ  പ്രിവാലൻസിൽ ഏറ്റവും വലിയതെന്താണെന്നൊന്നുമല്ലല്ലോ ഞാൻ ചോദിച്ചത്?"

പണ്ടാരം, ഒന്നും മനസ്സിലായില്ല. 
ശരി, എരിശ്ശേരി വിട്ടേക്കാം.
"സാമ്പാറ് .. സാമ്പാാർർർ ..!!"
"അങ്ങനെ വഴിക്ക് വാ.."
അവൾ തുള്ളിത്തുളുമ്പി അടുക്കളയിലേയ്ക്കു ഒഴുകി.

സമാധാനപൂർണമായ ദാമ്പത്യത്തിന് ഇണകൾ തമ്മിൽ ഒരുപാട് ധാരണകൾ ഉണ്ടാവണം. പ്രണയകാലം നല്ല ഗുണങ്ങൾ മാത്രം പ്രദർശിപ്പിച്ച് പരസ്പരം ആകർഷിക്കാനുള്ളതായിരിക്കാം. പക്ഷെ, ദാമ്പത്യം തുടങ്ങുന്നതോടെ വൈരുദ്ധ്യങ്ങൾ പതുക്കെപ്പതുക്കെ ഉപരിതലത്തിലെത്തിത്തുടങ്ങും. അപ്പോൾ പരസ്പരധാരണയോടെ ദമ്പതികൾ  ഒത്തൊരുമിച്ച് ജീവിതം മുൻപോട്ട്  കൊണ്ടുപോകണം.
മനസ്സിലായില്ലേ? 
എന്ന് വച്ചാ തീയലിനു പകരം സാമ്പാറും  കഴിക്കണം. ങ്ഹാ..!!

"ശരിക്കും ചെറുശ്ശേരീടെ ആരെങ്കിലുമാണോ ഈ എരിശ്ശേരി ?..."
അനിയൻ ഒരു സംശയം ഉന്നയിച്ചു.
വഞ്ചകൻ  ഞങ്ങളുടെ കൂടെ നിന്ന് വക്കീൽ  പണിയ്ക്ക് പഠിക്കുകയാണ്. അഥവാ പഠിക്കുകയാണെന്നാണ് അവൻ പറയുന്നത്.
അവനെ രൂക്ഷമായി നോക്കാൻ ശ്രമിച്ചപ്പോൾ അവനും പിറുപിറുത്തുകൊണ്ട് അകത്തേയ്ക്ക്  ചവിട്ടിത്തുള്ളി നടന്നുമറഞ്ഞു.
"ഭരണഘടനയുടെ മുന്നൂറ്റിമുപ്പതാം  വകുപ്പിൽ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വല്ലോമുണ്ടോന്നല്ലല്ലോ ഞാൻ ച്വാദിച്ചത്?"

എല്ലാരും ഭയങ്കര ടെക്നിക്കലാ..

വിശപ്പ്‌ എത്തിയപ്പോൾ കൈ കഴുകി ഈയുള്ളവൻ  പ്രതീക്ഷയോടെ ഹാജരായി.
നല്ല സാമ്പാർ മണം  വരുന്നുണ്ടോ?
ഈ കായമൊക്കെ ഇട്ട് കടുക്  താളിച്ച് കറിവേപ്പില ഒക്കെയിട്ട്, അങ്ങനെയങ്ങനെ....
വായിൽ വെള്ളമൂറി.

"ഈ പപ്പടം തണുത്ത് പോയല്ലോ. ഇതിനി പൊള്ളുമോ?"
അകത്തുനിന്നും ഒരു ഉത്‌കണ്ഠ പുറത്തേയ്ക്ക് ഒഴുകി വന്നു.
"സാരമില്ല. കയ്യിട്ട് എടുത്താൽ മതി. പൊള്ളിക്കോളും .."
കുറച്ചു കഴിഞ്ഞ് അടുക്കളയിൽ നിന്നും അയ്യോ എന്നൊരു നിലവിളി കേട്ടു.

ഒരു മണിക്കൂർ  നേരത്തെ കാത്തിരിപ്പിന് ശേഷം കുറച്ചു വെന്തളിഞ്ഞ ചോറും ഒരു  പാത്രത്തിൽ പച്ചമോരും  ഹാജരായി. പുറകെ  ഒരു ഉണക്കമുളക് ചമ്മന്തിയും രണ്ട് പൊള്ളാത്ത പപ്പടവും..
തീയലുകൊതിയൻ  ഭരണഘടനക്കാരനെ  അന്തം വിട്ടു നോക്കി.

ഗദ്ഗദകണ്ഠൻ മെല്ലെ ആരാഞ്ഞു.
"സാമ്പാർർർർ..!!?"

സ്നേഹമയിയായ  കുടുംബിനി ചൂണ്ടുവിരൽ കൊണ്ട് മേശപ്പുറത്ത് ചിത്രം വരച്ചു.
"ഓ, അമ്മച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നെ... ഇനി നാളെയാട്ടെ..!!"
"നാളെ നിന്റമ്മച്ചി  അടുത്ത ട്രെയിൻ  പിടിച്ചു  ഇവിടെ വന്ന്‌ സാമ്പാറുണ്ടാക്കിത്തരുമോ?"
"അതിപ്പോ സാമ്പാറുണ്ടാക്കുന്നതെങ്ങനാന്നു ചോദിച്ചു മനസ്സിലാക്കണ്ടേ. !!?അതിനിപ്പോ നീയെന്തിനാ ചൂടാകുന്നെ..!!?"
അവളും ഗദ്ഗദകണ്ഠയായി.

ക്കിക്കിക്കി എന്നൊരു ശബ്ദം കേട്ടു.
വക്കീൽ  ചോറിൽ ചമ്മന്തി കുഴച്ചു  ചേർത്തു വായിലേയ്ക്ക് ക്രോസ് വിസ്താരം നടത്തുകയാണ്.

മോളിലെങ്ങാണ്ട് പറഞ്ഞ ഖണ്ഡിക ഒന്നൂടെ വായിച്ചു. 
സമാധാനപൂർണമായ ദാമ്പത്യത്തിൽ സാമ്പാറിന് പകരം ചമ്മന്തിയുമാകാം.
ഈ ചോറിൽ ചമ്മന്തിയുമൊക്കെയിട്ട്, കുറച്ചു പച്ചമോരുമോഴിച്ച്,   വൈരാഗ്യബുദ്ധിയും കൂട്ടി  തലകുനിച്ചിരുന്നു കുഴച്ചു  കുഴച്ചു  തിന്നാൻ എന്തൊരു രുചി ആണെന്നോ..!!

രണ്ടു ദിവസം കഴിഞ്ഞ് അവൾ മേശപ്പുറത്ത്  ചോറിന്റെ കൂടെ ഒരു കറുത്ത ദ്രാവകം  ഹാജരാക്കി.
അനിയൻ കേസും കൊണ്ട് ഹാജരായി മുൻപിലിരിക്കുന്ന കക്ഷിയുടെ പോക്കറ്റിൽ നോക്കുമ്പോലെ ഒരു സംശയദൃഷ്ടിയോടെ ആ ദ്രാവകത്തെ സൂക്ഷിച്ചു നോക്കി.
ചേട്ടത്തി അടുക്കളയിലേയ്ക്ക് മറഞ്ഞ തക്കം നോക്കി അവൻ അതെടുത്ത് മണപ്പിച്ചു  നോക്കി. പിന്നെ മൊഴിഞ്ഞു.
"സംഭവമെന്തായാലും ചേട്ടത്തിയെ ഒന്ന് പുകഴ്ത്തിയേര് . പ്രോത്സാഹനമാണ് വലിയ വലിയ ഉയർച്ചയ്ക്ക് വഴികാട്ടി.."
"എന്ന് ഭരണഘടന പറയുന്നുണ്ടോ?"
"ഇല്ല, കുടുംബഘടന പറയുന്നുണ്ട്.."

അവൻ പറയുന്നതിലും കാര്യമുണ്ട്.

ചോറിൽ ആ ദ്രാവകം ഒഴിച്ചു രണ്ടുരുള കഴിച്ചു.
കണ്ണ് നിറഞ്ഞു പോയി. അത് തൂത്തെറിഞ്ഞ് അടുക്കളയിലേയ്ക്ക് നോക്കി ഉറക്കെ പ്രോത്സാഹിപ്പിച്ചു.
"എന്താ ഒരു .രസം.. ഇത്രേം രസമായിട്ട് നിനക്ക് രസം ഉണ്ടാക്കാൻ അറിയാമെന്നു അറിഞ്ഞിരുന്നേൽ നിന്നെ ഞാൻ നേരത്തെ കെട്ടിയേനേ.."

ഒരു നിമിഷം നിശബ്ദത പരന്നു ..
പിന്നെ അടുക്കളയിൽ ഒരു ഗ്ലാസ് തറയിൽ വീണു പൊട്ടുന്നത് കേട്ടു.  മറ്റു പല പാത്രങ്ങളും  കലപിലകൂട്ടി ഉച്ചത്തിൽ സംസാരിച്ചു.

ഞാൻ വക്കീലിനെ നോക്കി.
ഫീസ്‌ കിട്ടാത്തതുമൂലം കക്ഷിയുടെ മുഖത്തേയ്ക്കേ നോക്കാത്തതുപോലെ അവൻ കുനിഞ്ഞിരുന്നു ഉരുട്ടി  വിടുകയാണ്.

നാലുദിവസം ഭവതി മുഖവും വീർപ്പിച്ചു  നടന്നു.
ശ്ശേടാ, പാചകം കൊള്ളാം എന്ന് പറഞ്ഞാലും പ്രശ്നം.
വക്കീലാണ് ഒടുവിൽ ഒരു ചാരപ്രവർത്തനത്തിലൂടെ അത് കണ്ടുപിടിച്ചത്.
കറി  സാമ്പാർ  ആയിരുന്നു.

ജീവിതം തുടങ്ങുകയല്ലേ.
അത് കാറ്റാടിമരം പോലെയാണ്. ഇണക്കത്തിന്റെയും  പിണക്കത്തിന്റെയും  മന്ദമാരുതൻ അതിനെ ഒരേ പോലെയിളക്കും. എന്തിനാണ് പിണങ്ങിയതെന്നു  പോലും പിന്നെ മറക്കും.

അവൾ കുമ്പസാരിച്ചു.
"ഓ, പാചകം വാചകം പോലല്ലെടാ.. അല്ലേലും  എനിക്കിതിനൊന്നും നേരം കിട്ടത്തില്ല .. ഫൈനൽ ഇയറാ. ഒരു പാട് പഠിക്കാൻ കിടക്കുന്നു. അതോർത്തിട്ട് പഠിക്കാൻ തോന്നുന്നില്ലെടാ.."

ഒരുപാട്  പഠിക്കാനുള്ളതുകൊണ്ട്   ഒന്നും പഠിക്കാൻ തോന്നുന്നില്ലത്രേ. ഒന്നും പഠിക്കാനില്ലാരുന്നെങ്കിൽ എന്തേലും പഠിക്കാരുന്നു, അല്ലേ ?
സംഗതി കുശാൽ.

"നമ്മക്കൊരു വേലക്കാരിയെ നിർത്തിയാലോടാ.. ? " എന്റെ കോലൻമുടി വിരലുകളാൽ ചുരുട്ടിയെടുത്ത് അവൾ ആരാഞ്ഞു.
ഞാൻ തലകുലുക്കി.
വെറുതെയെന്തിനാണ്‌ ചെറു പ്രായത്തിലേ നല്ല മുടി ഇല്ലാതാക്കുന്നത്..

അങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിൽ ഒരു വേലക്കാരിചരിതം തുടങ്ങുന്നത്. എത്ര വേലക്കാരികളാണെന്നോ ജീവിതത്തിലൂടെ ഞങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും കയറിയിറങ്ങിപ്പോയത്.

പോത്തങ്കോടുകാരി  സരോജിനിയമ്മ നന്നായി ചോറും കറികളും വയ്ക്കും. എല്ലാത്തിന്റെയും കൂടി ശരാശരി ആറ്  മുടിയിഴകൾ കൂടി പാകും. ഓരോ ഒരുളയ്ക്കും വായിൽ നിന്നും മുടിയിഴകൾ വലിച്ചൂരി ഞങ്ങൾ വശം കെട്ടു.

ചോറുണ്ണുമ്പോൾ   ദിവസവും വായിൽ നിന്നും മുടി ഊരിയെടുത്ത് ഊരിയെടുത്ത്‌  ബിരുദാനന്തരബിരുദി  ചിലപ്പോൾ,  "അയ്യോ അതെന്റെ മുടി തന്നാ " എന്ന് വിസ്മയം പൂണ്ട്‌  സ്വന്തം മുടി തന്നെ വായിൽ നിന്നും ഊരിയെടുത്ത്  പുറകോട്ടു മാടിയൊതുക്കി വയ്ക്കാൻ തുടങ്ങി.
ജീവിതം മൊത്തം മുടിമയമായി മുടി -ഞ്ഞു.

എന്തൊക്കെ പറഞ്ഞാലും സരോജനിയമ്മ സ്നേഹമയിയായിരുന്നു. ഒരു കുടുംബം എപ്പോഴും കെട്ടുറപ്പോടെയും   ഭദ്രതയോടെയും  മുൻപോട്ടു പോകണം എന്ന പിടിവാശിക്കാരിയായിരുന്നു.  ഭാര്യാഭർത്താക്കന്മാരുടെ അകമഴിഞ്ഞ പരസ്പര വിശ്വാസവും സ്നേഹവും അതിനു അവിഭാജ്യഘടകങ്ങളാണെന്നും  സരോജിനിയമ്മ ഉറച്ചു വിശ്വസിച്ചിരുന്നു.

ഒരിക്കൽ ഞങ്ങളുടെ ഒരു സുഹൃത്ത്
ഗൃഹസന്ദർശനത്തിനെത്തി. ഞാൻ ജോലി കഴിഞ്ഞു മടങ്ങിയെത്തുന്നതിന് മുൻപാണ് അദ്ദേഹം എത്തിയത്. വന്നപ്പോൾ  ഭാര്യക്ക് ഇഷ്ടപ്പെട്ട മസാലദോശയും പൊതിഞ്ഞാണ് കക്ഷി വന്നത്.

ഞാൻ ജോലി കഴിഞ്ഞ് എത്തിയ ഉടൻ സരോജനിയമ്മ ഹാജരായി.
"കുഞ്ഞേ, ഞാൻ പറഞ്ഞൂന്നു ഇവിടുത്തെ മോളറിയണ്ടാ.."
"രഹസ്യമാ?"
"അദേന്ന് ..ഇന്നിവിടെ വന്ന ആ സാറുണ്ടല്ലോ ..വന്നപ്പോ മോക്ക് ഒരു മസാൽദോശേം കെട്ടിപ്പൊതിഞ്ഞോണ്ടാ വന്നെ...."
സരോജനിയമ്മ മൂക്കത്ത് വിരലും വച്ച് എന്നെ സങ്കടത്തോടെ നോക്കി നിന്നു.

ങ്ങാഹാ  അത്രക്കായോ?
ഞാൻ ചവിട്ടിത്തുള്ളി അപ്പുറത്തേയ്ക്കെത്തി.
"സ്വാമീ .. സ്വാമി  വന്നപ്പോ എന്റെ ഭാര്യക്ക് മസാലദോശേം   വാങ്ങിക്കോണ്ടാണോ വന്നേ ?'
സരോജനിയമ്മയുടെ നിഴലനക്കം വാതിലിനരികെ ഞാൻ കണ്ടു.
"ന്തേ, ഓപ്പോൾക്ക്‌ അത് ദഹിച്ചില്ലേ?"
 "ദുഷ്ടാ.. വഞ്ചകാ.." ഞാൻ അലറി.

സരോജനിയമ്മയുടെ സന്തോഷം എന്റെ പുറത്തെ തഴുകുന്നത് എനിക്കറിയാം.
"ങ്ഹും, ഒരെണ്ണം എനിക്കൂടെ വാങ്ങിക്കൊണ്ടു വന്നില്ലല്ലോ.. വിശന്നു കുടൽ കരിയുന്നു. സരോജനിയമ്മേ, കഴിക്കാൻ വല്ലതുമെടുക്ക് .."

സരോജനിയമ്മ പിറുപിറുത്തുകൊണ്ട്  അടുക്കളയിലേയ്ക്ക്  നീങ്ങി., പെങ്കോന്തൻ , വകയ്ക്കു കൊള്ളാത്തവൻ എന്നൊക്കെ അസ്പഷ്ടമായി കേട്ടു.
അന്ന് എന്റെ പാത്രത്തിൽ മുടിയിഴകൾ പ്രത്യേകമായി  തഴച്ചു വളർന്നിരുന്നോ എന്ന് ഒരു ചെറുസംശയം ഉണ്ടാകുകയും ചെയ്തു. .

മുടി തഴച്ചു വളരാൻ  നീലഭ്രുംഗാദി  വേണം എന്ന ആവശ്യം ഉയർത്തിയപ്പോൾ സരോജിനിയമ്മയെ ഞങ്ങൾ നിർബന്ധമായും റിട്ടയർ ചെയ്യിച്ചു.

കുമ്പളാംപൊയ്കയിൽ നിന്നും   പൊടിയച്ചേടത്തി എത്തിയപ്പോൾ ഞങ്ങളുടെ ജീവിതം ഉഷാറായി. മുട്ടക്കറി, ബീഫ് കറി (ബീജേപ്പി ഭരണത്തിനും മുമ്പാണേ), ചിക്കൻകറി  തുടങ്ങി  എന്തും പൊടിയച്ചേടത്തി കൈ വച്ചാൽ തകർക്കും.

ഒന്നിനും  ഒരു കുറവും വരത്തില്ല. നാലുപേരുണ്ടെങ്കിൽ പത്തുപേർക്കുള്ള വിശാലമായ കൊതിയൂറുന്ന  വിഭവങ്ങൾ  നിമിഷങ്ങൾക്കകം റെഡി.
കുടുംബബഡ്ജറ്റ് അതിന്റെ മേല്ക്കൂരയും പൊളിച്ച് മേഘങ്ങൾക്കൊപ്പം യാത്രയായി. ഗൃഹനാഥൻ തലമുടി വലിച്ചു പിഴുത് വിലപിക്കുമ്പോൾ ഗൃഹനാഥ അത് വിരലുകളാൽ ചുരുട്ടിയെടുത്ത്  പറയും.
"സാരമില്ലെന്നെ.. കുറച്ചു പാഴ്ചിലവ് വന്നാലെന്താ രുചിയൊള്ള  വല്ലോം  തിന്നാല്ലോ "

സംഭവം നേരാണ്, ഒരു കുഴപ്പമേയുള്ളൂ..
"ചേടത്തിയേ , ഇന്ന് കറി  ഒന്നുമില്ലേ? "
"ഉണ്ടല്ലോ, മേശപ്പുറത്തില്ലേ?"
"ചേടത്തി ഉച്ചയ്ക്ക് വച്ച ചിക്കൻ കറി  എവിടെ?"
"ഓ, അത് കുറച്ചേ  ഉണ്ടാരുന്നുള്ളൂ.."
"കുറച്ചോ, അതിനാരും പിന്നെ കഴിച്ചില്ലല്ലോ?"
"ഞാങ്കഴിച്ചു. ഞാൻ വയ്യൂട്ട്  ഇത്തിരി ചോറുണ്ടു . കറി  തീർന്നു .."
"ന്നാപ്പിന്നെ വേറെന്തെങ്കിലും കറിയുണ്ടാക്കണ്ടേ? എങ്ങനെ ചോറുണ്ണും..!!?"
"എനിക്കിനി ഒന്നും വേണ്ടാ കുഞ്ഞേ.. നിങ്ങക്ക് വേണേൽ ഒരു ചമ്മന്തിയരച്ചു  തരാം.."

ഒരു മാസം കൊണ്ട് പൊടിയച്ചേടത്തി ഇരട്ടി വലിപ്പം വച്ചു കതകു വഴി അങ്ങോട്ടുമിങ്ങോട്ടും  പോകാൻ കഴിയാതെ കൊളസ്ട്രോളും കൂടി നെഞ്ചുവേദനയും വന്നു നാട്ടിലേയ്ക്ക് ചികിത്സാർത്ഥം  യാത്രയായി.

ഒരു സമയം ഞങ്ങളെ സഹായിക്കാൻ വന്നത് ഒരു അകന്ന ബന്ധു കൂടിയായ സുഭാഷിണിച്ചേച്ചി ആയിരുന്നു.
സുഭാഷിണിച്ചേച്ചി വളരെ ബുദ്ധിമതിയായിരുന്നു. ഈ ലോകത്തിൽ  നടക്കുന്ന എന്ത് കാര്യത്തിലും പുള്ളിക്കാരിക്ക് ഒരഭിപ്രായമുണ്ട്. അഥവാ ചേച്ചിയുടെ അഭിപ്രായം കൂട്ടിച്ചേർക്കാത്തതൊന്നും ഒരു കാര്യമേ അല്ലായിരുന്നു.

"നിങ്ങള് വല്ലപ്പോഴുമൊക്കെ ഡൂറിനു പോകാത്തതെന്താ?"
"പോകാം, ചേച്ചി...സമയം കിട്ടണ്ടേ?'
"ഓ, സമയമൊക്കെ കിട്ടും. ഞാന്നേരത്തെ താമസിച്ച വീട്ടിലെ സാറും ഭാര്യേം ഡൂറിനൊക്കെ പോകും. എന്നേം കൊണ്ടുപോകും, കേട്ടോ.."
ടൂറിൽ വല്യ താത്പര്യമൊന്നും ഇല്ലാത്ത   മുഖഭാവത്തോടെ സുഭാഷിണിച്ചേച്ചി  പ്രസ്താവിച്ചു..
"ഓഹോ, ചേച്ചി എവിടൊക്കെ പോയിട്ടുണ്ട്?'
"ഇന്നാളോരൂസ്സം ഞങ്ങൾ കുടൽക്കനാലിൽ  പോയാരുന്നല്ലോ.."
"കുടൽക്കനാലോ ?"
"ഊം.. തമിഴ്നാട്ടിലേ..ഭയങ്കര തണുപ്പാ.."

അങ്ങനെ ഒരു ദിവസം വൈകുന്നേരം ശംഖുമുഖം ബീച്ചിലേയ്ക്ക് എല്ലാവരും ഡൂറിന് പോയി. സുഭാഷിണിച്ചേച്ചിയും കൂടെ കൂടി.
സൂര്യൻ അങ്ങനെ ചുവന്നു തുടുത്ത് വലിയ ഒരു ഗോളമായി സാവധാനം അറബിക്കടലിലേയ്ക്ക്‌ താഴുന്നത് ഞങ്ങൾ നിർന്നിമേഷരായി നോക്കി നിന്നു .
അവസാനത്തെ പൊട്ടും അപ്രത്യക്ഷമായി ഇരുൾ  പരക്കവേ ഒരു ദീർഘനിശ്വാസവും വിട്ട് ഭാര്യ ചോദിച്ചു.
"എങ്ങനുണ്ട് ചേച്ചീ ബീച്ച്? എന്ത് ഭംഗിയാ..!!"

"കുഴപ്പോല്ല, നല്ല രസോണ്ട് . പക്ഷെ സൂര്യൻ അത്ര പോരാ.."
"ങ്ഹെ, പുള്ളിക്കാരനെന്താ കുഴപ്പം".
"തമിഴ്നാട്ടിലെ സൂര്യനാ സൂര്യൻ. അവിടത്തെ ബീച്ചിൽ  കടലീന്നല്ലേ സൂര്യൻ വരുന്നത്. രാവിലെ പോണം. അത് വേറെ സൂര്യൻ.."
"അതെ സൂര്യൻ തന്നാ ഇതും ചേച്ചി.."
എന്റെ ഭാര്യ വിജ്ഞാനം  വിളമ്പി.
"ചുമ്മാ മണ്ടത്തരം പറയാതെ. അത് തമിഴ്നാട്ടിലെ ബീച്ചും സൂര്യനും. ഇത് പൊട്ട സൂര്യൻ.."
ഭാര്യയുടെ വാ ഠപ്പേന്നടഞ്ഞു. കൂടുതൽ തർക്കിച്ചാൽ കറിയിൽ ഉപ്പു കൂടും.

എനിക്കാണെങ്കിൽ ലേശം സംശയം വന്നു തുടങ്ങിയതുകൊണ്ട് ഒന്നും മിണ്ടാനും കഴിഞ്ഞില്ല. മൌനം വിദ്വാന് ഭൂഷണം, കൊജ്ഞാണനും തഥൈവ, എന്നാണല്ലോ പ്രമാണം.
അല്ലെങ്കിൽത്തന്നെ  ജയലളിതാമ്മയ്ക്ക്  ഗുരുവായൂരപ്പൻ ഒഴികെയുള്ള ഒറ്റ മലയാളിയേം ഇഷ്ടമല്ല. അമ്മ വിചാരിച്ചാലാണോ തമിഴ് മക്കൾക്ക്‌ ഒരു പുതിയ സൂര്യനു പഞ്ഞം.

സുഭാഷിണിച്ചേച്ചി വലിയ വിനയകുനിതയായിരുന്നു.
ഒരിക്കൽ അച്ഛൻ വീട്ടിലെത്തിയപ്പോൾ സുഭാഷിണിച്ചേച്ചി ഓടിയെത്തി സ്വീകരിച്ചു.
"ങ്ങാ ഹാ, ഇതാരാ, ചിറ്റപ്പനോ?"
"അതേടീ , ഞാന്തന്നാ .."
"ഹഹ ..ഞാൻ വിചാരിച്ചൂ ചിറ്റപ്പനാന്ന് .."
അച്ഛൻ ഒന്ന് ഞെട്ടി  ധൃതിയിൽ അകത്തേയ്ക്ക് വീണു.

"ചിറ്റപ്പന് കുടിക്കാൻ ചായയോ കാപ്പിയോ"
"നീയിത്തിരി വെള്ളം തന്നാൽ മതി"
വെള്ളം എടുക്കാൻ സുഭാഷിണിച്ചേച്ചി അകത്തേയ്ക്ക് ഓടി. തൊട്ടു പുറകെ ക്ലിം  എന്ന ശബ്ദവും മുഴങ്ങി.
ഒരു ഗ്ലാസ്സിന്റെ കഥ കഴിഞ്ഞു.

" ഗ്ലാസ് പൊട്ടിച്ചോടീ .."
അച്ഛൻ വിളിച്ചു ചോദിച്ചു.
"ഒരബദ്ധം പറ്റിയതാ ചിറ്റപ്പാ . അത് പൊട്ടിപ്പോയി"
"സാരമില്ലെടീ . വാരിക്കള.."
"ഒരു കയ്യബദ്ധം  പറ്റീതാ ചിറ്റപ്പാ.. ഞാൻ ക്ഷമിച്ചിരിക്കുന്നു..'
"ങ്ഹെ, നീയല്ലേ പൊട്ടിച്ചത്. എന്നിട്ട് നീ തന്നെ ക്ഷമിച്ചെന്നോ"
"ങ്ഹാ..ഞാനാ പൊട്ടിച്ചത്. അതോണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു.."

അടിക്കുറിപ്പ്
ദാമ്പത്യം അതിന്റെ എല്ലാ നന്മകളുമായി ആസ്വദിക്കുന്ന ഒരാൾ   എന്ന നിലയിൽ  എന്റെ വാമഭാഗം ഉണ്ടാക്കുന്ന സാമ്പാർ, അവിയൽ, തീയൽ, എരിശ്ശേരി, പുളിശ്ശേരി  തുടങ്ങി പാവയ്ക്ക മെഴുക്കുപുരട്ടി വരെയും മീങ്കറി, ചിക്കൻ കറി , മട്ടൻ കറി, ബീഫ് കറി , ഞണ്ട് കറി ,  കൊഞ്ചുകറി തുടങ്ങി ചിക്കൻ 65 വരെയും ചക്കപ്പുഴുക്ക്, കപ്പപ്പുഴുക്ക്, പഴങ്കഞ്ഞി വരെയും  ഏറ്റവും  രുചികരവുംആസ്വാദ്യകരവും നാവിൽ കൊതിയൂറിക്കുന്നവയുമാണെന്നും  ഇതിനാൽ രേഖപ്പെടുത്തിക്കൊള്ളുന്നു.
( പ്രായോജകർ- നാഷണൽ സേഫ്ടി അതോറിട്ടി )

Saturday, 3 January 2015

വഞ്ചകന്‍ -ഭാഗം രണ്ട് അഥവാ കോടംപപ്പുചരിതം



അരമുറി ദോശയ്ക്കായി തല്ലു മേടിച്ചു തന്ന അനിയൻ എന്ന വഞ്ചകനെപ്പറ്റി ഒരിക്കൽ പറയുകയുണ്ടായല്ലോ.

ജനിച്ചപ്പോഴേ അവൻ ഒരു പ്രസ്ഥാനം  ആയിരുന്നു. നഴ്സിന്റെ  മോതിരം  അടിച്ചുമാറ്റിയാണ്  അവൻ  ഈ ലോകത്തേയ്ക്ക് വന്നത് എന്ന് ഒരിക്കലും ഞാൻ പറയുകയില്ല. പക്ഷെ ആദ്യ കരച്ചിലിന് മുൻപ്  അവൻ നഴ്സിന്റെ  കയ്യിലിരുന്ന് അവരുടെ  വിരലുകളിൽ എന്തോ പരതുന്നുണ്ടായിരുന്നു  എന്ന് അമ്മ പറഞ്ഞ്  കേട്ടിട്ടുണ്ട്. നഴ്സ്  കല്യാണം  കഴിച്ചതല്ല  എന്ന്  മനസ്സിലായതോടെ  അവൻ  ആദ്യത്തെ കരച്ചിൽ  നടത്തിയത്രെ.

കുഞ്ഞുങ്ങളെ തറയിൽ  കിടത്തുമ്പോൾ തല എപ്പോഴും നേരെ വയ്ക്കണം  എന്നൊരു വിശ്വാസമുണ്ട്. ഒരു വശയ്ത്തേയ്ക്ക്  മാത്രം വയ്ച്ചാൽ ആ ഭാഗത്ത് തലയുടെ രൂപത്തിന്  ഒരു കോടൽ ഉണ്ടാവുമെന്നാണ് പ്രമാണം. വളർന്നു  വരുമ്പോൾ  അങ്ങനെ  സ്ഥിരമായി അമർന്നിരിക്കുന്ന ഭാഗം ചപ്പിയിരിക്കുമത്രേ.

അമ്മ അവനെ തറയിൽ  കിടത്തുമ്പോൾ  തല നേരെ പിടിച്ചു വയ്ക്കും. കൈ എടുക്കുമ്പോൾ സ്പ്രിംഗ് ആക്ഷൻ മാതിരി അവൻ തല ഇടത്തേയ്ക്ക് തിരിക്കും. വീണ്ടും അമ്മ അവന്റെ തല നേരെ പിടിച്ചു വയ്ക്കും. അവൻ വീണ്ടും തല  ഇടത്തേയ്ക്ക് തിരിക്കും . ഒരിക്കലും വലത്തേയ്ക്ക് അവൻ തല  തിരിച്ചിരുന്നുമില്ല. പിൽക്കാലത്ത്  ഇടതുപക്ഷരാഷ്ട്രീയം തിരഞ്ഞെടുക്കാൻ അവൻ അന്നേ തീരുമാനിച്ചിരുന്നു എന്ന് സ്പഷ്ടം.
അങ്ങനെ ഒരു റിബലായി  ഇടതുപക്ഷക്കാരനായി വളർന്ന  അവന്റെ തല ഇടതുവശം കൊണ്ട് അല്പം ചപ്പി ചമ്മിപ്പോകുകയും "കോടംപപ്പു " എന്ന മധുരപ്പുന്നാരപ്പേരിന്  അവനെ അവകാശിയാക്കുകയും ചെയ്തു.

ഗുജറാത്തിൽ കമ്പിത്തപാൽ ജീവനക്കാരനായിരുന്ന സ്നേഹമയിയായ  അമ്മാവൻ  ഏറ്റവും ഇളയവനായ അവനു ഒരു ഹിന്ദിപ്പേരും ചാർത്തിക്കൊടുത്തു. "ഛോട്ടാ"..
കാലക്രമേണ  അത് വെറും ചോട്ടാ ആയിമാറി.
ചെറുപ്പകാലത്ത്  ചോട്ടാ എന്നത് കുഞ്ഞുമോൻ  എന്ന പേരിനേക്കാളും ചേട്ടനാണ് എന്നൊരു തോന്നൽ  അവനുണ്ടായത്  മൂലം  കുഞ്ഞുമോൻ  എന്ന അവന്റെ ചേട്ടനായ ഈ ഞാൻ അനുഭവിച്ച  ദുരിതങ്ങൾക്ക് കയ്യും കണക്കുമില്ല.

കുരുത്തക്കേടുകള്‍ മുഴുവന്‍ ഒപ്പിച്ചിട്ട്  എനിക്ക് തല്ലു മേടിച്ചു തരുവാന്‍ അവനു ഒരു പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. അമ്മയും അച്ഛനും  ക്രമസമാധാനത്തിന്റെ വടിയുമായി എത്തുമ്പോള്‍ അവിഹിതഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു അവന്‍ മുങ്ങും. ഞാന്‍ നിന്ന് അടി വാങ്ങുകയും ചെയ്യും.

സ്പൈഡര്‍മാന്‍ അമേരിക്കയിൽ ജനിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ എത്താത്ത അക്കാലത്ത്    രണ്ടുകാലും  രണ്ടുകയ്യും  ഉറപ്പിച്ച്  വാതിലിന്റെ  കട്ടിള വഴി  മുകളിലേയ്ക്ക്  പൊങ്ങിപ്പൊങ്ങിപ്പോകാം എന്ന് കണ്ടുപിടിച്ചത് അവനാണ്.  എന്നേക്കാൾ  രണ്ടു വയസ്സിനു ഇളയതായ അവൻ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന് ആലോചിച്ചു ഞാൻ ആശ്ചര്യചൂഢാമണിയായി   തത്തിപ്പിടിച്ച്  കട്ടിള  വഴി മുകളിലേയ്ക്ക് കയറുകയും നൂറ്റിയെണ്‍പതു   ഡിഗ്രി  കറങ്ങി താടി ഇടിച്ചു തറയിൽ  വീഴുകയും ചെയ്തു.  താടി തറയിൽ മുട്ടുന്നതിന്  ഒരു സെക്കണ്ടിനു മുന്പ് എന്റെ തലച്ചോറിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.
അവൻ ഈ അഭ്യാസം ഒരിക്കലും കാണിച്ചിട്ടിട്ടില്ലല്ലോ..!!

അതെല്ലാം പോകട്ടെ,  ഇതെങ്ങനെ  സംഭവിച്ചു  എന്നറിഞ്ഞപ്പോൾ  ഉറക്കെ  ചിരിച്ച  ഡോക്ടറിനേക്കാൾ  ഉച്ചത്തിൽ  ചിരിച്ചത്  അവനാണ്. എല്ലാം കഴിഞ്ഞ്  താടിയിൽ നാല് കുത്തിക്കെട്ടുമിട്ട്  ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ അവൻ സ്വകാര്യമായി എന്നെ ഉപദേശിച്ചു.
"ഡാ, കുഞ്ഞോനെ , അങ്ങനൊക്കെ ചെയ്താ ചോര വരും.."

അമ്മ പഠിപ്പിച്ചിരുന്ന സ്കൂളിൽ തന്നെയാണ് ഞങ്ങളെ രണ്ടു പേരെയും ചേർത്തിരുന്നത്. ജ്യേഷ്ഠൻ  എന്ന നിലയിൽ  അവനെ ശ്രദ്ധിക്കുകയും  അവനു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തുകൊടുക്കുകയും  അവന്റെ കുരുത്തക്കേടിനെല്ലാം തല്ലു മേടിക്കുകയും  ചെയ്യേണ്ട  ചുമതല എനിക്കായിരുന്നു.

എല്ലാ ദിവസവും രാവിലെ സ്കൂളിൽ പോകുന്ന സമയമാകുമ്പോൾ അവന്  വയറുവേദന  എന്ന ഒരസുഖം വരുമായിരുന്നു. അതിനു മരുന്നായി ഉച്ചയ്ക്ക്  ഇന്റെർവൽ  സമയത്ത് ഒരു മിഠായി  വാങ്ങിക്കൊടുക്കണമെന്ന്   അമ്മ  എന്നെ ചുമതലപ്പെടുത്തിയിരുന്നു. ഉച്ചയാകുമ്പോൾ അവൻ അമ്മയുടെ അടുത്ത് ഹാജരാകും. അമ്മ അവന്  പത്തു പൈസ കൊടുക്കും. അന്ന്  പത്തു പൈസയ്ക്ക്  ഗോലിയോളം വലുപ്പമുള്ള ഒരു കോലുമിഠായി കിട്ടും. ഞാൻ  അവനെ സ്കൂളിനു വെളിയിലുള്ള  മെഡിക്കൽ സ്റ്റോറിൽ , സോറി, മുറുക്കാൻകടയിൽ  കൊണ്ടുപോയി ആ മിഠായി വാങ്ങിക്കൊടുക്കും.
കുറ്റം പറയരുതല്ലോ, കൂലിയായി ആ മിഠായി  അഞ്ചു പ്രാവശ്യം അവൻ  നക്കുമ്പോൾ ഒരു പ്രാവശ്യം എനിക്കും നക്കാൻ  കിട്ടിയിരുന്നു. ഒരു ദിവസം എനിക്കും വയറുവേദന എന്ന് പറഞ്ഞതിന് തല്ലു കിട്ടിയതുമൂലം ആ മിഠായി നക്കിൽ എന്റെ ആഗ്രഹം ഞാൻ ഒതുക്കിവച്ചു.

ഒരിക്കൽ ചില്ലറയില്ലാത്തതുമൂലം അമ്മ എന്റെ കയ്യിൽ ഇരുപത്തിയഞ്ച്  പൈസ തന്നിട്ട് പറഞ്ഞു.
"പത്തു പൈസയ്ക്ക് മിഠായി വാങ്ങീട്ട്  ബാക്കി ഇങ്ങു കൊണ്ട് വരണം. "
ഞാൻ തല കുലുക്കി.
"ബാക്കി എത്ര വരും?" അമ്മയുടെ ചോദ്യം.
ഞാൻ കൂലങ്കഷമായി ചിന്തിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു മിഠായിനക്കിനു വേണ്ടി എന്തെല്ലാം  ത്യാഗം സഹിക്കണം.
"പത്തു പൈസ.." വഞ്ചകന്റെ കുശുകുശുപ്പ്  എന്റെ  ചെവിയിൽ  പതിഞ്ഞു.
"പത്തു പൈസ.. !! " ഞാൻ കൈകൾ  ചേർത്തുകെട്ടി  നെഞ്ചു വിരിച്ച്  ശ്രീനിവാസരാമാനുജനായി.
"പതിനഞ്ചു പൈസ..!!! " അമ്മയുടെ കൈ എന്റെ ചെവി പിടിച്ചു തിരിക്കുമ്പോൾ  വഞ്ചകൻ ഗേറ്റും കടന്നു ധൃതിയിൽ പോകുന്നത് ഞാൻ ഇടം കണ്ണിട്ടു കണ്ടു.

കടയിൽ നിന്നും പത്തു പൈസയുടെ മിഠായി വാങ്ങിക്കഴിഞ്ഞ്  കടക്കാരൻ ചേട്ടൻ ഒരു പത്തു പൈസയും ഒരഞ്ചു പൈസയും തിരികെത്തന്നു.
മിഠായി നക്കിക്കൊണ്ടിരുന്ന കോടംപപ്പുവിന്റെ കണ്ണുകൾ അതിലാണ്.
"ഡാ കുഞ്ഞോനെ ,പത്തു പൈസയുടെ മുട്ടായി വാങ്ങാനല്ലേ അമ്മ പറഞ്ഞത്? നെന്റേലിപ്പം പത്തു പൈസാ ഉണ്ടല്ലോ. നീയെന്താ വാങ്ങാത്തത്?"
ശരിയാണല്ലോ. ഞാനെന്തൊരു  മണ്ടൻ..!!
ഞാൻ ആ പത്തു പൈസ കൊടുത്തു വീണ്ടും ഒരു മിഠായി വാങ്ങി. ആ മിഠായിയും അവൻ കൈക്കലാക്കി. എന്റെ കയ്യിൽ  ഒരഞ്ചു പൈസാ മാത്രം.
"ഡാ കുഞ്ഞോനെ, നെന്റെ പോക്കറ്റിൽ വേറെ  ഒരഞ്ചു പൈസയില്ലാരുന്നോ.? അതും കൂടിട്ടാൽ പിന്നെത്രയാകും?"
സംഭവം ശരിയാണ്. വല്ല വറുതിയും വന്നാൽ പട്ടിണി  ആകരുതല്ലോ എന്ന് വിചാരിച്ചു നിക്കറിന്റെ പോക്കറ്റിൽ ഒരഞ്ചു പൈസ നിക്ഷേപിച്ചിട്ടുണ്ട്. കാലം അങ്ങനത്തെയാണ്.
"അഞ്ചുമഞ്ചും പത്ത് . പത്തു പൈസക്ക്  മുട്ടായി വാങ്ങാൻ അമ്മ പറഞ്ഞാരുന്നല്ലോ."
ഹോ, അവന്റെ ഒരു ബുദ്ധിയെ..!!
ഞാൻ വിത്ത് ഡ്രാവൽ  ഫോം പൂരിപ്പിച്ച്  ഒപ്പിട്ട് പോക്കറ്റ് ബാങ്കിൽ നിന്നും അഞ്ചു പൈസ പുറത്തെടുത്തു. അതിനെ നോട്ടിരട്ടിപ്പിക്കൽ  സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി  പത്തു പൈസയാക്കിയെടുത്ത് ഒരു മിഠായി കൂടി വാങ്ങി.
"കുഞ്ഞോനെ , നീയതു  തിന്നോ..എനിക്ക് വേണ്ട.." നീതിയുടെ കുളിർമയുള്ള   സ്വരം.

വൈകിട്ട്  കുടുംബക്കോടതിയിലെ വിചാരണവേളയിൽ ആദ്യത്തെ മിഠായിക്ക്  അമ്മ തല കുലുക്കി.
രണ്ടാമത്തെ മിഠായിക്ക് അമ്മ ഉറക്കെയുറക്കെ  ചിരിച്ചു.
 മൂന്നാമത്തെ മിഠായിക്ക് എനിക്ക് തല്ലും കിട്ടി.
മൊത്തം പ്രോജക്ടിൽ  ഒരു നിക്ഷേപം നടത്തിയത് ഞാൻ മാത്രമാണ്. എന്നിട്ടും ഒടുവിൽ  തല്ലു കിട്ടിയത് എനിക്കും. കാര്യം ആട് മാഞ്ചിയം കൊക്കോ കൃഷി പോലെയായി.
എന്തൊരു ക്രൂരലോകം..!!

അക്കാലത്ത്  ഞാൻ ഒരു വലിയ ധൈര്യശാലി ആയിരുന്നു.
അന്ന് ഞാൻ സ്ഥിരമായി കാണുന്ന ഒരു സ്വപ്നം ഉണ്ട്. ഞാനൊരു ചെറിയ  കഷ്ണം പേപ്പർ കയ്യിൽ  പിടിച്ചിരിക്കുകയാണ്. പേപ്പറിന്റെ ഒരറ്റം എന്റെ കയ്യിലും മറ്റേ അറ്റം അങ്ങ് ഹിമാലയത്തിലുമാണ്.
അതങ്ങനെ കയ്യിൽ  പിടിക്കേണ്ടതായി പ്രത്യേകിച്ച്  ഒരു കാര്യോം  എനിക്കില്ല.

നോക്കിനിൽക്കെ  അങ്ങ് ഹിമാലയത്തിനടുത്തു നിന്നും ആ പേപ്പറിന് തീ  പിടിക്കും. തീ ആ പേപ്പറിനെ തിന്നു തിന്നു വരുകയാണ്. അങ്ങ് ഹിമാലയത്തിൽ നിന്നും വരുന്നതുകൊണ്ട് ആ പണ്ടാരം വളരെ സാവധാനം ആണ് കത്തി വരുന്നത്. ഇങ്ങേയറ്റത്തുനിന്നും എനിക്ക് പിടി വിടുവിക്കാനും  പറ്റില്ല. കടലാസ് കയ്യിൽ   നിർബന്ധബുദ്ധിയോടെ  ഒട്ടിപ്പിടിച്ചിരിക്കുകയാണ്. കടലാസ് കത്തിക്കത്തി എന്റെ നേരെ സ്ലോ മോഷനിൽ വരുന്നതും നോക്കി ഞാൻ അന്ധാളിച്ചു  നില്ക്കും. ഒടുവിൽ "തീ.. തീ .." എന്ന്  പത്തുപതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഫയർ സ്റ്റേഷൻ  വരെ കേൾക്കുന്ന ശബ്ദത്തിൽ നിലവിളിച്ചു ഞാൻ ഞെട്ടി ഉണരും.

കൂടെ തീയും പുകയും ഇല്ലാതെ ഉറങ്ങിക്കിടക്കുന്ന  കോടംപപ്പു  പായയിൽ നിന്നും പത്തടി കിളർന്ന്  പൊങ്ങി  തറയിൽ വീഴും.

അമ്മ ഓടിവന്നു എന്നെ ആശ്വസിപ്പിക്കും. വീണ്ടും ഉറക്കും.
കോടംപപ്പു  കോടിയ സ്വന്തം തലയും തടവി എന്താണ് പ്രശ്നം എന്ന് ആലോചിച്ചു ആലോചിച്ച്  വീണ്ടും കിടന്നുറങ്ങും. എന്റെ  നിലവിളി കേട്ടാണ് അവൻ ഉണരുന്നതെന്ന് അവനു മനസ്സിലായിരുന്നുമില്ല.

സിനിമാതീയേറ്ററിന്റെ വാതിൽക്കൽ  ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന സെക്യൂരിറ്റി  എന്നും ഒരേ സിനിമ കാണുന്നതുപോലെ ഞാനീ  സ്വപ്നം  അങ്ങനെ കണ്ടുകൊണ്ടിരുന്നു. ടിക്കറ്റ് വാങ്ങുന്നവന്  വേണമെങ്കിൽ  ഈ  സിനിമാ തുടങ്ങിക്കഴിഞ്ഞു സ്ഥലം വിടാം. എനിക്കതിനും അനുവാദമില്ല..!

സ്ഥിരമായി അങ്ങനെ തലയും ഇടിച്ചു വീഴാൻ തുടങ്ങിയതോടെ കോടംപപ്പു  അതൊരു അന്താരാഷ്ട്രപ്രശ്നമായി അമ്മയുടെ മുൻപിൽ അവതരിപ്പിച്ചു.
അമ്മ അവനെ സമാധാനിപ്പിച്ചു.
"സാരമില്ലെടാ, കുഞ്ഞ്വോനെ  സ്വപ്നം കുത്തുന്നതാ.."
പ്രശ്നപരിഹാരമായി അമ്മ  അവനെ എന്നിൽ നിന്നും വേർപെടുത്തി അമ്മയുടെ കൂടെ കട്ടിലിൽ കിടത്താൻ തുടങ്ങി.

പിന്നെയും ഞാനങ്ങനെ  സ്ഥിരമായി പേപ്പറിന് തീ കൊളുത്തുകയും അലറിവിളിക്കുകയും കോടംപപ്പു  പൊങ്ങിച്ചാടി അമ്മയുടെ ദേഹത്ത്  വന്നു വീഴുകയും ചെയ്തു. കാര്യങ്ങളുടെ കിടപ്പുവശം മൊത്തം മനസ്സിലാക്കിയ അവൻ കട്ടിലിൽ തിരികെയെത്തിയാലുടൻ വിളിച്ചു ചോദിക്കും.
"ഡാ  കുഞ്ഞോനെ നെന്നെ പിന്നേം സ്വൊപ്നം കുത്ത്യോടാ..?"
അമ്മ ഉറക്കെ ചിരിക്കും.

അങ്ങനെ ഒരു ദിവസം ഞാൻ പതിവുപോലെ  കടലാസിന്  തീ കൊളുത്തി  ഫയർ സ്റ്റേഷനിലേയ്ക്ക് ഫോണ്‍  ചെയ്യുമ്പോൾ ആ പതിവ് ചോദ്യം ഉണ്ടായില്ല. ചോദ്യത്തിന്റെ അഭാവത്തിൽ അമ്മ ഇരുട്ടത്ത്‌ കയ്യെത്തിച്ച്  കിടക്കയിൽ പരതി   നോക്കി.

കോടംപപ്പുവിനെ  കാണാനില്ല.!!

"എന്റെ കുഞ്ഞിനെ കാണുന്നില്ലേ ..!!  ചോട്ടായെ ,ഡാ ചോട്ടയെ " എന്ന് വിലപിച്ച്  അമ്മ ചാടിയെഴുന്നേറ്റപ്പോൾ  അശരീരി കേട്ടു.
"ഡാ കുഞ്ഞ്വോനെ, നെന്നെ പിന്നേം  സ്വപ്നം കുത്തിയോടാ..?"

കട്ടിലിനടിയിൽ  നിന്നാണ് ആ അശരീരി..!!

അമ്മ ആശ്വാസത്തോടെ വിളിച്ചു ചോദിച്ചു..
"ഡാ ചോട്ടായെ, നീ എവിടാടാ?"
ഉടൻ മറുപടിയും വന്നു
"ഓ, ഞാനിവിടൊണ്ട് ..!!"
"നീയെന്തെടുക്കുവാ?"
"ഓ, ഞാനിവിടം  വരെ ചുമ്മാ ഒന്ന് വന്നതാ.."


എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...