Saturday, 3 October 2015

അമ്മുവും രണ്ട് ആട്ടിൻകുട്ടികളും


ആദ്യത്തെ കണ്മണി അവളുടെ കുഞ്ഞിക്കാലടികൾ വച്ചു  കടന്നു വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ വർണാഭമായി. കുഞ്ഞുങ്ങളുടെ വരവ് അതുവരെ തുടർന്നുകൊണ്ടിരിക്കുന്ന ജീവിതശൈലിയെത്തന്നെ ഉടച്ചുവാർക്കും എന്ന് പറയുന്നത് എത്ര ശരിയാണ്.


വീട്ടിൽ അവളെ എന്ത് ഓമനപ്പേരാണ്‌   വിളിക്കേണ്ടതെന്ന കാര്യത്തിൽ എനിക്കും വള്ളിക്കും വലിയ ചിന്താക്കുഴപ്പങ്ങൾ ഒന്നും തന്നെയുണ്ടായില്ല. വെറും രണ്ടു  വയസ്സുകാരനായ  അവളുടെ കസിൻ ഒരു സുപ്രഭാതത്തിൽ അതങ്ങ് പ്രസ്താവിച്ചു. "അമ്മു"

എല്ലാവരും അതംഗീകരിക്കുകയും ചെയ്തു.

ഔദ്യോഗികനാമം എന്തായിരിക്കണമെന്നു വള്ളിയും ഞാനും  കൂലങ്കഷമായി ചിന്തിച്ചു. വായിച്ചതും  കേട്ടറിഞ്ഞതുമായ ഒരുപാട് നാമങ്ങൾ ഓർമയുടെ അഗാധതയിൽ നിന്നും മുങ്ങിത്തപ്പി ഉപരിതലത്തിലെത്തിച്ചു. എനിക്ക് ഇഷ്ടമാകുന്നത് അവൾക്കിഷ്ടമാകില്ല. അവൾക്കിഷ്ടമാകുന്നത് എനിക്കിഷ്ടമാകില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമാകുന്നത് അമ്മുവിന് ഇഷ്ടമാകുമോ എന്നും സന്ദേഹിച്ചു.

വെട്ടം മാണിയുടെ പുരാണനിഘണ്ടു പേരുകളുടെ ഒരു ഭണ്ഠാഗാരമാണെന്ന് എത്രപേർക്കറിയാം? ചന്ദ്രന്റെ ഇരുപത്തിയേഴ്  ഭാര്യമാരാണ് ജന്മനക്ഷത്രങ്ങൾ. അശ്വതി, ഭരണി, കാർത്തിക എന്ന് തുടങ്ങി  രേവതി വരെ. ചന്ദ്രൻ ആള് മോശക്കാരനല്ല. സംസ്കൃതത്തിൽ ഈ നക്ഷത്രങ്ങളുടെ പേരുകൾക്ക്‌  അല്പം വ്യത്യാസമുണ്ട്. അശ്വിനി, ഭരണി, കൃത്തിക, രോഹിണി, മ്രുഗാഷിർഷ  അങ്ങനെ പോകുന്നു. അമ്മുവിൻറെ ജന്മനക്ഷത്രം ഭരണി ആയിരുന്നു. ആ പേര് പറഞ്ഞപ്പോഴേ അമ്മു രണ്ട് കുഞ്ഞിക്കൈകളിലേയും മുഷ്ടികൾ ചുരുട്ടി ഞങ്ങൾക്കെതിരെ ആഞ്ഞു വീശി. അവളുടെ അമ്മയുടെ ജന്മനക്ഷത്രമായ പൂയത്തിന്  പുഷ്യ എന്നാണ്‌ സംസ്കൃതനാമം. അത് പൂയക്കാരിതന്നെ തള്ളി. ഒടുവിൽ അച്ഛന്റെ  നക്ഷത്രമായ തിരുവാതിരയിൽ ഞങ്ങളുടെ മനസ് ഉടക്കി നിന്നു. 
ആർദ്ര. 
അങ്ങനെ ഒടുവിൽ അമ്മുവിൻറെ അച്ഛന്റെ ജന്മനക്ഷത്രമായ തിരുവാതിരയുടെ സ്കൂളിലെ പേരായ  ആർദ്ര എന്ന പേരിനു നറുക്ക് വീണു.
നോക്കണേ ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം.!
ആർദ്ര എന്നതിന് ആർദ്രമായ മനസ്സുള്ളവൾ എന്നാണർത്ഥം എന്ന് പറഞ്ഞപ്പോൾ നിന്റെ ജന്മനക്ഷത്രം അതുതന്നെയാണോ എന്ന് വാമഭാഗം വർണ്യത്തിൽ ആശങ്ക പുറപ്പെടുവിച്ചു. നീയെന്റെ വാമഭാഗ്യം തന്നെ എന്ന് ഞാനും മറുപടി നൽകി.
അങ്ങനെ നക്ഷത്രങ്ങളിലൊന്നും  തന്നെ വിശ്വാസമില്ലാത്ത ഞങ്ങൾ ഒരു നക്ഷത്രത്തിന്റെ പേര് തന്നെ അമ്മുവിൽ ചാർത്തി. 

പ്രായത്തിന്റെ പ്രത്യേകതയാകാം ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് അച്ഛനമ്മമാർക്ക് എപ്പോഴും ഒരു കളിപ്പാട്ടമാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമാകട്ടെ അവരുടെ  ജീവിതത്തിലെ ഗൗരവതരമായ ഒരു വഴിത്തിരിവുമാണ്. തന്മൂലം കുഞ്ഞുങ്ങളെച്ചൊല്ലി രണ്ടു തലമുറകൾ തമ്മിൽ കലഹിച്ചുകൊണ്ടേയിരുന്നു.


അമ്മു ഞങ്ങൾക്കൊരു കളിപ്പാട്ടമായിരുന്നു. ഇരുപത്തിയേഴുവയസ്സിൽ ഇന്നാ നിങ്ങളെടുത്തോ എന്ന് പറഞ്ഞ് ജീവിതം കൈകളിൽ  തന്ന ഒരു കളിപ്പാട്ടം.

അവളെ കയ്യിൽ  എടുത്തു തുള്ളിക്കുക, ഉയരത്തിൽ പൊക്കി താഴേയ്ക്ക് കൊണ്ടുവരിക, അപ്പോഴുണ്ടാകുന്ന കുടുകുടാച്ചിരി ആസ്വദിക്കുക, ഒളിച്ചേ - കണ്ടേ കളി കളിക്കുക,  ചുണ്ട് പിളർത്തൽ കാണാൻ സങ്കടപ്പെടുത്തുക  തുടങ്ങിയ എല്ലാ കുന്നായ്മകളും അവളിൽ  പ്രയോഗിച്ചു.
മറ്റുള്ളവർ അമ്മൂ എന്ന് വിളിക്കുമ്പോൾ   ഞങ്ങൾ അവളെ കുഞ്ഞമ്മിണി, ഉമ്പിരി, അങ്ങനെ വായിൽത്തോന്നിയതൊക്കെ വിളിച്ചു.കവിളുകൾ സാമാന്യത്തിലധികം ചാടി നിന്നതുകൊണ്ട് "ബുൾഡോഗേ..!! " എന്നും പുന്നാരിച്ചു. 

ഉറക്കാനായി അവളെ കൈകളിൽ എടുത്ത് അവളുടെ കാലുകൾ രണ്ടും വയറിന്റെ ഇരുവശത്തുമായി വച്ച് കൈകളിൽ ദേഹം കിടത്തി കൈപ്പത്തികളിൽ തലതാങ്ങി ഇടത്തോട്ടും വലത്തോട്ടും മന്ദമായി ആട്ടും. പത്തുപ്രാവശ്യം അങ്ങനെ ആട്ടിക്കഴിയുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ കൂമ്പിയടയും.

അവളുടെ അച്ഛൻ അഭിമാനിക്കും.
"കണ്ടോടീ, അവൾ എൻറെ  കയ്യിൽ  കേറിയാൽ മതി അപ്പൊ ഉറങ്ങും"
അവളുടെ അമ്മ കുശുമ്പിക്കും.
"ഓ, വല്യ കാര്യമായിപ്പോയി..!"

 ജീവിതാനുഭവങ്ങൾ കൂടുതൽ ഉള്ള അമ്മ ഉപദേശിച്ചു.

"ഡാ, നീയവളെ ഇങ്ങനെ ഓരോന്ന് പഠിപ്പിക്ക്, ഒടുവിൽ അവൾ ഇങ്ങനെയല്ലാതെ ഉറങ്ങാതാവും "
അതുതന്നെ ഒടുവിൽ സംഭവിച്ചു.
പാതിരാത്രിയിൽ വാമഭാഗം തല്ലിയുണർത്താൻ തുടങ്ങി.
"പ്രദീപേ, ഒന്നെഴുന്നേല്ക്ക്. ദേ ഞാനുറക്കീട്ട് ഇവളുറങ്ങുന്നില്ല. നീയിവളെ ഒന്നെടുത്തുറക്കെടാ..അവളെന്നെ ഉറങ്ങാൻ സമ്മ്തിക്ക്ന്നില്ല "
നോക്കിക്കോണേ ഓരോ പാര.!!
എന്റെ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി.

കുഞ്ഞുങ്ങളുണ്ടായിക്കഴിയുമ്പോൾ സമയത്തിന്റെ  ഓട്ടത്തിന് എന്തൊരു വേഗതയാണ്. കണ്ണടച്ചുതുറക്കും മുൻപേ, അമ്മു  കമഴ്ന്നു വീണ് പൊങ്ങിയെഴുന്നേറ്റു മുട്ടുകാലിൽ വലിയാൻ തുടങ്ങി. മുട്ടുകാലിൽ ഇഴഞ്ഞു നീങ്ങി വാടകവീട്ടിലെ മുറികൾ  ഓരോന്നും  കയറിയിറങ്ങുന്നതായി  അവളുടെ പ്രധാന വിനോദം.

അതിവേഗതയിൽ തറയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചോനൽഉറുമ്പിനെ അതേ വേഗതയിൽ മുട്ടിലിഴഞ്ഞു നീങ്ങി പിടിക്കാനുള്ള അവളുടെ ശ്രമം എല്ലാവരിലും വിസ്മയവും ചിരിയുമുണർത്തി.ചോനൽ ഉറുമ്പ് അങ്ങോട്ടുമിങ്ങോട്ടും ദിശ മാറി ഓടുമ്പോൾ അതെ വേഗതയിൽ ഒരു കിളിത്തട്ട് കളിക്കാരിയുടെ അസാമാന്യ മെയ് വഴക്കത്തിൽ അവളും മുട്ടിൽ ഇഴഞ്ഞു നീങ്ങി.

എന്നാൽ മഹത്തായ ഒരു അനുഭവം അവൾ അവളുടെ ചിറ്റപ്പനായി നീക്കി വച്ചിരുന്നു.


അക്കാലത്ത് ഒരു വക്കീലാകാനുള്ള തീവ്രശ്രമം നടത്തിയിരുന്ന ആ  മഹാന്റെ ഒരു പ്രധാനപ്പെട്ട ജോലി രാവിലെ കോളേജിൽ പോകുന്നതിനു മുൻപ് പഴങ്കഞ്ഞി കുടിക്കുക എന്നതായിരുന്നു. മറ്റൊരു പഴങ്കഞ്ഞിയായ ചേട്ടത്തിയെക്കൂടി കിട്ടിയതോടെ അവന്റെ കാര്യം കുശാലായി.

രാവിലെ കുളിച്ചു കുട്ടപ്പനായി പൌഡറുമൊക്കെ പൂശി ഭാവിവക്കീൽ ഒരു പാത്രം നിറയെ പഴങ്കഞ്ഞിയുമെടുത്ത്  ഊണുമുറിയിൽ കഴിക്കാനായി ഇരിക്കും. ചേട്ടത്തി ഉണ്ടാക്കിക്കൊടുത്ത കാ‍ന്താരിമുളക് ഉടച്ചത്  പഴങ്കഞ്ഞിയിലിട്ട്  അങ്ങോട്ടുമിങ്ങോട്ടും വട്ടത്തിൽ കറക്കും.  ഈ സങ്കലനം നടത്തുമ്പോഴെല്ലാം  അവൻ "ശ് ശ് ..."  എന്ന് ചില രുചിശബ്ദങ്ങൾ പുറപ്പെടുവിക്കും.അമ്മു അവിടെവിടെയെങ്കിലുമുണ്ടെങ്കിൽ അത് കേൾക്കുമ്പോൾ മുട്ടുകാലിൽ ഇഴഞ്ഞ് ഓടി വരും. ഊണുമേശയുടെ കാലിൽ  തത്തിപ്പിടിച്ച് എഴുന്നേറ്റു നില്ക്കും. പഴങ്കഞ്ഞി അടിച്ചു കേറ്റുന്ന ചിറ്റപ്പന്റെ മുഖത്തേയ്ക്ക് ആരാധനയോടെ നോക്കി നില്ക്കും.


പഴങ്കഞ്ഞി ഇടം വലം വട്ടത്തിൽ കറക്കി വായിലേയ്ക്ക് വിക്ഷേപണം നടത്തുമ്പോൾ ചിറ്റപ്പൻ കണ്ണടച്ച് ശ് ശ്  എന്ന് രുചിശബ്ദം ഉണ്ടാക്കി അവളോട്‌ ചോദിക്കും,

"ഡീ അമ്മൂ, എന്തോ രുചിയാടീ, നിനക്ക് വേണോടീ"

അമ്മു ചിറ്റപ്പന്റെ മുഖത്തേയ്ക്കു ആരാധനയോടെ നോക്കി മന്ദഹസിച്ചിട്ട് ആ നിൽപ്പിൽത്തന്നെ  അവിടെ ഒന്നും രണ്ടും സാധിക്കും.


തന്റെ രുചിയുടെ മേൽ പതിച്ച ആ  ദുർഗന്ധത്തിന്റെ താഢനമേറ്റ് ഞെട്ടിയുണർന്ന്  പാത്രവുമായി ചിറ്റപ്പൻ  ഒറ്റച്ചാട്ടത്തിൽ അടുത്ത മുറിയിലെത്തും. പോകുന്ന വഴിക്ക് അലറിവിളിക്കും.

"വൃത്തികെട്ടവൾ..!! ചേട്ടത്തിയെ, ദാണ്ടിവള് ഊണുമുറിയിൽ സാധിച്ചു"

ഈ കലാപരിപാടി ഒരു ദിവസം കൊണ്ട് നിന്നില്ല.

എപ്പോഴൊക്കെ ചിറ്റപ്പൻ പഴങ്കഞ്ഞി കഴിക്കാനിരിക്കുന്നോ അപ്പോഴെല്ലാം അവൾ മുട്ടിലിഴഞ്ഞു വന്ന് ഊണുമേശയുടെ  കാലിൽ തത്തിപ്പിടിച്ച് കയറി  കാര്യം  സാധിക്കാൻ തുടങ്ങി. അഥവാ ചിറ്റപ്പന്റെ  പഴങ്കഞ്ഞികുടിയാണ് തന്റെ പ്രകൃതിയുടെ വിളി എന്നവൾ അങ്ങ് ഉറപ്പിച്ചു.

പഴങ്കഞ്ഞികൊതിയൻ സഹികെട്ട് പരിതപിച്ചു.

"ഞാങ്കഴിക്കാനിരുന്നാ മതി, അവള് ഏങ്ങിയേങ്ങി വരും, കാര്യം സാധിക്കാൻ..! ന്റെ പഴങ്കഞ്ഞീടെ  രുചിയെല്ലാം പോയി !!"
പിച്ചവെച്ചു നടന്നും ഉരുണ്ടുവീണും ഓടിനടന്നും കുരുത്തക്കേടുകൾ കാട്ടിയും മൂന്നു വർഷങ്ങൾ ഞങ്ങളുടെ കണ്ണുകൾ കെട്ടി അങ്ങനെ പാഞ്ഞുപോയി. മൂത്രത്തിന്റെയും സോപ്പിന്റെയും ബേബി പൗഡറിന്റെയും മണം നിറഞ്ഞുനിന്ന വർഷങ്ങൾ. ആദ്യമായി കമഴ്ന്നു വീണത്‌, മുട്ടിൽ ഇഴഞ്ഞു നടന്നത്, പിച്ചവച്ചു നടന്നത്, വാക്കുകൾ ചൊല്ലിയത്, അങ്ങനെയെല്ലാം അവളുടെ അമ്മ കൃത്യതയോടെ ഡയറിയിൽ കുറിച്ചുവച്ചു.

ഉറക്കാൻ വേണ്ടി കഥകൾ  വായിച്ചുകൊടുക്കുന്ന സ്വഭാവം തുടങ്ങി വച്ചത് അവളുടെ അമ്മയാണ്. "എന്റെ അമ്മേം അമ്മൂമ്മേമൊക്കെ  കഥ പറഞ്ഞാണ്  ഞങ്ങളെയൊക്കെ ഉറക്കിയത്" എന്നായിരുന്നു വാദം. 

ഇതൊരു പാരയാകുമേ എന്ന് പറഞ്ഞത് ആര് കേൾക്കാൻ.

കഥകളുടെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പുതിയ പുതിയ കഥാപുസ്തകങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കിടക്കുന്നതിന് അരമണിക്കൂർ മുന്പ് അമ്മയും മോളും ചേർന്നുള്ള കഥയരങ്ങാണ്. ആദ്യം തന്നെ രണ്ടു പേരും ഒരു ഉഭയകക്ഷികരാർ ഒപ്പിടും.  

" ഇന്ന് നാലു  കത..! " - മോൾ 
" ഇന്നൊരു കഥ..!" - അമ്മ 
" ന്നാ മൂന്നു കത..!"  - മോൾ 
" ഒരു  കഥ, എനിക്ക് കിടന്നുറങ്ങണം..! "  - അമ്മ 
" രണ്ടു കത്ത..!!  .. ങ്ഹീ..!! "  - മോൾ 
" മോങ്ങണ്ട, രണ്ടു കഥ . അതുകഴിഞ്ഞു മിണ്ടാണ്ട്  കിടന്നുറങ്ങിക്കോണം ! " - അമ്മ 
" ങ്ഹാ, ഞാനുറങ്ങാൻ പോകുന്നു" - അച്ച 
" കൊല്ലും ഞാൻ..!! "  - അമ്മ 

പക്ഷെ, കരാറിനുള്ളിൽ  ഇൻഷറൻസുകാർ  ചെയ്യുന്നതു പോലെ അമ്മു കുഞ്ഞക്ഷരങ്ങളിൽ ചില പാരകൾ തിരുകും.

"ഒരിടത്തൊരിടത്തൊരിടത്തൊരു രാജകുമാരനുണ്ടായിരുന്നു..."
ഈ രാജകുമാരനെക്കൊണ്ട് ഉള്ള തോന്ന്യാസമൊക്കെ കാണിപ്പിച്ചിട്ട്  ഒരു വിധത്തിൽ അവസാനം അങ്ങേരെ രാജകുമാരിയെക്കൊണ്ട് കെട്ടിപ്പിച്ചു  സുഖമായി കൊട്ടാരത്തിൽ താമസിപ്പിക്കും. ഈ കർത്തവ്യത്തിനിടയിൽ എങ്ങാനും അമ്മ  ഒന്ന് മയങ്ങിപ്പോയാൽ രാജകുമാരി കാലുപൊക്കി  മുതുകിന് തൊഴിക്കും. ഞെട്ടിയുണർന്നു  രാജകുമാരനെയും രാജകുമാരിയും ഒരു വഴിക്കാക്കേണ്ട ചുമതല അമ്മയ്ക്കുള്ളതാണ്.
കരാർ പ്രകാരമുള്ള കഥകൾ   തീരുമ്പോഴാണ് ആന്റിക്ലൈമാക്സ്.
ഒരു മൂളിക്കരച്ചിൽ.
"ന്താടീ, കഥ  കേട്ടില്ലേ? മോങ്ങാതെ കിടന്നുറങ്ങ്.."
"ഇതമ്മ നേരത്തെ പറഞ്ഞ കത്തയാ..ങ്ഹീ ...! "
"ദുഷ്ടെ, കഥ തീരുന്നത് വരെ നീയത് പറഞ്ഞില്ലല്ലോ..!!"
എങ്ങനുണ്ട് അവളുടെ പുത്തി.!

അച്ചയോട് കഥ ആവശ്യപ്പെടുന്ന രീതി നിലവിലില്ലായിരുന്നു.അഥവാ പ്രായോഗികതലത്തിൽ അതൊരു വമ്പൻ പരാജയമായിരുന്നു.

"അച്ചെ, ഒരു കത പറയാമോ?"
"പോടീ, ഈ പാതിരാത്രിക്കാ കഥ.!!.കെടന്നുറങ്ങ്‌..!!"
"ഹ, കുഞ്ഞിനൊരു കഥ പറഞ്ഞുകൊടുക്ക്.."
"ന്നാപ്പിന്നെ നിനക്ക് പറഞ്ഞു കൊടുത്തൂടെ?"
"എനിക്ക് ഒറക്കം വരുന്നു. എന്നും ഞാനല്ലേ പറയുന്നത്, ഇന്നച്ച പറഞ്ഞുകൊടുത്താൽ മതി..!!"
ന്യായം..!!

"അച്ചേ, കത പറ..കത പറ.."
"ഈശ്വരാ, പന്ത്രണ്ടു മണി..! ഒരു കഥേം വരുന്നില്ലല്ലോ..!!"
"അച്ചേ, കത പറ..കത പറ.."
"ശരി..ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയൊണ്ടായിര്ന്നു.. അല്ലേ വേണ്ട, ഒരു തുന്നക്കാരി ഉണ്ടാര്ന്നു.. അല്ലേ വേണ്ടാ ഈ അമ്മുവാ ആ തുന്നക്കാരി.."
"ഞാന്തുന്നക്കാരി.!"
"അതെ..ഒരു ദിവസം അമ്മു തുണി തുന്നിത്തുന്നി അങ്ങനിരിക്കുമ്പോ സൂചി താഴെപ്പോയി.. എത്ര നോക്കീട്ടും സൂചി കിട്ടീല്ല.."
"ന്നിട്ട്?"
"എന്നിട്ട് എന്ന് ചോദിച്ചാൽ സൂചി കിട്ട്വോ?"
"ഇല്ല .."
"ഇല്ലാന്ന് പറഞ്ഞാൽ സൂചി കിട്ട്വോ?"
"കിട്ടില്ല .."
"കിട്ടില്ലാന്നു പറഞ്ഞാ സൂചി കിട്ട്വോ?"
"അച്ചേ .."
"അച്ചേന്നു വിളിച്ചാ സൂചി കിട്ട്വോ?"
"കഥ പറ അച്ചേ .."
"കഥ പറ അച്ചേന്നു പറഞ്ഞാ സൂചി കിട്ട്വോ?"

"---------"
"മിണ്ടാണ്ടിര്ന്നാ സൂചി കിട്ട്വോ?"
"നിക്കീ  കഥ കേക്കണ്ടാ..അമ്മെ ഈ അച്ച.."
"രണ്ടാളും കിടന്നുറങ്ങുന്നുണ്ടോ..ഉറങ്ങാനും സമ്മതിക്കേലേ "
"ഈ അച്ച പറ്റിക്കണമ്മേ.. ങ്ഹീ.."
"എന്തിനാ കുഞ്ഞിനെ വഴക്കുണ്ടാക്കുന്നത് ..?"
"എനിക്ക് കഥ ഒന്നും വരുന്നില്ലെടീ .."
"പിന്നല്ലേ, വല്ല പെണ്ണുങ്ങളേങ്കണ്ടാ നൂറു കഥേം പറഞ്ഞിരിക്കുന്ന ആളാ .."
"ഡീ കഴ്തെ, അവക്ക് രാജകുമാരന്റെം....."
"ഒരു കഥയങ്ങോട്ട് വായിച്ചു കൊടുക്കണം.. അതിനു പകരം അവളോടു വഴക്കുണ്ടാക്കുവാ? "


നാല്  വയസ്സായപ്പോഴേയ്ക്കും  ടീവി  ഗയിം നാട്ടിൽ വന്നുതുടങ്ങിയിരുന്നു. അതൊരെണ്ണം വാങ്ങിക്കൊടുത്തു. സൂപ്പർ  മരിയോയും റോഡ്‌റാഷും ടീവിയിൽ പാഞ്ഞുനടന്നു. നമ്മുടെ ടീവീ കാണൽ ഗോവിന്ദ.!

ടീവിയുടെ മുൻപിൽ ചമ്രം പടഞ്ഞിരുന്നാണ് കളി. റിമോട്ട് രണ്ട് കയ്യിലുമായി പിടിച്ച്  വിരലുകൾ ശരവേഗത്തിൽ ബട്ടണുകളിലൂടെ പാഞ്ഞുനടക്കും. സൂപ്പർ മരിയോ ചാടിച്ചാടി ആമകളെയും  തട്ടിത്തെറുപ്പിച്ച് സ്വർണ്ണനാണയങ്ങളും ശേഖരിച്ച് മതിലുകളും ചാടിക്കടന്ന് രാജകുമാരിയെ രക്ഷിക്കാൻ പാഞ്ഞുപോകും. ഇങ്ങേര് ഇത്രയും സ്പീഡിൽ ഇവിടെങ്ങനെയെത്തിയെന്ന് രാജകുമാരി അന്തം വിടും.
പോകുന്ന വഴിക്ക്  തടസ്സങ്ങൾ വരുമ്പോൾ വിരലുകളുടെ വേഗത കൂടും. വലത്തെ കാൽമുട്ട്  ഉയർന്ന് ചന്തി സാവധാനം തറയിൽ നിന്നും  പൊങ്ങിവരും. സുപ്പർ മരിയോ കടമ്പ കടക്കുന്നതോടെ  ഉം എന്നൊരു മൂളലോടെ ചന്തി പൊത്തോന്നു വന്ന് തറയിൽ ഇരിക്കും.

മരിയോ ഓരോ വിജയം ആഘോഷിക്കുമ്പോഴും സൂപ്പർ അമ്മു പിന്തിരിഞ്ഞൊരു നോട്ടമുണ്ട്. അപ്പോൾ നമ്മൾ അവിടെക്കാണണം. അത് നിർബന്ധമാണ്‌. കണ്ടോ ഞാൻ ജയിച്ചത് എന്നൊരു നോട്ടം നമ്മുടെമേൽ ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ  പാളിവീഴും.

 പക്ഷെ,അതൊരു കായകുളംവാൾ  ആയിരുന്നു. 
എങ്ങാനും സൂപ്പർ  മരിയോയെ ആമ പിടിച്ചു തിന്നുകയോ അങ്ങോരു പോയി വല്ല കുഴീലും ചാടുകയോ ചെയ്താൽ..!! 
തിരിഞ്ഞൊരു നോട്ടമുണ്ട്. വെറുതെ നടന്നുപോകുന്നവൻ ചുമ്മാ പഴത്തൊലിയിൽ ചവിട്ടി വീണാൽ ഒരു മടിയുമില്ലാതെ പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നവരാണ്  നമ്മൾ. അത് സ്വന്തം അച്ഛനായാൽപ്പോലും.
അന്തം വിട്ടു പാഞ്ഞുപോകുന്ന മരിയോ വല്ല കുഴിയിലും വീണ്  "ടിം  ടടാാങ് ടിം ഠിം..! " എന്നൊരു ശബ്ദത്തോടെ കാലിയാകുന്നത് കാണുമ്പോൾ ചിരി വരാത്ത നമ്മൾ "കഠോരഹൃദയ"ന്മാരായിരിക്കണം. നമ്മൾ കടിച്ചുപിടിച്ച് പല്ലിനു പുറകിൽ സൂക്ഷിച്ച ആ പൊട്ടിച്ചിരിയുടെ ഒരു ലാഞ്ചനയെങ്ങാനും പുറത്തു കണ്ടാൽ മതി, റിമോട്ട് ഒരു പറക്കലാണ്. പുറകെ ഒരു കരച്ചിലും.
"അമ്മ നോക്കിയതുകൊണ്ടാ...! അച്ച നോക്കിയതുകൊണ്ടാ..!!"
അമ്മൂന്റെ കുഴപ്പമല്ല, അമ്മേം അച്ചേം  നോക്കിയതുകൊണ്ട് മരിയോ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സാരം.

ആദ്യമായി നഴ്സറിസ്കൂളിൽ പോയതും ഒരു ചരിത്ര സംഭവമായിരുന്നു. അത് കേരളവിദ്യാഭ്യാസചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്.

എൽ. കെ. ജി യുടെ ആദ്യദിവസം. പുറപ്പെടുമ്പോൾ വലിയ ഉത്സാഹമായിരുന്നു.

"നെനക്ക് പേടിയുണ്ടോ അമ്മൂ" 
അച്ഛനുമമ്മയും പേടിയോടെ ആരാഞ്ഞു.
"ഇല്ല. നിങ്ങക്ക് പേടിയുണ്ടോ?"
"ഇല്ല, നീ അവിടെപ്പോയി കരയുമോ?"
"ഇല്ല..നിങ്ങളു കരയുമോ?"
"ഇല്ല..!"

തുള്ളിച്ചാടിയാണ് പുത്തൻ സ്കൂൾ ബാഗുമായി സ്കൂളിലേയ്ക്ക് പോയത്.

സ്കൂളിലെത്തിയപ്പോൾ ഭാരതയുദ്ധം കഴിഞ്ഞു സ്ത്രീജനങ്ങൾ കുരുക്ഷേത്രഭൂമിയിൽ  വിലാപം നടത്തുന്ന  അവസ്ഥയിലായിരുന്നു സ്കൂളും പരിസരവും.
ക്ലാസ്സിനകത്ത് നിന്നും പല ഫ്രീക്വൻസിയിൽ പല ഡെസിബെല്ലിൽ പുതുവിദ്യാർത്ഥിസംഘം നെഞ്ചത്തടിച്ചു കരച്ചിലാണ്. അച്ഛനമ്മമാർ ജനലുവഴിയും കതകുവഴിയും നോക്കിച്ചിരിച്ചും  ദേഷ്യം അഭിനയിച്ചും കോക്രി കാണിച്ചും ക്രമസമാധാനനില നേരെയാക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഡയ്‌നമിറ്റ്  എന്ന് ആരേലും എഴുതിക്കാണിച്ചാൽ അപ്പോൾ അന്തരീക്ഷം പൊട്ടിത്തെറിക്കും. 

"നെനക്ക് പേടിയുണ്ടോ അമ്മൂ"

"ഇല്ല.. നിങ്ങക്ക് പേടിയുണ്ടോ?"
"ഇല്ല...നീ കരയുമോ അമ്മൂ?"
"ഇല്ല..നിങ്ങളു കരയുമോ?"
"ഇല്ല..!"

ക്ലാസ് ടീച്ചർ ക്ലാസ്സിലെത്തി. നമ്മളിതെത്ര കണ്ടതാ മാളോരേ എന്ന ഭാവത്തിൽ 

വിളംബരം  പുറപ്പെടുവിച്ചു.
"രക്ഷകർത്താക്കളൊക്കെ ക്ലാസ്സീന്നൊന്നെറങ്ങിക്കെ..! "

അതുകേട്ടതോടെ ഒന്നുരണ്ടുകുട്ടികൾ കരച്ചിലിന്റെ ഡെസിബെല്ലിനെ ആറുകൊണ്ട് ഗുണിച്ചു. 
ചിലരാകട്ടെ അമ്മമാരുടെ ദേഹത്ത്   ധ്രുതരാഷ്ട്രാലിംഗനം അർപ്പിച്ചു. ചുരിദാറിന്റെ ഷാളിന്റെ അറ്റം കൈകളിൽ ചുറ്റി  മുറുക്കിപ്പിടിച്ചു. 
ഒരു മഹാൻ കഴുത്തിലെ ഞരമ്പ് വീർപ്പിച്ച് ആഞ്ഞലറി.
"നീ പോണ്ടാടീ ...!!"

ടീച്ചർ അമ്മമാരുടെയും അച്ഛന്മാരുടെയും ചന്തിയ്ക്ക് ചൂരൽ വീശി അവരെ പുറത്തേയ്ക്ക് ഓടിച്ചു. ഒന്ന് രണ്ട് അച്ഛന്മാർ ഉടുമ്പ്പിടിയിൽ നിന്നും രക്ഷ നേടാൻ മുണ്ടുരിഞ്ഞ് കൊടുത്ത് ക്ലാസിൽ നിന്നും വെളിയിൽച്ചാടി.


അമ്മു യുദ്ധഭൂമിയിലേയ്ക്ക് വലിയ ഭാവഭേദം ഒന്നുമില്ലാതെ കടന്നു കയറി ഒരു രഥത്തിൽ  ഇരിപ്പുറപ്പിച്ചു. വെളിയിൽ  നിൽക്കുന്ന ഞങ്ങളെ നോക്കി സമചിത്തതയോടെ, ഗാംഭീര്യത്തോടെ പുഞ്ചിരിച്ചു. ഇടതും വലതും  ഇരുന്നു മൂക്കളയും ഒലിപ്പിച്ചു മോങ്ങുന്ന സഹപാഠികളെ പുശ്ചഭാവത്തിൽ പാളി നോക്കി.

അച്ഛനുമമ്മയും ഭീതിയോടെ ജനലിനു വെളിയിലൂടെ മൈമിംഗ് നടത്തി.
"നെനക്ക് പേടിയുണ്ടോ അമ്മൂ..?"
അമ്മു   ഇടത്തോട്ടും വലത്തോട്ടും തലയാട്ടി, കണ്ണ് രണ്ടും അടച്ച് തുറന്ന്, വലതു കൈ പൊക്കി വീശി മൈമിംഗ് നടത്തി.
"ഇല്ല"
ചൂണ്ടുവിരൽ ഞങ്ങളെ നോക്കി.
"നിങ്ങൾക്ക് പേടിയുണ്ടോ?"
ഞങ്ങൾ കൃത്യമായും ഒരേപോലെ തലകൾ ഇടത്തോട്ടും വലത്തോട്ടും ആട്ടി.

രക്ഷകർത്താക്കൾ വെളിയിലായതോടെ കൂട്ടനിലവിളിയുടെ  ആധിക്യം കൂടി.

ടീച്ചർ കൈകൂട്ടിയടിച്ചു.
"ദേ , എല്ലാരും ഇങ്ങോട്ട് നോക്കിയേ. നല്ല കുട്ടികളല്ലേ? ചുമ്മാ എന്തിനാ കരേന്നെ..!! ദാ , ആ കുട്ടിയെ  ഒന്ന് നോക്കിക്കേ, കരേന്നില്ലല്ലോ ..!"
അമ്മു അഭിമാനത്തോടെ ഒരു സൂപ്പർ മരിയോ നോട്ടം ഞങ്ങളുടെ മേൽ  പായിച്ചു. അമ്മ അച്ചേടെ  കയ്യിൽ  അഭിമാനത്തോടെ പിടിച്ചു. 
"ന്റെ മോളാ.." അച്ച സൂപ്പർ മരിയോയുടെ അച്ചയായി.

ടീച്ചർ പറയുന്നത് ആര് കേൾക്കാൻ .
എല്ലാ പിഞ്ചുമുഖങ്ങളും ജനലിനും വാതിലിനും നേരെതിരിഞ്ഞ് മാതാപിതാക്കളെ നോക്കി സംപ്രേഷണം ഒന്ന് കൂടി ഉഷാറാക്കി.
"നിങ്ങളാ കുഴപ്പക്കാര്..!! നിങ്ങളെക്കാണുന്നതുകൊണ്ടാ ഇത്രേം നിലവിളി."
ടീച്ചർ ദേഷ്യഭാവത്തിൽ ജനലുകളും കതകും അടച്ചു.

അത്ഭുതം..!
സമൂഹഗാനത്തിനിടയിൽ വൈദ്യുതി നിലച്ചതുപോലെ ആരവം എല്ലാമടങ്ങി.
വരാന്തയിലും പരിസരത്തും നിന്ന അച്ഛനമ്മമാർ കഴിഞ്ഞ നാലുനാലരക്കൊല്ലം നെഞ്ചകത്ത് അടക്കിപ്പിടിച്ചു നിർത്തിയ
ശ്വാസം ഒരു ഹൂങ്കാരത്തോടെ  പുറത്തേയ്ക്ക് വിട്ടു. അവർ ഉയർത്തിവിട്ട നിശ്വാസം വൃക്ഷത്തലപ്പുകളെ പിടിച്ചുകുലുക്കി. ശബ്ദം നിലച്ചതോടെ മൂക്ക് ചീറ്റി മോങ്ങുകയായിരുന്ന ഒന്ന് രണ്ട് അമ്മമാർ നാണിച്ചു തലതാഴ്ത്തി.

ഞാൻ വള്ളിയെ നോക്കി പുഞ്ചിരിച്ചു. അവൾ എന്നെയും. ഒരു കടമ്പ  കടന്നു.


പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഒറ്റയാൻ നിലവിളി അവിടെ മുഴങ്ങി.

അതുവരെ നടന്ന നിലവിളികളെല്ലാം ഒരു തട്ടിൽ തൂക്കിയതിനെ നിഷ്പ്രഭമാക്കി അത് ഉയർന്നുതാണു.
തൊട്ടുപുറകെ ക്ലാസുമുറിയിൽ അതൊരു ജനപ്രക്ഷോഭമായി ആഞ്ഞു വീശി. പല ഫ്രീക്വൻസിയിൽ പല ഡെസിബെല്ലിൽ അത് സ്കൂളിനെ മൊത്തം പിടിച്ചു കുലുക്കി. ക്ലാസ്സിന്റെ മേൽക്കൂര പറന്നുയർന്നു.
ഞാനും വള്ളിയും പരസ്പരം നോക്കി. 

സരസ്വതിദേവിയുടെ ശ്രീകോവിൽ തുറക്കപ്പെട്ടു.

ക്ലാസ് ടീച്ചർ എന്തോ കണ്ടു ഭയന്നതുപോലെ വെളിയിൽച്ചാടി.
കൂടെ കണ്ണും തിരുമ്മി അമ്മു.

" അമ്മു നീ കരഞ്ഞോ..!? "
"കരഞ്ഞു"
"കരയില്ലാന്നു പറഞ്ഞിട്ട്? നാണം കെടുത്തിയല്ലോ നീയ്യ്..!!"
"അത് പിന്നെ, ടീച്ചറ്  കതകും ജനലും അടച്ചു..!! അതെനിക്ക് പേടിയാന്ന് അറീല്ലെ ?!"ഒരു വിവാഹമൊക്കെ കഴിച്ച് ഇവൾക്കൊരു കുഞ്ഞുണ്ടാകാൻ പഴയ കഥാപുസ്തകങ്ങളുമായി പ്രതികാരബുദ്ധിയോടെ നോക്കിയിരിക്കുകയാണ് ഞങ്ങൾ. 


53 comments:

 1. പ്രദീപേട്ടാ.,
  <3 <3 <3

  ReplyDelete
 2. പ്രദീപേ, ഒന്നെഴുന്നേല്ക്ക്. ദേ ഞാനുറക്കീട്ട് ഇവളുറങ്ങുന്നില്ല. നീയിവളെ ഒന്നെടുത്തുറക്കെടാ..അവളെന്നെ ഉറങ്ങാൻ സമ്മ്തിക്ക്ന്നില്ല "
  നോക്കിക്കോണേ ഓരോ പാര.!! കൊള്ളാം ഈ പാരവെപ്പ് , എന്നാലും അമ്മുകുട്ടിയെ സമ്മതിക്കണം പഴംകഞ്ഞി കുടിക്കുമ്പോളുള്ള ആരാധന

  ReplyDelete
  Replies
  1. അങ്ങനെ എന്തെല്ലാം പാരകൾ..!!

   Delete
 3. പതിവു പോലെ, ചിരിപ്പിച്ചു..

  ReplyDelete
  Replies
  1. ചിരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യം.

   Delete
 4. പിന്നേ.. ഇത്രേമൊക്കെ കഷ്ടപ്പെടുത്തിയതിനു ഒരിക്കലല്ല, രണ്ടുവട്ടം പ്രതികാരം ചെയ്യണം..

  തകര്‍ത്തു പ്രദീപേട്ടാ.. :)

  ReplyDelete
  Replies
  1. അദ്ദാണ്. പിന്നെ ഞാൻ മുന്നറിയിപ്പ് തന്നില്ല എന്ന് പറയരുത്.

   Delete
 5. ശെരിയാണ്, കുഞ്ഞുങ്ങളുടെ വരവോടെ നമ്മുടെ ജീവിത ശൈലിയിൽ ആകെപ്പാടെ ഒരു ചേഞ്ച്‌ ആണ്. അനുഭവങ്ങൾ അത്രയും രസകരമായി എഴുതിയിരിക്കുന്നു. പഴയ കഥ പുസ്തകങ്ങളൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ടോ? ആശംസകൾ.

  ReplyDelete
  Replies
  1. കഥാപുസ്തകങ്ങൾ എല്ലാമുണ്ട്.

   Delete
 6. Replies
  1. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഡയപ്പർ കേരളത്തിൽ വന്നു തുടങ്ങിയ സമയമായിരുന്നു. സ്വർണം മേടിക്കണോ ഡയപ്പർ മേടിക്കണോ എന്നൊരു സന്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എവിടെങ്കിലും യാത്ര ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കാൻ പറ്റുന്ന വിലപിടിപ്പുള്ള ഒരു മൊബൈൽ ശൌചാലയം .

   Delete
 7. കേമായി.അമ്മു ഇപ്പോ ഏത് ക്ലാസ്സിലാ .നന്നായി ഇഷ്ട്ടപ്പെട്ടു.സത്യം പറഞ്ഞാല്‍ ഈ കുഞ്ഞുങ്ങള്‍ സ്റ്റേജില്‍ പാടുന്നതും ഡാന്‍സ് കളിക്കുന്നതും "ഒരു കുട്ടി എന്തോ ചെയ്യുന്നു " എന്ന ലാഘവത്തോടെയേ ഞാന്‍ നോക്കി നിന്നിട്ടുള്ളൂ .ജനിച്ച ഉടനെയുള്ള കുഞ്ഞിനെ കാണുന്നതും എടുക്കുന്നതും മിത്തപ്പന്‍ (മിത്രന്‍ ) ഉണ്ടായപ്പോഴാണ് .ഞാന്‍ ഒറ്റ പൂരാടത്തി ആയിരുന്നു .അച്ഛനും .അതിനാല്‍ കസിന്‍സ് അച്ഛന്‍ ഭാഗത്ത് നഹി .കുട്ടികള്‍ കൌതുകമായതും ,ഇഷ്ടമായതും മിത്തപ്പന്‍ വന്നതിനു ശേഷമാണ് .

  ഇപ്പോ ഈ പോസ്റ്റ് ഞാന്‍ പണ്ടാണ് വായിക്കുന്നതെങ്കില്‍ ഈ എഴുത്ത് ശൈലി മാത്രം നോട്ടമിട്ടെനെ.പക്ഷേ ഇപ്പോ ഞാന്‍ മുഴുവന്‍ വായിച്ചതും കണ്ടതും അമ്മുനെയാണ്

  ReplyDelete
  Replies
  1. അമ്മു ക്ലാസ്സുകൾ ഒക്കെ വിട്ട് സുന്ദരിയും സുശീലയുമായ ഒരു യുവതിയായിക്കഴിഞ്ഞിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുൻപുള്ള കഥയാണ്‌. :)

   Delete
 8. കുഞ്ഞു തലോടൽ പോലെ മനോഹരമായ അവതരണം. എന്തായാലും അമ്മുവിന് ഇതൊരു റഫറൻസ് ആയി സൂക്ഷിച്ചു വെക്കാം; ;

  ReplyDelete
  Replies
  1. അതെ. ജീവിതം പറഞ്ഞു തന്നത്.

   Delete
 9. നർമ്മത്തിന്റെ മേമ്പൊടി ചാലിച്ച് മനോഹരമായി എഴുതിയ ഓർമ്മക്കുറിപ്പ്...

  അപ്പോൾ പകരം വീട്ടാൻ കാത്തിരിക്കുകയാണല്ലേ പഴയ പുസ്തകങ്ങളുമായി? പെട്ടെന്ന് തന്നെ അതിനുള്ള അവസരമുണ്ടാകട്ടെ... :)

  ഓഫ് ടോക്ക് : പ്രദീപ് യാമ്പുവിലാണല്ലേ...?

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
   മധുരം നിറഞ്ഞ പകവീട്ടൽ എന്ന് കേട്ടിട്ടില്ലേ?
   ഞാൻ ജോലി ചെയ്യുന്നത് യാന്ബുവിലാണ്.

   Delete
 10. രസകരം.... മകള്‍ വലുതായപ്പോള്‍ കലിപ്പ് കൂടി അല്ലെ...? എന്നാ പിന്നെ ബ്ലോഗിലൂടെ ഒരു പ്പണി ആകട്ടെ എന്ന് കരുതി. അല്ലപ്പാ ഇദാരാപ്പോ ഈ വള്ളി...? ചിറ്റപ്പനും വള്ളിയും യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു വന്നത് പോലെ തോന്നി എന്നതൊഴിച്ചാല്‍ ഗംഭീരം...... ആശംസകള്‍ പ്രദീപേട്ടാ

  ReplyDelete
  Replies
  1. എല്ലാം ജീവിതം പറഞ്ഞുതന്ന കഥകളാണ് അന്നൂസ്. സന്തോഷത്തേയും സന്താപത്തെയും ജീവിതപ്രതിസന്ധികളെയും എല്ലാം നർമത്തിന്റെ കണ്ണുകളിൽ കൂടി കാണുന്നെന്നു മാത്രം.

   വള്ളി എന്റെ നല്ലപാതിയാണ്. എന്റെ കഥകൾ തുടർച്ചയായി വായിക്കുന്നവർക്ക് ആ പേര് അപരിചിതമല്ല. എങ്കിലും ചിന്താക്കുഴപ്പം ഒഴിവാക്കാൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

   Delete
 11. ഓർമ്മകൾ വളരെ നന്നായി എഴുതിയിരിക്കുന്നു . ആശംസകൾ ...

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

   Delete
 12. Replies
  1. ഒരു കാരണവശാലും ടീച്ചറെ പേടിക്കണ്ട ഉട്ടോ.. ധൈര്യമായിപ്പറ .. :D

   Delete
 13. നല്ല ഓർമ്മകൾ... ആശംസകൾ

  ReplyDelete
 14. ആ അവസാനത്തെ ഭീഷണി "ക്ഷ" പിടിച്ചു.

  ReplyDelete
 15. ആദ്യത്തെ കണ്മണിയുടെ വരവും കളിയും ചിരിയും വളർച്ചയും അതിനോടൊപ്പം അച്ഛന്റെയും അമ്മയുടെയും മനസ്സും മാറ്റങ്ങളും ഭംഗിയായി അവതരിപ്പിച്ചു. ഇത് അനുഭവിച്ചു എങ്കിലും വായിക്കാൻ ഒരു സുഖം. നന്നായി എഴുതി.

  ReplyDelete
 16. കിടിലന്‍... സാധാരണ അച്ഛന്‍ മകള്‍ കഥകള്‍ വായിക്കല്‍ കുറവാ പക്ഷെ ഇത്.. കലക്കി

  ReplyDelete
 17. അമ്മുവിനു ന്റേം സ്നേഹവാത്സല്യങ്ങൾ..
  ഐശ്വര്യം നിറഞ്ഞ വരും നാളുകൾ ആശംസിക്കുന്നു..
  ഒരു പിതാവിന്റെ സ്നേഹങ്ങളും കരുതലുകളും വ്യാകുലതകളും അതിഗംഭീരമായി പറഞ്ഞു..
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി വർഷിണി .. ജീവിതം മനോഹരം..

   Delete
 18. പ്രദീപേട്ടന്‍റെ കഥകള്‍ കേട്ട്കേട്ട് അമ്മുവും അച്ഛയും അമ്മയും അനിയനും അച്ഛച്ചന്മാരും അമ്മൂമമാരും ചെറിയച്ഛനും ചെറിയമ്മയും മുതല്‍ ആ ശ്വാനവീരന്‍ വരെ എല്ലാവരും വളരെ അടുത്ത പരിചയക്കാരായ ഒരു ഫീല്‍... ആസ്വദിച്ചു വായിച്ചു, ഈ അദ്ധ്യായവും...

  ReplyDelete
  Replies
  1. നന്ദി വൈശാഖ്..എല്ലാം ജീവിതം പറഞ്ഞുതന്നത്..

   Delete
 19. :) അന്നുറക്കാഞ്ഞതിനു അമ്മൂനോട് ഇതിലും വലിയ പ്രതികാരം ചെയ്യാനില്ല ...ഹിഹിഹി
  പിന്നേയ് , ഇതില്‍ ചിലതൊക്കെ ഇപ്പോള്‍ ജീവിതത്തില്‍ നടന്നു കൊണ്ടിരിക്കുന്നു - ഇപ്പോള്‍ എഴുതുന്നില്ല , കോപ്പിയടി ആണെന്ന് പറഞ്ഞു കേസ് കൊടുക്കുംന്നു എനിക്കറിയാം :/

  ReplyDelete
  Replies
  1. സംശയമെന്ത്? താച്ചുവിനോടും അല്പം മധുരമുള്ള പ്രതികാരം ആവാം. കാലം അതിനു സാക്ഷി ആകട്ടെ.

   Delete
 20. ഈ അമ്മു ആളു കൊള്ളാല്ലോ

  ReplyDelete
  Replies
  1. അമ്മുമാരെല്ലാം അങ്ങനാ. എല്ലാം കുമ്പിടികളുടെ ആളോളാ .. :)

   Delete
 21. പണ്ടു പ്രദീപേട്ടൻറെ അച്ഛനുമമ്മക്കും പ്രദീപേട്ടൻ കൊടുത്ത പണികൾ എന്തായിരുന്നു എന്നവരോട് ചോദിച്ചാൽ അല്ലെ അറിയൂ. ഇപ്പൊ ഇങ്ങേരു ഇങ്ങനെ, ജഗപോക ആരുന്നാരിക്കും അന്നൊക്കെ.....

  ഭീഷണി കൊള്ളാം; പണി തിരിച്ചു കിട്ടാതെ നോക്കിക്കോ , new generation ഒരു രക്ഷേമില്ല....

  ReplyDelete
  Replies
  1. എന്റെ അച്ഛനുമമ്മക്കും ഞാൻ കൊടുത്ത പണികൾ ബ്ലോഗിൽ സുവർണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
   മക്കൾ ഇടയ്ക്കിടെ പണി തരുന്നുമുണ്ട്.

   Delete
 22. Replies
  1. ഞാൻ പേര് ചോദിച്ചില്ലല്ലോ..!! :P

   Delete
  2. ഹാ ഹാ ഹാാ.പ്രവാഹിനിച്ചേച്ചീ!!!!

   Delete
 23. ഇതാണല്ലേ ഈ എഴുത്തിലൂടെയുള്ള പ്രതികരണങ്ങള്‍ എന്ന് പറയുന്നത്..............

  ReplyDelete
 24. valare nannayirikkunnu, kanmunnil oru kunju valarnnu yuvathiyaya pratheethi

  ReplyDelete
 25. ഇക്കഥയെന്തേ പ്രദീപേട്ടാ എനിയ്ക്ക്‌ മിസ്സായത്‌.??

  ഇത്ര നല്ല അച്ഛനമ്മമാരെ കിട്ടുന്നത്‌ നല്ല ഭാഗ്യം.അമ്മുവിനും അമ്മുവിന്റെ അച്ഛനമ്മമാർക്കും ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേരുന്നു.

  ReplyDelete
 26. നല്ല കിണ്ണങ്കാച്ചി അനുഭവാവിഷ്കാരം കേട്ടൊ ഭായ്
  നമ്മുടെ കുട്ടികൾ നമുക്ക് തരുന്ന ആനന്ദവും സൌഭാഗ്യവും
  വേറെ നമുക്ക് ലഭിക്കുന്ന എന്തിനേക്കാളും വിലമതിക്കുന്നത് തന്നേയാണ് ,
  അവർ നമ്മുടെ ജീവിതരീതികളെ തന്നെ മാറ്റിമറിച്ചിടുന്നു....

  ReplyDelete
 27. പ്രദീപ്‌ ഏട്ടാ ... വളരെ മനോഹരമായ രസമുള്ള എഴുത്ത് ... ഈ പോസ്റ്റ്‌ മുൻപ് ഞാൻ ഈ ബ്ലോഗിൽ വായിച്ചിരുന്നു , പക്ഷെ ഇന്നാണ് ഞാൻ അന്ന് കമ്മന്റ് ഇട്ടില്ലെന്നു ശ്രദ്ധിച്ചത് ! അമ്മുവിനും , അച്ഛനും അമ്മയ്ക്കും എന്റെ നല്ല ആശംസകൾ ... :)

  ReplyDelete
 28. വായിച്ചു.കൊതിയോടെ,ഇഷ്ടത്തോടെ ഒടുവില്‍ അസൂയയോടെ....

  ReplyDelete
 29. തകര്‍ത്തു മാഷേ... പതിവു പോലെ നന്നായി എഴുതി.

  എന്റെ 3 വയസായ മോള്‍ ഇപ്പോ കാണിച്ചു കൂട്ടുന്ന കുറുമ്പുകളും ഞങ്ങള്‍ ഇങ്ങനെ ആസ്വദിച്ച് കൊണ്ടിരിയ്ക്കുന്നു

  ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...