Thursday, 10 September 2015

മൂന്ന് അമ്മൂമ്മമാർ
അമ്മൂമ്മമാർ നമ്മുടെ ബാല്യകൌമാരങ്ങളിലെ  അവിഭാജ്യഘടകമാണ്. അമ്മൂമ്മമാരില്ലാത്ത ബാല്യവും കൌമാരവും  വെറും പ്രായം കുറഞ്ഞ യൗവ്വനം മാത്രമാണ്.

"പിള്ളമനസ്സിൽ കള്ളമില്ല " എന്ന് പറഞ്ഞ് നമ്മൾക്ക് ഊന്നുവടിയായി നിന്ന് നമ്മളെക്കൊണ്ട് ഉള്ള കള്ളത്തരങ്ങൾ എല്ലാം ചെയ്യിക്കാൻ അമ്മൂമ്മമാർ ബാല്യത്തിൽ നമ്മുടെ കൂടെയുണ്ടാകണം. ഇനിയെങ്ങാനും പിടി വീണ് അടിയുറപ്പാകുമ്പോൾ " ഓ, അവൻ കുഞ്ഞല്ലേ, വലുതാകുമ്പോൾ എല്ലാം ശരിയായിക്കോളും" എന്ന ഇന്ത്യൻ പീനൽ കോഡ്‌ 210/ 10  പ്രകാരം നമ്മുടെ ചർമസംരക്ഷണത്തിന്  (save the skin  എന്ന് ആംഗലേയം) വേണ്ടി വാദിക്കാനും അമ്മൂമ്മമാർ വേണം. ഇനിയെങ്ങാനും യൗവ്വനകാലത്ത് നമ്മൾ  പിഴച്ചുപോയാൽ "ഈ അമ്മയാണ് ഇവനെ/  ഇവളെ ഇങ്ങനെ വഷളാക്കിയത്" എന്ന് മാതാപിതാക്കളെക്കൊണ്ട് പറയിക്കുമ്പോൾ, പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് കുറ്റം ഏറ്റെടുക്കാനും ഒരു അമ്മൂമ്മ അത്യാവശ്യമാണ്.

എന്റെ കുട്ടിക്കാലം മൂന്ന് അമ്മൂമ്മാരെ ചുറ്റിപ്പറ്റി  നില്ക്കുന്നു.
അവർ ഓരോരുത്തരും ഓരോരോ  കാര്യങ്ങളുമായി  ബന്ധപ്പെട്ടാണ് എന്നിലെ ഓർമകളിൽ  നിലാവ് പരത്തുന്നത്.

അമ്മൂമ്മ  ഒന്നാമിയും ഒടിഞ്ഞ കോളർബോണും 
----------------------------------------------------------------------------------------------------------------
അന്ന് പ്രായം മൂന്നോ നാലോ മാത്രം. അതുകൊണ്ട്  ഈ ഓർമകൾക്ക് അമ്മയുടെ അസാധാരണമായ ഓർമശക്തിയുടെ ഊന്നുവടി താങ്ങായുണ്ട്.

അമ്മയും അച്ഛനും അദ്ധ്യാപകരാണ്. രണ്ടു പേരും മലബാർ എന്ന ഓമനപ്പേരുള്ള  വടക്കൻ കേരളത്തിൽ എവിടെയോ ഉള്ള രണ്ടു സ്കൂളുകളിലാണ് ജോലി.
രണ്ടു വയസ്സ് മാത്രം പ്രായവ്യത്യാസമുള്ള ഞങ്ങൾ മൂന്നു മക്കളെ അരയിൽ കെട്ടിത്തൂക്കി മലബാർ നിരങ്ങി അമ്മ കഷ്ടപ്പെട്ടു . ആരുമില്ല ഒരു കൈ സഹായിക്കാൻ.

അമ്മയുടെ അമ്മ, അഥവാ പുല്ലാട്ടെ  വല്യമ്മച്ചി കോഴഞ്ചേരിക്കടുത്ത് പുല്ലാട്ടാണ് താമസം. അതാണ്‌ അമ്മയുടെ വീട്.
ആ വല്യമ്മച്ചിയുടെ അച്ഛന്റെ ജേഷ്ഠന്റെ മകൾ അഥവാ കസിൻ  ആണ് ഈ അമ്മൂമ്മ ഒന്നാമി. വല്യമ്മച്ചിയെക്കാൾ മൂത്തതാണ് ഈ അമ്മൂമ്മ.
അമ്മൂമ്മ ഒന്നാമിയുടെ താമസം അയിരൂർ എന്ന സ്ഥലത്തായിരുന്നു.

ഒരിക്കൽ പുല്ലാട്ടെത്തിയപ്പോൾ അമ്മ ദുരിതങ്ങളുടെ ഭാണ്ഡം അഴിച്ചിട്ടു. കേട്ടു  നിന്ന അമ്മൂമ്മ ഒന്നാമി ഒരു പരിഹാരം നിർദേശിച്ചു .
"ഞാനും വരാം നെന്റെ കൂടെ. പിള്ളേരെ ഞാന്നോക്കിക്കോളാം..!" 

അങ്ങനെ അമ്മൂമ്മ ഒന്നാമി ഞങ്ങൾ കുട്ടികളെ നോക്കാനായി ഞങ്ങൾക്കൊപ്പമെത്തി.

അമ്മൂമ്മ ഒന്നാമി സ്നേഹം അഹാരമായാണ് എനിക്ക് നല്കിയത്. വലിയ ഒരു പാത്രം നിറയെ ചോറ് വിളമ്പി അമ്മൂമ്മ എന്നെ ഊട്ടും. ആദ്യം അല്പം സാമ്പാർ  ഒഴിച്ച്  ഒരു ഒരുളയുരുട്ടി  നീട്ടി അമ്മൂമ്മ പറയും.
"ഉം, സാംബാാറ് ..!!"
ഉം എന്ന് മൂളി ഞാൻ അതകത്താക്കും.
"ഉം , അവ്വീീീയല്..!!"
ചോറിൽ അവിയൽ കുഴച്ചാണ് ഉം എന്ന് അടുത്ത  ഉരുള എത്തുന്നത്.
ഉം എന്ന് മൂളി  അതും ഞാൻ അകത്താക്കും.
അങ്ങനെ ഉരുളകൾ ഓരോന്നായി വിവിധ രുചിയിൽ വിവിധ നിറങ്ങളിൽ അമ്മൂമ്മയുടെ മൂളലിനോടൊപ്പം എനിക്ക് മുൻപിൽ പ്രത്യക്ഷമാകുകയും വർദ്ധിച്ച  ആവേശത്തോടെ  അവയെ ഞാൻ നിഷ്സ്കാസനം ചെയ്യുകയും ചെയ്യും. കാലക്രമേണ ഒരു പാത്രം ചോറ് ഒരിരുപ്പിനു വെട്ടിവിഴുങ്ങി ഞാൻ "തിമ്മൻകണ്ട " എന്ന ഓമനപ്പേരിനു അർഹനാകുകയും ചെയ്തു.

ഒരിക്കൽ അമ്മൂമ്മ എന്നെ ഒരു ഊഞ്ഞാലിൽ ഇരുത്തി ആട്ടിയാണ് ചോറ് നൽകിയത്. ഇടയ്ക്ക് ഒറ്റക്കൈ കൊണ്ട് ഊഞ്ഞാൽ ആട്ടും. ഒരു പ്രാവശ്യം അങ്ങിനെ ആട്ടിയപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണവും അമ്മൂമ്മയുടെ കയ്യുടെ കോണും ഊഞ്ഞാലിന്റെ പ്രവേഗവുമായുള്ള സമീകരണത്തിൽ എന്തോ ഒരു താത്വികമായ സ്വരച്ചേർച്ചയില്ലാതെ വരികയും  ഞാൻ വായിലെ ഉരുളയുമായി അന്തരീക്ഷത്തിൽ പറന്നുയർന്ന്  ഒരലർച്ചയോടെ   ഭൂമിദേവിയെ ഗാഢമായി പുൽകുകയും ചെയ്തു. വായിലെ ഉരുള  അകത്തേയ്ക്കോ പുറത്തേയ്ക്കോ അപ്രത്യക്ഷമായി.  

ഇടത്തെ കോളർ ബോണ്‍ ഒടിഞ്ഞ് വേദന കൊണ്ട് പുളഞ്ഞു ചാടിയെഴുന്നേറ്റു ഞാൻ അലറിക്കരഞ്ഞു.
"ഡീ  അമ്മൂമ്മപ്പട്ടീീീ,, നീയ്യെന്നെ തള്ളിയിട്ടില്ല്യോടീ...!!"


അമ്മൂമ്മ രണ്ടാമിയും "പൊച്ചെല്ലും"
---------------------------------------------------------------------------------------
അമ്മൂമ്മ രണ്ടാമി പുല്ലാട്ടെ അമ്മൂമ്മ തന്നെയാണ്. വല്യമ്മച്ചി എന്ന് കൊച്ചുമക്കൾ വിളിക്കുന്ന അമ്മയുടെ അമ്മ. അപ്പൂപ്പൻ മരിച്ചു കഴിഞ്ഞും വളരെക്കാലം വല്യമ്മച്ചി ജീവിച്ചിരുന്നു.

എണ്‍പത്തിയഞ്ചാം വയസ്സിലും വല്യമ്മച്ചിയ്ക്ക് വായ്‌  നിറയെ പല്ലുകൾ ഉണ്ടായിരുന്നു.ആ പല്ലുകൾ വച്ച് വറുത്ത കപ്പലണ്ടി കൊറിക്കലാണ് പ്രധാന വിനോദം. കൊച്ചുമക്കളെ വലിയ കാര്യമാണ്.

വല്യമ്മച്ചിക്ക് നാല് മക്കളിലായി പത്ത്  കൊച്ചുമക്കളാണ്. എല്ലാ സ്കൂൾ വർഷാവസാനത്തിലും രണ്ടുമാസം കൊച്ചുമക്കൾ പത്തുപേരും പുല്ലാട്  വല്യമ്മച്ചിയുടെ വീട്ടിൽ ഒത്തുകൂടും. വർഷത്തിലെ ബാക്കിയുള്ള ദിവസങ്ങളിലെ സഹികേടിനു ഒരു നിവൃത്തി എന്ന നിലയിലാണ് ആ രണ്ടുമാസം  ഈ പണ്ടാരങ്ങളെ അവരുടെ മാതാപിതാക്കൾ വല്യമ്മച്ചിയുടെ അടുക്കൽകൊണ്ട് തള്ളുന്നത്.  നെല്ലിക്കാച്ചാക്ക് അഴിച്ചുവിട്ടതുപോലെ കൊച്ചുമക്കൾ ആ വീട്ടിലും തൊടിയിലും കറങ്ങി നടന്ന് കാണിക്കാവുന്ന കന്നം തിരിവുകൾ എല്ലാം കാട്ടി ആ രണ്ടു മാസം തള്ളി നീക്കും.

ഉള്ളതിൽ ഏറ്റവും കുസൃതി  ചോട്ട എന്നറിയപ്പെടുന്ന എന്റെ അനിയൻ തന്നെയായിരുന്നു. അവൻ വല്യമ്മച്ചിയുടെ കൂടെത്തന്നെ നിന്നായിരുന്നു പഠനവും. മറ്റുള്ള കുട്ടികൾ അവന് "കൊട്ടുവടി" എന്നൊരു പേരും ചാർത്തിക്കൊടുത്തു. കൊട്ടുവടിയുടെ പ്രധാന കലാപരിപാടി അവന്റെ കസിനുമായി ചേർന്ന് വേണ്ടാതീനങ്ങൾ എല്ലാം കാട്ടി നാട്ടുകാരെക്കൊണ്ട് വീട്ടുകാരെ ചീത്ത വിളിപ്പിക്കുക എന്നതായിരുന്നു.

ഇടയ്ക്കിടെ സഹികെടുമ്പോൾ വല്യമ്മച്ചി വടിയെടുക്കും. വടി കണ്ടാൽ  കൊട്ടുവടി പുല്ലാട് ദേശത്തുനിന്നേ  അപ്രത്യക്ഷനാകും.  പുല്ലാടിന്റെ അതിർത്തിയും ചാടിക്കടന്ന് ഓടിമറയുന്ന കൊട്ടുവടിയെ നോക്കി അവനെ കയ്യിൽ കിട്ടാത്ത ദേഷ്യത്തിലും സങ്കടത്തിലും വല്യമ്മച്ചി ഉറക്കെ വിളിച്ചു പറയും.
"കൊട്ടൂടി, കൊട്ടൂടി..!!  നൂറ് കൊട്ടൂടി..!!! "

ബാക്കി കൊച്ചുമക്കൾ വടിയെത്താദൂരത്ത് മാറിനിന്ന് ഉറക്കെ വിളിച്ചു പറയും,
"പൊച്ചെല്ലും വല്യമ്മച്ചി, കള ..!!"

വല്യമ്മച്ചി അവതരിപ്പിച്ച ജീവിതദർശനമാണ് ഈ  "പോച്ചെല്ലും".
വളരെ ഗുരുതരമായ  പ്രശ്നങ്ങൾ വന്നു ജീവിതത്തെ ഉലയ്ക്കുമ്പോൾ, ഒരു രക്ഷയില്ലാതെ വരുമ്പോള്‍ വല്യമ്മച്ചി  ഒടുവിൽ അതിനെ സുധീരം നേരിട്ടിരുന്നത് ഈ പോച്ചെല്ലും  വച്ചാണ്.
അതായത് " പോയാൽ  അങ്ങ് ചെല്ലും" അഥവാ, വരുന്നിടത്ത് വച്ചു കാണാം എന്ന്.

പിൽക്കാലത്ത് വീട്ടിൽ  എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അന്തരീക്ഷം അങ്ങനെ കനത്തു  മുറുകുമ്പോൾ, ആരെങ്കിലും കർടനു  പുറകിൽ  നിന്നും വിളിച്ചു പറയും
"ങ്ഹാ, പൊച്ചെല്ലും..!! "
അതോടെ അന്തരീക്ഷം കനം  കുറഞ്ഞ്  എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി തത്തിക്കളിക്കുകയായി.
മക്കളിലൂടെ കൊച്ചുമക്കളിലൂടെ  തലമുറ തലമുറ കൈ മാറി  പോച്ചെല്ലും അങ്ങനെ കടന്നു പോയി.

വല്യമ്മച്ചി "ങ്ഹാ പോച്ചെല്ലും  " എന്നും  പറഞ്ഞു അന്ത്യയാത്രയായെങ്കിലും പോച്ചെല്ലും   ഞങ്ങളുടെ ജീവിതങ്ങളെ കാറിലും കോളിലും മുക്കി മറിക്കാതെ അങ്ങിനെയങ്ങനെ കൊണ്ടുപോകുന്നു.
ഒന്നിനും നേരം  ഇല്ലെങ്കിലും ഞങ്ങൾ പരസ്പരം ഫോണിലൂടെയെങ്കിലും "ങ്ഹാ, പോച്ചെല്ലും " എന്ന് മാത്രം പറഞ്ഞു ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നു.


അമ്മൂമ്മ മൂന്നാമിയും സാത്താനും
--------------------------------------------------------------------------------------------
അമ്മൂമ്മ മൂന്നാമി അച്ഛന്റെ അമ്മയാണ്. വല്യമ്മ എന്ന് കൊച്ചുമക്കൾ വിളിച്ചിരുന്ന കൊച്ചിക്ക.
വല്യമ്മയ്ക്ക് കഴുത്തിനു  ചുറ്റും നാക്കായിരുന്നു. അത് വച്ച് വീട്ടുകാരെയും നാട്ടുകാരെയും വല്യമ്മ വരച്ച വരയിൽ നിർത്തിയിരുന്നു.

വല്യമ്മയുടെ വിദ്യാഭ്യാസം എന്തായിരുന്നു എന്നറിഞ്ഞുകൂടാ. പക്ഷെ എന്റെ കുട്ടിക്കാലത്ത് അക്ഷരസ്ഫുടതയോടെ രാമായണവും ഭാഗവതവും വല്യമ്മ വായിക്കുന്നത് കണ്ട് അതിശയപ്പെട്ടിട്ടുണ്ട്. എഴുപതുകളിൽ ആ കാലഘട്ടത്തിലെ മൂന്നാം തലമുറയിലെ സ്ത്രീകൾക്ക് അക്ഷരാഭ്യാസം എന്നത് അപൂർവമായ ഒരു കാര്യമായിരുന്നു.

വല്യമ്മ വലിയ ഭക്തയായിരുന്നു. രാവിലെയും വൈകിട്ടും വല്യമ്മയുടെ വക പൂജയുണ്ട്.  രാവിലെ വല്യമ്മ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഉറക്കെ പ്രാർത്ഥിക്കും. പിന്നെ വായനയാണ്. വായനയ്ക്ക് രാമായണമോ ഭാഗവതമോ മറ്റേതെങ്കിലും കീർത്തനപുസ്തകങ്ങളുമായോ കയ്യിൽ  കിട്ടുന്നതെന്തും വല്യമ്മ ഉറക്കെ പാരായണം ചെയ്യും. പുസ്തകമെന്താണെന്നൊന്നും വല്യമ്മയ്ക്ക് പ്രശ്നമായിരുന്നില്ല. ഗദ്യമായാലും പദ്യമായാലും അത് രാമായണം വായിക്കുന്ന ഈണത്തിലാണ് വായന. കയ്യിൽ  കിട്ടുന്ന പുസ്തകങ്ങളെല്ലാം വല്യമ്മയ്ക്ക്  പ്രാർത്ഥനാ പുസ്തകങ്ങളായിരുന്നു. വായനയ്ക്കിടെ  മുൻപിലിരിക്കുന്ന  ഓട്ടുകിണ്ടിയിൽ തുളസിയില മുക്കി വെള്ളം കുടയും. വൈകിട്ട് അമ്മൂമ്മ പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്ന് ഇതെല്ലാം വീണ്ടും വായിക്കും. വെള്ളവും കുടയും.

കൊച്ചുമക്കൾ ഞങ്ങൾക്ക് ഈ വായനയും പൂജയും ഒരു ഹരമായിരുന്നു. വല്യമ്മ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾ രഹസ്യമായി പുസ്തകത്തിന്റെ താളുകൾ മറിച്ചു വയ്ക്കും. കണ്ണുതുറന്ന് വീണ്ടും വായന പുനരാരംഭിക്കുമ്പോൾ വല്യമ്മ ഞെട്ടും.  അയോദ്ധ്യയിൽ നിന്നും ഇറങ്ങിയ ശ്രീരാമൻ  കാനനവാസം ഒന്നും ചെയ്യാതെ നേരെ രാവണനുമായി യുദ്ധം തുടങ്ങുകയാണ്. രാവണന് സീതയെ തട്ടിക്കൊണ്ടു പോകാനുള്ള സാവകാശം പോലും കൊച്ചുമക്കൾ കൊടുക്കില്ല.

അങ്ങനെയിരിക്കെ വല്യമ്മക്ക് ഒരു ചാത്തൻ പൂജാകീർത്തനം ലഭിക്കുന്നു. അതുകൊണ്ട് വച്ചത് കൊച്ചുമക്കൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അന്നുമുതൽ വല്യമ്മ വർദ്ധിതഊർജത്തോടെ  ചാത്തൻ സേവയും  തുടങ്ങി.
പ്രാർത്ഥനയുടെ അവസാനം വല്യമ്മ ഉറക്കെ വിളിച്ചു പറയും.
"ചാത്തനെ..!! ചാാാത്തനേ ..!!"

കുറെ ദിവസം അങ്ങനെ ചാത്തൻ വിളി കേട്ടുകഴിഞ്ഞപ്പോൾ കൊച്ചുമക്കൾക്ക് ഒരു ചെറിയ ബൈബിൾ ലഭിക്കുന്നു. പതിവുപോലെ വല്യമ്മ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ കൊച്ചുമക്കൾ ചാത്തൻപൂജ മാറ്റി അവിടെ ബൈബിൾ പ്രതിഷ്ഠിച്ചു. എന്നിട്ട് വാ പൊത്തിച്ചിരിച്ച് മറഞ്ഞിരുന്നു.

ആദ്യമൊന്നമ്പരെന്നെങ്കിലും വല്യമ്മ പതിവ് തെറ്റിച്ചില്ല. മുൻപിൽ നിവർന്നിരുന്ന ബൈബിൾ നോക്കി ഉറക്കെ പാരായണം ചെയ്തു.
"സാത്താനെ, സാാാത്താനേ..!!"

അങ്ങനെയാണ്  കേരളത്തിൽ മതസൗഹാർദ്ദം  പിറന്നത്.------------------------------------------------------------------------------------------------------------------
ഇ-മഷി 2015 ആഗസ്റ്റ്‌ -ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
വര- റിയാസ് ടി അലി 

29 comments:

 1. ബൈബിൾ മാറ്റിവെച്ചതില്‍ നമ്മുടെ റോള്‍ എന്തായിയിരുന്നു ??

  ReplyDelete
  Replies
  1. സംശയമെന്ത്? സാത്താൻ..!

   Delete
  2. സാത്താനെ ദൂരെ പോ

   Delete
 2. അമ്മൂമ സ്മൃതികൾ വായിച്ചു
  ഉമ്മറത്ത് ഇങ്ങനെ ഒരാള് ഇരിക്കുന്നത് വല്യ ഐശ്വര്യമാണ്.
  നഷ്ടപ്പെടുംബോഴാനല്ലോ പലതും ബോധ്യം വരിക
  നല്ലത് ആശംസിക്കുന്നു - രസമായി.

  ReplyDelete
 3. e മഷിയില്‍ കുറച്ചു വായിച്ചിരുന്നു.... ഇപ്പോഴാണ് പൂര്‍ത്തീകരിക്കുന്നത്.....മൂന്നില്‍ തള്ളിയിട്ട വല്ല്യമ്മയെ തന്നെയാണ് കൂടുതല്‍ ഇഷ്ടം.... ആശംസകള്‍....!

  ReplyDelete
  Replies
  1. എന്നെ തള്ളിയിട്ടത്‌ കൊണ്ടാവും..!

   Delete
 4. സ്നേഹോട് സ്നേഹം :)

  ReplyDelete
 5. ഒന്നല്ല രണ്ടല്ല മൂന്ന് അമ്മൂമ്മമാര്‍. ഇന്നത്തെ കഥയറിയാത്ത അമ്മമാരും ടി.വി കാരണം അന്യമായിപോകുന്ന മുത്തശ്ശികഥകളും ഓര്‍ത്തുപോയി.

  ReplyDelete
  Replies
  1. അദന്നെ. ഇന്നത്തെ മുത്തശ്ശിമാരെയും കാലം മാറ്റിയിരിക്കുന്നു. :(

   Delete
 6. അണുകുടുംബത്തിൽ അമ്മൂമ്മക്ക് എന്ത് പ്രസക്തി

  ReplyDelete
  Replies
  1. അതെ. മുത്തശ്ശിക്കഥകൾ പോലെ മുത്തശ്ശിമാരും പ്രസക്തി നഷ്ടപ്പെടുന്നവരായി.

   Delete
 7. This comment has been removed by a blog administrator.

  ReplyDelete
 8. അമ്മൂമ്മ ക്കഥ നന്നായി.ഗുണ ദോഷിക്കാനും സംരക്ഷിക്കാനും ഒക്കെ ഉണ്ടായിരുന്ന ഒരു കൂട്ടർ. പഴയ കാര്യങ്ങളിലെ നന്മ കാണുന്ന നമ്മൾ ഇന്നത്തെ അമ്മമാരും അമ്മൂമ്മമാരും പഴയ അമ്മൂമ്മമാർ ആകാത്തത് എന്താണ് എന്നൊന്ന് ചിന്തിക്കണം.

  ReplyDelete
  Replies
  1. കൂട്ടുകുടുംബങ്ങളും ചൊല്ലിവളർത്തലുകളും മറഞ്ഞില്ലേ..!!

   Delete
 9. കളിക്കാനും കളിപ്പിക്കാനും ഒരു അമ്മൂമയുണ്ടാവുക ഭാഗ്യം തന്നെയാണ് ... എന്നാലും ആ ബൈബിള്‍ :)

  ReplyDelete
  Replies
  1. അമ്മൂമ്മ സ്നേഹം കാച്ചിക്കുറുക്കിയ ഭാഗ്യമാണ്.

   Delete
 10. സ്നേഹോട് സ്നേഹം :)

  ReplyDelete
  Replies
  1. സ്നേഹോട് സ്നേഹം :)
   (ആർഷയോട് കടപ്പാട് വച്ചില്ല ദുഷ്ടാ..!!)

   Delete
 11. ചിരിപ്പിച്ചത് സാത്താൻ തന്നെ.

  ReplyDelete
 12. അച്ഛമ്മയുടെ മടിയില്‍ കിടന്ന്, അമ്മിഞ്ഞകള്‍ക്കിടയില്‍ തലചായ്ച്ച്, മയങ്ങുന്നതിനിടയില്‍ കേള്‍ക്കാറുള്ള മുറുക്കാന്‍ മണമുള്ള കഥകള്‍ ഓര്‍ത്തു...

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. കാതിലാലോലമൂഞ്ഞാലുകെട്ടിയ
  കഥകളുടെ കെട്ടുകളഴിച്ച മൂന്ന് മുത്തശ്ശിമാർ...

  ReplyDelete
 15. Aadhyathe ammoommaye ishtamaayi . Ethra snehathodeyaa choru vaari tharunnathu.

  ReplyDelete
 16. മുത്തശ്ശിക്കഥകൾ കേട്ട് കൊണ്ടാണ് മുമ്പുള്ളവർ വളർന്നത്. ഓരോ വീട്ടിന്റെയും ഐശ്വര്യമാണ് ഓരോ മുത്തശ്ശിയും.

  ReplyDelete
 17. I love this story ..... Eniku 2 ammoomma maraanu , ammaamma( maternal granny) , amachi ( paternal granny ) avaru paranju thanathokae aanu ipoolum jeevithathil velicham.... Nalla ormakal panku vachathinu thanks from the bottom of my heart ....

  ReplyDelete
 18. കൊള്ളാംട്ടോ.................

  ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...