Monday 27 July 2015

ചിതറിയ ചിന്തകൾ -2

ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്ന്നു.




കാലം ആയിരത്തിതൊള്ളായിരത്തിഎഴുപതുകൾ....

ഫ്യൂസായ ഒരു ബൾബ് എടുക്കുക.
അതിന്റെ അലൂമിനിയം ഹോൾഡറിന്റെ അകത്തെ ഭാഗം വളരെ ശ്രദ്ധിച്ചു കുത്തിയിളക്കുക .
അകത്തെ ഫിലമെന്റ് പിടിപ്പിച്ചിരിക്കുന്ന ഗ്ലാസ്സുകൊണ്ടുള്ള ഭാഗം പതുക്കെ തട്ടിത്തട്ടി പൊട്ടിക്കുക. പിന്നെ അതെടുത്ത് കളയുക.
ഇതൊക്കെ ചെയ്യുമ്പോൾ ബൾബ്‌ പൊട്ടാൻ പാടില്ല.
പറ്റുമോ?

പറ്റും.
പ്രായം പന്ത്രണ്ടോ പതിമൂന്നോ.
ഒന്ന് രണ്ടു ബൾബിലൊക്കെ പരീക്ഷണം നടത്തിക്കഴിഞ്ഞപ്പോൾ  ബൾബ്‌ പൊട്ടിക്കാതെ തന്നെ ഇതൊക്കെ  ചെയ്യാൻ പഠിച്ചു.
ഇനിയാണ് പ്രധാന പരിപാടി.
ഈ ബൾബ് പാത്രത്തിൽ വെള്ളം നിറയ്ക്കും.
ദാ , ഒന്നാന്തരം ഒരു  ലൻസ് റെഡി.

പരിപാടി കഴിഞ്ഞോ?
ഇല്ല.
ഈ ലൻസിനെ ഒരു കാർഡ് ബോർഡ് കൂടിൽ ഇറക്കി വയ്ക്കും.കൂടിന്റെ രണ്ടു വശത്തും ഓരോ ചെറിയ   ജനൽ. ഒരു ജനലിൽ കൂടി നോക്കിയാൽ മറ്റേ  ജനൽ വഴി എന്ത് സാധനവും വലുതായി കാണാം.

ഇനിയാണ് ശാസ്ത്രജ്ഞൻ ദരിദ്രജനസമൂഹത്തിന് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കാൻ പോകുന്നത്.
കസിൻസായി കുറെ ദരിദ്രവാസികൾ ഉണ്ട്. അഞ്ചു വയസ്സ് തൊട്ടു പതിനഞ്ചു വയസ്സ് വരെ. ഒറ്റയൊരെണ്ണത്തിന്റെ കയ്യിൽ  കാൽക്കാശില്ല.
എല്ലാത്തിനെയും വിളിച്ചു കൂട്ടി ഒരു മുറിയിൽ തറയിലിരുത്തും.

പുറത്തു മുറ്റത്തു ഒരു കണ്ണാടിക്കഷണം  ഉപയോഗിച്ചു സൂര്യഭഗവാനെ ആവാഹിച്ചു മുറിയിലേയ്ക്ക് പായിക്കും. ആ വെളിച്ചം ബൾബ്‌ ലെൻസ്  വഴി എതിർഭാഗത്തെ ചുമരിൽ പതിപ്പിക്കും. സ്കൂളിൽ വിജയകരമായി നടപ്പാക്കിയ ബാർട്ടർ സിസ്റ്റം വഴി ശേഖരിച്ച ഫിലിമിന്റെ തുണ്ടുകളുണ്ട്. അത് തല കീഴായി ലെൻസിനു പുറകിൽ  കാണിക്കും.
ഹായ്‌ , നസീറും  ഷീലയും ചുവരിൽ വലുപ്പത്തിൽ..!!

ദരിദ്രവാസികൾ പത്തുകാശു  മുടക്കാതെ അങ്ങനെ സിനിമ കണ്ടു കൈകൊട്ടും. ആരോമൽ ചേകവരും  കടത്തനാട്ടുമാക്കവും നിശ്ചല ചിത്രങ്ങളായി വീടിന്റെ ചുമരിൽ. ..
നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ തലയുയർത്തിപ്പിടിച്ചങ്ങനെ നില്ക്കും.

കാലം രണ്ടായിരത്തിപ്പത്തുകൾ... 

ചന്തു ലാപ്ടോപ്പ് ഓണ്‍ ചെയ്യും. എച് ഡീ എം ഐ കേബിൾ, ലാപ്പിൽ നിന്നും നേരെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന 40 ഇഞ്ച്‌ സോണിയുടെ എച്  ഡീ ടീവിയിൽ കണക്ട് ചെയ്യും.

ടോറന്റ് ഉപയോഗിച്ച്  ഇന്റർനെറ്റിൽ നിന്നും അടിച്ചു മാറ്റിയ നാല് ജീബീ 1080p ഹോളിവുഡ് ചലച്ചിത്രം അടങ്ങിയ മെമ്മറി സ്റ്റിക് ,  യു എസ് ബീ വഴി ലാപ്പിൽ  ഓടിക്കും.

ദാ , നാല്പതിഞ്ചു വലിപ്പത്തിൽ തീയേറ്റർ ക്വാളിറ്റിയിൽ അഞ്ചേ  ദശാംശം  ഒന്നേ ചാനൽ ശബ്ദവിന്യാസത്തിൽ കഴിഞ്ഞ മാസം ഇറങ്ങിയ, ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയിട്ടേയില്ലാത്ത, ഹോളിവുഡ് ചലച്ചിത്രം ചുവരിൽ.


ഈ ബൾബ്‌ ലെൻസാക്കുന്ന വിദ്യ അവനൊന്ന് പറഞ്ഞു കൊടുക്കണമെന്നുണ്ട്.
പക്ഷെ, അവൻ ചെവിതരണ്ടേ?
-----------------------------------------------------------------------------------------------------------


ആത്മഹത്യ

"എന്താ ഒരു പൊതിക്കെട്ട്?'

"ഓ, മോന് പൊറോട്ടയും ഇറച്ചീം വല്യ ഇഷ്ടമാ.. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയ്യും"


"പൊറോട്ടയോ? ഇത്രേം വിവരോം വിദ്യാഭ്യാസോമൊള്ള നിങ്ങളും? ഈ പൊറോട്ട മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. പണ്ട് സിനിമ പോസ്റർ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാ.വയറ് ചീത്തയാക്കാൻ വേറെ വല്ലതും വേണോ? "


"ങ്ഹെ, അപ്പൊ അത് കൊള്ളൂല?"


"ഇല്ല. പിന്നെ ബീഫ് ഫ്രൈ.... സുനാമി ഇറച്ചീന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാൻ കൊള്ളാത്ത മാട്ടിറച്ചീം മറ്റും തമിഴ്നാട്ടീന്നു വിലകുറച്ചു കിട്ടും. അതാണീ ഫാസ്റ്റ് ഫുഡ് കാര് ഫ്രൈ ആക്കിത്തരുന്നത്. ചെലപ്പോ പട്ടിയിറച്ചീം കാണും"


"ശ്ചെ ..!!"


"അതേന്ന്. അതിന്റെ കൂടെ ഈ ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ . അവന്മാര് ഒരേ എണ്ണയാ ദിവസങ്ങളോളം ഉപയോഗിക്കുന്നത്. ട്രാൻസ് ഫാറ്റാ. അത് ശരീരത്തിന് ദോഷം ചെയ്യും"


"അപ്പൊ ബീഫ് ഫ്രയും പൊറോട്ടയും കളഞ്ഞേക്കാം. ആ ബേക്കറീന്നു വല്ല പഫ്സും വാങ്ങാം."

"പഫ്സോ? അതും മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. അതിന്റെ കൂടെ ഈ സുനാമി ഇറച്ചി അരച്ചു മസാലേം ചേർത്ത് അകത്തു വയ്ക്കും. "

"എന്നാപ്പിന്നെ, അല്പം കേക്കാകാം.."


"കേക്കണ്ട. അത് മുഴുവൻ പ്രിസർവേറ്റീവല്ലേ? "


"എന്നാപ്പിന്നെ അവനു പോട്ടറ്റോ ചിപ്സ് ഇഷ്ടമാ.. ലെയ്സ് ആയിക്കോട്ടെ.."


"പോട്ടറ്റോ ചിപ്സ്..!! പൊട്ടാ, അത് മുഴുവൻ മോണോ സോഡിയം ഗ്ലൂട്ടമെറ്റല്ലേ? രുചി കൂട്ടാൻ ചേർക്കുന്നത്? ക്യാൻസർ വരാൻ വേറെ വഴി വേണ്ട."


"ഓ, കള..!! വല്ല ഫ്രൂട്സും വാങ്ങാം. ആപ്പിളിനെന്താണോ വില..!!"


"ആപ്പിൾ.? ആപ്പിളിന്റെ തൊലി ഇങ്ങനെ തിളങ്ങുന്നതെന്താണെന്നറിയാമോ? മെഴുകു സ്പ്രെ ആണെന്നേ .. കഴുകിയാലും പോവില്ല. നേരെ വയറ്റിൽ പോയി കുടലിൽ പറ്റിപ്പിടിക്കും. ക്യാൻസർ, ക്യാൻസർ.."


"തൊലി ചെത്തിക്കളഞ്ഞാലോ?"


"എന്നാലുമുണ്ട് കുഴപ്പം. അതിനു നല്ല മധുരം വരാൻ അകത്തേയ്ക്ക് എച് എഫ് സീ എസ് എന്ന സ്വീറ്റനർ കുത്തിവയ്ക്കുകയല്ലേ? ആപ്പിൾ കഴിച്ച് കൊളസ്ട്രോൾ കൂടി ചത്തെന്ന് നാട്ടുകാർ അദ്ഭുതം കൂറും"


"എന്നാപ്പിന്നെ ഏത്തപ്പഴം ആയിക്കോട്ടെ. "


"തമിഴൻ അമോണിയ മുക്കി തരുന്നതല്ലേ? കഴിച്ചു ചാക് .."


"ഞാൻ വീട്ടിപ്പോയി ചോറുണ്ടോളാം ശാസ്ത്രജ്ഞാ.."


"ചോറോ? പോളീഷ് ചെയ്യുവാന്നു പറഞ്ഞ് അവന്മാര് അരിയിൽ പ്ലാസ്റിക് സ്പ്രേ അടിക്കുകയല്ലേ? തവിടിന്റെ നിറം വരാൻ റെഡ് ഓക്സൈഡും.. നന്നായിരിക്കും. കുടലിൽ ബ്രൗണ്‍ നിറത്തിൽ ഒരു കോട്ടിംഗ്. പിന്നെ ബ്രൗണ്‍ ക്യാൻസർ."


"മതി, എന്നാപ്പിന്നെ വായുഭക്ഷണം ആയിക്കോട്ടെ.."


"ഇത്രേം മലിനമായ ഒരു സാധനം വേറെയുണ്ടോ? വാഹനങ്ങൾ ചവച്ച്ചുതുപ്പുന്ന കാർബണ്‍ മോണോക്സൈഡ്, ഫാക്ടറികളിലെ കാർബണ്‍ ഡയോക്സൈഡ് "


"എന്നാപ്പിന്നെ ആത്മഹത്യ ചെയ്തുകളയാം. ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം?"


"പറ്റൂല. നിയമം വഴി അത് നിരോധിച്ചിരിക്കുകയാ"


അനന്തരം ഞാൻ -

"നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തീന്നെന്നെ കര കേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ"
എന്ന് ഉറക്കെ പാടി ഭാര്യേം പിള്ളാരേം കെട്ടിപ്പിടിച്ചു പട്ടിണി കിടന്നുറങ്ങി.

-----------------------------------------------------------------------------------------------------------------


അമ്മ മനസ്സ്..
























എണ്‍പതുകളുടെ തുടക്കത്തിൽ  ആണെന്ന് തോന്നുന്നു, പ്രഭാത്
ബുക്ക് ഹൗസ്  "ആരോഗ്യവിജ്ഞാനകോശം" എന്ന ഒരു പുസ്തകം പുറത്തിറക്കി.
പ്രീ-പബ്ലിക്കേഷൻ  സൗജന്യമായി മാസാമാസം ഒരു ചെറിയ തുക അടച്ച് പുസ്തകം കരസ്ഥമാക്കാൻ ഒരു സ്കീമും ഉണ്ടായിരുന്നു. വലിയവില കൊടുത്ത് പുസ്തകം വാങ്ങാൻ സാമ്പത്തിക ഞെരുക്കം ഉള്ളതുകൊണ്ടും പാർട്ടിക്കാരുടെ നിരന്തര സമ്മർദ്ദം താങ്ങാൻ കഴിയാതിരുന്നതും കൊണ്ടും  അച്ഛൻ തവണ വ്യവസ്ഥയിൽ ബുക്ക്ബുക്ക്  ചെയ്തു.

അന്നേ ഒരു പുസ്തകപ്പുഴു ആയിരുന്ന എനിക്ക് അതൊരു ഉത്സവമായിരുന്നു.
പുസ്തകം  പ്രസിദ്ധീകരിക്കുന്ന ദിവസങ്ങൾ ഞാൻ എണ്ണിയെണ്ണിത്തീർത്തു .
ഒടുവിൽ പുസ്തകം കയ്യിൽ  കിട്ടി.
ശരീരത്തെപ്പറ്റിയും  ആരോഗ്യത്തെപ്പറ്റിയും  വർണച്ചിത്രങ്ങൾ നിറഞ്ഞ ഒരു ബ്രഹുത്ഗ്രന്ഥം. രോഗാവസ്ഥകളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിശദമായി, ലളിതമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു വൈകുന്നേരം പുസ്തകം ഞങ്ങളുടെ കയ്യിൽ  നിന്നും തട്ടിപ്പറിച്ചു വാങ്ങി അമ്മ പ്രസ്താവിച്ചു.
"ഇത്രേം ദിവസം നിങ്ങൾ വായിക്കുകല്ലാരുന്നോ? ഇനി ഞാനൊന്നു വായിക്കട്ടെ. എന്നെ ആരും ശല്യപ്പെടുത്തരുത്. വേണ്ടതൊക്കെ അവിടെയുണ്ടാക്കി വച്ചിട്ടുണ്ട്.."
അമ്മ ഒരു മുറിക്കകത്ത് കേറി കതകടച്ച് വായന തുടങ്ങി.

മണിക്കൂറുകൾക്ക് ശേഷം കതകു തുറക്കപ്പെട്ടു.
ഞങ്ങൾ ആകാംക്ഷയോടെ ചോദിച്ചു.
"എങ്ങനൊണ്ടമ്മേ പുസ്തകം?"

അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
"ങും.. ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

ഞങ്ങളുടെ പൊട്ടിച്ചിരിക്കിടയിലും അമ്മ വിഷമം സ്ഫുരിക്കുന്ന മുഖത്തോടെ പറഞ്ഞു.
"അല്ലേലും എന്റെ കാര്യത്തിൽ നിങ്ങക്കൊരു ശ്രദ്ധേമില്ല. ഞാൻ സുഖമില്ലാതെ കിടന്നു ചത്താ നിങ്ങളൊന്നും തിരിഞ്ഞുപോലും നോക്കില്ല, എനിക്കറിയാം.."
"ഈശ്വരാ, കാശ് കൊടുത്തു കടിക്കുന്ന പട്ടിയെയാണല്ലോ ഞാൻ വാങ്ങിയത്."ഒരു തികഞ്ഞ നിരീശ്വരവാദിയായ അച്ഛൻ വിലപിച്ചു,"ഇവിടെത്താടീ  പുസ്തകം..!!"

വർഷങ്ങൾക്കു ശേഷം ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ  അലമാരയിൽ ആ പുസ്തകം ഇരിക്കുന്നത് കണ്ട്  ഞാൻ അതെടുത്ത് താളുകൾ  മറിച്ചു നോക്കിക്കൊണ്ട്  മകളോട് പറഞ്ഞു,
"അമ്മൂ, നിനക്ക്  അറിയാമോടീ , ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

വാതിൽക്കൽ നിന്നും അവളുടെ അമ്മൂമ്മയുടെ  സ്വരം ഉയർന്നു .
"ചെറുക്കാ, വലുതായെന്നൊന്നും ഞാങ്കരുതത്തില്ല. ഒരെണ്ണമങ്ങോട്ടു ഇട്ടുതന്നാലുണ്ടല്ലോ..!!"

17 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാലം പോയ പോക്ക്. ബൾബിന്റെ കാര്യം പറഞ്ഞാൽ അവർക്ക് മനസ്സിലാകില്ല. അതാണ്‌ ലോകം. ശാസ്ത്ര പുരോഗതി. അധ്വാനിച്ചു ആസ്വദിക്കുന്നതും മറി ച്ചുള്ളതും തമ്മിലുള്ള വ്യത്യാസം. കൊള്ളാം.

    വായു പോലും ശ്വസിക്കാൻ വയ്യതെയുള്ള ആ കിടപ്പ് അതി ഭയങ്കരം. ആപ്പറഞ്ഞത്‌ എല്ലാം സത്യമല്ലേ? പക്ഷെ അത് കഴിഞ്ഞിട്ടു എങ്ങിനെ ജീവിക്കും എന്നുള്ള കാര്യമാണ് കഷ്ട്ടം. എഴുത്ത് രസകരമായി.

    അമ്മ മനസ്സാണ് എറ്റവും സുന്ദരമായത്. അതിലെ വിവരണവും സംഭാഷണവും എല്ലാം അത്രയ്ക്ക് സ്വാഭാവികം. അമ്മേടെ ഒന്ന് ഇട്ടു തരും എന്ന ആ ഡയലോഗ് അതി ഗംഭീരം.

    ReplyDelete
  3. ബള്‍ബുലെന്‍സ് വായിച്ചിട്ടില്ലാരുന്നു
    പൊറോട്ടേം ബീഫും ഫേസ് ബുക്കില്‍ വിളമ്പീപ്പോ വായിച്ചു
    അമ്മ സ്നേഹവാരിധി. അതാണേറ്റവും ഇഷ്ടപ്പെട്ടത്

    ReplyDelete
    Replies
    1. അമ്മ സ്നേഹവാരിധി

      Delete
  4. വലുതായെന്നു വെച്ചു കുട്ടികള്‍ കുട്ടികളല്ലാതാകുന്നില്ലല്ലോ , കൊള്ളാം ഓര്‍മ്മ പുതുക്കല്‍

    ReplyDelete
    Replies
    1. വലുതാകുമ്പോഴാണ് കുട്ടികൾ ആകുന്നത്..

      Delete
  5. ഈ 712 അസുഖങ്ങളും വെച്ചോണ്ടാണോ മാഷെപ്പോഴും ഇങ്ങനെ
    ചിരിച്ചോണ്ടിരിക്കണെ. കാലം പോയ പോക്കേ.. വീണ്ടും പഴയ ഓർമ്മകളിലേക്ക്...

    ReplyDelete
    Replies
    1. അടുത്ത തലമുറയ്ക്കും ആ ഡയലോഗ് അടിക്കാമല്ലോ..!

      Delete
  6. സിനിമാ പ്രദർശനം കഴിഞ്ഞ് ആ ബൾബിനകത്ത് ഉജാല കലർത്തിയ വെള്ളം നിറച്ച് എവിടെയെങ്കിലും തൂക്കിയിടാം. നല്ല ഭംഗിയാ! പക്ഷേ, ഷാൻലിയറിന്റെ അത്ര പോരെന്നാ ഇപ്പോഴത്തെ അഭിപ്രായം.

    ReplyDelete
    Replies
    1. അതെ. കാലം മാറി, കോലം മാറി.

      Delete
  7. "ചെറുക്കാ, വലുതായെന്നൊന്നും ഞാങ്കരുതത്തില്ല. ഒരെണ്ണമങ്ങോട്ടു ഇട്ടുതന്നാലുണ്ടല്ലോ..!!"
    അതുമിതും എഴുതുപ്പിടിപ്പിച്ചു തല്ലു മേടിച്ചു ചാകാതെ നോക്കിക്കോ... എഴുന്നൂറ്റിപന്ത്രണ്ട് അസുഖമുള്ളയാളാ... ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.... ങ്ങും.......... ആശംസകള്‍

    ReplyDelete
    Replies
    1. "ചെറുക്കാ, വലുതായെന്നൊന്നും ഞാങ്കരുതത്തില്ല. ഒരെണ്ണമങ്ങോട്ടു ഇട്ടുതന്നാലുണ്ടല്ലോ..!!"

      Delete
  8. ഇത് ഒരു ഒര്മാപ്പെടുത്തൽ ആണ്.പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കാനുള്ള ഒര്മാപ്പെടുത്തൽ.ഞാനും പോയി അല്പം പിന്നിലോട്ടു.

    ആശംസകൾ മാഷേ ....

    ReplyDelete
  9. തലമുറകൾക്ക് കൈമാറാവുന്ന നല്ല സ്മരണികകൾ

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...