Thursday 14 May 2015

ആദ്യത്തെ കണ്മണി






ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു.
ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി.

അവൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയുമായി നില്ക്കുകയാണ്. കൈകൾ പുറകിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. സസ്പൻസ്  നീണ്ടു നീണ്ട്  നെഞ്ചിടിപ്പ് കൂടുകയാണ്. 
"പറയെടീ മണുങ്ങൂസ്സെ  .. എന്തായി ?"

ശബ്ദത്തിൽ  നിറഞ്ഞുകവിയുന്ന ആകാംക്ഷ കണ്ടാവാം അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു. പിന്നെ വലതുകൈ പൊക്കി ടെസ്റ്റ്‌ സ്ട്രിപ് എന്റെ മുഖത്തിനു നേരെ നീട്ടി.

വെളുത്ത ടെസ്റ്റ്‌ സ്ട്രിപ്പിന്റെ  മുകൾ  ഭാഗത്ത്   ബ്രൌണ്‍ നിറത്തിൽ ഒരു വര.
ആദ്യത്തെ കണ്മണി  തെളിവ് സഹിതം വരവ് അറിയിച്ചിരിക്കുന്നു.

ഞങ്ങൾക്ക്  ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു. പ്രണയവല്ലരിയിലെ ആദ്യത്തെ പൂവ്.

ഞങ്ങൾ പരസ്പരം നോക്കി വിഡ്ഢികളെപ്പോലെ ചിരിച്ചുകൊണ്ട് നിന്നു.
എന്റെ പ്രതികരണം എന്താണെന്നറിയാനാണ് അവൾ എന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കി  നിൽക്കുന്നത്.കണ്ടിട്ടുള്ള സിനിമകളിലൊക്കെ ഇത്തരം സന്ദർഭങ്ങളിൽ ഭർത്താവ്  രണ്ട് ചെവിയും മുട്ടുമാറ്  നീളത്തിൽ ചിരിച്ചട്ടഹസിച്ച്  ഭാര്യയെ പൊക്കിയെടുത്ത് ഒരു മൂന്നുവട്ടം കറക്കി തറയിൽ നിർത്തി ആകാശത്തേയ്ക്ക് നോക്കി അലറും, "ഞാനൊരച്ഛനാകാൻ പോന്നേ..!!"

ഞാൻ അവളെ മനസ്സിൽ  പൊക്കിയെടുത്ത് ആറു വട്ടം കറക്കി തറയിൽ നിർത്തി.
പിന്നെ ഗൗരവത്തിൽ ചോദിച്ചു,
"ദെങ്ങനെ പറ്റിയെടീ ..?"

"ഓ, ഒരു വല്യ തമാശക്കാരൻ വന്നിരിക്കുന്നു. ഞാൻ അമ്മച്ചിയെ  വിളിച്ചു പറയട്ടെ. തമാശക്കാരൻ  ഇവിടെ നിന്ന് ആലോചിക്ക്."
അവൾ അകത്തേയ്ക്ക് പോയി. അവളുടെ നടപ്പിൽ ഒരു സ്പ്രിംഗ് ആക്ഷൻ വന്നിട്ടുണ്ട്. എന്നുവച്ചാ നിലത്തും താഴത്തുമല്ല.

ജീവിതം ദാ കണ്ണടച്ചു തുറക്കും മുൻപേ ഒരു വലിയ വഴിത്തിരിവിൽ എത്തിയിരിക്കുന്നു.ചുറ്റും കാണുന്നതിലെല്ലാം ഒരു  വ്യത്യാസം വന്നതുപോലെ. എല്ലാ വസ്തുക്കളുടെയും അരികിൽ  ഒരു പ്രകാശവലയം കാണുന്നില്ലേ ?. 
ആ ജനൽക്കമ്പികളിൽ, വാതിൽപ്പടിയിൽ, കസേരയിൽ, അയയിൽ വിരിച്ചിട്ടിരിക്കുന്ന ആ തുണികളിൽ, 
എല്ലാത്തിന്റെയും വിളുമ്പിൽ സൂര്യകിരണങ്ങൾ തട്ടിച്ചിതറുമ്പോലെ പ്രകാശവർഷം.
എനിക്കറിയാം, അതെന്റെ ഉള്ളിന്റെ ഉള്ളിൽനിന്നാണ് വരുന്നത്. 
ഭാരം  കുറഞ്ഞു കുറഞ്ഞു ഞാനൊരു അച്ഛൻതാടിയായി പറന്നു.

"ഡീ വള്ളീ, എനിക്ക് നാണം വരുന്നെടീ..ഞാനിനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും?"
ഞാനവളുടെ പുറകെ വച്ചുപിടിച്ചു.
"മുഖത്തു നോക്കണ്ട. ങ്ഹും, ഒരു കുഞ്ഞുണ്ടാകാൻ  പോന്നെന്നു കേട്ടിട്ട് എന്നെയൊന്ന് അഭിനന്ദിച്ചോ ? നാണമാത്രേ ..!!"
"ഞാൻ അഭിനന്ദിച്ചെടീ. അതല്ലേ അതിശയത്തിൽ ചോദിച്ചെ, ഇതെങ്ങനെ പറ്റീന്ന് ?"
"പോടാ അവിടുന്ന് . അമ്മച്ചിയൊക്കെ അറിയുമ്പോൾ വല്യ സന്തോഷമാവും.."

ഞാൻ കിടപ്പ് മുറിയിലെത്തി മേളിലോട്ട് നോക്കി.
സീലിങ്ങിൽ തൊട്ടിൽ കെട്ടാനുള്ള ഹുക്ക് ഉണ്ടോ?
ഉണ്ടുണ്ട്.
വീട്ടുടമസ്ഥനു നന്ദി.
കട്ടിൽ അല്പം  നീക്കിയിടേണ്ടി വരും. സാരമില്ല. ഫാനിന്റെ കാറ്റുകൊണ്ട് കുഞ്ഞിനു ശ്വാസം മുട്ടുമോ? ഇല്ലാന്ന് തോന്നുന്നു.

"എന്നാലും ആരേലും ചോദിച്ചാൽ നീയെന്റെ പേര് പറയണ്ട. എനിക്ക് ഭയങ്കര നാണമാ.."
"പോടാ വൃത്തികെട്ടവനെ..!! "

വിശേഷം അറിഞ്ഞ് ആദ്യമെത്തിയത്‌ ഭാര്യാപിതാവും മാതാവുമായിരുന്നു.
വന്നപാടെ അമ്മച്ചി ഒന്ന് നോക്കി തലയാട്ടി ചിരിച്ച്  അകത്തേയ്ക്ക് പോയി.
അച്ചാച്ചൻ മുൻപിൽ വന്നു നിന്ന് മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ഗൗരവത്തിൽ ചോദിച്ചു.

"എന്റെ മോക്കെന്താ പറ്റിയത്?"

"വള്ളി ശകലം പ്രെഗ്നന്റ്  ആയി"
ഞാൻ തെല്ലു കുറ്റബോധത്തോടെ പറഞ്ഞു.
പുള്ളിക്കാരൻ ഒരു ഫലിതപ്രിയനാണ് .

"നിങ്ങൾ പിള്ളേർക്ക് ജീവിതത്തിൽ ഒരു പ്ലാനിങ്ങും ഇല്ല."
ഞാൻ തലകുലുക്കി. ഇല്ല, ഒരു പ്ലാനിങ്ങുമില്ല.
പത്തുമുപ്പത് കൊല്ലങ്ങൾക്ക്  മുൻപ്   തിരുവനന്തപുരത്തു വന്ന്  ഒരു കൊച്ചുസുന്ദരിയെ  പ്രണയിച്ചു വീട്ടുകാരറിയാതെ രായ്ക്കുരാമാനം ചെങ്ങന്നൂരോട്ടു തട്ടിക്കൊണ്ടുപോയി കല്യാണം കഴിച്ച കക്ഷിയാണ്  പറയുന്നത്.

"വർഷാവസാനം അവളുടെ മെയിൻ പരീക്ഷ വരുകല്ലേ? ഒന്നുല്ലേ രണ്ടുപേരും അതാലോചിച്ചോ? കുഞ്ഞിനു പാലുകൊടുത്തോണ്ട്   പരീക്ഷയെഴുതാൻ ചെലപ്പോ അവൾക്ക് ഭാഗ്യം കിട്ടിയേക്കും."
സത്യം,അതാലോചിച്ചില്ല. അല്ലേലും പ്രണയവല്ലരി പൂക്കുമ്പോൾ ഇതൊക്കെ ആരാലോചിക്കാൻ?

"എന്തായാലും അച്ചാച്ചൻ ഒരപ്പൂപ്പനാവാൻ  പോകുവല്ലേ?"
ഞാൻ ട്രാക്ക് മാറ്റിപ്പിടിച്ചു. ഒഴിവാക്കാൻ പറ്റാത്ത പ്രതിസന്ധികൾ വരുമ്പോൾ ട്രാക്ക് മാറ്റിപ്പിടിക്കണം. തെറ്റ് ഗുരുതരമാണെങ്കിലും വിചാരണയിൽ നിന്നും ഒഴിവാകണമല്ലോ. ശ്രദ്ധ മാറ്റിയാൽ താത്കാലികമായി രക്ഷപ്പെടാം.

"അതിനു ഞാനിപ്പോഴേ ഒരപ്പൂപ്പനാണല്ലോ"
അച്ചാച്ചൻ മറുകടകം വെട്ടി.
നേരാണ്, മൂത്ത അളിയന് ഒരു മോൻ ജനിച്ചു കഴിഞ്ഞു. അച്ചാച്ചൻ ഒരപ്പൂപ്പനായിക്കഴിഞ്ഞു.

ഇനി പൂഴിക്കടകൻ തന്നെ പ്രയോഗിക്കാം.
"അച്ചാച്ചന്റെ മോൾക്ക്‌ ഒരു  മോളാണ്  ഉണ്ടാകുന്നെങ്കിൽ ആലോചിച്ചു നോക്ക്. അപ്പൊ അച്ചാച്ചനാരാ?'
"ആരാ? വീണ്ടും അപ്പൂപ്പൻ"
"കൊച്ചുമോളായതുകൊണ്ട് അച്ചാച്ചൻ ഒരു  അമ്മൂമ്മ ആകില്ലേ?. അങ്ങനെ ജീവിതത്തിൽ ആദ്യമായി അച്ചാച്ചൻ ഒരമ്മൂമ്മയാകും"

ഫലിതപ്രിയൻ എന്നെ ഒന്നിരുത്തി  നോക്കിയിട്ട്  ബാഗുമായി അകത്തേയ്ക്ക് നടന്നു. പോകും വഴി ഉച്ചൈസ്തരം പ്രഖ്യാപിച്ചു.
"ഡീ ഭാര്യേ. ഞാൻ ചിലപ്പോ ഒരമ്മൂമ്മയായേക്കും. സംഗതി ആലോചിച്ചപ്പോൾ കൊള്ളാം"

എല്ലാവർക്കും  ഭാര്യയോടു പെട്ടെന്ന് സ്നേഹം കൂടി.
മോളെ നീ സമയത്ത് വല്ലതും ഒക്കെ  കഴിക്കണം.
മോളെ നീ ഇങ്ങനെ ഉറക്കമിളയ്ക്കരുത്.
മോളെ നീ ഓട്ടോയിലൊന്നും കേറണ്ട.
രണ്ടുനേരം പാലുകുടിക്കണം.
പാചകമൊക്കെ പ്രദീപ്‌ ചെയ്യട്ടെ.
പ്രദീപ്‌ പാത്രം കഴുകും, മോള് കേറിപ്പോ.
ഭാരമുള്ളതൊന്നും എടുക്കണ്ട. പ്രദീപ്‌ എവിടെ?

ഞാൻ അവളെ സ്വകാര്യമായി മുറിയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി അപേക്ഷ സമർപ്പിച്ചു .
"ഡീ, ഗർഭം ഞാൻ ചുമന്നോളാം. നിനക്കീ കിട്ടുന്നതിന്റെയൊക്കെ പകുതി എനിക്കു തന്നാൽ മതി"
അവൾ അടുക്കുന്ന ഒരു ഭാവവും കണ്ടില്ല. പിന്നെ ചെറുതായൊന്ന് വെരുട്ടി നോക്കി.
"ഈ ഗർഭം എന്റേതാ. അതെനിക്കുതന്നെ ചുമക്കണം. അങ്ങനെ  നീ മാത്രം സുഖിക്കണ്ട."
അവൾ എന്റെ താടിയ്ക്ക് തോണ്ടിപ്പറഞ്ഞു.
"ദേ , ചുമ്മാ എന്നെ ചിരിപ്പിക്കണ്ട, കുലുങ്ങിച്ചിരിച്ചാൽ കുഞ്ഞിനു കേടാന്നെ.."

ഭാര്യ തന്നെ മദിരാശിയിലുള്ള സ്വന്തം അനിയത്തിയെ വിളിച്ചു വിവരം പറഞ്ഞു.അവർ ഒരേ ദിവസം കല്യാണം കഴിച്ചവരാണ്. രണ്ടുപേരും സംസാരമെല്ലാം കഴിഞ്ഞ് ഫോണ്‍  വയ്ക്കുന്നതിനു തൊട്ടു മുന്പ്  ഒരു സംഭാഷണം ഫോണിലൂടെ പാറി വീണു.
"അണ്ണാ , അവർക്കൊരു കുഞ്ഞ് ഉണ്ടാകാൻ പോന്നെന്ന്. ഈ അണ്ണൻ എവിടെ പോയിക്കിടക്കുവാ, ഒരാവശ്യത്തിന് നോക്കിയാ കാണില്ല.."
ഞാൻ ഭാര്യയെ നോക്കി ഊറിച്ചിരിച്ചു.
'ങ്ഹും , ഇപ്പൊ നിന്റെ അനിയത്തിക്ക് ഒരു വാശിയൊക്കെ വന്നിട്ടുണ്ട്. ഇപ്പൊ കാണിച്ചുതരാം എന്നാ അപ്പറഞ്ഞത്‌."

വീട്ടിൽ   നിന്നും അച്ഛനും അമ്മയുമെത്തി. ആകെ ഉത്സവമേളം.

ഒടുവിൽ ഉത്സവമെല്ലാം കഴിഞ്ഞ് ആനയും അമ്പാരിയുമെല്ലാം മടങ്ങി. വാടകവീട്ടിൽ ഞങ്ങൾ രണ്ടുപേരും അനിയനും മാത്രമായി.
എല്ലാം കൂടി മൊത്തം മുന്നൂറ്റിയെഴുപത്തിയേഴ് ഉപദേശങ്ങളും കിട്ടി. വള്ളി അതെല്ലാം ഒരക്ഷരം വിടാതെ ഡയറിയിൽ കുറിച്ചുവച്ചിരിക്കുകയാണ്.

ഒരുവശം ചരിഞ്ഞു കിടക്കാൻ പാടില്ല.
വൈകുന്നേരം തല നനഞ്ഞുകൊണ്ട് കിടക്കരുത് .
കൊച്ചുപിള്ളേർ മാതിരി ഓടിച്ചാടി നടക്കരുത്.
പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടായിട്ട് ചെയ്യണം.
എന്നും രാവിലെ മുറ്റം തൂക്കണം.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യണ്ട.
ഉപ്പുപയോഗിക്കുന്നത് കുറയ്ക്കണം.
പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴിക്കണം.
ഇങ്ങനെ ഒരു നീണ്ട ലിസ്റ്റ്.

ലിസ്റ്റിന്റെ അവസാനം അവൾ കാണാതെ "ഭർത്താവിന് എന്നും ചിക്കൻ കറി ഉണ്ടാക്കിക്കൊടുക്കണം " എന്ന് ഞാൻ എഴുതിച്ചേർത്തെങ്കിലും അവൾ അതുകണ്ടുപിടിച്ച് വെട്ടിക്കളഞ്ഞു. അതിന്റെ ദേഷ്യത്തിന്  അവൾ സ്വയം വെട്ടിക്കളഞ്ഞ "എന്നും രാവിലെ മുറ്റം തൂക്കണം "എന്ന നിർദ്ദേശം ഞാൻ വീണ്ടും ഒരു ചുവന്ന മഷിപ്പേന കൊണ്ട് എഴുതിച്ചേർത്തു.

അനിയന് ചേട്ടത്തിയോടുള്ള ബഹുമാനം കൂടി.
"ചേട്ടത്തി പാത്രമൊന്നും  കഴുകാൻ നിൽക്കണ്ട ,   അവനോട് പറഞ്ഞാ മതി. അവൻ കഴുകിത്തരും.."
ചേട്ടത്തി പാത്രം ഒന്നും കഴുകണ്ടാ, ഞാൻ കഴുകിത്തരാം  എന്നല്ല.
വഞ്ചകൻ .

'ഡാ, അവക്ക്  എന്താ ഇഷ്ടം ന്നു വച്ചാ അത് മേടിച്ചു കൊടുക്കണം. ചുമ്മാ അവളെ വിഷമിപ്പിക്കരുത്."
അമ്മ പോകാൻ നേരം  ഉപദേശിച്ചിരുന്നു.

ഞാൻ അവളെ സാവധാനം ഭൂമി നോവിക്കാതെ നടത്തി ഒരു കസേരയിൽ കൊണ്ടിരുത്തി മൃദുവായി ചോദിച്ചു.
"എന്താ പ്രിയതമേ, നിനക്കിഷ്ടം. എന്നെയല്ലാതെ?'
"ഓ, പിന്നെ. പറയാത്ത താമസം ഇപ്പൊ  സാധിച്ചു തരും."
"പിന്നല്ലാതെ. നിനക്ക് എന്താ ഇഷ്ടം? പറ, വ്യാക്കൂണ്‍, വ്യാക്കൂണ്‍.."

അവൾ സീലിങ്ങിലേയ്ക്ക് നോക്കി  ഭയങ്കര ആലോചന.
ഈശ്വരാ, നീലക്കൊടുവേലി? കല്യാണസൌഗന്ധികം ? ആകാശമിഠായി?
അവൾ എന്തെങ്കിലും ഇടിവെട്ട് ആവശ്യം ഉന്നയിക്കും മുൻപ് ഞാൻ  ചൂണ്ടയെറിഞ്ഞു.
"നല്ല പച്ച മാങ്ങ ? പുളിയങ്കാ ? വാളമ്പുളി?"
അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു.
"എനിക്കേ , ഓറഞ്ച്  തിന്നാൻ കൊതിയാകുന്നു. ഓറഞ്ച് മതി"
ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു.
ഓറഞ്ച് മതിയല്ലെ? പിന്നെന്താ.
പിന്നെ ഒന്ന് ഞെട്ടി.
അബ്ദുൽ ഖാദർ പതുക്കെ ചോദിച്ചു.
"പൂവമ്പഴം ആയാലും മതിയോ?
ജമീലാബീവി ഒരു പുച്ഛഭാവത്തിൽ മൊഴിഞ്ഞു.
"പോ അവിടുന്ന്. എനിക്ക് ഓറഞ്ചസ്  മതി "

എന്നും ഓഫീസിൽ നിന്നും വരുന്നവഴി അവൾക്കുവേണ്ടി ഓറഞ്ച് വാങ്ങിക്കൊണ്ടുവരും. ഇല്ലെങ്കിൽ അവൾ കോളേജിൽ നിന്നും വരുന്ന വഴി വാങ്ങും.
ആരേലും വീട്ടിലേയ്ക്ക് അതിഥിയായി വരുമെന്നറിയിച്ചാൽ നാണമില്ലാത്തവൻ ഉടൻ
"വള്ളിയ്ക്കു ഓറഞ്ച് വല്യ ഇഷ്ടമാണ് കേട്ടോ, ന്നു വച്ചു വാങ്ങിക്കൊണ്ട് വരണോന്നോന്നും ഇല്ല " എന്ന് പറയും.
ആ അവസാനത്തെ "വരണോന്നോന്നും ഇല്ല" എന്ന ഭാഗം  ഇത്തിരി കനപ്പിച്ചു പറഞ്ഞാൽ  മതി, കുറഞ്ഞത് ഒരു കിലോ  ഓറഞ്ചെങ്കിലും വീട്ടിലെത്തും.

രാവിലെ കോളേജിൽ പോകുന്നതിനു മുൻപ് പുള്ളിക്കാരി മൂന്നു നാല്  ഓറഞ്ച് അകത്താക്കും. പിന്നെ കുളിച്ചൊരുങ്ങി സാരിയൊക്കെ ഉടുത്തു കണ്ണെഴുതി പൊട്ടിട്ട് സീമന്തരേഖയിൽ കുങ്കുമവും ചാർത്തി സുന്ദരിയായി ബാഗുമൊക്കെയെടുത്തു ഭക്ഷണമുറിയിലെത്തി ഐശ്വര്യവതിയായി വാഷ്ബേസിനിൽ ഛർദ്ദിക്കും. കഴിച്ച ഓറഞ്ചെല്ലാം ദാ കിടക്കുന്നു.

"നീയെന്തിനാടീ ഇങ്ങനെ ഛർദ്ദിച്ചു കളയാനായി മാത്രം  ഓറഞ്ച് തിന്നുന്നത് ?" എന്ന് ചോദിച്ചാൽ രൂക്ഷമായ നോട്ടമായിരുന്നു മറുപടി. ഓറഞ്ച് വാങ്ങൽ, അത് കഴിക്കൽ , പിന്നെ അത് ഛർദ്ദിച്ചു കളയൽ  തുടങ്ങിയവ സ്ഥിരം നാടകവേദി പോലെ മുൻപോട്ടു പോയി.
എന്നുമിങ്ങനെ ഇവ്വിധം ഓറഞ്ച്  കഴിച്ച് ഛർദ്ദിക്കാൻ വിഷമമാണെങ്കിൽ ഞാൻ വേണേൽ  ഓറഞ്ച് കഴിക്കാം, നീ ഛർദ്ദിച്ചോ എന്നു പറഞ്ഞു നോക്കിയെങ്കിലും അതവൾ കണക്കിലെടുക്കാതെ പൂർവാധികം ഭംഗിയായി ഓറഞ്ച്  കഴിക്കുകയും ഛർദ്ദിക്കുകയും ചെയ്തു.

ഛർദ്ദിക്കൽ ഒരു വലിയ കലാപരിപാടി തന്നെയാണ്. അവൾക്ക്  ഛർദ്ദിക്കുക എന്നത് ഭയങ്കര വെപ്രാളമാണ്. ഛർദ്ദിക്കുമ്പോൾ അടുത്ത് നിന്ന് പുറം തിരുമ്മി ആശ്വസിപ്പിക്കണം. അത് ഭർത്താവിന്റെ കടമയാണത്രെ. 
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ  എന്നും രാവിലെ വാഷ്ബേസിനരികെ നിലയുറപ്പിക്കുന്ന ഒരു സ്വഭാവത്തിലേയ്ക്ക് ഞാൻ വഴുതി വീണു. എങ്ങാനും കടമ നിർവഹിക്കാൻ മറന്നുവെന്നു വേണ്ട.
ഒരു ദിവസം രാവിലെ പോകാൻ ഇറങ്ങി പടിവാതിൽക്കൽ എത്തിയ അവൾ എന്നെ നോക്കി സാകൂതം ചോദിച്ചു.
"നീയെന്താ വാഷ് ബേസിന്റടുത്തു നിന്നുറങ്ങുന്നത്?"
"അതിപ്പോ നിനക്ക് ഛർദ്ദിക്കണ്ടേ?"
മുറ്റത്തേയ്ക്ക് കാൽ വയ്ച്ച അവൾ ഒരു അപസ്വരവും പുറപ്പെടുവിച്ച് അകത്തേയ്ക്ക് ഓടി വന്ന് വാഷ്ബേസിനിൽ ഛർദ്ദിച്ചു.
വായും മുഖവും കഴുകി തിരിഞ്ഞു നടക്കുമ്പോൾ അവൾ പറഞ്ഞു.
"ദുഷ്ടൻ ..!!"
നോക്കിക്കോണേ, ഭർത്താക്കന്മാരുടെ ഒരു ഗതികേട്. കരയ്ക്കൂടെയും വെള്ളത്തിലൂടെയും പോകാൻ പറ്റില്ല.

ചിരിയും സന്തോഷവും ആകാംഷയും നിറഞ്ഞ  ഒരു പ്രത്യേക കാലഘട്ടത്തിലൂടെ ജീവിതം  അങ്ങനെ കടന്നു പോകുകയാണ്. കുഞ്ഞുങ്ങൾ കടന്നു വരുമ്പോൾ ജീവിതം  ഇനി  എങ്ങനെയാണ്  ചിട്ടപ്പെടുത്തേണ്ടത്‌ എന്ന് ഭാവനയിൽ കാണുകയും അത് ചർച്ച ചെയ്യുകയും അതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് ആത്മഹർഷം കൊള്ളുകയും ചെയ്യുന്ന ഒരു കാലഘട്ടം.

വാടകവീടിന്റെ ചുറ്റുവട്ടത്തുനിന്നുംചിറകുവിരിച്ച് പറന്നുയർന്ന്  സ്വന്തമായ ഒരു വീട്ടിലേയ്ക്ക് ജീവിതം എത്തപ്പെടുകയാണ് . ഒരു വലിയ മുറ്റം. അതിന്റെ ഒരുവശത്ത്‌ പച്ചപ്പുൽത്തകിടി.  നന്ത്യാർവട്ടവും രാജമല്ലിയും തെറ്റിയും മുല്ലയും ഒരു വശത്ത്‌.
 പോക്കുവെയിൽ തട്ടി തിളങ്ങുന്ന  ചരൽ നിറഞ്ഞ മുറ്റം .
അതിലൂടെ പിച്ചവച്ച് ദാ ഇപ്പൊ വീഴും എന്ന മട്ടിൽ ചിതറിത്തെറിച്ച് തുള്ളിച്ചാടി നടക്കുന്ന രണ്ടു കുഞ്ഞിപ്പാദങ്ങൾ. 
വിസ്മയം പൂണ്ട ഒരു ചിരി.
ചുണ്ടുപിളർത്തി പുരികം ചുളിച്ച് ഒരു വിതുമ്പൽ.
ഒരു പൂ വിരിയുന്നതുപോലെ  ജീവിതം അതിന്റെ എല്ലാ ഭംഗിയും കാട്ടി ഞങ്ങളെ കൈ കാട്ടി വിളിക്കുകയാണ്‌.

കാണെക്കാണേ  പ്രിയതമയുടെ രൂപം മാറി വന്നു. സ്വതവേ മെലിഞ്ഞു കൊലുത്ത  രൂപം ഒരു വലിയ ഭാരവും ചുമന്നു നടന്നാൽ എങ്ങനെയിരിക്കും? അവളുടെ പ്രാരാബ്ധം കണ്ട് ടെൻഷൻ അടിച്ച വീട്ടുകാരും നാട്ടുകാരും എന്റെ മേക്കിട്ട്  കയറാൻ തുടങ്ങി.   
ഇങ്ങനെയൊന്നും നോക്കിയാൽ പോരാ. മുഖത്ത് നല്ല വിളർച്ചയുണ്ട്. അതിനെയിങ്ങനെ കഷ്ടപ്പെടുത്താതെ നല്ല ആഹാരമൊക്കെ കഴിപ്പിക്ക്. അതിന്റെ മനസ്സ് വിഷമിപ്പിക്കുന്നുണ്ടായിരിക്കും. കുറച്ചു ദിവസം ലീവെടുത്ത് കൂടെയിരിക്ക്. അതിന്റെ ചുറ്റും കിടന്ന് ഇങ്ങനെ കറങ്ങി പിരാന്ത് എടുപ്പിക്കാതെ ജോലിക്ക് പോകാൻ നോക്ക്. അതിനെയിട്ട്‌  ജോലിയെടുപ്പിച്ച് കഷ്ടപ്പെടുത്തുകയായിരിക്കും.

അടുത്ത വീട്ടിലെ അമ്മൂമ്മ അവളെയങ്ങ് ദത്തെടുത്തു. വീട്ടുവാതിൽക്കൽ എത്തുമ്പോഴേ  അവർ എന്നെ ചീത്തവിളിക്കാൻ  തുടങ്ങും. ഞാൻ ജോലിക്ക് പോയിരിക്കുകയാണെന്നതൊന്നും അമ്മൂമ്മയ്ക്ക് പ്രശ്നമല്ല.
പുള്ള എന്തരു കാണിക്കണത്. പുള്ളാര് കളിയല്ല പുള്ളേയിത്. വോ, കടിഞ്ഞൂലാ. നേരാം വണ്ണം നോക്ക്യാലേ തള്ളേം പുള്ളേം നേരാം വണ്ണം ഇങ്ങ് പോരൂ, വോ..

ശെടാ പാടെ, എന്റെ പ്രസവവേദന ദിനംപ്രതി കൂടിക്കൂടി  വന്നു.
   
ഇടയ്ക്കിടെ ആദ്യത്തെ കണ്മണി ഞാനിവിടുണ്ട് എന്നറിയിക്കും  മട്ടിൽ സുഖഗേഹത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങി.
"ഓടി വാ ,ദാ ഇപ്പൊ കാണാം , സൂക്ഷിച്ചു നോക്കിക്കോ" എന്ന് അവൾ ഉറക്കെ പറയും.
വലിഞ്ഞു നനുത്ത നീല ഞരമ്പോടുന്ന ആ വയറിന്റെ ഉപരിതലത്തിൽ ആകാംക്ഷയോടെ ഞങ്ങൾ നോക്കിനിൽക്കും.
ദാ ഒരുവശത്ത്‌  പെട്ടെന്നൊരു മുഴ പ്രത്യക്ഷപ്പെടുകയായി. അത് സാവധാനം അനങ്ങി മറുവശത്തേയ്ക്ക് നീങ്ങും.
ഞാനിവിടുണ്ട്.
ഞാനിവിടുണ്ട്. 
ഉണ്ട്.

"എന്റെ മോൾ മുദ്രാവാക്യം വിളിക്കുകയാ.." ഞാൻ സങ്കൽപ്പിച്ചു.
"മോളാണെന്ന് എന്താ ഇത്ര ഉറപ്പ്?"
"മോളാവും. അതെ, മോള് തന്നെയാ. ആവില്ലേ? ആവും. മോള് തന്നെ.."
"അതെന്താ മോനായാ കൊള്ളൂല്ലേ?"
"മോനായാൽ വിശ്വാസവഞ്ചനയായിപ്പോകും. അടുത്തത് മോൻ.. ഇപ്പൊ മോൾ.."
"വിശ്വാസവഞ്ചനയോ ?" അവൾ നെറ്റി ചുളിച്ചു.
"ങ്ങും . ഒരു ദുർബലനിമിഷത്തിൽ നിന്റെ ഫാദറിനെ ഒരമ്മൂമ്മയാക്കാമെന്നു ഞാൻ പ്രോമീസ് ചെയ്തു പോയെടീ. ചത്താലും ഞാൻ വാഗ്ദാനലംഘനം   നടത്തൂല. നീയെന്നെ സഹായിക്കൂലെ? നീ നിന്റെ ഭർത്താവിനെ നാണം കെടുത്തല്ലേ...!!"
"നാണം കെട്ടവൻ"

ഡോക്ടറുടെ വക ടോണിക്കുകളും ഗുളികകളും  പലതരം മേശപ്പുറത്തു നിരന്നു .
കാത്സിയം, അയണ്‍, വൈറ്റമിൻ എ , ബി , സീ ,ഡീ , ഈ, എഫ്....
പിന്നെ  നാട്ടിൽ നിന്നും അമ്മമാർ ഇറക്കുമതി ചെയ്ത അരിഷ്ടങ്ങൾ.
ഉള്ളതിൽ ഏറ്റവും മധുരമുള്ള ഒരു ടോണിക്ക് എടുത്തു കുടിച്ചതിന്റെ പേരിൽ  വാക്കുതർക്കവുമുണ്ടായി.

"ഞാനൊരച്ഛനാകാൻ പോകല്ലേ? എനിക്കും ദേഹരക്ഷയൊക്കെ നോക്കണ്ടേ?"
"ഡാ,  മണ്ടൂസാ ആ ടോണിക്ക്‌   ഈസ്ട്രജൻ പരിപോക്ഷിപ്പിക്കാനുള്ളതാ.. നീയതെടുത്തു കുടിച്ചാൽ പെണ്ണായിപ്പോകും."
"എന്നാപ്പിന്നെ വേണ്ട. രണ്ടമ്മമാര് ശരിയാവൂല്ല."
"നിനക്ക് വേണേ ആ അരിഷ്ടം എടുത്തു കുടിച്ചോ...ദഹനത്തിനു നല്ലതാ."

പെണ്‍ബുദ്ധി നോക്കിക്കോണേ ! കയ്പ്പുള്ള അരിഷ്ടം കുടിച്ചു തീർക്കാൻ  അവൾ ടെണ്ടർ വിളിക്കുകയാണ്.
അതും ദഹനത്തിന് .!
ഉച്ചയ്ക്ക് മൂക്കുമുട്ടെ  തട്ടി ഏമ്പക്കവും വിട്ട് കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനു മുന്പ്  "ഇനി രാത്രി എന്തുവാ" എന്ന് ചോദിക്കുന്ന  കക്ഷിയ്ക്കാണ് ദഹനത്തിനുള്ള അരിഷ്ടോപദേശം.

ഏഴാം മാസം മെഡിക്കൽ കോളേജിൽ സ്കാനിംഗ് മുറിയിൽ  നിന്നും ഇറങ്ങി വരുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
"നിന്റിഷ്ടം.."
"ങ്ഹെ, എന്ന് വച്ചാ..?" അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാകാതെ ഞാൻ ചോദിച്ചു.
"പൊട്ടാ, പെണ്‍കുഞ്ഞാണെന്ന്. നിന്റെ ഇഷ്ടം സാധിച്ചല്ലോ."
"അതെങ്ങനറിഞ്ഞു?  അവര് പറയാറില്ലല്ലോ..!"
"റേഡിയോളജിസ്റ്റ് എന്റെ കൂട്ടുകാരിയാ. അറിയണോന്നു ചോദിച്ചു. ഞാൻ വേണമെന്ന് പറഞ്ഞു. ഇതാരും അറിയണ്ട. ഒരു സസ്പെന്സായി ഇരിക്കട്ടെ."
"എന്തായാലും നീയെന്റെ  മാനം രക്ഷിച്ചു.."

മുറ്റത്തെ ചരലിലൂടെ തെറിച്ചു തെറിച്ചു നടക്കുന്ന ആ കുഞ്ഞിപ്പാദങ്ങളിൽ പെട്ടെന്ന് കൊലുസ്സുകൾ തെളിഞ്ഞു വന്നു. മുടി  വെട്ടാതെ നീട്ടി വളർത്തണം. നെറ്റിയിൽ  ചുരുണ്ട മുടിയിഴകൾ അങ്ങനെ തത്തിക്കളിക്കണം.  ഒരുപാട്  ഒരുപാട് ഫ്രില്ലുകൾ പിടിപ്പിച്ച വെളുത്ത ഫ്രോക്ക്  ഇടുവിക്കണം.
ഒരു മാലാഖയെപ്പോലെ.

ഡോക്ടർ പറഞ്ഞ തീയതിക്കും മൂന്നാഴ്ച  മുൻപ് ഒരു ദിവസം വെളുപ്പാൻകാലം അവൾ എന്നെ തട്ടി വിളിച്ചു.
"ഡാ, എനിക്ക് പെയിൻ ആണെന്ന് തോന്നുന്നു"
ബായ്ഗിൽ സ്ഥാവരജംഗമവസ്തുക്കൾ ആഴ്ചകൾക്ക് മുൻപേ റെഡിയാണ്. അതിലില്ലാത്തത്  പ്രസവമുറി മാത്രമാണ്.
അന്തം വിട്ട് ആശുപത്രിയിൽ എത്തി.
ഡോക്ടർ പരിശോധിച്ചു.
"ഹേയ് , കാര്യമാക്കണ്ട. അത് ഫാൾസ് പെയിനാ. തന്ന തീയതി രാവിലെ അഡ്മിറ്റ്‌ ആയിക്കോ. ഇപ്പൊ ധൈര്യമായി വീട്ടിൽ പോ."
മടങ്ങുന്നേരം അവൾ ചോദിച്ചു
"എന്താ നിന്റെ മുഖത്ത് ഒരു വൈക്ലബ്യം?'
"ഓ, ഒരു ഫാൾസ് പെയ്നാ. നീ കാര്യമാക്കണ്ട."
അവൾ കൈമുട്ടുകൊണ്ട് കുത്തി.

നാളെ നാളെ എന്ന് പറഞ്ഞ്  ആ സുദിനം വന്നെത്തി.
രാവിലെ തന്നെ മെഡിക്കൽ കോളേജിൽ ഹാജർ  വച്ചു. അവിടുത്തെ വിദ്യാർത്ഥിനി  എന്ന നിലയിൽ അവൾക്ക് പ്രത്യേക പരിഗണനയാണ്.

രാവിലെ ഭക്ഷണം എടുക്കാൻ വീട്ടിൽ പോയി തിരിച്ചുവന്നപ്പോഴേയ്ക്കും  താമസിച്ചുപോയി. അതിനകം അവളെ ലേബർ റൂമിൽ കയറ്റിക്കഴിഞ്ഞു.
പുറത്തുകാവലിരുന്ന  അമ്മമാർ വഴക്ക് പറഞ്ഞു.
"മോള് പോകുന്ന വരെ നിന്നെ തിരക്കി."

ചെറിയ കുറ്റബോധം കൊണ്ട് നടപ്പിനു സ്പീഡു  കൂട്ടി. അച്ഛന്മാർ പ്രസവ മുറിയ്ക്ക് മുൻപിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കണം എന്നാണല്ലോ പ്രമാണം. നടന്നു നടന്നു ക്ഷീണിച്ചപ്പോൾ  അമ്മ വിളിച്ചുപറഞ്ഞു.
"ഡാ, നീ നടന്നില്ലേലും പ്രസവിച്ചോളാം എന്ന്  മോള്  പറഞ്ഞാരുന്നു.നീ അവിടെവിടേലും പോയിരി"
ഒരുപറ്റം അമ്മമാരുടെ കൂട്ടച്ചിരി അവിടെ മുഴങ്ങി.

ആദ്യം മുറിയിൽ മടങ്ങിയെത്തിയത് അവളായിരുന്നു. സ്ട്രെച്ചറിൽ നിന്നും കിടക്കയിലേയ്ക്ക്  ഇറക്കി കിടത്തുമ്പോൾ ക്ഷീണിച്ച കണ്ണുകൾ  ഉയർത്തി എന്നെ നോക്കി അവൾ പുഞ്ചിരിച്ചു.
"കുഞ്ഞിനെ ഇപ്പൊ  കൊണ്ടുവരാട്ടോ.." നഴ്സമ്മ മുറിയിൽ  നിന്നും പുറത്തേയ്ക്ക് ഓടി.
ഞാൻ അവളുടെ കൈകൾ  കവർന്നു, തലയിണ ഒതുക്കി വച്ചുകൊടുത്തു.  മുടിയിഴകൾ നെറ്റിയിൽ  നിന്നും പുറകോട്ടൊതുക്കി  ചോദിച്ചു.
"ഒരുപാട് വേദനയുണ്ടാരുന്നോടാ..?"
"നീ എവിടെപ്പോയിക്കിടക്കുവായിരുന്നു? ലേബർ റൂമിലോട്ടു പോവുമ്മുമ്പ് എനിക്ക് നിന്നെ കാണണം ന്നുണ്ടാരുന്നു."
"പറ്റിയില്ല" തെല്ലൊരു കുറ്റബോധത്തോടെ പറഞ്ഞു.

നഴ്സമ്മ ഒരു വെളുത്ത തുണിക്കെട്ട് അവളുടെ  അരികിൽ  കൊണ്ടുവന്നു കിടത്തി.
ചോരനിറമാർന്ന ആ കുഞ്ഞിമുഖത്തേയ്ക്കു നോക്കി ഞാനിരുന്നു.
തലയിൽ നിറയെ മുടി. നെറ്റിയിൽ  വരെ നനുത്ത രോമരാജികൾ. 
ഒരു കൊച്ചുസുന്ദരി.
ആദ്യത്തെ കണ്മണി.
കാണെക്കാണെ തൊണ്ടയിൽ എന്തോ ഭാരം വന്നു നിറയുംപോലെ.

സാവധാനം ആ മിഴിയിണകൾ തുറന്നു വന്നു.
ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊരുത്തു.
കണ്മണിയുടെ മുഖത്ത് ഒരു മന്ദഹാസം പരന്നോ ?

"നോക്കടീ, അവളെന്നെ നോക്കി ചിരിക്കുന്നു"
ഞാൻ അതിശയത്തോടെ പറഞ്ഞു.
"പോടാ, നാലഞ്ചാഴ്ചയാകാതെ കുഞ്ഞുങ്ങൾ ഒരു വസ്തുവും തിരിച്ചറിയില്ല. ഇപ്പൊ എല്ലാം അവർക്ക്  ഒരു പ്രകാശം മാത്രമാണ്."

മന്ദഹാസപ്പൂ വിരിഞ്ഞ ആ കുഞ്ഞിക്കവിളിൽ വിരൽ കൊണ്ട് മൃദുവായി സ്പർശിച്ചുകൊണ്ട്  ഞാൻ പറഞ്ഞു,
"ഇല്ലെടീ. അവൾ എന്നെ തിരിച്ചറിയുന്നുണ്ട്. എന്റെ  പ്രകാശം   അവൾ തിരിച്ചറിയുന്നുണ്ട്."

81 comments:

  1. Replies
    1. സ്നേഹം തന്നെ ഉട്ടോ..

      Delete
  2. പ്രകാശം തിരിച്ചറിയുന്ന കുഞ്ഞൂട്ടി.... <3 <3 വായിച്ചു രസിച്ചു ട്ടാ

    ReplyDelete
    Replies
    1. പ്രകാശമായി പിന്നെ ബോധമായി അങ്ങനെയങ്ങനെ..

      Delete
  3. പ്രദീപേട്ടാ <3 <3 <3 <3

    ReplyDelete
  4. അച്ഛന്‍റെ പ്രസവ വേദന രസകരമായി അവതരിപ്പിച്ചുട്ടോ !!!!!!!!!!!!!!!!!

    ReplyDelete
    Replies
    1. പിന്നെ നിങ്ങൾ അമ്മമാർ എന്താ വിചാരിച്ചത്?

      Delete
  5. കള്ളന്‍.. :) :)

    ReplyDelete
    Replies
    1. ചെറിയൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ..!!
      ഞാനും ഉടൻ തിരിച്ചു വിളിക്കും.

      Delete
  6. "എന്റെ മോക്കെന്താ പറ്റിയത്?"
    "വള്ളി ശകലം പ്രെഗ്നന്റ് ആയി"


    പോക്കുവെയിൽ തട്ടി തിളങ്ങുന്ന ചരൽ നിറഞ്ഞ മുറ്റം .
    അതിലൂടെ പിച്ചവച്ച് ദാ ഇപ്പൊ വീഴും എന്ന മട്ടിൽ ചിതറിത്തെറിച്ച് തുള്ളിച്ചാടി നടക്കുന്ന രണ്ടു കുഞ്ഞിപ്പാദങ്ങൾ.
    വിസ്മയം പൂണ്ട ഒരു ചിരി.
    ചുണ്ടുപിളർത്തി പുരികം ചുളിച്ച് ഒരു വിതുമ്പൽ.
    ഒരു പൂ വിരിയുന്നതുപോലെ ജീവിതം അതിന്റെ എല്ലാ ഭംഗിയും കാട്ടി ഞങ്ങളെ കൈ കാട്ടി വിളിക്കുകയാണ്‌

    ഓരോവരിയും പ്രകാശം പൊഴിക്കുന്നു
    പ്രദീപേട്ടാ മനോഹരം

    ReplyDelete
    Replies
    1. നന്ദി വൈശാഖ്..ജീവിതം മനോഹരം..

      Delete
  7. Replies
    1. ഇഷ്ടത്തിനു നന്ദി മുബി..

      Delete
  8. മനസ്സ്‌ തുറന്ന് ഉച്ചത്തിൽ ചിരിക്കണമെന്ന് തോന്ന്യാൽ പ്രദീപേട്ടന്റെ പോസ്റ്റിൽ വരണം...ഓരോ വരിയിലും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നതൊക്കെ ...എന്താ ഭാവന!!!!!!

    അതിമനോഹരമായി
    അവതരിപ്പിച്ചിരിക്കുന്നു ...പറയാൻ വാക്കുകളില്ല.!!!!.

    ReplyDelete
    Replies
    1. നന്ദി സുധീ.. ചിരിപ്പിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.

      Delete
  9. പ്രദീപ് ഭായ്...... ഗംഭീരമായി..... നല്ല നര്‍മ്മം .... ഞാനും രണ്ടു വരകളെ കാത്ത് നെഞ്ചിടിപ്പോടെ നിന്നത് ഇന്ന് ചിരിയോടെ ആസ്വദിച്ചു......ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി വിനോദ്.ചിരി ജീവിതത്തിൽ ഉടനീളം നിലനിൽക്കട്ടെ ..

      Delete
  10. കൊള്ളാം...
    ഊഷ്മളതയുള്ള പോസ്റ്റ്‌

    ReplyDelete
  11. മുഴുവൻ ‘കഥ’യും രസകരമായി അവതരിപ്പിച്ചു...

    ReplyDelete
    Replies
    1. മുഴുവനും കഥയല്ല. കഥ ഒരു പത്തു ശതമാനം മാത്രം.

      Delete
  12. പ്രദീപേട്ടാ..... ♥♥♥♥♥♥♥♥♥♥♥♥

    ReplyDelete
  13. പ്രദീപേട്ടാ..... ♥♥♥♥♥♥♥♥♥♥♥♥

    ReplyDelete
  14. വളരെ ഇഷ്ടപ്പെട്ടു ഈ സരസമായ എഴുത്ത്. അനിയത്തിയുടെ ഫോണ്‍ സംഭാഷണവും......വാഷ്ബേസിനരികിലുള്ള നില്‍പ്പും.....

    ReplyDelete
  15. അനുപമമായ ആഖ്യാനം. അനുമോദനം.

    ReplyDelete
    Replies
    1. അഭിപ്രായത്തിനും വായനയ്ക്കും നന്ദി, ഹരിദാസ്..

      Delete
  16. ഒരു ഗർഭവും പേറും പെരുമയും.സരസമായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. കൊമ്പത്തരവും വമ്പത്തരവും ..

      Delete
  17. ഒരു ഗർഭിണിയുടെ വേദനയും ഭർത്താവിന്റെ ബുദ്ധിമുട്ടുകളും ഒക്കെ ഹാസ്യത്തിൽ നന്നായി അവതരിപ്പിച്ചു.

    രാവിലെ വെറുതെ പോയ ഭാര്യയെ പറഞ്ഞു ചർദിപ്പിച്ചത്,പ്രസവ മുറി ഒഴിച്ച് ബാക്കിയെല്ലാം അടുക്കി വച്ച ബാഗ്, മുറിയ്ക്ക് മുന്നിലുള്ള നടത്തവും അമ്മയുടെ കമന്റും നർമം വളരെ ഭംഗിയായി.

    ഹാസ്യത്തിൽ തുടങ്ങി കൊച്ചു കണ്മണി വന്നതിനു ശേഷം ജീവിതവും മനോഭാവവും വ്യത്യാസമാകുന്നതും സ്നേഹം കടന്നു വരുന്നതുമായ മാറ്റം ഭംഗിയായി.

    ReplyDelete
    Replies
    1. സ്നേഹം, തുടക്കം മുതൽ ഒടുക്കം വരെ സ്നേഹം...

      Delete
  18. "വള്ളി ശകലം പ്രെഗ്നന്റ് ആയി"
    ഞാൻ തെല്ലു കുറ്റബോധത്തോടെ പറഞ്ഞു. :D കുറെ ചിരിപ്പിച്ചു പ്രദീപേട്ടാ..

    ReplyDelete
    Replies
    1. നന്ദി ധന്യ, വഴക്ക്പക്ഷിയിൽ ഒരു ദിനം ഞാൻ വരും..

      Delete
    2. I'm not Dhanya. I'm Anu. I just wrote once in vazhakkupakshi :) ആകെ കൺഫ്യൂഷൻ ആയോ പ്രദീപേട്ടാ..

      Delete
    3. This comment has been removed by the author.

      Delete
    4. Oh..! I saw the Vazhakkupakshi listed under your name, as "My Blog" and Dhanya contacted me as admin of Vazhakkupakshi for a story. ധന്യ , അനു , ധന്യ... അപ്പൊ ഞാനാരാ? ഓ..Confusion, confusion..!! :D

      Delete
    5. This comment has been removed by the author.

      Delete
    6. ഞാൻ പറഞ്ഞ് തരാം. ചേട്ടൻ കഥ കൊടുത്തുകഴിയുമ്പോൾ ചേട്ടന്റെ my blogs ന്റെ താഴെയും വഴക്കുപക്ഷി ന്നും വരും. Its a group blog. So there are more authors. Admin is dhanya. My blog is കൽക്കണ്ടം . ഒന്ന് പോയി നോക്ക് അങ്കിൾ ഓർമ വരും . എന്നെ പേരു മാറ്റി വിളിച്ചതിനു പ്രതിഷേധമായി ഇനി മുതൽ പ്രദീപേട്ടനെ പ്രദീപങ്കിൾ എന്ന് വിളിക്കുന്നതായിരിക്കും >:(

      Delete
  19. എല്ലാം മറന്നിരിക്കുവാരുന്നു .ചിരിച്ചു ചിരിച്ച് വയറു നോവുമോ!? ശകലം പ്രെഗ്നൻട് അല്ലാഞ്ഞത് ഭാഗ്യം.

    ReplyDelete
    Replies
    1. ദേ , കഥാപാത്രം വീണ്ടും വന്നു.
      ചിരിച്ചു ചിരിച്ചു ചിരിച്ചു നോവാം പ്രിയതമേ..

      Delete
  20. ഒരു ഗര്‍ഭ കാലവും പ്രസവവും അനുഭവിപ്പിച്ചു

    ReplyDelete
    Replies
    1. ഹ, ഹ, അത്രയ്ക്ക് കഷപ്പെടുത്തിയോ ഞാൻ പാവം.

      Delete
  21. മന്ദഹാസപ്പൂ വിരിഞ്ഞ ആ കുഞ്ഞിക്കവിളിൽ വിരൽ കൊണ്ട് മൃദുവായി സ്പർശിച്ചുകൊണ്ട് ഞാൻ പറഞ്ഞു,
    "ഇല്ലെടീ. അവൾ എന്നെ തിരിച്ചറിയുന്നുണ്ട്. എന്റെ പ്രകാശം അവൾ തിരിച്ചറിയുന്നുണ്ട്."

    നല്ല കഥ പ്രദീപേട്ടാ...

    നന്മയുടെ പ്രകാശം തിരച്ചറിയാൻ എന്നും അവൾക്കാവട്ടെ...
    സ്നേഹത്തിന്റെ മന്ദഹാസം എന്നും ആ ചുണ്ടുകളിൽ വിരിയട്ടെ...
    തിരക്കുകൾക്കുവേണ്ടിയുള്ള ജീവിതത്തിൽ അച്ഛനെയും അമ്മയെയും അവൾ മറക്കാതിരിക്കട്ടെ...
    കുഞ്ഞുമോളുടെ പുഞ്ചിരി എന്നും ആ കണ്ണുകൾക്ക്‌ കുളിർമ്മയേകട്ടെ..

    ReplyDelete
    Replies
    1. നന്മയുടെ പ്രകാശം എന്നും എല്ലാവരും തിരിച്ചറിയട്ടെ.

      Delete
  22. ആ കുഞ്ഞുമോൾക്ക് എന്റെ ഒരു ഹായ് പറഞ്ഞേക്കണേ. പാവം ഭർത്താക്കന്മാരുടെ പ്രസവവേദന ആര് കാണാൻ അല്ലേ.

    ReplyDelete
    Replies
    1. അദാണ്.. പാവം ഭർത്താക്കന്മാർക്ക് സമർപ്പണം .

      Delete
  23. ആസ്വദിച്ചൂട്ടോ...

    ReplyDelete
    Replies
    1. നന്ദി സുധീർദാസ് ..

      Delete
  24. ഇത്ര നല്ലൊരു പോസ്റ്റ് ഞാൻ വേറെ വായിച്ചിട്ടില്ല. അത്രമാത്രം ഹൃദയഹാരി.!!
    നന്ദി.

    ReplyDelete
  25. നല്ല അവതരണം ,, ഒരു അച്ഛനാവാന്‍ പോവുന്നതിന്റെ എല്ലാ ത്രില്ലും സരസമായി അവതരിപ്പിച്ചു. ആശംസകള്‍ .

    ReplyDelete
    Replies
    1. നന്ദി ഫൈസൽ. ചില ത്രില്ലുകൾ ജീവിതാവസാനം വരെ.

      Delete
  26. എപ്പോഴും ചിരിപ്പിക്കും -ഇത്തവണ ചിരിപ്പിച്ചു, മെല്ലെ നനയിച്ചു.. ഒരു നാണോം ഇല്ലാതെ കവിളിലൂടെ ഒഴുകിയിറങ്ങി ചില ഓർമ്മകൾ! നന്ദിയുണ്ട് പ്രദീപേട്ടാ! ഞാനെൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെ വല്ലാതെ മിസ്‌ ചെയുന്നു :(

    ReplyDelete
    Replies
    1. പ്രകാശം അവിടെത്തന്നെയുണ്ട്...എപ്പോഴും ഉണ്ടായിരിക്കും.

      Delete
  27. പ്രസ്സവ വേദന ചിരി വേദനയാക്കി മനോഹരം ഭായ് ... ചിരിച്ചു .

    ReplyDelete
    Replies
    1. നമുക്ക് ചിരിക്കാം, പക്ഷെ..!!

      Delete
  28. ചര്‍ദ്ദിക്കുന്നോര്‍ക്കല്ലേ അതിന്റെ പ്രയാസം അറിയൂ..എന്നാലും എഴുത്ത് ഗംഭീരായിട്ടൊ!!!

    ReplyDelete
  29. ഒരുപാട് തവണ വായിച്ചു, കുറെ പേര്‍ക്ക് അയച്ചു കൊടുത്തു.

    ReplyDelete
  30. അമ്മയേക്കാള്‍ അച്ഛനാണ് ഇത് വായിച്ചാല്‍ ഫീല്‍ കിട്ടുക....

    ReplyDelete
    Replies
    1. ഒരു അച്ഛന്റെ രോദനം, അല്ലെ? :)

      Delete
  31. രസകരമായി അവതരിപ്പിച്ചു പ്രദീപേട്ടാ ...:)

    പിന്നേ മനസ്സില്‍ പൊക്കിയെടുത്ത് ആറു വട്ടം കറക്കിയത് നന്നായി ല്ലേല്‍ കാണായിരുന്നു മ്ഹാ ..:p

    ReplyDelete
  32. ഹ ഹ..നന്നായി രസിപ്പിച്ച എഴുത്ത്!!

    ReplyDelete
  33. ങ്ഹേ......ഞനിനിവിടെയല്ലേ കമന്‍റിയത്....ഹോാാ..... കണ്‍ഫ്യൂഷന്‍...... കണ്‍ഫ്യൂഷന്‍...... എന്നാ ഇന്നാ പിടിച്ചോ.....
    ഞാനും രണ്ടു പ്രാവശ്യം ഇതനുഭവിച്ചു..... മൂന്നാമത്തേതിനും ഞാൻ റെഡിയായിരുന്നു....പക്ഷേ അയാളടുക്കില്ല....
    (രണ്ടും ആണായിപ്പോയി)...
    എന്തായാലുംഘടാഘടിയന്‍ എഴുത്ത്..... ഗംഭീര നര്‍മ്മം..... അന്നത്തേ വേദന ഇന്നത്തേ നര്‍മ്മം...
    രണ്ടാം വായനക്ക് വന്നപ്പോഴാണ് ....കമന്‍റിയില്ലെന്ന് കണ്ടത്.....
    ഒരുപാട് ആശംസകൾ......

    ReplyDelete
  34. കൊള്ളാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

    ReplyDelete
  35. ആദ്യത്തെ കണ്മണി നന്നായി വരട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  36. സൂപ്പർ കഥ. എല്ലാം മറന്ന് ചിരിച്ചു.

    ReplyDelete
  37. വായനാസുഖം നൽകും തരത്തിൽ രസകരമായി അവതരിപ്പിച്ചു.
    ആശംസകൾ

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...