Friday 7 November 2014

മാംഗല്യം തന്തുനാനേനാ



ആദ്യമായും അവസാനമായും പെണ്ണ് കണ്ട കഥയും  കെട്ടുന്നതിനു മുൻപ് ആ മഹതിയെ പ്രണയിക്കാൻ കഷ്ടപ്പെട്ട കഥയും പറഞ്ഞു കഴിഞ്ഞു.
ഇനി കല്യാണം.

അങ്ങനെ പ്രതിശ്രുത വധുവിനെ പ്രണയിച്ചു നടക്കവേ കല്യാണദിവസം ഓടിയിങ്ങെത്തി.
കല്യാണദിവസത്തിനും രണ്ടു ദിവസം മുൻപേ  രണ്ടാഴ്ചത്തെ ലീവും എഴുതിക്കൊടുത്ത് വരൻ തിരുവനന്തപുരത്തു നിന്നും ചെങ്ങന്നൂരുള്ള സ്വന്തം വീട്ടിൽ  ഹാജരായി.

കയ്യിലൊരു പെട്ടീം  തൂക്കി ഗേറ്റ്  കടന്നു വീട്ടിനകത്തേയ്ക്ക്  കയറുമ്പോൾ അച്ഛൻ ചുഴിഞ്ഞൊന്നു നോക്കി.
"എന്തിനാടാ ഇത്രേം നേരത്തെ വന്നേ ? ഒരാഴ്ചകൂടി കഴിഞ്ഞു വന്നാപ്പോരാരുന്നോ?"

രണ്ടു ദിവസം കഴിഞ്ഞു കെട്ടാൻ പോകേണ്ട ചെർക്കനോടാണ്  താതന്റെ ചോദ്യം, ഒരാഴ്ച കഴിഞ്ഞു വന്നാൽ പോരാരുന്നോന്ന്..!!

ലീവ് ചോദിച്ചപ്പോൾ ബോസ്സും ഇങ്ങനെ ചോദിച്ചായിരുന്നു.
" ഒരാഴ്ച കഴിഞ്ഞു പോയാപ്പോരെ, ഇപ്പൊ പ്ലാന്റിൽ ഒരുപാടു പ്രശ്നങ്ങൾ ഒക്കെയുള്ളതല്ലേ...!!"
പ്രതിശ്രുതവധുവിനെ  പ്രേമിക്കാൻ ബുദ്ധി ഉപദേശിച്ചുതന്ന ആളായിപ്പോയി,  അല്ലേൽ  രണ്ടെണ്ണം പൊട്ടിച്ചേനെ ..

ഭയഭക്തിബഹുമാനത്തോടെ ഒന്നും ഉര ചെയ്യാതെ ഗൃഹപ്രവേശം ചെയ്തപാടെ   താതൻ  പുറകിൽ  നിന്ന് വിളിച്ച് അറിയിപ്പ് നൽകി .
"ദേണ്ടെ വരുന്നെടീ, കെട്ടാൻ പോകേണ്ട നിന്റെ മ്വാൻ.."

നോക്കിക്കോണേ, വെറുതെ കാളകളിച്ചു നടന്ന എന്നെ  പ്രേരിപ്പിച്ച് വേളി കഴിക്കാനും സമ്മതിപ്പിച്ചു, ഇപ്പൊ ഞാൻ വല്ല്യ തെറ്റുകാരനുമായി. 
ലോകം മൊത്തം എനിക്കെതിരാണെന്നു തോന്നുന്നു.

കല്യാണത്തിനു വേണ്ട കാര്യങ്ങൾ ചെയ്യാതെ ചുമ്മാ കെട്ടാനായി കേറിവന്നു ഉത്തരവാദിത്വമില്ലാത്തവൻ എന്നൊക്കെയാണ് വ്യംഗ്യന്തരേണ താതഭാഷണം.
കല്യാണനിശ്ചയത്തിന് ചെന്നില്ല എന്നു പറഞ്ഞ് പ്രതിശ്രുതവധുവും ഉത്തരവാദിത്വമില്ലാത്തവൻ എന്ന് ചൊന്നായിരുന്നു.
എല്ലാം സഹിക്കാൻ  ഈ ഒരു ജന്മം ബാക്കി എന്ന ഒരു ഭാവം കഷ്ടപ്പെട്ട് മുഖത്തു വരുത്തി അമ്മയുടെ അരികിലെത്തി.

തീരെ ഉത്തരവാദിത്വം ഇല്ലാത്തവനെന്നു പറഞ്ഞു കൂടാ, കല്യാണത്തിന് ഇടാനുള്ള ഉടുപ്പ് രൂപാ രൊക്കം ഇരുന്നൂറ്റമ്പതു  മുടക്കി  വാങ്ങിച്ചോണ്ട് വന്നിട്ടുണ്ട്.
അതില്ലേൽ ഈ കല്യാണം എങ്ങനെ നടക്കുമായിരുന്നു?
ഇത് വല്ലതും ഇവർക്കറിയാമൊ ?

പെട്ടിയിൽ നിന്നും ഉടുപ്പെടുത്തു അമ്മയെയും പെങ്ങളെയും കാണിച്ചു. കൊള്ളാമെടാന്നു അമ്മ പറഞ്ഞു.
ചേച്ചി എച്ചിൽ പാത്രത്തിൽ കാക്ക നോക്കുന്നതുപോലെ കൃത്രിച്ചു നോക്കി   ഒന്ന് മൂളി. അവൾ പണ്ടേ അങ്ങനെയാ, എന്റെ കാര്യങ്ങൾക്കെല്ലാം ഒരു പാരയാണ്. അനിയത്തിയായിരുന്നെങ്കിൽ കുനിച്ചു നിർത്തി നാലിടി കൊടുക്കാമായിരുന്നു. ചേച്ചിയായിപ്പോയി.
കുറ്റമൊന്നും പറയാനില്ലാത്തത്‌ കൊണ്ടാവും അവൾ ചോദിച്ചു,
"എടാ, മുണ്ടെവിടെ?"

മുണ്ടോ? ഏതു മുണ്ട്?
വായും പൊളിച്ചു നിൽക്കുന്നത്  കണ്ടപ്പോൾ ചേച്ചി അത്യധികം സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു,
"അമ്മെ, ഇവൻ മുണ്ടില്ലാതെയാണ് വന്നിരിക്കുന്നത്. ഈ കല്യാണത്തിനു ഞാനെങ്ങും വരുന്നില്ല. മുണ്ടുടുക്കാതെ ഉടുപ്പു മാത്രം ഇട്ടു കല്യാണം കഴിക്കുന്ന ആദ്യത്തെ ചെറുക്കൻ ഇവനായിരിക്കും"

ഇവളെ  കുനിച്ചു നിർത്തി ഇവളുടെ ഭർത്താവിനു നാലിടി കൊടുത്താലെന്താ.?
സോറി, ഇവളുടെ ഭർത്താവിനെ കുനിച്ചുനിർത്തി ഇവൾക്ക് നാലിടി കൊടുത്താലെന്താ?
ഛെ,..ഇവളുടെ ഭർത്താവിനു ഇവളെ  കുനിച്ചു നിർത്തി  നാലിടി കൊടുത്താലെന്താ..!!
അതെങ്ങനാ അങ്ങേരു  അവളെ കൈവെള്ളേലാണ് കൊണ്ടു  നടക്കുന്നത്.

ചെങ്ങന്നൂർ  മഹാദേവർ ക്ഷേത്രത്തിന്റെ  കിഴക്കേനട.
മുഹൂർത്തമായി, മുഹൂർത്തമായി എന്ന് ശാന്തിക്കാരൻ ഉറക്കെ പറയുന്നു.
ഗട്ടിമേളം, ഗട്ടിമേളം എന്ന് ആരോ വിളിച്ചു പറയുന്നു..
ചെറുക്കൻ താലി കയ്യിലെടുക്കുന്നു.
പെണ്ണ് മുഖം പൊത്തിപ്പറയുന്നു, 
"അയ്യേ, ഞാനെങ്ങും  കെട്ടില്ല...ഈ ചെറുക്കന് ദേണ്ടെ മുണ്ടില്ല..!!"
ഞാൻ തല കയ്യിൽ താങ്ങി അന്തം വിട്ടു സോഫയിലിരുന്നു.

"ഡാ, എന്റെ കീറിയൊരു മുണ്ട് അവിടെ കിടപ്പുണ്ട്. നീ കഴുകിയെടുത്തോ"
അനിയൻ സ്നേഹമുള്ളവനാണ്.
അരമുറി ദോശയ്ക്ക് പണ്ട് തല്ലു മേടിച്ചു തന്ന വഞ്ചകൻ.

"സാരമില്ലെടാ, നീയും അളിയനും കൂടി ഉച്ചകഴിഞ്ഞു ചെങ്ങന്നൂരുപോയി മുണ്ട് വാങ്ങ് . അച്ഛനറിയണ്ട. ഇനി അത് മതി. തിന്നുകളയും...!!"
അമ്മ സമാശ്വസിപ്പിച്ചു.

അമ്മയങ്ങനെയാണ്.അച്ഛനു ദേഷ്യം വന്നാൽ "അച്ഛനറിയണ്ട. ഇനി അത് മതി. തിന്നുകളയും" എന്ന് പറഞ്ഞാണ് ഞങ്ങളെ പേടിപ്പിക്കുന്നത്.
വരാന്തയിൽ പണ്ട് കോഴി കാഷ്ടിച്ചു വച്ചപ്പോഴും അമ്മ പറഞ്ഞിരുന്നു, ഡാ കോരിക്കള , അച്ഛനറിയണ്ട,  തിന്നുകളയും...!! 

അങ്ങനെ ഉച്ചകഴിഞ്ഞ് അളിയനുമൊത്തു രഹസ്യമായി പോയി ഒരു മുണ്ട്  വാങ്ങിയതോടെ എന്റെ കല്യാണത്തിനു അച്ഛൻ എന്നെ എല്പ്പിച്ച  രണ്ട്  ഉത്തരവാദിത്വങ്ങളിൽ ഒന്ന്  തീർന്നു.
ഇനി  താലികെട്ടാണ് ശേഷിക്കുന്നത്..

കല്യാണ  ദിവസം രാവിലെ കുളിച്ചു കുട്ടപ്പനായി (ഞാൻ തന്നെ) വന്നു.
കല്യാണ മുണ്ടും ഉടുപ്പുമൊക്കെ അണിഞ്ഞു.
മുഖക്കുരു കയറിയിറങ്ങിയ മുഖത്തെ കുണ്ടുകുഴികളെല്ലാം പൗഡർ  ഇട്ടു നികത്തി  കോലൻ മുടിയൊക്കെ ചീകിയൊതുക്കി സുന്ദരനായി. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞു.

അച്ഛൻ-" ഇവന് കെട്ടാനുള്ള പ്രായമായോ?"
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ.... )

അമ്മ- " ഡാ, മുണ്ട് മുറുക്കിയുടുത്തോണം. പണ്ടിവൻ ആദ്യമായി മുണ്ടുടുത്തപ്പോൾ മുണ്ടിന്റെയറ്റത്തു കാലുതട്ടി മൂക്കുംകുത്തി വീണവനാ.."
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ... )

ചേച്ചി - " കൊള്ളാമെടാ, ഒരുങ്ങുന്നതിനു മുമ്പത്തെപ്പോലെ തന്നെയുണ്ട്. നീ വെറ്തെ ഇനി ഒരുങ്ങി സമയം കളയണ്ട"
(കാണികളായ ബന്ധുമിത്രാദികൾ - ഹ ഹ ഹ.. )

അനിയൻ-" സുന്ദരനാടാ..നീ പോയി ചുമ്മാ കെട്ടീട്ടു വാടാ"
(കാണികളായ ബന്ധുമിത്രാദികൾ -എന്നിട്ട് വേണം അവനൊന്നു കെട്ടാൻ...ഹ ഹ ഹ ....)

അളിയൻ - (ആത്മഗതം) " നിനക്കങ്ങനെ തന്നെ വേണം"'
പുള്ളിക്കാരന്റെ ആക്കിയ ചിരി  കണ്ടാൽ തോന്നും അങ്ങേർക്കു ചേച്ചിയെ കെട്ടിച്ചു കൊടുത്തതിന്റെ മുഴുവൻ കുറ്റവും എനിക്കായിരുന്നുവെന്ന്.

ചെങ്ങന്നൂർ  മഹാദേവർ ക്ഷേത്രത്തിനു  രണ്ടു നടകളുണ്ട് .
കിഴക്കേനടയിൽ ശിവനും പടിഞ്ഞാറെ നടയിൽ പാർവതിയുമാണ് പ്രതിഷ്ഠ. രണ്ടുപേരും പിണങ്ങിയതുകൊണ്ടാണ് പരസ്പരം  പുറംതിരിഞ്ഞിരിക്കുന്നതെന്ന് ഏതോ ഒരു രസികൻ തമാശിച്ചിട്ടുണ്ട്. കല്യാണം ശിവന്റെ നടയിലാണ്. 

കല്യാണത്തിനു ഒരു പ്രത്യേകത കൂടിയുണ്ട്. എന്റെ വധുവിന്റെ അനിയത്തിയുടെ കല്യാണവും അന്നേദിവസം തന്നെയാണ്‌. ചേച്ചിയുടെ കല്യാണം കിഴക്കേനടയിൽ ശിവനെ കാണിച്ചു കഴിഞ്ഞാലുടൻ   പടിഞ്ഞാറെ നടയിൽ അനിയത്തിയുടെ കല്യാണം പാർവതിയെ കാണിക്കും. 

മൂത്ത മകളെ കിഴക്കേനടയിൽ ശിവനു മുമ്പിൽ വച്ചു കല്യാണം കഴിപ്പിച്ചു വിട്ടാൽ പടിഞ്ഞാറെനടയിൽ  പാർവതി  പിണങ്ങുമല്ലോ. അപ്പോൾ ഇളയ മകളെ പടിഞ്ഞാറെ നടയിൽ വച്ചു കല്യാണം  കഴിപ്പിച്ചു വിട്ടാൽ പിന്നെ ആ പിണക്കം  ഒഴിവാക്കാം എന്നതായിരുന്നു ശ്വശുരന്റെ പക്ഷം. നമ്മൾ എന്തിനാണ് വെറുതെ ഉമാമഹേശ്വരന്മാരുടെ പിണക്കം കൂട്ടുന്നത്‌..
എന്നാൽ രണ്ടു കല്യാണം ഒരൊറ്റ സദ്യയിൽ ഒതുക്കിയത് തീർത്തും  നിഗൂഢവും വഞ്ചനാപരവും പ്രത്യേകിച്ചും  അത്തരം  സവിശേഷസാഹചര്യത്തിൽ  വരാവുന്ന  സാംസ്കാരിക രാഷ്ട്രീയ സാമൂഹിക  സമ്മർദങ്ങളെ  മറികടക്കാനുള്ള ഒരു കുതന്ത്രവുമാണെന്ന് (സുകുമാർ അഴീക്കോട് സാറിന്റെ കൈ ചുഴറ്റൽ സ്മരിക്കുക)  ചെങ്ങന്നൂരുകാർ തീർത്തും വിശ്വസിച്ചു.
ഉമാമഹേശ്വരന്മാരാകട്ടെ പ്രത്യേകിച്ചു ഒരഭിപ്രായവും പറഞ്ഞതുമില്ല.
അതെങ്ങനെയാ, അവർ പിണക്കത്തിലാണല്ലോ..!

കിഴക്കേ നടയിലെ  കല്യാണമണ്ഡപത്തിൽ  തറയിൽ വിരിച്ച തുണിയിൽ  ഞാൻ ശിവനെയും നോക്കി ചമ്രം പടഞ്ഞിരുന്നു.
പുള്ളിക്കാരനെന്തെളുപ്പമായിരുന്നു. പാർവതി പുറകെ നടന്നു പ്രേമിച്ചു കൂടെ കേറി താമസ്സിക്കുകയായിരുന്നു.

ആരോ വധുവിനെ കൊണ്ടുവന്നു  എന്റെയടുത്തിരുത്തി.

വധുവിന്റെ അനിയത്തി സർവാഭരണവിഭൂഷിതയായി അച്ഛനെ ചൊറിഞ്ഞു.
"അച്ഛാ, വേഗമാകട്ടെ.. ന്റെ കല്യാണം.."

"ഇത് കഴിയട്ടെടീ . നീ അടങ്ങി നിൽക്ക് .." അച്ഛൻ സമാധാനിപ്പിച്ചു.

"മുഹൂർത്തമായോ "
ആരോ ചോദിച്ചു.

"ഇല്ലാ, അൽപനേരം കൂടിയുണ്ട്" പരികർമി ചൊല്ലി.

ഞാനെന്റെ കല്യാണം അങ്ങനെ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ വധുവിന്റെ അനിയത്തി വീണ്ടും ചിണുങ്ങി.
"അച്ഛാ, വേഗമാകട്ടെ.. ന്റെ കല്യാണം.."

ശ്ശേടാ, ജീവിതത്തിൽ ആകെയുള്ള ഒരു കല്യാണമാണ്. അത് ഒന്ന് ആസ്വദിച്ചു കഴിക്കാനും സമ്മതിക്കില്ലേ?
ഞാൻ അനിയത്തിയെ രൂക്ഷമായി നോക്കി.

അച്ഛൻ വീണ്ടും മോളെ സമാധാനിപ്പിച്ചു.
"നിന്നെ കെട്ടിച്ചു വിട്ടിട്ടേ  ഞാനിവിടുന്ന് പോകൂ.. സത്യം സത്യം സത്യം.."

അതാണ്‌. ക്ഷമിക്കൂ കുട്ടീ.
ഞങ്ങൾ ഒന്ന് കഴിച്ചു തീരട്ടെ.പിന്നെയാകാം നിങ്ങൾക്ക് ..

നാദസ്വരക്കാരൻ അയാളുടെ ജോലി തുടങ്ങി.
നാട്ടുകാരെല്ലാം ചുറ്റും നിറഞ്ഞു നിന്ന് ഞങ്ങളെ അന്തം വിട്ടു നോക്കി നിന്നു.
ഞാൻ കുറേശ്ശെ വിയർക്കാൻ തുടങ്ങി.

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, വധുവിന്റെ അനിയത്തി വീണ്ടും അച്ഛനെ തോണ്ടി ചിണുങ്ങി.
"അച്ഛാ , വേഗമാകട്ടെ. എന്റെ കല്യാണം.. എന്റെ കല്യാണം.."

ശ്ശേടാ, കേട്ടാൽ തോന്നും അപ്പുറത്ത്  പാർവതി ആ കല്യാണം കാണാൻ മുട്ടി നില്ക്കുകയാണെന്ന്.. അതോ ഇപ്പോൾ ഓഫീസ്   പൂട്ടി പാർവതി കൈലാസത്തിന് മടങ്ങുമോ?കൊച്ചേ , അവര് തമ്മിൽ പിണക്കമാണെങ്കിലും പാർവതി ശിവനെ വിട്ടെങ്ങും പോവില്ല..
രണ്ടുപറയാനായി മുഖമുയർത്തിയപ്പോൾ അനിയത്തിയുടെ പ്രതിശ്രുത വരൻ അക്ഷമനായി കയ്യും കെട്ടി നില്ക്കുന്നത് കണ്ടു.
അല്ലേൽ വേണ്ട, കക്ഷിക്ക് എന്നെക്കാൾ തടി അല്പം കൂടുതലാ..

അച്ഛൻ വീണ്ടും സമാധാനിപ്പിച്ചു.
"നീ വെപ്രാളം പിടിക്കാതെ. ഇത് കഴിയട്ടെ. അല്ലേൽ ചേട്ടത്തിയെ നിർത്തീട്ട് അനിയത്തിയെ കെട്ടിച്ചു വിട്ടെന്ന് നാട്ടാര് പഴി പറയില്ലേ?"

ന്യായമായ സംശയം കേട്ടതുകൊണ്ടാവണം അനിയത്തി അല്പം ഒതുങ്ങി.

കല്യാണത്തിനു താലികെട്ടുമ്പോൾ കൈ വിറച്ചായിരുന്നു എന്ന് പിൽക്കാലത്ത് വാമഭാഗം  പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചുകൊടുത്തിട്ടില്ല. തെളിവായി വീഡിയോയൊക്കെ അവൾ പിന്നീട് ഹാജരാക്കി. പക്ഷെ അത് വീഡിയോഗ്രാഫറുടെ കൈ വിറച്ചതുകൊണ്ടാണ് എന്നൊരു വാദമുയർത്തി ഞാൻ അതിനെ ശക്തിയായി പ്രതിരോധിച്ചു.



നാത്തൂന്റെ അവകാശം ഉപയോഗിച്ച് ചേച്ചി താലികെട്ടാൻ ഒരു ശ്രമം നടത്തിയെങ്കിലും ഞാൻ സമ്മതിച്ചു കൊടുത്തില്ല. എനിക്ക് തന്നെ കെട്ടണം, തന്നത്താൻ തന്നെ കെട്ടണം എന്ന വാശിയിലായിരുന്നു ഞാൻ .

താലികെട്ടിയയുടൻ പെണ്ണിന്റെ കൈ പിടിച്ചു എന്റെ കയ്യിൽ എൽപ്പിച്ച്  ശ്വശുരൻ ഉവാച...
"മൂന്നുവട്ടം കറങ്ങീട്ടു ഓടിവാ. അടുത്ത കല്യാണത്തിനു സമയമായി" 

പെണ്ണിന്റെയനിയത്തി എല്ലാരേം കളഞ്ഞിട്ട് പടിഞ്ഞാറോട്ട് ഒരൊറ്റയോട്ടം..

മൂന്നുവട്ടം എന്നേം വലിച്ചു മണ്ഡപത്തിനു ചുറ്റും  പമ്പരം പോലെ കറങ്ങീട്ട്  സ്വന്തം കൈകൾ വിടുവിക്കാതെ എന്റെ പ്രിയതമയും  പടിഞ്ഞാറെനടയിലേയ്ക്ക് ഒരൊറ്റ ഓട്ടം. കൂടെ ആ കൈകളിൽ   കൊരുത്തുതൂങ്ങി  കാറ്റിൽ പറന്നു ഞാനും. 
അവിടെ ഭാര്യയുടെ അനിയത്തിയുടെ കല്യാണം.
അങ്ങനെ രണ്ടുകല്യാണം  ഒരുമിച്ചു കൂടാനും ഭാഗ്യമുണ്ടായി.

ഗംഭീരസദ്യയായിരുന്നു. തിരുവനന്തപുരത്തുനിന്നും വന്ന സഹപ്രവർത്തകർ മദ്ധ്യതിരുവിതാംകൂർ സദ്യ ആസ്വദിച്ചു കഴിച്ചു. ഒരു തീറ്റിപ്രാന്തൻ സദ്യ കഴിഞ്ഞു വന്നു അഭിപ്രായം അറിയിച്ചു.
"സാറേ, അടിപൊളി സദ്യന്നെ, വോ..!! ഒന്നൂടെ കഴിച്ചാ കൊള്ളാന്നുണ്ട്. സാറ് ഇവിടുന്നന്നെ ഒന്നൂടെ കെട്ടുമോ?"

അനിയത്തിയും ഭർത്താവും  സന്തോഷത്തിൽ അടുത്തെത്തി. ഈ ഭർത്താവ് എന്റെ ചേച്ചിയുടെ ക്ലാസ്മേറ്റായിരുന്നു. അപ്പോൾ എന്നെക്കാൾ രണ്ടു വയസ്സ് പ്രായം കൂടും.
ഞാനാകെ സംശയത്തിലായി. കല്യാണം കഴിക്കുന്നതുവരെ പുള്ളിക്കാരൻ എനിക്കൊരു ഒരു ചേട്ടനായിരുന്നു. രണ്ടു കല്യാണങ്ങളും  കഴിഞ്ഞതോടെ പുള്ളിക്കാരൻ ഭാര്യയുടെ അനിയത്തിയുടെ  ഭർത്താവ് എന്ന നിലയിൽ എനിക്ക്  അനിയനായിത്തീർന്നു.
ഒറ്റനിമിഷം കൊണ്ട് ജ്യേഷ്ഠസ്ഥാനത്തു നിന്നും അനിയനായിത്തീർന്ന ആ ഹതഭാഗ്യവാനെ നോക്കി ഞാൻ സഹതാപത്തോടെ ആരാഞ്ഞു.
"ഭവാനെ ഞാൻ എന്ത് വിളിക്കണം? ചേട്ടനനിയനെന്നോ, അനിയൻ ചേട്ടനെന്നോ?"
"ചീത്ത വിളിക്കാതിരുന്നാൽ മതി. എല്ലാം കോമ്പ്ലിമെന്റാക്കാം. പേരുവിളിച്ചാൽ മതി"

കല്യാണരാത്രി പ്രിയതമയും വളരെ ഭവ്യതയോടെ ചോദിച്ചു 
"എന്താണ് ഞാൻ അങ്ങയെ വിളിക്കേണ്ടത്..?"

ചേട്ടനനിയനെ ഓർത്ത് ഞാൻ ഇമ്മിണി വലിയ ഗമയിൽ പറഞ്ഞു 
"നമ്മൾ തമ്മിൽ വല്യ പ്രായവ്യത്യാസമൊന്നുമില്ലല്ലൊ. നീ പേരുവിളിച്ചാൽ മതി."

"അത് അച്ഛനുമമ്മയ്ക്കും ഇഷ്ടമാവുമോ?"
അവൾ സംശയം പ്രകടിപ്പിച്ചു .

"സാരമില്ല, ഞാൻ പറഞ്ഞിട്ടല്ലേ, നീ പേരു വിളിച്ചാൽ മതി.. "
ഞാൻ മഹാമന്സകനായി.

"ചേട്ടാന്നായാലോ?"

"വേണ്ട, പേര് വിളിച്ചാൽ മതി"

"ഓ, എന്നാലും ആൾക്കാരെന്തോ പറയും"

"ആൾക്കാര്....!!  ആൾക്കാരുപറഞ്ഞാൽ എനിക്ക് പുല്ലാ..നീ പേരു വിളിച്ചാൽ മതി.. "

"എന്നാലും..അണ്ണാന്നു വിളിച്ചാലോ?"

"മാണ്ട..ഒരു തമിഴുചുവ ..നീയെന്നെ പേര് വിളിച്ചാൽ മതി."

"ശ്ചെ , ചേച്ചി എന്തു  വിചാരിക്കും.."
അപ്പോൾ നാത്തൂനേ പേടിയുണ്ടല്ലേ?

"ഓ, അവളൊന്നും പറയില്ല. അവളെ ഞാൻ വെരുട്ടി നിർത്തിക്കോളാം ..നീ പേരു വിളിച്ചാൽ മതി.."

"എന്നാലും ഞാൻ അതറിഞ്ഞു ചെയ്യണ്ടേ? ചേട്ടാന്നു തന്നെയായാലോ?"

"വേണ്ട. നീയെന്നെ പ്രദീപേന്നു വിളിച്ചാൽ മതി"

"പേര് വിളിച്ചാ അവസാനം പ്രശ്നമാകുമൊ?"

"നിന്നോടല്ലേ പേരുവിളിച്ചാൽ മതീന്ന്  പറഞ്ഞത്..!! "
ഞാൻ പൗരുഷനായി.

"ശരി, പ്രദീപേ" അവൾ വിനയകുനിതയായി തലകുലുക്കി ..

അല്ല പിന്നെ, ഭർത്താവ് പറഞ്ഞാൽ  ഭാര്യ കേൾക്കണ്ടേ ..!!??
കൂടുതൽ ദേഷ്യം ഭാവിച്ചില്ല.  അവൾ ഒരു ദന്തിസ്റ്റല്ലേ, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട (ഞാൻ) ...

കന്നിനെ കയം കാണിച്ചാൽ എന്തുപറ്റും?
താമസംവിനാ  അവൾ എന്നെ പ്രദീപേ , നീ, എടാ, വാടാ, പോടാ എന്നൊക്കെയായി വിളി.

ബഷീർ  പറഞ്ഞതാണ് സത്യം.
കെട്ടിയ ഉടനെ പെണ്ണിന്റെ പള്ളയ്ക്ക് നോക്കി അഞ്ചാറു കുത്തുവച്ചു  കൊടുക്കേണ്ടിയിരുന്നു.

45 comments:

  1. ന്‍െറ പ്രദീപേട്ടാ....്

    ചിരിച്ച് ചിരിച്ച് ഊപ്പാടിളകി....


    Superbbbb......

    Love u pradeeepetaaa

    ReplyDelete
    Replies
    1. ചിരിച്ചോ, ചിരിച്ചോ, കേട്ടുമ്പോ അറിഞ്ഞോളും.. :(

      Delete
  2. വളരെ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ.....

    ReplyDelete
  3. സത്യമായും കൈ വിറച്ചാരുന്നു . ഞാൻ ഊറി ചിരിക്കുന്ന കണ്ടില്ലേ! നിന്ടെ തല കുലുങ്ങിയതു കൊണ്ടാണ്,ചേച്ചി ചിരിച്ചതു കൊണ്ടാണ്,അമ്മ നോക്കിയതുകൊണ്ടാണ്,ക്യാമറ കുലുങ്ങിയതു കൊണ്ടാണ്...........ഇങ്ങനെ പലതും പലരും പറയും.

    ReplyDelete
    Replies
    1. കഥാപാത്രങ്ങൾ നേരിട്ട് വന്നു കമന്റ് പറയുന്നത് ഫൗൾ ആണ്. അതുകൊണ്ട് പ്രസ്താവന മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ലാ എന്ന് തെര്യപ്പെടുത്തുന്നു.

      Delete
  4. Really enjoyed it.
    Beautiful story & awesome writing.
    Congrats!

    ReplyDelete
    Replies
    1. നന്ദി ആൽഫി .. .വീണ്ടും വരിക.

      Delete
  5. ലോകം മൊത്തം എനിക്കെതിരാണെന്നു തോന്നുന്നു.>>>>>>>>>>>>>>>>>

    അല്ലെങ്കിലും ഒരാള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍ ഈ ലോകം മുഴുവന്‍ എതിരെ നില്‍ക്കും എന്ന് പാവലോ കോവലോ പറഞ്ഞിട്ടുണ്ടല്ലോ. എല്ലാം ക്ഷമിക്കൂ പ്രദീപ്, എല്ലാം ക്ഷമിക്കൂ.

    ReplyDelete
    Replies
    1. ക്ഷമിച്ചിരിക്കുന്നു.. :)

      Delete
  6. ചിരുച്ചു ചിരുച്ചു മണ്ണു കപ്പി

    ReplyDelete
    Replies
    1. തുപ്പിക്കള ..തുപ്പിക്കള ..!!

      Delete
  7. ഡാ പ്രദീപേ (എന്നെ തല്ലരുത് ഞാനും വിളിക്കും ) . ഇമ്മാതിരി എയുതും കൊണ്ട് വന്നു മനുഷ്യനെ ചിരിപ്പിച് ഇടങ്ങേരാക്കിയാൽ ഞാൻ പോലീസ് കേസ് കൊടുക്കും കട്ടായം 😄😊

    ReplyDelete
    Replies
    1. ഗ്ര്ർ.. പോലീസ് ഞമ്മക്ക് , അല്ലെ വേണ്ട, അല്ലെ വേണ്ട..

      Delete
  8. രസകരമായി അവതരിപ്പിച്ചു.
    ഒരു ടെന്‍ഷനുമില്ലാതെ നേരെയങ്ങ് കെട്ടാന്‍ വന്നൂലോ! അതിനുംവേണം ഒരു യോഗം.
    രണ്ടുവിവാഹങ്ങളും അങ്ങനെ പൊടിപൊടിച്ചു.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ തങ്കപ്പേട്ടാ ..അങ്ങനെയും ഒരു കാലം..

      Delete
  9. കേമായിട്ടോ... അമ്മയുടെ "തിന്നുകളയും" പ്രയോഗം എനിക്ക് നല്ല ഇഷ്ടായി :) :)

    ReplyDelete
  10. ബഷീർ പറഞ്ഞതാണ് സത്യം.
    കെട്ടിയ ഉടനെ പെണ്ണിന്റെ പള്ളയ്ക്ക് നോക്കി അഞ്ചാറു കുത്തുവച്ചു കൊടുക്കേണ്ടിയിരുന്നു.
    ഹും ഓൾ തിരിച്ചെന്തു ചെയ്യും എന്ന് ബഷീർ പറഞ്ഞിട്ടില്ല!
    ഒരു തീറ്റിപ്രാന്തൻ സദ്യ കഴിഞ്ഞു വന്നു അഭിപ്രായം അറിയിച്ചു.
    "സാറേ, അടിപൊളി സദ്യന്നെ, വോ..!! ഒന്നൂടെ കഴിച്ചാ കൊള്ളാന്നുണ്ട്. സാറ് ഇവിടുന്നന്നെ ഒന്നൂടെ കെട്ടുമോ?"
    എന്താ നോക്കുന്നോ?
    ബിന്ദു ലാക്കിട്ടറെ .............
    അവൾ ഒരു ദന്തിസ്റ്റല്ലേ, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട (ഞാൻ) ...
    ഇതെന്നും ഓർമ്മ വേണം

    ReplyDelete
    Replies
    1. ഒരു മനുഷ്യന് എന്തുമാത്രം പാര വയ്ക്കാൻ കഴിയുമെന്നു നോക്കിക്കേ..!!

      Delete
  11. ചിരിച്ചൂ ട്ടോ ..:) :)
    പിന്നെ താലികെട്ടുന്ന ആ സമയത്ത് തന്നെ ആ വീഡിയോഗ്രാഫറുടെ കൈ വിറച്ചതു കഷ്ടായിപ്പോയി ... ചിലപ്പോ സ്ലോ മോഷനില്‍ പിടിക്കാന്‍ നോക്കിയതാവും അല്ല പിന്നെ :p

    ReplyDelete
    Replies
    1. ങ്ങളാരുടെ സുഹൃത്താ ? എന്റെയോ, എന്റെ ഭാര്യയുടെയോ? :/

      Delete
  12. രസിച്ചുതന്നെ വായിച്ചു. പതിവുപോലെ രസകരം...ഈ ബ്ലോഗിലെത്തുന്നതേ സന്തോഷമാണ്‌.

    ReplyDelete
  13. അസ്സലായി.എഴുത്തും, താലികെട്ടും.
    ആ അവസാനം പറഞ്ഞത് ഇനി ആയാലും ചെയ്യാലോ :)
    (ശേഷം ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.)

    ReplyDelete
    Replies
    1. കൈ വിട്ടു പോയില്ലേ, സതീശ് ..

      തുടർന്നും വായിക്കുക.

      Delete
  14. നല്ല രസകരമായ പോസ്റ്റ്‌....
    ഇപ്പഴും പല്ലെല്ലാം വായിൽ തന്നെയുണ്ടോ പ്രദീപേ .... :)

    ReplyDelete
  15. ഭാഗ്യം ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ !!!!!!!!!!!!!!!

    ReplyDelete
    Replies
    1. അറിഞ്ഞുകൂടാ. ഭാഗ്യത്തിനെ കണ്ടിട്ട് കുറേ നാളായി.. :(

      Delete
    2. ഒന്നുടെ വായിക്കാന്‍ വിണ്ടും വന്നു

      Delete
  16. അമ്മയങ്ങനെയാണ്.അച്ഛനു ദേഷ്യം വന്നാൽ "അച്ഛനറിയണ്ട. ഇനി അത് മതി. തിന്നുകളയും" എന്ന് പറഞ്ഞാണ് ഞങ്ങളെ പേടിപ്പിക്കുന്നത്.
    വരാന്തയിൽ പണ്ട് കോഴി കാഷ്ടിച്ചു വച്ചപ്പോഴും അമ്മ പറഞ്ഞിരുന്നു, ഡാ കോരിക്കള , അച്ഛനറിയണ്ട, തിന്നുകളയും...!! Mass Entertainer :D

    ReplyDelete
  17. മരിക്കാന്‍ കയറുമെടുത്തു പോകുന്നവര്‍ക്ക് മുന്‍പില്‍ ആകസ്മികമായി ഈ സംഭവം കിട്ടിയാലുണ്ടല്ലോ .............അവര് വായിച്ചു ചിരിച്ചു ചിരിച്ച് വന്ന കാര്യം മറക്കും...ഒത്തിരി ഇഷ്ടായി.

    ReplyDelete


  18. പുതിയ ആളാണ്‌. കഥയാണെന്നു കരുതി വായിച്ചുവന്നപ്പോൾ കാര്യമാണെന്നു മനസ്സിലായി. വളരെ രസകരമായി തോന്നി. വൈകിയാണെങ്കിലും എന്റെകൂടി ആശംസകൾ അറിയിച്ചോട്ടെ.

    ReplyDelete
  19. കല്യാണത്തിനു താലികെട്ടുമ്പോൾ കൈ
    വിറച്ചായിരുന്നു എന്ന് പിൽക്കാലത്ത് വാമഭാഗം
    പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചുകൊടുത്തിട്ടില്ല. തെളിവായി
    വീഡിയോയൊക്കെ അവൾ പിന്നീട് ഹാജരാക്കി. പക്ഷെ അത്
    വീഡിയോഗ്രാഫറുടെ കൈ വിറച്ചതുകൊണ്ടാണ് എന്നൊരു വാദമുയർത്തി
    ‘ഞാൻ അതിനെ ശക്തിയായി പ്രതിരോധിച്ചു.‘ ( അത് ന്യായം )

    ReplyDelete
  20. വരാന്തയിൽ പണ്ട് കോഴി കാഷ്ടിച്ചു വച്ചപ്പോഴും അമ്മ പറഞ്ഞിരുന്നു, ഡാ കോരിക്കള , അച്ഛനറിയണ്ട, തിന്നുകളയും...!! :D :D

    എന്റെ അപ്പന് ഇത് പോലെ ഒരു ഡയലോഗ് ഉണ്ട്. ചേട്ടൻ എന്തേലും കുരുത്തക്കേട് കാണിച്ചാൽ : "കുട്ടാ... അടി മേടിക്കും.... ഞാൻ.."

    ReplyDelete
  21. ഡാ കോരിക്കള , അച്ഛനറിയണ്ട, തിന്നുകളയും...!!
    ഹഹ, പ്രദീപേട്ടാ :D

    ReplyDelete
  22. കഴിഞ്ഞ രണ്ടു പോസ്റ്റും വായിച്ചാണു കല്യാണം കഴിക്കാൻ ,ച്ഛേ കൂടാൻ വന്നത്‌...ഒരു ഒന്നൊന്നര കല്യാണം,അല്ല രണ്ട്‌ രണ്ടര കല്യാണം.
    ഇനിയെനിക്ക്‌ വായിക്കാൻ വയ്യ.ഇനിയും ചിരിക്കാൻ പാകത്തിൽ ആരോഗ്യമില്ലാത്തത്‌ കൊണ്ടാ. വയർ കലങ്ങി.

    (അനിയത്തീടെ ഭർത്താവ്‌ ബ്ലോഗ്‌ ചെയ്യുന്നുണ്ടോ??സത്യാവസ്ഥ മനസിലാക്കണമല്ലൊ!!!!)

    ReplyDelete
  23. പ്രദീപേട്ടാ ഞാന്‍ മലയാളത്തിലേക്ക്തിരിച്ചെത്തി. ആദ്യം തന്നെ തപ്പിയെടുത്തത് പ്രദീപേട്ടന്‍റെ ബ്ലോഗ്‌പോസ്റ്റ്‌ ആണ്. പതിവുപോലെ വായിച്ചു, കുറേചിരിച്ചു...
    ഭാഷാ പ്രയോഗത്തിലെ നര്‍മ്മം ഇതുപോലെ വളരെ കുറച്ചു ബ്ലോഗ്‌കളിലേകണ്ടിട്ടുള്ളൂ...
    ഉദാഹരണം: "ഇവളെ കുനിച്ചു നിർത്തി ഇവളുടെ ഭർത്താവിനു നാലിടി കൊടുത്താലെന്താ.?
    സോറി, ഇവളുടെ ഭർത്താവിനെ കുനിച്ചുനിർത്തി ഇവൾക്ക് നാലിടി കൊടുത്താലെന്താ?
    ഛെ,..ഇവളുടെ ഭർത്താവിനു ഇവളെ കുനിച്ചു നിർത്തി നാലിടി കൊടുത്താലെന്താ..!!"

    നമിച്ചു ഗുരുവേ... :)

    ReplyDelete
  24. ഒന്നന്നര പെടായാ പെടച്ചിരിക്കുന്നത്..... അപാരം...... മാരകം .....രണ്ടാം വായനക്ക് വന്നപ്പോള്‍ സദ്യയാണ് കിട്ടിയത് .....ആശംസകൾ.....

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...