Thursday, 24 April 2014

കാട്ടാളനും വേട്ടക്കാരനും



ഓർമ്മകൾ തുടങ്ങുന്നത് ആലപ്പുഴയിലെ ചേർത്തലയിൽ നിന്നുമാണ്. അദ്ധ്യാപകരായ മാതാപിതാക്കളോടൊപ്പം ഞങ്ങൾ മൂന്നു മക്കളും വളരെക്കാലം അവിടെയായിരുന്നു.

ഞാൻ നാലാം ക്ലാസ്സ് കഴിഞ്ഞപ്പോഴേയ്ക്കും അമ്മയ്ക്ക്  സ്ഥലം മാറ്റം കിട്ടി ഞങ്ങൾ നാട്ടിലേയ്ക്ക് മടങ്ങി.
അച്ഛനു നേരത്തെ തന്നെ സ്ഥലം മാറ്റം കിട്ടി നാട്ടിൽ പോന്നിരുന്നു.

ഞങ്ങൾ കുട്ടികളെ അച്ഛൻ  പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ചേർത്തു . ചെങ്ങന്നൂർ  മുളക്കുഴയിലുള്ള  സർക്കാർ  വക ഹൈസ്കൂൾ.
ഞാൻ അഞ്ചാം ക്ലാസ്സിലും ചേച്ചി ഏഴിലും ചേർന്നു .
വഞ്ചകൻ അനിയനാകട്ടെ  അമ്മൂമ്മയുടെ കൂടെ പുല്ലാടുള്ള അമ്മയുടെ വീട്ടിലും. അവിടെ അവൻ ജഗജില്ലിയായ  അവന്റെ കസിനുമായി ചേർന്ന് നാട്ടുകാരെക്കൊണ്ട്‌ വീട്ടുകാരെ ചീത്ത വിളിപ്പിച്ചു കാലം പോക്കി.

പുതിയ സ്കൂളിൽ എത്തിയപ്പോൾ ഞാനും ശകലം താരമായി. സ്കൂളിലെ സാറിന്റെ മോൻ എന്ന നിലയിൽ അദ്ധ്യാപകർക്കും   സഹപാഠികൾക്കും എന്നോട്  അല്പം സ്നേഹം കൂടുതൽ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

നല്ല ഒരു ഗായികയായിരുന്ന ചേച്ചി പെട്ടെന്ന് തന്നെ സ്കൂളിൽ അറിയപ്പെടുന്ന താരമായി. അതിൽ തീരെ അസൂയ ഇല്ലായിരുന്ന ഞാനാകട്ടെ കിട്ടുന്ന അവസരത്തിലൊക്കെ എന്റെ സംഗീതപാണ്ഡിത്യം വെളിവാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞാനൊഴികെ മറ്റാരും അത് കാര്യമാക്കിയുമില്ല.

ഒന്ന് പ്രശസ്തനാകാൻ എന്താണൊരു വഴി എന്ന് ആലോചിച്ചു നടക്കുമ്പോഴാണ് സ്കൂൾ കലോത്സവം എത്തിയത്. ഇത് തന്നെ അവസരം എന്ന് ഞാനും കരുതി. കഥ, കവിത, ലളിതഗാനം, ഫാൻസി ഡ്രസ്സ്‌, പദ്യപാരായണം, എന്ന് വേണ്ടാ  ഓട്ടൻ തുള്ളലിന് വരെ ഞാൻ പേരുകൊടുത്തു. ഓട്ടൻതുള്ളലിനു  ഓട്ടവും തുള്ളലുമായി യാതൊരു ബന്ധവുമില്ല എന്ന് ചേച്ചി പറഞ്ഞെങ്കിലും  ഞാൻ പ്രശസ്തനാകുന്നതിൽ അസൂയ ഉള്ളവളാണ് അവളെന്നു എനിക്ക് പണ്ടേ അറിയാമായിരുന്നു.

ഞാൻ ലളിതഗാന മത്സരത്തിനു ചേർന്നു  എന്നറിഞ്ഞ ചേച്ചി അമ്മയുടെ അടുക്കൽ പരാതി രേഖപ്പെടുത്തി. അവളെ സ്കൂളിൽ നാറ്റിക്കാനാണ് എന്റെ പുറപ്പാട്  എന്നായിരുന്നു പ്രധാന ആരോപണം. എന്റെ പാട്ടിലെ വെള്ളിടികൾ കാരണം മൈക്രോഫോണിന്റെ  ഏതാണ്ട് കുന്ത്രാണ്ടം വരെ കത്തിപ്പോകുമെന്നും ദുഷ്ട പറഞ്ഞുണ്ടാക്കി. ഞാൻ പാടിയാൽ അച്ഛൻ സ്കൂളിൽ നിന്നും സ്ഥലംമാറ്റം  മേടിക്കേണ്ടി വരുമെന്ന്  അവൾ അച്ഛനെയും ഭീഷണിപ്പെടുത്തി.
അമ്മയാകട്ടെ മോൻ പാടിക്കോടാ എന്ന് പറഞ്ഞു ഒരു ഗൂഢസ്മിതത്തോടെ അച്ഛനെ നോക്കിയിട്ട് ചർച്ചാവേദിയിൽ നിന്നും അപ്രത്യക്ഷയായി.
അമ്മയ്ക്കതു പറയാം, അമ്മ വേറെ  സ്കൂളിലല്ലേ പഠിപ്പിക്കുന്നത് എന്ന് പറഞ്ഞു ചേച്ചി അമ്മയോടും ശണ്ഠ  കൂടി.
നോക്കിക്കോണേ  അസൂയ പോകുന്ന പോക്ക് ..
ഞാൻ നന്നായി പാടിയാൽ അവളുടെ ഒന്നാംസ്ഥാനം പോകുമെന്ന് കരുതിയാണ് അവൾ വെപ്രാളം പിടിക്കുന്നതെന്ന്  ഞാൻ അമ്മയോട് പറഞ്ഞു.

കലോത്സവം അടുക്കുന്തോറും എനിക്ക്  വെപ്രാളമായി.
ഒരു വാശിക്ക് എടുത്തു ചാടിയിട്ടു ഇപ്പോൾ തിരിച്ചു കേറാനും കഴിയില്ല.
പാടാൻ പറ്റിയ പാട്ടൊന്നും കിട്ടുന്നില്ല. ലളിതഗാന മത്സരത്തിനു പാടാൻ പറ്റിയ  ഒരു സിനിമാഗാനത്തിന് വേണ്ടി ഞാൻ അന്വേഷിച്ചു നടന്നു. അന്ന് ചലച്ചിത്രഗാനങ്ങളും ലളിതഗാന മത്സരത്തിൽ പാടാമായിരുന്നു. ഒരുമാതിരിപ്പെട്ട ഗാനങ്ങൾ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
ശാസ്ത്രീയ സംഗീതത്തിലുള്ള എന്റെ അഗാധമായ കഴിവിനെ വെളിവാക്കുന്ന ഒരു നല്ല ഗാനം ചിട്ടപ്പെടുത്തിയെടുക്കാൻ ദക്ഷിണാമൂർത്തിസ്വാമിക്കോ ബാബുരാജിനോ ശ്രീകുമാരൻ തമ്പിക്കോ കഴിയാതെ പോയതിൽ ഞാൻ പരിതപിച്ചു.

ഞാൻ എന്റെ ഭീഷ്മപ്രതിജ്ഞയിൽ നിന്നും മാറില്ല എന്ന് മനസ്സിലാക്കിയതോടെ ചേച്ചി മറ്റൊരു അടവുമായി രംഗത്തെത്തി.
നിനക്ക് വെള്ളിടി ഇല്ലാതെ പാടാൻ കഴിയും എന്ന് പറഞ്ഞു  സംഗതികളും  ഭാവങ്ങളും ഇല്ലാത്ത കുറെ പൊട്ടപ്പാട്ടുകൾ അവൾ എനിക്കായി  തിരഞ്ഞെടുത്തു തന്നു. അവളെക്കാൾ സംഗീതവിദുഷനാ(ഷിയാ)  ഞാൻ അതെല്ലാം ഒരു ലോഡ് പുച്ഛം വിതറി പുറം കാലിനു തട്ടി വിട്ടു.

എന്തായാലും യുവജനോത്സവത്തിനു രണ്ടു ദിവസം മുൻപ്  എനിക്ക് ഒരു പാട്ടുകിട്ടി.

ഏകാന്ത പഥികൻ ഞാൻ..
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ...

അതൊന്നു രണ്ടു തവണ പാടിയപ്പോൾ എനിക്കങ്ങ് ഇഷ്ടപ്പെട്ടു എന്റെ കണക്കിൽ  അതിലൊരു മുപ്പത്തിരണ്ടു സംഗതികൾ മറഞ്ഞിരുപ്പുണ്ട്. അതിനെയെല്ലാം പുറത്തിറക്കി പാടിക്കഴിയുമ്പോൾ   കർണാടക സംഗീതത്തിലുള്ള  എന്റെ പ്രാവീണ്യം അസൂയക്കാരിയായ എന്റെ ചേച്ചിയ്ക്കും അവളുടെ കിക്കിക്കി  ചിരിക്കുന്ന കൂട്ടുകാരികൾക്കും   മനസ്സിലാകും, അവരുടെ കണ്ണ് തള്ളിപ്പോകും എന്ന് ഞാൻ ഉറപ്പിച്ചു.

എന്റെ തീരുമാനം കുടുംബ സദസ്സിൽ അവതരിച്ചപ്പോൾ ചേച്ചി ശരിക്കും ഞെട്ടിത്തരിച്ചിരുന്നു. അവളുടെ ഒന്നാം സ്ഥാനം പോയെന്നു അവൾക്കു മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അവളുടെ ഒന്നാം സ്ഥാനം പോയെന്നു അവൾക്കു മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി എന്ന് അവൾക്കു മനസ്സിലായോ എന്ന് എനിക്ക് മനസ്സിലായില്ല. മാത്രവുമല്ല, ഒരു മത്സരത്തിനുമില്ലാത്ത അച്ഛനെന്തിനാണ് അന്തം വിട്ടിരിക്കുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ലമത്സരിക്കാത്ത അച്ഛൻ തോക്കില്ലല്ലൊ.

രണ്ടു ദിവസം പ്രാക്റ്റീസ്സായിരുന്നു.
ഏതുസമയവും ഞാൻ എകാന്തപഥികനുമായി വീട്ടിലും വഴിയിലും അലഞ്ഞു നടന്നു. പഴയ അനുഭവം ഓർത്ത്  കക്കൂസ്സിൽ ഇരുന്നു മാത്രം പാടിയില്ല.

ശരിക്കും പറഞ്ഞാൽ  രാഘവൻ മാസ്റ്റർ  അവിടെ വേണമായിരുന്നു. പുള്ളിക്കാരൻ ചിട്ടപ്പെടുത്തിയ  സംഗതികളേക്കാൾ  വശ്യസുന്ദരമായ ഒന്നു രണ്ടു സംഗതികൾ കൂടി ഞാൻ പാട്ടിൽ ചേർത്തു.

അങ്ങനെ  പാട്ട് ശരിയായി. കഥയും കവിതയും ഒക്കെ അന്നേരത്തെ വിഷയം അനുസരിച്ചു എഴുതാനുള്ളതാണ്. ദൂരെ പുഴ കാണുമ്പോൾ  ഇവിടുന്നേ മുണ്ട് പൊക്കുന്നതെന്തിന് ? അതവിടെ വച്ചു കാണാം.

ഓട്ടൻ  തുള്ളൽ വേണ്ട.
വിചാരിച്ചതുപോലെ അതിനു ഓട്ടവും തുള്ളലുമായി ഒരു ബന്ധവുമില്ല. ഓടാൻ അറിയാമല്ലോ  എന്ന് വിചാരിച്ചു മാത്രം ചേർന്നതാണ്.

ഫാൻസി ഡ്രസ്സ്‌.
അതിനു പറ്റിയ ഒരു വിഷയം വേണം.
 
ഒരു കാട്ടാളന്റെ വേഷമായാലോ? കാട്ടാളൻ എന്ന് കേട്ടപ്പോഴേ ചേച്ചി തലകുലുക്കി സമ്മതിച്ചു- നിനക്ക് പറ്റിയ വേഷം തന്നെ..
ആദ്യമായാണ്‌ അവൾ ഞാൻ പറയുന്ന ഒരു കാര്യം നല്ലതാണെന്ന് സമ്മതിച്ചു തരുന്നത്. അവളോടു അൽപം  സ്നേഹമൊക്കെ വന്നു.
എന്റെ സ്നേഹം കണ്ടാകണം, നീ ഫാൻസി ഡ്രസ്സിനു  ചേർന്നോലളിതഗാനത്തിനു വേണ്ടാ എന്നവൾ  നമ്പർ ഇട്ടതോടെ  എന്റെ സ്നേഹമൊക്കെ  വീണ്ടും പോയി.

കാട്ടാളനാണ് വേഷമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി. അച്ഛനോട് പറഞ്ഞാൽ  അതെങ്ങനെയാണ്ചെയ്യേണ്ടതെന്ന് പറഞ്ഞു തരും എന്നും അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അച്ഛന്റെ മുഖഭാവം കണ്ടപ്പോൾ അതിനെനിക്കു തോന്നിയില്ല.

എന്റെ കൂട്ടുകാരനോട് വിഷയം അവതരിപ്പിച്ചപ്പോൾ അവനു വലിയ ഉത്സാഹമായി. അവന്റെയും പേര് പ്രദീപ്‌ എന്നായിരുന്നു. അന്ന് ഫാൻസി ഡ്രസ്സ്‌ ഒരു ടീമായും  അവതരിപ്പിക്കാം.കാട്ടാളനെ വെടി വയ്ക്കാൻ ഒരു വേട്ടക്കാരനൂടെ   ആയാൽ  സംഗതി പൊടിപൊടിക്കുമെന്ന് അവൻ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. ഞാൻ ആലോചിച്ചപ്പോൾ അത് നല്ലയൊരു ആശയമാണെന്ന് എനിക്കും തോന്നി.

ഒരു വല്യ കാട് .
അവിടെ ആർത്തട്ടഹസിച്ച് നടക്കുന്ന ഒരു കാട്ടാളൻ. അപ്പൊൾ  ഒരു വേട്ടക്കാരൻ അവിടെ ചാടി വീഴുന്നു.
ഒരൊറ്റ വെടി.
കാട്ടാളൻ വെടികൊണ്ട് ചത്താ മലാ കെടാ..
എന്ന് വച്ചാൽ ചത്തു മലന്നു കെടക്കും.
ഉഗ്രൻ ആശയം.
എന്ന് മാത്രമല്ല, അനൗണ്‍സ് ചെയ്യുമ്പോൾ, പ്രദീപ് ആൻഡ്‌ പ്രദീപ്‌ അവതരിപ്പിക്കുന്ന എന്ന് പറയുമ്പോൾ അതിനൊരു ഇതൊണ്ട്, ഏത്  ?

സംഗതി രഹസ്യമാക്കി വച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്ന് പലവട്ടം റിഹേഴ്സൽ നടത്തി.
ഞാൻ കാട്ടാളൻ. അവൻ വേട്ടക്കാരൻ .
ദീപാവലിയ്ക്ക് മേടിച്ച തോക്ക് അവൻ എണ്ണയിട്ടു തുടച്ചു വച്ചു. അതിൽ ഉപയോഗിക്കുന്ന പൊട്ടാഷ് എന്ന ഓമനപ്പേരുള്ള പടക്കവും റെഡിയാക്കി.

അങ്ങനെ കലോത്സവം വന്നു.

രാവിലത്തെ മത്സരങ്ങളിൽ ഞാൻ കഥാരചനയ്ക്കും കവിതാരചനയ്ക്കും പങ്കെടുത്തു . എന്നെ സംബന്ധിച്ചിടത്തോളം  രണ്ടും തമ്മിൽ വല്യ വ്യത്യാസം ഒന്നും തോന്നിയില്ല. കവിതയുടെ വിഷയം പ്രളയം എന്നായിരുന്നു.
ഞാൻ ഒരു കൊച്ചു ഗ്രാമം അങ്ങ് ദത്തെടുത്തു. അവിടെ ഭയങ്കര  മഴക്കാലം  സൃഷ്ടിച്ചു. ഒരു ഭീകര രാത്രി. കാർമേഘങ്ങൾ  ഉരുണ്ട് കയറി വരുന്നു. അങ്ങനെ നിരത്തിപ്പിടിച്ചെഴുതി.ഓരോ അഞ്ചു വാക്ക് എത്തുമ്പോഴും അവിടെ നിർത്തി അടുത്ത വരി എഴുതും. അങ്ങനെ അഞ്ചു വാക്കുള്ള വരികൾ ചേർന്ന്  ഒരു കവിത. മൊത്തത്തിൽ ഒരു ഉരുളു  പൊട്ടിയത് പോലെയൊക്കെ തോന്നും. എവിടെയോ മുസ്സോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തിന് കറുത്ത യൂണിഫോമായിരുന്നെന്നു  വായിച്ചിരുന്നു. അതുകൊണ്ട്കാർമേഘങ്ങളെപ്പറ്റി  പറഞ്ഞപ്പോൾ ഫാസിസപ്പട  പോലെ എന്നങ്ങോട്ടുപമിച്ചു.

ഫലം വന്നപ്പോൾ കവിതയ്ക്ക് ഒന്നാം സമ്മാനം. ഫാസിസപ്പട  പോലെ എന്നാ പ്രയോഗത്തിൽ ജഡ്ജിമാർ അങ്ങ് വീണതായി ഞാനറിഞ്ഞു. ഉപമയുടെ അപാരമായ അർത്ഥ തലങ്ങളിലൂടെ കയറിയിറങ്ങി തലകറങ്ങി വീണ ജഡ്ജിമാർ, ബാക്കിയൊന്നും വേണ്ടവിധം വായിച്ചതേയില്ല എന്ന് തോന്നുന്നു. ഇനി ഏതെങ്കിലും ആസ്വാദകൻ  പ്രയോഗത്തെക്കുറിച്ചു  ചോദിച്ചാലോ എന്നു  വിചാരിച്ചു ഞാൻ ഒരു ഗംഭീര അഭിമുഖമൊക്കെ കരുതി വച്ചെങ്കിലും ഒരു തെണ്ടിയും തിരിഞ്ഞു നോക്കിയില്ല.
സമ്മാനം കിട്ടി എന്നറിഞ്ഞതിനേക്കാൾ എനിക്ക് സന്തോഷമായത് അതറിഞ്ഞപ്പോൾ ഗുഹാകവാടം പോലെ  തുറന്ന ചേച്ചിയുടെ വായ്‌ കണ്ടപ്പോഴാണ്. അവളെങ്ങാനും പോയി ഇനി ജഡ്ജിമാരോടു ഒന്നൂടെ  വായിച്ചു നോക്കിക്കേ എന്നെങ്ങാനും പറയുമോ എന്ന്  ഭയന്ന് ഞാൻ അവളോടു മിണ്ടാൻ പോയില്ല.

ഓട്ടൻ തുള്ളൽ മത്സരത്തിനു പേരു വിളിച്ചപ്പോൾ നേരത്തെ പ്ലാൻ ചെയ്തത് പോലെതന്നെ  ഞാൻ മൂത്രപ്പുര ലക്ഷ്യമാക്കി ഒറ്റ ഓട്ടം വച്ചു കൊടുത്തു. മൂന്നു പ്രാവശ്യം പേരുവിളിച്ച് അവർ എന്നെ പുറത്താക്കിയപ്പോൾ എനിക്ക് സമാധാനമായി.

ലളിതഗാനമത്സരത്തിനു പേര് വിളിച്ചപ്പോൾ ഞാൻ സധൈര്യം സ്ടേജിൽ ഹാജരായി. എന്റെ തട്ടകമാണല്ലോ. സദസ്സിൽ  ചേച്ചി കൂട്ടുകാരുമായി ഇരുപ്പുണ്ട്. അവൾ നഖം തിന്നുന്നതെന്തിനാണോ ആവോ? അവളുടെ പാട്ടുകൾ എല്ലാം കഴിഞ്ഞിരുന്നു.

മൈക്ക് ചേട്ടൻ ഓടി വന്നു എന്റെ വലിയ പൊക്കത്തിനനുസരിച്ചു മൈക്രോഫോണിന്റെ കഴുത്തിനു പിടിച്ചു താത്തു തന്നു. ശബ്ദമുണ്ടോ എന്നറിയാൻ ഒന്നൂതിയതിനു മൈക്കുചേട്ടൻ എന്നെ രൂക്ഷമായി നോക്കി. സ്ടേജിനു മുന്പിലുള്ള പിള്ളേർ ആർത്തു  ചിരിച്ചു.
പിന്നെ ഞാൻ മുൻപിൻപൊന്നും  നോക്കിയില്ല.
കണ്ണടച്ചു പിടിച്ച്  ഒരൊറ്റ കീറലായിരുന്നു.

ഗാനത്തിന് ശേഷമാണ്  ഞാൻ കണ്ണ് തുറന്നത്. ചേച്ചി തലയ്ക്ക് കൈകൾ  വച്ച് കുനിഞ്ഞിരിക്കുന്നത് കണ്ടു.
അവളുടെ അഹങ്കാരം തീർന്നെന്നു തോന്നുന്നു.
സ്കൂളിന്റെ  ഗേറ്റ് കടന്നു അച്ഛൻ സൈക്കിളുമായി തിടുക്കപ്പെട്ടു പുറത്തേയ്ക്ക് പോകുന്നതും കണ്ടു.

എന്റെ മുപ്പത്തിരണ്ട് സംഗതികളും വളരെ വ്യക്തമായി പാട്ടിൽ കൊണ്ട് വരാൻ എനിക്ക് കഴിഞ്ഞു. എന്റെ വക രണ്ടു സംഗതികൾ കൂടുതലായും. പക്ഷെ സമ്മാനം വന്നപ്പോൾ ദുഷ്ടന്മാരായ ജഡ്ജികൾ എന്റെ പേരേ  പറഞ്ഞില്ല. അല്ലേലും കടുവാ ജോർജു  മാഷിനു എന്നോടു അത്ര മതിപ്പില്ല. ഒരിക്കൽ സാറിന്റെ ക്ലാസ്സിൽ സാറില്ലാത്ത നേരത്ത് ഞാൻ പാട്ട് പാടി എന്നാണു ആരോപണം. എന്റെ പാട്ട് കേട്ട ഹെഡ്മാസ്റ്റെർ സാറിനെ വഴക്ക് പറഞ്ഞത്രേ. അങ്ങേർക്കതു  തന്നെ വേണം.

എന്റെ മുപ്പത്തി രണ്ടു സംഗതികളേക്കാൾ രസകരമായിരുന്നു അത്രയെണ്ണം  തന്നെ വരുന്ന എന്റെ വെള്ളിടികൾ  എന്ന് ചേച്ചി പറഞ്ഞു. ഓരോ വെള്ളിടികൾക്കും  അവൾ ഞെട്ടിയെന്നും അസൂയക്കാരി പറഞ്ഞു. അത് കേട്ട് കിക്കിക്കി ചിരിക്കാൻ അവളുടെ കുറെ കൂട്ടുകാരികളും.
ദുഷ്ടകൾ.

ചേച്ചിയ്ക്ക് ലളിതഗാനത്തിനും പദ്യപാരായണത്തിനും ഒന്നാം സമ്മാനം കിട്ടി. അവൾ വല്യ ഗമയിൽ കൂട്ടുകാരുമായി നടക്കുന്നത് കണ്ടപ്പോൾ ഒട്ടും അസൂയ ഇല്ലാത്ത ഞാൻ മനസ്സിൽ പറഞ്ഞു, നീ നോക്കിക്കോ എന്റെ സമയം വരുന്നു.
ഫാൻസി ഡ്രസ്സ്‌ കണ്ടു നീയൊക്കെ ഞെട്ടും. കാണിച്ചു തരാം.

ഉച്ചകഴിഞ്ഞ് ഫാൻസി ഡ്രസ് മത്സരം തുടങ്ങി.
ഞാൻ മുഖത്തു കരിയൊക്കെ വാരിത്തേച്ചു .
ഉടുപ്പൂരി  മാറ്റി അസ്ഥികൂടത്തിലും കരി വാരി പൂശി. നിക്കറിനു മേളിൽ  ഇലകൾ  കൊണ്ട് ഉടയാട പൊതിഞ്ഞു. മുടിയൊക്കെ വാരി വലിച്ചിട്ടു. ദ്രംഷ്ടകൾ വരച്ചു. തലയിൽ  ഇലകൾ  കൊണ്ട് ഒരു തൊപ്പി വച്ചു.
ആകെപ്പാടെ ഒരു ഭീകര രൂപം.
പെറ്റ  തള്ള കണ്ടാൽ  തിരിച്ചറിയില്ല.

മറ്റവൻ പ്രദീപ്‌  അവന്റെ ചേട്ടന്റെ ഒരു പാന്റ്സുമായിട്ടാണ് വന്നത്. അതിടയ്ക്കിടെ ഊരിപ്പോകുന്നതുകൊണ്ട്  ഒരു ചാക്ക് ചരടു കൊണ്ട് സുരക്ഷിതമായി ബന്ധിച്ചിട്ടുണ്ട്. ഒരു കള്ളിയുടുപ്പ്‌. ഒരു തൊപ്പി. കപ്പടാ മീശ. കയ്യിൽ  എണ്ണയിട്ട തോക്ക്.
അവന്റെ മേക്കപ്പ് കഴിഞ്ഞു.
ഇത് തകർക്കും.
അവനെ കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസമായി.

ഒടുവിൽ അനൗണ്സ്‌മെന്റ്  വന്നു.
പ്രദീപ്‌ ആൻഡ്‌ പ്രദീപ്‌ അവതരിപ്പിക്കുന്ന ഫാൻസിഡ്രസ്‌.
കാട്ടാളനും വേട്ടക്കാരനും..
ടണ്ടഡാങ്ങ്...

കർട്ടൻ പൊങ്ങിയതും ഞാൻ ഒരു അട്ടഹാസത്തോടെ സ്ടേജിലെയ്ക്ക് എടുത്തു ചാടി വീണു. സ്ടേജു മുഴുവനും ഞാൻ  ഓടി നടന്നു തുള്ളിച്ചാടി. അങ്ങനെ ഓട്ടന്തുള്ളൽ കാണിച്ചില്ല എന്ന പരാതിയും തീർത്തു.
ഒന്നാം സമ്മാനം കൊണ്ടേ പോകൂ എന്ന വാശിയിൽ അലറി വിളിച്ചു.
മുൻവശത്തിരുന്ന കുട്ടിപ്പിള്ളേർ കയ്യടിച്ചു ആർത്തുവിളിച്ചതോടെ എന്റെ ആവേശം ഇരട്ടിച്ചു.

അടുത്ത ഭാഗത്തിൽ വേട്ടക്കാരൻ ചാടി വീണു കാട്ടാളനെ വെടിവയ്ക്കണം.
വേട്ടക്കാരൻ ഇതികർത്തവ്യമൂഢനായി സൈഡ് കർട്ടന്റെ   പുറകിൽ   നിൽക്കുകയാണ്.
പണ്ടാരക്കാലൻ അനങ്ങുന്നില്ല.
സ്ടേജിൽ ഓടിനടന്നു തുള്ളിച്ചാടി കാട്ടാളൻ ക്ഷീണിച്ചു.

കാട്ടാളൻ കണ്ണ്  കാണിച്ച്‌  വേട്ടക്കാരനെ  ക്ഷണിച്ചു.
വന്നു വെടിവച്ചു കൊന്നിട്ട് പോടേ....!!
എവിടെ?
വേട്ടക്കാരൻ  അനങ്ങാതെ നില്ക്കുകയാണ്.

കാട്ടാളൻ തലയാട്ടി വിളിച്ചു.
വേട്ടക്കാരന് അനക്കമില്ല.
അവസാനം കാട്ടാളൻ വേട്ടക്കാരനെ കൈ കാട്ടി വിളിച്ചു.
വിവരമില്ലാത്ത  സദസ്യർ ആർത്തു  ചിരിച്ചു.

തെണ്ടി എന്താ കുറ്റി അടിച്ചപോലെ നില്ക്കുന്നത്?
ഞാൻ അവനെ അതിരൂക്ഷമായി നോക്കി.
അവൻ എന്നെ ദയനീയമായി നോക്കി.
പിന്നെ കുനിഞ്ഞു പാന്റ്സിലും.

അവന്റെ ചാക്കുചരടു  ബെൽറ്റ്‌ അപ്രത്യക്ഷമായിരിക്കുന്നു.
ഒരു കൈ തോക്കിലും മറ്റേ  കൈ പാന്റ്സിലും പിടിച്ചു വേട്ടക്കാരൻ അന്തം വിട്ടുനില്ക്കുകയാണ്.

തോക്ക് കയ്യിൽ കിട്ടിയിരുന്നെങ്കിൽ കാട്ടാളൻ വേട്ടക്കാരനെ അപ്പോൾ തട്ടിയേനെ.

സഹിക്ക വയ്യാത്ത ദേഷ്യത്തിൽ കാട്ടാളൻ സ്ടേജിൽ നിന്നും ഒരൊറ്റയലർച്ച.
"
ഇങ്ങോട്ടിറങ്ങി വാടാ തെണ്ടീ..."

കർട്ടൻ  പിടിച്ച പയ്യൻ  രണ്ടു കയ്യും പൊക്കി തലയിൽ വച്ചു ആർത്തു ചിരിച്ചതുകൊണ്ട് കരുണാപരമായി കർടൻ വീണു.

*       *         *          *                   *          *        *

രാത്രി കുടുംബ സദസ്സിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മാതാവ് സ്നേഹപുരസ്സരം  ചോദിച്ചു
"
എങ്ങനുണ്ടാരുന്നെടാ നിന്റെ  ഫാൻസി ഡ്രസ്സ്‌ ?"

ദുഷ്ട.
മോള് വന്നു പറഞ്ഞ്  കഥയെല്ലാം അറിഞ്ഞിട്ടാണ് പുത്രസ്നേഹം പ്രകടിപ്പിക്കുന്നത്.
കുനിഞ്ഞിരുന്നു ഉരുള  ഉരുട്ടി ഉരുട്ടി വിഴുങ്ങി.

"
അവന്റെ ഏകാന്തപഥികനേക്കാൾ നല്ലതായിരുന്നമ്മേ.."
ചേച്ചി മൊഴിഞ്ഞു.
അവളുടെ ഒരു പവറേ ..
ഒരു സംഗീതശിരോമണി വന്നിരിക്കുന്നു.
ലതാ മങ്കേഷ്കറാണെന്നാ  ഭാവം.

അച്ഛൻ അവസാനത്തെ ആണിയും അടിച്ചു.

"
എന്തായാലും അവൻ പാട്ട് തുടങ്ങിയപ്പോഴേ ഞാൻ ഇങ്ങു പോന്നു. അതുകൊണ്ട് എനിക്ക് വലിയ പരിക്കൊന്നും പറ്റിയില്ല."

ഒരു മനുഷ്യനും കാട്ടാളനായി ജനിക്കുന്നില്ല.
സമൂഹമാണ് അവനെ കാട്ടാളനാക്കുന്നത്..

74 comments:

  1. കലാലയ ഓർമ്മകൾ, രസങ്ങൾ, നൊമ്പരങ്ങൾ..പിന്നേയും പേരെടുത്ത്‌ പറയാനാവാത്ത വികാരങ്ങളേറെ...
    വായനാസുഖം നൽകിക്കൊണ്ട്‌ മുന്നോട്ട്‌ പോയ അനുഭവകുറിപ്പ്‌ അതിന്റേതായാ പ്രാധാന്യത്തോടെ വായിച്ചു..
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി. വീണ്ടും വരിക.

      Delete
  2. Hahaha... Superb pradeepettaa :)

    ReplyDelete
  3. കൃത്യം മുപ്പത്തിരണ്ട് സംഗതികള്‍ മാത്രം മതിയായിരുന്നു. രണ്ടെണ്ണം കൂട്ടിയതുകൊണ്ടാണ് പ്രശ്നമായത്. എന്നാലും കവിതയില്‍ അവരെ പറ്റിക്കാന്‍ കഴിഞ്ഞല്ലോ. അല്ലെങ്കിലും ഈ വേട്ടകാരൊന്നും ശരിയല്ലന്നെ. അവരെ വിശ്വസിക്കാന്‍ പറ്റില്ല.
    എനിക്ക് കാര്യങ്ങള്‍ മനസ്സിലായതോണ്ട് മറ്റുള്ളവര്‍ക്ക് മനസ്സിലായില്ല എന്നെനിക്ക് മനസ്സിലായാലും മനസ്സിലായോര്‍ക്ക് പിന്നേം മനസ്സിലാക്കിക്കാന്‍ എനിക്ക് മനസ്സില്ല.

    ReplyDelete
    Replies
    1. ഹ ഹ .. എല്ലാം മനസ്സിലായി എന്ന് മനസ്സിലായി.

      Delete
  4. "നെഞ്ചത്തൊരു പന്തം കുത്തി നില്പ്പൂ
    കാട്ടാളൻ.."
    പിന്നേ, പ്രദീപേട്ടാ ആ പഴയ കവിത ഇരുപ്പുണ്ടോ?? :p
    :)

    Superb.... :)

    ReplyDelete
    Replies
    1. ഹ ഹ.. കവിത എവിടെയോ മറഞ്ഞു. ഫാസിസപ്പട പോലെ..

      Delete
  5. ഓട്ടൻ തുള്ളൽ മത്സരത്തിനു പേരു വിളിച്ചപ്പോൾ നേരത്തെ പ്ലാൻ ചെയ്തത് പോലെതന്നെ ഞാൻ മൂത്രപ്പുര ലക്ഷ്യമാക്കി ഒറ്റ ഓട്ടം വച്ചു കൊടുത്തു. മൂന്നു പ്രാവശ്യം പേരുവിളിച്ച് അവർ എന്നെ പുറത്താക്കിയപ്പോൾ എനിക്ക് സമാധാനമായി.

    കർട്ടൻ പിടിച്ച പയ്യൻ രണ്ടു കയ്യും പൊക്കി തലയിൽ വച്ചു ആർത്തു ചിരിച്ചതുകൊണ്ട് കരുണാപരമായി കർടൻ വീണു. Hhaaahahahhahaha chirippichu

    ReplyDelete
    Replies
    1. നന്ദി. ബാസീ..വായനയ്ക്കും ചിരിക്കും.

      Delete
  6. ശരിക്കും ആസ്വദിച്ചു.

    ReplyDelete
    Replies
    1. നന്ദി സുധീർദാസ് .. വീണ്ടുമെത്തുക .

      Delete
  7. പ്രദീപേട്ടൻ മനുഷ്യന്റെ കുടലൊക്കെ പുറത്തുചാടിക്കും. !!

    ReplyDelete
    Replies
    1. ചിരി ആരോഗ്യത്തിനു നല്ലത്. കുടല് പക്ഷെ പുറത്തു വരരുത്. അത് നല്ലതല്ല.

      Delete
  8. ചിരി ആയുസ്സു
    വർദ്ധിപ്പിക്കുകിൽ
    എൻ പതിയോടൊ-
    ത്തുള്ള ജീവിതം
    നൂറു തികയ്ക്കും .
    എങ്ങനുണ്ട് 5 വരി കവിത!
    "മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം."

    ReplyDelete
    Replies
    1. ഗവിത കൊള്ളാം. 5 വരി എത്തിച്ചു കളഞ്ഞു. ! അപ്പൊ നൂറു വർഷം അല്ലെ? സ്നേഹം പ്രിയതമേ..

      Delete
    2. ഇവിടെ ഞാനെന്റെ ഇഷ്ടം അങ്ങനെത്തന്നെ പറയുന്നു, സ്നേഹം.

      Delete
    3. പ്രിയതമയെ ചിരിപ്പിച്ചാല്‍ അതിനപ്പുറം വേറൊന്നുമില്ല ,,

      Delete
  9. Sooooooper......

    ഇങ്ങളെന്നെ ചിരിപ്പിച്ചു കൊല്ലുമല്ലോ മനുഷ്യാ.........

    ReplyDelete
    Replies
    1. ഇല്ല. ചിരി ആയുസ്സ് കൂട്ടും.

      Delete
  10. Replies
    1. നന്ദി ഷാജു. ബാക്കി പോസ്റ്റുകളും വായിക്കുക.

      Delete
  11. കാര്‍മേഘങ്ങളെ ഫാസിപ്പടയോടുപമിച്ച കാവ്യ ഭാവനേ അഭിനന്ദനം !!..... :)

    തുടക്കം മുതല്‍ അവസാനം വരെ ചിരിയുടെ മാലപ്പടക്കം കൊണ്ടൊരു പോസ്റ്റ്‌ ,, വായിക്കാത്തവര്‍ക്ക്‌ ഇതൊരു നഷ്ടം തന്നെയായിയിരിക്കും ,,

    ReplyDelete
    Replies
    1. നന്ദി ഫൈസൽ. നല്ല വാക്കുകൾക്കും പ്രചോദനത്തിനും.

      Delete
  12. ശരിക്കും മനസ്സറിഞ്ഞു ചിരിച്ചു... ഇതാ ഇപ്പൊഴും  ഊറിച്ചിരിക്കുന്നു, ഓര്‍ത്തോര്‍ത്ത്..

    ReplyDelete
    Replies
    1. ചിരി ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ്.

      Delete
  13. സംഗതി സൂപ്പര്‍...., അവസാനം പൊട്ടിച്ചിരിച്ചു.....ഓട്ടംതുള്ളല്‍ ഫാൻസി ഡ്രസില്‍ കളിച്ചു തീര്‍ത്തതും സുപ്പറായി...നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഹബീബ്. വീണ്ടും വരിക.

      Delete
  14. എന്റെ കാട്ടാളാ ഒരു സംഭവം തന്നെകേട്ടൊ...

    ReplyDelete
    Replies
    1. ഹും. സമൂഹമാണ് ഒരുവനെ കാട്ടാളനാക്കുന്നത് ..
      നന്ദി ദേവൻ .. വീണ്ടും വരിക.

      Delete
  15. സാരമില്ല രാമൻകുട്ടീ. കലാകാരന്മാരല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല.

    തകർത്തു കാട്ടാളാ. സംഗീതം ഇഷ്ടവിഷയമാണല്ലേ. ഇതിനു മുന്പത്തെ പോസ്റ്റും വായിച്ചു. ചിരി ഇപ്പഴും നിർത്തീട്ടില്ല. സത്യം.

    ReplyDelete
    Replies
    1. സംഗീതം എനിക്കിഷ്ടവിഷയമാണ്. പക്ഷെ എന്റെ സംഗീതം മറ്റുള്ളവർക്ക് ഇഷ്ട വിഷയം അല്ല. എന്തരോ എന്തോ..!!?

      Delete
  16. കാറ് ലോറിയേക്കേറി
    ലോറി കാറേക്കേറി
    ആരും ചത്തില്ല
    ആരും ചത്തില്ല

    ആ അച്ഛൻറെയല്ലേ മോൻ. കാർമേഘത്തെ ഫാസിസപ്പടയോട് ഉപമിച്ചില്ലെങ്കിലേ ഞാൻ കുറ്റം പറയൂ.

    ReplyDelete
    Replies
    1. ആരും ചത്തില്ല.. അതാണ്‌ പ്രധാനം.. ആരും ചത്തില്ല. !!

      Delete
  17. "കാട്ടാളനാണ് വേഷമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി. അച്ഛനോട് പറഞ്ഞാൽ അതെങ്ങനെയാണ്‌ ചെയ്യേണ്ടതെന്ന് പറഞ്ഞു തരും എന്നും അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു." ജീന്‍ ജീന്‍ എന്നു പറഞ്ഞാല്‍ ലതാണ്.

    ReplyDelete
    Replies
    1. ലതാണ്... ലാത് തന്നെയാണ്..

      Delete
  18. ആട്ടെ മറ്റു കാഴ്ച ക്കാർക്ക് ഒന്നും പരിക്കില്ലല്ലോ അല്ലെ .. ഏകാന്തപഥികൻ കേട്ടിട്ടേ ..ശ്ശോ ഓട്ടൻ തുള്ളലിനെ വെറുതെ വിടണ്ടായിരുന്നു ..ആഹാ

    ReplyDelete
    Replies
    1. എന്റെ പാട്ടുകെട്ടിട്ടു പരിക്ക് പറ്റിയ കഥ ബ്ലോഗില ഉണ്ട്. വായിക്കൂ..

      Delete
  19. ചിരിച്ചൂ‍................. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി. വീണ്ടും വരിക..

      Delete
  20. പ്രദീപ്‌
    ഫൈസലിന്റെ കുറിപ്പ് കണ്ടു ഇവിടെത്തി
    സംഗതി കലക്കി എന്ന് പറഞ്ഞു നിർത്തട്ടെ
    പോരട്ടെ ഇനിയും പുരാണ കഥകൾ
    എന്റെ അച്ഛന്റ് വീട് മുളക്കുഴക്കടുത്തുള്ള
    മെഴുവേലി. കുട്ടിക്കാലം കുറെനാൾ അവിടെ ജീവിച്ചു
    പക്ഷെ പിതാവിന്റെ ജോലി പ്രമാണിച്ച് ഞങ്ങൾ
    തിരുവല്ലക്കടുത്തുള്ള പുളിക്കീഴിൽ തമ്പടിച്ചു
    മുളക്കുഴ എന്നു കേട്ടപ്പോൾ പെട്ടന്ന് ഓർമ്മ
    വന്നത് അവിടെ പണ്ടുണ്ടായിരുന്നു ഒരു തുണി മില്ലായിരുന്നു
    അതെപ്പറ്റി വല്ലതും അറിയാമോ? ഓർമ്മയുണ്ടോ
    എഴുതുക അറിയിക്കുക
    ആശംസകൾ
    വീണ്ടും കാണാം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
    Replies
    1. എന്റെ കുട്ടിക്കാലം പ്രഭുറാം മിൽസിന്റെ സയറനുമായി കുരുങ്ങിക്കിടക്കുകയാണ്. ആ ഫാക്ടറി ഇപ്പോഴുമുണ്ട്. വീട് അതിനടുത്തു തന്നെ. മെഴുവേലിയും സുപരിചിതം.

      Delete
  21. സ്കൂളും, മത്സരവേദിയും പഴയ ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്... ഫാന്‍സി ഡ്രസ്സ്‌ മല്‍സരം വായിച്ച് കുറെ ചിരിച്ചു :) :)

    ReplyDelete
    Replies
    1. നന്ദി മുബീ.. ജീവിതം ചിരി കൊണ്ട് നിറയട്ടെ.

      Delete
  22. ഇഷ്ടപ്പെട്ടു.
    പാവം കാട്ടാളന്‍

    ReplyDelete
    Replies
    1. ങും.. പാവം കാട്ടാളൻ..

      Delete
  23. ചിരിപ്പിച്ചു...സംഭവം ഉഗ്രനായിട്ടുണ്ട്... :-)

    ReplyDelete
    Replies
    1. നന്ദി സംഗീത് .വീണ്ടും ചിരിക്കാനായി വരിക.

      Delete
  24. അസ്സൽ നർമ്മത്തിന്റെ കാട്ഠടാള ഭാവങ്ങൾ.അരുത് കാട്ടാളാ എ്ന്നല്ല ഞങ്ങളെ ഇനിയും ചിരിപ്പിക്കൂഎന്നേ പറയാനുള്ളൂ

    ReplyDelete
    Replies
    1. കാട്ടളധർമം , ല്ലേ സിയാഫ്..!!

      Delete
  25. വന്നു പോകാറുണ്ടെങ്കിലും ആദ്യമായാണിവിടെ ഒരു അഭിപ്രായമെഴുതുന്നത്.... ഈ പോസ്റ്റിലെങ്കിലും ഒരു അഭിപ്രായമെഴുതിയില്ലെങ്കിൽ.., എന്നിൽ ഒരു വായനക്കാരൻ / ആസ്വാദകൻ ഇല്ലെന്നതു തന്നെ. ഓർമ്മകളിൽ ചികയുമ്പോൾ ചിരിയൂറുന്ന മുഹൂർത്തങ്ങളെ വളരെ ലളിതമായി വായനക്കാരിലെത്തിച്ച താങ്കൾക്ക് എല്ലാ ആശംസകളും....ഇതു വായിച്ചു ചിരിക്കുന്ന വായനക്കാരുടെ ആയുർദൈർഘ്യത്തിന്റെ ഒരു അംശമെങ്കിലും താങ്കൾക്കും കിട്ടാതിരിക്കില്ല....

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്കു നന്ദി സുഹൃത്തെ.. വീണ്ടും വരിക..

      Delete
  26. എഴുത്ത് അസ്സലായിരിക്കണൂ മാഷേ,
    രസമുള്ള ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് ഇതുപോലെ ചിട്ടയായടുക്കി വായനക്കാരനു സമ്മാനിക്കുന്നതിന് അഭിനന്ദിക്കാതെ തരമില്ല.
    എഴുത്ത് തുടരട്ടെ
    ഒത്തിരി ആശംസകളോടെ...പുലരി

    ReplyDelete
    Replies
    1. നന്ദി പ്രഭൻ .. വീണ്ടും കാണുക.

      Delete
  27. കുട്ടികളായിരിക്കുമ്പോള്‍ ചില വീരശൂരപരാക്രമങ്ങളൊക്കെ കാണിക്കും.
    പിന്നെ പക്വതയും,പാകതയും കൈവരുമ്പോഴാണ് അതൊക്കെ ഓര്‍ത്ത്‌................
    വായനാസുഖമുള്ള ശൈലിയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    ഈ പോസ്റ്റ് കണ്ടിരുന്നില്ല.ഇപ്പോഴാണ് കാണുന്നത്...............
    ആശംസകള്‍

    ReplyDelete
    Replies
    1. അനുഭവങ്ങളെ നർമത്തോടെ നോക്കികാണുന്നത് ഒരു രസമാണ് തന്കപ്പേട്ടാ ..

      Delete
  28. വായിച്ചില്ലെങ്കില്‍ നഷ്ട്ടം തന്നെ.............കലക്കിട്ടോ.......പ്രദീപ്ചെട്ടാ..

    ReplyDelete
    Replies
    1. നന്ദി അന്നൂസ്, വീണ്ടും വരിക..

      Delete
  29. നല്ല രസായിട്ട് പറഞ്ഞിട്ടുണ്ട്.
    എടുത്തെഴുതാനുമുണ്ട് ഇഷ്ടങ്ങള്‍ ഏറെ... ഇഷ്ടം.

    ReplyDelete
  30. Replies
    1. നന്ദി വെള്ളിക്കുളങ്ങരക്കാരാ .. ( ഹും, പേര് ടൈപ് ചെയ്തു അഞ്ചു പ്രാവശ്യം തെറ്റിച്ചു വെള്ളി ..ക്കുള..ങ്ങര..ക്കാരാ.. :D )

      Delete
  31. വരികള്‍ക്കിടയില്‍ എന്ന ബ്ലോഗ്‌ വഴിയാണ് ഇവിടെ എത്തിയത്.
    വന്നത് നഷ്ടമായില്ല. ചിരിക്കാന്‍ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച , സ്കൂള്‍ ഓര്‍മ്മകളിലേക്ക് മടക്കി കൊണ്ടു പോയ നല്ല ഒരു ബ്ലോഗ്‌. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വൃന്ദാ, ബാക്കി പോസ്റ്റുകളും വായിച്ച് അഭിപ്രായം അറിയിക്കുക.

      Delete
  32. mashanmarede pillerkokke ingane thanne varane chirippichu

    ReplyDelete
  33. ചിരിയുടെ കാടിളക്കിയ കാട്ടാളാ.. വീണ്ടും വരിക..

    ReplyDelete
  34. കണ്ടു. പ്രോത്സാഹനത്തിനു പ്രത്യേകം നന്ദി പറയുന്നു.

    ReplyDelete
  35. നല്ല എഴുത്ത്
    :)

    ReplyDelete
  36. ഒരു കാട്ടാളൻന്റെ രൂപാന്തരണം അതീവ രസകരമായി..
    ബാല്യകാല ഓർമ്മകൾ മധുരം തന്നെ. പ്രദീപ്‌ മാഷിന്റെ വാക്കുകളിലൂടെ ആ ഓർമകളുടെ അതിമധുരം രുചിക്കാൻ കഴിഞ്ഞു..
    ആശംസകൾ !

    ReplyDelete
  37. ഹുയ്യയ്യോ!!!ഒരു വല്ലാത്ത കാട്ടാളൻ തന്നെ.

    ReplyDelete
  38. എന്‍റെ ജീവിതത്തില്‍ രണ്ടു ദിവസം കൂടുതൽ കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രഢിറ്റ് പ്രദീപ് ഭായിക്കാണ് അത്രക്കു ചിരിച്ചു ......ആശംസകൾ

    ReplyDelete
  39. ഇവിടെ വരാനും ഇത് വായിച്ച് ചിരിക്കാനും വൈകിയതില്‍ ഞാൻ എന്നോട് തന്നെ ക്ഷമിച്ചിരിക്കുന്നു.!! അല്ല.. അതിനും വേണ്ടേ ആരെങ്കിലും.!!!

    ആ കണ്‍ക്ലൂഷന്‍ കലക്കി.!!

    ഒരു മനുഷ്യനും കാട്ടാളനായി ജനിക്കുന്നില്ല.
    സമൂഹമാണ് അവനെ കാട്ടാളനാക്കുന്നത്..!!
    ഹ ഹ ഹ ഹാ...!

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...