Monday, 21 July 2014

ആത്മാവിന്റെ കണങ്ങൾജൂണ്‍ രണ്ടാം വാരം വെറും രണ്ടാഴ്ചത്തെ അവധിയിലാണ് സൌദിയിൽ നിന്നും നാട്ടിലെത്തിയത്. മടങ്ങുന്നതിനു മുന്പ് വീണ്ടും അച്ഛനെയും അമ്മയെയും കാണാനായി കുടുംബ വീട്ടിലെത്തി ഒരു രാത്രി തങ്ങി. അടുത്തദിവസം രാവിലെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോൾ അച്ഛനും അമ്മയും സിറ്റ് ഔട്ടിൽ വന്നു നിന്നു കൈ വീശുന്നുണ്ടായിരുന്നു. കാർ മുൻപോട്ടു ഉരുണ്ട് നീങ്ങുമ്പോൾ വീടും അച്ഛനും അമ്മയും സാവധാനം പിറകിലേയ്ക്ക് മാഞ്ഞു മറഞ്ഞു. അച്ഛന്റെ ജീവസ്സുറ്റ മുഖം ആ വിടപറയലിൽ അവസാനത്തെ ഓർമ്മച്ചിത്രമായി അവശേഷിക്കുമെന്ന് അന്ന് കരുതിയിരുന്നതേയില്ല. പിന്നെ കാണുമ്പോൾ ചുവന്ന പാർട്ടി പതാകയിൽ പുതച്ചുമൂടി ശാന്തനായി ഉറങ്ങുന്ന അച്ഛന്റെ മുഖം മനസ്സിലേറ്റാതിരിക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു. ഒരാഴ്ച മുന്പിലെ അവസാനത്തെ ആ യാത്രപറച്ചിലിലെ അച്ഛന്റെ മുഖം തന്നെ മനസ്സിൽ കാത്തു സൂക്ഷിക്കുകയാണ്.
പൂമുഖത്ത് കൈ ഉയർത്തി വീശി യാത്ര പറഞ്ഞു നില്ക്കുന്ന അച്ഛൻ.

ദൂരെയെവിടെയോ സ്കൂളിൽ പഠിപ്പിക്കുകയായിരുന്ന അച്ഛന്റെ വാരാന്ത്യസന്ദർശനങ്ങളിൽ കണ്ടിരുന്ന മുഖമാണ് ഓർമയുടെ അങ്ങേത്തലയ്ക്കൽ ഉള്ളത്. അച്ഛൻ വരാൻ കാത്ത് വെള്ളിയാഴ്ച രാത്രികളിൽ വാടകവീടിന്റെ ഉമ്മറത്ത് അമ്മയെയും കെട്ടിപ്പിടിച്ചു ഞങ്ങൾ മക്കൾ ഇരിക്കും. അമ്മ പാട്ടുകൾ പാടിക്കൊണ്ടേയിരിക്കും. രാവേറെച്ചെല്ലുമ്പോൾ ഞങ്ങൾ ചിലപ്പോൾ ഉറക്കത്തിലേയ്ക്കു വഴുതി വീഴും. രാവിലെ കണ്ണു തുറക്കുമ്പോൾ ഒരതിഥിയെപ്പോലെ അച്ഛൻ.

അച്ഛനും അമ്മയും സ്ഥലം മാറ്റം വാങ്ങി എല്ലാവരുമായി ഒരുമിച്ചു നാട്ടിലെത്തുമ്പോഴേയ്ക്കും ഞങ്ങൾ മുതിർന്ന കുട്ടികൾ ആയിരുന്നു. പിന്നെ അച്ഛൻ എന്നും കാണുന്ന മുഖമായി ജീവിതത്തിലേയ്ക്ക് കുടിയേറി.

മക്കളെ എപ്പോഴും ലാളിച്ച് ഓമനിച്ചു പുറകെ നടന്നിരുന്ന ഒരച്ഛനായിരുന്നില്ല ഞങ്ങളുടേത്. ഞങ്ങളുടെ വളർച്ചയെക്കുറിച്ച് ആകുലപ്പെടുകയോ ഞങ്ങൾ എങ്ങനെയാകണം എന്ന് ശാസിക്കുകയോ ചെയ്യുന്ന ഒരച്ഛനെ എന്റെ ഓർമയിൽ ഇല്ല. ആധി മുഴുവൻ അമ്മയ്ക്ക് വിട്ടുനൽകി അച്ഛൻ മാറി നിന്നു. ഞങ്ങളുടെ പലകാര്യങ്ങളിലും അമ്മയുടെ തലകുലുക്കൽ മാത്രമായിരുന്നു പലപ്പോഴും അച്ഛന്റെ അംഗീകാരത്തിനു വഴി തെളിച്ചിരുന്നത്. പക്ഷെ അച്ഛന്റെ ആ അംഗീകാരത്തിനായിരുന്നു ഏറ്റവും വിലയും. കാരണം അച്ഛന്റെ ആ അന്തിമ അഭിപ്രായത്തിനും അംഗീകാരത്തിനും വേണ്ടി അമ്മ എപ്പോഴും കാത്തു നിന്നിരുന്നു.

ഒന്നും പറഞ്ഞു തരാതെ തന്നെ ജീവിതമൂല്യങ്ങളെക്കുറിച്ച് സ്വജീവിതത്തിലൂടെ അച്ഛൻ ഞങ്ങൾക്ക് പറഞ്ഞുതന്നു. മറ്റുള്ളവരോടു ആദരവോടെ പെരുമാറുക, ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടായാലും കള്ളവും വഞ്ചനയും ചെയ്യാതിരിക്കുക, നമ്മുടെ കഴിവിനും ഒരു മാത്രയെങ്കിലും കൂടുതലായി മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക, അങ്ങനെ പലതും.

അച്ഛന് യാതൊരുവിധ ഈശ്വരവിശ്വാസവുമുണ്ടായിരുന്നില്ല. ഈശ്വരെനെക്കുറിച്ച് അച്ഛന്റെ സങ്കൽപവും ധാരണയും എന്തായിരുന്നെന്ന് ഇന്ന് ഞാൻ അതിശയിക്കുകയാണ്. ഈവിധ കാര്യങ്ങൾ ഒന്നും തന്നെ എന്തുകൊണ്ടോ അച്ഛൻ അമ്മയോടോ ഞങ്ങളോടോ ചർച്ച ചെയ്തിട്ടുള്ളതായി എന്റെ ഓർമയിൽ ഇല്ല. എല്ലാവരുമായി ഒരുമിച്ചു സന്തോഷത്തോടു കൂടി കഴിയുമ്പോഴും അച്ഛന് സ്വയം തന്നിലേയ്ക്കു ഒതുങ്ങിക്കൂടി നില്ക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. വീട്ടിൽ തന്നെയുള്ള പലകാര്യങ്ങളിലും അമിതമായി പ്രതികരിക്കാതെ അങ്ങനെ. പ്രായമേറെ ചെന്നതോടെ ആ സ്വഭാവം അധികരിച്ചു വന്നിരുന്നു. അതേസമയം തന്നെ പാർട്ടിപ്രവർത്തനങ്ങളിലും മറ്റും അങ്ങേയറ്റം ഉത്തരവാദിത്വബോധത്തോടെ അവേശത്തോടെ പങ്കാളിയാകുകയും ചെയ്യും. കുടുംബത്തിലുളളവരുടെ കാര്യങ്ങളിൽ നിസ്സംഗനായ അച്ഛൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ അങ്ങനെ ഇടപെടുന്നതിലുള്ള നീരസം അമ്മ എപ്പോഴും പ്രകടിപ്പിച്ചിരുന്നു.

ആത്മാവ് ഒരിക്കലും നശിക്കുന്നില്ല എന്നൊരു ഹിന്ദുമത വിശ്വാസമുണ്ട്. ദേഹം പോയാലും ദേഹി അനശ്വരമായി നിലകൊള്ളുന്നു..
ഒരുവിധ മതവിശ്വാസങ്ങളും ഇല്ലാത്ത ഞാൻ അച്ഛന്റെ വിയോഗത്തിനു ശേഷം അതിനെക്കുറിച്ച് ആലോചിച്ച് അത്ഭുതപ്പെടുകയാണ്. ആത്മാവിനെക്കുറിച്ചുള്ള ഒരു യാഥാസ്തിക കാഴ്ചപ്പാടല്ല എന്റെ മനസ്സിൽ അതിശയം ജനിപ്പിക്കുന്നത്.
അച്ഛൻ ഞങ്ങളുടെ ജീവനിലേയ്ക്ക് പകർന്നു തന്ന ചില സ്വഭാവ വിശേഷങ്ങൾ അച്ഛന്റെ ആത്മാവിന്റെ കണികകൾ ആയി ഞാൻ തിരിച്ചറിയുകയാണ്. ഗാഢമായ ചിന്തയിൽ സ്വയമറിയാതെ ഞാൻ നെഞ്ച് തടവുമ്പോൾ, തലമുടിയിലൂടെ വിരലുകൾ ഓടിക്കുമ്പോൾ ഭാര്യ പറയും, ആ അച്ഛന്റെ മോൻ തന്നെ.
അവൾ ഇടയ്ക്കിടെ നീരസപ്പെടും. ഞങ്ങളുടെ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലാതെ, നാട്ടുകാര്യങ്ങളും പാർട്ടിയുമായി അച്ഛനെപ്പോലെ തന്നെ നടന്നോ..

തെക്കുവശത്ത് അച്ഛന്റെ ചിത എരിഞ്ഞമരുമ്പോൾ ഞാൻ എന്റെ കുട്ടികളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ ആത്മാവിൽ അച്ഛനിൽ നിന്നും കടം കൊണ്ട ഏതെല്ലാം കണങ്ങളാണ് ഞാൻ അവർക്ക് പകർന്നു കൊടുത്തത് ? എന്റെ കാലശേഷം, എന്റെ ഏതെല്ലാം ആത്മകണങ്ങൾ തലമുറകളിലൂടെ കൈമാറിയാണ് ഞാൻ അനശ്വരനായി നിലനിൽക്കുവാൻ പോകുന്നത്?6 comments:

 1. ചില സ്വഭാവ വിശേഷങ്ങള്‍ അങ്ങനെയാണ്, നാമറിയാതെ അത് തലമുറകളില്‍ നിന്നും നമ്മിലേയ്ക്ക് പകര്‍ന്നു കിട്ടിയെന്നു വരും.

  അച്ഛന്റെ ആത്മാവിന് ശാന്തി നേരുന്നു

  ReplyDelete
 2. ഭാര്യ അങ്ങിനെ പലതും പറയും ..പറഞ്ഞോട്ടെ ...പക്ഷേ ആ അച്ഛന്റെ മകനായി പിറന്നതിൽ അഭിമാനിക്കുക ... അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു ..

  ReplyDelete
 3. അതെ , തലമുറകൾ പകർന്നു കിട്ടുന്ന സ്വഭാവ വിശേഷങ്ങളാണ് അച്ഛന്റെ മകൻ തന്നെ എന്നു പറയുന്നത് ....!

  അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു ...

  ReplyDelete
 4. ഈ വക ഓര്‍മ്മകള്‍ സത്യത്തില്‍ അന്യമാണെനിക്ക്. എങ്കിലും താങ്കളുടെ മനസ് കാണാന്‍ കഴിയുന്നുണ്ട്. അച്ഛന്റെ നന്മകള്‍ അനശ്വരമായി തലമുറകളിലൂടെ പടരട്ടെ..

  ReplyDelete
 5. ആ നന്മയുള്ള അച്ഛനെ
  നന്നായി സ്മരിച്ചിരിക്കുന്നൂ...
  ബാഷ്പാജ്ഞലികൾ...

  ReplyDelete
 6. ചിരിപ്പിച്ച അക്ഷരങ്ങള്‍ കൊണ്ട് കണ്ണു നനയിപ്പിച്ചു......അച്ഛൻറെ നന്മള്‍ മക്കള്‍ക്ക് പകരൂ......

  ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...