Friday 14 February 2014

ലീവ്

തൊണ്ണൂറുകളുടെ മധ്യാഹ്നകാലത്തിലെന്നോ ഒരു ദിനം.
പ്ലാന്റ് മാനേജർ ചാക്കോയുടെ മുറിയിലേയ്ക്ക് കടന്നു ചെല്ലുമ്പോൾ മറ്റൊരാൾ കൂടി അവിടെയുണ്ട്..
വെയിങ്ങ്  ഓപ്പറേറ്റർ  പത്രോസ് ഫെർണാണ്ടസ്..
ശ്രീകോവിൽ നടയിൽ അമ്പോറ്റിക്ക് ദക്ഷിണ കൊടുക്കാൻ നിൽക്കുന്നതു പോലെ ലീവ് ലെറ്ററും നീട്ടിപ്പിടിച്ചു ഒട്ടൊന്നു കുനിഞ്ഞ് നില്ക്കുകയാണ് പത്രോസ്.
"ഇര്യെടോ.."
വെള്ളെഴുത്ത് കണ്ണാടിയുടെ മുകളിലൂടെ എന്നെ  നോക്കി ചാക്കോ മുരണ്ടു.

"ഇരിക്ക് സാറേ." പത്രോസ്സും ക്ഷണിച്ചു.
കേട്ടാൽ  തോന്നും പത്രോസും ചാക്കോയും ബല്യ ചങ്ങായിമാരാന്ന് . 
ലീവ് ഒപ്പീട്ടു കിട്ടാനുള്ള കുത്സിത ശ്രമം..!!

ഞാൻ കസേരയിൽ ഇരുന്നു. നമ്മൾ തമ്മിൽ നല്ല കൂട്ടുകാരാ എന്ന മട്ടിൽ  പത്രോസ് എന്നെ നോക്കി ബീഡിക്കറ  പുരണ്ട പല്ലുകൾ വിസ്തരിച്ചു കാണിച്ചു.

സ്വതവേ കറുത്ത മുഖം അല്പം കൂടി കറുപ്പിച്ച് ചാക്കോ,  തണ്ടപ്പേര് ഹിറ്റ്ലർ, കണ്ണാടിയ്ക്ക് മുകളിലൂടെ  പത്രോസിനെ ദഹിപ്പിച്ചു. 
കയ്യിലിരിക്കുന്ന പത്രോസിന്റെ ലീവ് ഡയറിയിൽ വീണ്ടും കണ്ണോടിച്ചു . ലീവ് ഡയറിയിലാണ് പത്രോസ്സിന് ലീവ് ഉണ്ടോ ഇല്ലേ എന്ന തലവിധി രേഖപ്പെടുത്തിയിരിക്കുന്നത്.
ഹിറ്റ്ലർ വീണ്ടും പത്രോസിനെ നോക്കി  മുരണ്ടു.
"തനിക്കതിനു ലീവ് ഇല്ലല്ലോ.."

കാക്ക എച്ചിൽപാത്രത്തിൽ നോക്കുന്നതുപോലെ പത്രോസ് സംശയഭാവത്തിൽ ലീവ് ഡയറിയെ നോക്കി. ദേഹഭാരം ഒരു കാലിൽ  നിന്നും മറ്റേ കാലിലേയ്ക്ക് മാറ്റി. എന്നാലെങ്കിലും ലീവ് കിട്ടുമോ?
"ഇല്ലേ സാറേ..?"

കക്ഷി എട്ടാം ക്ലാസും ഗുസ്തിയുമാണ്.  പത്രോസ് ഫെർണാണ്ടസ് എന്ന് മുഴുവൻ പേരും സ്തംഭനം ഇല്ലാതെ പറയാൻ തന്നെ പാടാണ്.

"അതും ഞാൻ പറഞ്ഞു തരണോ? ലീവ് അപ്ലൈ ചെയ്യാതെ അവധി എടുത്തോണ്ട് നടക്കും..!!  ശമ്പളം കിട്ടാതാകുമ്പൊ ലീവും എഴുതിക്കൊണ്ട് വരും."
ചാക്കോ എച്ചിൽ പാത്രം മേശപ്പുറത്തേയ്ക്ക് എറിഞ്ഞു. 

പത്രോസിന്റെ മുഖത്തു നിന്ന് ചിരി മാഞ്ഞു. മുഖത്തു കഠിനദു:ഖത്തിന്റെ മഴക്കാറുകൾ ഇരച്ചു കയറി. പെട്ടെന്നയാൾ ലീവ് ലെറ്റർ മേശപ്പുറത്തിട്ടു . വലതു കൈ ചുരുട്ടി സ്വന്തം ഹൃദയത്തിന് മേൽ ആഞ്ഞിടിച്ചു.
മുഖം മേലോട്ടുയർത്തി ഉറക്കെ കരഞ്ഞു.
"എന്റെ അമ്മ മരിച്ചു പോയി സാറേ.."

ഞാൻ ഒരു നിമിഷം തരിച്ചിരുന്നു പോയി.
കോമഡി ഷോയിലെ സ്കിറ്റ് തീരുമ്പോൾ കഥാപാത്രങ്ങൾ  എല്ലാം സ്റ്റിൽ ആകുന്നപോലെ ഞാനും പത്രോസും ചാക്കോയും കറങ്ങുന്ന ഫാനും ഉൾപ്പെടെ എല്ലാ ചരാചരങ്ങളും സ്റ്റിൽ ആയി.
പ്ലാന്റിലെ യന്ത്രങ്ങളുടെ ഇരമ്പൽ മാത്രം.
അതും ഇനി നിന്നു  പോവുമോ?

ഞാൻ സഹതാപത്തോടെ പത്രോസിനെ നോക്കി,  പാവം ഇപ്പൊൾ  പൊട്ടിക്കരയുന്ന മട്ടിൽ  നില്ക്കുകയാണ്.
ഞാൻ  ചാക്കോയെ നോക്കി ചെറുതായി തല കുലുക്കി.
ഒപ്പിട്ടു കൊടുത്തേരെ, പാവം..!!

ഹിറ്റ്ലറിന്  ഒരു ഭാവഭേദവും ഇല്ല.
കണ്ണാടിയ്ക്ക് മുകളിലൂടെ പത്രോസിന്റെ ശോകഭരിത മുഖം ആകെയൊന്നു ഉഴിഞ്ഞു നോക്കി ഹിറ്റ്ലർ  ഒരു ചോദ്യം..

"ഇത് തന്നെയല്ലേ, കഴിഞ്ഞ മാസവും താൻ ലീവും കൊണ്ട് വന്നപ്പോൾ എന്നോടു പറഞ്ഞത്?"

ഒരു ഞെട്ടലോടെ ഞാൻ പത്രോസിനെ നോക്കി. സ്വിച്ചിട്ടപോലെ പത്രോസിന്റെ മുഖത്തെ കദനഭാരം അപ്രത്യക്ഷമായി. നെഞ്ചത്തടിച്ച വലതുകരം ചന്തിക്കു പുറകിലേയ്ക്ക് പോയി. ബീഡിക്കറപ്പല്ലുകൾ വീണ്ടും തെളിഞ്ഞു.

"തനിയ്ക്ക് നാണമില്ലേടോ മരിച്ചു പോയ അമ്മയെപ്പറ്റി  കള്ളം പറഞ്ഞ് ലീവ് ചോദിക്കാൻ?'
ഹിറ്റ്ലർ ചാക്കോ അലറി.

"അതിന് അവര് ചത്തു പോയില്ലേ? ജീവിച്ചിരിക്കുന്നവർക്കല്ലേ ശമ്പളം വേണ്ടത്..!!"
പത്രോസ് പിറുപിറുത്തു.

പത്രൊസ്സെ, നീ പാറയാകുന്നു.!

8 comments:

  1. ഇത്തരം മരണങ്ങള്‍ കുറെ കേട്ടതാണ്.
    സാരല്ല്യ.ജീവിച്ചിരിക്കുന്നവര്‍ക്കല്ലേ ശംബളം വേണ്ടത്!!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ തങ്കപ്പേട്ടാ.. പണം പിണത്തെക്കാൾ വലുത്..

      Delete
  2. പത്രോസേ നീ പാറയാകുന്നു ! :) ഹഹ

    ReplyDelete
    Replies
    1. അതെ, പാറയാകുന്നു.. :D

      Delete
  3. "കാക്ക എച്ചിൽപാത്രത്തിൽ നോക്കുന്നതുപോലെ പത്രോസ് സംശയഭാവത്തിൽ ലീവ് ഡയറിയെ നോക്കി. ദേഹഭാരം ഒരു കാലിൽ നിന്നും മറ്റേ കാലിലേയ്ക്ക് മാറ്റി."
    കഥാകാരന്റെ നിരീക്ഷണ പാഠവം ഇഷ്ടമായി ....

    ReplyDelete
  4. ആദ്യ പോസ്റ്റിലെത്തി.

    ReplyDelete
  5. ദൈവം... പലപ്പോഴും പത്രോസായി പരീക്ഷിക്കും.....

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...