സംഗീതം ഞങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായിട്ടുള്ളതാണ്.
അമ്മ നന്നായി പാടുമായിരുന്നു.
എന്നുവച്ച് കർണാടക സംഗീതമോ ഹിന്ദുസ്ഥാനി സംഗീതമോ ഒക്കെ അഭ്യസിച്ച ഒരു വിദുഷിയായിരുന്നു അമ്മ എന്നല്ല അർഥമാക്കിയത്. വീട്ടിനകത്ത് അമ്മ പാടി നടക്കുന്നത് ഇന്നും എന്റെ ബാല്യകാലത്തെ ഓർമകളുടെ അതിരുകൾക്കകത്തുനിന്നും തിരിച്ചറിഞ്ഞെടുക്കാൻ എനിക്ക് കഴിയുന്നുണ്ട്. ആ പാട്ടുകൾക്ക് സ്നേഹത്തിന്റെ ഒരു സുഗന്ധമുണ്ടായിരുന്നു.
കൂടുതലും സിനിമാപ്പാട്ടുകളാണ് അമ്മ പാടാറുണ്ടായിരുന്നത്.
"പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ ,
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ"
എന്നൊക്കെ മധുരമായി പാടി അമ്മ ഞങ്ങളെ ഉറക്കുമായിരുന്നു.
ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ഭാർഗവിയുടെ പ്രതികാരദാഹത്തിന്റെ മുഖത്തേക്കാൾ അമ്മയുടെ ചിരിക്കുന്ന അന്നത്തെ മുഖമാണ് സ്മൃതിയിൽ ഓടി വരിക.
അച്ഛനും പാടാൻ മോശമായിരുന്നില്ല എന്നായിരുന്നു അച്ഛന്റെ അഭിപ്രായം. പക്ഷെ അതാരും വക വച്ചു കൊടുത്തിരുന്നില്ല.
മാത്രവുമല്ല കുട്ടികളെ നോക്കുക, അവരെ താലോലിക്കുക, താരാട്ട് പാടുക തുടങ്ങിയ അതിക്രമങ്ങൾ അന്ന് നിലവിലിരുന്ന സാമൂഹിക ക്രമത്തിൽ പുരുഷന്റെ അവസ്ഥയ്ക്ക് ചേർന്നതല്ല എന്നൊരു വിശ്വാസവും മമ താതൻ വച്ചു പുലർത്തിയിരുന്നു.
ഇന്ന് കൊച്ചുമക്കളെ അച്ഛൻ രഹസ്യമായി താലോലിക്കുന്നത് കാണുമ്പോൾ അമ്മ ആ പഴയ കാലം ഞങ്ങൾക്ക് മുൻപിൽ തുറന്നിടും.
പക്ഷെ കുറ്റം പറയരുതല്ലോ, ചിലപ്പോഴൊക്കെ അമ്മ എസ്മ പ്രയോഗിക്കുമ്പോൾ നിവർത്തിയില്ലാതെ അച്ഛൻ ഞങ്ങളുടെ തൊട്ടിലിനരികിൽ വന്നു താരാട്ട് പാടുമായിരുന്നു. എപ്പോഴും ഒരേ താരാട്ട് തന്നെ.
"കാറ് ലോറിയെക്കേറി...
ലോറി കാറേക്കേറി...
ആരും ചത്തില്ല...
ആരും ചത്തില്ല.....!!"
പുള്ളിക്കാരന്റെ സ്വയംകൃതിയാണ്.
സംഗീതവും പുള്ളിയുടെ തന്നെ.
ഏതാണ്ട് ഈങ്ക്വിലാബ് സിന്ദാബാദ് എന്ന രീതിയിൽ അനശ്വരമായ ഒരു സംഗീതം.
പഴയ ഡിസ്കിൽ സൂചി തെറ്റിത്തിരിഞ്ഞു പോകുന്നതുപോലെ അതങ്ങനെ അവിരാമം തുടരും. ഞങ്ങൾ ഉറങ്ങുന്നത് വരെ.
കാറ് ലോറിയെ കേറിയിട്ടും ലോറി കാറേ കേറിയിട്ടും എന്തേ ആരും ചാകാഞ്ഞത് എന്ന് ആലോചിച്ചു ഞങ്ങൾ മൂന്നു മക്കളും ക്യൂ നിന്ന് രണ്ടു വർഷം വീതം ഇടവിട്ട് തൊട്ടിലിൽ കയറി ഉറങ്ങി .
പിൽക്കാലത്ത് ഞങ്ങൾക്ക് കുട്ടികളുണ്ടായപ്പോൾ അവരെ ഉറക്കുന്നേരം അച്ഛൻ ആ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കിൽ ഒരു പ്രതികാരം എന്നമട്ടിൽ ഞങ്ങളും ആ താരാട്ട് പാടി.
"കാറ് ലോറിയെക്കേറി,
ലോറി കാറേക്കേറി
ആരും ചത്തില്ല...
ആരും ചത്തില്ല.....!!"
അമ്മയുടെ പാട്ടിന്റെ പാരമ്പര്യം ഞങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങി.
ചേച്ചി അമ്മയുടെ ജീൻ ഏറ്റെടുത്തു നന്നായി പാടാൻ തുടങ്ങി.
അഛന്റെ ജീൻ ആ പാരമ്പര്യത്തെ പിടിച്ചു നിർത്താൻ ശ്രമിച്ചതിന്റെ ഫലമായി എനിക്ക് പാട്ടിന്റെ ഒരസ്കിത പോലെയും ഉണ്ടായി.
ഒരുമാതിരി ജലദോഷം പോലെ. നല്ലയൊരു പനി ഉണ്ടാകുകയുമില്ല, മൂക്ക് ചീറ്റി ചീറ്റി നടക്കുകയും ചെയ്യും എന്നൊരു അവസ്ഥ.
അനിയനാകട്ടെ അച്ഛന്റെ ജീൻ മുഴുവൻ ഏറ്റെടുത്തു വല്ലപ്പോഴും പാട്ടിന്റെ ജലദോഷം വരുന്നവനുമായി.
എന്റെ ഈ പാട്ട് പാടുന്ന അസ്കിത മറ്റുള്ളവരിൽ എന്ത് പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയാൻ ഞാൻ ഒരിക്കലും ശ്രമിച്ചിരുന്നതേയില്ല. വീട്ടിനുള്ളിലും വീട്ടിനു പുറത്തും ഞാൻ ഉറക്കെ പാട്ട് പാടിക്കൊണ്ടേ നടന്നു. എന്റെ പാട്ടിൽ താളനിബന്ധനകളോ സംഗതികളോ ഇല്ലായെന്ന് അന്ന് സ്കൂളിൽ അറിയപ്പെടുന്ന ഗായിക ആയിരുന്ന ചേച്ചി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പോടീ പുളുന്തൂസേ, അവളുടെ ഒരു വ്യാകരണം എന്ന ബഷീറിയൻ മട്ടിൽ ഞാൻ പൂർവാധികം ശക്തിയായി പാടി നടന്നു. അല്ലേലും ദേവരാജൻ മാഷും ദക്ഷിണാമൂർത്തിസ്വാമിയും ബാബുരാജുമൊന്നും നിങ്ങൾ ഇങ്ങനെയേ പാടാവൂ എന്ന് ഒരു നിബന്ധനയും എവിടെയും എഴുതി വയ്ച്ചതായി ഞാനെങ്ങും കണ്ടുമില്ല. ഞാൻ എനിക്കിഷ്ടപ്പെട്ട രീതിയിൽ ആ ഗാനങ്ങൾ പാടി നടന്നു.
ചില നേരങ്ങളിൽ ഞാൻ പാടിയ രീതിയല്ലേ കുറച്ചു കൂടി ശാസ്ത്രീയം എന്ന് വർണ്യത്തിൽ ആശങ്ക വരെ ഞാൻ ഉണ്ടാക്കിത്തീർത്തു.
പാടുമ്പോൾ വെള്ളി വീഴുക എന്ന രീതി തന്നെ ഞാൻ ഉണ്ടാക്കിയതാണെന്ന് വല്യ ഗായികയായ എന്റെ ചേച്ചി എന്നെപ്പറ്റി അപഖ്യാതി ഉണ്ടാക്കി.
പോടീ പുളുന്തൂസ്സെ, വെള്ളി വീഴുന്നതും സംഗീതത്തിന്റെ ഭാഗമാണെന്നു ഞാനും തിരിച്ചടിച്ചു.
അല്ലേൽ തന്നെ ഇപ്പോഴത്തെ റോക്ക് മ്യൂസിക് നോക്ക്, വെള്ളിയും ശനിയും മാത്രം ഉപയോഗിച്ചു അവർ എമ്മി അവാർഡു വരെ വാങ്ങും.
ചേച്ചിയ്ക്ക് സംഗീതം അഭ്യസിക്കാൻ അച്ഛൻ ഒരു ഭാഗവതരെ ഏർപ്പാട് ചെയ്തു. ഭാഗവതർ വീട്ടിൽ വന്നു പഠിപ്പിക്കും.
രണ്ടു പായ്ക്കറ്റ് തേയില മേടിച്ചാൽ രണ്ടു രൂപാ ഡിസ്കൌണ്ട് എന്ന രീതിയിൽ എന്നെക്കൂടി ചേർത്താൽ ഫീസ് കുറച്ചു പഠിപ്പിക്കാൻ ഭാഗവതർ ഒരു പക്ഷെ സമ്മതിച്ചേക്കും എന്നൊരു വാദഗതി ഞാൻ സമർപ്പിച്ചിരുന്നെങ്കിലും കൽക്കരി അഴിമതി നടന്നു എന്ന് പറഞ്ഞപ്പോൾ മൻമോഹൻ സിംഗ് ചെയ്ത പോലെ അച്ഛൻ ഒരക്ഷരം പറയാതെ ഇരുന്നുകളഞ്ഞു. അമ്മയുടെ മുഖത്തു ഒരു ഗാഢമായ ആലോചന വന്നിട്ട് പിന്നെയത് എന്തോ കണ്ടു പേടിച്ചതുപൊലെയുമായി. ദുഷ്ടയായ എന്റെ ചേച്ചിയാകട്ടെ എന്നാപ്പിന്നെ ഞാനും പഠിക്കുന്നില്ല എന്നൊരു ഭീഷണിയും മുഴക്കി. അങ്ങനെ എന്റെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു.
ഞാൻ വിടുമോ. ഭാഗവതർ ചേച്ചിയെ പഠിപ്പിക്കുന്ന സമയം കതകിനു മറവിലും മേശയ്ക്കടിയിലും ഒക്കെയിരുന്നു ഞാനും സപ്തസ്വരങ്ങളും സ്വരസ്ഥാനങ്ങളും ഹൃദ്യമാക്കി. ഒട്ടൊരു അഹങ്കാരത്തോടെ തന്നെ
" സരിഗരിഗ, ഗമപഗമ, ധപധ,
സാനിധനീധപ ധാധപ ധാ ധാ,
ഗമ പഗമ ഗമമ ,ഗമപഗമഗരിസ.."
വരെ കാണാതെ പഠിച്ച് ഉറക്കെ പാടി നടന്നു. സ്വരങ്ങൾ പാടാനുള്ളതാണ് ഉറക്കെ പറയാനുള്ളതല്ല എന്നൊക്കെ ചേച്ചി പറഞ്ഞെങ്കിലും ആ അസൂയക്കാരിയെ ആര് കാര്യമാക്കുന്നു?
അങ്ങനെയിരിക്കെ ചേച്ചിയുടെ വെറും പാട്ടുപഠിത്തം പെട്ടെന്നവസാനിച്ചു. അതോടെ എന്റെ ശാസ്ത്രീയസംഗീത പഠനവും നിലച്ചു. ഭാഗവതർ സ്ഥലത്തുനിന്നും ദൂരെയെവിടെയോ താമസം മാറിയതായിരുന്നു ഹേതു. എന്റെ ആലാപനം എപ്പോഴോ കേൾക്കാൻ ഇടയായ നാണക്കേടു മൂലമാണ് ഭാഗവതർ നാടുവിട്ടതെന്ന് ദുഷ്ടയായ ചേച്ചി നാട്ടിലും സ്കൂളിലും പറഞ്ഞു പരത്തി. കർണാടക സംഗീതത്തിലെ എന്റെ അവഗാഹം കണ്ടു ഞെട്ടിത്തരിച്ച് അസൂയ മുഴുത്താണ് ചേച്ചി ഈ അപഖ്യാതി മുഴുവൻ പരത്തുന്നത് എന്ന് ഞാനും ഉറപ്പിച്ചു പറഞ്ഞു.
നേരം വെളുത്താൽ തുടങ്ങി ഉറങ്ങുന്നത് വരെയുള്ള എന്റെ ഈ പാട്ടിന്റെ അസ്കിത മൂലം വീട്ടുകാരും നാട്ടുകാരും കുഴങ്ങി. പ്രത്യേകിച്ചും ഞാൻ കർണാടക സംഗീതത്തിൽ കൈ വച്ചതോടു കൂടി .
എനിക്ക് പാരയായി ചേച്ചിയുടെ കുയിൽ നാദവും.
നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും കുളിക്കുമ്പോഴും കക്കൂസ്സിൽ ഇരിക്കുമ്പോഴും ഞാൻ തകർത്ത് പാടും. മനുഷ്യശബ്ദത്തിനു എത്ര ഡെസിബൽ വരെ ഉയരാൻ കഴിയുമെന്ന എന്റെ പരീക്ഷണത്തെ അച്ഛൻ രൂക്ഷ നോട്ടം കൊണ്ട് നേരിടാൻ തുടങ്ങി. അല്ലെങ്കിലും ഈ വലിയവർക്ക് ഒരു വിചാരമുണ്ട്. അവർ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി, നമ്മൾ കൊച്ചുകുട്ടികൾ ചെയ്യുന്നതെല്ലാം തെറ്റ്.
പാട്ടിന്റെ വാക്കുകളുടെയും വരികളുടെയും അർഥം ഒന്നും മനസ്സിലാക്കിയല്ല ഞാൻ പാടിയിരുന്നത്. വരികൾ മനസ്സിലായാലേ ഭാവം ഉണ്ടാകൂ എന്ന് ചേച്ചി പറഞ്ഞു തന്നുവെങ്കിലും അതാര് വകവയ്ക്കുന്നു?
ഒന്നും മനസ്സിലായില്ലെങ്കിൽ എനിക്ക് തോന്നുന്ന അർഥം വരാൻ വേണ്ടി വാക്കുകളെ മാറ്റിപ്പാടുന്ന ഒരു രീതിയും ഞാൻ തുടങ്ങി വച്ചു. സിനിമാപ്പാട്ടുകളിൽ അറിയാൻ വയ്യാത്ത വാക്കുകൾ വന്നാൽ ഞാൻ എനിക്ക് തോന്നുന്ന വാക്കുകൾ ഉപയോഗിക്കും.
"ദേവലോകരഥവുമായ് , തെന്നലേ, തെന്നലേ, തെന്നലേ,,,,,, "
എന്ന് ഞാൻ ഉറക്കെ പാടി നടക്കും.
തെന്നൽ എന്താണെന്ന് അറിയാത്തതുകൊണ്ട് ഞാനത്
"ദേവലോകരഥവുമായ് , തെന്നല്ലേ , തെന്നല്ലേ, തെന്നല്ലേ,,,,"
എന്നാണ് പാടിയിരുന്നത്.
മഴക്കാലമാകുമ്പോൾ രഥം സൂക്ഷിച്ച് ഓടിക്കണം എന്നാണു കവി ഉദ്ദേശിക്കുന്നതെന്ന് ഞാൻ ശക്തിയായി സമർത്ഥിക്കുകയും ചെയ്തു.
അങ്ങനെ എന്റെ ജീവിതം സംഗീതസാന്ദ്രമായി മുന്പോട്ടുപോകുമ്പോഴാണ് ആ ഭീകര സംഭവം ഉണ്ടാകുന്നത്.
ഒരിക്കൽ കക്കൂസ്സിൽ ഇരുന്നു ഞാൻ ഉറക്കെ പാടുകയാണ്.
എം എസ് വിശ്വനാഥനെ നാണിപ്പിച്ച് ആ സിനിമാ ഗാനം അനേകം വെള്ളിടികൾ തരണം ചെയ്ത് എന്റെ അനുഗ്രഹീതമായ തൊണ്ടയിലൂടെ പുറത്തേയ്ക്കൊഴുകി .
"കണ്ണ്‍ നീർ തുള്ളിയെ
സ്ത്രീയൊടുപമിച്ച
കാവ്യഫാവനേ ..!! "
വയലാർ എഴുതിയ പല വാക്കുകളും ഞാൻ എന്റെ പ്രതിഭ ഉപയോഗിച്ചു നന്നായി മാറ്റിയാണ് പാടുന്നത്. എമ്മെസ്സിന്റെ സംഗീതത്തിന് അതാണ് കുറേക്കൂടി ചേരുന്നതെന്ന് വയലാറിനേക്കാൾ നന്നായി എനിക്കറിയാം.
പാട്ടിനിടയിൽ ബാത്ത്റൂമിന്റെ വാതിലിൽ ഏതോ ഒരു അരസികൻ അതിശക്തിയായി ഇടിച്ചു..
ആര് കാര്യമാക്കുന്നു?
ഞാൻ സംഗീതത്തിന്റെ അഭൗമതലങ്ങളിൽ പുതിയ പുതിയ വിചാരങ്ങളും വികാരങ്ങളും ഉണർത്തിവിട്ട് വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് നാന്ദി കുറിക്കുകയാണ് ..
പാട്ടിന്റെ രണ്ടാം ഖണ്ഡം കഴിഞ്ഞ് എമ്മെസ്സിനെക്കാൾ ഉച്ചത്തിൽ ഞാൻ അലറി.
"തൊടരുത്..! അതെടുത്തെറിയരുത് ....!!"
വീണ്ടും കതകിൽ അതിശക്തിയായ താഢനം..
ഞാൻ പാട്ടൊന്നു നിർത്തി ശ്രദ്ധിച്ചു.
മനസ്സമാധാനമായി കക്കൂസ്സിലിരുന്നു സാധകം ചെയ്യാനും സമ്മതിക്കില്ലല്ലോ ഈ ക്രൂര ലോകം..!!
ചിലപ്പോളിനി വല്ല ആരാധകന്മാരും ആണോ? ആരാധകന്മാർക്കുണ്ടോ സ്റ്റെജും കക്കൂസും.. അവർ ചിലപ്പോൾ ഇടിച്ചു കയറും.
പുറകെ അച്ഛന്റെ അലർച്ച മുഴങ്ങി .
"നീയതു തൊടുകേം വേണ്ടാ,എടുത്തെറിയുകയും വേണ്ടാ,,..കുറച്ചു വെള്ളമങ്ങോട്ടൊഴിച്ചാ മതി... ഇങ്ങോട്ടിറങ്ങി വാടാ..!!"






