Tuesday, 26 July 2016

മൈ ബോസ്മൈ ബോസ്സ് ആളൊരു തടിയാപിള്ളയായിരുന്നു.
ഇപ്പോൾ ഭാരമെത്രയുണ്ട് എന്ന് ചോദിച്ചാൽ ഒരു മടിയും കൂടാതെ ഒരു ക്വിന്റൽ, ഒരു ക്വിന്റൽ പത്തു കിലോ എന്നിങ്ങനെ പത്തുകിലോ കുറച്ചു പറയുന്ന ആൾ. കൂടെ നമ്മുടെ മുഖത്തു നോക്കി ഒരു കള്ളം കൂടി  പറയും.
"കുറയ്ക്കുന്നുണ്ട്, കുറയ്ക്കുന്നുണ്ട്..!!"

പൊതുവേ തടിയന്മാർ ആംഗലേയ ഭാഷയിൽ പറഞ്ഞാൽ clumsy ആണ്. നടക്കുമ്പോഴും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ചുറ്റുമുള്ള സാധനങ്ങൾ  ഒരു മാജിക്കിലെന്നപോലെ അന്തരീക്ഷത്തിൽ ഉയർന്ന് ചുറ്റും ചിതറി വീഴുന്നത് കാണാം. രണ്ടു നേരം ഗ്ലാസ്സ് തട്ടി മേശപ്പുറത്ത് എന്തെങ്കിലും ഒഴിക്കാതെ ഒരു ദിവസം തീരുകയില്ല.
ബോസ്സും മോശക്കാരനായിരുന്നില്ല.
പുള്ളിക്കാരൻ വരുന്നത് കണ്ടാൽ ഉടൻ ഞങ്ങൾ മേശപ്പുറത്ത്‌  'ഇപ്പൊ ഞാൻ വീഴുമേ..!' എന്ന് പറഞ്ഞിരിക്കുന്ന സ്ഥാവരജംഗമവസ്തുക്കളെല്ലാം അവിടെനിന്ന് നിഷ്കാസനം ചെയ്യും.

ബോസ്സ് ക്ഷിപ്രകോപിയുമായിരുന്നു. ചിരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ചിലപ്പോൾ ഭാവം മാറും. മുഖം ചുവക്കും. കസേരയിൽ നിന്നും ചാടി എഴുന്നേൽക്കും, ഇരുന്നിരുന്ന കസേര  'ഞാൻ ചത്തേ ..!'  എന്ന് നിലവിളിച്ചു കൊണ്ട്  പുറകോട്ടു മലർന്നു വീഴും. മേശപ്പുറത്തു നിന്നും വാരി വലിച്ചിട്ടിരിക്കുന്നതിൽ നിന്നും കുറഞ്ഞത്‌ നാല് ഫയലുകൾ ഭൂമിദേവിയെ പുൽകും, മേശപ്പുറത്തു പാതി കുടിച്ചു വച്ചിരിക്കുന്ന  ചായ ഗ്ലാസ് മറിഞ്ഞു വീണ് അടിയന്തിര തീരുമാനം പ്രതീക്ഷിച്ച് രണ്ടാഴ്ചയായി  ഉറങ്ങുന്ന ഫയൽ മഞ്ഞ നിറമാകും. മേശ ചുറ്റി പുറത്തേയ്ക്ക് വരുമ്പോൾ തറയിൽ കൂടി പോകുന്ന ടെലിഫോൺ കേബിളിൽ കാൽ കുരുങ്ങി ഫോൺ  സോക്കറ്റിൽ നിന്നും പറിഞ്ഞു തെറിച്ചു താഴെവീഴും. അതോടെ സ്വന്തം ബാലൻസ്  തെറ്റി തെറിച്ചു ഭീത്തിയിൽ ചെന്ന് മുട്ടി,  ബാലൻസ്  ശരിയാക്കാൻ രണ്ടു കൈകളും  ഉയർത്തി ഹതഭാഗ്യവാനായ കലണ്ടറിനെ പിടികൂടി അത് ആണി സഹിതം വലിച്ചു പറിച്ചു മൂന്നായി തറയിലിടും. പിന്നെ നമ്മളെ  നോക്കി ഒരു അലർച്ചയാണ്.

"പ്ര.. പ്ര.. ദീഫെ.. അയാം യോബോസ് ..!  മൈന്ഡ്.. ട്ട്  .. അന്തബോസ്..!!"
കൂടെ ഒരു കുട്ട തുപ്പൽ പകുതി വാക്കുകളെ ശബ്ദരഹിതമാക്കി പുറത്തേയ്ക്ക് തള്ളിവിടും .
"പ്രദീപ്‌, അയാം യോ ബോസ്.. മൈന്ഡ് ഇറ്റ്‌.. അയാം ദെ ബോസ്സ്"
എന്നാണ് അട്ടഹസിക്കുന്നത്.

നമ്മൾ  ചായ ഗ്ലാസ്‌ നേരെയാക്കി, ഫയലിൽ നിന്നും  ചായ തട്ടി കുടഞ്ഞു കളഞ്ഞ്, ഫയലെല്ലാം എല്ലാം ഒതുക്കി വച്ച്, ഫോണെടുത്തു നേരെയാക്കി, അതിലൂടെ  " തോമസ് സാറിനു ഒരു കലണ്ടർ കൂടെ" എന്ന് എച് ആറിൽ വിളിച്ചു പറയുമ്പോഴേയ്ക്കും പുള്ളിക്കാരന്റെ ദേഷ്യം തീർന്നിരിക്കും.

ഫയൽ നോക്കിയില്ലെങ്കിലും ബ്രിട്ടീഷ് ലൈബ്രറിയിൽ പോയി ഗഡാഗണ്ഡന്മാരായ പുസ്തകങ്ങൾ കൊണ്ട് വന്നു വായിക്കുക എന്നതാണ് പതിവ്. അത് മേശപ്പുറത്തു നമുക്ക് കാണുന്ന രീതിയിൽ വച്ചിട്ടുണ്ടാകും. ചൂടായി കസേരയിൽനിന്നും  എഴുന്നേൽക്കുന്ന സമയത്ത്  "കൊള്ളാമല്ലോ ബോസ്സ്, ബി ഏ ബെറ്റർ ഹ്യുമൻബീയിങ്ങ്..നല്ല പുസ്തകമാണോ?' എന്നൊന്ന് ചോദിച്ചാൽ മതി, ആശാൻ ടപ്പേന്ന് കസേരയിൽ തിരിച്ചു വീഴും, മുഖത്തു ഒരു ചിരി വിളയാടും, പിന്നെ ഒരു വിവരണമാണ്. മേൽപ്പറഞ്ഞ ദേഷ്യപ്രകടനങ്ങൾ വേണോ അതോ പുസ്തകത്തെപ്പറ്റി അര മണിക്കൂർ  സ്റ്റഡിക്ലാസ് വേണോ  എന്ന് നമ്മൾ തീരുമാനിച്ചാൽ മതി.

" ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കാതിരിക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്.  ചില അവസരങ്ങളിൽ അവ ജീവിതത്തിൽ വളരെ പ്രധാനമായിത്തീരും. അതീ പുസ്തകം പറയുന്നുണ്ട്. "
"എന്ന് വച്ചാ?"
നമ്മൾ ഉറക്കത്തിന്റെ കയത്തിൽ നിന്നും തല ഒരു വിധത്തിൽ ഉയർത്തിപ്പിടിച്ചു ചോദിക്കും.
"ഉദാഹരണത്തിന്, നമ്മൾ കാറിലോ ബൈക്കിലോ യാത്ര തുടങ്ങാൻ പോകുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമെന്താണ്?"
"താക്കോലെടുത്തോന്നു നോക്കണം."
"അല്ല." - ചിരിയിൽ അല്പം പുഞ്ഞം.
"പെട്രോളുണ്ടോന്നു നോക്കണം."
"അല്ല." - ചിരി മൊത്തം പുഞ്ഞം.
"എന്നാപ്പിന്നെ ആ മഹാൻ പറഞ്ഞതെന്താണെന്ന് ബോസ്സ് തന്നെ പറ.."

ആ മഹാനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ "ശിരസ്സ്‌ പിളർന്നു  അന്തരിക്കണേ"എന്ന് നാം പ്രാർത്ഥിച്ചേനേ... 

"അതാണ്‌..!  ഏതൊരു യാത്രയും പുറപ്പെടുന്നതിനു മുന്പ് വൃത്തിയുള്ള കീറാത്ത അണ്ടർവെയർ  ധരിക്കണം."
"ങ്ഹെ..!"
"ങ്ഹാ.."
"ങ്ഹെ..!!"
"ങ്ഹാ.. പോകുന്ന വഴിക്ക് നിങ്ങൾക്ക്  ഒരു ആക്സിഡന്റ്   ഉണ്ടായെന്നിരിക്കട്ടെ, നിങ്ങളെ നാട്ടുകാര് ആശുപത്രിയിൽ  കൊണ്ടുപോകും. സുന്ദരിമാരായ നേഴ്സന്മാർ  അവിടെക്കാണും, അവർ മുറിവെല്ലാം വൃത്തിയാക്കാൻ നിങ്ങളുടെ ഷർട്ടും പാന്റ്സും അഴിച്ചു മാറ്റും, അപ്പോ ദാ കിടക്കുന്നു, പഴകി കീറിപ്പറിഞ്ഞു കിഴുത്ത വീണ നിങ്ങളുടെ അണ്ടർവെയർ..അപ്പൊ ആ നേഴ്സന്മാർ നിങ്ങളെപ്പറ്റി എന്ത് വിചാരിക്കും..? അതോണ്ടാ പറേന്നെ .."
"ഗുരോ..!!"

കുറ്റം പറയരുതല്ലോ, ഓഫീസിലെ കാര്യങ്ങൾ സമയബന്ധിതമായി തീർക്കണമെന്ന് പുള്ളിക്കാരന് യാതൊരു വാശിയുമില്ലായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ജോലി അവിടുന്നു കിട്ടുന്ന വാർത്തകൾ ഇവിടെയും ഇവിടെ നിന്നും കിട്ടുന്ന വാർത്തകൾ അവിടെയും പൊടിപ്പും തൊങ്ങലും ചേർത്ത് എത്തിക്കുകയെന്നതായിരുന്നു. മിക്കവാറും സമയം ഒരു കയ്യിൽ ഇന്റേണൽ ഫോണും മറുകയ്യിൽ എക്സ്റ്റേണൽ ഫോണും കാണും. മേശപ്പുറത്ത് കമ്പനി മൊബൈൽ ഫോണും.

ഒരിക്കൽ ഒരു മീറ്റിങ്ങിനുശേഷം മാനേജിംഗ് ഡയറക്ടർ  എച്ച്. ആർ  മാനേജരോട് മീറ്റിങ്ങിലെ തീരുമാനങ്ങൾ  അന്നുതന്നെ അടിയന്തിരമായി ഒരു സർക്കുലർ ആയിയിറക്കി എല്ലാവരെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഓഫീസ് ടൈം കഴിഞ്ഞിരുന്നതുകൊണ്ട് എച്ച്. ആർ  മാനേജർ ബുദ്ധിമുട്ട് അറിയിച്ചു. ഒരു ചെറു പുഞ്ചിരിയോടെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു:
"അല്ലേൽ സാരമില്ല. തോമസ്‌ മീറ്റിങ്ങിലുണ്ടായിരുന്നല്ലോ, അത് മതി."

സ്ഥിരമായി ചാടിയെഴുന്നേറ്റു ടെലിഫോൺ കേബിൾ കാലുകൊണ്ട്  പൊട്ടിക്കുന്നതിൽ സഹികെട്ട ടെലിഫോൺ സെക്ഷൻകാർ അത് ഒരു പൈപ്പ് വഴി ഇട്ടു ബോസ്സിന്റെ മേശയുടെ അരികിൽ വരെയെത്തിച്ചു കൊടുത്തു. വാതിൽ  തുറന്നു കയറിയാൽ ആദ്യം കാണുന്നത് പുറത്തു നിന്നും വന്നു മേശയ്ക്കടിയിലൂടെ കസേരയ്ക്കരികിലേയ്ക്ക് പോകുന്ന ഈ പൈപ്പാണ്.
സ്വതവേ ഒരു മടിയനായ ബോസ്സിനെപ്പറ്റി ഒരു പുതിയ കഥ ഇറങ്ങാൻ കാലതാമസം ഉണ്ടായില്ല.

"ഡീ, തോമസ്സാറിന്റെ മുറിയിലെ പൈപ്പ് കണ്ടോ?"
"കണ്ടു, കണ്ടു. ഫോൺലൈനല്ലേ?'
"അല്ലെടീ, അത് തറയിൽ കൂടി അങ്ങനെ എങ്ങോട്ടാ പോകുന്നത്?"
"അത് മേശയ്ക്കടിയിൽ കൂടി കസേര വരെ."
"അതേടീ, അതിന്റെയങ്ങേയറ്റത്തു ഒരു ഫണൽ ഉണ്ടെന്നാ ആൾക്കാര് പറേന്നെ. ഇപ്പൊ പുള്ളിക്കാരൻ ബാത്രൂമിൽ പോവാറില്ലാത്ത്രെ..!!"
എങ്ങനുണ്ട് കഥ പോകുന്ന പോക്ക്..!

ബോസ്സിനെപ്പറ്റി മറ്റൊരുപാട് കഥകളും പാണന്മാർ പാടി നടക്കുന്നുണ്ട്.

കമ്പനിയിൽ ആദ്യമായി ജോലിക്ക് വന്നപ്പോൾ ഒരു ലോഡ്ജിൽ തനിയെയാരുന്നു താമസം. അന്ന് കല്യാണം കഴിച്ചിട്ടില്ല. കമ്പനിയിൽ ഡ്യൂട്ടി ചെയ്യുക, തിരികെ വന്നു ആസാദിൽ നിന്നോ മലബാർ ഹോട്ടലിൽ നിന്നോ ഉള്ള ചിക്കനും ബീഫും ബിരിയാണീം എല്ലാം വാരി വലിച്ചു തിന്നുക, ഉറങ്ങുക ഇതായിരുന്നു ജീവിതക്രമം. കുളി, നന, പല്ലുതേപ്പ് ഇതൊന്നും പറഞ്ഞിട്ടില്ല. തടി ഒരു ക്വിന്റൽ കടക്കാൻ അധികസമയം ഒന്നും വേണ്ടി വന്നില്ല.

കൂട്ടുകാർ റൂമിൽ വരുമ്പോൾ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന പഴയ തുണികൾ  കണ്ട്  അന്തംവിട്ടു.
"ഡാ, തോമാച്ചാ, നീ ഈ തുണിയെല്ലാം ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നതെന്താ?"
"അതേ, എനിക്കീ  തുണിയൊന്നും നനയ്ക്കാൻ വയ്യ. അണ്ടർവെയറും  ബനിയനും വാങ്ങി ഒരാഴ്ച ഉപയോഗിച്ചു കഴിഞ്ഞാൽ ഞാനത് ആ മൂലയ്ക്കെറിയും, പിന്നെ പുതിയത് വാങ്ങും. "

കല്യാണം കഴിഞ്ഞ് ആദ്യരാത്രിയെക്കുറിച്ചുള്ള കഥയാണ്‌ ഏറ്റവും പ്രസിദ്ധം.
ആദ്യരാത്രിയിൽ കുളിച്ചു പൗഡറുമൊക്കെ പൂശി കുട്ടപ്പനായി ആശാൻ ഭാര്യയേയും നോക്കിയിരിക്കുകയാണ്. ഭാര്യ വന്നു കതകടച്ച്  മൂക്ക് ചുളിച്ചു ചോദിച്ചു.
"അച്ചായൻ കുളിച്ചില്ലേ?"
"കുളിച്ചു, കുളിച്ചു..!"

ഭാര്യ ഉന്തിത്തള്ളി ഭർത്താവിനെ കുളിമുറിയിൽ കയറ്റി, വേഷം മാറ്റി തല വഴി വെള്ളം ഒഴിച്ചു. സോപ്പിട്ടു പുറം നന്നായി കഴുകാൻ തുടങ്ങി.
സാമ്പാറിന്റെ നിറത്തിൽ വെള്ളം ഡ്രെയിനേജ് വഴി പുറത്തേയ്ക്കൊഴുകി. അത് പാർവതിപുത്തനാറുവഴി ആക്കുളം കായലിൽ ഒഴുകിയെത്തി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജലമലിനീകരണബോർഡിൽ നിന്നും   ശാസ്ത്രജ്ഞന്മാർ രാത്രി തന്നെ വന്നു പരിശോധന നടത്തിയെങ്കിലും  അവർക്ക്   ആ മലിനജലത്തിന്റെ സ്വഭാവമോ ഉറവിടമോ മനസ്സിലാക്കാൻ  കഴിഞ്ഞില്ല. (എന്നാൽ പിന്നീട് ബോർഡിലെ ഒരു സീനിയർ സയന്റിസ്റ്റ് ഈ പ്രതിഭാസത്തെപ്പറ്റി  ജനീവയിലെ ഒരു അന്തർദേശീയ സെമിനാറിൽ ഒരു ഖടിതം വായിച്ചു ലോകപ്രസിദ്ധനായി ).

കുറേനേരം പുറം ഉരച്ചു കഴുകിക്കഴിഞ്ഞപ്പോൾ വെള്ളത്തിന്റെ നിറം മാറി അതിന് ഒരു സ്വാഭാവികനിറം  കൈവരിച്ചു. ഒരു ദീർഘനിശ്വാസത്തോടെ ഭാര്യ നോക്കിയപ്പോൾ ഭർത്താവിന്റെ പുറത്തു U  പോലെ ഒരു അടയാളം. ഒരെത്തും പിടിയും കിട്ടുന്നില്ല.
ഭർത്താവ് കൈ പിന്നോട്ടാക്കി പുറത്തു പരതി. കുളിമുറിയുടെ സീലിങ്ങിലേയ്ക്ക് നോക്കി ഗാഢമായി ആലോചിച്ചു. പിന്നെ ഉറക്കെ അട്ടഹസിച്ചു.
"യുറേക്കാ..!"
കയ്യെത്തി പുള്ളിക്കാരൻ ആ ബനിയൻ ഊരി കുളിമുറിയുടെ മൂലയിലേക്കെറിഞ്ഞു.

കല്യാണവും വിരുന്നും കഴിഞ്ഞപ്പോഴേക്കും ഭാരം ഒന്നേകാൽ ക്വിന്റലിനോടടുത്തു.
അതിനെത്തുടർന്ന്  ഭാര്യ ചില കടുത്ത തീരുമാനങ്ങൾ എടുത്തു. വൈകിട്ട് അഞ്ചു മണിക്ക് ആശാനെ ഉന്തിത്തള്ളി വീടിനു പുറത്തേയ്ക്കെറിഞ്ഞു. കുറഞ്ഞത് അഞ്ചു കിലോമീറ്റർ നടന്നിട്ട് വന്നാലേ വീട്ടിൽ തിരിച്ചു കയറ്റൂ. 
സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾ അമ്മയെ തിരിഞ്ഞു തിരിഞ്ഞു നോക്കി സ്കൂളിൽ പോകുന്നതുപോലെ, ആശാൻ ഭാര്യയെ തിരിഞ്ഞു തിരിഞ്ഞു നോക്കി മുഖവും കൂർപ്പിച്ച്  ഇഴഞ്ഞിഴഞ്ഞു നീങ്ങും. കാണാമറയത്തെത്തുമ്പോൾ ഭാര്യ ഒരു ദീർഘനിശ്വാസത്തോടെ കതകടച്ച്  അടുക്കളയിലേയ്ക്ക് മടങ്ങും. അച്ചായൻ തിരിച്ചു വരുമ്പോഴേയ്ക്കും  രണ്ടു ചപ്പാത്തീം എണ്ണ ചേർക്കാത്ത വെജിറ്റബിൾ  കുറുമയും  സലാഡും റെഡിയാക്കി വയ്ക്കണം. പാവം അച്ചായൻ..!

ആദ്യത്തെ കുറേനാളുകൾ ഉന്തിത്തള്ളി റോഡിലിറക്കി വിടാൻ കഷ്ടപ്പെടേണ്ടി വന്നു, ദീർഘനിശ്വാസങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു. ഒരാഴ്ച കഴിഞ്ഞതോടെ  അച്ചായൻ ഉഷാറായി. ഭാര്യക്കും സന്തോഷമായി. അല്ലേലും ആദ്യത്തെ മടിയേ ഉള്ളൂ, പിന്നീട് വ്യായാമം ചെയ്തില്ലെങ്കിലാണ് ബുദ്ധിമുട്ട്. ഇതെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് എന്ന് മൂളിക്കൊണ്ട് ബോസ് കൈകൾ വീശി ഗേറ്റ് കടന്നു പോകും. ഒരു എഴുമണിയോടെ വിയർത്ത് കുളിച്ചു തിരിച്ചെത്തും. വിയർത്ത് കുളിച്ചതുകൊണ്ട് ഇനി കുളിക്കണോ എന്ന് ഭാര്യയോടു ആരായും. വിശന്നു കുടൽ കരിഞ്ഞെന്നു പ്രസ്താവിയ്ക്കും. വെജിറ്റബിൾ കുറുമയെ നോക്കി മുരളും.
നടക്കാൻ പോകാൻ ഉന്മേഷത്തിന് ഒരു കുറവും ഉണ്ടായില്ല. പക്ഷെ തടിക്കും ഒരു കുറവുമുണ്ടായില്ല.
കുളിമുറിയിലെ വെയിംഗ് മഷീനും ബോസ്സിന്റെ ഭാര്യയും താടിക്ക് കൈകൾ കൊടുത്തു പരസ്പരം നോക്കിയിരുന്നു. ഭാരം ഒന്നേകാൽ ക്വിന്റൽ തന്നെ.

ഒരു ദിവസം ഭർത്താവ് ഇറങ്ങിയതിനു തൊട്ടുപിന്നാലെ അദ്ദേഹം അറിയാതെ ഭാര്യയും കൂടെ വച്ചു പിടിച്ചു. അത്യുത്സാഹത്തോടെ കൈകൾ വീശി ഒന്നേകാൽ ക്വിന്റൽ കിഴക്കേകോട്ട വഴി പടിഞ്ഞാറേക്കോട്ടയിലെത്തി. ഭാര്യയും പുറകെ നടന്നു വിയർത്തു. ഒന്നേകാൽ ക്വിന്റൽ വടക്കെകോട്ടയിൽ നിന്നും ഫോർട്ട്‌ സ്കൂളിനു മുൻപിലൂടെ തിരിഞ്ഞ് കൈതമുക്കിനു വച്ചു പിടിച്ചു.  ഇത്രേം നടന്നിട്ടും ഈ മനുഷ്യന്റെ തടി കുറയാത്തതെന്താ എന്നാലോചിച്ചു ഭാര്യയും. കൈതമുക്കിലേയ്ക്കു തിരിയുന്ന കോട്ടഗോപുരവാതിലിന്  സമീപം ഒരു തട്ടുകട. ഒന്നേകാൽ ക്വിന്റൽ അവിടെയെത്തിയപ്പോൾ സഡൻ ബ്രേക്ക് ഇട്ടു നിന്നു.

"ഗോപാലാ.."
"അറിയാം സാറേ, മൂന്നു കപ്പേം, രണ്ടു ബീഫ് കറീം, ല്ലേ?'
തലകുലുക്കി കസേരയിൽ ഇരിക്കാൻ തുടങ്ങിയ  മഹാനുഭാവൻ, ആറ്റുകാൽ ദേവിയുടെ രോക്ഷം നിറഞ്ഞ രൗദ്രരൂപം കണ്ടു ചാടിയെഴുന്നേറ്റു നാല് കസേരകളും തട്ടിയെറിഞ്ഞു വന്ന വഴിയേ അപ്രത്യക്ഷനായി.

റിട്ടയർമെന്റ്  പാർടിയിൽ രണ്ടെണ്ണം വീശി, നാല് മേശയും ആറ് കസേരയും മൂന്ന് ലാർജും  മറിച്ചിട്ട് എന്റെ ചുള്ളിക്കമ്പ് ശരീരത്തിൽ ഒന്നേകാൽ കിന്റലും ചാരി,  തുമ്പിക്കൈ വണ്ണമുള്ള കൈ എന്റെ തോളത്തുമിട്ടു ബോസ്സ് ഉറക്കെക്കരഞ്ഞു-
"ഞാൻ പോയാൽ  നിങ്ങൾ ആരെ കളിയാക്കും, പ്രദീപേ?'


(ഇ-മഷി മെയ് 2016 ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )
22 comments:

 1. വായിച്ചു.. ഇഷ്ടായീട്ടോ പ്രദീപേ...

  ReplyDelete
  Replies
  1. ഇഷ്ടമായതിൽ ഇഷ്ടം :)

   Delete
 2. This comment has been removed by a blog administrator.

  ReplyDelete
 3. Pothuve thadiyanmar paavangal aanu

  ReplyDelete
 4. e-മഷിയില്‍ വായിച്ചിരുന്നു. ഇഷ്ടമായി. ആശംസകള്‍.

  ReplyDelete
  Replies
  1. വായിച്ചില്ലാരുന്നേൽ തടി കേടായേനെ.. :/

   Delete
 5. പാവം ബോസ്, നിങ്ങൾക്കു കളിയാക്കാൻ വേണ്ടിയല്ലേ അദ്ദേഹം തടി കുറയ്ക്കാതെ സൂക്ഷിക്കുന്നത്... !!

  നന്നായി എഴുതി ട്ടോ...

  ReplyDelete
 6. ബോസ്സിന്റെ കഥ ഇഷ്ടായി മാഷെ.... പാവം ബോസ് തടി കുറയില്ലാന്നു വച്ചാൽ ഇനിയെന്താ ചെയ്യുക?

  ReplyDelete
 7. സത്യം പറ ,ഇതിൽ യഥാർത്ഥത്തിൽ ബോസ് പ്രദീപ് തന്നെയല്ലേ?

  ReplyDelete
  Replies
  1. അവനവൻ തന്നെ ബോസ്. (ദുഷ്ടൻ, കണ്ടുപിടിച്ചു കളഞ്ഞു)

   Delete
 8. "യുറേക്കാ..!"
  കയ്യെത്തി പുള്ളിക്കാരൻ ആ ബനിയൻ ഊരി കുളിമുറിയുടെ മൂലയിലേക്കെറിഞ്ഞു.  പ്രദീപേട്ടാാ
  !!!സൂപ്പർ
  ആകെ മൊത്തം പഞ്ചുകൾ ഇടിച്ചുനിറച്ച സൂപ്പറോത്ഫുലമായ പോസ്റ്റ്‌..

  ReplyDelete
 9. പാവം തോമസ് സാറിനെ ഇത്രയും കളിയാക്കണ്ടായിരുന്നു. രസകരമായി എഴുതി. മുംബൈ,സൗദി എല്ലാം കറങ്ങി ഇപ്പോൾ നാട്ടിൽ താമസമാക്കിയ ഒരു സുഹൃത്ത്, പണ്ട് അണ്ടർവെയർ ഇടാൻ ഇതേ കാരണം പറഞ്ഞത് ഓർമ വരുന്നു. അതെ പോലെ ഡൽഹിയിൽ കണ്ടു മുട്ടിയ ഒരു മലയാളി ആഴ്ചയല്ല ഒരു മാസമാണ് ഒന്ന് ഉപയോഗിക്കുന്നത് വലിച്ചെറിയുന്നതിനു മുൻപ്. അത് പോലെ ആ ബനിയൻ.

  നന്നായി, രസകരമായി എഴുതി.

  ReplyDelete
 10. പ്രദീപ് എഴുത്തു നന്നായി .ഇത്തരം ആള്‍ക്കാരെ ഇടയ്ക്കൊക്കെ കാണാം

  ReplyDelete
 11. കൊള്ളാം നന്നായിരിക്കുന്നു..
  പണ്ട് കോളേജ് ഹോസ്റ്റലിൽ അണ്ടർവെയർ കഴുകാതെ മെത്തയ്ക്ക് അടിയിൽ വെച്ച് ഉണക്കി ഉപയോകിക്കുന്ന ഒരു സുഹൃത്ത് എനിക്കും ഉണ്ടായിരുന്നു..  ReplyDelete
 12. This comment has been removed by a blog administrator.

  ReplyDelete
 13. നല്ല രസികന്‍ എഴുത്ത്.

  നന്നായി മാഷേ, ഇനിയും എഴുതുക

  ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...