Sunday 5 October 2014

രസംകൊല്ലികൾ

കടപ്പാട്- ഗൂഗിൾ 

രസംകൊല്ലികൾ..
അതൊരു പ്രത്യേക വിഭാഗമാണ്‌.
നമ്മുടെ ജീവിതത്തിലെ പല അവസരങ്ങളിലും   വിളിച്ചും വിളിക്കാതെയും കടന്നു വന്നിട്ട് നമ്മുടെ സന്തോഷത്തെ തല്ലിക്കെടുത്തി സ്ഥലം വിടുന്ന മഹാനുഭാവന്മാർ.

രസംകൊല്ലികളിൽ  രണ്ടു വിഭാഗങ്ങളുണ്ട്.
ഒരു കൂട്ടർ  ജന്മനാ തന്നെ അരസികന്മാർ ആണ് . അതവരുടെ കുഴപ്പമല്ല. പിറന്നു വീണ നേരം അവർ ഉയർത്തുന്ന കരച്ചിൽ കേട്ടാൽ  തന്നെ അത് മനസ്സിലാകും. കക്ഷികൾ  പകൽ  മുഴുവൻ അമ്മമാരുടെ ചൂടുപറ്റി കിടന്നുറങ്ങും.   രാത്രി മുഴുവൻ ഉണർന്നു  കരഞ്ഞ്  അച്ഛന്റെയും അമ്മയുടെയും സ്വൈര്യം കെടുത്തും.
രണ്ടാമത്തെ  കൂട്ടർ ആകട്ടെ നമ്മുടെ രസം കെടുത്താൻ മന:പൂർവം   തുനിഞ്ഞിറങ്ങിയിരിക്കുന്നവരാണ്.  അവർക്ക് രസം ഉണ്ടാകുന്നത് തന്നെ നമ്മുടെ രസം തല്ലിക്കെടുത്തിയിട്ടാണ്.

ദാ , ആ വരുന്ന കനം  കുറഞ്ഞ ചുരുളൻ  മുടിക്കാരൻ ആദ്യത്തെ വിഭാഗക്കാരനാണ്.

നമ്മൾ അയലത്തെ വീട്ടിലെ പറമ്പ് അളക്കുന്നത് കാണാൻ പല്ലുപോലും തേക്കാതെ രാവിലെ തന്നെ വേലിക്കരികിൽ പോയി നില്ക്കുകയാണ്.

മക്കൾ തമ്മിൽ സാഹോദര്യസ്നേഹം  മൂത്ത് "എസ്"  പിച്ചാത്തികൾക്ക്  ഈ-ബേ വഴി ഓഡർ നൽകിയ വിവരമറിഞ്ഞ് ജീവിതകാലം കഷ്ടപ്പെട്ടുണ്ടാക്കിയ പറമ്പ് ഗോപാലേട്ടൻ രണ്ടായി വലിച്ചു കീറുകയാണ് .
സർവേയർ തോമസ് വലിയ ഒരു ചങ്ങല പറമ്പിലിട്ട്  വലിച്ചു കൊണ്ട് നടക്കുന്നു. 
ഗോപാലേട്ടനെ സാന്ത്വനപ്പെടുത്താൻ നമ്മൾ ഇടയ്ക്കിടെ ഓരോ തമാശ വേലിക്കു മുകളിലൂടെ എറിയുന്നുണ്ട്.

പറമ്പിന്റെ ഒരതിരിന്റെ കുറ്റിയിൽ നിന്നും ചങ്ങല  പിടിച്ച്   പയ്യൻസ്  പറമ്പിന്റെ നടുക്കെത്തി . ചങ്ങലയുടെ നീളം തീർന്നു . പയ്യൻസ്  ഒരു തമാശ പൊട്ടിക്കുന്നു.
"ഗോപാലേട്ടാ, ചങ്ങലയുടെ നീളം തികയുന്നില്ല, ഇനി എങ്ങനെയളക്കും?"

പല്ലു പോലും തേയ്ക്കുന്നതിനു മുൻപ് ചളു  അടിക്കാൻ ഒരവസരം കിട്ടിയതല്ലേ, നമ്മൾ വിടുമോ?

"തോമസ്സെ , ഞാൻ ഒരു ചാക്കുചരടു  കൊണ്ടുത്തരാം.  ഏച്ചുകെട്ടി നോക്കിക്കേ. ചെലപ്പോ തെകയുമാരിക്കും...!!"

ഗോപാലേട്ടനും തോമസ്സും  ചിരിക്കുകയാണ്.

അതുവരെ മിണ്ടാതിരുന്ന രസംകൊല്ലി  രംഗത്തേയ്ക്ക് ചാടി വീഴുകയാണ്..

"ചാക്ക് ചരടോ?  അതെങ്ങനെ ശരിയാകും?..ചാക്ക് ചരടിൽ എങ്ങനെ നീളം അളക്കാൻ പറ്റും? അല്ലേൽ തന്നെ ചങ്ങലേൽ ചാക്കുചരടു കെട്ടിയാണോ അളക്കുന്നത്?"

"അത് കൊച്ചാട്ടാ ഞാനൊരു.."
ഒരു  നിമിഷം കൊണ്ട് മണ്ടനായി തീർന്ന  നമ്മൾ തിക്കും പോക്കും നോക്കി രസംകൊല്ലിയോടു വിശദീകരിക്കാൻ ശ്രമിക്കുകയാണ്.

"നീ  ഒരു എഞ്ചിനീയർ ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? ഇങ്ങനെയാ നിന്നെ  അളക്കാൻ പഠിപ്പിച്ചിരിക്കുന്നത്? ഇന്നത്തെ കാലത്ത് പഠിച്ചതുകൊണ്ട് മാത്രം യാതൊരു കാര്യോമില്ല.."
കൊച്ചാട്ടൻ  വച്ചുകീറുകയാണ്..!!

"കൊച്ചാട്ടാ, ഞാൻ പറഞ്ഞു വന്നത്..."
മുണ്ടുരിഞ്ഞ് തലയിൽ  കൂടി ഇട്ടിട്ടു ഓടിയാലോ?

"ജീവിതപരിചയം വേണമെടാ, ജീവിതപരിചയം..! ആ ചങ്ങല ഇവിടെ കൊണ്ട് വന്നു മുൻപോട്ടളന്നിട്ട് പിന്നെ   കൂട്ടിയാൽ പോരെ? ചാക്ക്  ചരട്  പോലും, ചാക്കുചരട് ..!!."
കൊച്ചാട്ടൻ വിജയശ്രീലാളിതനായി മുന്നേറുകയാണ്.

"എന്തോ,.!!  ദാ വരുന്നമ്മേ...!!"
ഓങ്ങിയ കല്ല്‌ കണ്ട്  മുതുക് വളച്ച് കാലിനിടയിൽ വാലും തിരുകി പമ്മി പമ്മി സ്ഥലം കാലിയാക്കുന്ന ശുനകനെപ്പോലെ നമ്മൾ സ്ഥലം കാലിയാക്കുന്നു.
നമ്മുടെ ഒരു ദിവസം പോയിക്കിട്ടി.

ദാ  ആ വരുന്നത് ഒരു കൂട്ടുകാരനാണ്.
പുള്ളിയും ജന്മം കൊണ്ട് ഒന്നാം വിഭാഗക്കാരനാണ് ..
നമ്മളെ ആത്മാർത്ഥ സ്നേഹമാണ്. 
ഡാ, എനിക്കൊരു പ്രശ്നമുണ്ട്, ലവനിട്ട് രണ്ടു കൊടുക്കണം എന്ന് പറഞ്ഞാൽ ആ നിമിഷം  ഓടിപ്പോയി ലവനെ പഞ്ഞിക്കിട്ടിട്ടു വന്നിട്ട് ചോദിക്കും,
" അളിയാ എന്തരു പ്രശ്നങ്ങള്, .?? കലിപ്പ് തീരണില്ലല്ലോ..!! " 

ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് വീർപ്പുമുട്ടി ഒന്നിനും  സമയം ഇല്ലാതെ നമ്മൾ എരിപിരികൊണ്ടു  വശം  കേട്ട് നിൽക്കുകയാണ്. 

"അളിയാ, നീ ഐ ഡബ്ല്യു ദോശാമ്മ  കണ്ടില്ലല്ലോ.." അവന്റെ ചോദ്യം.

"ഐ ലവ് യു, ശോശാമ്മ"  കഴിഞ്ഞയാഴ്ച ഇറങ്ങിയ സസ്പെന്സ് ത്രില്ലർ സിനിമയാണ്. ഹൌസ്ഫുൾ..
കാണികളെ അവസാന നിമിഷം വരെ കസേരയിൽ മൂട്ടകടി മറന്നു പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന അത്ര  സസ്പെൻസ്  എന്നൊക്കെ  ആരോ പറഞ്ഞു കേട്ടായിരുന്നു.
ഓരോ  ഷോയ്ക്ക് ശേഷവും കാണികളുടെ ത്രിൽ  കാരണം വലിച്ചുകീറപ്പെട്ട കസേരകൾ റിപ്പയർ ചെയ്യാൻ നിർമ്മാതാവ്  തീയെറ്റർ ഉടമകൾക്ക്  പ്രത്യേകം കാശു കൊടുക്കുന്നുണ്ടത്രെ.

"അളിയാ, നീയത് കാണണം .  ഇന്നലെ സെക്കണ്ട് ഷോയ്ക്ക് വിളിച്ചിട്ട് നീ വന്നില്ലല്ലോ."

ഇല്ല, നമുക്കങ്ങനൊരു അപരാധം പറ്റി.
പ്രാരാബ്ധം ..

"ഓ, എന്നാ സസ്പെന്സ്  ആണെന്നെ...!!"

നമ്മൾ വിഷാദപൂർവം തലകുലുക്കി.
ഇന്നലെ കാണാൻ പോകണ്ടതായിരുന്നു.

"സില്മേടെ ഒടുക്കം  വരെ ദോശാമ്മെ കൊന്നതാരാണെന്നു നമുക്ക് മനസ്സിലാകില്ല.." 
ലവൻ ത്രില്ലടിച്ചു മുന്നേറുകയാണ്.. 

അപകടം ദൂരെ നിന്നും വരുമ്പോഴേ നമ്മുടെ കഴുത്തിനു പുറകിലുള്ള രോമരാജികൾ എഴുന്നേറ്റു നില്ക്കാൻ തുടങ്ങും.

"ഡാ, നീ കഥ പറയണ്ടാ..ഞാൻ ഇന്ന് തന്നെ ഫസ്റ്റ് ഷോ  കണ്ടോളാം.വേണേ നീ കൂടി വാ. അത്ര നല്ല പടമാണേ  ഒന്നൂടെ കാണ് ..."

"അല്ലളിയാ, നീ കേക്ക്... പടം തീരാറുകുമ്പോ,ദിലീപ് വന്നു പറയുമ്പോഴേ  ദോശാമ്മെ കൊന്നത് അവളുടെ തന്തപ്പിടി ആയിരുന്നെന്ന് നമുക്ക് പിടി .കിട്ടൂ. ഹ ഹ..ആഹഹ  എന്നാ സസ്പെൻസ്  ആണെന്നെ..!!"

"ഡാ  തെണ്ടീ" എന്നൊരു ആക്രോശം നമ്മുടെ തൊണ്ടയിൽ നിന്നുയരുമ്പോഴോ, നമ്മുടെ  കൈകൾ  അവന്റെ തൊണ്ടയെ  മുറുകെ ആലിംഗനം  ചെയ്യുമ്പോഴോ ആ രസംകൊല്ലിക്ക്  കാര്യം പിടികിട്ടില്ല.

രണ്ടാമത്തെ വിഭാഗത്തിൽ പെട്ട  രസംകൊല്ലികൾ  അതിനു വേണ്ടി മാത്രം ജീവിക്കുന്നവരാണ്. ഒരു ദിവസം ഒരാളുടെയെങ്കിലും സന്തോഷം തല്ലിക്കെടുത്തിയില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.

ഒരു കോമഡി സിനിമയിൽ കരമന ജനാർദ്ദനൻ നായർ അവതരിപ്പിച്ച ഒരു വയസ്സൻ കഥാപാത്രമുണ്ട്. ആസ്ത്മയുടെ  അസ്കിതയുള്ള കക്ഷി കാണുന്നിടത്തൊക്കെ കുരച്ചു തുപ്പിക്കൊളമാക്കും. അങ്ങനെ ഒരിക്കൽ അടുക്കളയിൽ നിന്ന് തുപ്പാൻ തുടങ്ങുമ്പോൾ ജഗതി ഒരു കോളാമ്പിയുമായി അതിസാഹസികമായി സ്ലോമോഷനിൽ ഡൈവ് ചെയ്തു  കരമനയുടെ  അടുത്തേയ്ക്ക് ചാടി  വീഴും. എങ്കിലും കരമന കൃത്യമായി അടുക്കള കതകിൽ തന്നെ തുപ്പും. 
"എന്നാലുമെന്റെ  അച്ഛാ, ഈ പാത്രത്തിൽ തുപ്പിക്കൂടാര്ന്നോ " എന്ന ജഗതിയുടെ  ദയനീയ നിലവിളിക്ക്‌ കരമനയുടെ  ഒരു മറുപടിയുണ്ട്.
"ഹോ, അതിലൊരു ത്രില്ലില്ലെന്നെ...!!"

നമ്മളുടെ സന്തോഷം ഒന്ന് തല്ലിക്കെടുത്തിയില്ലെങ്കിൽ ഈ രസംകൊല്ലികൾക്ക്  ഒരു ത്രില്ലുമില്ല.

ഒരിക്കൽ ഞാൻ തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തിന്   ഡേയ് എക്സ്പ്രെസ്  ട്രെയിനിൽ യാത്ര ചെയ്യുകയാണ്. ട്രെയിൻ  എറണാകുളത്ത്   എത്തിയപ്പോൾ ഒരുപാടു പേർ  അവിടെയിറങ്ങി കുറച്ചു സീറ്റ് കാലിയായി. 

റെയിൽവേ റിസർവേഷന്  സമാന്തരമായി യാത്രക്കാർ സ്വയം ഉണ്ടാക്കിയെടുത്തിയ ഒരു റിസർവേഷൻ  രീതി  നിലവിലുണ്ട്.
കയറുന്നതിനു മുൻപ്  തന്നെ , സ്വന്തം കൈലേസ്, ബാഗ്‌, പുസ്തകം, പത്രം, മുറുക്കാൻ പൊതി, തോർത്ത്, തുടങ്ങി അണ്ടർവയർ വരെയുള്ള സ്ഥാവരജംഗമ വസ്തുക്കൾ  പുറത്തുനിന്നും ജനൽ വഴി അകത്തേയ്ക്ക് എറിഞ്ഞു സീറ്റ് പിടിക്കുന്ന ഒരു രീതി. ഇടയ്ക്കിടെ ട്രെയിനുകളിൽ ഇത്തരം രീതി സ്വാതന്ത്ര്യ സമരം, ശിപായി ലഹള തുടങ്ങി നിൽപ്  സമരം വരെ  ഉണ്ടാക്കാറുമുണ്ട്. എങ്കിലും യാത്രക്കാരുടെ ഇടയിൽ അംഗീകരിക്കപ്പെട്ട ഒരു റിസർവേഷൻ രീതിയാണിത്‌.

ഒരാൾ  അപ്രകാരം ഒരു പത്രമെടുത്ത് ജനൽ  വഴി എനിക്കെതിരെയുള്ള സീറ്റിലേയ്ക്കിട്ടു സ്ഥലം റിസർവ്  ചെയ്തു. അയാളുടെ കൂടെ കൈക്കുഞ്ഞുമായി അയാളുടെ ഭാര്യയുമുണ്ട് . അവർക്ക്  വേണ്ടിയാകാം ഈ സാഹസികത.

ആ സീറ്റിലാണ് നമ്മുടെ രസംകൊല്ലി  ഇരിക്കുന്നത്. പുള്ളിയുടെ മുഖത്തു സ്ഥിരം യാത്രക്കാരന്റെ സ്ഥായിയായ ഒരു പുശ്ചഭാവവുമുണ്ട്.
പത്രം ഇട്ടുകഴിഞ്ഞു ആ കുടുംബം വാതീൽക്കലെ തിരക്കിലേയ്ക്ക് ഓടിയപ്പോൾ, നമ്മുടെ രസംകൊല്ലി ആ പത്രം എടുത്തു വിശദമായി   പാരായണം  തുടങ്ങി. രാവിലെ എഴുന്നേറ്റിട്ടു പത്രം വായിക്കാതെ കക്കൂസ്സിൽ പോകാൻ പറ്റാഞ്ഞു  ബുദ്ധിമുട്ടിയ ലക്ഷണമാണ് അങ്ങോരുടെ മുഖത്ത്.. സീറ്റിൽ നിന്നും പത്രം മാറിയതോടെ അവിടെ ആരോ കയറി ഇരുന്നു. അതൊന്നും കാണാത്ത മട്ടിൽ  രസംകൊല്ലി പത്രപാരായണം തുടരുകയാണ്.
ഒടുവിൽ തിക്കിലും തിരക്കിലും ഗുസ്തിയിട്ട്  ആ കുടുംബം അവിടെയെത്തിയപ്പോൾ സീറ്റില്ല.

കുടുംബനാഥൻ സങ്കടത്തോടെയും ഒട്ടൊരു ദേഷ്യത്തോടേയും ചോദിച്ചു. 
"ഇവിടെ ഇട്ടിരുന്ന പേപ്പർ എവിടെ?"
നമ്മുടെ രസംകൊല്ലി അപ്പോൾ ഉണർന്നപോലെ
"ഓ, ചേട്ടന്റെയായിരുന്നോ പേപ്പർ " എന്ന് മധുരമായി മൊഴിഞ്ഞു പേപ്പർ  തിരികെ നല്കി.
രസംകൊല്ലിയുടെ   മുഖത്ത്  സന്തോഷം  നിറഞ്ഞു കവിയുകയാണ്.
ഒരാളെ ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞല്ലോ. കൈക്കുഞ്ഞുമായി ആ സ്ത്രീയെ നിർത്താൻ കഴിഞ്ഞുവല്ലോ. 
സീറ്റിന്റെ അറ്റത്ത്‌  ഇരുന്നയാൾ  അല്പം സ്ഥലം ഉണ്ടാക്കി ആ സ്ത്രീയെയും കൈക്കുഞ്ഞിനെയും ഇരുത്തിയപ്പോൾ രസംകൊല്ലിയുടെ  മുഖമൊന്നു മങ്ങി.

വിൻഡോ  സീറ്റിൽ  ഇരുന്ന ഞാൻ ഇടയ്ക്ക് എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി. തിരികെ വന്നപ്പോൾ രസംകൊല്ലി അയാൾ  ഇരുന്ന സീറ്റ് ഉപേക്ഷിച്ച്  എന്റെ സീറ്റ് കൈയ്യടക്കി ഇരിക്കുകയാണ്.

"അതെന്റെ സീറ്റ് ആണ്" 
അയാളോട് നേരത്തെതൊട്ടു തോന്നിയ ദേഷ്യം ഭാവത്തിലും സ്വരത്തിലും പകർത്തി  ഞാൻ പറഞ്ഞു.

"ഓഹോ, വിൻഡോ സീറ്റിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധമുണ്ടോ'
അയാളുടെ പുശ്ചസ്വരം ഉയർന്നു.

"ഓഹോ, അത് ഞാനിരുന്ന സീറ്റാണെങ്കിൽ എനിക്ക്  അങ്ങനൊരു നിർബന്ധമുണ്ട്.നിങ്ങൾക്ക് അവിടെ ഇരിക്കണമായിരുന്നെങ്കിൽ എന്നോടൊന്നു ചോദിച്ചിട്ടാകാമായിരുന്നു. ."
ഞാൻ മുൻപോട്ടു ഒന്ന് ആഞ്ഞതോടെ  അയാൾ  ഡൈവ് ചെയ്തു സ്വന്തം സീറ്റിൽ പോയ്‌ വീണു. 
എങ്കിലും എനിക്കൊരു അലോസരം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അയാളുടെ മുഖത്തുണ്ടായിരുന്നു.

ചിലരങ്ങനെയാണ്. സ്വന്തം അതൃപ്തിയും അരക്ഷിതാവസ്ഥയും മൂലം പൊറുതിമുട്ടുന്ന അവർ വിദ്വേഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്തിയാണ്. അതിൽ നിന്നും ഉളവാകുന്ന ഒരുതരം ആത്മസംതൃപ്തി  അവരുടെ അരക്ഷിതാവസ്ഥയ്ക്ക് സമാധാനം നല്കുന്നു.

നമ്മുടെ വീടുകളിലും ഇത്തരം ഒന്ന് രണ്ടു അടുത്ത അല്ലെങ്കിൽ അകന്ന ബന്ധുക്കൾ കാണും. സ്വസ്ഥമായ എന്തിലും കുറ്റം കണ്ടുപിടിക്കുക, രണ്ടു പക്ഷം ഉണ്ടെന്നു  വരുത്താൻ അമ്മയെ തല്ലുക, ശാന്തമായതിൽ സംശയരേണുക്കൾ പകർത്തി  അശാന്തമാക്കി അപ്രത്യക്ഷമാകുക തുടങ്ങിയവയാണ് ഇവരുടെ സ്ഥിരം കലാപരിപാടികൾ. 

"നീ ഇപ്പൊ എവിടാ?'
"ഞാൻ കുറച്ചു നാളായി സൌദിയിലാ ചേട്ടാ.."
"സൌദിയിലോ? ചുമ്മാതല്ല നീയങ്ങു കറുത്തു പോയത്..!!"

"സൌദിയിൽ പോയേപ്പിന്നെ ഞാനും കുടുംബോം വെളുത്തൂന്നാ നാട്ടുകാര് പറേന്നെ.." നമ്മൾ  ബഹുമാനപുരസ്സരം ഒരു ചളു അടിക്കുകയാണ്.

"ങ്ഹും, നീ വെളുത്തില്ലേലും, നിന്റെ കുടുംബം വെളുക്കുന്നുണ്ട്.!!" 
ചേട്ടന് സന്തോഷമായി.

"അവിടൊക്കെ വലിയ ചൂടല്ലേ, പുറത്തിറങ്ങി വെയിലത്ത് ജോലിയൊക്കെ ചെയ്യണം അല്ലെ?" രസംകൊല്ലി കൊണ്ടുകേറുകയാണ്

"വേണ്ട ചേട്ടാ, ഓഫീസ് ജോലിയാ.. എ സീ യൊക്കെയുണ്ട്"

"ഓ , എന്നാലും വെയിലത്തൊക്കെ ഇറങ്ങേണ്ടി വരും, ല്ലേ?..."
പുള്ളിക്കാരൻ എന്നെ വെയിലത്തിറക്കി കറുപ്പിച്ചേ  അടങ്ങൂ..
സമ്മതിച്ചു കൊടുത്തേക്കാം.

"ങ്ങാ , ഇടയ്ക്കിടെ... അതാരിക്കും ഇങ്ങനെ കറുക്കുന്നത്. ഇപ്രാവശ്യം പോകുമ്പോ  പത്തമ്പതു  കിലോ ഫെയർ ആൻഡ്‌ ലൗലി  കൂടി കൊണ്ട് പോണം"

രസംകൊല്ലി നമ്മളെ  ഒന്ന് പാളി നോക്കും. ട്രാക്ക് വിട്ടു അടുത്ത പാര  എടുക്കും.

"നിനക്ക് എന്നാ ശമ്പളം ഒക്കെ കിട്ടും"
"ജീവിക്കാനൊള്ളതൊക്കെ കിട്ടും ചേട്ടാ.."
"എന്നാലും എത്ര വരും? ഒരു ഒരുലക്ഷം  രൂപയൊക്കെ കിട്ടുമോ ?"
"ങ്ഹാ ഏതാണ്ടൊക്കോ അത്രേം കിട്ടും.." 

രസംകൊല്ലിയുടെ  മുഖം മങ്ങും.
"ഇന്നത്തെ കാലത്ത് ഒരു ലക്ഷം കൊണ്ടൊക്കെ എന്താകാനാ, ഒരു രണ്ടു മൂന്നു ലക്ഷം രൂപ എങ്കിലും കിട്ടണം.., അല്ലേപ്പിന്നെ  ഇവിടെങ്ങാനും കിടന്നാൽ പോരെ? അവിടെപ്പോയി ഇങ്ങനെ കഷ്ടപ്പെടണോ? "

നമ്മുടെ ദിവസം പോയി.
തിരിച്ചു ചെല്ലുമ്പോൾ ഉള്ള ജോലി കളയാതെ കമ്പനിയോട് ശമ്പളക്കൂടുതൽ എങ്ങനെ ആവശ്യപ്പെടാം എന്നാണു നമ്മുടെ അടുത്ത ചിന്ത.

"നിനക്ക് എന്ന് വരെ അവധിയുണ്ട്?'
"രണ്ടാഴ്ച കഴിഞ്ഞു പോകണം ചേട്ടാ.."
"രണ്ടാഴ്ച. അതുകൊണ്ടെന്താകാൻ.. ഒരു മാസമെങ്കിലും നാട്ടിൽ  നിന്നില്ലേൽ പിന്നെന്താ കാര്യം. കാശ്  മാത്രം മതിയോ ജീവിതത്തിൽ..?"

രണ്ടാഴ്ച്ച   അവധി മേടിക്കാൻ നടത്തിയ ഗുസ്തി നമുക്ക് മാത്രമറിയാം. അതിന്റെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ്‌  രസംകൊല്ലിയുടെ  പരിതാപം..

"ശരിയാ ചേട്ടാ, അവധി, ദാ  വന്നു ദാ  പോയീ എന്ന് പറഞ്ഞു ഇപ്പോഴങ്ങു പോകും" വിഷാദത്തോടെ നമ്മൾ പറയും. 

രസംകൊല്ലി സമാധാനത്തോടെയും സന്തോഷത്തോടെയും സ്ഥലം കാലിയാക്കും.
കൂടെ നമ്മുടെ  സമാധാനവും സന്തോഷവും കൂടി സ്ഥലം കാലിയാക്കും.

ചില രസംകൊല്ലികൾ തർക്കവിദ്വാന്മാരാണ്. നാം  എന്ത് കാര്യം പറഞ്ഞാലും അവർ  തർക്കിച്ച് തർക്കിച്ച്  നമ്മുടെ രസവും സമാധാനവും തല്ലിക്കെടുത്തും.

"ജീവിതത്തിൽ  പ്രതീക്ഷിക്കുന്നതെല്ലാം നമുക്ക് ലഭ്യമാകണമെന്നു നാം വാശി  പിടിക്കുമ്പോഴാണ് നമുക്ക് മന:സമാധാനം നഷ്ടമാകുന്നത്." 

തത്വം പറഞ്ഞു ആസ്വാദകരുടെ  മുൻപിൽ കാലിന്മേൽ  കാലും കേറ്റി ഞെളിഞ്ഞിരിക്കുകയാണ് നമ്മൾ.
ആസ്വാദകർ തലകുലുക്കി നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ്.
എന്തൊരു വിവരമുള്ള നമ്മൾ..

രസംകൊല്ലി ചാടി വീഴുന്നു.
"അങ്ങനെ ഒരു വാശി  പിടിക്കുന്നതിൽ എന്താണ് തെറ്റ്.? അത് നമ്മുടെ ജീവിത സ്വാതന്ത്ര്യങ്ങളിൽ ഒന്നല്ലേ?"

കക്ഷി അറിയപ്പെടുന്ന ഒരു സാഹിത്യകാരനും നിരൂപകനും  വാഗ്മിയുമൊക്കെയാണ് .

"അത് ശരിയാണ് സാർ . പക്ഷെ ജീവിതത്തിൽ  നാം വയ്ക്കുന്ന പ്രതീക്ഷകൾ എന്തറ്റം  വരെ പോകാം എന്നാണു സാർ ഞാൻ പറഞ്ഞത് .."

"പ്രതീക്ഷകളാണല്ലോ മിസ്റ്റർ ജീവിതത്തെ മുൻപോട്ടു കൊണ്ടുപോകുന്നത്.. അപ്പോൾ ആ പ്രതീക്ഷകളെ  നാം അനുവർത്തിക്കുന്നതിൽ എന്താണ് തകരാറ്‌ ? നിങ്ങളുടെ വാദം എനിക്ക് അൽപ്പം  പോലും ദഹിക്കുന്നില്ല"

നമ്മുടെ  വാദം എന്തായിരുന്നു എന്ന് നമ്മുടെ  അസന്തോഷത്തിൽ നാം  കൂടി മറന്നു പോയിരിക്കുന്നു. ഒരു ചെറിയ ദഹനക്കേടു നമുക്കും തുടങ്ങിയിരിക്കുന്നു.

"നമ്മുടെ ജീവിതം നമ്മുടേതാണ് .പ്രതീക്ഷകളും. പക്ഷെ അവ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതും നമുക്ക് ചിന്താവിഷയമാകണ്ടേ, സാർ ?"
നമ്മൾ വൈക്കോൽ തുരുമ്പിൽ ഞാന്നു കിടന്നു തല വെള്ളത്തിനു മുകളിൽ പിടിച്ചിരിക്കുകയാണ്.  

"നമ്മുടെ പ്രതീക്ഷകൾ  ഉയരുമ്പോൾ അവ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്ന്  ആലോചിച്ചിട്ടാണെങ്കിൽ പിന്നെ അവ എങ്ങനെ പ്രതീക്ഷകൾ  ആകും, മിസ്റ്റർ ?"

കാലമാടൻ നമ്മളേം കൊണ്ടേ പോകൂ..
അതുവരെ നമുക്ക് കാതുതന്നു തലയാട്ടിക്കൊണ്ടിരുന്ന  ആസ്വാദകർ നമ്മളെ പുശ്ചത്തോടെ  നോക്കുകയാണ്..

"സാർ , ഞാൻ പറഞ്ഞു വന്നത്.. നമ്മൾ നമ്മെ മാത്രം കരുതി...."
നമ്മൾ മൂക്ക് മാത്രം വെള്ളത്തിനു മുകളിൽ  പിടിച്ച് കാലു കൊണ്ട് തുഴഞ്ഞു കഷ്ടപ്പെടുകയാണ്.

"മിസ്റ്റർ, നിങ്ങൾക്ക്  ലോക പരിചയം കുറവായതുകൊണ്ടാണ് ഇങ്ങനെയൊക്കെ വാദിക്കുന്നത്. ജീവിതത്തിലെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ്  എല്ലാ ദു:ഖത്തിനും കാരണമെന്ന് പണ്ട് ശ്രീബുദ്ധൻ തന്നെ പറഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കണം .. അറിവ് നേടണം... എന്നിട്ട് വേണം ഇങ്ങനൊക്കെ ഉദ്ഘോഷിക്കാൻ.."

വൈക്കോൽകഷണം നഷ്ടപ്പെട്ടു നമ്മൾ പരിപൂർണമായും  ജലപരപ്പു ഉപേക്ഷിച്ചു താഴ്‌ന്നു. പോസ്റ്റ്മാർട്ടത്തിനു ബോഡിയെങ്കിലും കിട്ടിയാൽ വീട്ടുകാർക്ക് കൊള്ളാം  എന്നാണു ഇപ്പോഴത്തെ ചിന്ത.

രസംകൊല്ലി സ്ഥലം വിട്ടു. 
കൂടെ ആസ്വാദകവൃന്ദവും.
കുറച്ചു കഴിഞ്ഞേ നമുക്ക് ബോധം വരൂ, അങ്ങേരു അവസാനം പറഞ്ഞത് തന്നെയല്ലേ നമ്മളും ആദ്യം പറഞ്ഞതെന്ന്...!!


രസം കൊല്ലികളെ ജീവിതത്തിൽ നിന്നും എങ്ങനെ ഒഴിവാക്കാം എന്ന ഒരു വലിയ ഗവേഷണത്തിലാണ് ഞാനിപ്പോൾ.


23 comments:

  1. ഇനി ഇപ്പൊ ഞാൻ ഒരു കമന്റ്‌ ഇട്ടാൽ എന്നെ ഇങ്ങേരു രസം കൊല്ലി ആക്കും...
    പിന്നെ..........ഒരു തിരുത്ത്
    "വേണ്ട ചേട്ടാ, ഓഫീസ് ജോലിയാ.. എ സീ യൊക്കെയുണ്ട്"
    എന്നത്
    "വേണ്ട ചേട്ടാ, ഓഫീസ് ജോലിയാ.. എ സീ യൊക്കെയുണ്ട് പോരാങ്കി ഇന്റർ നെറ്റും ചുമ്മാ എഫ് ബി യിൽ പോസ്റ്റും കമന്റും ഇട്ടോണ്ട് ഇരുന്നാ മതി ...ആ മണ്ടന്മാർ ശമ്പളം തരും "
    എന്ന് മാന്യ വായനക്കാർ വായിക്കുക

    ReplyDelete
    Replies
    1. രസംകൊല്ലി അൻവർ .. :/
      അതിനു സൌദിയിൽ പി എസ് സീ ഓഫീസില്ല..

      Delete
  2. ഇനി ഇപ്പൊ ഞാൻ ഒരു കമന്റ്‌ ഇട്ടാൽ എന്നെ ഇങ്ങേരു രസം കൊല്ലി ആക്കും...
    പിന്നെ..........ഒരു തിരുത്ത്
    "വേണ്ട ചേട്ടാ, ഓഫീസ് ജോലിയാ.. എ സീ യൊക്കെയുണ്ട്"
    എന്നത്
    "വേണ്ട ചേട്ടാ, ഓഫീസ് ജോലിയാ.. എ സീ യൊക്കെയുണ്ട് പോരാങ്കി ഇന്റർ നെറ്റും ചുമ്മാ എഫ് ബി യിൽ പോസ്റ്റും കമന്റും ഇട്ടോണ്ട് ഇരുന്നാ മതി ...ആ മണ്ടന്മാർ ശമ്പളം തരും "
    എന്ന് മാന്യ വായനക്കാർ വായിക്കുക

    ReplyDelete
    Replies
    1. ഇങ്ങളാര് ? രാജനീകാന്തോ? ഒരു തടവ് ശൊന്നാ രണ്ടു കമന്റു വരാൻ?

      Delete
  3. ഗവേഷണം നടക്കട്ടെ. ഇത്തരം രസം കൊല്ലികള്‍ ഇല്ലെങ്കില്‍ ഒരു രസവുമില്ലെന്നെ. മനോഹരമായി നല്ല ഒഴുക്കോടെ മുഷിവില്ലാതെ വായിക്കാന്‍ കഴിഞ്ഞു. തീര്‍ന്നത് അറിഞ്ഞില്ല.

    ReplyDelete
    Replies
    1. രസംകൊല്ലികൾ ഉണ്ടാകുന്നത് രസമുണ്ടായിട്ടാണ് എന്നത് വാസ്തവം റാംജി .. സന്തോഷം..

      Delete
  4. എന്ത് രസം കൊല്ലികൾ ? പ്രദീപേട്ടൻ എന്താ ഉദ്ദേശിക്കുന്നത് ?

    അല്ല..വിഡ്ഡീ.. നമ്മുടെ ഈ ജീവിതത്തിൽ ഈ രസംകൊല്ലികൾ..

    അതു തന്നെയാണ് ഞാനും ചോദിക്കുന്നത്.. ഈ രസംകൊല്ലികൾ ഇല്ലാതെ യഥാർത്ഥ രസം എങ്ങനെ മനസ്സിലാവും ? കയ്പ് നുണയാതെ മധുരം എങ്ങനെ മധുരമാവും ? നരകമില്ലെങ്കിൽ സ്വർഗ്ഗത്തിനെന്ത് പ്രസക്തി ?

    അല്ല.. എന്നാലും വിഡ്ഡി.. ഞാൻ ..എന്നെ മാത്രം കരുതി..

    മിസ്റ്റർ പ്രദീപേട്ടൻ.. നിങ്ങൾക്ക് ലോകപരിചയം കുറവായതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ടുകാര്യമില്ല എന്നൊരു ചൊല്ലുണ്ട്..കൂടുതൽ വായിക്കണം.. അറിവു നേടണം.. എന്നിട്ടു വേണം ഇങ്ങനെയൊക്കെ സംസാരിക്കാൻ..
    ----------------------------------------------------------------------------------------------------------------------------------

    ഇത്തവണ കാര്യമായി ചിരിപ്പിച്ചില്ല.

    ReplyDelete
    Replies
    1. ഹും.. എന്നെ രസംകൊല്ലിയാക്കി, ല്ലേ? ദുഷ്ടൻ ..

      Delete
  5. അൻവർ പറഞ്ഞ പോലെ കമന്റ് ഇട്ടാൽ നമ്മളും രസംകൊല്ലിയാകുമോ എന്തോ.... !

    നല്ല രസായിട്ടു വായിച്ചു ട്ടോ... :)

    ReplyDelete
    Replies
    1. അങ്ങനെ ഞാൻ വിളിക്കുമോ രസംകൊല്ലീ ..

      Delete
    2. This comment has been removed by the author.

      Delete
  6. രസം കൊല്ലികള്‍ ഇല്ലെങ്കില്‍ എന്ത് ജീവിതം . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. അതെ, എന്തരു ജീവിതങ്ങള്..

      Delete
  7. sathyaththil aara ee rasam kollikal?

    :)

    ReplyDelete
  8. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സില്ലായി, രസിച്ചൂന്ന് .. :)

    ReplyDelete
  9. പറയാൻ മറന്നുപോയി. ചില ജെനറൽ സെക്രട്ടറിമാരും രസംകൊല്ലികളാ .. :/

    ReplyDelete
  10. നല്ല നിരീക്ഷണം ,,,:)

    ReplyDelete
  11. ഇത് സത്യാട്ടാ മാഷേ..ഇവറ്റകള് ഒഴിഞ്ഞു പോകാന്‍ ദിക്കിറിനു കാഷിടാന്‍ വരെ നമ്മള്‍ തയ്യാറാകും!...rr

    ReplyDelete
  12. ഇഷ്ടപ്പെട്ടു. ഈ ഗവേഷണത്തിൽ ഞാനും പങ്കുചേരുന്നു.
    ആശംസകൾ...

    ReplyDelete
  13. രസംകൊല്ലികളാകുന്ന തത്ത്വജ്ഞാനികള്‍ ഓര്‍ക്കുന്നോ തങ്ങള്‍ രസംകൊല്ലികളാണെന്ന്.................
    ആശംസകള്‍

    ReplyDelete
  14. ചിലരങ്ങനെയാണ്. സ്വന്തം അതൃപ്തിയും
    അരക്ഷിതാവസ്ഥയും മൂലം പൊറുതിമുട്ടുന്ന അവർ
    ‘വിദ്വേഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരുടെ സന്തോഷം
    തല്ലിക്കെടുത്തിയാണ്. അതിൽ നിന്നും ഉളവാകുന്ന ഒരുതരം
    ആത്മസംതൃപ്തി അവരുടെ അരക്ഷിതാവസ്ഥയ്ക്ക് സമാധാനം നല്കുന്നു.‘
    കറക്റ്റ്..!

    ReplyDelete
  15. എന്‍റെ രസം കൊന്നാല്‍ ....അവനെ ഞാൻ കൊല്ലും...... ഒരുമാതിരി കൊടുക്കല്‍ വാങ്ങല്‍ പോളിസി ..... അതാണ് നമ്മുടെ ലൈന്‍.....

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...