Friday 7 March 2014

വഞ്ചകൻ






















വഞ്ചന എന്ന് പറഞ്ഞാൽ അതി ക്രൂരമായ വഞ്ചന..
ഒരു നാൽപതു വർഷങ്ങൾക്കു മുൻപാണ് ആ വഞ്ചന എന്റെ ജീവിതത്തിൽ സംഭവിച്ചത്. അന്ന് പ്രായം ഒരു എട്ടു ഒൻപത് വയസ്സ് വരുമായിരിക്കും.
(ശ്ശോ , ന്റെ പ്രായം എല്ലാരും അറിഞ്ഞു)

ചേർത്തലയിൽ ഒറ്റപ്പുന്ന എന്ന ഒരു സ്ഥലമുണ്ട്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പഞ്ചാരമണലിന്റെ  പ്രളയമാണ്. വെയിൽ  മൂക്കുമ്പോൾ  കണ്ണിനെ വേദനിപ്പിക്കുന്ന പ്രകാശമാണ് ആ മണലിൽ തട്ടി വരുന്നത്. ഇന്നും ഒറ്റപ്പുന്ന എന്ന സ്ഥലം ഓർക്കുമ്പോൾ കണ്ണിലാണ് ആ  പ്രതികരണം ഉണ്ടാവുന്നത്.

അവിടെ ഒരു കൊച്ചു വാടക വീട്. ആ കൊച്ചുവീട്ടിലാണ്  അച്ഛനും അമ്മയും ഞാനും അനിയനും ചേച്ചിയും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ താമസം. അമ്മ അന്ന് ഒറ്റപ്പുന്ന സ്കൂളിൽ അദ്ധ്യാപികയാണ്. അച്ഛൻ മറ്റൊരു സ്കൂളിലും.

വളരെയധികം ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ഒരു വീടായിരുന്നു അത്. അതൊരു വാടക് വീടാണെന്നൊന്നും അന്നത്തെ ബാലമനസ്സിൽ ഉണ്ടായിരുന്നില്ല. പിന്നെ ഒരു പാടു വാടക  വീടുകളിലൂടെ  കയറിയിറങ്ങി അച്ഛന്റെ നാട്ടിലെത്തി സ്വന്തം വീട്ടിൽ  താമസം ആകുമ്പോൾ വർഷങ്ങൾ കഴിഞ്ഞിരുന്നു.

കഥയിലെ കഥാനായകൻ ഈ ഞാൻ.

പറഞ്ഞു വരുന്നതു  ഒരു വലിയ വഞ്ചനയുടെ  കാര്യമല്ലേ.
അപ്പോൾ സ്വാഭാവികമായും അതിൽ ഇമ്മിണി ബല്ല്യ ഒരു  വില്ലനും ഉണ്ടാവുമല്ലോ. ഉണ്ട്, രണ്ടു വയസ്സ് ഇളയവനായ എന്റെ അനിയൻ.

ഈ കക്ഷി നമ്മുടെ അനിയനാണെങ്കിലും കയ്യിലിരിപ്പ് കൊണ്ട് ചേട്ടനാണെന്നു അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. അവൻ കാഞ്ഞബുദ്ധിയാണ്.
ഗുജറാത്തിൽ ജോലിക്ക് പോയ അമ്മാവൻ  അവനൊരു ഹിന്ദി ഓമനപ്പേര് ചാർത്തിക്കൊടുത്തു .  ഛോട്ടാ.....  
ബടാ ആയി ഞാൻ അവിടെത്തന്നെയുണ്ടല്ലോ..

ഈ ഛോട്ടാ. എന്ന് വിളിക്കുമ്പോൾ കേട്ട് നിൽക്കുന്നവർ  മുഖം തുടയ്ക്കുന്നത് കൊണ്ടാവണം കാലക്രമത്തിൽ അത് വേറും  ചോട്ടാ ആയി മാറി.  

അന്നൊക്കെ കുടുംബാസൂത്രണം എന്നപേരിൽ സർക്കാർ  ഒരു ചുവന്ന ത്രികോണവും കൂടെ " കുട്ടികൾ ഒന്നോ രണ്ടോ മതി" എന്ന വാചകവും കണ്ണിൽ  കാണുന്നിടത്തൊക്കെ പ്രദർശിപ്പിക്കുന്ന കാലമാണ്. ആനവണ്ടിയിൽ പടികൾ കയറുമ്പോൾ തന്നെ വനിതകളുടെ സീറ്റുകളുടെ   മുകളിൽ " വനിതകൾ "  എന്നെഴുതിയതിനു താഴെ ആ മഹദ് വചനം   എഴുതി വച്ചിരിക്കുന്നത് കാണാം..
കണ്ടാൽ  തോന്നും ഇതിനെല്ലാം കാരണക്കാർ വനിതകളാണെന്ന്. പുരുഷകേസരികൾക്ക്‌ ഒരു കുറ്റവുമില്ല. 

ഒരിക്കൽ ആനവണ്ടിയിൽ ഞങ്ങൾ കുടുംബസമേതം കയറുകയാണ്. അച്ഛനുമമ്മയും ഞാനും ചേച്ചിയും കയറിക്കഴിഞ്ഞു. ഈ കാഞ്ഞബുദ്ധി വണ്ടിയിൽ കയറാതെ റോഡിൽ  രണ്ടു കയ്യും പുറകിൽ  കെട്ടി നിൽക്കുകയാണ്.
കണ്ടക്ടർ ചോദ്യഭാവത്തിൽ അവനെ നോക്കി.
അമ്മ അവനെ രൂക്ഷമായി നോക്കി " കേറടാ"  എന്ന് പ്രോത്സാഹിപ്പിച്ചു. 
ആശാന് ഒരു കുലുക്കവുമില്ല. വളരെ സാവധാനം വണ്ടിയ്ക്കകത്തേയ്ക്ക് നോക്കി കക്ഷി വായിക്കുകയാണ്..
"കുട്ടികൾ ..ഒന്നോ... രണ്ടോ... മതി.."
അർത്ഥഗർഭമായ ഒരു നിശബ്ദത . പിന്നെ,
"രണ്ടെണ്ണം കേറീല്ലേ.. നീപ്പോ ഞാനെങ്ങനെ കേറും?"
വണ്ടിയിൽ ആൾക്കാരുടെ അട്ടഹാസം മുഴങ്ങിയപ്പോൾ അച്ഛൻ തിരക്കിലൂടെ ഊളിയിട്ടു മുൻപോട്ടു  പാഞ്ഞതായി അമ്മയുടെ അതിശയോക്തി .

ഇപ്പോൾ വില്ലനെപ്പറ്റി ഏകദേശ ധാരണ  ആയിക്കാണുമല്ലോ?
ഇനി വഞ്ചനക്കഥ ..

അന്നെനിക്ക് ഒരു ദൗർബല്ല്യം ഉണ്ട്. ദോശ...!!

ആള് കൊഞ്ച് പോലെയാണെങ്കിലും ഒരിരുപ്പിനു നാലഞ്ചു ദോശ സെക്കണ്ടുകൾ കൊണ്ട്  അകത്താക്കി മറ്റുള്ളവരുടെ പാത്രത്തിൽ അന്തം വിട്ടു കൊതിയോടെ നോക്കിയിരിക്കും. അതുകൊണ്ട് തന്നെ അമ്മ ഭയഭക്തിബഹുമാനത്തോടെ ഒരു പേരും ചാർത്തിത്തന്നു , തിമ്മൻകണ്ട.

ദോശയാണ് ഈ കഥയിലെ വിദൂഷകൻ .

എന്നും  വൈകിട്ട് ഒറ്റപ്പുന്ന എന്ന കൊച്ചുപട്ടണം താണ്ടി അപ്പുറമൊരു വീട്ടിൽ പോയി പാല് വാങ്ങിക്കൊണ്ടു വരേണ്ട ചുമതല ആണൊരുത്തനായ എനിക്കുള്ളതാണ്. എനിക്ക് വഴി തെറ്റാതിരിക്കാൻ വഞ്ചകനും  കൂടെ കാണും.

ചായക്കടകളിൽ കണ്ണാടിഅലമാരയിൽ വാരിക്കൂട്ടിയിട്ടിരിക്കുന്ന ദോശ കാണുമ്പോൾ എന്റെ നടപ്പ് പതിയെയാകും. എന്തോരം ദോശകളാണ്.!
ഇതെല്ലാം തിന്നുന്നവർ എന്ത് ഭാഗ്യവാന്മാരാണ്..!!

അങ്ങനെ കണ്ണാടിയലമാരിയിലെ ദോശകളെ നോക്കി, ആർക്കും ഒരു ചേതവുമില്ലാതെ അവയെ പ്രണയിച്ചു, വെള്ളമിറക്കി  എന്റെ ജീവിതം അനർഗളനിർഗളമായി അഭന്ഗുരമായി മുന്നേറുമ്പോൾ വഞ്ചകൻ ഒരു ബോംബിട്ടു.

"കാശുണ്ടാരുന്നെ നമുക്ക് ദോശ വാങ്ങിക്കാരുന്നു, ല്ലേ?"

ഇന്നാരുന്നേൽ  നമ്മൾ ഉടനെ ചോദിച്ചേനെ, നമുക്കെന്താ ദാസാ ഈ ബുദ്ധി  നേരത്തെ തോന്നാതിരുന്നതെന്ന്. ഒരൊന്നിനും  ഓരോ സമയമുണ്ട്.

എന്റെ ഹൃദയം പ്രതീക്ഷാനിർഭരമായി. ജീവിതത്തിനു ഒരു ലക്ഷ്യമൊക്കെ ഉണ്ടായി. അതുവരെ കണ്ണാടിയലമാരിയിൽ പുറം തിരിഞ്ഞു കിടന്നുറങ്ങിയ ദോശകൾ  എന്നെ നോക്കി, എന്നെ മാത്രം നോക്കി, പുഞ്ചിരി തൂകാൻ തുടങ്ങി. 

പക്ഷെ ചുമ്മാ സ്വപ്നം കണ്ടിട്ട് കാര്യമില്ലല്ലോ. "കാശുണ്ടാരുന്നെ.." എന്ന ഒരു  എന്തുനല്ല നടക്കാത്ത സ്വപ്നം ഒരു വലിയ  പ്രശ്നമായി മുൻപിൽ അവതരിച്ചു.
കാശില്ല ... 

നാലാം ക്ലാസ്സുകാരന്റെ  ഓട്ടക്കീശയിൽ  എവിടാ ദോശ മേടിക്കാൻ കാശ്.. ?
ഇനി അഥവാ കാശു കിട്ടിയാലും അതിനു ചായക്കടയിൽ നിന്നും ദോശ വാങ്ങീന്ന് അറിഞ്ഞാൽ അമ്മ വക തല്ലും ഉറപ്പ്.

എന്നും പാല് മേടിക്കാൻ പോകുമ്പോൾ ദോശകൾ  കണ്ണാടിയലമാരിയിൽ കിടന്നു വീർപ്പുമുട്ടി എന്നെ നോക്കി കരയും. വേമ്പനാട്ടുകായലിൽ  ചാഞ്ചാടി നീങ്ങുന്ന വഞ്ചി പോലെ ഞാനും വികാരവിക്ഷോഭത്തിൽ അകപ്പെട്ട് ആടിയാടി നീങ്ങും.  കൂടെ നടക്കുന്ന വഞ്ചകനാകട്ടെ  ഈ പ്രണയാതുരനെ   അനുകമ്പയൊടെ   നോക്കും.

അങ്ങനെ കാലം പ്രണയത്തിലൂടെയും നിരാശയിലൂടെയും കടന്നുപോകുമ്പോൾ ഒരിക്കൽ മേശയുടെ വലിപ്പിൽ ഈയുള്ളവൻ ഒരു ബിസ്കറ്റ് ടിന്ന്   കാണുന്നു. അതിൽ നിറയെ ചില്ലറ പൈസകളാണ്. അമ്മ സാധനങ്ങൾ   വാങ്ങിക്കഴിയുമ്പൊൾ ബാക്കി കിട്ടുന്ന ചില്ലറത്തുട്ടുകൾ.
ഞാൻ പക്ഷെ നാണയങ്ങൾ അല്ല കാണുന്നത്, ടിന്നു നിറയെ ദോശകൾ.

വീണ്ടും അശരീരി.
"ശ്ശോ , പത്തു പൈസ കിട്ടിയാൽ എന്തോരം ദോശ തിന്നാരുന്നു..!!"
തിരിഞ്ഞു നോക്കുമ്പോൾ അവൻ തന്നെ. വഞ്ചകൻ..
ഈ പാവം ഞാൻ ടിന്നിൽ നിന്നും  പത്തു പൈസ എടുത്തു നിക്കറിന്റെ പോക്കറ്റിൽ ഇട്ടു.

അന്ന് വൈകുന്നേരം പാല് മേടിക്കാൻ പോകുമ്പോൾ നിക്കറിന്റെ പോക്കറ്റിലെ പത്തു പൈസ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് ഞാനറിഞ്ഞു.   ചായക്കടയുടെ മുൻപിലെത്തിയപ്പോൾ കൂടെ നടന്ന  വഞ്ചകൻ നിക്കറിൽ പിടിച്ചു വലിച്ചു. 

ഞാൻ പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊടുത്ത്  ഒരു ദോശ  വാങ്ങി. വാഴയിലയിൽ പൊതിഞ്ഞ ദോശയെ പ്രസാദം കിട്ടിയപോലെ വാങ്ങി പ്രണയപുരസ്സരം ചുരുട്ടിപ്പിടിച്ചു നടന്നു.
വഞ്ചകന്റെ കണ്ണ് ദോശയിലാണ്.

ആരേലും കണ്ടാലോ? ദോശയെ നിക്കറിന്റെ പോക്കറ്റിലേയ്ക്ക് തിരുകിക്കയറ്റി.

പാലും കൊണ്ട് തിരികെ വരുമ്പോൾ  വഞ്ചകൻ ഉപദേശിച്ചു.
"ഇപ്പൊ വീട്ടിലെത്തും, ദോശ തിന്നണ്ടേ? അമ്മ കണ്ടാ തല്ലുമേ .."

വഴി നീളെ ദോശ തിന്നു നടക്കുന്നതെങ്ങനെ? ആരേലും കണ്ടാലോ.!!
പോക്കറ്റിൽ കയ്യിട്ട് ദോശ പുറത്തെടുക്കാതെ തന്നെ പിച്ചിപ്പറിച്ചെടുത്തു തിന്നു. ഇടക്കിടെ വഞ്ചകനും ഒരു കഷണം കൊടുക്കും.

വഞ്ചകന് കൊടുത്ത ദോശക്കക്ഷണങ്ങളുടെ  എണ്ണം കുറഞ്ഞു പോയെന്നും കിട്ടിയ കഷണങ്ങൾക്ക് തന്നെ ഞാൻ തിന്നതിനേക്കാൾ വലുപ്പം കുറവായിരുന്നു എന്നും പിൽക്കാലത്ത് അവൻ ആരോപണം ഉന്നയിച്ചിരുന്നു എന്നത് ശരിയാണ്. സമത്വസുന്ദരമായ ഒരു കിനാശ്ശേരി അന്നേ അവന്റെ  മനസ്സിൽ ബീജാവാപം  ചെയ്യപ്പെട്ടു എന്ന് ഈ തിമ്മങ്കണ്ടയ്ക്ക് ഒട്ടും  മനസ്സിലായതുമില്ല. മനസ്സിലായാലും പക്ഷെ ഇതൊന്നും ഐക്യരാഷ്ട്രസഭേൽ വച്ചു ചർച്ച ചെയ്തു തീരുമാനിക്കാവുന്ന പ്രശ്നം അല്ലല്ലോ.

വീടടുക്കാറായപ്പോൾ പോക്കറ്റിൽ വാഴയില ശേഷിച്ചു. അതെടുത്ത് കളയുന്നത് കണ്ടപ്പോൾ  എന്തോ ഭീകര അഴിമതി നടന്ന പോലെ വഞ്ചകന്റെ കണ്ണുകൾ എന്നെ രൂക്ഷമായി നോക്കി. നനയുന്ന കണ്ണുകളിൽ  നിന്നും  അഗ്നിസ്ഫുലിന്ഗങ്ങൾ എന്റെ നേരേ പാഞ്ഞു വന്നു.
അവൻ എന്നെയും കടന്നു വീട്ടിലേയ്ക്ക് ശരവേഗത്തിൽ പാഞ്ഞു.

ഞാൻ വായിൽ അവശേഷിച്ച ദോശയുടെ  രുചി ആസ്വദിച്ച്  പഞ്ചാരമണൽ തട്ടിത്തെറുപ്പിച്ച്   സാവധാനം വീട്ടിലെത്തി. വരാന്തയിൽ അമ്മ കാത്തു നില്പുണ്ട്. കയ്യിൽ  നീളമുള്ള ഒരു വടിയുമുണ്ട്‌. അമ്മ സ്വീകരിച്ചു ആനയിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി.  പാൽപ്പാത്രം മേടിച്ചു മേശപ്പുറത്തു വച്ചു. പിന്നെ എന്റെ രണ്ടു കൈകളും പിന്നിലേയ്ക്കാക്കി ജനൽ കമ്പിയിൽ ചേർത്തു കെട്ടി. വടി ഉയർത്തിക്കാട്ടി  ചോദിച്ചു.
"നീയിനി മോഷ്ടിക്കുമൊ?"

അമ്മയുടെ ദേഷ്യം എന്നെ വല്ലാതെ ഭയപ്പെടുത്തി. ടിന്നിനകത്തു നിന്നും പൈസ എടുത്തതാണോ അതോ അത് കൊണ്ട് ദോശ  മേടിച്ചതാണോ  ഈ 'മോഷണം" എന്ന പ്രവർത്തി  എന്ന് കൂലങ്കഷമായി ചിന്തിച്ചുകൊണ്ട്, പതിവ് പോലെ ഞാൻ കൊള്ളാത്ത അടിയ്ക്ക് സഹിക്കാൻ പറ്റാത്ത വേദനയിൽ ഉറക്കെ കരയാൻ തുടങ്ങി.
മോഷ്ടിക്കില്ലാ എന്ന് പറയാത്തത് കൊണ്ടാണോ എന്റെ കള്ളനിലവിളി കണ്ടാണോ അമ്മയുടെ ദേഷ്യം കൂടിക്കൂടി വന്നു. പടെ  പടെ  എന്ന് അഞ്ചാറു അടി വീണു. അടിയുടെ വേദന വന്നപ്പോൾ  ഞാൻ കരച്ചിലിന്റെ കാഠിന്യം  കൂട്ടി. കരച്ചിലിനിടയിലും വഞ്ചകൻ കതകിന് മറവിൽ നിന്നും എന്നെ ഉളിഞ്ഞു നോക്കുന്നതു ഞാൻ കണ്ടു.
പ്രേരണക്കുറ്റവും ശിക്ഷാർഹമല്ലേ?

ഒരു അദ്ധ്യാപികയുടെ  മകൻ മോഷ്ടിക്കുന്നതിൽപരം ഈ ലോകത്ത് മറ്റേതെങ്കിലും നികൃഷ്ടമായ പ്രവർത്തിയുണ്ടോ എന്ന് അമ്മ പരിതപിച്ചു. നാളെ എങ്ങനെ സ്കൂളിൽ പോകുമെന്നും എങ്ങനെ മറ്റു സാറന്മാരുടെ  മുഖത്തു നോക്കുമെന്നും  അമ്മ ഉറക്കെ ഉറക്കെ വിഷമിച്ചു. കാര്യങ്ങൾ ഇത്രയും ഒക്കെ വഷളായ സ്ഥിതിക്ക്  ഒരു മോഷ്ടാവെന്ന നിലയിൽ ഞാൻ നാളെ എങ്ങനെ സ്കൂളിൽ പോകുമെന്നും എന്റെ ക്ലാസ്സിലെ കുട്ടികളുടെ മുഖത്ത്  എങ്ങനെ നോക്കും എന്നും  ആരും പറഞ്ഞു തന്നുമില്ല.

ആദ്യമായാണ്‌ ബന്ധനസ്ഥനായി അമ്മയുടെ വക തല്ലു മേടിക്കുന്നത്.  സാധാരണഗതിയിൽ ആദ്യത്തെ തല്ലിൽ തന്നെ മുറ്റത്തിന്റെ അങ്ങേക്കരയിൽ എത്തും. ഒരു പക്ഷെ തല്ലിന്റെ നൊമ്പരത്തെക്കാളേറെ ആ ബന്ധനം മനസ്സിനെ വല്ലാതെ  ഉലച്ചിരിക്കണം. അനുവാദം ഇല്ലാതെ മറ്റുള്ളവരുടെ ഒന്നും എടുക്കാൻ പാടില്ല  എന്ന് മനസ്സിൽ തറച്ചു കയറി.
പിന്നെ   ജീവിതത്തിൽ ഇന്നേ  വരെ ഒരു മോഷണം നടത്തിയിട്ടില്ല.
ചില്ലറ ഹൃദയങ്ങളല്ലാതെ.

അടുത്ത ദിവസം അമ്മ രണ്ടോ മൂന്നോ ദോശ കൂടുതൽ തന്നു കാണുമെന്നു അമ്മയുടെ സ്നേഹം തീർച്ച പറയുന്നു.


വഞ്ചകനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഇന്ന് ഓർമയില്ല.
എങ്കിലും ഇന്നും ഇടക്കിടെ സൗകര്യം കിട്ടുമ്പോൾ അവനിട്ട് താങ്ങും .
"അല്ലേലും നീ എന്നെക്കൊണ്ട് കാശു മോഷ്ടിപ്പിച്ചു ദോശ  വാങ്ങിത്തിന്ന് എന്നെ കാലുവാരി എനിക്ക് തല്ലു മേടിച്ചു തന്നവനല്ലെ?"

കഥയറിയാവുന്ന അവന്റെ കുട്ടികളും എന്റെ കുട്ടികളും അവനു ചുറ്റും നിന്ന് കൂവി വിളിച്ചു ചിരിക്കും.
അവരുടെ അമ്മൂമ്മ അവരുടെ കൂടെ ആർത്തു  ചിരിക്കും.

അവനു ശിക്ഷ കിട്ടിയില്ല എന്ന്  തീർത്തും പറഞ്ഞുകൂടാ. അവന്റെ രണ്ടാമത്തെ മകൻ അവന്റെ തനിപ്പകർപ്പായി പിറന്നു.
-------------------------------------------------------------------------------------------------------


ബ്ലോഗ്‌  വായനക്ക് ശേഷം വഞ്ചകന്റെ കുറിപ്പ്---
Pramod Chotta 
കൂട്ടരേ .....
ഞാനാണ് ഈ കഥയിലെ വില്ലന്‍.
കൂട്ടത്തിലെ കുഞ്ഞായ എന്‍റെ, കുഞ്ഞുമോന്‍ സ്ഥാനം അടിച്ചുമാറ്റിയവന്‍ നായകന്‍ ..!!

കുഞ്ഞുമോനേ....ന്നുള്ള അമ്മയുടെ നീട്ടി വിളികേള്‍ക്കുമ്പോള്‍ ...
ന്തോന്നു വിളികേള്‍ക്കാന്‍ എന്‍റെ നാവു തരിച്ചിരുന്നു എന്നത് എന്റെമാത്രം സ്വകാര്യ നൊമ്പരം ...!!!!
ഇന്നും ......ചോട്ടായേ.....ന്നുള്ള വിളി കേള്‍ക്കുമ്പോള്‍ അറിയാതെ ബംഗാളി ആയി പോയത് പോലെ ഒരു ചമ്മല്‍.

ആ കള പോഛെല്ലും ...........!!! 

വിഷയത്തിലേക്ക് വരാം .....
ദോശ ഒന്നായിരുന്നില്ല .മൂന്നായിരുന്നു .....
മൂന്നിനെ രണ്ടായി ഭാഗിച്ചാല്‍ എത്ര ??
ഒന്നര എന്ന് ഞാന്‍ .
ഒന്നെന്നു നായകന്‍ .
സംശയം തീര്‍ക്കാന്‍ ഞാന്‍ വന്നു അമ്മയോട് ചോദിച്ചു .....
"മോട്ടിച്ച കാശിനു മൂന്ന് ദോശ വാങ്ങി രണ്ടായി വീതിച്ചാല്‍
എനിക്ക് കുഞ്ഞുമോന്‍ എത്ര തരണം.....???
ഇത്രേ...ഞാന്‍ ചോദിച്ചുള്ളൂ .അതിനാ എന്നേ....................


:D




79 comments:

  1. കഥ നന്നായി... ഒരു സംശയം .. ഒറ്റപ്പുന്നില്‍ മണല്‍ മാഫിയ ഒന്നും ഇല്ലേ?

    ReplyDelete
    Replies
    1. ഹ ഹ .. ഒറ്റപ്പുന്നയും ചേര്ത്തല പരിസരവും ഈ വെള്ളമണൽ നിറഞ്ഞതാണ്‌. ഗ്ലാസ് ഉണ്ടാക്കാൻ ഈ മണൽ ആണ് ഉപയോഗിക്കുന്നത്. തീർച്ചയായും മണൽ മാഫിയയും ഉണ്ടാവും..

      Delete
  2. ha ha ...rasakaramaayittundu.......

    ReplyDelete
    Replies
    1. വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.. വീണ്ടും വരിക.

      Delete
  3. കുഞ്ഞു മാമന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ .നന്നായിട്ടുണ്ട്...ശെരിക്കും ആസ്വദിച്ചു .ഇനിയും പോരട്ടെ...

    ReplyDelete
    Replies
    1. കഥയില്ലിത് ജീവിതം (മ്യൂസിക് നീയിട്ടോ..) നിന്നേം ഞാൻ കഥാപാത്രമാക്കുന്നുണ്ട് .

      Delete
  4. കിടിലന്‍ ! ശ്ശോ എന്നാലും ഞാന്‍ ഈ കഥ ഇപ്പോഴാണല്ലോ അറിയുന്നേ!!

    ReplyDelete
    Replies
    1. നീ കുട്ടിയാണ്. നീ..?

      Delete
  5. ഒരു ബഷീർ touch ഉണ്ട്. നല്ല നർമം .പല സ്ഥലത്തും പൊട്ടിച്ചിരിച്ചു പോയി. വഞ്ചകൻ ഒളിവിൽ പോയോ?

    ReplyDelete
    Replies
    1. വഞ്ചകൻ പൂർവാധികം ശക്തിയായി മടങ്ങി വരും പ്രിയേ.. എന്റെ ഈ നർമം നീ മൂലമല്ലേ .. :)

      Delete
  6. ഓര്‍മ്മ കുറിപ്പ് മനോഹരമായിരിക്കുന്നു .ഇങ്ങനയുള്ള ജീവിതത്തിലെ പച്ചയായ സന്ദര്‍ഭങ്ങളുടെ ഓര്‍മ്മകള്‍ നമ്മുടെ മനസ്സില്‍ എന്നും നില നില്‍ക്കും .ആ കാലത്ത് പത്തു പൈസയ്ക്ക് ഒരു ദോശ ലഭിക്കും എന്നത് കൌതുകം തോന്നിപ്പിച്ചു .പിന്നെ ചിത്രത്തില്‍ കാണുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്ത സഹോദരനെ കാണുമ്പോള്‍ തന്നെ അറിയാം ആളൊരു വീര ശൂര പരാക്രമി ആണെന്ന് ഇപ്പോഴും സഹോദരന്‍ അന്നത്തെപ്പോലെയുള്ള പണികള്‍ തരാരുണ്ടോ .ആശംസകള്‍

    ReplyDelete
    Replies
    1. അന്ന് രണ്ടു പൈസയും അഞ്ചു പൈസയും ഉള്ള കാലം. അന്ന് പത്തു പൈസയ്ക്ക് മൂന്ന് ദോശയാണ് വാങ്ങിയതെന്ന് വഞ്ചകൻ ഇപ്പോൾ പ്രസ്താവിച്ചതെയുള്ളൂ..അവനു ഒന്നും ഞാൻ രണ്ടുമാണ് എടുത്തതെന്ന്.---!!

      സ്നേഹത്തിന്റെ പണികൾ ഇപ്പോഴും കൊടുക്കൽ വാങ്ങലുകൾ ആകുന്നുണ്ട്. ഞങ്ങൾ അത് അനുഭവിച്ചു സന്തോഷിക്കുകയും..

      Delete
  7. ഋ,ഋ,ഋ..... രസകരം

    ReplyDelete
    Replies
    1. നന്ദി ജോസ്..ജീവിതം എന്നും രസകരമാകട്ടെ..

      Delete
  8. "അവനു ശിക്ഷ കിട്ടിയില്ല എന്ന് തീർത്തും പറഞ്ഞുകൂടാ. അവന്റെ രണ്ടാമത്തെ മകൻ അവന്റെ തനിപ്പകർപ്പായി പിറന്നു."

    //അർത്ഥഗർഭമായ ഒരു നിശബ്ദത . പിന്നെ,
    "രണ്ടെണ്ണം കേറീല്ലേ.. നീപ്പോ ഞാനെങ്ങനെ കേറും?" //

    ഓണ്‍ലൈന്‍ സാഹിത്യത്തിലെ വൈക്കം മുഹമ്മദ്‌ ബഷീര്‍ ... :D

    ReplyDelete
    Replies
    1. ഹ ഹ.. ഞാൻ ബഷീറിന്റെ വലിയ ഒരു ആരാധകനാണ്. എത്ര ബഷീറിയൻ പുനർവായനയിലും പരിസരം മറന്നു ഞാൻ പൊട്ടിച്ചിരിക്കും.

      Delete
  9. "കുട്ടികൾ ..ഒന്നോ... രണ്ടോ... മതി.."
    അർത്ഥഗർഭമായ ഒരു നിശബ്ദത . പിന്നെ,
    "രണ്ടെണ്ണം കേറീല്ലേ.. നീപ്പോ ഞാനെങ്ങനെ കേറും?"

    (ആളെ മനസ്സിലാവാന്‍ ഇത് മതി )

    ReplyDelete
    Replies
    1. ഹ ഹ .. അതെ രാജൻ .. ഇപ്പോഴും അവനു വലിയ വ്യത്യാസമൊന്നുമില്ല അല്ലെ?

      Delete
  10. നല്ല കഥ. ഇത്തരം കഥകൾ ഇനിയും പോരട്ടെ :)

    ReplyDelete
    Replies
    1. പിന്നെന്താ, സന്തോഷം..

      Delete
  11. അത് ശരി -ആ കുഞ്ഞു മനസിലെ നിഷ്കളങ്കമായ കണക്ക് ചോദ്യം അമ്മയോട് ചോദിച്ചതിനാ ഇങ്ങളീ രാമായണം എഴുതിയത്??? ;)

    ദോശക്കൊതിയന്‍ -തിമ്മന്കണ്ട - ഇതേത് ഭാഷയാ പ്രദീപേട്ടാ , ചേര്‍ത്തലയാ? :)
    എന്തായാലും വായന സുഖിച്ചു - ആ ഇളയ സാധനം ഉണ്ടല്ലോ "കുഞ്ഞുങ്ങള്‍ രണ്ടു മതീന്ന് കണ്ടു പിടിച്ച ആള്‍" കാഞ്ഞ വിത്താണ് ട്ടാ..... ;)

    ReplyDelete
    Replies
    1. ഹ ഹ .. ആർച്ചേ , കാഞ്ഞവിത്തിന്റെ നിഷ്കളങ്ക ചോദ്യം അല്ലെ? ന്നെ ചിരിപ്പിക്കാതെ പോ അബ്ട്ന്നു ...!!

      Delete
  12. അസ്സല്‍ ദോശ കൊതിയന്‍ ...
    എന്നാലും വെറുതെ വില്ലനെ തെറ്റിദ്ധരിച്ചു ..ശ്ശോ ! :D

    നല്ല ഇഷ്ടം ..നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. അസ്രുസ് , അന്നത്തെ ആ ദോശയുടെ രുചി. ജീവിതത്തിലെ ചില രുചികൾ മനസ്സിൽ പടർന്നങ്ങനെ നില്ക്കും.

      Delete
  13. ഒരുപാട് ചിരിപ്പിച്ചു.. രസികൻ പോസ്റ്റ്..

    ഇതുപോലത്തെ ചോട്ടകളെ കിട്ടാനും വേണം ഒരു ഭാഗ്യം..

    ReplyDelete
    Replies
    1. അതെ, അത് തന്നെ ഭാഗ്യം. ഇന്നും ജീവിത ദോശയെ നുള്ളിപ്പറിച്ചു തിന്നുമ്പോൾ ഒരു പങ്ക് അങ്ങോട്ടുമിങ്ങോട്ടും കൊടുക്കാൻ മറക്കാറില്ല.

      Delete
  14. ചിരിപ്പിച്ചു... :)

    ReplyDelete
    Replies
    1. നന്ദി സഹീല. വീണ്ടും വീണ്ടും വന്നു ചിരിക്കുക.

      Delete
  15. നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി സുധീർദാസ് . വീണ്ടും വരിക.

      Delete
  16. രണ്ടു കള്ളന്‍ മാരുടേയും കുമ്പസാരം കൊള്ളാം

    ReplyDelete
    Replies
    1. ഹ ഹ .. ഒരു സുഖമുള്ള കുമ്പസാരം അല്ലെ?

      Delete
  17. പതിവ് പോലെ ഞാൻ കൊള്ളാത്ത അടിയ്ക്ക് സഹിക്കാൻ പറ്റാത്ത വേദനയിൽ ഉറക്കെ കരയാൻ തുടങ്ങി

    എന്നാ കൌണ്ടറുകള്‍ ആണ് ഭായ്...,നന്നായി ആസ്വദിച്ചു തന്നെ വായിച്ചു.....

    ReplyDelete
    Replies
    1. നന്ദി നൗഷാദ്. വീണ്ടും വരിക.

      Delete

  18. വഞ്ചനയെന്നു പേരിട്ടെങ്കിലും നന്മയും സ്നേഹവും വാത്സല്യവും എല്ലാമുള്ള നല്ല പോസ്റ്റ്‌.

    ReplyDelete
    Replies
    1. നന്മയും സ്നേഹവും എക്കാലത്തും നിലനില്ക്കട്ടെ..നന്ദി ജോസ് ലറ്റ്..

      Delete
  19. ഹൃദ്യമായ എഴുത്ത്. അന്തരീക്ഷത്തില്‍ ദോശയുടെ മണം അലയടിക്കുന്നു..

    ReplyDelete
    Replies
    1. സ്നേഹത്തിന്റെ ദോശകൾ പിച്ചിപ്പറിച്ചു തിന്നാൻ എപ്പോഴും സ്വാഗതം.

      Delete
  20. രണ്ടു പേരും കൊള്ളാം !

    ബ്ലോഗുകളിൽ വരുന്നത് ഈയിടെയായി അപൂര്വമാണ് ..ഗ്രൂപ്പിലെ ലിങ്കിൽ നിന്നും ആണ് വരവ് . വരവ് നഷ്ട്ടമായില്ല ..കാരണം .പോസ്റ്റ്‌ ഇഷ്ട്ടായി !

    ചോട്ടാ അവസാനം തകർത്തു എന്ന് പറയാതിരിക്കാൻ വയ്യ !

    ആശംസകൾ ..

    ReplyDelete
    Replies
    1. നന്ദി വില്ലേജ്മാൻ .. ഇടയ്ക്കിടെ വരുക. നന്ദി.

      Delete
  21. അർത്ഥഗർഭമായ ഒരു നിശബ്ദത . പിന്നെ,
    "രണ്ടെണ്ണം കേറീല്ലേ.. നീപ്പോ ഞാനെങ്ങനെ കേറും?"

    :D :D

    ഇപ്പളും ദോശ ആണോ ഫേവറൈറ്റ്??

    ReplyDelete
    Replies
    1. ഫേവറിറ്റ് ഇപ്പോഴും ദോശയ്ക്ക് വേണ്ടിയുള്ള വഴക്കാണ്.. :D

      Delete
  22. ഒരു കുടുംബ പ്രശ്നം കൂടി പുറത്തായി :) ഗോള്ളാം !!

    ReplyDelete
    Replies
    1. ഹ ഹ .. ദോശപ്രശ്നം ..!!

      Delete
  23. കുറ്റം കുറ്റമായി കണ്ട് അതാവര്‍ത്തിക്കാതിതിക്കാന്‍ മകനെ മാതൃകാപരമായി ശിക്ഷിച്ച് നല്ലമാര്‍ഗ്ഗം തെളിയിച്ച അമ്മ!......
    ഹൃദ്യമായിരിക്കുന്നു വിവരണം.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ തങ്കപ്പേട്ടാ ..ചെറുപ്പ കാലത്തെ സ്വഭാവരൂപവത്കരണം അത് പ്രധാനം തന്നെയാണ്.

      Delete
  24. രസകരം.......നല്ല വായന അനുഭവം

    ReplyDelete
  25. നല്ല ഒഴുക്കുള്ള എഴുത്ത് ഹൃദ്യമായ അവതരണം ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്ത്‌
    ഈന്നാലും ഞാന്‍ അത്ര അല്ലെ ചോധിച്ച്ചേ അതിനെന്നോടു ഈ ദ്രോഹം വെനാര്ന്നോ ശ്ശൊ

    ReplyDelete
    Replies
    1. അതെ.. അത്രയുമല്ലേ ചെയ്തൊള്ളൂ .. :D

      Delete
  26. അനിയനും കൊള്ളാം , ചേട്ടനും കൊള്ളാം . ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും. എന്നാല്‍ അന്ന് കൊണ്ട അടിയുടെ വേദന ഇടയ്ക്കിടെ ഓര്‍മ്മ വരില്ലേ. അതൊക്കെ ഒരു കാലം തന്നെയല്ലേ. പാവം പ്രദീപ്‌ ഭായ് @ PRAVAAHINY

    ReplyDelete
    Replies
    1. ആ അടിയുടെ സുഖകരമായ ഓർമ എന്നും വേണമല്ലോ അല്ലെ?

      Delete
  27. ഹ ഹ രസകരമായി വായിച്ചു. എന്റെ അമ്മ വീട് ചേർത്തലയ്കടുത്തുള്ള വാരനാട് ആണു. ആ പഞ്ചാര മണ്ണിലൂടെ ഒരു പാട് വട്ടം ഉച്ച വെയിലിൽ ചെരുപ്പിടാതെ നടന്നിട്ടുണ്ട്

    ReplyDelete
    Replies
    1. വാരനാട് അമ്പലവും പരിസരവും ഇന്നും എനിക്ക് ഓർമയുണ്ട്. തിരുനല്ലൂർ സ്കൂളിൽ നാലാം ക്ലാസ് വരെ പഠിച്ചിരുന്നു.

      Delete
  28. ദോശക്കഥ നന്നായി... :-)

    ReplyDelete
  29. കിടിലന്‍ അവതരണം .വരികളുടെ അവതരണം ഒരു പുതുമയുള്ള ശൈലിയായി തോന്നി .അഭിനന്ദനങ്ങള്‍ .

    ReplyDelete
    Replies
    1. നന്ദി ബഷീർ .. വീണ്ടും വരിക.

      Delete
  30. കഥ കലക്കി ഞാനും അതിനടുത്ത നാട്ടുകാരന്‍ തന്നെയാണ് പാണാവള്ളി

    ReplyDelete
    Replies
    1. പാണാവള്ളി. പേര് ഓർമയിൽ ഉണ്ട്. പക്ഷെ മനസ്സിൽ ഒരു രൂപവും വരുന്നില്ല. എന്തായാലും പാണാവള്ളീന്നു വന്നതിൽ നന്ദി..

      Delete
  31. ഒരു ദോശ മോട്ടിച്ച കഥ എന്നാ ടാഗ ലൈൻ വെച്ച ഇങ്ങക്കിത് സില്മ ആക്കിക്കോടെ ?.. ashique abu kaanandaaa

    ReplyDelete
    Replies
    1. അയ്യെടാ, വഞ്ചകന്റെ റോൾ അടിച്ചു മാറ്റാനല്ലേ..!!? മാണ്ടാ,,

      Delete
  32. ദോശ കൊതിയന്‍ കലക്കി....

    ReplyDelete
    Replies
    1. കൊതിയന്മാർ ജയിക്കട്ടെ...

      Delete
  33. തിമ്മൻകണ്ട ...:)

    അര്‍ഥം അറിയില്ലെങ്കിലെന്താ പേര് ഉഗ്രന്‍ ഹി ഹി ..:)

    ReplyDelete
    Replies
    1. എന്ന് വച്ചാൽ തീറ്റിക്കൊതിയൻ ....

      Delete
  34. താങ്കളുടെ കാട്ടാളനും വേട്ടക്കാരനും വായിച്ചിരുന്നു.
    അതില്‍ പരാമര്‍ശിച്ച വഞ്ചകനെ തിരഞ്ഞു ഇന്ന് ഈ വഴി പോന്നതാണ്.
    ഈ വഞ്ചകന്റെ കഥയും ഒടുവിലെ അദ്ദേഹത്തിന്റെ കുറിപ്പും എല്ലാം നന്നായി ഇഷ്ടമായി.
    വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാതെ കഥക്കൊപ്പം കൊണ്ടു പോകാന്‍ കഴിയുക എന്നത് എല്ലാവര്ക്കും കിട്ടുന്ന കഴിവല്ല.
    അഭിനന്ദനങ്ങള്‍ ....
    എഴുത്ത് തുടരുക.ഇനിയും ഈ വഴി ഉറപ്പായും വരും.. അപ്പോള്‍ വെടിക്കെട്ടുകള്‍ അനവധി ഉണ്ടാകട്ടെ

    ReplyDelete
    Replies
    1. നന്ദി വൃന്ദാ.. കാട്ടാളനിൽ ഒരു ലിങ്ക് കൂടി ഉണ്ട്..

      ഏതുസമയവും ഞാൻ എകാന്തപഥികനുമായി വീട്ടിലും വഴിയിലും അലഞ്ഞു നടന്നു. <> ഓർത്ത് കക്കൂസ്സിൽ ഇരുന്നു മാത്രം പാടിയില്ല.

      സംഗീതമേ, അമരസല്ലാപമേ എന്ന പോസ്ടിലേയ്ക്കുള്ള വഴി.. :D

      Delete
  35. കൊള്ളാല്ലോ ചേട്ടാ.. ചേട്ടനും അനിയനും.. ഇപ്പളാ കണ്ടേ.. (ചേട്ടനല്ല.. അങ്കിൾ എന്നങ്ങു വിളിക്കട്ടെ.. ;) )

    ReplyDelete
    Replies
    1. ങും.. ചീത്ത വിളിക്കാതിരുന്നാൽ മതി.

      Delete
  36. പാവം ചേട്ടനും അനിയനും!!!

    ReplyDelete
  37. എന്നാലുംചതിയില്‍ വഞ്ചന പാടില്ലായിരുന്നു........

    ReplyDelete
  38. വന്റെ രണ്ടാമത്തെ മകൻ അവന്റെ തനിപ്പകർപ്പായി പിറന്നു.( എന്നിട്ട് അവന്റെ വിശേഷങ്ങളും എഴുത്ത് )

    ReplyDelete
  39. ശോ ഇങ്ങനൊരു പോസ്റ്റ്‌ വന്നത് അറിഞ്ഞില്ലല്ലോ. ആശംസകള്‍ ട്ടോ.... ഈ ദോശക്കൊക്കെ ഇത്രേം രുചി ഉണ്ടായതല്ലേ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം...?.

    ReplyDelete
  40. കിടു ❤️

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...