Friday 14 March 2014

ഇരുട്ടടി



എന്റീശ്വരാ ഇവന്മാർ  എന്നേം കൊണ്ടേ പോകൂ.

തികഞ്ഞ ഒരു നിരീശ്വരവാദിയാണെങ്കിലും പ്രതിസന്ധിയുണ്ടായാൽ ഞാൻ ആദ്യം വിളിക്കുന്നത്‌ ഈശ്വരനെയാണ്.  അത്തരം ഘട്ടങ്ങളിൽ ഒരു  ഈശ്വരവാദി ചെയ്യുന്നത് പോലെ തന്നെ  നമുക്ക് കുറ്റം ചാർത്താൻ  ഒരാൾ  വേണമല്ലോ എന്ന ആ സാധാരണ ചിന്താഗതി മാത്രം. നിരീശ്വരവാദിയാണേലും ഭക്തനാണേലും സാധാരണ പുള്ളിക്കാരൻ നമ്മളെ  തിരിച്ചൊന്നും പറയാറില്ല.

കയ്യിലിരുന്നു വിറയ്ക്കുന്ന കടലാസ് സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വന്ന മീറ്റർ റീഡന്റെ  (കടപ്പാട് വീകെയെൻ)  കയ്യിൽ  നിന്നും ഭക്ത്യാദരപൂർവ്വം  കൈപ്പറ്റിയതാണ്.
നമ്മുടെ കറന്റ് പോയാൽ മണിക്കൂറുകൾ തിരിഞ്ഞു  നോക്കാത്ത കക്ഷികളാണ് ഇക്കക്ഷികൾ. ബില്ല് കൊണ്ട് തരാൻ എന്തൊരു ചിട്ട,  എന്തൊരു ശുഷ്കാന്തി..! 

കണ്ണ് ഇറുക്കിയടച്ച്  ഇരുട്ടാക്കി നോക്കി.
ഇരുട്ടാക്കീട്ടെന്തു കാര്യം? ബില്ലടച്ചില്ലേൽ മൊത്തം ഇരുട്ടാകും.
പ്രദീപ്‌ എന്ന ഹതഭാഗ്യൻ രൂപ രൊക്കം മൂവായിരത്തി  നാനൂറ്റി എമ്പത്തേഴ്   ചട്ടപ്പടി പത്താം തീയതിക്കകം കെട്ടി  വച്ചില്ലായെങ്കിൽ  പലിശ ചേർത്തടയ്ക്കേണ്ടതും അതല്ലായെങ്കിൽ പതിനഞ്ചിന് ശേഷം  സുനാപ്പി കട്ട് ചെയ്യുന്നതുമാണെന്ന്  ഇതിനാൽ തെര്യപ്പെടുത്തുന്നു.

ഇത്തരം സന്ദർഭങ്ങളിൽ ഒരു ഗൃഹനാഥനെന്ന നിലയിൽ  വളരെ ഉത്തരവാദിത്വബോധത്തോടെ നാം എന്താണ് ചെയ്യേണ്ടത്?
അത് തന്നെ ഞാനും ചെയ്തു.
ഭാര്യയെ സ്നേഹബഹുമാനപുരസ്സരം വിളിച്ചു വരുത്തി കൂടെ മുഖത്തു ഒരു ലോഡ് പുച്ഛവും വിളിച്ചു വരുത്തി സർക്കാർകടിതം മേശപ്പുറത്തേയ്ക്ക് ഒറ്റയേറ് .

"ഇന്നാ കൊണ്ട് പോയി അടയ്ക്ക്.."

ഉത്തമ കുടുംബിനിയും ഭൂമിയോളം ക്ഷമാശീലയും സർവോപരി സുന്ദരിയും സുശീലയും (അല്ലെങ്കിൽ  സുശീല വേണ്ടാ, അതവളുടെ കുഞ്ഞമ്മയാണ്) ഒക്കെ ആയ സഹധർമിണി  ഭാവഭേദമൊന്നുമില്ലാതെ മേശപ്പുറത്തു നിന്നും കടിതം കൈകളിലെടുത്തു സാവധാനം വായിച്ചു.

അവളുടെ മുഖത്തു ഷോക്ക് ഒന്നും കാണുന്നില്ല.

"അതേയ്, പാതിരാത്രി വരെ സർവ മുറികളിലും ലൈറ്റും ഫാനുമിട്ട്  റ്റീവീം ഓണ്‍ ചെയ്തു  നടക്കുമ്പോ ഓർക്കണം..!!"
എന്ന ഡയലോഗ് ഞാൻ പറയുന്നതിന് മുന്പ് തന്നെ അവൾ വള്ളിപുള്ളി തെറ്റാതെ എന്നോടു  പറഞ്ഞു.
കല്യാണം കഴിച്ച നാൾ മുതൽ ശ്രദ്ധിക്കുന്നതാണ് , ഇത്തരം കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ഭയങ്കര (ഭയം ജനിപ്പിക്കുന്ന) മാനസിക ഐക്യമാണ്..

ഞാൻ കൊടുത്തതിനേക്കാൾ അറുപത്തിമൂന്നു ശതമാനം പുച്ഛം കൂട്ടിയിട്ടും   ഇരുപത്തിമൂന്ന് ശതമാനം ശക്തി കൂട്ടിയും  സർക്കാർകടിതം അവൾ മേശപ്പുറത്തേയ്ക്ക് തന്നെ തിരിച്ചെറിഞ്ഞു. 

ഇനി നമുക്ക്  ഒന്നേ പറയാനുള്ളൂ. സെയിം റ്റു യു..!! 
നിരീശ്വരവാദിയായത് കൊണ്ട് അത് പറഞ്ഞില്ല. രക്ഷിക്കാൻ പുള്ളിക്കാരൻ  പോലും വരില്ല.

ന്നാലുമെന്റെ ആര്യാടാ..!!

കുഴപ്പം നമ്മളുടെ തന്നെയാണ് . ഒരു ശ്രദ്ധയുമില്ല. എല്ലാ മുറികളിലും പാതിരാത്രി കിടന്നുറങ്ങുന്നത് വരെ ലൈറ്റും  ഫാനും ഇട്ടു   വയ്ക്കും. ഒരു മുറിയിൽ  കയറി തിരിച്ചിറങ്ങുമ്പോൾ ലൈറ്റും ഫാനും നിർത്തണം എന്ന് നൂറുവട്ടം പുത്രനോടും പുത്രിയോടും  വാമഭാഗത്തോടും ഒരു ഗൃഹനാഥൻ എന്ന നിലയിൽ ഉദ്ബോധിപ്പിക്കാറുണ്ട്.  പക്ഷെ ഗൃഹനാഥൻ ഇതൊന്നും ചെയ്തു കാണാറില്ലല്ലോ എന്ന സത്യം കൊണ്ട് അവർ എന്റെ മോന്തയ്ക്കിട്ട് തിരിച്ചു ചാമ്പും.
" നോ അഡ്മിഷൻ"  എന്നെഴുതി വച്ചാലും കസേരയിലിരിക്കേണ്ട ഓഫീസ്സർക്ക്  അകത്തു പോകാം എന്നൊരു സരിതോർജവാദം ഒക്കെ ഉയർത്തി നോക്കാറുണ്ടെങ്കിലും അത് വിലപ്പോകാറില്ല.

പക്ഷെ, എന്തെങ്കിലും ചെയ്താലല്ലേ പറ്റൂ.

അടുക്കളയിൽ ചെല്ലുമ്പോൾ ദാ ഇരിക്കുന്നു ഇൻഡക്ഷൻ കുക്കർ ഒരെണ്ണം. ഗ്യാസിനു ക്ഷാമം നേരിട്ടപ്പോൾ ഒന്നുകിൽ ഇൻഡക്ഷൻ കുക്കർ അല്ലെങ്കിൽ ഹോട്ടൽ  എന്ന സുന്ദരസുരഭിലമായ മുദ്രാവാക്യം വാമഭാഗം മുഴക്കി. അപ്പോൾ വാങ്ങിച്ചു കൂട്ടിയതാണ് ഈ കറണ്ട് തീനിയെ.
അവിടുന്നു തന്നെ തുടങ്ങാം.
"നാളെ മുതൽ ഇൻഡക്ഷൻ  കുക്കർ വേണ്ടാ..ഗ്യാസിൽ വല്ലതും വച്ചാൽ മതി "

"വേണ്ടാങ്കിൽ വേണ്ടാ...."
ഭാര്യ പിച്ചാത്തി കയ്യിലെടുത്ത് പറഞ്ഞു.
നിഷ്ക്രമിക്കുന്നതാണ് ബുദ്ധി. പ്രത്യേകിച്ചും കത്തി കയ്യിലുള്ളപ്പോൾ.

"പിന്നെ പത്തു ദിവസം കൊണ്ട് ഗ്യാസ് തീർന്നെന്നും പറഞ്ഞ് എന്നോടു ചാടിക്കയറരുത്. അതെങ്ങനാ, അച്ഛനും മക്കളും ചൂട് വെള്ളത്തിലല്ലേ കുളിക്കൂ.."
കേട്ടാൽ  തോന്നും അവൾ , എന്നും തണുത്ത വെള്ളത്തിലാ കുളിയെന്ന് . 
പറഞ്ഞില്ല.  കത്തി..!

അടുക്കളയിൽ നിന്നും നിഷ്ക്രമിക്കുമ്പോൾ ഒരു ആക്കിയുള്ള ചിരി പുറകിൽ  നിന്നും ഉയർന്നു. വേലക്കാരിയാണ്.
അവളും ചൂട് വെള്ളത്തിലാണ് കുളിയെന്നു തോന്നുന്നു.

ന്നാലുമെന്റെ ആര്യാടാ..!!

മുകളിലത്തെ നിലയിലെ  ലോഞ്ചിൽ കയറിച്ചെല്ലുമ്പോൾ ദാ ടീവിയിൽ ഒരു പെണ്‍കൊടി വിശാലമായ ഒരു പുൽമേട്ടിലൂടെ  അങ്ങനെ ഒഴുകി നടന്നു പോകുന്നു. അവൾ എന്റെ കറണ്ട് ഉപയോഗിച്ചു നാല്പതിഞ്ച് ചുറ്റളവിൽ ഏതോ ഹിന്ദി ഗാനം പാടി നടക്കുകയാണ്.  ഒറ്റ മനുഷ്യൻ കാണാനില്ല. ഒറ്റയൊരെണ്ണത്തിനും  ഹിന്ദി അറിയില്ല എന്നത് മറ്റൊരു കാര്യം.

ആദ്യം കയ്യിൽ  കിട്ടിയത് പുത്രിയെയാണ്.
"ഡീ അമ്മൂ , ആർക്ക്  കാണാനാടീ ഇതിങ്ങിനെ ഓണാക്കി ഇട്ടിരിക്കുന്നത്? എന്തുമാത്രം കറണ്ടാ  ഈ കുന്തം കുടിച്ചുതീർക്കുന്നതെന്ന് നിനക്ക് വല്ല വിചാരോണ്ടോ ?"

അവൾ ഒന്നും മിണ്ടാതെ, ഒരു കുറ്റബോധവുമില്ലാതെ നിൽക്കുകയാണ്.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. പിള്ളാരായാൽ ചെറുപ്പകാലം തൊട്ടേ ഒരു ഉത്തരവാദിത്വബോധം ഒക്കെ വന്നേ  മതിയാകൂ.

"ടീവിയൊക്കെ കണ്ടു കഴിഞ്ഞാൽ നിർത്തണം. അല്ലാതെ അതിവിടിങ്ങനെ ആരും കാണാനും കേക്കാനും ഇല്ലാതെ ഇട്ടിട്ടു പോകുവല്ല വേണ്ടത്. ഇതു രാജ്യദ്രോഹമാണ്. എടീ, ഒരു പൌരബോധമൊക്കെ വേണം. ആ ഗാന്ധിജിയൊക്കെ എത്ര കഷ്ടപ്പെട്ടിട്ടാ നീയൊക്കെ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്ന് അറിയാമോ?. നമ്മുടെ രാഷ്ട്രത്തിന്റെ വിഭവങ്ങൾ വെറുതെ വേസ്റ്റാക്കുകയാണെന്നൊരു തോന്നൽ എന്താ നിനക്കൊന്നും......"

"അതിനു അച്ഛയല്ലേ ഇച്ചിരി മുൻപ്  ടീവീ കണ്ടോണ്ടിരുന്നിടത്തു നിന്നും എഴുന്നേറ്റു താഴോട്ടു പോയത്..?"

ഇതാണ് കുഴപ്പം.
ഇനി നമ്മളെങ്ങാനും അങ്ങനെ മറന്നു പോയതാണെങ്കിലും അവൾക്കൊന്നു നിർത്തിയാലെന്താ? വളയൂരിപ്പോകുമോ?
ഇപ്പോഴത്തെ തലമുറ അല്ലേലും അങ്ങനെയാ. പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ എന്ത് പറഞ്ഞാലും അവർക്ക്  ഒരു മറുപടിയുണ്ട്. 

അടുത്ത മുറി പുത്രന്റെയാണ്. ചതിക്കാത്ത ചന്തു.

മുറിയിൽ  ആളില്ല. മനോഹരം. ഫാനുമുണ്ട് . ലൈറ്റുമുണ്ട് . രണ്ടും നിർത്തുമ്പോൾ അവൻ ഓടിവന്നു. 
"നീയെന്താടാ  ലൈറ്റും ഫാനും നിർത്താതെ പോയത്?"

"അച്ഛെ, ഞാനൊന്ന് മൂത്രമൊഴിക്കാൻ പോയതല്ലേ. ദാ  പോയി, ദാ വന്നു. അതിനെന്തിനാ ലൈറ്റും ഫാനും നിർത്തുന്നെ?"

"ഒന്ന് നിർത്തീന്ന്  വച്ചു കുഴപ്പമൊന്നുമില്ലല്ലൊ. വീണ്ടും ഓണ്‍ ചെയ്യാമല്ലൊ..അത്രയും കറന്റ് ലാഭിച്ചു കൂടെ?"

"അച്ഛക്കറിഞ്ഞു കൂടാ. ഫാൻ നിർത്തീട്ടു വീണ്ടും ഓണാക്കുമ്പോൾ അതിന്റെ പഴയ സ്പീഡിലെത്താൻ കൂടുതൽ കറണ്ടു വേണ്ടേ?"

ആവോ.. ഞാൻ പഠിച്ചത് കെമിസ്തിരിയാ .. അവൻ ഫിസിക്സിന്റെ വല്യ മേസ്തിരിയാണെന്നാ ഭാവം.!!

"അച്ഛ പറ. ഫാൻ കുറഞ്ഞ സ്പീഡിലിടുന്നതാണോ ഫുൾ  സ്പീഡിലിടുന്നതാണോ  കറണ്ടു കൂടുതൽ ആകുന്നത് ?"

"അതേത് പൊട്ടനാ അറിയാത്തെ? കുറഞ്ഞ സ്പീഡിൽ ഇട്ടാൽ കുറച്ചു കറണ്ടു പോരെ?"

"എവിടെ? നമ്മൾ റെഗുലേറ്റർ ഉപയോഗിക്കുമ്പോൾ സ്പീഡ്  കുറയ്ക്കാൻ റെസിസ്റ്റൻസാ  ഉപയോഗിക്കുന്നത്. എന്ന് വച്ചാൽ കറന്റ് റെസിസ്റ്റൻസ്  വച്ചു തടയും. അപ്പോൾ കുറെ കറന്റ് ഹീറ്റ് ആയി മാറും ...."

പിള്ളാരോട് വർത്തമാനം പറയുമ്പോൾ സൂക്ഷിക്കണം. ആളാകാൻ വേണ്ടി "അതേത് പൊട്ടനാ അറിയാത്തെ " എന്നൊന്നും  വച്ച്  കാച്ചിക്കളയരുത്. കൂടുതൽ കേൾക്കാൻ നിൽക്കാതെ  പൊട്ടൻ പടിയിറങ്ങി താഴേയ്ക്ക് നിഷ്ക്രമിച്ചു. 

ന്നാലുമെന്റെ ആര്യാടാ..!!

കോണിപ്പടിക്കു താഴെ മീക്കി നിൽപ്പുണ്ട്.
"നിനക്കെന്താ ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ? മൂന്ന് നേരം വെട്ടിവിഴുങ്ങുന്നുണ്ടല്ലോ."

വാമഭാഗം അടുക്കള വാതിൽക്കൽ വന്നു എത്തി നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചിട്ട് മടങ്ങി.
മീക്കി അൽപനേരം  തല ഇടത്തോട്ടും വലത്തോട്ടും ചരിച്ച്  എന്റെ മുഖത്തേയ്ക്കു നോക്കി നിന്നു. പിന്നെ  ഒരു ലോഡ് പുച്ഛം വിതറി പുറം തിരിഞ്ഞു വാലാട്ടി മുറ്റത്തേയ്ക്കിറങ്ങി.
വന്നു വന്നു നായ്ക്കും വകവയ്പ്പില്ലാതായി.

കുറേനേരം സോഫയിലിരുന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. എങ്ങനെ കറണ്ടു ചാർജ്  കുറയ്ക്കും?
കുറച്ചുകഴിഞ്ഞ്  ഭാര്യ അടുത്തു വന്നിരുന്നു. ഒന്നുമല്ലെങ്കിൽ ഫർത്താവ് വിഷമിച്ചിരിക്കുന്നതു കണ്ടാൽ ഫാര്യക്കും വിഷമമൊക്കെ വരില്ലേ?

"എല്ലാരും കൂടി വിചാരിച്ചാൽ കുറച്ചൊക്കെ കണ്ട്രോൾ ചെയ്യാമെന്നേ  ഉള്ളൂ. പക്ഷെ വിചാരിക്കണം"  അവൾ ആശ്വസിപ്പിച്ചു

"അതെ വിചാരിക്കണം..!!" ഞാനും മൂളി.

പെട്ടെന്ന് ഒരു ഐഡിയ വന്നു, സേട്ജി ..!
ഉടനെതന്നെ ചന്തുവിനെ താഴേയ്ക്ക് വിളിച്ചു.

"നീ കണ്ടോ? ഇപ്രാവശ്യത്തെ കറണ്ട്ബില്ല് മൂവായിരത്തി  നാനൂറ്റി എമ്പത്തേഴുരൂപയായി.  അടുത്ത ബില്ല്  നമുക്ക് എല്ലാവർക്കും   കൂടി കുറയ്ക്കണം. കറന്റ് എവിടെ വേസ്റ്റ് ചെയ്യുന്നത് കണ്ടാലും നീ ഇടപെടണം.  അത് നിന്റെ ചുമതലയാണ്. അടുത്ത ബില്ല് എത്ര കുറയുന്നോ അത്രയും രൂപ നിനക്കുള്ളതാണ്. സമ്മതിച്ചോ?"

അവൻ സംശയഭാവത്തിൽ നില്ക്കുകയാണ്. എന്താണെന്നറിഞ്ഞു കൂടാ, ഞാൻ ഇതുപോലുള്ള എന്ത് പറഞ്ഞാലും അമ്മയുടേം  മക്കളുടേം  മുഖത്ത് ആദ്യമെപ്പോഴും വരുന്നത് ഈ സംശയഭാവമാണ്.

ഇപ്രാവശ്യം സഹധർമിണി രക്ഷപെടുത്തി.
"അച്ഛയുടെ കയ്യിൽ  നിന്നും ആ പൈസ അമ്മ വാങ്ങിത്തരാം"

അവന്റെ മുഖത്തെ സംശയം മാറി.

"എടാ നിനക്ക് ആ പൈസ വച്ചു പൊറോട്ടയും ബീഫ് ഫ്രയ്യും വാങ്ങി കഴിക്കാമല്ലോ"
മർമം എവിടാണെന്നു  വൈദ്യനെ ആരും പഠിപ്പിക്കണ്ടാല്ലോ .

അവന്റെ മുഖം തെളിഞ്ഞു. പൊറോട്ടയും ബീഫ് ഫ്രയ്യും കഴിക്കാൻ അവൻ വേണമെങ്കിൽ മൂലമറ്റത്തെ സുനാപ്പി വരെ ബോംബു വച്ചു തകർക്കും ..

അങ്ങനെ സഹജരെ, സഹനസമര സമയമായ്...

ചതിക്കാത്ത ചന്തു ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ ഓടി നടന്നു വ്യാപൃതനായി.

നമ്മൾ മുറിയിൽ  നിന്നുമിറങ്ങുമ്പൊൾ  കതകിനു മറവിൽ നിന്നും ആക്രോശത്തോടെ ചാടി വീണ് അവൻ ലയ്റ്റും ഫാനും നിർത്തും. എട്ടുമണിയാകുമ്പോഴേ പുറത്തെ പൂമുഖത്തെ  ലൈറ്റും ഗാർഡൻ  ലാംപും അവൻ നിർത്തും. അതിനു ശേഷം വരുന്ന സന്ദർശകർ പലരും ഗോപി വരച്ചു മടങ്ങിപ്പോയി. ഇനി മുതൽ അത്താഴം എല്ലാവരും എട്ടു മണിക്കേ കഴിക്കണം, അതിനു ശേഷം ഊണുമുറിയിൽ  വെളിച്ചം ഉണ്ടായിരിക്കുന്നതല്ല എന്ന ഒരു ഘോരനിർദേശം  അവൻ മുൻപോട്ടു വയ്ക്കുകയും  നമ്മളുടെ അനുവാദമില്ലാതെ തന്നെ അത് നടപ്പിലാക്കുകയും ചെയ്തു. ഏഴുമണിയാകുമ്പോഴേ പഠനം നിർത്തി പുസ്തകങ്ങളെ സ്കൂൾ ബാഗിൽ ഉറക്കാൻ കിടത്തുന്ന സ്വഭാവവും തുടങ്ങി. ടീവീ കാണുന്നതിനിടയിൽ ഒന്ന് മൂത്രമൊഴിക്കാൻ മറ്റോ തിരിഞ്ഞാൽ അത്ഭുതകരമായി അത് ഓഫാകാൻ തുടങ്ങി. ദൂരെ കതകിനു പുറകിൽ റിമോട്ടുമായി അവൻ മറഞ്ഞു നില്പ്പുണ്ടായിരുന്നു എന്ന് അമ്മുവിൻറെ അസൂയ പറഞ്ഞു. പകൽ  നമ്മൾ ഫാനിട്ടു ഉറങ്ങിയാൽ വിയർത്തൊലിച്ച്  എഴുന്നേല്ക്കാൻ യോഗമുണ്ടായി. ഇൻഡക്ഷൻ കുക്കർ ആത്മഹത്യ  ചെയ്തു, ശവം പോലും കിട്ടിയില്ല.  കൊലപാതകമായിരുന്നില്ല എന്നവൻ റിപ്പോർട്ട്‌ ചെയ്തു. അടുക്കളയിൽ ഫ്രിഡ്ജ് ഓഫ്‌ ചെയാൻ അവൻ ഒരു വിഫലശ്രമം നടത്തിയതായി മാതാവ് റിപ്പോർട്ട്‌ ചെയ്തു. വന്നു വന്നു ലൈറ്റ് ഇടാൻ വൈദ്യുതാഗമനനിഗമനനിയന്ത്രണപേടകത്തിനടുത്തേയ്ക്ക് കൈ പോയാലുടൻ  മീക്കി പല്ലിളിച്ചു കുരയ്ക്കാൻ തുടങ്ങി. അവൻ പരിശീലനം കൊടുത്തു വച്ചിരിക്കുകയാണ്. അവൻ ഇരിക്കാൻ പറഞ്ഞാൽ അവൾ രണ്ടു പ്രാവശ്യം തറയിൽ കിടന്ന് ഉരുണ്ട്  കാണിക്കും. അവർ ആത്മാവും പറങ്കിമാവുമാണ്.



ആര്യാടനോട് വീട്ടുകാർക്ക്  മൊത്തം ശത്രുതയായി. പുള്ളിക്കാരൻ ഈ മണ്ഡലത്തിലെങ്ങാനും മത്സരിച്ചിരുന്നേൽ കള്ളവോട്ടുകൂടി ചെയ്തു തോല്പ്പിച്ചേനേ ..

അടുത്ത ബില്ല് വന്നു. 
വെറും രണ്ടായിരത്തിഎണ്ണൂറ്റി മുപ്പതു രൂപാ.

ചതിക്കാത്ത ചന്തു വന്നു കൈ നീട്ടി.
"അറുന്നൂറ്റി അമ്പത്തെഴു രൂപാ"

അവനു ഫിസിക്സ് മാത്രമല്ല, കണക്കും അറിയാം.

"ഡാ, ഞങ്ങളൂടെ സഹിച്ചിട്ടല്ലേ ഇത്രയും കുറഞ്ഞേ, അപ്പൊ പൈസാ മുഴുവൻ നിനക്ക് വേണോ" എന്ന ചോദ്യം അവൻ അമ്മവക്കീൽ  മുഖാന്തിരം അതിക്രൂരമായി തള്ളിക്കളഞ്ഞു. മാത്രവുമല്ല, അത്ര പന്തിയല്ലാത്ത ഭാവത്തിൽ മീക്കി എന്നെ നോക്കി മുരളുകയും ചെയ്തു.
അല്ലേലും പണ്ടേ ഞാൻ കാലു വാരുന്നവനാണെന്ന് ഒരു അപഖ്യാതി ഉള്ളതായി കൂട്ടിക്കോളൂ..

പൈസ കൊടുക്കുമ്പോൾ അവനോടു വീണ്ടും പറഞ്ഞു.
"ഇനി അടുത്ത  ബില്ലും കുറഞ്ഞാൽ ആ കുറവും നിനക്കുള്ളതാ"

കുറച്ചു ദിവസം കൂടി കടന്നു പോയി.
വൈദ്യുതി നിയന്ത്രണം മുറുകി മുറുകി കാര്യങ്ങൾ ഒരു മുറു മുറുപ്പിലേയ്ക്ക് നീങ്ങി. വീട്ടിലെ അന്തരീക്ഷം സ്ഫോടനാത്മകമായി. തൊട്ടതിനും പിടിച്ചതിനും എല്ലാം ഭാര്യ എന്റെ പുറത്തും ഞാൻ അവളുടെ പുറത്തും മേക്കിട്ടു കേറാൻ  തുടങ്ങി. അമ്മുവും വൈദ്യുതിനിയന്ത്രിതാവും തമ്മിൽ തർക്കം  മൂത്ത് കയ്യാംകളി വരെയായി. അവൾ ഉടനെ കല്യാണം കഴിച്ചു കറന്റുള്ള വല്ല വീട്ടിലും പോയിക്കളയുമെന്നു വരെ ഭീഷണി മുഴക്കി. എപ്പോഴാ എല്ലാവർക്കും  മീക്കിയുടെ കടി കിട്ടുന്നതെന്നും  സംശയമായി.

അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ എല്ലാ നിയന്ത്രണങ്ങളും അപ്രത്യക്ഷമായി. ലൈറ്റുകളും ഫാനുകളും പഴയത് പോലെയായി. ടീവിയിലെ പെണ്‍കൊടി ഹിന്ദിയ്ക്കു പുറമേ തെലുങ്കും  തമിഴും ഒക്കെ പറഞ്ഞു ആരും കാണാനില്ലാതെ  നാൽപ്പതിഞ്ചതിരിൽ പാറിപ്പാറി നടന്നു. ഭാര്യക്ക് പെട്ടെന്ന് സ്നേഹം കൂടി. അവൾ എനിക്ക് ഊണിന്റെ കൂടെ അവൾക്ക് അത്ര പ്രിയമില്ലാത്ത എന്റെ പ്രിയപ്പെട്ട തീയൽ കറി ഉണ്ടാക്കി തന്നു. ഞാൻ മണ്ഡലം എമ്മല്ലെയെ കണ്ടതുപോലെ "കുറേക്കാലമായല്ലോ കണ്ടിട്ട്" എന്ന് തീയലിനോടു പറഞ്ഞ്  ഉരുള വാരി വാരി വിഴുങ്ങി.  മീക്കി കുരയേ നിർത്തി. സന്ദർശകർ  രാത്രി ഒന്പതിനും പത്തുമണിക്കും ഒക്കെ കയറി വന്നു.  ആത്മഹത്യ ചെയ്ത ഇൻഡക്ഷൻ കുക്കറിനെ വേലക്കാരി തുടച്ചു വൃത്തിയാക്കുന്നതും കണ്ടു.

ചന്തുവിനെ വിചാരണ  ചെയ്യാൻ കൂട്ടിൽ  വിളിച്ചു നിർത്തി. അവന്റെ വക്കീൽ - കം- ബോഡിഗാർഡ്, മീക്കിയും അവന്റെ സമീപത്തു ഹാജരായി.

"എന്താടാ കറണ്ടുനിയന്ത്രണമൊക്കെ ഉപേക്ഷിച്ചോ?"

"ഓ, എന്തിനാ, എനിക്ക്  വയ്യ  ഇങ്ങനെ കഷ്ടപ്പെടാൻ .."
അവൻ ബോധിപ്പിച്ചു.

"അതെന്താ, നിനക്ക് കാശു ഞാൻ തന്നില്ലേ?"

"ങും. പക്ഷെ ഇപ്പൊ ഒരു ഗുണോമില്ല. ഇനിയിപ്പോ ഞാൻ എത്ര കഷ്ടപ്പെട്ടാലും പത്തോ ഇരുനൂറോ രൂപാ കൂടി അടുത്ത ബില്ലേൽ കുറയുമായിരിക്കും. അപ്പൊ അച്ഛ എനിക്കതല്ലേ തരൂ.."

ങും. ആ സാമ്പത്തികശാസ്ത്രം  അവൻ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനിയിപ്പോൾ അവനെ പറ്റിക്കാൻ പ്രയാസമാണ്. എന്നാലും മർമത്ത് ഒന്ന് കൂടി പിടിച്ചു നോക്കാം.

"ഇരുനൂറു രൂപയെങ്കിൽ ഇരുനൂറു രൂപ.  അതിനു നിനക്ക്  പൊറോട്ടയും ബീഫ് ഫ്രയ്യും  തിന്നു കൂടെ?"

"എന്തിന് ?  എനിക്ക് പൊറോട്ടയും ബീഫ് ഫ്രയ്യും അല്ലാതെതന്നെ മേടിച്ചു തരാമെന്ന് അമ്മയും അമ്മുചേച്ചിയും പറഞ്ഞല്ലോ.."

തിരിഞ്ഞുനോക്കുമ്പോൾ അവന്റെ കരുണാനിധിയായ മാതാവും സ്നേഹനിധിയായ ഉടപ്പിറന്നോളും അതിവേഗത്തിൽ കോണിപ്പടി കയറി മുകളിലേയ്ക്ക് പോകുന്നത് കണ്ടു.

വീണ്ടും തിരിഞ്ഞുനോക്കുമ്പോൾ പ്രതി അപ്രത്യക്ഷനായിരിക്കുന്നു.

മീക്കി അവിടെത്തന്നെ ഇരുപ്പുണ്ട്. രണ്ടു ചീത്ത കൊടുത്താലോ. അവളുടെ ഭാവം കണ്ടിട്ട് അത്ര ധൈര്യം വന്നില്ല. മാത്രവുമല്ല, അവനു കിട്ടുന്ന ബീഫിന്റെ മുപ്പത്തിയേഴേകാൽ ശതമാനം അവളാണ് തിന്നുന്നത്. വെറുതെ റിസ്ക്‌ എടുക്കണ്ട.

ഞാൻ അവളെ സൂക്ഷിച്ചു നോക്കി. അവൾ എന്നെ രണ്ടു മൂന്ന് പ്രാവശ്യം  തല ഇടത്തോട്ടും വലത്തോട്ടും അൽപ്പം ചരിച്ചു നോക്കി. എന്നിട്ട് ആഞ്ഞു രണ്ടു കുര..!!

ന്നാലുമെന്റെ ആര്യാടാ..!!

38 comments:

  1. ആര്യാടാ!! ശേ അല്ല.. ആരാടാ ലൈറ്റ് ഇട്ടത് ? ;)

    ReplyDelete
    Replies
    1. അതെ, ആരാടാ ലയ്റ്റിട്ടത് - എന്ന് ആക്രോശിക്കുന്ന കാലവും വരുന്നു.

      Delete
  2. എന്നാലുമെന്റെ ആര്യാടാ.

    (ഈ മരുഭൂമീല് കറണ്ടും വെള്ളോം സമൃദ്ധം)

    ReplyDelete
    Replies
    1. അതെ അജിതെട്ടാ. വെള്ളവും കറണ്ടും ഒരിക്കലും മുടങ്ങിയിട്ടില്ല. എന്നാലുമെന്റെ ആര്യാടാ..!!

      Delete
  3. ഹ ഹ ഹാ . ഇതെന്റെ വക. ഇനി മീക്കിയുടെ വക ബൗ ബൗ ബൌ ....

    ReplyDelete
    Replies
    1. കഥാപാത്രങ്ങൾ നേരിട്ട് വന്ന് അഭിപ്രായം പറയാൻ പാടില്ല.വീട്ടിലറിഞ്ഞാൽ വഴക്ക് പറയും..

      Delete
  4. ഈ കെമസ്ട്രി പഠിച്ചതാ ഇതിന്റെയൊക്കെ കുഴപ്പം :D ന്നാലും ന്റെ ആര്യാടാ ...

    ആശംസകളോടെ
    @srus..

    ReplyDelete
    Replies
    1. ഹ ഹ. കെമിസ്തിരിയിൽ ഞാനൊരു മേസ്തിരിയാ. അതാണെന്റെ ചോറ്..

      Delete
  5. വീണ്ടും കുടുംബസമേതം നാട്ടിൽ പാട്ടാക്കി / യി .. ഗോള്ളാം ..

    ReplyDelete
    Replies
    1. ഹ.. നമ്മുടെ കുടുംബത്തെയല്ലേ തല്ലു മേടിക്കാതെ കളിയാക്കാൻ പറ്റൂ..

      Delete
  6. chathikkaatha chanthuvine valare valare istappettu

    ReplyDelete
  7. @@
    വീട്ടിലെ കെട്ട്യോളേം കുട്ട്യോളേം പട്ടിയേം വരെ അരച്ചുകലക്കി സൂപ്പാക്കി പാകം ചെയ്ത ഈ 'ആര്യാടനാരെടാ'ന്നുള്ള പോസ്റ്റ്‌ വായിച്ചു കണ്ണൂരാന് ഷോക്കടിച്ചു മച്ചാ ഷോക്കടിച്ചു!

    ഇമ്മാതിരി അല്‍ക്കുല്‍ത്ത് കൊണ്ട് അലക്കുനടത്തിയ അലക്കുകാരാ,
    കീബോര്‍ഡും മൌസും വെച്ചു കീഴടങ്ങിയിരിക്കുന്നു!

    ഓം കരണ്ടായ ബില്ലായ ചന്തുവായ അമ്മുവായ പട്ടിയായ ആര്യാടസ്വാഹ!

    **

    ReplyDelete
    Replies
    1. ഹ ഹ .. ആര്യാടസ്വാഹ.. !!

      Delete
  8. എന്നാലുമെന്റെ ആര്യാടാ..............

    ReplyDelete
    Replies
    1. അതെ, എന്നാലുമെന്റെ ആര്യാടാ........

      Delete
  9. Replies
    1. പ്ലിംഗ് പ്ലിംഗ്..!!

      Delete
  10. പ്രദീപേട്ടൻ പാറ പൊടിക്കുന്നു!!!

    ചിരിച്ചു ചിരിച്ചു മരിച്ചു. എന്തായാലും ആര്യാടനു വോട്ടു ചെയ്യാൻ തീരുമാനിച്ചു. അങ്ങേരാണല്ലോ ഈ പോസ്റ്റിന്റെ നാഥൻ.

    ReplyDelete
    Replies
    1. അത് ശരി ..!! ഇങ്ങള് ആര്യാടന്റെ ആളാ ? :)

      Delete
  11. സരസമായൊരു കഥ!..അതോ ജീവിതോ??rr

    ReplyDelete
    Replies
    1. ചിരിക്കാത്ത ഒരു ദിനം ജീവിതത്തിൽ നിന്നും നഷ്ടപ്പെടുന്നു റിഷാ..

      Delete
  12. കണ്ടാലും,കേട്ടാലും പഠിക്കാത്തോന്‍ കണ്ടാലേ പഠിയ്ക്കൂ!!!
    രസകരമായി എഴുതി.
    ആശംസകള്‍

    ReplyDelete
    Replies
    1. കൊണ്ട് തന്നെ പഠിക്കണം തങ്കപ്പേട്ടാ ..

      Delete
  13. മ്പേ മ്പേ... എന്നാവാലോ.. കാരണം ഇത്രേമെഴുതിയതില്‍ പശുക്കുട്ടി ഇല്ല. അപ്പോ കഥാപാത്രമാണെന്ന് പറയൂലല്ലോ..

    ഇത് എല്ലാ വീട്ടിലും ഉണ്ടാവുന്നുണ്ട്... കേമമായി ഈ എഴുത്ത്... അഭിനന്ദനങ്ങള്‍ കേട്ടൊ.

    ReplyDelete
    Replies
    1. ഹ ഹ അതെ എച്മുക്കുട്ടി .. കഥാപാത്രങ്ങൾ മാത്രം മുണ്ടാൻ പാടില്ല. വീട്ടിൽ അറിഞ്ഞാൽ വഴക്കു പറയും..
      നന്ദി..മ്പേ..

      Delete
  14. എല്ലാര്‍ക്കും അനുഭവമുള്ള സംഭാവായതോണ്ട് വായിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവസുഖം കൂടി ഈയെഴുത്തിനു ബോണസ്സായി വന്നുചേരുന്നു.
    നല്ലോണം ഇഷ്ടായി

    ReplyDelete
    Replies
    1. നന്ദി റാംജി .. അനുഭവങ്ങൾ കഥയെ ജീവിതത്തോട് ചേർത്ത് പിടിക്കുന്നു..

      Delete
  15. അടുത്ത കാലത്തെങ്ങും ഒരു ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ച് ഇത്രയേറെ ചിരിച്ചിട്ടില്ല...
    (ഓണ്‍ലൈന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന ഞാനിട്ട പേര് ഓരോ പോസ്റ്റിലും അങ്ങ് നീതീകരിക്കുന്നു...)
    ചുരുക്കം ബ്ലോഗര്‍മാരേ ഇത്ര അനായാസമായി നര്‍മം എഴുത്തില്‍ കൊണ്ടുവരാറുള്ളൂ...
    നല്ല എഴുത്തിന് അഭിവാദനങ്ങള്‍- പുതിയ രചനകള്‍ക്കായ്‌ കാത്തിരിക്കുന്നു. :)

    ReplyDelete
    Replies
    1. എന്റെ മഹീ, സുൽത്താന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. എന്നും പലവട്ടം വായിച്ചാലും പരിസരം മറന്നു ഞാൻ ഉറക്കെ ചിരിക്കുന്നത് ബഷീറിനെ വായിച്ചാണ്..

      Delete
  16. ന്നാലും ന്‍റെ അര്യാടാ !!!!!!!!!!!!!!!!!!!!!!! ..... :) പൊളിച്ചു ട്ടോ .

    ReplyDelete
  17. എന്തായാലും മുഖ്യമന്ത്രി രാജിവെക്കണം.....

    ReplyDelete
    Replies
    1. അതെന്തായാലും വേണ്ടതാണ് മെൽവിൻ.. :D

      Delete
  18. ഹാാാ!!!എത്ര രസകരമായി എഴുതിയിരിക്കുന്നു???ആസ്വദിച്ചു.

    ReplyDelete
  19. വന്ന് വന്ന് ഞാൻ ആര്യടന്‍റെ അയല്‍പക്കത്തിരുന്നു ചിരിക്കാനാണ് യോഗം.... എന്‍റെ പൊന്നു ചങ്ങാതി .... കശ്മലകള്‍ പാവത്തിനെ ചതിച്ചല്ലോ....

    ReplyDelete

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...