Friday, 5 September 2014

മേനേ പ്യാർ കിയാ



അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് കാണൽ സംഭവിച്ചു.
അതൊരു സംഭവം തന്നെയാണല്ലോ.
ഒരു കാരണവർ ഭേഷായി കാലു വാരിയതുകൊണ്ട് "പെണ്ണിനെ ഇഷ്ടമായി"  എന്ന്  മുൻപിൻപ് ആലോചിക്കാതെ എഴുന്നള്ളിച്ച്  സ്വയം ഇഷ്ടമായി മടങ്ങുകയും ചെയ്തു.
അങ്ങനെ ഇഷ്ടമായി എന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് ജീവിതത്തിലെ അവസാനത്തെ പെണ്ണ് കാണലായും സംഭവിച്ചു.

അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തിനു മടങ്ങി. അവിടെയാണ് ജോലി. തലസ്ഥാനത്തെ ഒരു രാസവ്യവസായസ്ഥാപനത്തിൽ.

പ്രതിശ്രുത  വധു തിരുവനന്തപുരത്ത്  ദന്തൽ കോളേജിൽ ബിരുദാനന്തര ബിരുദ പഠനത്തിലാണ്.
ആകെയുള്ള മുപ്പത്തിരണ്ട് പല്ലിനു ആറോ  ഏഴോ വകുപ്പുകളിലായാണ് ബിരുദാനന്തരബിരുദം. അതിലൊന്നിലാണ് സൌഭാഗ്യവതിയുടെ  ഗുസ്തി.
ഈ പല്ലിനെപ്പറ്റി മാത്രം ഇതിനും വേണ്ടി  പഠിക്കാനെന്തിരിക്കുന്നു?
ഞാൻ പല്ലിനെപ്പറ്റി തിന്നാൻ നേരം മാത്രമാണ് ഓർക്കാറ്. അതും ചോറിൽ കല്ല്‌ കടിച്ചാൽ മാത്രം. സൊർറ്റെക്സ് റൈസ് വന്നതോടെ അതും ഇല്ലാതായി.
രാവിലെ എഴുന്നേറ്റു കഴിഞ്ഞ് വർത്തമാനം പറയുമ്പോൾ ആരെങ്കിലും നെറ്റി ചുളിച്ചാലും  ഓർക്കും .

അവൾ തിരുവനതപുരത്ത് ഒരു വിളിപ്പാടകലെ ഉണ്ടെന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു ആവി. ഒന്ന് വിളിച്ചാൽ എങ്ങനെയിരിക്കും?
പല്ല് നഷ്ടപ്പെടുമോ?

അന്നത്തെ കാലത്ത് മൊബൈൽ ഫോണ്‍  പ്രചുരപ്രചാരത്തിൽ ആയിട്ടില്ല. ലാൻഡ്‌ ഫോണുകൾ മാത്രം.
താമസസ്ഥലത്ത് ഫോണില്ല. ഓഫീസിലുള്ള, പുറത്തേയ്ക്ക് വിളിക്കാൻ ഉള്ള ഒരു ഫോണാകട്ടെ പ്ലാന്റ് മാനേജരുടെ മുറിയിൽ മാത്രം.
അന്നത്തെ പ്രണയിതാക്കൾ അനുഭവിച്ച ദുരിതങ്ങൾ ഇന്നത്തെ യോ യോ പിള്ളേർ മനസ്സിലാക്കിക്കൊളളണം.

പ്ലാന്റ് മാനേജരോട്  എന്റെ ഭാവിപ്രേയസ്സിയുമായി ഒന്നു പഞ്ചാരയടിക്കാൻ ഫോണ്‍  ചെയ്തോട്ടെ എന്ന് ചോദിക്കാൻ ഒരു നാണം.
ഭയങ്കര ധൈര്യശാലി ആയതുകൊണ്ട് കട്ടുവിളിക്കാനും പറ്റിയില്ല.
ഇത്രയും പറഞ്ഞാൽ   തോന്നും ഈ പ്രശ്നമൊന്നുമില്ലാരുന്നെങ്കിൽ ഇപ്പോൾത്തന്നെ അവളെ  വിളിച്ചു കൂട്ടിയേനേയെന്ന് .
അവളുടെ നമ്പർ പോലുമറിയില്ല..

ഒരാഴ്ച അങ്ങനെ ആവി കൊണ്ട് നടന്നു.  പ്ലാന്റിൽ എല്ലാവരോടും തട്ടിക്കേറി. നിസ്സാരതെറ്റുകൾ കാണിക്കുന്ന ഓപ്പറേറ്റർമാരെ  മുറിയിൽ  വിളിച്ച്  വരുത്തി ഇടതു പക്ഷം വലതുപക്ഷം (left and right ) ചീത്തപറഞ്ഞു.

അടുത്ത തവണ വീട്ടിൽ  ചെന്നപ്പോൾ അമ്മ ചോദിച്ചു
"ഡാ, നീ അവളെ അവിടെങ്ങാനും കണ്ടോ?"

ശുണ്‍ഠി ഇരച്ചു വന്നു .

"പിന്നല്ലേ അവളങ്ങനെ ഇറങ്ങി നടക്കുകയല്ല എനിക്ക് കണ്ടുമുട്ടാൻ.. അല്ലേൽത്തന്നെ തിരുവനന്തപുരം ഇട്ടാവട്ടത്തിലുള്ള സ്ഥലം അല്ലെ. അവൾ അങ്ങോട്ട്‌ ഇറങ്ങി നടക്കുമ്പോൾ ഞാൻ ചെന്ന് മുട്ടി വീഴാൻ"

എന്നാലും അവൾക്കെന്താ  ഒന്നിറങ്ങി നടന്നാൽ? ചിലപ്പോ ഒന്ന് മുട്ടിയാലോ..!!

അമ്മ നെറ്റി ചുളിച്ച് എന്നെ നോക്കി.
"എന്തായാലും എനിക്കവളുടെ ഒരു ഫോട്ടോ  കിട്ടി. രണ്ടു ദിവസം മുൻപ്  ഞാനവളുടെ വീട്ടിൽ  ചെന്നപ്പോൾ അവിടുത്തെ അമ്മ എടുത്തു തന്നതാണ്.."

ങേ, ഫോട്ടോയോ?  എവിടെ ഫോട്ടോ?
എന്റെ മനസ്സിൽ ഒരു ലഡു പൊട്ടി.

ഒരു ഭാവഭേദവും കൂടാതെ വല്യതാല്പര്യമില്ലാത്ത മട്ടിൽ  ഞാൻ ഒന്ന് മൂളി.
മനസ്സിലൂടെ സാധ്യതകൾ അങ്ങനെ പാഞ്ഞു പോയി. അവളെവിടായിരിക്കും ഒളിച്ചിരിക്കുന്നത്?
അമ്മയുടെ പേഴ്സ്?
അതോ വാനിറ്റി ബാഗിന്റെ ഏതെങ്കിലും അറ ?
പണ്ടാരം ബാഗിന് അഞ്ചോ ആറോ  അറയുണ്ട്.!

"നിനക്ക് ഫോട്ടോ  കാണണോടാ? "

എന്തോ പൊട്ടച്ചോദ്യമാ ചോദിക്കുന്നത്...!!
 പോയി എടുത്തോണ്ട് വാ മാതാവേ..!!!

"ഓ, എന്തിനാ . എന്തായാലും ഞാൻ കണ്ട പെണ്ണ് തന്നെയല്ലേ.? "
ഞാൻ വിജിംഭ്രുതനായി.

"ങാ, വേണ്ടാങ്കിൽ വേണ്ടാ. ഞാൻ ചോദിച്ചെന്നെയുള്ളൂ... എനിക്കെന്തായാലും എന്റെ മരുമോളെ കണ്ടോണ്ടിരിക്കാല്ലോ. അതിനാ  ഞാൻ ഫോട്ടോ ചോദിച്ചു വാങ്ങിയത്"
അമ്മ അകത്തേയ്ക്ക് പോയി.

ചതിച്ചോ? ഈ അമ്മയ്ക്കൊന്ന് നിർബന്ധിച്ചാലെന്താ? വള  ഊരിപ്പോകുമോ?അല്ലേലും ഈ അമ്മമാര് ജനിച്ചപ്പോഴേ ഇങ്ങനെയാ. സാമാന്യബുദ്ധി ഇല്ല. കാണണ്ടായെന്നു പറയുമ്പോൾ ഒന്ന് കാണാൻ നിർബന്ധിക്കെണ്ടേ ..!!

ഒരു മൂച്ചിന് എടുത്തുചാടി, ഇനിയിപ്പോ എങ്ങനെ കര പറ്റും?
പോയൊന്നു തപ്പിയാലോ?

അമ്മ പുറത്തേയ്ക്ക് പോയ സമയം നോക്കി അമ്മയുടെ ബാഗ്‌ പരിശോധിച്ചു. ഒരുകണ്ണ്  വാതിൽക്കലും  മറുകണ്ണ് ബാഗിലും വച്ചു .
അറകൾ എല്ലാം കേറിയിറങ്ങി ക്ഷീണിച്ചു. ഫോട്ടോ  കാണുന്നില്ല.
ഒരു ഗമയ്ക്ക് വേണ്ടാ എന്നു തട്ടി വിട്ടിട്ടു, ഇനി പോയി ചോദിക്കുന്നതെങ്ങനെ.?

പെട്ടെന്ന് അമ്മ മുറിയിലേയ്ക്ക് കയറി വന്നു.
"എന്താടാ? നീ എന്താ നോക്കുന്നെ?"
"ഒന്നുമില്ല. ഞാനെന്റെ പുസ്തകം നോക്കുവാരുന്നു. എവിടാണോ വച്ചത്.."

അമ്മ മേശപ്പുറത്തു നിന്നും പേഴ്സ് എടുത്തു തുറന്നു. അതിൽ നിന്നും ഒരു പാസ്പോർട്ട്‌ ഫോട്ടോ  എടുത്തു നീട്ടി.
"ദാണ്ടേ കൊച്ചിന്റെ ഫോട്ടോ .. വേണേൽ കണ്ടോ.."

"ഓ"
വല്യ താല്പര്യമൊന്നുമില്ലാത്ത മട്ടിൽ ഫോട്ടോ വാങ്ങി ഒന്ന് നോക്കി.
സുന്ദരീ , പടമായിട്ടിരുന്നു നീ കൊഞ്ഞനം കാണിക്കുന്നോ.
ഫോട്ടോ തിരിച്ചു കൊടുത്തു.
അമ്മ  പെഴ്സിന്റെ ഏതു ഭാഗത്താണ്‌  അവളെ  തിരിച്ചു വയ്ക്കുന്നതെന്നു സശ്രദ്ധം സസൂഷ്മം  നോക്കി മനസ്സിലാക്കി .
പ്രിയതമേ, ഉടനെ തന്നെ വീണ്ടും കാണാം.

തിരിച്ചു തിരുവനന്തപുരത്ത് പോകുന്നതിനുമുൻപ് അമ്മയറിയാതെ ഫോട്ടോ അടിച്ചുമാറ്റി സ്വന്തം പേഴ്സിൽ ഭദ്രമായി വയ്ച്ചു. അമ്മ അറിയുന്നതിനു മുന്പ് സ്ഥലം കാലിയാക്കണം.

യാത്രപറഞ്ഞ്‌ ഇറങ്ങി ഗേറ്റ് കടന്നപ്പോൾ അമ്മ പുറകിൽ  നിന്നും വിളിച്ചു പറഞ്ഞു
"ഡാ, ഫോട്ടോ  സൂക്ഷിച്ചു വയ്ക്കണം. കളയാതെ ഇങ്ങു കൊണ്ടുതരണം.."

ഇതാണ് കുഴപ്പം.
എന്റെ എല്ലാകൗശലവും കൗടില്യവും അതേപടി  മാതാവിനും കിട്ടിയിട്ടുണ്ട്.
എന്റെ പാരമ്പര്യമല്ലേ , എങ്ങനെ നന്നാവും?

അങ്ങനെ ആഴ്ചകൾ കടന്നു പോയി.
ഫോട്ടോ  കാണുന്തോറും ആവി കൂടി കൂടി വന്നു.
 ഒന്ന് കാണാൻ എന്താണ് വഴി?
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

ഓരോ ദിവസവും കഴിയുന്നതോടെ അവളെ  ഒന്ന് പ്രണയിക്കാൻ ആവേശം കൂടിക്കൂടി വരികയാണ്.
കല്യാണം കഴിച്ചു കഴിഞ്ഞു പ്രണയിക്കുന്നതിനു ഒരു ത്രില്ലില്ല.
മേനെ പ്യാർ  കിയാ എന്ന് സന്തതി പരമ്പരകളോട് മേനി പറയാനുള്ള ഒരു സുവർണാവസരമാണ് കൈ വന്നിരിക്കുന്നത്. അത് ചുമ്മാ കളഞ്ഞുകുളിച്ചാൽ
പിന്നെ കല്യാണം കഴിച്ചിട്ടു ഒരു കാര്യോമില്ല.

വീണ്ടും നാട്ടിൽ  പോയി.
അമ്മ ഫോട്ടോയെപ്പറ്റി അന്വേഷിക്കുമ്പോഴോക്കെ   നവഉദാരവത്കരണത്തിന്റെ ദൂഷ്യ ഫലങ്ങളെപ്പറ്റി അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു.

ഓഫീസിൽ തിരിയെ എത്തിയപ്പോൾ പ്ലാന്റ് മാനേജർ ചോദിച്ചു.
"താൻ നാട്ടിൽ  പോയിട്ട് തന്റെ പെങ്കൊച്ചിനെ കണ്ടോ?"

ഹും, എന്റെ പട്ടി കാണാൻ പോകും.

"ഇല്ല. കക്ഷി ഇവിടെയല്ലേ?" ഞാൻ ഉദാസീനഭാവത്തിൽ പറഞ്ഞു.

"പറഞ്ഞപോലെ ശരിയാണല്ലോ, അപ്പൊ ചുമ്മാ പോയി കാണാല്ലോ.അല്ലേൽ ഫോണ്‍  വിളിക്കാല്ലോ..?" അങ്ങോർ  വിടാൻ ഭാവമില്ല.

"എവിടെ?  നമ്പരൊന്നും അറിയില്ല. ഇവിടെ ഹോസ്റ്റലിൽ ആണ്"
ഞാൻ വീണ്ടും ഗദ്ഗദം  വിഴുങ്ങി ഉദാസീനനായി.

"അപ്പൊ എളുപ്പമായില്ലേ പൊട്ടാ..!!  ഡയറക്ടറി  എടുത്തു നോക്ക്. ലേഡീസ് ഹോസ്റ്റലിന്റെ നമ്പര് നോക്കിയാൽ  പോരെ..!!"
പ്ലാന്റ് മാനേജർ ഉറക്കെച്ചിരിച്ചു.

പൊട്ടാ, ഇത് നേരത്തെ പറഞ്ഞു തരണ്ടേ?
പ്ലാന്റു മാനേജർ ആണ് പോലും പ്ലാന്റ് മാനേജര്..! രണ്ടു പൊട്ടിച്ചാലോ. എത്ര സുവർണാവസരങ്ങളാ ഇങ്ങോര് തുലച്ചത്..!!

"നമ്പര് കണ്ടുപിടിച്ചിട്ട്‌  ഇവിടെനിന്നും വിളിച്ചോ. കല്യാണം കഴിഞ്ഞു എനിക്ക് നല്ല ഒരു ഡിന്നർ തന്നാൽ മതി"
പ്ലാനറു മാനേജർ  പുണ്യാവാളാ , നിന്നെ ഞാൻ കുരിശ്ശിൽ തറയ്ക്കുന്ന പ്രശ്നമില്ല..!!

ഡയറക്ടറി തപ്പി എടുത്തു. മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ നമ്പർ കണ്ടെടുത്തു. നേരെ വിളിച്ചു.
ഹൃദയം പട പട ഇടിക്കുന്നു.
കരുണാമയനായ  പ്ലാന്റ്മാനേജർ ഇറങ്ങി പുറത്തേയ്ക്ക് പോയി.

അപ്പുറത്ത് ഏതോ പെണ്‍കൊടി ഫോണ്‍  എടുത്തു.
അവളോടു ആവശ്യം ഉന്നയിച്ചു.
ഫോണും മുറുക്കിപ്പിടിച്ചു കുത്തിരിക്ക്യാ  , നോം വിളിച്ചോണ്ട് വരാം എന്നവൾ മൊഴിഞ്ഞു കളമൊഴിഞ്ഞു.

ഫോണും മുറുക്കിപ്പിടിച്ചു കുറെ നേരം കുത്തിയിരുന്നു.  സർക്കാരല്ലേ ഫോണ്‍ ബില്ലടയ്ക്കുന്നത്. നമുക്കെന്താ?

നീണ്ട നിമിഷങ്ങൾക്ക്  ശേഷം അങ്ങേ തലയ്ക്കൽ ഒരു പതുങ്ങിയ സ്വരം ഉയർന്നു .
"ഹലോ, ആരാ..?'

നെന്റെ കേട്ടിയോൻ..!!
പേരുപറഞ്ഞപ്പോൾ അപ്പുറത്ത് അനക്കമൊന്നുമില്ല.
ങ്ഹെ, ആള് ഫോണും കളഞ്ഞിട്ടു ഓടി രക്ഷപ്പെട്ടോ?
എന്നാലും ഓടുന്നതിന് മുൻപ്  വീട്ടിലറിഞ്ഞാൽ വഴക്ക് പറയും എന്നെങ്കിലും ഒന്ന് പറയണ്ടേ?

വീണ്ടും ഹലോ പറഞ്ഞപ്പോൾ മറുപടി വന്നു.
'മനസ്സിലായി. എന്താ  വിളിച്ചത്?'

ശെടാ , ഒന്ന് സോള്ളാൻ വിളിച്ചപ്പോൾ എന്തിനാ വിളിച്ചതെന്ന്..!!

"ഞാനിവിടെ തിരുവനന്തപുരത്തുണ്ട്. ഒന്ന് കാണാൻ പറ്റുമോ?"
അനക്കമില്ല.

അനക്കമില്ലെങ്കിൽ സമ്മതം എന്ന്  പാസ്റ്റർ ഉലഹന്നാൻ പറഞ്ഞിട്ടുണ്ട് എന്ന് നാട്ടുകാര് പറഞ്ഞെന്നു പോലീസുകാർ പണ്ട്  പറഞ്ഞിട്ടുണ്ട്.

"ഞാൻ അഞ്ചുമണിക്ക്  ഹോസ്റ്റലിൽ  വരാം. നേരിട്ട് കാണണം.."
ഞാനാരാ മോൻ..!!

അപ്പുറത്ത് നിന്നും അനക്കമൊന്നുമില്ല.

"എന്താ കാണാൻ പറ്റൂലെ?"

കുറച്ചുനേരം നിശബ്ദത. പിന്നെ,
"ഞാൻ ഫോണ്‍  വയ്ക്കട്ടെ?"

വച്ചോ, ഫോണ്‍  വച്ചോ.
എനിക്ക് മനസ്സിലായി. മൌനം സമ്മതം, ല്ലേ?
പാസ്റ്റർ ഉലഹന്നാന് സ്തുതി.

വൈകുന്നേരം നാല്  അമ്പത്തിയേഴിനു തന്നെ  ലേഡീസ് ഹോസ്റ്റലിനു മുൻപിൽ നാണമില്ലാത്തവൻ ഹാജരായി.

ഹോസ്റ്റലിന്റെ  പോർട്ടിക്കോയിൽ ഇരുന്നു റോഡിലേയ്ക്ക് സശ്രദ്ധം  വായിനോക്കി പാഠപുസ്തകം വായിച്ചു പഠിക്കുന്ന  പെങ്കൊടിയോടു ആവശ്യം പറഞ്ഞു.

ഇപ്പൊ വിളിച്ചോണ്ട്  വരാട്ടോ എന്ന് പറഞ്ഞു വല്യ സന്തോഷത്തിൽ അവൾ കോണിപ്പടി കേറി പോയി.
പാവം, പരൂക്ഷയ്ക്ക് വേണ്ടി പഠിക്കുകയാരുന്നെന്നു തോന്നുന്നു. തോൽക്കുമ്പോൾ അച്ഛനോട്  പറയാൻ അവൾക്കു ഒരു കാരണമായി..!

അല്പം കഴിഞ്ഞു മാലാഖ പടിയിറങ്ങി ഒഴുകി വന്നു.
പെണ്ണ് കാണാൻ പോയപ്പോൾ കുത്തിയിരുന്നു വായിനോക്കിയതാ. പിന്നിപ്പോഴാ കാണുന്നത്.

അവൾ വന്നു ഗ്രില്ലിൽ പിടിച്ചു ഒരു വളിച്ച ചിരി സമ്മാനിച്ചു നിന്നു.
അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന പെണ്‍കൊടികൾ രൂക്ഷമായി എന്നെ  നോക്കി കടന്നു പോയി.
ഇവനാരടാ, ലേഡീസ് ഹോസ്റ്റലിനകത്ത് കേറി പ്രേമിക്കാൻ? അതും മെഡിക്കൽ കോളേജിൽ. അടിച്ചുരുട്ടി  കാഷ്വാലിറ്റിയിൽ  ആക്കണോ?

"നമ്മക്ക് ഒന്ന് നടന്നിട്ട് വന്നാലോ"
പേടിയില്ലാത്തത് കൊണ്ട് ഒരു പ്രമേയം അങ്ങോട്ട്‌ അവതരിപ്പിച്ചു.

നാണമില്ലേ ഇങ്ങനൊക്കെ ചോദിക്കാൻ എന്ന മറുപടി പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അവൾ ദാ പടിയിറങ്ങി നമ്മളെയും ഓവർടേക് ചെയ്തു  ഗേറ്റും കടന്ന് പുറത്തേയ്ക്ക് നടക്കുന്നു..!

മെഡിക്കൽ കോളേജിനകത്തു  കൂടി വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ, സായാഹ്നസൂര്യൻ  ചെഞ്ചായം പൂശിയ മരങ്ങൾക്കടിയിലൂടെ,   ഞങ്ങൾ അങ്ങനെ  നടന്നു.
റോഡ്‌ ടാർ ചെയ്തിട്ടില്ല,  പകരം നല്ല പഞ്ഞി മെത്ത ഇട്ടു മൂടിയിട്ടിരിക്കുകയാണ്.
ഒരസുഖവുമില്ലാത്ത ഒരു പാടു ജനങ്ങൾ  സന്തോഷിച്ചു ചിരിച്ചു മെഡിക്കൽ കോളേജു കാംപസ്സിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.
വലതുവശത്തു ഗ്രൗണ്ടിൽ മെഡിക്കൽ കൊളേജിലെ പിള്ളേർ ആർത്തട്ടഹസിച്ച്  ഫുട്ബാൾ കളിക്കുന്നു.
ആർക്കുമൊരു ആകുലതയുമില്ല. എന്ത് നല്ല ലോകം.
ലോകമാസകലം ഒരു സ്വർണവർണമാണ്.

ആകാശത്തിനടിയിലുള്ള സകല  കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു.  ഒരുമിച്ചു പഠിച്ച  ചെങ്ങന്നൂർ  ക്രിസ്ത്യൻ കോളേജ്,  എന്റെ ജോലി, ജീവിതത്തെക്കുറി ച്ചുള്ള സമീപനം, കള്ള്  കുടിക്കുമോ, സിഗരട്ടു വലിക്കുമോ, അങ്ങനെ അങ്ങനെ.

പുത്തൻ സാമ്പത്തിക നയം, ഉദാരവത്കരണവും ഗാട്ട് കരാറും, ലോക വ്യാപാര സംഘടനയുടെ ദോഹ വട്ടമേശ  സമ്മേളനം, നെൽസണ്‍ മണ്ടേല, ഗൾഫ്  യുദ്ധം അങ്ങനെയൊക്കെയുള്ള  മഹാകാര്യങ്ങൾ  ചർച്ച  ചെയ്തില്ല.
കല്യാണം കഴിഞ്ഞും ചർച്ചിക്കാൻ എന്തേലും വേണമല്ലോ..!!

അവളെ നടത്തി നടത്തി  ഇന്ത്യൻ കോഫീ ഹൗസിൽ വരെയെത്തിച്ചു.
ഒരു തണുത്ത റോസ് മിൽക്കും  മേടിച്ചു കൊടുത്തു.
റോസ്മിൽക്കിനു മേളിൽ വീണ്ടും  ഗൌരവതരമായ ചർച്ചകൾ .
വിജയകരമായ ചർച്ചയ്ക്ക് ശേഷം വീണ്ടും തിരിച്ചു നടന്നു ഹോസ്റ്റലിൽ  സുരക്ഷിതമായി എത്തിച്ചു.

പിന്നെപ്പിന്നെ അതൊരസുഖമായി.
വൈകിട്ട് കമ്പനിയിലല്ലെങ്കിൽ ലേഡീസ് ഹോസ്റ്റലിന്റെ പോർട്ടിക്കോയിൽ നാണമില്ലാത്തവൻ  ഉണ്ടാകും.
ഹോസ്റ്റലിന്റെ ഗേറ്റു  കടക്കുമ്പോഴേ പുസ്തകപ്പെങ്കൊടി ഇപ്പൊ വിളിച്ചോണ്ട് വരാട്ടോ  എന്ന് പറഞ്ഞ് മുകളിലേയ്ക്ക് ഓടാൻ തുടങ്ങി.
അവളുടെ ഓട്ടം കണ്ടാൽ  തോന്നും എന്നെ കാണാഞ്ഞ് വിഷമിച്ചിരുന്നു, നിവൃത്തിയില്ലാതെ  പഠിക്കുകയായിരുന്നെന്ന്..!

കാമ്പസ്സിലെ റോഡിലൂടെ വരുന്ന അവളുടെ കൂട്ടുകാർ ഞങ്ങളെ നോക്കി തല കുലുക്കി ഒരു മൂളലും മൂളി ചിരിക്കാൻ തുടങ്ങി.
അത്യാവശ്യം ഞങ്ങൾക്ക്  പരിചയമില്ലാത്ത ആളുകളും ഞങ്ങളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി.
അവരെല്ലാം  തല കുലുക്കട്ടെ, മൂളട്ടെ, പുഞ്ചിരിക്കട്ടെ.
ഈ ലോകം എന്ത് മനോഹരമാണ്. ഞങ്ങൾക്ക്  വേണ്ടി ആ മരത്തിലൊക്കെ ചുവന്ന പൂക്കൾ അങ്ങനെ  നിറച്ചു വച്ചിരിക്കുകയല്ലേ.
കിളികൾ ഞങ്ങൾക്ക് വേണ്ടി മാത്രം പാട്ടുകൾ പാടുകയല്ലേ..

കോഫീ ഹൗസുകാർ ഒരുപാടു റോസ്മിൽക്ക്  വിറ്റു.
എന്റെ കാശ്  മുടക്കി തണുത്ത റോസ്മിൽക്ക്  കുടിച്ചിട്ട്, ഞാൻ  അവളെക്കുറിച്ച്   അറിയുന്നതിന്റെ അഞ്ചിരട്ടി അവൾ  എന്നിൽ നിന്നും ചോർത്തി.

വൈകുന്നേരം കമ്പനിയിലുള്ള ദിവസം പ്ലാൻറ്  മാനേജർ റൂമിന് വെളിയിൽ  ഇറങ്ങിയാൽ ഞാൻ അകത്തേയ്ക്ക് ചാടി വീഴും. ഫോണ്‍  എടുത്തു ഹോസ്റ്റലിലേയ്ക്ക്  വിളിക്കും. സല്ലാപത്തിനിടയിൽ മാനേജർ തിരിച്ചു കയറി വന്നാൽ  ഒരു വളിച്ച  ചിരി കാണിക്കും . ആ ചിരി കാണുമ്പോൾ നീ കിണ്ണം കട്ടിട്ടേയില്ല എന്ന അർത്ഥത്തിൽ അങ്ങേര്  ഒരു ചിരി പാസാക്കി ഒരു മൂളലും  തലയാട്ടലും നടത്തി  വീണ്ടും പുറത്തേയ്ക്ക് പോകും.
എന്ത് നല്ല മനുഷ്യൻ..!
ഒരു ഡിന്നറിനു വേണ്ടി അങ്ങേരെന്തും ചെയ്യും..!!

അങ്ങനെ  പ്രണയം വളർന്നു പടർന്നു   കഴിയവേയാണ് ആ സംഭവം ഉണ്ടാകുന്നത്.

വീട്ടിൽ   നിന്നും  അമ്മയുടെ ഒരു ഫോണ്‍വിളി  കമ്പനിയിലേയ്ക്ക് വന്നു.
"എടാ, അവളുടെ വീട്ടിൽ  നിന്നും വിളിച്ചിരുന്നു. അവൾക്കെന്തോ ഡിമാൻറ്  ഉണ്ടെന്ന്. നിന്നെ ഉടനെയൊന്നു   കാണണമെന്ന്"

മനസ്സിൽ ഒരു ചെറിയ  ഇടിവെട്ടി.
കല്യാണത്തിനു മുന്പ് ചെറുക്കന് ഒരു ഡിമാൻറ്   ഉണ്ട്, ഒരു ചേറിയ്യ  ബെൻസ്‌ കാറും ഒരു നുറുങ്ങ്  ഇരുന്നൂറ്റമ്പത്   പവനും, എന്നൊക്കെ കേട്ടിട്ടുണ്ട്.
ഇതിപ്പോൾ  ഞാൻ വല്ല പുരുഷധനവും അങ്ങോട്ട്‌ കൊടുക്കേണ്ടി വരുമോ?
ഇത്രയും ദിവസങ്ങൾ  അവളുമൊത്തു സല്ലപിച്ചു നടന്നിട്ടും അവൾ ഒരു ഡിമാന്റും  പറഞ്ഞിരുന്നില്ലല്ലോ .

ഹും, സ്ത്രീകൾ അല്ലേലും അങ്ങിനെയാ, മനസ്സിലാക്കാൻ പ്രയാസമാണ്. എല്ലാം  മനസ്സിലായെന്നു കരുതുന്ന നമ്മൾ ആണുങ്ങൾ വിഡ്ഢികൾ.
എന്നാലും എല്ലാം ഉറപ്പിച്ചുകഴിഞ്ഞ്  കല്യാണം വേണ്ടെന്നെങ്ങാനും അവൾ പറഞ്ഞു കളയുമോ?

"അവൾ ഞായറാഴ്ച  തിരുവനന്തപുരത്തുള്ള അവളുടെ കുഞ്ഞമ്മയുടെ വീട്ടിൽ  കാണും. അവിടെ ചെല്ലണം എന്നാണ് പറഞ്ഞത്. ഞാൻ എന്തായാലും തിരുവനന്തപുരത്തിനു  വരുന്നുണ്ട്. നമുക്ക് ഒരുമിച്ചു പോകാം"
അമ്മ പറഞ്ഞു.

അത് സമ്മതിച്ചു ഫോണ്‍  വച്ചു.

അണ്ടി കളഞ്ഞ അണ്ണാനെ പോലെ വിഷണ്ണനായി ഇരുന്നു. എന്തായിരിക്കും അവളുടെ ആവശ്യം? ഈ അവസാന മുഹൂർത്തത്തിൽ വല്ല നടക്കാത്ത ആവശ്യവും പറഞ്ഞു സംഗതി മുടക്കുമോ?
ആ കാട്ടിൽ വെറുതെ പെറ്റു  കിടക്കുന്ന പുലിയുടെ ഇത്തിരിപ്പോരം പോന്ന മീശയല്ലേ ചോദിച്ചുള്ളൂ,അത് തരാത്ത ഇങ്ങളെ ഞാൻ എങ്ങനെ കെട്ടും എന്നെങ്ങാനും ജമീലാ ബീവി സ്റ്റൈലിൽ  അവൾ പറഞ്ഞാലോ?

ഇനി വല്ലവനും പോയി എന്നെപ്പറ്റി വല്ല അപഖ്യാതിയും പറഞ്ഞോ?
ഏയ്‌, അങ്ങനെ വരാൻ ഒരു കാരണവും കാണുന്നില്ല.
എനിക്കും അവൾക്കും  ഒരുപോലെ അറിയാവുന്ന ഒരാൾക്കും  എന്റെ പോക്രിത്തരങ്ങളെക്കുറിച്ചു  അറിയില്ലല്ലോ.
ഞാൻ ആരാ മോൻ.

പെട്ടെന്ന് തന്നെ ഹോസ്റ്റലിലേയ്ക്ക്  വിളിച്ചു.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഇപ്പൊൾ  ഈ അവസാന നിമിഷം അവളുടെ ഒരു ഡിമാന്റേ ..
കാണിച്ചു തരാം.

അവൾ ഹോസ്റ്റലിലില്ല. നാട്ടിൽ പോയെന്നു മറുപടി കിട്ടി.

ടെൻഷൻ.. ടെൻഷൻ..
ഞായറാഴ്ച വരെ അവൾ ഹോസ്റ്റലിൽ മടങ്ങിയെത്തിയില്ല.
അവൾക്കെന്നെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു കൂടെ..
ദുഷ്ട.

ഞായറാഴ്ച അമ്മ തിരുവനന്തപുരത്തു മറ്റാരെയോ കാണാനായി എത്തി. അതിനുശേഷം  രണ്ടുപേരും ഒരുമിച്ചു കാലുവാരിയുടെ കുഞ്ഞമ്മയുടെ വീട്ടിലെത്തി.

അവളുടെ കുഞ്ഞമ്മയും ഭർത്താവും  സ്നേഹപുരസ്സരം സ്വീകരിച്ചിരുത്തി. മഹതി അവിടെത്തന്നെയുണ്ട്. മുഖത്തു എന്തായാലും കടുപ്പഭാവം ഒന്നുമില്ല.

ഇവളെന്താണ് ആവശ്യപ്പെടാൻ പോകുന്നത്.?
ഇനി പുലി മീശ തന്നെയാകുമോ?
ഞാൻ എന്റെ പൊടിമീശ  തിരുപ്പിടിച്ചിരുന്നു.

വർത്തമാനം അങ്ങനെ നീണ്ടുപോകുന്നതല്ലാതെ ഡിമാന്റുകളൊന്നും വന്നില്ല.

അവസാനം ഇറങ്ങാറായപ്പോൾ അമ്മ ചോദിച്ചു,
"മോൾക്കെന്തോ ആവശ്യമുണ്ടെന്നു അച്ഛൻ പറഞ്ഞു. എന്താ ആവശ്യം?"

അവൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയുമായി നില്ക്കുകയാണ്.

അവളുടെ ചിറ്റപ്പൻ ഉറക്കെ ചിരിച്ചു.
"അതോ, അത് ഒരു തമാശയാണെന്നെ, അവളെ ഇടയ്ക്കിടെ സിനിമയ്ക്ക് കൊണ്ടുപോകുമോന്നാ അവളുടെ സംശയം .."

സില്മാ..
അവളുടെ അമ്മൂമ്മേടെ ഒരു സില്മാ.
നിന്നെ ഞാൻ കെട്ടട്ടെടീ. കാണിച്ചു തരാം. സില്മാ.
മനുഷ്യനെ തീ തീറ്റിച്ചു.
എന്റെ ഉള്ളൊന്നു തണുത്തു.

അമ്മ ഉറക്കെ ചിരിച്ചു.
"മോള് പേടിക്കണ്ടാ,,ചക്കിക്കൊത്ത ചങ്കരൻ..!!"


ശ്രീകുമാർ തീയേറ്ററിൽ അനക്കൊണ്ടാ എന്ന ഭീകരസിനിമ സെക്കണ്ട് ഷോയ്ക്ക് കണ്ടുകൊണ്ടിരിക്കുകയാണ്. ഏ സീയുടെ അതിശൈത്യം  കാരണമാണോ അനക്കൊണ്ടാ എന്ന ഭീകര പാമ്പിനെ കണ്ടതുകൊണ്ടാണോ  അവൾ എന്റെ കൈയ്യിൽ ബലമായി പിടിച്ചിട്ടുണ്ട്. എന്റെ കയ്യിൽ  ആറുമാസം മാത്രം പ്രായമായ അമ്മുമോൾ മൂന്നു നാല് ടർക്കി  ടവലുകളാൽ   പൊതിയപ്പെട്ട്  ഒരു എസ്കിമോ കുട്ടി ഇരിക്കുംപോലെ ഇരിക്കുകയാണ്.
അമ്മുമോൾ  അവളുടെ വിടർന്ന  കണ്ണുകൾ ഉയർത്തി തീയേറ്ററിലെ അരണ്ട വെളിച്ചത്തിൽ എന്റെ മുഖത്തേയ്ക്കു നോക്കി തള്ള വിരൽ  വായിൽ തിരുകി ഉറിഞ്ചി  ങ്കുറു  ങ്കുറു എന്ന ഭാഷയിൽ എന്നോടു ചോദിച്ചു-

"അച്ചയ്ക്ക് വേറെ പണിയൊന്നുമില്ലാര്ന്നൊ, ഒരു സിനിമപ്രാന്തി വന്നിരിക്കുന്നു. പറ്റില്ല എന്ന് പറഞ്ഞാൽ  പോരാരുന്നോ . എന്നാ തണുപ്പായിത്..!!"


Monday, 21 July 2014

ആത്മാവിന്റെ കണങ്ങൾ



ജൂണ്‍ രണ്ടാം വാരം വെറും രണ്ടാഴ്ചത്തെ അവധിയിലാണ് സൌദിയിൽ നിന്നും നാട്ടിലെത്തിയത്. മടങ്ങുന്നതിനു മുന്പ് വീണ്ടും അച്ഛനെയും അമ്മയെയും കാണാനായി കുടുംബ വീട്ടിലെത്തി ഒരു രാത്രി തങ്ങി. അടുത്തദിവസം രാവിലെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോൾ അച്ഛനും അമ്മയും സിറ്റ് ഔട്ടിൽ വന്നു നിന്നു കൈ വീശുന്നുണ്ടായിരുന്നു. കാർ മുൻപോട്ടു ഉരുണ്ട് നീങ്ങുമ്പോൾ വീടും അച്ഛനും അമ്മയും സാവധാനം പിറകിലേയ്ക്ക് മാഞ്ഞു മറഞ്ഞു. അച്ഛന്റെ ജീവസ്സുറ്റ മുഖം ആ വിടപറയലിൽ അവസാനത്തെ ഓർമ്മച്ചിത്രമായി അവശേഷിക്കുമെന്ന് അന്ന് കരുതിയിരുന്നതേയില്ല. പിന്നെ കാണുമ്പോൾ ചുവന്ന പാർട്ടി പതാകയിൽ പുതച്ചുമൂടി ശാന്തനായി ഉറങ്ങുന്ന അച്ഛന്റെ മുഖം മനസ്സിലേറ്റാതിരിക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു. ഒരാഴ്ച മുന്പിലെ അവസാനത്തെ ആ യാത്രപറച്ചിലിലെ അച്ഛന്റെ മുഖം തന്നെ മനസ്സിൽ കാത്തു സൂക്ഷിക്കുകയാണ്.
പൂമുഖത്ത് കൈ ഉയർത്തി വീശി യാത്ര പറഞ്ഞു നില്ക്കുന്ന അച്ഛൻ.

ദൂരെയെവിടെയോ സ്കൂളിൽ പഠിപ്പിക്കുകയായിരുന്ന അച്ഛന്റെ വാരാന്ത്യസന്ദർശനങ്ങളിൽ കണ്ടിരുന്ന മുഖമാണ് ഓർമയുടെ അങ്ങേത്തലയ്ക്കൽ ഉള്ളത്. അച്ഛൻ വരാൻ കാത്ത് വെള്ളിയാഴ്ച രാത്രികളിൽ വാടകവീടിന്റെ ഉമ്മറത്ത് അമ്മയെയും കെട്ടിപ്പിടിച്ചു ഞങ്ങൾ മക്കൾ ഇരിക്കും. അമ്മ പാട്ടുകൾ പാടിക്കൊണ്ടേയിരിക്കും. രാവേറെച്ചെല്ലുമ്പോൾ ഞങ്ങൾ ചിലപ്പോൾ ഉറക്കത്തിലേയ്ക്കു വഴുതി വീഴും. രാവിലെ കണ്ണു തുറക്കുമ്പോൾ ഒരതിഥിയെപ്പോലെ അച്ഛൻ.

അച്ഛനും അമ്മയും സ്ഥലം മാറ്റം വാങ്ങി എല്ലാവരുമായി ഒരുമിച്ചു നാട്ടിലെത്തുമ്പോഴേയ്ക്കും ഞങ്ങൾ മുതിർന്ന കുട്ടികൾ ആയിരുന്നു. പിന്നെ അച്ഛൻ എന്നും കാണുന്ന മുഖമായി ജീവിതത്തിലേയ്ക്ക് കുടിയേറി.

മക്കളെ എപ്പോഴും ലാളിച്ച് ഓമനിച്ചു പുറകെ നടന്നിരുന്ന ഒരച്ഛനായിരുന്നില്ല ഞങ്ങളുടേത്. ഞങ്ങളുടെ വളർച്ചയെക്കുറിച്ച് ആകുലപ്പെടുകയോ ഞങ്ങൾ എങ്ങനെയാകണം എന്ന് ശാസിക്കുകയോ ചെയ്യുന്ന ഒരച്ഛനെ എന്റെ ഓർമയിൽ ഇല്ല. ആധി മുഴുവൻ അമ്മയ്ക്ക് വിട്ടുനൽകി അച്ഛൻ മാറി നിന്നു. ഞങ്ങളുടെ പലകാര്യങ്ങളിലും അമ്മയുടെ തലകുലുക്കൽ മാത്രമായിരുന്നു പലപ്പോഴും അച്ഛന്റെ അംഗീകാരത്തിനു വഴി തെളിച്ചിരുന്നത്. പക്ഷെ അച്ഛന്റെ ആ അംഗീകാരത്തിനായിരുന്നു ഏറ്റവും വിലയും. കാരണം അച്ഛന്റെ ആ അന്തിമ അഭിപ്രായത്തിനും അംഗീകാരത്തിനും വേണ്ടി അമ്മ എപ്പോഴും കാത്തു നിന്നിരുന്നു.

ഒന്നും പറഞ്ഞു തരാതെ തന്നെ ജീവിതമൂല്യങ്ങളെക്കുറിച്ച് സ്വജീവിതത്തിലൂടെ അച്ഛൻ ഞങ്ങൾക്ക് പറഞ്ഞുതന്നു. മറ്റുള്ളവരോടു ആദരവോടെ പെരുമാറുക, ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടായാലും കള്ളവും വഞ്ചനയും ചെയ്യാതിരിക്കുക, നമ്മുടെ കഴിവിനും ഒരു മാത്രയെങ്കിലും കൂടുതലായി മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക, അങ്ങനെ പലതും.

അച്ഛന് യാതൊരുവിധ ഈശ്വരവിശ്വാസവുമുണ്ടായിരുന്നില്ല. ഈശ്വരെനെക്കുറിച്ച് അച്ഛന്റെ സങ്കൽപവും ധാരണയും എന്തായിരുന്നെന്ന് ഇന്ന് ഞാൻ അതിശയിക്കുകയാണ്. ഈവിധ കാര്യങ്ങൾ ഒന്നും തന്നെ എന്തുകൊണ്ടോ അച്ഛൻ അമ്മയോടോ ഞങ്ങളോടോ ചർച്ച ചെയ്തിട്ടുള്ളതായി എന്റെ ഓർമയിൽ ഇല്ല. എല്ലാവരുമായി ഒരുമിച്ചു സന്തോഷത്തോടു കൂടി കഴിയുമ്പോഴും അച്ഛന് സ്വയം തന്നിലേയ്ക്കു ഒതുങ്ങിക്കൂടി നില്ക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. വീട്ടിൽ തന്നെയുള്ള പലകാര്യങ്ങളിലും അമിതമായി പ്രതികരിക്കാതെ അങ്ങനെ. പ്രായമേറെ ചെന്നതോടെ ആ സ്വഭാവം അധികരിച്ചു വന്നിരുന്നു. അതേസമയം തന്നെ പാർട്ടിപ്രവർത്തനങ്ങളിലും മറ്റും അങ്ങേയറ്റം ഉത്തരവാദിത്വബോധത്തോടെ അവേശത്തോടെ പങ്കാളിയാകുകയും ചെയ്യും. കുടുംബത്തിലുളളവരുടെ കാര്യങ്ങളിൽ നിസ്സംഗനായ അച്ഛൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ അങ്ങനെ ഇടപെടുന്നതിലുള്ള നീരസം അമ്മ എപ്പോഴും പ്രകടിപ്പിച്ചിരുന്നു.

ആത്മാവ് ഒരിക്കലും നശിക്കുന്നില്ല എന്നൊരു ഹിന്ദുമത വിശ്വാസമുണ്ട്. ദേഹം പോയാലും ദേഹി അനശ്വരമായി നിലകൊള്ളുന്നു..
ഒരുവിധ മതവിശ്വാസങ്ങളും ഇല്ലാത്ത ഞാൻ അച്ഛന്റെ വിയോഗത്തിനു ശേഷം അതിനെക്കുറിച്ച് ആലോചിച്ച് അത്ഭുതപ്പെടുകയാണ്. ആത്മാവിനെക്കുറിച്ചുള്ള ഒരു യാഥാസ്തിക കാഴ്ചപ്പാടല്ല എന്റെ മനസ്സിൽ അതിശയം ജനിപ്പിക്കുന്നത്.
അച്ഛൻ ഞങ്ങളുടെ ജീവനിലേയ്ക്ക് പകർന്നു തന്ന ചില സ്വഭാവ വിശേഷങ്ങൾ അച്ഛന്റെ ആത്മാവിന്റെ കണികകൾ ആയി ഞാൻ തിരിച്ചറിയുകയാണ്. ഗാഢമായ ചിന്തയിൽ സ്വയമറിയാതെ ഞാൻ നെഞ്ച് തടവുമ്പോൾ, തലമുടിയിലൂടെ വിരലുകൾ ഓടിക്കുമ്പോൾ ഭാര്യ പറയും, ആ അച്ഛന്റെ മോൻ തന്നെ.
അവൾ ഇടയ്ക്കിടെ നീരസപ്പെടും. ഞങ്ങളുടെ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലാതെ, നാട്ടുകാര്യങ്ങളും പാർട്ടിയുമായി അച്ഛനെപ്പോലെ തന്നെ നടന്നോ..

തെക്കുവശത്ത് അച്ഛന്റെ ചിത എരിഞ്ഞമരുമ്പോൾ ഞാൻ എന്റെ കുട്ടികളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ ആത്മാവിൽ അച്ഛനിൽ നിന്നും കടം കൊണ്ട ഏതെല്ലാം കണങ്ങളാണ് ഞാൻ അവർക്ക് പകർന്നു കൊടുത്തത് ? എന്റെ കാലശേഷം, എന്റെ ഏതെല്ലാം ആത്മകണങ്ങൾ തലമുറകളിലൂടെ കൈമാറിയാണ് ഞാൻ അനശ്വരനായി നിലനിൽക്കുവാൻ പോകുന്നത്?



Thursday, 24 April 2014

കാട്ടാളനും വേട്ടക്കാരനും



ഓർമ്മകൾ തുടങ്ങുന്നത് ആലപ്പുഴയിലെ ചേർത്തലയിൽ നിന്നുമാണ്. അദ്ധ്യാപകരായ മാതാപിതാക്കളോടൊപ്പം ഞങ്ങൾ മൂന്നു മക്കളും വളരെക്കാലം അവിടെയായിരുന്നു.

ഞാൻ നാലാം ക്ലാസ്സ് കഴിഞ്ഞപ്പോഴേയ്ക്കും അമ്മയ്ക്ക്  സ്ഥലം മാറ്റം കിട്ടി ഞങ്ങൾ നാട്ടിലേയ്ക്ക് മടങ്ങി.
അച്ഛനു നേരത്തെ തന്നെ സ്ഥലം മാറ്റം കിട്ടി നാട്ടിൽ പോന്നിരുന്നു.

ഞങ്ങൾ കുട്ടികളെ അച്ഛൻ  പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ചേർത്തു . ചെങ്ങന്നൂർ  മുളക്കുഴയിലുള്ള  സർക്കാർ  വക ഹൈസ്കൂൾ.
ഞാൻ അഞ്ചാം ക്ലാസ്സിലും ചേച്ചി ഏഴിലും ചേർന്നു .
വഞ്ചകൻ അനിയനാകട്ടെ  അമ്മൂമ്മയുടെ കൂടെ പുല്ലാടുള്ള അമ്മയുടെ വീട്ടിലും. അവിടെ അവൻ ജഗജില്ലിയായ  അവന്റെ കസിനുമായി ചേർന്ന് നാട്ടുകാരെക്കൊണ്ട്‌ വീട്ടുകാരെ ചീത്ത വിളിപ്പിച്ചു കാലം പോക്കി.

പുതിയ സ്കൂളിൽ എത്തിയപ്പോൾ ഞാനും ശകലം താരമായി. സ്കൂളിലെ സാറിന്റെ മോൻ എന്ന നിലയിൽ അദ്ധ്യാപകർക്കും   സഹപാഠികൾക്കും എന്നോട്  അല്പം സ്നേഹം കൂടുതൽ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

നല്ല ഒരു ഗായികയായിരുന്ന ചേച്ചി പെട്ടെന്ന് തന്നെ സ്കൂളിൽ അറിയപ്പെടുന്ന താരമായി. അതിൽ തീരെ അസൂയ ഇല്ലായിരുന്ന ഞാനാകട്ടെ കിട്ടുന്ന അവസരത്തിലൊക്കെ എന്റെ സംഗീതപാണ്ഡിത്യം വെളിവാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞാനൊഴികെ മറ്റാരും അത് കാര്യമാക്കിയുമില്ല.

ഒന്ന് പ്രശസ്തനാകാൻ എന്താണൊരു വഴി എന്ന് ആലോചിച്ചു നടക്കുമ്പോഴാണ് സ്കൂൾ കലോത്സവം എത്തിയത്. ഇത് തന്നെ അവസരം എന്ന് ഞാനും കരുതി. കഥ, കവിത, ലളിതഗാനം, ഫാൻസി ഡ്രസ്സ്‌, പദ്യപാരായണം, എന്ന് വേണ്ടാ  ഓട്ടൻ തുള്ളലിന് വരെ ഞാൻ പേരുകൊടുത്തു. ഓട്ടൻതുള്ളലിനു  ഓട്ടവും തുള്ളലുമായി യാതൊരു ബന്ധവുമില്ല എന്ന് ചേച്ചി പറഞ്ഞെങ്കിലും  ഞാൻ പ്രശസ്തനാകുന്നതിൽ അസൂയ ഉള്ളവളാണ് അവളെന്നു എനിക്ക് പണ്ടേ അറിയാമായിരുന്നു.

ഞാൻ ലളിതഗാന മത്സരത്തിനു ചേർന്നു  എന്നറിഞ്ഞ ചേച്ചി അമ്മയുടെ അടുക്കൽ പരാതി രേഖപ്പെടുത്തി. അവളെ സ്കൂളിൽ നാറ്റിക്കാനാണ് എന്റെ പുറപ്പാട്  എന്നായിരുന്നു പ്രധാന ആരോപണം. എന്റെ പാട്ടിലെ വെള്ളിടികൾ കാരണം മൈക്രോഫോണിന്റെ  ഏതാണ്ട് കുന്ത്രാണ്ടം വരെ കത്തിപ്പോകുമെന്നും ആ ദുഷ്ട പറഞ്ഞുണ്ടാക്കി. ഞാൻ പാടിയാൽ അച്ഛൻ സ്കൂളിൽ നിന്നും സ്ഥലംമാറ്റം  മേടിക്കേണ്ടി വരുമെന്ന്  അവൾ അച്ഛനെയും ഭീഷണിപ്പെടുത്തി.
അമ്മയാകട്ടെ മോൻ പാടിക്കോടാ എന്ന് പറഞ്ഞു ഒരു ഗൂഢസ്മിതത്തോടെ അച്ഛനെ നോക്കിയിട്ട് ചർച്ചാവേദിയിൽ നിന്നും അപ്രത്യക്ഷയായി.
അമ്മയ്ക്കതു പറയാം, അമ്മ വേറെ  സ്കൂളിലല്ലേ പഠിപ്പിക്കുന്നത് എന്ന് പറഞ്ഞു ചേച്ചി അമ്മയോടും ശണ്ഠ  കൂടി.
നോക്കിക്കോണേ  അസൂയ പോകുന്ന പോക്ക് ..
ഞാൻ നന്നായി പാടിയാൽ അവളുടെ ഒന്നാംസ്ഥാനം പോകുമെന്ന് കരുതിയാണ് അവൾ ഈ വെപ്രാളം പിടിക്കുന്നതെന്ന്  ഞാൻ അമ്മയോട് പറഞ്ഞു.

കലോത്സവം അടുക്കുന്തോറും എനിക്ക്  വെപ്രാളമായി.
ഒരു വാശിക്ക് എടുത്തു ചാടിയിട്ടു ഇപ്പോൾ തിരിച്ചു കേറാനും കഴിയില്ല.
പാടാൻ പറ്റിയ പാട്ടൊന്നും കിട്ടുന്നില്ല. ലളിതഗാന മത്സരത്തിനു പാടാൻ പറ്റിയ  ഒരു സിനിമാഗാനത്തിന് വേണ്ടി ഞാൻ അന്വേഷിച്ചു നടന്നു. അന്ന് ചലച്ചിത്രഗാനങ്ങളും ലളിതഗാന മത്സരത്തിൽ പാടാമായിരുന്നു. ഒരുമാതിരിപ്പെട്ട ഗാനങ്ങൾ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
ശാസ്ത്രീയ സംഗീതത്തിലുള്ള എന്റെ അഗാധമായ കഴിവിനെ വെളിവാക്കുന്ന ഒരു നല്ല ഗാനം ചിട്ടപ്പെടുത്തിയെടുക്കാൻ ദക്ഷിണാമൂർത്തിസ്വാമിക്കോ ബാബുരാജിനോ ശ്രീകുമാരൻ തമ്പിക്കോ കഴിയാതെ പോയതിൽ ഞാൻ പരിതപിച്ചു.

ഞാൻ എന്റെ ഭീഷ്മപ്രതിജ്ഞയിൽ നിന്നും മാറില്ല എന്ന് മനസ്സിലാക്കിയതോടെ ചേച്ചി മറ്റൊരു അടവുമായി രംഗത്തെത്തി.
നിനക്ക് വെള്ളിടി ഇല്ലാതെ പാടാൻ കഴിയും എന്ന് പറഞ്ഞു  സംഗതികളും  ഭാവങ്ങളും ഇല്ലാത്ത കുറെ പൊട്ടപ്പാട്ടുകൾ അവൾ എനിക്കായി  തിരഞ്ഞെടുത്തു തന്നു. അവളെക്കാൾ സംഗീതവിദുഷനാ(ഷിയാ)യ  ഞാൻ അതെല്ലാം ഒരു ലോഡ് പുച്ഛം വിതറി പുറം കാലിനു തട്ടി വിട്ടു.

എന്തായാലും യുവജനോത്സവത്തിനു രണ്ടു ദിവസം മുൻപ്  എനിക്ക് ഒരു പാട്ടുകിട്ടി.

ഏകാന്ത പഥികൻ ഞാൻ..
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ...

അതൊന്നു രണ്ടു തവണ പാടിയപ്പോൾ എനിക്കങ്ങ് ഇഷ്ടപ്പെട്ടു എന്റെ കണക്കിൽ  അതിലൊരു മുപ്പത്തിരണ്ടു സംഗതികൾ മറഞ്ഞിരുപ്പുണ്ട്. അതിനെയെല്ലാം പുറത്തിറക്കി പാടിക്കഴിയുമ്പോൾ   കർണാടക സംഗീതത്തിലുള്ള  എന്റെ പ്രാവീണ്യം അസൂയക്കാരിയായ എന്റെ ചേച്ചിയ്ക്കും അവളുടെ കിക്കിക്കി  ചിരിക്കുന്ന കൂട്ടുകാരികൾക്കും   മനസ്സിലാകും, അവരുടെ കണ്ണ് തള്ളിപ്പോകും എന്ന് ഞാൻ ഉറപ്പിച്ചു.

എന്റെ തീരുമാനം കുടുംബ സദസ്സിൽ അവതരിച്ചപ്പോൾ ചേച്ചി ശരിക്കും ഞെട്ടിത്തരിച്ചിരുന്നു. അവളുടെ ഒന്നാം സ്ഥാനം പോയെന്നു അവൾക്കു മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അവളുടെ ഒന്നാം സ്ഥാനം പോയെന്നു അവൾക്കു മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി എന്ന് അവൾക്കു മനസ്സിലായോ എന്ന് എനിക്ക് മനസ്സിലായില്ല. മാത്രവുമല്ല, ഒരു മത്സരത്തിനുമില്ലാത്ത അച്ഛനെന്തിനാണ് അന്തം വിട്ടിരിക്കുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല.  മത്സരിക്കാത്ത അച്ഛൻ തോക്കില്ലല്ലൊ.

രണ്ടു ദിവസം പ്രാക്റ്റീസ്സായിരുന്നു.
ഏതുസമയവും ഞാൻ എകാന്തപഥികനുമായി വീട്ടിലും വഴിയിലും അലഞ്ഞു നടന്നു. പഴയ അനുഭവം ഓർത്ത്  കക്കൂസ്സിൽ ഇരുന്നു മാത്രം പാടിയില്ല.

ശരിക്കും പറഞ്ഞാൽ  രാഘവൻ മാസ്റ്റർ  അവിടെ വേണമായിരുന്നു. പുള്ളിക്കാരൻ ചിട്ടപ്പെടുത്തിയ  സംഗതികളേക്കാൾ  വശ്യസുന്ദരമായ ഒന്നു രണ്ടു സംഗതികൾ കൂടി ഞാൻ ആ പാട്ടിൽ ചേർത്തു.

അങ്ങനെ  പാട്ട് ശരിയായി. കഥയും കവിതയും ഒക്കെ അന്നേരത്തെ വിഷയം അനുസരിച്ചു എഴുതാനുള്ളതാണ്. ദൂരെ പുഴ കാണുമ്പോൾ  ഇവിടുന്നേ മുണ്ട് പൊക്കുന്നതെന്തിന് ? അതവിടെ വച്ചു കാണാം.

ഓട്ടൻ  തുള്ളൽ വേണ്ട.
വിചാരിച്ചതുപോലെ അതിനു ഓട്ടവും തുള്ളലുമായി ഒരു ബന്ധവുമില്ല. ഓടാൻ അറിയാമല്ലോ  എന്ന് വിചാരിച്ചു മാത്രം ചേർന്നതാണ്.

ഫാൻസി ഡ്രസ്സ്‌.
അതിനു പറ്റിയ ഒരു വിഷയം വേണം.
 
ഒരു കാട്ടാളന്റെ വേഷമായാലോ? കാട്ടാളൻ എന്ന് കേട്ടപ്പോഴേ ചേച്ചി തലകുലുക്കി സമ്മതിച്ചു- നിനക്ക് പറ്റിയ വേഷം തന്നെ..
ആദ്യമായാണ്‌ അവൾ ഞാൻ പറയുന്ന ഒരു കാര്യം നല്ലതാണെന്ന് സമ്മതിച്ചു തരുന്നത്. അവളോടു അൽപം  സ്നേഹമൊക്കെ വന്നു.
എന്റെ സ്നേഹം കണ്ടാകണം, നീ ഫാൻസി ഡ്രസ്സിനു  ചേർന്നോ,  ലളിതഗാനത്തിനു വേണ്ടാ എന്നവൾ  നമ്പർ ഇട്ടതോടെ  എന്റെ സ്നേഹമൊക്കെ  വീണ്ടും പോയി.

കാട്ടാളനാണ് വേഷമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി. അച്ഛനോട് പറഞ്ഞാൽ  അതെങ്ങനെയാണ്‌ ചെയ്യേണ്ടതെന്ന് പറഞ്ഞു തരും എന്നും അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അച്ഛന്റെ മുഖഭാവം കണ്ടപ്പോൾ അതിനെനിക്കു തോന്നിയില്ല.

എന്റെ കൂട്ടുകാരനോട് വിഷയം അവതരിപ്പിച്ചപ്പോൾ അവനു വലിയ ഉത്സാഹമായി. അവന്റെയും പേര് പ്രദീപ്‌ എന്നായിരുന്നു. അന്ന് ഫാൻസി ഡ്രസ്സ്‌ ഒരു ടീമായും  അവതരിപ്പിക്കാം.കാട്ടാളനെ വെടി വയ്ക്കാൻ ഒരു വേട്ടക്കാരനൂടെ   ആയാൽ  സംഗതി പൊടിപൊടിക്കുമെന്ന് അവൻ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. ഞാൻ ആലോചിച്ചപ്പോൾ അത് നല്ലയൊരു ആശയമാണെന്ന് എനിക്കും തോന്നി.

ഒരു വല്യ കാട് .
അവിടെ ആർത്തട്ടഹസിച്ച് നടക്കുന്ന ഒരു കാട്ടാളൻ. അപ്പൊൾ  ഒരു വേട്ടക്കാരൻ അവിടെ ചാടി വീഴുന്നു.
ഒരൊറ്റ വെടി.
കാട്ടാളൻ വെടികൊണ്ട് ചത്താ മലാ കെടാ..
എന്ന് വച്ചാൽ ചത്തു മലന്നു കെടക്കും.
ഉഗ്രൻ ആശയം.
എന്ന് മാത്രമല്ല, അനൗണ്‍സ് ചെയ്യുമ്പോൾ, പ്രദീപ് ആൻഡ്‌ പ്രദീപ്‌ അവതരിപ്പിക്കുന്ന എന്ന് പറയുമ്പോൾ അതിനൊരു ഇതൊണ്ട്, ഏത്  ?

സംഗതി രഹസ്യമാക്കി വച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്ന് പലവട്ടം റിഹേഴ്സൽ നടത്തി.
ഞാൻ കാട്ടാളൻ. അവൻ വേട്ടക്കാരൻ .
ദീപാവലിയ്ക്ക് മേടിച്ച തോക്ക് അവൻ എണ്ണയിട്ടു തുടച്ചു വച്ചു. അതിൽ ഉപയോഗിക്കുന്ന പൊട്ടാഷ് എന്ന ഓമനപ്പേരുള്ള പടക്കവും റെഡിയാക്കി.

അങ്ങനെ കലോത്സവം വന്നു.

രാവിലത്തെ മത്സരങ്ങളിൽ ഞാൻ കഥാരചനയ്ക്കും കവിതാരചനയ്ക്കും പങ്കെടുത്തു . എന്നെ സംബന്ധിച്ചിടത്തോളം  രണ്ടും തമ്മിൽ വല്യ വ്യത്യാസം ഒന്നും തോന്നിയില്ല. കവിതയുടെ വിഷയം പ്രളയം എന്നായിരുന്നു.
ഞാൻ ഒരു കൊച്ചു ഗ്രാമം അങ്ങ് ദത്തെടുത്തു. അവിടെ ഭയങ്കര  മഴക്കാലം  സൃഷ്ടിച്ചു. ഒരു ഭീകര രാത്രി. കാർമേഘങ്ങൾ  ഉരുണ്ട് കയറി വരുന്നു. അങ്ങനെ നിരത്തിപ്പിടിച്ചെഴുതി.ഓരോ അഞ്ചു വാക്ക് എത്തുമ്പോഴും അവിടെ നിർത്തി അടുത്ത വരി എഴുതും. അങ്ങനെ അഞ്ചു വാക്കുള്ള വരികൾ ചേർന്ന്  ഒരു കവിത. മൊത്തത്തിൽ ഒരു ഉരുളു  പൊട്ടിയത് പോലെയൊക്കെ തോന്നും. എവിടെയോ മുസ്സോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തിന് കറുത്ത യൂണിഫോമായിരുന്നെന്നു  വായിച്ചിരുന്നു. അതുകൊണ്ട്കാർമേഘങ്ങളെപ്പറ്റി  പറഞ്ഞപ്പോൾ ഫാസിസപ്പട  പോലെ എന്നങ്ങോട്ടുപമിച്ചു.

ഫലം വന്നപ്പോൾ കവിതയ്ക്ക് ഒന്നാം സമ്മാനം. ഫാസിസപ്പട  പോലെ എന്നാ പ്രയോഗത്തിൽ ജഡ്ജിമാർ അങ്ങ് വീണതായി ഞാനറിഞ്ഞു. ആ ഉപമയുടെ അപാരമായ അർത്ഥ തലങ്ങളിലൂടെ കയറിയിറങ്ങി തലകറങ്ങി വീണ ജഡ്ജിമാർ, ബാക്കിയൊന്നും വേണ്ടവിധം വായിച്ചതേയില്ല എന്ന് തോന്നുന്നു. ഇനി ഏതെങ്കിലും ആസ്വാദകൻ  ആ പ്രയോഗത്തെക്കുറിച്ചു  ചോദിച്ചാലോ എന്നു  വിചാരിച്ചു ഞാൻ ഒരു ഗംഭീര അഭിമുഖമൊക്കെ കരുതി വച്ചെങ്കിലും ഒരു തെണ്ടിയും തിരിഞ്ഞു നോക്കിയില്ല.
സമ്മാനം കിട്ടി എന്നറിഞ്ഞതിനേക്കാൾ എനിക്ക് സന്തോഷമായത് അതറിഞ്ഞപ്പോൾ ഗുഹാകവാടം പോലെ  തുറന്ന ചേച്ചിയുടെ വായ്‌ കണ്ടപ്പോഴാണ്. അവളെങ്ങാനും പോയി ഇനി ജഡ്ജിമാരോടു ഒന്നൂടെ  വായിച്ചു നോക്കിക്കേ എന്നെങ്ങാനും പറയുമോ എന്ന്  ഭയന്ന് ഞാൻ അവളോടു മിണ്ടാൻ പോയില്ല.

ഓട്ടൻ തുള്ളൽ മത്സരത്തിനു പേരു വിളിച്ചപ്പോൾ നേരത്തെ പ്ലാൻ ചെയ്തത് പോലെതന്നെ  ഞാൻ മൂത്രപ്പുര ലക്ഷ്യമാക്കി ഒറ്റ ഓട്ടം വച്ചു കൊടുത്തു. മൂന്നു പ്രാവശ്യം പേരുവിളിച്ച് അവർ എന്നെ പുറത്താക്കിയപ്പോൾ എനിക്ക് സമാധാനമായി.

ലളിതഗാനമത്സരത്തിനു പേര് വിളിച്ചപ്പോൾ ഞാൻ സധൈര്യം സ്ടേജിൽ ഹാജരായി. എന്റെ തട്ടകമാണല്ലോ. സദസ്സിൽ  ചേച്ചി കൂട്ടുകാരുമായി ഇരുപ്പുണ്ട്. അവൾ നഖം തിന്നുന്നതെന്തിനാണോ ആവോ? അവളുടെ പാട്ടുകൾ എല്ലാം കഴിഞ്ഞിരുന്നു.

മൈക്ക് ചേട്ടൻ ഓടി വന്നു എന്റെ വലിയ പൊക്കത്തിനനുസരിച്ചു മൈക്രോഫോണിന്റെ കഴുത്തിനു പിടിച്ചു താത്തു തന്നു. ശബ്ദമുണ്ടോ എന്നറിയാൻ ഒന്നൂതിയതിനു മൈക്കുചേട്ടൻ എന്നെ രൂക്ഷമായി നോക്കി. സ്ടേജിനു മുന്പിലുള്ള പിള്ളേർ ആർത്തു  ചിരിച്ചു.
പിന്നെ ഞാൻ മുൻപിൻപൊന്നും  നോക്കിയില്ല.
കണ്ണടച്ചു പിടിച്ച്  ഒരൊറ്റ കീറലായിരുന്നു.

ഗാനത്തിന് ശേഷമാണ്  ഞാൻ കണ്ണ് തുറന്നത്. ചേച്ചി തലയ്ക്ക് കൈകൾ  വച്ച് കുനിഞ്ഞിരിക്കുന്നത് കണ്ടു.
അവളുടെ അഹങ്കാരം തീർന്നെന്നു തോന്നുന്നു.
സ്കൂളിന്റെ  ഗേറ്റ് കടന്നു അച്ഛൻ സൈക്കിളുമായി തിടുക്കപ്പെട്ടു പുറത്തേയ്ക്ക് പോകുന്നതും കണ്ടു.

എന്റെ മുപ്പത്തിരണ്ട് സംഗതികളും വളരെ വ്യക്തമായി പാട്ടിൽ കൊണ്ട് വരാൻ എനിക്ക് കഴിഞ്ഞു. എന്റെ വക രണ്ടു സംഗതികൾ കൂടുതലായും. പക്ഷെ സമ്മാനം വന്നപ്പോൾ ദുഷ്ടന്മാരായ ജഡ്ജികൾ എന്റെ പേരേ  പറഞ്ഞില്ല. അല്ലേലും കടുവാ ജോർജു  മാഷിനു എന്നോടു അത്ര മതിപ്പില്ല. ഒരിക്കൽ ആ സാറിന്റെ ക്ലാസ്സിൽ സാറില്ലാത്ത നേരത്ത് ഞാൻ പാട്ട് പാടി എന്നാണു ആരോപണം. എന്റെ പാട്ട് കേട്ട ഹെഡ്മാസ്റ്റെർ സാറിനെ വഴക്ക് പറഞ്ഞത്രേ. അങ്ങേർക്കതു  തന്നെ വേണം.

എന്റെ മുപ്പത്തി രണ്ടു സംഗതികളേക്കാൾ രസകരമായിരുന്നു അത്രയെണ്ണം  തന്നെ വരുന്ന എന്റെ വെള്ളിടികൾ  എന്ന് ചേച്ചി പറഞ്ഞു. ഓരോ വെള്ളിടികൾക്കും  അവൾ ഞെട്ടിയെന്നും ആ അസൂയക്കാരി പറഞ്ഞു. അത് കേട്ട് കിക്കിക്കി ചിരിക്കാൻ അവളുടെ കുറെ കൂട്ടുകാരികളും.
ദുഷ്ടകൾ.

ചേച്ചിയ്ക്ക് ലളിതഗാനത്തിനും പദ്യപാരായണത്തിനും ഒന്നാം സമ്മാനം കിട്ടി. അവൾ വല്യ ഗമയിൽ കൂട്ടുകാരുമായി നടക്കുന്നത് കണ്ടപ്പോൾ ഒട്ടും അസൂയ ഇല്ലാത്ത ഞാൻ മനസ്സിൽ പറഞ്ഞു, നീ നോക്കിക്കോ എന്റെ സമയം വരുന്നു.
ഫാൻസി ഡ്രസ്സ്‌ കണ്ടു നീയൊക്കെ ഞെട്ടും. കാണിച്ചു തരാം.

ഉച്ചകഴിഞ്ഞ് ഫാൻസി ഡ്രസ് മത്സരം തുടങ്ങി.
ഞാൻ മുഖത്തു കരിയൊക്കെ വാരിത്തേച്ചു .
ഉടുപ്പൂരി  മാറ്റി അസ്ഥികൂടത്തിലും കരി വാരി പൂശി. നിക്കറിനു മേളിൽ  ഇലകൾ  കൊണ്ട് ഉടയാട പൊതിഞ്ഞു. മുടിയൊക്കെ വാരി വലിച്ചിട്ടു. ദ്രംഷ്ടകൾ വരച്ചു. തലയിൽ  ഇലകൾ  കൊണ്ട് ഒരു തൊപ്പി വച്ചു.
ആകെപ്പാടെ ഒരു ഭീകര രൂപം.
പെറ്റ  തള്ള കണ്ടാൽ  തിരിച്ചറിയില്ല.

മറ്റവൻ പ്രദീപ്‌  അവന്റെ ചേട്ടന്റെ ഒരു പാന്റ്സുമായിട്ടാണ് വന്നത്. അതിടയ്ക്കിടെ ഊരിപ്പോകുന്നതുകൊണ്ട്  ഒരു ചാക്ക് ചരടു കൊണ്ട് സുരക്ഷിതമായി ബന്ധിച്ചിട്ടുണ്ട്. ഒരു കള്ളിയുടുപ്പ്‌. ഒരു തൊപ്പി. കപ്പടാ മീശ. കയ്യിൽ  എണ്ണയിട്ട തോക്ക്.
അവന്റെ മേക്കപ്പ് കഴിഞ്ഞു.
ഇത് തകർക്കും.
അവനെ കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസമായി.

ഒടുവിൽ അനൗണ്സ്‌മെന്റ്  വന്നു.
പ്രദീപ്‌ ആൻഡ്‌ പ്രദീപ്‌ അവതരിപ്പിക്കുന്ന ഫാൻസിഡ്രസ്‌.
കാട്ടാളനും വേട്ടക്കാരനും..
ടണ്ടഡാങ്ങ്...

കർട്ടൻ പൊങ്ങിയതും ഞാൻ ഒരു അട്ടഹാസത്തോടെ സ്ടേജിലെയ്ക്ക് എടുത്തു ചാടി വീണു. സ്ടേജു മുഴുവനും ഞാൻ  ഓടി നടന്നു തുള്ളിച്ചാടി. അങ്ങനെ ഓട്ടന്തുള്ളൽ കാണിച്ചില്ല എന്ന പരാതിയും തീർത്തു.
ഒന്നാം സമ്മാനം കൊണ്ടേ പോകൂ എന്ന വാശിയിൽ അലറി വിളിച്ചു.
മുൻവശത്തിരുന്ന കുട്ടിപ്പിള്ളേർ കയ്യടിച്ചു ആർത്തുവിളിച്ചതോടെ എന്റെ ആവേശം ഇരട്ടിച്ചു.

അടുത്ത ഭാഗത്തിൽ വേട്ടക്കാരൻ ചാടി വീണു കാട്ടാളനെ വെടിവയ്ക്കണം.
വേട്ടക്കാരൻ ഇതികർത്തവ്യമൂഢനായി സൈഡ് കർട്ടന്റെ   പുറകിൽ   നിൽക്കുകയാണ്.
പണ്ടാരക്കാലൻ അനങ്ങുന്നില്ല.
സ്ടേജിൽ ഓടിനടന്നു തുള്ളിച്ചാടി കാട്ടാളൻ ക്ഷീണിച്ചു.

കാട്ടാളൻ കണ്ണ്  കാണിച്ച്‌  വേട്ടക്കാരനെ  ക്ഷണിച്ചു.
വന്നു വെടിവച്ചു കൊന്നിട്ട് പോടേ....!!
എവിടെ?
വേട്ടക്കാരൻ  അനങ്ങാതെ നില്ക്കുകയാണ്.

കാട്ടാളൻ തലയാട്ടി വിളിച്ചു.
വേട്ടക്കാരന് അനക്കമില്ല.
അവസാനം കാട്ടാളൻ വേട്ടക്കാരനെ കൈ കാട്ടി വിളിച്ചു.
വിവരമില്ലാത്ത  സദസ്യർ ആർത്തു  ചിരിച്ചു.

ഈ തെണ്ടി എന്താ കുറ്റി അടിച്ചപോലെ നില്ക്കുന്നത്?
ഞാൻ അവനെ അതിരൂക്ഷമായി നോക്കി.
അവൻ എന്നെ ദയനീയമായി നോക്കി.
പിന്നെ കുനിഞ്ഞു പാന്റ്സിലും.

അവന്റെ ചാക്കുചരടു  ബെൽറ്റ്‌ അപ്രത്യക്ഷമായിരിക്കുന്നു.
ഒരു കൈ തോക്കിലും മറ്റേ  കൈ പാന്റ്സിലും പിടിച്ചു വേട്ടക്കാരൻ അന്തം വിട്ടുനില്ക്കുകയാണ്.

ആ തോക്ക് കയ്യിൽ കിട്ടിയിരുന്നെങ്കിൽ കാട്ടാളൻ വേട്ടക്കാരനെ അപ്പോൾ തട്ടിയേനെ.

സഹിക്ക വയ്യാത്ത ദേഷ്യത്തിൽ കാട്ടാളൻ സ്ടേജിൽ നിന്നും ഒരൊറ്റയലർച്ച.
"
ഇങ്ങോട്ടിറങ്ങി വാടാ തെണ്ടീ..."

കർട്ടൻ  പിടിച്ച പയ്യൻ  രണ്ടു കയ്യും പൊക്കി തലയിൽ വച്ചു ആർത്തു ചിരിച്ചതുകൊണ്ട് കരുണാപരമായി കർടൻ വീണു.

*       *         *          *                   *          *        *

രാത്രി കുടുംബ സദസ്സിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മാതാവ് സ്നേഹപുരസ്സരം  ചോദിച്ചു
"
എങ്ങനുണ്ടാരുന്നെടാ നിന്റെ  ഫാൻസി ഡ്രസ്സ്‌ ?"

ദുഷ്ട.
മോള് വന്നു പറഞ്ഞ്  കഥയെല്ലാം അറിഞ്ഞിട്ടാണ് പുത്രസ്നേഹം പ്രകടിപ്പിക്കുന്നത്.
കുനിഞ്ഞിരുന്നു ഉരുള  ഉരുട്ടി ഉരുട്ടി വിഴുങ്ങി.

"
അവന്റെ ഏകാന്തപഥികനേക്കാൾ നല്ലതായിരുന്നമ്മേ.."
ചേച്ചി മൊഴിഞ്ഞു.
അവളുടെ ഒരു പവറേ ..
ഒരു സംഗീതശിരോമണി വന്നിരിക്കുന്നു.
ലതാ മങ്കേഷ്കറാണെന്നാ  ഭാവം.

അച്ഛൻ അവസാനത്തെ ആണിയും അടിച്ചു.

"
എന്തായാലും അവൻ പാട്ട് തുടങ്ങിയപ്പോഴേ ഞാൻ ഇങ്ങു പോന്നു. അതുകൊണ്ട് എനിക്ക് വലിയ പരിക്കൊന്നും പറ്റിയില്ല."

ഒരു മനുഷ്യനും കാട്ടാളനായി ജനിക്കുന്നില്ല.
സമൂഹമാണ് അവനെ കാട്ടാളനാക്കുന്നത്..

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...