അങ്ങനെ കുബ്ബൂസ് ചിക്കൻ കറിയിൽ മുക്കിയതും പന്ത്രണ്ടു തരം നെയ്‌ച്ചോറും കഴിച്ച് കുറഞ്ഞൊരു കാലം കൊണ്ട് സ്വന്തം തടിയിൽ ഏഴു കിലോ ഭാരം കൂടി.
സൗദികൾ സ്നേഹിക്കുന്നത് ഭക്ഷണം തീറ്റിച്ചാണ്. ഒരു പ്ലാസ്റ്റിക് കടലാസ് നിലത്തു വിരിച്ച്, അതിൽ ആളെണ്ണത്തിനെ മൂന്ന് കൊണ്ട് ഗുണിച്ച് അവർക്കുവേണ്ട ബിരിയാണി മലപോലെ കൂട്ടിയിട്ട്, അതിനു ചുറ്റും ഇരുന്നാണ് തീറ്റി.
ആട് മന്തിയാണെങ്കിൽ ആ മന്തിമലയുടെ നടുക്ക് ഭാഗ്യവാനായ ആ ആടിന്റെ തല പുഴുങ്ങി വച്ചിട്ടുണ്ടാവും. മന്തി കഴിച്ചു തീരും വരെ അത് കുറ്റപ്പെടുത്തും മട്ടിൽ നമ്മളെ തുറിച്ചു നോക്കിക്കൊണ്ടിരിക്കും. സൗദിയാകട്ടെ മന്തിയിൽ കയ്യിട്ടു വാരി വലിച്ചു കീറി സ്നേഹത്തോടെ നമ്മുടെ വായിൽ വച്ച് തരും. പ്രോത്സാഹിപ്പിക്കും, തിന്ന്, തിന്ന് !
തിന്നില്ലെങ്കിൽ നമ്മൾ അവരോട് വലിയ ഒരു തെറ്റ് ചെയ്യുന്നതുപോലെയാണ്.
ആറുമാസം കൂടുമ്പോൾ നാട്ടിൽ എത്തിക്കൊള്ളണമെന്നാണ് ഭാര്യയുടെ കല്പന. "കുറഞ്ഞത്", എന്ന് കൂടി കുറയ്ക്കാതെ ചേർക്കണം. മൂന്നുമാസം കൂടുമ്പോൾ വന്നാലും കുഴപ്പമില്ല. പിന്നെ മൊത്തം നിയന്ത്രണമാണ്. വീണ്ടും തടി ഏഴുകിലോ കുറയും.
ലീവ് ചോദിച്ചാൽ അറബിബോസിന്റെ മുഖം കറക്കും, പിന്നെ ചുവക്കും.
ലീവ് കിട്ടിയില്ലെങ്കിലോ ഭാര്യബോസിന്റെ മുഖം ചുവക്കും, പിന്നെ കറക്കും.
നമ്മൾ ഒട്ടകത്തിന്റേം മാധവൻനായരുടേം ഇടയ്ക്കാകും.
അങ്ങനെ നിവൃത്തിയില്ലാതെ ആ പൂഴിക്കടകൻ സൗദിബോസിന് നേരെ പ്രയോഗിച്ചു.
"പൊന്നുതമ്പുരാനായ നബിതിരുമേനി പറഞ്ഞിട്ടുണ്ടല്ലോ.."
"എന്തോന്ന് ?"
"ഹബീബിയെ പിരിഞ്ഞു നാല് മാസത്തിൽ കൂടുതൽ ഇരിക്കരുതെന്ന്."
"അള്ളാ , ഈ മലബാറീസിനെക്കൊണ്ട് തോറ്റു. ശരി, ശരി.ജോലി ഒക്കെ തീർത്തുവച്ചിട്ടു സ്ഥലം വിട്ടോ. എത്ര ദിവസത്തെ ലീവ് വേണം?"
"ഒരുമാസം"
"പൊന്നുതമ്പുരാനായ നബിതിരുമേനി അങ്ങനെ പറഞ്ഞിട്ടുണ്ടോ?"
"ഇല്ല"
"അപ്പൊപ്പിന്നെ രണ്ടാഴ്ചമതി. നാലുമാസം കഴിഞ്ഞു വീണ്ടും പൊന്നുതമ്പുരാനെ പിടിക്കാനല്ലേ?"
"റാൻ..!"
"എന്തോന്ന്?"
"അയ്‌വാ.. കല്ലി വല്ലി (ശരി..കൊയപ്പമില്ലെടാ നാറീ )."
ലീവ് കിട്ടിയെന്നറിഞ്ഞപ്പോൾ മുതൽ മല്ലൂസെല്ലാം ചുറ്റും കൂടി.
"എപ്ലാ പോന്നേ ?"
"അടുത്ത വെള്ളി"
"എത്ര നാള് ?"
"രണ്ടാഴ്ച"
"വെറും രണ്ടാഴ്ചയോ ! അങ്ങോട്ട് പോകുന്നതിനു മുൻപ് ഇങ്ങോട്ടു പോരുവാണോ ? ഇങ്ങനെ ചുമ്മാ എന്തിനാ പോന്നെ ? "
നമ്മുടെ കണ്ണിൽ നിന്നും ഉതിരുന്ന ചുടുകണ്ണീർ കാണാനും അതുവഴി തങ്ങൾക്ക് ലീവ് കിട്ടാത്തതിന്റെ അരിശം തീർക്കാനുമാണ് ദുഷ്ടന്മാരുടെ ശ്രമം. ഇനി നമ്മൾ വിമാനം കയറുന്നതുവരെ ഇവന്മാരെല്ലാം ഇത് ചോദിച്ചുകൊണ്ടിരിക്കും.
"എന്തിനാ ഇങ്ങനെ പോകുന്നത്? പോന്നതിനു മുൻപ് ഇങ്ങ് തിരിച്ച് വരാൻ..! ഇവിടെങ്ങാനും കിടന്നൂടെ?"
പോകാനുള്ള ദിവസം അടുക്കുന്തോറും നമ്മളെക്കാൾ വെപ്രാളം നമ്മുടെ ബോസനാണ്. ലാസ്‌റ് ബെൽ അടിക്കുമ്പോൾ കക്ഷി ഒരു ഫയലും പൊക്കിക്കൊണ്ട് ഓടിവന്നു.
"ഹബീബി, ഇതും കൂടി നോക്ക്. ഇനി രണ്ടാഴ്ചകഴിഞ്ഞല്ലേ വരൂ. അടുത്ത തിങ്കളാഴ്ച മീറ്റിംഗ്. ഞാനെന്തു പറയണം?"
ചോദ്യങ്ങൾ വരുമ്പോൾ നീ എപ്പോഴും ചെയ്യുമ്പോലെ കുനിഞ്ഞിരുന്ന് സ്മാർട് ഫോണിൽ ചുണ്ണാമ്പ് തേച്ചാപ്പോരേ എന്ന് പറഞ്ഞില്ല, ബോസനായിപ്പോയില്ലേ !
യാത്രയിലെ അടുത്ത പ്രധാന സംഭവം ഷോപ്പിംഗ് ആണല്ലോ.
ലീവ് അനുവദിച്ചു എന്ന് കേട്ട ഉടൻ മല്ലൂസ് വിളി തുടങ്ങി.
"ഡാ, നീ നാട്ടിപ്പോകാൻ ഷോപ്പിംഗ് നടത്തിയോ?"
"ഇല്ല"
"വെള്ളിയാഴ്ച നമുക്ക് പൂവാം"
"പൂവാം"
"ഞാൻ കാറും കൊണ്ട് വരാം. ഒൻപതു മണിക്ക് റെഡിയായിരുന്നോണം. ദാനാ മാൾ, സ്റ്റാർ മാർക്കറ്റ്, ജരീർ, എല്ലായിടത്തും പൂവാം"
"പൂവാം"
"ബാങ്കീന്നു ആവശ്യത്തിന് പൈസ എടുത്തോണം. കാർഡ് ണ്ടല്ലോ"
"ഉണ്ട്, ഉണ്ട്. പക്ഷെ എനിക്കത്ര സാധനങ്ങൾ ഒന്നും വേണ്ട"
"വേണ്ട, നീ ആവശ്യത്തിന് വാങ്ങിയാ മതി. മതി ! "
ആ രണ്ടാമത്തെ "മതി" ക്ക് ഒരു പ്രത്യേക ടോണായിരുന്നു. അതന്നേരം ഈയുള്ളവന് മനസ്സിലായില്ല.
ഇത്ര നല്ല ആൾക്കാരെ എവിടേലും കണ്ടിട്ടുണ്ടോ?
അവധി ദിവസം ചുരുണ്ടു കൂടിയുറങ്ങുന്നതിനു പകരം രാവിലെ എഴുന്നേറ്റ് സ്വന്തം കാർ ഓടിച്ചു അൽ സിനായായിലെ (Industrial Township ) നമ്മളുടെ വീട്ടിൽ വന്നു നമ്മളെയും കേറ്റി അൽ ബാഹറിൽ (downtown ) പോയി ഷോപ്പിങ്ങും നടത്തി നമ്മളെ തിരിച്ചു വീട്ടിൽ സുരക്ഷിതമായി എത്തിക്കാമെന്ന്. അതും സൗജന്യമായി. എന്തൊരു സഹകരണം !
മല്ലൂസ് രാവിലെ തന്നെ കാറുമായി എത്തി.
ആദ്യം സ്റ്റാർ മാർക്കറ്റിൽ. പൂരങ്ങളുടെ പൂരമായ ത്രിശൂർ പൂരം ഇപ്രാവശ്യം അവിടേയാണ് നടക്കുന്നതെന്നു തോന്നുന്നു. ഒരു വിധത്തിൽ ഒരു ട്രോളി എടുത്തു. മല്ലൂസും ചാടി വീണ് ഒരു ട്രോളി കൈവശപ്പെടുത്തി. അവനും വല്ലതുമൊക്കെ വേണമായിരിക്കും.
അകത്തേയ്ക്കു കയറുമ്പോൾ ആദ്യം സോപ്പുകൾ അടുക്കി വച്ചിരിക്കുന്ന അലമാരയാണ്.
ഒരു ശ്രദ്ധേമില്ലാത്ത മല്ലൂസിന്റെ കൈ തട്ടി സോപ്പുകൾ എല്ലാം പടപടായെന്നു വീണു.
എന്തത്ഭുതം, എല്ലാം കറക്ടായി അവന്റെ ട്രോളിയിൽ തന്നെയാണ് വീഴുന്നത്.
"നിനക്കെന്തിനാടാ ഇത്രയും സോപ്പ്? നീ കുളിക്കാൻ തീരുമാനിച്ചോ?" അദ്‌ഭുതത്തോടെ ചോദിച്ചു.
"ഇതെനിക്കല്ല , നിനക്ക് നാട്ടിൽ കൊണ്ടുപോകാനാ"
"ഇത്രയും സോപ്പോ? എനിക്കെങ്ങും വേണ്ടാ.. കൂടിയാൽ ഒരു പത്തെണ്ണം"
"നിൽ..! നിന്റെ വീട്ടിൽ എത്ര കുളിമുറിയുണ്ട്?"
"നാല്"
"അപ്പൊ നാലേ ഗുണം നാലേ ഗുണം ആറ്, മൊത്തം തൊണ്ണൂറ്റാറ് . "
"ങേ?"
"നാല് കുളിമുറി. ഒരുമാസം നാലാഴ്ച . മൊത്തം ആറ് മാസം"
"നീ ഗുണം പിടിക്കില്ല. അങ്ങനെ നീ ഗുണിക്കണ്ട"
"തീർന്നില്ല, നിനക്കെത്ര പിള്ളാരാ? രണ്ട്, ല്ലേ?"
"അതെ"
"അപ്പൊ രണ്ടേ ഗുണം നാലേ ഗുണം ആറ് സമം നാപ്പത്തെട്ട്‍. അധികം എട്ട്. അമ്പത്താറ് "
പത്താം ക്ലാസ്സിൽ കണക്കിന് എട്ടുനിലയിൽ പൊട്ടിയവനാ. എന്ത് സ്പീഡിലാ ഗുണിക്കുന്നത് !.
"അതാരുടെ അമ്പത്താറ് ?"
"അതായത് പിള്ളേര് ഒരാഴ്ചയിൽ ഓരോ സോപ്പ് വീതം കക്കൂസിൽ തള്ളിയിടും. ആറുമാസത്തേയ്ക്ക് അതിനുവേണ്ടി രണ്ടേ ഗുണം നാലേ ഗുണം ആറ് സമം നാപ്പത്തെട്ട് ..."
"അപ്പൊ അധികം എട്ടോ? "
"അത് നിന്റെ ഭാര്യ തള്ളിയിടട്ടെടാ..!"
ആറു മാസത്തേയ്ക്ക് ഒരു സോപ്പ് മാത്രം ഉപയോഗിച്ച് കുളിക്കുന്നവനാ. അവന്റെ ഭാവം കണ്ടാൽ തോന്നും ലൈഫ്ബോയ് സോപ്പ് ഉപയോഗിച്ച് ലക്സ് സോപ്പിനെ കഴുകി അത് കൊണ്ടാണ് അവൻ കുളിക്കുന്നതെന്ന്.
അങ്ങനെ ഒരു ചുമട് സോപ്പുമായി മുൻപോട്ടു നീങ്ങി.
വീണ്ടും മല്ലൂസിന്റെ കൈ തട്ടി ഷെൽഫിന്റെ റാക്കിൽ നിന്നും കുറെ പ്ലാസ്റ്റിക് കുപ്പികൾ അതിശയത്തോടെ ട്രോളിയിൽ വന്നുവീണു.
"ഡേയ്, നീ ഇങ്ങനെ അടുക്കിവച്ചിരിക്കുന്ന സാധനങ്ങൾ തട്ടിയിടാതെ !"
തിക്കും പോക്കും നോക്കി അവന്റെ ചെവിയിൽ മർമറിച്ചു.
"നിനക്ക് നാട്ടിൽ കൊണ്ടുപോകാനാ..നിന്റെ ഭാര്യക്ക്. കോൾഡ് ക്രീം, ആന്റി എയ്ജിങ് ക്രീം, അങ്കിൾ എയ്ജിങ് ക്രീം, ആന്റി റിങ്കിൾ ക്രീം, അങ്കിൾ റിങ്കിൾ ക്രീം, സൺ ബ്ലോക്ക് ക്രീം, ഡോട്ടർ ബ്ലോക്ക് ക്രീം, ലിപ് ബാം, വാനില ഫ്ലേവർ അഞ്ച്, പിസ്റ്റാ അഞ്ച്, "
"സത്യത്തിൽ ഈ കട നിന്റെ അളിയന്റെയാ?"
"തമാശക്കാരൻ. തമാശക്കാരൻ. !! സമയം പോന്നു. വേഗം വാ"
അവൻ കരിമ്പിൻ കാട്ടിൽ ആന കേറിയപോലെ പാഞ്ഞു പോയി. കൂടെയെത്താൻ ട്രോളിയുമായി ഓടി.
അങ്ങനെ നിരനിരയായി അടുക്കി വച്ചിരിക്കുന്ന ഷെൽഫുകൾക്കിടയിലൂടെ മല്ലുമാജിക്ക് തുടർന്നു. റാക്കിൽ താടിയ്ക്ക് കയ്യും കൊടുത്ത് വിഷമിച്ചിരുന്ന ടൂത്ത് പേസ്റ്, ഷാമ്പൂ, കണ്ടീഷണർ, ഹെയർ ഓയിൽ, പെർഫ്യൂം, അത്തർ, പെയിൻ ബാം , ഇത്യാദി സാധനങ്ങൾ ട്രോളിയിലേയ്ക്ക് ചാടിവീണ് ആത്മഹത്യ ചെയ്തു. ട്രോളി നിറഞ്ഞു പുറത്തേയ്ക്കു സാധനങ്ങൾ വീണു തുടങ്ങി.
"ഹോ, ഏതാണ്ടെല്ലാമായി. ഇത്രേം ഷോപ്പിംഗ് നടത്തുന്നതിന്റെ വിഷമം നിനക്കറിയേണ്ടല്ലോ. എല്ലാത്തിനും ഞാൻ തന്നെ വേണം"
മല്ലൂസ് അണച്ചുകൊണ്ട് പറഞ്ഞു.
"ഡാ, ഫ്ലയിറ്റിൽ ആകെ മുപ്പതുകിലോയേ കേറ്റൂ. ഇതെല്ലാം കൂടി..! "
"ഓ, അതൊക്കെ ശരിയാവും. നീ ബില്ലടയ്ക്കാൻ നോക്ക്"
കൗണ്ടറിൽ നിൽക്കുന്ന സൗദി ചുഴിഞ്ഞൊന്നു നോക്കി.
സില്ലി മലബാറീസ്. ഉള്ള കാശെല്ലാം കളയാൻ വന്നേക്കാണ്.
ഒരു കിലോമീറ്റർ നീളത്തിലുള്ള ഒരു ബില്ല് കീറി തന്ന് അയാൾ കൈ നീട്ടി.
മൂവായിരത്തഞ്ഞൂറു റിയാൽ !
ഞെട്ടലിൽ മാൾ മൊത്തം ഒന്ന് കുലുങ്ങി.
കുലുങ്ങാത്തതായി ഒരാൾ മാത്രം. തെണ്ടി സീലിങ്ങിലെ ലൈറ്റിന്റെ ഭംഗി ആസ്വദിക്കുകയാണ്. ഇനിയെങ്ങാനും അവൻ ആ ലൈറ്റും തട്ടി ട്രോളിയിലിട്ടാലോ എന്ന് കരുതി പെട്ടെന്ന് കാശു കൊടുത്തു പുറത്തേയ്ക്കു ചാടി.
മല്ലൂസ് ഭാവഭേദമൊന്നുമില്ലാതെ കൂടെയുണ്ട്.
"ഡാ, ഇനി സ്വീറ്റ്സ് "
"മിണ്ടരുത് ! ഒന്നും വേണ്ടാ, പൈസ തീർന്നു. ഭാരോം കൂടി"
"പൈസ ഒന്നും കാര്യാക്കണ്ട. എത്ര വേണം? അഞ്ഞൂറ്? ആയിരം? രണ്ടായിരം? എത്രവേണേലും ഞാങ്കടന്തരാല്ലോ. മുട്ടായിയില്ലാതെ നാട്ടിൽ ചെന്നാൽ നിന്റെ പിള്ളേരും കെട്ടിയോളും അയൽക്കാരും നാട്ടാരും നിന്നെ നക്കിത്തിന്നും"
നേരാ. പണ്ടാരം !
ഫോണെടുത്തു ഭാര്യയെ വിളിച്ചു.
"ഡീ വള്ളീ, ലഗേജ് ഇത്തിരി കൂടുതലാ, അതോണ്ട് ഇപ്രാവശ്യം മുട്ടായി, ഈന്തപ്പഴം,.."
"ങ്ഹാ, എല്ലാം വാങ്ങിച്ചോ, ഈന്തപ്പഴം മേടിക്കുമ്പോ നീ ശ്രദ്ധിക്കണം, മൂന്നു വെറയിറ്റി വാങ്ങണം, ഓരോ കിലോ വച്ച് മതി, നമുക്ക് അഡ്ജസ്റ് ചെയ്യാം"
"ഡീ ലഗേജ് .."
"മിഠായി ഒരു അഞ്ചു കിലോ എങ്കിലും മേടിക്കാൻ മറക്കല്ലേ. കഴിഞ്ഞ പ്രാവശ്യം വന്നപ്പോ നീയൊന്നും കൊണ്ടുവന്നില്ല. ഇപ്രാവശ്യം അതുപറ്റില്ല. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ചോദിക്കും"
"കഴ്‌തേ, പറേന്നെ കേക്കടീ, മൊത്തം ലഗേജ് കൂടുതലാ. അതോണ്ട് ഇപ്രാവശ്യം മുട്ടായി വേണ്ട, എന്താ ?"
"....."
"ഹലോ, ഹാലോ .. നീ ചത്തോ!"
"മുട്ടായി ഇല്ലേൽ നീയിങ്ങോട്ടു വരേണ്ട. അവിടെത്തന്നെ കിടന്നോ."
"എടീ ഭാരം..."
"ങാ, അല്ലേലും ഞാൻ നിനക്കൊരു ഭാരമാ..നിക്കറിയാം.. ന്താന്ന് വച്ചാ ചെയ്യ്. പിന്നെന്തിനാ എന്നോട് ചോദിക്കുന്നേ.. ."
"ഓക്കേ, ഓക്കേ !.. കള്ളി വള്ളീ !! "
"ങ്ഹാ ഞാനിപ്പം കള്ളിയായി !! ഇങ്ങു വന്നേര്.. ക്ടിങ്..!!"
"ഓ, അച്ചടിപ്പിശാച്..!! കല്ലി വല്ലീ ന്നാടീ..കൊഴപ്പമില്ലാന്ന് ..!! വള്ളീ , ഹലോ, ഹാലോ, ഹാലോ ..!"
ഫോൺ പോക്കറ്റിലിട്ടു തിരിയുമ്പോൾ അഭ്യുദയകാംക്ഷി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.
"ഈന്തപ്പഴം മുന്തിയത് നോക്കി അഞ്ചുകിലോ ആൾറെഡി പായ്ക്ക് ചെയ്തു. മൂന്ന് വെറേറ്റിയുണ്ട് . മുട്ടായി മിക്സഡ് അഞ്ചു കിലോ റെഡി. ഇനി കാഷ്യൂ നട്സ് , ബദാം .."
"കാഷ്യൂ , നിന്നെ ഞാൻ..!"
"ഇഷ്യൂ ആക്കണ്ട.. കാഷ്യൂ വേണ്ട, നല്ല മുന്തിയ ഇനം കാപ്പിപ്പൊടി? ഹോർലിക്സ്,,,? "
"ഞാൻ ലീവ് കഴിഞ്ഞു തിരിച്ചു വന്നിട്ടേ നീ ലീവിന് പോകാവൂ. നിന്റെ കൂടെ എനിക്ക് ഷോപ്പിംഗിനു വരണം. എനിക്ക് തന്നെ വരണം.."
"അതിപ്പോ കഴിഞ്ഞ പ്രാവശ്യം ഞാൻ പോയപ്പോ നീയല്ലേ സാധനങ്ങൾ വാങ്ങാൻ വന്നത്..!!"
പണ്ടാരം. . കഴിഞ്ഞപ്രാവശ്യം ഷോപ്പിങ്ങിന് അവനെ ഇതുപോലൊക്കെ സഹായിച്ചതാണ്. അവനതെല്ലാം ഓർത്ത് വച്ചിട്ടാണ് സഹായിക്കാൻ വന്നത്. ദുഷ്ടൻ. തെണ്ടി.
ഇനിയാണ് ആന്റിക്ലൈമാക്സ്.
മല്ലൂസ് സ്വന്തം കാറിൽ, യേത്, സ്വന്തം കാറിൽ, എയർപോർട്ടിൽ കൊണ്ടുവിട്ടു . ബ്രഹ്‌മാണ്ഡൻ പാക്കറ്റുകൾ എല്ലാം കൂടി ടിക്കറ്റു കൗണ്ടറിലെ ബെൽറ്റിൽ അവൻ തന്നെ എടുത്തു വയ്ച്ചു. അതിന്റെ ഇലക്ട്രോണിക് വെയ്റ്റ് ഡിസ് പ്ളേ "എന്റമ്മച്ചിയെ" എന്ന് ഇഗ്ളീഷിൽ നിലവിളിച്ചിട്ട് അത് അറബിയിൽ തർജമ ചെയ്തു കൗണ്ടറിന്റെ പിറകിൽ നിൽക്കുന്ന ഊശാൻതാടി ടിക്കറ്റ് അടിക്കാരനെ നോക്കി കണ്ണിറുക്കി ബ്ലിങ്കാൻ തുടങ്ങി. ഊശാൻ താടി വല്യ സന്തോഷത്തിൽ സ്നേഹിച്ചു.
"സർ, അധികഭാരം എണ്ണൂറു റിയാൽ അടയ്ക്കണം "
"ഊയെന്റമ്മച്ചിയെ !" എന്ന് മലയാളത്തിൽ നിലവിളിച്ചു തിരിഞ്ഞു നോക്കി.
ലവൻ വീണ്ടും സീലിങ്ങിലെ ലൈറ്റിന്റെ ഭംഗി ആസ്വദിക്കുകയാണ്.
"ഡാ, ഫൈൻ എണ്ണൂറു റിയാല്. അതിന്റെ പകുതി കാശുണ്ടാരുന്നേൽ നാട്ടിൽ ഈ സാധനമെല്ലാം വാങ്ങാരുന്നു. നീയെന്തിനാടാ ദുഷ്ടാ ഇതെല്ലാം എന്നെക്കൊണ്ട് വാങ്ങിപ്പിച്ചത്?"
"അതൊരു സുഖം"
"അപ്പൊ ഭാരം ഒന്നും പ്രശ്നമല്ലായെന്ന് അന്നേരം നീ പറഞ്ഞതോ?"
"അത് വേറൊരു സുഖം"
"തെണ്ടീ, ഞാൻ തിരിച്ചു വരട്ടെ. ഇപ്പൊ നീ ആ പായ്ക്കറ്റ് പൊട്ടിച്ചു കുറച്ചു സാധനം മാറ്റ്. ഭാരം കുറയട്ടെ. അത് നീ റൂമിൽ കൊണ്ട് വച്ചാ മതി. അടുത്ത പ്രാവശ്യം കൊണ്ടുപോകാം. എണ്ണൂറു റിയാൽ !!"
ലവൻ ചാടി വീണു എല്ലാം പൊളിച്ചടുക്കി. നാട്ടിൽ ഇവൻ പ്രൈവറ്റ് ബസിലെ കിളി ആയിരുന്നോ എന്തോ ! അവസാനം കയ്യിലുള്ള ലഗേജിനെക്കാൾ വലിയ ഒരു ലഗ്ഗേജ് അവന്റെ കൂടെയായി.
ഇപ്പോ ഭാരം ഒരുമാതിരി ശരിയായി. വീണ്ടും ബെൽറ്റ് കൺവെയറിലേയ്ക്ക് പെട്ടികൾ പെറുക്കി വച്ചു. ഇപ്രാവശ്യം ഡിസ് പ്ളേ പതുക്കെ ഊശാന്താടിയോട് പറഞ്ഞു,
"കൊയപ്പമില്ല, പോട്ടെ. സില്ലി മലബാറീസ്"
ലഗ്ഗേജ് ബെൽറ്റ് വഴി അപ്രത്യക്ഷമായി. ഊശാന്താടി നീട്ടിയ പാസ്‌പോർട്ടും ബോർഡിങ് പാസും വാങ്ങി.
തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു മല്ലൂസ് നിൽക്കുകയാണ്.
"ഡാ, നീ വിഷമിക്കാതെ , രണ്ടാഴ്ച കഴിഞ്ഞു ഞാനിങ്ങെത്തും."
"ഉം. എന്നാലും നിനക്ക് ഒരാഴ്ച കഴിഞ്ഞു ഇങ്ങു പോന്നൂടെ?"
"പോടാ നാറി. ആറുമാസം കഴിഞ്ഞാ ഒന്ന് പോണത്. ആകെ രണ്ടാഴ്ചേം "
"ഓ, എന്തിനാ ഇങ്ങനെ പോന്നത് !. അവിടെ ഇറങ്ങിയാലുടൻ ഓരോ തെണ്ടിയും ചോദിക്കും എന്നാ തിരിച്ചു പോന്നത്, എന്നാ തിരിച്ചു പോന്നതെന്ന്. നീ ഒരാഴ്ച കഴിഞ്ഞു ഇങ്ങു മടങ്ങിപ്പോര്."
"ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ടു പാഞ്ഞു പോന്നിട്ടെന്താ കാര്യം? ഇവിടെ എന്ത് കുന്ത്രാണ്ടമിരുന്നിട്ടാ? ഒന്നുമല്ലേ ഇവന്മാരുടെ മോന്തായം കാണണ്ടല്ലോ "
തിരിച്ചു കൊണ്ടുപോകാനുള്ള പായ്ക്കറ്റ് അരുമയോടെ ദേഹത്തു ചേർത്തു വച്ച് മല്ലൂസ് ഗദ് ഗദകണ്ഠനായി :
"അതല്ലെടാ, ഈ തിരിച്ചു കൊണ്ടുപോകുന്ന പായ്ക്കറ്റിലെ മുട്ടായീം ബദാമും ഈന്തപ്പഴവുമൊക്കെ എനിക്ക് ഒരാഴ്ചത്തേയ്ക്കെ ഒള്ളൂ. ഞാൻ പിന്നെ എന്ത് ചെയ്യുമെടാ?"